പുതിയ കേരളം ഒരു ബിസിനസ് ആണോ?
ബിആര്‍.പി ഭാസ്കര്‍ മാധ്യമം
പ്രളയാനന്തര പുനരധിവാസം വിപുലീകരിച്ച് പുതിയ കേരളം സൃഷ്ടിക്കാനുള്ള കേരള സര്‍ക്കാരിറെ നീക്കം പരക്കെ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. ആ സ്ഥിതിക്ക് ആശയം പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങളുമായി സര്‍ക്കാരിന് മുന്നോട്ടുപോകാം.
പുതിയ കേരളം എങ്ങനെയുള്ളതാകും എന്ന്റിയാന്‍ ഔദ്യോഗികതലത്തിലും അതിനു പുറത്തും നടക്കുന്ന ചര്‍ച്ചകള്‍ പൂര്‍ത്തിയാകണം. ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന സ്വീകരിക്കുന്ന ജോലി മാത്രം ഇ.പി. ജയരാജനെ എല്പിച്ചിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി മൂന്നാഴ്ച്തത്തേക്ക് അമേരിക്കയിലേക്ക് പോയത് . അതുകൊണ്ട് അദ്ദേഹം തിരിച്ചു വരുന്നതുവരെ ഔദോഗികതല ചര്‍ച്ചകള്‍ വളരെയൊന്നും മുന്നോട്ടു പോകില്ല.
ഇതിനകം എടുത്ത ചില തീരുമാനങ്ങള്‍ സര്‍ക്കാര്‍ എല്‍ ലാ വശങ്ങളും നല്ലതുപോലെ പഠിച്ചശേഷം എടുത്തവയാണോ എന്ന സംശയമുയര്ത്തുന്നു. കെ.പി.എം.ജി എന്ന കമ്പനിയെ കേരള പുനര്‍നിര്‍മ്മിതിക്ക് “പ്രൊജക്റ്റ് കണ്സള്‍ട്ടന്റ്റ് പങ്കാളി” ആയി നിയമിക്കാനുള്ള തീരുമാനമാണ് ഒന്ന്. നെതര്‍ലാന്‍ഡസ് ആസ്ഥാനമായുള്ള ഒരു വലിയ ആഗോള ബിസിനസ് കണ്സള്‍ട്ടന്സി കമ്പനിയാണത്. ഇംഗ്ലണ്ട് ഉള്‍പ്പെടെ ചില രാജ്യങ്ങളില്‍ ക്രമക്കേടുകള്‍ക്ക് അതിനെതിരെ നടപടിയുണ്ടായിട്ടുണ്ട്. എന്നാല്‍ അതിനേക്കാള്‍ ഗൌരവപൂര്‍വ്വം പരിഗണിക്കേണ്ടത് ഒരുപക്ഷെ ഈ കമ്പനിക്ക് നാം വിഭാവന ചെയ്യുന്ന പുനര്നിര്‍മ്മിതില്‍ പങ്കാളിയാകാനുള്ള വൈദഗ്ദ്ധ്യമൊ അനുഭവമൊ ഉണ്ടോ എന്നതാണ്. കമ്പനിയുടെ രേഖകളില്‍ അതുള്ളതായ അവകാശവാദമൊന്നുമില്ല.
കാല്‍ നൂറ്റാണ്ടായി ഇന്ത്യയില്‍ കെ.പി.എം.ജിക്ക് സാന്നിധ്യമുണ്ട്. കൊച്ചി ഉള്‍പ്പെടെ നിരവധി നഗരങ്ങളില്‍ ആപ്പീസുകളുള്ള അതിന്റെ സേവനം രാജ്യത്തെ 2,700ല് പരം കമ്പനികള്‍ പ്രയോജനപ്പെടുത്തുന്നു. അത് നല്‍കുന്നത് ബിസിനസ് ഉപദേശമാണ്. സര്‍ക്കാര്‍ കേരള പുനര്നിര്‍മ്മിതിയെ ഒരു ബിസിനസ് സംരംഭാമായാണോ കാണുന്നത്?
കെ.പി.എം.ജിയുമായി കരാറുണ്ടാക്കാന്‍ പിണറായി വിജയനെ പ്രേരിപ്പിച്ച ഒരു ഘടകം അത് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വലിയ പ്രതിഫലം വാങ്ങി നല്‍കുന്ന ഉപദേശം കേരള സര്ക്കാരിന് സൌജന്യമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്തതാകാം. മലയാളിയായ അരുണ്‍ എം. കുമാര്‍ ആണ് ഇന്ത്യയില്‍ ഇപ്പോള്‍ അതിന്റെ മേധാവി. കേരള സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയശേഷം ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കക്ക് പോയ അദ്ദേഹം വിവരസാങ്കേതികവിദ്യയെ ആസ്പദമാക്കിയുള്ള ബിസിനസിന്റെ ഈറ്റില്ലമായ സിലിക്കണ്‍ വാലിയില്‍ മൂന്നു കമ്പനികള്‍ സ്ഥാപിച്ച സംരംഭകനാണ്. പിന്നീട് അദ്ദേഹം അമേരിക്കയിലെ കെ.പിഎം.ജിയുടെ ഡയരക്ടര്‍ ബോര്‍ഡ് അംഗമായി. പ്രസിഡന്റ് ഒബാമയുടെ സര്‍ക്കാരില്‍ കോമേഴ്സ് വകുപ്പില്‍ അസിസ്റ്റന്റ് സെക്രട്ടറി ആയും പ്രവര്ത്തിച്ചിട്ടുള്ളയാളാണ് അദ്ദേഹം. അമേരിക്കയുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്ന ദൌത്യമാണ് ഒബാമ സര്‍ക്കാര്‍ അദ്ദേഹത്തെ ഏല്പിച്ചത്.
വിദേശത്തായിരുന്നപ്പോഴും കേരളത്തിന്റെ വികസനത്തില്‍ താല്പര്യം എടുത്തിരുന്ന അരുണ്‍ എം. കുമാര്‍ 2007ല്‍ പ്രസിദ്ധീകരിക്കപ്പെട്ട, കേരളത്തിന്റെ വികസന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ലേഖനങ്ങളടങ്ങിയ Kerala Economy: Crouching Tiger, Sacred Cows എന്ന പുസ്തകത്തിന്റെ എഡിറ്റര്മാരില്‍ ഒരാളായിരുന്നു. അതിലെ ഒരു ലഖനത്തില്‍ കേരളം അഞ്ചു കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചിരുന്നു. സംരംഭകത്വം വളര്‍ത്തുന്ന സംസ്കാരം ഉണ്ടാക്കുക, കേരളീയരല്ലാത്തവര്‍ക്ക് സംസ്ഥാനം ആകര്‍ഷകമാക്കുക, കേരളത്തില്‍ ബിസിനസ് ചെയ്യാന്‍ എളുപ്പമാക്കുക, കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തെജകമാകുന്ന വിദ്യാഭ്യാസാന്തരീക്ഷം സൃഷ്ടിക്കുക, കേരളത്തിന്റെ വികസനത്തില്‍ പ്രവാസികളെ ഉള്‍ച്ചേര്‍ക്കുക എന്നിവയാണ് ആ അഞ്ചു കാര്യങ്ങള്‍.
അരുണ്‍ എം. കുമാറിന്റെ കേരളത്തിലുള്ള താലപര്യം മൂലമാകാം കമ്പനി സൌജന്യ സേവനം നല്‍കാമെന്ന്‍ സര്‍ക്കാരിനെ അറിയിച്ചത്. പക്ഷെ ലാഭത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനം സൌജന്യ സേവനം നല്കുന്നത് അങ്ങനെ വേണ്ടെന്നു വെക്കുന്ന പ്രതിഫലം മറ്റേതോ രീതിയില്‍ നേടാമെന്ന കണക്കുകൂട്ടലോടെയാകും. ബിസിനസും ദാനവും കൂട്ടിക്കുഴയ്ക്കുന്നത് നല്ലതല്ലെന്ന് ലാവലിന്‍ പാഠം പിണറായി വ്ജയനും കേരളവും മറക്കാന്‍ പാടില്ല.
കെ.പി.എം.ജിയുടെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നെങ്കില്‍ എത്രയോ കാലമായി നഷ്ടത്തില്‍ നിന്ന് കൂടുതല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സിയെ കരകയറ്റുന്ന ദൌത്യം അതിനെ എല്പിക്കാവുന്നതാണ്
കേരള പുനര്നിര്‍മ്മാണ പദ്ധതിയുടെ ഏകദേശരൂപം തയ്യാറായിട്ടില്ലെങ്കിലും അതിനു പണം സ്വരൂപിക്കാനുള്ള മൂന്നു മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തിയതായി വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഒന്ന്‍, ആഗോള മലയാളി സമൂഹത്തില്‍ നിന്ന്‍ പണപ്പിരിവ്; രണ്ട്, ലോക ബാങ്ക്,ഏഷ്യന്‍ ഡവലപ്മെന്റ്റ് ബാങ്ക് എന്നിവയില്‍ നിന്ന്‍ കടം; മൂന്ന്‍, പൊതുവിപണിയില്‍ നിന്ന് വായ്പ. ഓരോന്നിന്റെയും ഗുണവും ദോഷവും വിലയിരുത്തി ഓരോന്നിനെയും ഏതളവില്‍ ആശ്രയിക്കാമെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം.
പ്രവാസികള്‍ നാട്ടിലേക്ക് വലിയ തോതില്‍ പണമയച്ചു തുടങ്ങിയ 1970കളില്‍ തന്നെ നല്ല കാര്യങ്ങള്‍ക്ക് പണം സമാഹരിക്കാനുള്ള സാദ്ധ്യത തുറന്നിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര പണം സമാഹരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല. സഹായം തേടി ചെന്ന മന്ത്രിമാര്‍ക്കും അവരുടെ പാര്‍ട്ടികള്‍ക്കും സംഭാവന നല്കി പ്രവാസികള്‍ അവരുടെ സൗഹൃദവും സംരക്ഷണവും ഉറപ്പാക്കി. എന്നാല്‍ രാഷ്ട്രീയ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളില്‍ വിശ്വാസമില്ലാത്തതുകൊണ്ട് സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പണം നല്‍കാന്‍ അവര്‍ മടിച്ചു. ഒരു നിശ്ചിത ശതമാനം ലാഭം ഉറപ്പ് നല്‍കിക്കൊണ്ട് യൂണിറ്റ് ട്രസ്റ്റ് പോലൊരു സംവിധാനമുണ്ടാക്കിയാല്‍ ഒരുപക്ഷെ പണം സമാഹരിക്കാനായേക്കുമെന്നു ഒരു സംഭാഷണത്തില്‍ ഞാന്‍ കെല്‍ട്രോണ്‍ സ്ഥാപകന്‍ കെ.പി.പി. നമ്പ്യാരോട് പറയുകയുണ്ടായി. പിന്നീട് കണ്ടപ്പോള്‍ കേരള യൂണിറ്റ് ട്രസ്റ്റ് എന്ന ആശയം സംസ്ഥാന സര്‍ക്കാര്‍ മുഖേന കേന്ദ്രത്തിനു മുന്നില്‍ വെച്ചെന്നും ജനതാ സര്‍ക്കാര്‍ അതിന് അനുമതി നിഷേധിച്ചെന്നും അദ്ദേഹംഅറിയിച്ചു.
നാല്പതില്പരം കൊല്ലം മുമ്പ് ഏതാണ്ട് 300 കോടി രൂപയാണ് ഗള്‍ഫില്‍ നിന്ന് ഒരു വര്ഷം എത്തിയിരുന്നത്. അത് ക്രമേണ വളര്‍ന്ന്‍ ഏകദേശം 90,000 കോടി രൂപ വരെ എത്തി. അതിനുശേഷം ചെറിയ കുറവുണ്ടായിട്ടുണ്ട്. ഒരു കക്ഷിരാഷ്‌ട്രീയമുക്ത പ്രോഷണല്‍ സംവിധാനം ഉണ്ടാക്കിയിരുന്നെങ്കില്‍ ഈ പണത്തിന്റെ ഒരംശം ആകര്‍ഷിക്കാനും കേന്ദ്രത്തെ ആശ്രയിക്കാതെ വികസന പദ്ധതികള്‍ നടപ്പാക്കാനും കേരള സര്ക്കാരിനു കഴിയുമായിരുന്നു. പ്രവാസികളുടെ സഹായത്തോടെ നിര്‍മ്മിച്ച കൊച്ചി വിമാനത്താവളം ഈ സാധ്യതയുടെ ഒറ്റപ്പെട്ട തെളിവായി നമ്മുടെ മുന്നിലുണ്ട്
പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഔദ്യോഗിക സംവിധാനം നടത്തിയ നല്ല ദുരിതനിവാരണ പ്രവര്‍ത്തനാം വൈകിയാണെങ്കിലും ആ സാധ്യത പ്രയോജനപ്പെടുത്താനുള്ള അവസരം നല്‍കുന്നു. പക്ഷെ സര്‍ക്കാരിന്റെ വിശ്വാസ്യത അതിനാവശ്യമായ രീതിയില്‍ ഇനിയും വളരേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ ജനങ്ങളുടെ പണം തങ്ങള്‍ വിവേകപൂര്‍വ്വം വിനിയോഗിക്കുമെന്ന വിശ്വാസം ജനിപ്പിക്കാന്‍ ഇപ്പോഴും ഭരണാധികാരികള്‍ക്ക് കഴിയുന്നില്ല. പ്രളയ കാലത്താണ് മന്ത്രിസഭാ വികസനാം നടന്നത്. വിവിധ കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്ന ചെലവു ചുരുക്കല നിര്‍ദ്ദേശങ്ങളോടുള്ള സര്‍ക്കാര്‍ സമീപനം നിഷേധാത്മകമാണ്. പ്രവാസികളുമായി ബന്ധം പുലര്‍ത്തുന്ന നോര്‍ക്കയും ഈയിടെ ഉണ്ടാക്കിയ കേരള ലോക സഭയും ഉള്ളപ്പോള്‍ പണം പിരിക്കാന്‍ മന്ത്രിമാര്‍ വിദേശ പര്യടനം നടത്തുന്നതെന്തിനാണ്?
സര്‍ക്കാര്‍ പരിഗണിക്കുന്ന വായ്പാ പരിപാടികള്‍ ഇപ്പോള്‍ രണ്ട ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ നില്‍ക്കുന്ന സംസ്ഥാന പൊതുകടം ഇനിയും വര്‍ദ്ധിപ്പിക്കും. വര്‍ദ്ധിച്ച കടം തിരിച്ചു കൊടുക്കാനുള്ള ബാധ്യത ഈ സര്‍ക്കാരിനോ അടുത്ത സര്‍ക്കരിനുപോലുമോ അല്ല, അടുത്ത തലമുറയ്ക്കാണ്. അതുകൊണ്ട് സര്‍ക്കാര്‍ നിരുത്തരവാദപരമായി തീരുമാനമെടുക്കാന്‍ പാടില്ല. (മാധ്യമം, സെപ്തംബര്‍ 6, 2018)
No comments:
Post a Comment