Friday, September 7, 2018

സ്വവര്‍ഗരതി കുറ്റകരമല്ലാതാകുമ്പോള്‍
ബി.ആര്‍.പി. ഭാസ്കര്‍
കാലത്തിനൊത്ത് നീങ്ങാനുള്ള കഴിവ് സുപ്രീം കോടതിക്കുണ്ടെന്ന സന്ദേശമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച്‌ സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കിക്കൊണ്ടുള്ള തീരുമാനത്തിലൂടെ നല്‍കുന്നത്. ഒരു വ്യാഴവട്ടക്കാലം മുമ്പ് തന്നെ ഡല്‍ഹി ഹൈക്കോടതി ഒരു സര്‍ക്കാരിതര സംഘടന നല്‍കിയ ഹര്‍ജിയില്‍ ഇത്തരത്തിലുള്ള ഒരു വിധി പുറപ്പെടുവിച്ചിരുന്നു. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ 377ആം വകുപ്പ് ഭരണഘടനയുമായി പൊരുത്തപ്പെടുന്നതല്ല എന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍. ആ വിധക്കെതിരെ ഒരാള്‍ സുപ്രീം കോടതിയെ സമീപിച്ചു. അപ്പീലില്‍ വാദം കേട്ട സുപ്രീം കോടതി ബെഞ്ച്‌,2013ല്‍ നല്കിയ വിധിയില്‍, ഐ.പി.സി. 377ഉം ഭരണഘടനയും തമ്മില്‍ പൊരുത്തക്കേടില്ലെന്ന് പറഞ്ഞുകൊണ്ട് ഹൈക്കോടതി വിധി റദ്ദാക്കി. 
ആ വകുപ്പും ഭരണഘടനയും തമ്മിലുള്ള ബന്ധം പരിശോധിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും സ്വവര്‍ഗരതി ക്രിമിനല്‍ നിയമത്തില്‍ നിന്ന് എടുത്തു മാടറ്റുന്ന കാര്യം ബന്ധപ്പെട്ട നിയമസഭ പരിഗണിക്കുന്നതിന് വിധി തടസമല്ലെന്നും കോടതി അന്നു തന്നെ ക്തമാക്കിയിരുന്നു എന്നാല്‍ അപ്പോള്‍ അധികാരത്തിലിരുന്ന മന്‍മോഹന്‍സിംഗ് സര്‍ക്കാരോ അടുത്ത കൊല്ലം അധികാരത്തിലേറിയ നരേന്ദ്ര  മോദി സര്‍ക്കാരോ വിഷയം പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാനുള്ള ആര്‍ജവം കാട്ടിയില്ല.
ബ്രിട്ടീശുകാര്‍ 1860ല്‍ കൊണ്ടുവന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ 377ആം വകുപ്പ് അക്കാലത്ത് ബ്രിട്ട്നില്‍ പ്രാബല്യത്തിലിരുന്ന നിയമത്തെ ആസ്പദമാക്കിയുള്ളതായിരുന്നു. ബ്രിട്ടന്‍ 1967ല്‍ ഒരു നിയമഭേദഗതിയിലൂടെ21 വയസ് പൂര്‍ത്തിയായ ആണുങ്ങള്‍ തമ്മിലുള്ള സ്വകാര്യ ലൈംഗികബന്ധം ക്രിമിനല്‍ നീയമത്തിന്റെ പരിധിയില്‍ നിന്ന് എടുത്തു മാറ്റി. അര നൂറ്റാണ്ടിനുശേഷം കോടതി ഇടപെടലിലൂടെ ഇന്ത്യയിലും ഇന്ത്യയിലും സമാനമായ സാഹചര്യം നിലവില്‍  വന്നിരിക്കുന്നു.
മതപരവും മറ്റുമായ കാരണങ്ങളാല്‍ സ്വവര്‍ഗരതിയെ എതിര്‍ക്കുന്നവര്‍ ഒരു കാര്യം മനസിലാക്കണം. ഈ വിധി അത് ആകാമോ എന്ന വിഷയമല്ല പരിഗണിച്ചത്. അത് ക്രിമിനല്‍ കുറ്റമായി തുടരണമോ എന്നത് മാത്രമായിരുന്നു അതിന്റെ മുന്നിലുള്ള വിഷയം. 
ബ്രിട്ടീഷുകാരുടെ വരവിനു മുമ്പ് ഇന്ത്യയിലെ ഏതെങ്കിലും ഭരണകൂടം സ്വവര്‍ഗരതി നിരോധിച്ചിരുന്നോ എന്നറിയില്ല. അവര്‍ കൊണ്ടുവന്ന നിയമത്തോട് ജനങ്ങള്‍ എങ്ങനെ പ്രതികരിച്ചു എന്നുമറിയില്ല. ഏതായാലും സ്വവര്‍ഗരതി ഭാരതീയ ജനതയ്ക്ക് അപരിചിതമായിരുന്നില്ലെന്ന് പ്രാചീന കൊത്തുപണികളില്‍ നിന്ന് മനസിലാക്കാവുന്നതാണ്. 
പല മതങ്ങളും സ്വവര്ഗ്ഗരതി  പ്രക്രുതിവിരുദ്ധമാണെന്ന് കരുതുകയും വളരെക്കാലമായി അതിനെ  ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. ബൈബിളിലെ പഴയ പുസ്തകത്തില്‍ ദൈവം ലൈംഗിക അരാജകത്വത്തിന് ശിക്ഷിച്ചതായി പറയുന്ന രണ്ട നഗരങ്ങളില്‍ ഒന്നിന്റെ പേരില്‍ നിന്നാണ് സ്വര്‍ഗരതിയെ കുറിക്കുന്ന  ഒരു ഇംഗ്ലീഷ് വാക്ക് ഉണ്ടായതുതന്നെ.  കത്തോലിക്കാ സഭ സ്വവര്‍ഗരതിക്കെതിരെ പന്ത്രണ്ടാം നൂറ്റാണ്ടില്‍ അഴിച്ചു വിട്ട പ്രചണ്ഡ പ്രചരണത്തെ തുടര്‍ന്നാണ്‌ പല യൂറോപ്യന്‍ രാജ്യങ്ങളും അതിനെതിരെ നിയമ നിര്‍മ്മാണം നടത്തിയത്.
ഈ വിഷയത്തില്‍ മതങ്ങളും മിക്ക ഭരണകൂടങ്ങളും എടുക്കുന്ന യാഥാസ്ഥിതിക നിലപാടില്‍ കാപട്യമുണ്ട്. ആണുങ്ങള്‍ മാത്രമുള്ള ഇടങ്ങളിലും പെണ്ണുങ്ങള്‍ മാത്രമുള്ള ഇടങ്ങളിലും അധികൃതര്‍ക്ക് സ്വവര്‍ഗരതി പണ്ട് മുതലെ പ്രശ്നമായിരുന്നെന്നതിനു തെളിവുകളുണ്ട്. മൂവായിരത്തില്‍പരം കൊല്ലം മുമ്പ് ഇതിനു പരിഹാരം കാണാന്‍ അസിറിയന്‍ പട്ടാളം സ്വവര്‍ഗരതിയില്‍ ഏര്‍പ്പെദ്ദവരെ ഷണ്ഡികരിക്കാന്‍ വ്യവസ്ഥ ചെയ്തിരുന്നത്രേ. ആഗോളതലത്തില്‍ കത്തോലിക്ക സഭയിലെ പുരോഹിതന്മാര്‍ നേരിടുന്ന പരാതികളില്‍ ഒരു വലിയ പങ്ക് ആണ്‍കുട്ടികളുടെ പീഡനം സംബന്ധിച്ചവയാണ്.
മതതാല്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ശ്രദ്ധാലുക്കളായ ആര്‍.എസ്.എസ് നേതാക്കാളുടെ വികാരം മാനിക്കേണ്ട ബി.ജ.പി. സര്‍ക്കാര്‍ ഐ.പി.സി. 377എടുത്തുകളയുന്നതിനോട് യോജിക്കുമോ എന്ന സംശയം പലര്ക്കുമുണ്ടായിരുന്നു, വളരെ ഇടുങ്ങിയ ഒരു നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. പ്രായപൂര്ത്തിയായവര്‍ക്കിടയിലെ സ്വകാര്യ സ്വവര്‍ഗരതിയുടെ കാര്യത്തില്‍ കോടതി ഉചിതമായ തീരുമാനം എടുക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തില്ല. അതേസമയം മറ്റൊരു വിഷയവും അവകാശവും ഇതോടൊപ്പം പരിഗനിക്കരുതെന്ന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സമീപകാലത്ത് സംഘടിതമായി മുന്നോട്ടു വന്നിട്ടുള്ള എല്‍ജിബി.റ്റിക്യു (lesbian, gay, bisexual, transgender and queer എന്നതിന്റെ ചുരുക്കെഴുത്ത്) സമൂഹം ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളിലേക്ക് കടക്കുന്നത് തടയുകയായിരുന്നു സര്‍ക്കാരിന്റെ  ലക്‌ഷ്യം.
ലൈംഗിക ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അവഗണനയും വിവേചനവും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കരുത്. ഭിന്നത ഒരു യാഥാര്‍ത്ഥ്യമാണെന്നു അംഗീകരിക്കുകയും അതിന്റെ പേരില്‍  ദുരിതമനുഭവിക്കുന്നവര്‍ക്ക് അന്തസോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യാനുള്ള കടമ ഭരണകൂടങ്ങള്‍ക്കുണ്ട്‌. (കേരള കൌമുദി, സെപ്തംബര്‍ 7, 2018) 

No comments: