Monday, September 3, 2018

ജനാധിപത്യത്തിന്‍റെ ഭാവി നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പ്
ബി.ആര്‍.പി. ഭാസ്കര്‍                                                                             ജനശക്തി
സാധാരണഗതിയില്‍ ഒരു നിശ്ചിത കാലയളവിലേക്ക് ഒറ്റയ്ക്കോ കൂട്ടായോ ഭരണച്ചുമതല നിര്‍വഹിക്കാന്‍  കക്ഷികളെ കണ്ടെത്താനുള്ള അവസരമാണ് പൊതു തെരഞ്ഞെടുപ്പ്. അപൂര്‍വമായി അത് ജനങ്ങള്‍ക്ക്  രാജ്യത്തിന്റെ  ഗതി നിര്‍ണ്ണയിക്കാനുള്ള അവസരമായി രൂപാന്തരപ്പെടുന്നു. അത്തരത്തിലുള്ള ഒരു തെരഞ്ഞെടുപ്പാണ്  1977ല്‍ നടന്നത്. ജനങ്ങള്‍ അതിനെ അടിയന്തിരാവസ്ഥ തുടരണമോ വേണ്ടയോ എന്ന്  തീരുമാനിക്കാനുള്ള അവസരമായി കണ്ടു. കോണ്ഗ്രസ് കക്ഷിയെ മാത്രമല്ല ഇന്ദിരാ ഗാന്ധി എന്ന അതിശക്തയായ നേതാവിനെ  തന്നെ തോല്‍പ്പിച്ചുകൊണ്ട്‌ അവര്‍ അടിയന്തിരാവസ്ഥ അവസാനിപ്പിച്ച് ഭരണഘടനയുടെ ജനാധിപത്യ സ്വഭാവം പുന:സ്ഥാപിക്കാന്‍ വോട്ടു ചെയ്തു.
കേവലം 31 ശതമാനം വോട്ടിന്റെ ബലത്തില്‍   ലോക് സഭയില്‍ ഭൂരിപക്ഷം നേടിയാണ് നരേന്ദ്ര മോദി2014ല്‍ അധികാരത്തിലേറിയത്. ഇന്ത്യ ഹിന്ദുരാഷ്ട്രമാകണമെന്ന് ആഗ്രഹിക്കുന്ന ആര്‍.എസ്. എസ് എന്ന സംഘടനയുടെ രാഷ്ടീയവേദിയാണ് ബിജെപി. ആര്‍എസ്എസുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ അംഗങ്ങള്‍  തയ്യാറാകാതിരുന്നതു കൊണ്ടാണ് അതിന്റെ മുന്‍ഗാമിയായ ജനസംഘത്തിനു ജനതാ പാര്‍ട്ടിയില്‍ നിന്ന് പുറത്തു വന്ന് പ്രവരത്തിക്കേണ്ടി വന്നത്.   കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍  ഭരണഘടനാ നിര്‍മ്മാണസഭ പ്രവര്‍ത്തിക്കുന്ന കാലത്ത് മനുസ്മൃതിയുടെ അടിസ്ഥാനത്തിലുള്ള ഭരണസംവിധാനത്തിനു വേണ്ടി ആര്‍എസ് എസ്‌  മുറവിളി കൂട്ടിയിരുന്നു.  ലോക സഭയില്‍ പാര്‍ട്ടിക്ക് സ്വന്തനിലയില്‍ ഭൂരിപക്ഷം ഇല്ലാതിരുന്നതുകൊണ്ട്  ആദ്യ ബിജെപി പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പെയിയുടെ കാലത്ത് ഭരണത്തില്‍ വലിയ തോതിലുളള ആര്‍എസ്എസ് ഇടപെടല്‍ ഉണ്ടായില്ല.  ആര്‍.എസ്.എസ്. പ്രചാരകനും ബി.ജെ.പി സംഘടനാ  പ്രവര്‍ത്തകനും ആയിരുന്ന നരേന്ദ്ര മോദി ഗുജറാത്തില്‍ ഭരണം തുടങ്ങിയത് പരിവാര്‍ സംഘടനകള് നടത്തിയ മുസലിം കൂട്ടക്കൊലയ്ക്ക് നേരെ കണ്ണടച്ചു കൊണ്ടാണ്. മൂന്നു തവണ മോദി ബി.ജെ.പിയെ തുടര്‍ച്ചയായി അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ വിജയിപ്പിച്ചപ്പോള്‍  ആര്‍എസ്എസ് അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിച്ചു. ലോക് സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം നിരവധി സംസ്ഥാനങ്ങളിലും മോദി ബിജെപിയെ അധികാരത്തിലെത്തിച്ചു. ഇപ്പോള്‍ രാജ്യത്തെ 29 സംസ്ഥാനങ്ങളില്‍  20ല്‍ ബിജെപി അധികാരം കയ്യാളുന്നു. 
വാജ്പേയിയുടെ കാലത്തുനിന്നു വ്യത്യസ്തമായി ആര്‍എസ്എസ് ഇപ്പോള്‍ ഭരണരംഗത്തേക്ക് നേരിട്ട് പ്രവേശിച്ചിരിക്കുകയാണ്. മുന്‍കാല ആര്‍എസ് എസ് പ്രവര്‍ത്തകരാണ് പല സംസ്ഥാനങ്ങളിലെയും ഗവര്‍ണര്‍മാരും മുഖ്യമന്ത്രിമാരും. കാഡര്‍ സ്വഭാവമുള്ള സംഘടനയുടെ അംഗങ്ങളെന്ന നിലയില്‍ അവര്‍ക്ക് ഭരണഘടനയേക്കാള്‍ കൂറ് ആര്‍എസ്എസിനോടാണ്. അതുകൊണ്ടാണ്  മോദിയുള്‍പ്പെടെ അവരിലാരും തന്നെ ഗോസംരക്ഷണത്തിന്റെയും മറ്റും പേരില്‍ മുസ്ലിങ്ങള്‍ക്കും ദലിതര്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ നടപടികളെടുക്കുകയോ അപലപിക്കുക പോലുമോ ചെയ്യാത്തത്. വാദികളെ പ്രതികളാക്കിക്കൊണ്ട് കൊലപാതങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പരിവാര്‍ അനുകൂല സംഘടനാ പ്രവര്‍ത്തകരെ രക്ഷിക്കുവാനാണ് പൊലീസ് പലപ്പോഴും ശ്രമിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍  മാത്രമല്ല മറ്റിടങ്ങളിലും പൊലീസ്  ആ കക്ഷിയുടെ താല്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്ത്തിക്കുന്നുവെന്നത്  അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സ്ഥിതിവിശേഷം നിലനില്ക്കുന്നുവെന്നു വ്യക്തമാക്കുന്നു. ഇത് തിരിച്ചറിയാന്‍ പാര്ട്ടികള്‍ക്കും ജനങ്ങള്‍ക്കും കഴിയുമ്പോള്‍ പരിഹാരമാര്‍ഗ്ഗം തെളിയും.
അടിയന്തിരാവസ്ഥ തുടര്‍ന്നാല്‍ തങ്ങളുടെ ഭാവി ഇരുളടഞ്ഞതാകുമെന്ന കാര്യത്തില്‍ ഇന്ദിരാ ഗാന്ധിയുടെ എതിരാളികള്‍ക്ക് സംശയമില്ലായിരുന്നു.  അതുകൊണ്ടാണ് വ്യക്തിതാല്പര്യങ്ങളും തങ്ങളുടെ  പാര്‍ട്ടികളുടെ വിഭാഗീയ താല്പര്യങ്ങളും മറന്നുകൊണ്ട് ജനതാ പാര്‍ട്ടി എന്ന പേരില്‍ ഒന്നിക്കാന്‍ അവര്‍ തയ്യാറായത്. അടിയന്തിരാവസ്ഥ ജനാധിപത്യ വിരുദ്ധമാണെന്ന്  സാധാരണക്കാരായ ജനങ്ങളും തിരിച്ചറിഞ്ഞിരുന്നു. ആ തിരിച്ചറിവ് ഉത്തര്‍ പ്രദേശ്, ബീഹാര്‍ എന്നീ പിന്നാക്ക സംസ്ഥാനങ്ങളിലെ വോട്ടര്‍മാരില്‍ ഏറെ ശക്തമായിരുന്നു. അവര്‍ കോണ്ഗ്രസ് കക്ഷിയെ മാത്രമല്ല ഇന്ദിരാ ഗാന്ധിയെ തന്നെയും പുറന്തള്ളി.  അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സാഹചര്യങ്ങളാണ് ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് പലരും ആരോപിച്ചിട്ടുണ്ട്. എന്നാല്‍ 1975ല നിന്ന് വ്യത്യസ്തമായി പ്രതിപക്ഷ നേതാക്കള്‍ തുറുങ്കില്‍ അടയ്ക്കപ്പെട്ടിട്ടുല്ല. അവരുടെ പ്രവര്ത്തനസ്വാതന്ത്യം  തടസപ്പെടുത്തപ്പെട്ടിട്ടുമില്ല. അതുകൊണ്ട് ആ ആരോപണം മുഖവിലയ്ക്കെടുക്കാന്‍ പല ബിജെപിവിരുദ്ധരും തയ്യാറല്ല. ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥയില്‍  രാഷ്ട്രീയ-ഔദ്യോഗിക സമ്മര്‍ദ്ദം പ്രധാനമായും പ്രതിപക്ഷകക്ഷികള്‍ക്കു  മേലായിരുന്നു. ഭരണഘടനാബാഹ്യ അധികാരകേന്ദ്രമായിരുന്ന സഞ്ജയ് ഗാന്ധി ചില ഇഷ്ട പരിപാടികള്‍ നടപ്പിലാക്കാനായി അതിനെ ചെറിയ തോതില്‍ സാമൂഹ്യ തലത്തിലേക്ക്‌ വ്യാപിപ്പിച്ചു എന്ന് മാത്രം. മോദിയുടെ അപ്രഖ്യാപിത  അടിയന്തിരാവസ്ഥയില്‍  രാഷ്ട്രീയ-ഔദ്യോഗിക സമ്മര്‍ദ്ദം ചില സാമൂഹിക വിഭാഗങ്ങള്‍ക്ക്– പ്രധാനമായും മുസ്ലിങ്ങള്‍ക്കും ദലിതര്‍ക്കും -- മേലാണ്. അത് നടപ്പിലാക്കാന്‍ പോലീസ് തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങള്‍ കൂടാതെ  ഭരണഘടനാബാഹ്യ അധികാരകേന്ദ്രമായ ആര്‍എസ്എസിന്‍റെ നിയന്ത്രണത്തിലുള്ള നിരവധി സംഘടനകളുമുണ്ട്. കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഈ സംഘടനകള്‍ സൃഷ്ടിച്ചിട്ടുള്ള ഭീതിദമായ അന്തരീക്ഷത്തില്‍ പ്രമുഖ പ്രതിപക്ഷ കക്ഷികള്‍ക്ക്  ഹിന്ദുത്വ വര്‍ഗീയതയെ ചെറുക്കാനുള്ള ധൈര്യം ഇല്ലാതായിരിക്കുന്നു. ഹൈന്ദവത ഉയര്‍ത്തിക്കാട്ടി ഹിന്ദുത്വ ശത്രുത മയപ്പെടുത്താമെന്ന മൂഡചിന്തയാണ് പല മതേതര കക്ഷികളെയും നയിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര സന്ദര്‍ശനങ്ങളും കേരളത്തിലെ സിപിഎമ്മിന്‍റെ കൃഷ്ണജയന്തി ആഘോഷവും രാമായണ മാസാചരണവും ഉദാഹരണങ്ങള്‍.   
വോട്ടര്മാര്‍ മോദിക്ക് അഞ്ചു കൊല്ലം കൂടി നല്‍കിയാല്‍  ആര്‍ എസ് എസ് ഇപ്പോള്‍ തെരഞ്ഞെടുത്ത ഇടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ രാജ്യവ്യാപകമായി വ്യാപിപ്പിക്കും. ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുക എന്ന ചിരകാലാഭിലാഷം സാക്ഷാത്കരിക്കാനുള്ള അവസരമായി അത് അതിനെ കാണും
ബഹുജന സമാജ് പാര്‍ട്ടി നേതാവ് മായാവതി, തൃണമൂല്‍ കോണ്ഗ്രസ് നേതാവും ബംഗാള്‍  മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയും അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണമാറ്റം ഉണ്ടാകേണ്ടതിന്റെ ആവശ്യകത  മനസിലാക്കി, വ്യക്തിപരമായ മോഹങ്ങളും വിഭാഗീയ താല്പര്യങ്ങളും മാറ്റി വെക്കാന്‍ തയ്യാറായിട്ടുണ്ട്. ഇരുവരും പ്രധാനമന്ത്രിപദത്തില്‍ കണ്ണുള്ളവരാണെന്നു പറയപ്പെടുന്നു. ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനുള്ള യോഗ്യത ഇരുവര്‍ക്കുമുണ്ട്.  ചില കോണ്ഗ്രസുകാര്‍  രാഹുല്‍ ഗാന്ധിയാണ് തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്ത്ഥി എന്ന് പറഞ്ഞശേഷം മായാവതിയെയോ മമതാ ബാനര്‍ജിയെയോ പിന്തുണയ്ക്കാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ആര്‍.എസ് എസ് ബന്ധമില്ലാത്ത ആരും ആകാമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ആരുമായും കൂട്ടൂകൂടാതെ ബഹുഭൂരിപക്ഷം ലോക് സഭാ സീറ്റുകളിലും സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ദേശീയ കക്ഷിയായി അംഗീകാരം നേടിയിട്ടുള്ള പാര്‍ട്ടിയാണ് ബിഎസ് പി. കഴിഞ്ഞ തവണ 503 പേരെ നിരത്തി. ഇത് കോണ്ഗ്രസും ബിജെപിയും നിര്ത്തിയതിനേക്കാളായിരുന്നു. അതില്‍  447 പേര്‍ക്ക് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു.  പക്ഷെ രാജ്യത്ത് പോള്‍ ചെയ്യപ്പെട്ട വോട്ടിന്റെ 4.19 ശതമാനം കിട്ടി. വോട്ടിന്റെ മാത്രം അടിസ്ഥാനത്ത്തില്‍ നോക്കിയാല്‍  ബിജെപിയും കോണ്ഗ്രസും കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയാണത് . പക്ഷെ ഒരു സീറ്റ് പോലും നേടാനായില്ല. ഈ അനുഭവത്തില്‍ നിന്ന്‍ പാഠം പഠിച്ചതുകൊണ്ട് ലോക സഭാ ഉപതെരഞ്ഞെടുപ്പില്‍ മായാവതി ബദ്ധശത്രുവായ സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചു.  അവര്‍ ബിജെപിയില്‍  നിന്ന്‍ സീറ്റുകള്‍ തിരിച്ചുപിടിച്ചു. കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ് പി ആദ്യമായി സഖ്യത്തിലേര്‍പ്പെട്ടു. ജനതാ ദള്‍ -എസുമായുണ്ടാക്കിയ കൂട്ടുകെട്ടിന്റെ ഫലമായി ആദ്യമായി  തെക്കേ ഇന്ത്യയില്‍ ഒരു എം.എല്‍.എ. ഉണ്ടായി. ജനതാ ദളിന്റെ നേതൃത്വത്തില്‍ കൂട്ടുമന്തിസഭ ഉണ്ടായപ്പോള്‍ എം.എല്‍.എ മന്ത്രിയുമായി. ലോക സഭാ തെരഞ്ഞെടുപ്പില്‍ പരസ്പര മത്സരം ഒഴിവാക്കി യുപിയില്‍ ബിജെപിയുടെ സീറ്റുകള്‍ പരിമിതാപ്പെടുത്താനുള്ള ശ്രമത്തിലാണ് മായാവതിയും സമാജ്‌ വാദി നേതാവ് അഖിലേഷ് യാദവും ഇപ്പോള്‍. ലോക സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ദേശവ്യാപകമായ ഒരു മഹാ സഖ്യം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. എന്നാല്‍ ചെറിയ ദേശീയ കക്ഷികളും സംസ്ഥാനങ്ങളില്‍ വലിയ സ്വാധീനമുള്ള പ്രാദേശിക കക്ഷികളും വിചാരിച്ചാല്‍ അത്തരമൊരു സഖ്യം ഇല്ലാതെ തന്നെ യു.പി യിലെന്ന പോലെ മറ്റ് പല സംസ്ഥാനങ്ങളിലും ബിജെപിവിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നത് തടയാനാകും. ഈ സാഹചര്യത്തില്‍ ഈ കക്ഷികള്‍ അടുത്ത സര്‍ക്കാരിനെ കുറിച്ചുള്ള അവരുടെ സങ്കല്‍പ്പങ്ങള്‍ ഏകോപിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കണം. അവര്‍ പ്രധാനമന്ത്രിപദത്തിന്റെ പേരില്‍ തമ്മില്‍ തല്ലി പിരിയുമെന്നു ഭയക്കുന്ന ജനങ്ങളുടെ ആശങ്കയകറ്റാന്‍ അത് സഹായിക്കും. അവര്ക്കിടയില്‍ യോജിപ്പിന്‍റെ ഒരു വലിയ മേഖലയുണ്ട്. ആര്‍എസ്എസ് തകര്‍ത്ത മതനിരപേക്ഷ പരിസരം പുന:സ്ഥാപിക്കുകയെന്നത് അതില്‍ പെടുന്നു. അതിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനുള്ള ആര്‍ജ്ജവമുണ്ടെന്ന ധാരണ  നല്‍കാനായാല്‍ അടിയന്തിരാവസ്ഥക്കാല സര്‍ക്കാരിനെയെന്ന പോലെ  മോദി നയിക്കുന്ന ആര്‍.എസ്.എസ് സര്ക്കാരിനെ തൂത്തെറിയാനും ജനങ്ങള്‍ തയ്യാറാകും. (ജനശക്തി, ഓഗസ്റ്റ് 16-31, 2018)

No comments: