Tuesday, September 11, 2018


അടിയന്തിരാവസ്ഥ അടയിരിക്കുകയാണ്
ബി.ആര്‍.പി. ഭാസ്കര്‍                                      മാതൃഭൂമി ആഴ്ചപ്പതിപ്പ്
മനുഷ്യാവകാശ പോരാളികള്‍ക്കെതിരെ രാജ്യം മുമ്പ് കണ്ടിട്ടില്ലാത്ത വലിയൊരു ആക്രമണ പദ്ധതിയാണ്‌ പൂനെ പോലീസ് നടപ്പാക്കാന്‍ ശ്രമിച്ചത്. ഏഴ് സംസ്ഥാനങ്ങളില്‍ നിരവധി ആക്ടിവിസ്റ്റുകളുടെ വീടുകള്‍ ഒരേസമയം റെയ്ഡ് ചെയ്ത് അഞ്ചുപേരെ അവര്‍ അറസ്റ്റ് ചെയ്തു. എന്നാല്‍ മുമ്പ് കണ്ടിട്ടില്ലാത്ത കോടതി ഇടപെടല്‍ മൂലം അവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്തവരെ തിരികെ വീടുകളിലെത്തിക്കേണ്ടി വന്നു. ഇത് നമ്മുടെ വ്യവസ്ഥയ്ക്ക് ഭരണകൂട ഭീകരതയെ തടയാനുള്ള കഴിവുണ്ടെന്ന് തെളിയിക്കുന്നു.     
ഇന്ദിരാ ഗാന്ധി ചെയ്തതുപോലെ രാഷ്ട്രീയ എതിരാളികളെ തുറുങ്കിലടച്ചിട്ടില്ലാത്തതുകൊണ്ടും പത്രങ്ങള്‍ക്കുമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലാത്തതുകൊണ്ടും നരേദ്ര മോദി അപ്രഖ്യാപിത അടിയന്തിരാവസ്ഥ നടപ്പാക്കുന്നെന്ന ആരോപണം പലരും മുഖവിലയ്ക്കെടുത്തിട്ടില്ല. രാഷ്ട്രീയ കക്ഷികളുടെ എതിര്‍പ്പ് മറികടക്കാനാണ് ഇന്ദിരാ ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. മൃദുഹിന്ദുത്വ പ്രതിച്ഛായ സൃഷ്ടിക്കാന്‍ വെമ്പുന്ന രാഷ്ട്രീയ കക്ഷികളും മുട്ടിലിഴയാന്‍ മത്സരിക്കുന്ന മാധ്യമങ്ങളും മോദിയെ അലട്ടുന്നില്ല. വര്‍ഗീയ ധ്രുവീകരണ പരിപാടികള്‍ക്കെതിരെ നിരന്തരം ശബ്ദമുയര്ത്തുന്ന അവകാശ പോരാളികളെയാണ് അദ്ദേഹം ശത്രുക്കളായി കാണുന്നത്, അദ്ദേഹത്തിന്റെ അപ്രഖ്യാപിത അടിയന്തിരാവസ്ഥ ലക്ഷ്യമിടുന്നത് അവരെയാണ്.
ഡല്‍ഹിയില്‍ നിന്ന് പീപ്പിള്‍സ് യൂണിയന്‍ ഫൊര്‍ ഡിമോക്രാറ്റിക് റൈറ്റ്സിന്റെ ദീര്‍ഘകാല പ്രവര്‍ത്തകനും ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ലിയുടെ എഡിറ്റോറിയല്‍ കണ്സല്ട്ടന്റുമായ ഗൌതം നവ്‌ലഖ, ദേശീയ തലസ്ഥാന പ്രദേശത്തില്‍ പെടുന്ന ഹര്യാനയിലെ ഫരീദാബാദില്‍ നിന്ന്‍ അഭിഭാഷകയും പീപ്പിള്‍സ് യൂണിയന്‍ ഫൊര്‍ സിവില്‍ ലിബരട്ടീസിന്റെ ഛത്തിസ്ഗഡ യൂണിറ്റ് ജനറല്‍ സെക്രട്ടറിയുമായ സുധ ഭരദ്വാജ്, ഹൈദരാബാദില്‍ നിന്ന്‍ തെലുഗു വിപ്ലവ കവി വരവര റാവു, മുംബായില്‍ നിന്ന് മുന്‍ യൂണിവേഴ്സിറ്റി പ്രോഫസര്‍ വെര്‍ണോന്‍ ഗൊണ്‍സാല്‍വസ്, താനെയില്‍ നിന്ന് കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനുമായ അരുണ്‍ ഫെറെയ്‌റ എന്നിവരെയാണ് പൂണെ പോലീസ് അറസ്റ്റ് ചെയ്തത്.  
ജാര്ഖണ്ഡലെ  ആദിവാസികളുടെ  അവകാശങ്ങള്‍ക്കായി പൊരുതുന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ റാഞ്ചിയിലെ താമസസ്ഥലത്തും റെയ്ഡണ്ടായി. പ്രമുഖ ദലിത്‌ എഴുത്തുകാരന്‍ ആനന്ദ് തെല്തുംബ്ടെയുടെ ഗോവയിലെ വസതിയും റെയ്ഡിനുള്ള പട്ടികയിലുണ്ടായിരുന്നു.
വരവര റാവുവിനെയും ഫെറെയ്‌റയെയും ഗൊണ്‍സാല്‍വസിനെയും കൂട്ടി കൊണ്ടുപോകാന്‍ പൂനെ പോലീസിനു അനുമതി ലഭിച്ചു. എന്നാല്‍ ഡല്‍ഹിയിലും ഫരീദബാദിലും അറസ്റ്റു ചെയ്യപ്പെട്ടവര്‍ ബന്ധപ്പെട്ട ഹൈക്കോടതികളെയും പ്രശസ്ത ചരിത്രകാരി റൊമില ഥാപറും സുഹൃത്തുക്കളും എല്ലാ അറസ്റ്റുകള്‍ക്കുമെതിരെ സുപ്രീം കോടതിയെയും സമീപിച്ചത് പൂനെ പോലീസ് പദ്ധതി തകര്‍ത്തു.  സുധ ഭരദ്വാജിനെ സ്വന്തം വീട്ടില്‍ തന്നെ തടങ്കലില്‍ വെച്ചാല്‍ മതിയെന്ന് പഞ്ചാബ്-ഹര്യാനാ ഹൈക്കോടതി പറഞ്ഞു. നവലഖക്കെതിരായ ആരോപണം എന്താണെന്ന് ഡല്‍ഹി ഹൈക്കോടതി ചോദിച്ചപ്പോള്‍ പൂനെയില്‍ നിന്ന് വന്ന പോലീസ് ഉദ്യോഗസ്ഥന് മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. തുടരന്ന്‍ കോടതി അദ്ദേഹത്തെ മോചിപ്പിക്കാന്‍ ഉത്തരവിടാന്‍ തുടങ്ങുമ്പോള്‍ എല്ലാവരെയും സ്വന്തം വീടുകളില്‍ തടങ്കലില്‍ വെക്കാനുള്ള സുപ്രീം കോടതി നിര്‍ദ്ദേശം വന്നു.
അറസ്റ്റ് ചെയ്തയാളെ വിചാരണ കോടതി സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് ഒരു മജിസ്ട്രേട്ട് കോടതിയും  തടസം നില്‍ക്കാറില്ല. പ്രാരംഭ ഘട്ടത്തില്‍ ഉയര്‍ന്ന കോടതികള്‍ കേസിന്റെ സാധുത പരിശോധിക്കാറുമില്ല. പൂണെ പോലീസ് അറസ്റ്റ്  ചെയ്തവരെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കാതെ സെപ്തംബര്‍ ആറു വരെ അവരവരുടെ വീടുകളില്‍ തടങ്കലില്‍ വെക്കാനുള്ള ഉത്തരവ് പോലീസിനു വലിയ തിരിച്ചടിയാണ്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് അറസ്റ്റ് നടത്തിയതെന്ന് ബോധ്യമായതുകൊണ്ടാണ് കോടതികള്‍ അവരെ കൊണ്ടുപോകുന്നത് തടഞ്ഞത്.
പൂണെ പോലീസ് അതിന്റെ അധികാരപരിധിക്കു പുറത്ത് നടത്തിയ സാഹസിക പ്രവര്‍ത്തനം സ്വന്തം ഉത്തരവാദിത്വത്തില്‍ ചെയ്തതാണെന്ന്  കരുതാനാവില്ല. അതിന്റെ പിന്നില്‍ ഒരു സര്‍ക്കാര്‍ താല്പര്യമുണ്ട്. അത്  മഹാരാഷ്ട്ര സര്‍ക്കാരിന്റെതല്ല, കേന്ദ്രത്തിന്റെതാണ്. ഗുജറാത്ത് വിര്ഗീയ കലാപത്തില്‍ ഉള്‍പ്പെട്ട ഒരു മുന്‍ മന്ത്രിയടക്കമുള്ളവരെ നിയമത്തിന്റെ മുനില്‍ കൊണ്ട് വരുന്നതില്‍ വലിയ പങ്ക്‌ വഹിച്ച ടീസ്റ്റ സെതല്‍വാദിന്റെ മനുഷ്യാവകാശ സംഘടനയുടെ സാമ്പത്തിക സ്രോതസുകള്‍ അടച്ചുകൊണ്ടും അവര്‍ക്കെതിരെ കേസുകള്‍ ചാര്‍ജു ചെയ്തുകൊണ്ടുമാണ് മോദി ഭരണം തുടങ്ങിയത്. 
ഇപ്പോഴത്തെ അറസ്റ്റുകള്‍ നിരവധി പതിറ്റാണ്ട് മുമ്പ് ബി.ആര്‍. അംബേദ്‌കര്‍ തുടങ്ങിയതും  ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ കീഴിലുള്ള മഹാര്‍ (ദലിത്‌) സൈനികര്‍ പേഷ്വായുടെ പട്ടാളത്തിനു  മേല്‍ നേടിയ വിജയത്തെ അനുസ്മരിക്കുന്നതുമായ ചടങ്ങിനിടയില്‍ കഴിഞ്ഞ കൊല്ലം പൂനെയ്ക്കടുത്തുള്ള ഭീമ കൊരെഗാണില്‍ നടന്ന അക്രമസംഭവങ്ങളുടെ പേരിലാണ്. സംഭാജി ഭിടെ (Sambhaji Bhide), മിലിന്ദ് എക്ബോട്ടെ  (Milind Ekbote) എന്നീ ഹിന്ദുത്വാനുകൂല നേതാക്കള്‍ ചടങ്ങിനെത്തിയ ദലിതരുടെ മേല്‍ അക്രമം അഴിച്ചു വിടുകയാണുണ്ടായതെന്ന് മാധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവരുള്‍പ്പെടെ  ഏതാനും പേര്‍ക്കെതിരെ കേസ്  രജിസ്റ്റര്‍ ചെയ്തെങ്കിലും പോലീസ് ഭീടെയെ  അറസ്റ്റ് ചെയ്തില്ല. എക്ബോട്ടെയെ  അറസ്റ്റ് ചെയ്തശേഷം ജാമ്യത്തില്‍ വിട്ടു. അന്നത്തെ അക്രമങ്ങള്‍ നക്സലൈറ്റുകള്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ആസൂത്രണം ചെയ്തതാണെന്നും അതിനുള്ള പദ്ധതി തയ്യാറാക്കിയത് ഇപ്പോള്‍ അറസ്റ്റ്‌ ചെയ്യപ്പെട്ടവരാണെന്നുമാണ് പൂനെ പോലീസ് ഭാഷ്യം. ഇതിനെ ഗോരക്ഷകര്‍ നടത്തിയ ആള്‍കൂട്ട  കൊലക്കേസുകളിലും മറ്റും നാം കണ്ട വാദിയെ പ്രതിയാക്കുന്ന സമീപനത്തിന്റെ തുടര്‍ച്ചയായി കാണാം.
മഹാരാഷ്ട്ര പൊലീസിന്ടെ ഭീകരവിരുദ്ധ വിഭാഗവും സിബിഐയും നരേന്ദ്ര ദഭോല്‍ക്കറുടെയും ഗൌരി ലങ്കേഷിന്റെയും കൊലപാതകം സംബന്ധിച്ച കേസുകളില്‍ സനാതന സംസ്ഥ എന്ന സംഘടനയുമായി ബന്ധപ്പെട്ട ചിലരെ ഈയിടെ അറസ്റ്റ് ചെയ്തിരുന്നു. ആ സംഘടനയെ രക്ഷിക്കുകയെന്ന ഉദ്ദ്യെശവും അവകാശ പോരാളികള്‍ക്കെതിരായ അറസ്റ്റിനു പിന്നിലുണ്ടെന്ന് അംബേദ്കറുടെ പൌത്രനും ദലിത്‌ നേതാവുമായ പ്രകാശ് അംബേദ്കര്‍ പറയുന്നു. ഈ അനുഭവം കുറേക്കൂടി സത്യസന്ധമായി അന്വേഷണവും തുടര്‍ നടപടികളും നടത്താന്‍ രാജ്യത്തെ പോലീസ് സേനകളെ പ്രേരിപ്പിക്കുമോ എന്നാണു ഇനി അറിയേണ്ടത്.(മാതൃഭൂമി ആഴ്ചപ്പതിപ്പ്, സെപ്തംബര്‍ 9-15, 2018)   

No comments: