ശബരിമല വിധിയുടെ മുതലെടുപ്പുകാലം
ബി.ആര്‍.പി. ഭാസ്കര്‍ മാധ്യമം
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പോകാമെന്ന സുപ്രീം കോടതി വിധി ചിലര്‍ അവകാശപ്പെടുന്നതുപോലെ വിപ്ലവകരമായ ഒന്നല്ല. അവിടെ 10 മുതല്‍ 50വയസുവരെ പ്രായമുള്ള സ്ത്രീകളുടെ പ്രവേശം പരമ്പരാഗതമായി വിലക്കിയിരുന്നില്ല. ആ വിലക്ക് ഏര്‍പ്പെടുത്തിയത് കേരള ഹൈക്കോടതിയാണ്. അതും 27 കൊല്ലം മുമ്പ് മാത്രം. അതിനു മുമ്പ് ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും അവിടെ പോകാമായിരുന്നു. മല കയറുന്ന പുരുഷന്‍ അയ്യപ്പനെന്നും സ്ത്രീ മാളികപ്പുറം എന്നും അറിയപ്പെട്ടിരുന്നു. അയ്യപ്പക്ഷേത്രത്തിന് സമീപത്തുള്ള അമ്പലത്തിലെ ദേവിയായ മാളികപ്പുറത്തമ്മയുടെ പേരില്‍ നിന്നാണ് ആ വിളിപ്പേര്‍ ഉണ്ടായത്
ഹൈക്കോടതിയുടെ 1991ലെ ഇടപെടലില്‍ ജഡ്ജി കെ.എസ്.പരിപൂര്‍ണ്ണന്‍റെ വ്യക്തിപരമായ താല്പര്യം പ്രകടമാണ്. ഒരാള്‍ അദ്ദേഹത്തിനെഴുതിയ കത്ത് പോതുതാല്പര്യ ഹര്‍ജിയാക്കിക്കൊണ്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ എതിര്കക്ഷിയാക്കിക്കൊണ്ടും അദ്ദേഹവും ജ കെ. ബാലകൃഷ്ണ മാരാരും കൂടി വാദം കേട്ടശേഷം 10നും 50നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളുടെ പ്രവേശം മൊത്തത്തില്‍ നിരോധിക്കുകായയിരുന്നു
അതിനു മുമ്പ് മണ്ഡലം, മകരവിളക്ക് വിഷു എന്നീ അവസരങ്ങളിലൊഴികെ 10 മുതല്‍50 വയസുവരെ പ്രായമുള്ള സ്ത്രീകള്‍ക്കും അവിടെ പോകാമായിരുന്നു. ഇക്കാര്യം ബോര്‍ഡും മുന്‍ ദേവസ്വം കമ്മിഷണര്‍ എസ്. ചന്ദ്രികയും സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചു. എന്നിട്ടും ജ. പരിപൂര്‍ണ്ണന്‍ തന്ത്രിയെയും മുന്‍ പന്തളം രാജാവിനെയും അയ്യപ്പ സേവാ സംഘം പ്രതിനിധിയെയും വിളിച്ചു വരുത്തി അനുകൂല മൊഴി നേടിയശേഷം 10-50 പ്രായത്തിലുള്ള സ്ത്രീകളെ വിലക്കുകയായിരുന്നു. നായനാര്‍ സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ഹൈക്കോടതി വിധിയെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തില്ല.
സുപ്രീം കോടതിയുടെ മുന്നില്‍ ഒരു ഹര്‍ജിയിലൂടെ ഈ വിഷയം വന്നത് 2006ലാണ്. എല്‍.ഡി.എഫ് കാലത്ത് സ്ത്രീപ്രവേശത്തെ അനുകൂലിച്ചും യു.ഡി.എഫ് കാലത്ത് എതിര്‍ത്തും സര്‍ക്കാര്‍ സത്യവാങ്ങ്മൂലങ്ങള്‍ നല്‍കി. ഇപ്പോഴത്തെ എല്‍.ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച ബോര്‍ഡ് അദ്ധ്യക്ഷന്‍ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുന്നതിനെ കുറിച്ച് ആലോചിച്ചത് അദ്ദേഹം ആരോടോപ്പമാണ് എന്ന ചോദ്യം ഉയര്‍ത്തുന്നു.
സുപ്രീം കോടതി ഈ വിഷയം പരിശോധിച്ചത് ഭരണഘടനയുടെയും മനുഷ്യാവകാശങ്ങളുടെയും വെളിച്ചത്തിലാണ്. ആ രീതിയില്‍ കാണാന്‍ കഴിയാഞ്ഞതുകൊണ്ടാണ് ബെഞ്ചിലെ വനിതാ ജഡ്ജിക്ക് വിയോജിപ്പ് രേഖപ്പെടുത്തേണ്ടി വന്നത്. വിശ്വാസത്തേക്കാള്‍ സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങളാണ് വിധിയെ എതിര്‍ക്കുന്നവരെ പൊതുവെ നയിക്കുന്നത്. റിവ്യൂ ഹര്‍ജി നല്‍കണമെന്ന യു.ഡി.എഫ് നേതാക്കളുടെ ആവശ്യം അത്തരത്തിലുള്ളതാണ്. സ്ത്രീപ്രവേശത്തോട് എതിര്‍പ്പില്ലെന്ന്‍ ആര്‍.എസ്.എസ് വ്യക്തമാക്കിയിട്ടും അതിനോട ആഭിമുഖ്യം പുലര്‍ത്തുന്ന ചിലര്‍ പ്രക്ഷോഭത്തിനീറങ്ങുന്നതും രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ടാണ്. അവരില്‍ ചിലര്‍ക്ക് സാമ്പത്തികവും സാമൂഹികവുമായ താല്പര്യങ്ങളുമുണ്ടാകാം..
ചരിത്രവസ്തുതകള്‍ അറിയാത്ത സ്ത്രീകളെ അണിനിരത്തി ശരണം വിളിയുമായി തുടങ്ങിയ പ്രക്ഷോഭത്തിന്റെ നേതൃനിര കാണുക: നാല് നൂറ്റാണ്ടായി രാജ്യമില്ലാത്ത പന്തളം രാജാവ് രാമ വര്‍മ്മ, തന്ത്രികുടുംബാംഗമല്ലെങ്കിലും ആണെന്ന ധാരണ പരത്തുന്ന രാഹുല്‍ ഈശ്വര്‍, അവര്‍ണ്ണ പൂജാരി യദുവിനെതിരെ കഴിഞ്ഞ കൊല്ലം പ്രക്ഷോഭം സംഘടിപ്പിച്ച യോഗക്ഷേമ സഭാ നേതാവ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി (ഇദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിന്റെ സ്ഥാനാരത്ഥിയുമായിരുന്നു.) ശബരിമലയിലെ സ്ത്രീപ്രവേശത്തില്‍ ഉല്‍ക്കണ്ഠയുള്ള മറ്റൊരാള്‍ മുന്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൌരി ലക്ഷ്മിബായി ആണ്. സ്വന്തം അമ്മൂമ്മ മകന്‍ ശ്രീചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മയുമൊത്ത് 44ആം വയസില്‍ ശബരിമലയില്‍ പോയ വിവരം അവര്‍ മറക്കുന്നു
നിയമ തടസം നീങ്ങിയതിനാല്‍ കൂടുതല്‍ സ്ത്രീകള്‍ മല ചവിട്ടും എന്ന പ്രതീക്ഷയില്‍ അവര്‍ക്കായി സൌകര്യങ്ങള്‍ ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ വലിയ തിരക്കുള്ള ഉത്സവകാലത്ത് എത്ര സ്ത്രീകള്‍ വരുമെന്ന് അനുമാനിക്കാന്‍ കഴിയില്ല. പുതിയ കോടതി വിധിയിലൂടെ കിട്ടിയ അവകാശം ഉപയോഗിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ ഉണ്ടാകും. അതേസമയം സ്ത്രീവിലക്ക് പരമ്പരാഗതമായുള്ളതാണെന്ന അന്ധവിശാസം മൂലം പോകേണ്ടെന്ന് തീരുമാനിക്കുന്നവരുമുണ്ടാകും. കുറെ കൊല്ലങ്ങളായി ശബരിമലയില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന്‍ ധാരാളം പേരെത്തുന്നുണ്ട്. ഒരുപക്ഷെ ആദ്യഘട്ടത്തില്‍ പുറത്തുനിന്നാവും കൂടുതല്‍ സ്ത്രീകളും വരിക.
തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ എത്രമാത്രം വര്ദ്ധനവുണ്ടാകുമെന്നു കണക്കാക്കാന്‍ കഴിയുന്നതിനു മുമ്പുതന്നെ ചിലര്‍ കൂടുതല്‍ വനം വെട്ടിത്തെളിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇത് പ്രളയത്തില്‍നിന്ന് അവര്‍ ഒരു പാഠവും പഠിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നു. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കാനുള്ള ചുമതല സര്‍ക്കാരിനുണ്ട്. അവശേഷിക്കുന്ന വനം സംരക്ഷിക്കാനുള്ള ചുമതയും അതിനുണ്ട്. വനം നശിപ്പിക്കാതെ സൗകര്യങ്ങള്‍ ഏര്പ്പെടുത്താനാകുന്നില്ലെങ്കി ല്‍ നിലയ്ക്കല്‍ താവളത്തില്‍ നിന്ന്‍ മുകളിലേക്ക് കയറുന്നവരുടെ എണ്ണം ക്ലിപ്തപ്പെടുത്തി തിരക്ക് നിയന്ത്രിക്കണം. ഈ പശ്ചാത്തലത്തില്‍ ഒരു ദിവസം മല കയറുന്നവരുടെ എണ്ണം ഒരു ലക്ഷമായി ക്രമീകരിക്കാന്‍ മുഖ്യമന്ത്രി വിളിച്ചു കൂട്ടിയ യോഗത്തിലെടുത്ത തീരുമാനം സ്വാഗതാര്‍ഹാമാണ്. ആന്ധ്ര പ്രദേശിലെ തിരുപ്പതിയിലും ജമ്മു-കശ്മീരിലെ അമര്‍നാഥ് ഗുഹ, വൈഷ്ണോദേവി എന്നിവിടങ്ങളിലും ക്ഷേത്ര ഭരണാധികാരികള്‍ സര്‍ക്കാര്‍ ഇടപ്ടല്‍ കൂടാതെ തന്നെ ഇത്തറാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സന്ദര്‍ശനകാലം നീട്ടിക്കൊണ്ട് കൂടുതല്‍ പേര്‍ക്ക് ദര്‍ശനത്തിനു സൗകര്യം ഒരുക്കുന്ന കാര്യവും ആലോചിക്കാവുന്നതാണ്. അയ്യപ്പസന്നിധിയിലെത്താന്‍ വന്യമൃഗങ്ങളുള്ള കാടുകളിലൂടെ യാത്ര ചെയ്യേണ്ടിയിരുന്ന കാലത്ത് മണ്ഡലം, മകരവിളക്ക് എന്നീ അവസരങ്ങളില്‍ മാത്രമാണ് തീര്‍ത്ഥാടകാര്‍ എത്തിയിരുന്നത്. പിന്നീട് വിഷുവിനും ഭക്തര്‍ക്ക് പോകാന്‍ അനുവാദം നല്‍കി. അതിനുശേഷം എല്ലാ മലയാള മാസത്തിലും ആദ്യ ദിവസങ്ങളിലെ പൂജകളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കി. യാത്ര കൂടുതല്‍ സുഗമമായ സാഹചര്യത്തില്‍ കൊല്ലം മുഴുവനും സന്ദര്‍ശനം അനുവദിക്കുന്നതും ആലോചിക്കാവുന്നതാണ്.
പാരമ്പര്യത്തിന്റെ കാത്തുസൂക്ഷിപ്പുകാരായി അഭിനയിക്കുന്ന ദേവസ്വം ബോര്‍ഡ് തിരുവിതാംകൂര്‍ 1947ല്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചപ്പോള്‍ മഹാരാജാവിന്റെ നിയന്ത്രണത്തിലായിരുന്ന അമ്പലങ്ങളുടെ ഭരണം സംബന്ധിച്ചുണ്ടാക്കിയ കരാര്‍ പ്രകാരം നിലവില്‍ വന്നതാണ്. ഇതിനകം പാരമ്പര്യങ്ങളില്‍ പല മാറ്റങ്ങളും അത് വരുത്തിയിട്ടുണ്ട്. പോന്നമ്പലമെട്ടില്‍ മകരവിളക്ക് തെളിയിച്ചിരുന്ന മലയരയന്മാരെ അത് പുറത്താക്കി. അതിനുശേഷം ആ പണി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ ഏറ്റെടുത്ത് നടത്താന്‍ തുടങ്ങി. സുശീലാ ഗോപാലന്റെ ചേര്‍ത്തലയിലെ ചീരപ്പന്‍ചിറ കുടുംബത്തിനു പരമ്പരാഗതമായി ലഭിച്ച വെടിവഴിപാട് അവകാശം അത് ലേലം ചെയതു. ആ നടപടികള്‍ വൈദിക ബ്രാഹ്മണരുടെ വരവിനു മുമ്പ് ശബരിമലയ്ക്ക് അവര്‍ണ്ണ ജനതയുമായുണ്ടായിരുന്ന ബന്ധം മുറിച്ചു. ശരണം വിളിച്ചുകൊണ്ട് പ്രക്ഷോഭം നടത്തുന്ന കപട പാരമ്പര്യവാദികള്‍ ശരണം വിളി ശബരിമലയുടെ ബുദ്ധപാരമ്പര്യത്തിന്റെ ശേഷിപ്പ് ആണെന്ന് അറിഞ്ഞുകൂടാത്തവരാകണം.
3 comments:
പ്രസക്തമായ സന്ദേശം. കടുത്ത സ്വാമിക്കു നൽകിയിരുന്ന പ്രാധാന്യവും അദ്ദേഹത്തിന്റെ മഴുക്കീറിൽ ഉള്ള കുടുംബത്തിനു ഉണ്ടായിരുന്ന അവകാശങ്ങളും എടുത്തു കളഞ്ഞതു മറ്റൊരു ബ്രാഹ്മണ വൽക്കരണം ആയിരുന്നു. ദേവ പ്രശ്നം എന്ന പേരിൽ തന്ത്രികൾ ആഗ്രഹിക്കുന്നതു നടപ്പാക്കുക എന്നതും ചിന്തിക്കേണ്ട വിഷയം ആണു . പണ്ഡിതനും ആചാര വിധികൾ പഠിച്ചതും ആയ അബ്രാഹ്മണനു എന്തു കൊണ്ടു തന്ത്രിസ്ഥാനം നൽകിക്കൂടാ എന്നതും ആലോചിക്കേണ്ട വിഷയം ആണു
The last paragraph creates a confusion. Is it the devaswom board responsible for the disassociation of the rights of malayaraya and the ezhava families to do certain customary rituals, or is it a brahminical idea to get rid of them and take complete control over the wealth
In the early days the Board was able tp exercise the autonomy it enjoys under the law. And the early Board leaderships were interested in carrying forward the social reforms initiated by the leaders of the Kerala Renaissance. As I have repeatedly pointed out in my writings the election of the Comunist government in 1967 mrked the high point of Renaissance. The agitation against that government brought back the ractionary forces which were beaten back by Renaissance. the next two decades witnessed a struggle between forces which wanted to take the society forward and those that wanted to take it backward. The two-front system which came into being in 1980 was the beginning of a new phase based on a compromise in which the progressive forces essentially surrendered to the reactionary forces. This change is clearly visible in the working of the Devaswam Board before and after 1980.
Post a Comment