Sunday, February 28, 2010

വിവാദം അവസാനിക്കുന്നു, പ്രശ്നം അവശേഷിക്കുന്നു

തിലകൻ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കുമെന്നും ഈ വിഷയത്തിൽ ഇനി ‘അമ്മ’ വിവാദത്തിനില്ലെന്നും മമ്മൂട്ടി പ്രസ്താവിക്കുകയും സുകുമാർ അഴീക്കോട് അതിനോട് ക്രിയാപരമായി പ്രതികരിക്കുകയും ചെയ്തതോടെ അന്തരീക്ഷം മലിനമാക്കിക്കൊണ്ടിരുന്ന ഒരു വിവാദം അവസാനിക്കുന്നു. എന്നാൽ പ്രശ്നം അവശേഷിക്കുന്നു.

തിലകൻ പ്രശ്നത്തിൽ അടങ്ങിയിരിക്കുന്ന അടിസ്ഥാന വിഷയം തൊഴിലെടുക്കാനുള്ള കലാകാരന്റെ അവകാശമാണ്. ഈ വിഷയത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നത് അമ്മ മാത്രമല്ല, ഫെഫ്ക കൂടിയാണ്. ഫെഫ്കയുടെ നിലപാട് സംശയാസ്പദമായി തുടരുന്നു.

തിലകൻ തന്റെ ചിത്രത്തിൽ അഭിനയിക്കുകയാണെങ്കിൽ നൂറ്റമ്പതോളം സാങ്കേതിക പ്രവർത്തകർ പിന്മാറുമെന്ന് അറിയിച്ചിട്ടുള്ളതായി അദ്ദേഹത്തെവെച്ച് ഇംഗ്ലീഷിൽ ചിത്രമെടുക്കാൻ പദ്ധതിയുള്ള സോഹൻ റോയ് എന്ന സംവിധായകൻ ഇന്നലെ കൊച്ചിയിൽ പറഞ്ഞതായി വാർത്തയുണ്ട്. സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക തിലകൻ ബഹിഷ്കരണം എന്ന കാടൻ ആശയം ഉപേക്ഷിച്ചിട്ടില്ലെന്ന സൂചനയാണ് ഇത് നൽകുന്നത്.

Sunday, February 21, 2010

സംവരണം: വിവരവും വിവരക്കേടും

ബി.ആർ.പി.ഭാസ്കർ

സംവരണം കേരളത്തിൽ വീണ്ടും സജീവ ചർച്ചാവിഷയമായിരിക്കുന്നു. എന്നാൽ വിവരത്തേക്കാൾ വിവരക്കേടാണ് ചർച്ചകളിൽ പ്രതിഫലിക്കുന്നത്. അറിവില്ലായ്മ മൂലമാണ് ചിലർ വിവരക്കേട് പ്രചരിപ്പിക്കുന്നത്. മറ്റ് ചിലർ ബോധപൂർവം വിവരക്കേട് വിളമ്പുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

നായർ സമുദായാംഗങ്ങൾക്ക് സംവരണത്തിന്റെ ആനുകൂല്യം നൽകണമെന്ന് ആവശ്യപ്പെടുന്ന എൻ.എസ്.എസ്. പ്രമേയമാണ് പുതിയ ചർച്ചകൾക്ക് വഴി തുറന്നത്. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ മുന്നോക്കം നിൽക്കുന്നവർക്കൊപ്പമെത്താൻ സഹായിക്കുന്ന സംവിധാനമെന്ന നിലയിലാണ് സംവരണം വിഭാവന ചെയ്യപ്പെട്ടിട്ടുള്ളത്. അത് കേവലം ഒരു താൽക്കാലിക സംവിധാനമല്ല. മുൻ ചീഫ് സെക്രട്ടറി സി.പി.നായരെപ്പോലെ നല്ല വിവരമുള്ള ഒരാൾപോലും അങ്ങനെ ധരിച്ചിട്ടുണ്ടെന്നത് അത്ഭുതകരമായി തോന്നുന്നു. “1950ൽ ഭരണഘടന ആവിഷ്കരിച്ചപ്പോൾ ജവഹർലാൽ നെഹ്രു പറഞ്ഞത് സംവരണം 10 കൊല്ലത്തേയ്ക്കുള്ള താൽക്കാലിക സംവിധാനമാണെന്നാണ്. എന്നാൽ 60 കൊല്ലമായിട്ടും സംവരണം തുടരുകയാണ്“ എന്ന് അദ്ദേഹം ഒരു സംഭാണത്തിൽ പറഞ്ഞതായി കലാകൌമുദി എഴുതുന്നു. ഭരണഘടന നിലവിൽ വരുമ്പോൾ പട്ടികജാതി പട്ടികവർഗ്ഗങ്ങളിൽ പെട്ടവർക്ക് സർക്കാർ സർവീസിലും ലോക് സഭയിലും നിയമസഭകളിലും നിശ്ചിത പ്രാതിനിധ്യം ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെ എഴുതിച്ചേർക്കപ്പെട്ട സംവരണ വ്യവസ്ഥ മാത്രമാണ് അതിലുണ്ടായിരുന്നത്. അതിന് കാലാവധിയും നിശ്ചയിച്ചിരുന്നു. ഒരു ചെറിയ കാലയളവിൽ ആ വിഭാഗങ്ങൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവ് സമ്പാദിക്കാനാകുമെന്ന് നല്ലവരായ ഭരണഘടനാശില്പികൾ വിശ്വസിച്ചു. കാലാവധി അവസാനിക്കാറായപ്പോൾ ആ വിശ്വാസം തെറ്റായിരുന്നെന്ന് ഭരണാധികാരികൾക്ക് ബോധ്യമായി. അവർ ഭരണഘടനാ ഭേദഗതിയിലൂടെ പട്ടികജാതി പട്ടികവർഗ്ഗ സംവരണ വ്യവസ്ഥ നീട്ടാൻ സന്നദ്ധരായി. തുടർന്നും പാർലമെന്റ് പല തവണ ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് കാലാവധി നീട്ടി. കൊല്ലം 60 കഴിഞ്ഞെങ്കിലും ഈ വ്യവസ്ഥ എടുത്തുകളയാനാകാത്തത് അതില്ലെങ്കിൽ കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുകയില്ലെന്നതുകൊണ്ടാണ്. ഇക്കാര്യത്തിൽ ഭരണഘടനാ ശില്പികൾ പ്രതീക്ഷിച്ച പുരോഗതി ഉണ്ടാകാഞ്ഞത് പട്ടികജാതി പട്ടികവർഗ്ഗങ്ങളുടെ കുറ്റമാണെന്ന മട്ടിലാണ് സംവരണവിരുദ്ധർ വിഷയം അവതരിപ്പിക്കുന്നത്. യഥാർത്ഥ കുറ്റവാളികൾ ദലിത് ആദിവാസി വിഭാഗങ്ങളല്ല, അവരുടെ പുരോഗതി തടയാൻ നിരന്തരം ശ്രമിക്കുന്ന ജാതിമേധാവിത്വ ശക്തികളാണ്. ഭരണാധികാരികൾ സംവരണ വ്യവസ്ഥ സത്യസന്ധമായി നടപ്പിലാക്കുന്നില്ലെന്ന് അവർ ഉറപ്പു വരുത്തുന്നു.

സംവരണത്തിനെതിരെ ഏറെ കാലമായി നിയമയുദ്ധം നടത്തുന്ന സംഘടയാണ് എൻ.എസ്.എസ്. ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണം അശാസ്ത്രീയവും ഭരണഘടനാവിരുദ്ധവുമാണെന്ന വാദം കോടതികളിലും പുറത്തും അത് ശക്തമായി ഉന്നയിച്ചിട്ടുണ്ട്. സാമ്പത്തിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിലാകണം സംവരണമെന്നതാണ് അതിന്റെ നിലപാട്. അതിനെ അലോസരപ്പെടുത്തുന്നത് ദലിത് ആദിവാസി സംവരണമല്ല, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണമാണ്. ഭരണഘടന നിലവിൽ വരുമ്പോൾ പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണാനുകൂല്യമൊ മറ്റെന്തെങ്കിലും സംരക്ഷണമൊ നൽകുന്ന ഒരു വ്യവസ്ഥയും അതിലുണ്ടായിരുന്നില്ല. എന്നാൽ മദിരാശി പ്രിവിശ്യയിലെയും തിരുവിതാംകൂർ ഉൾപ്പെടെയുള്ള ചില നാട്ടുരാജ്യങ്ങളിലെയും ഭരണകൂടങ്ങൾ സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിലും സർക്കാർ നിയമനത്തിലും പിന്നാക്ക ജാതികൾക്ക് സംവരണം ഏർപ്പെടുത്തിയിരുന്നു. ആ സംവരണം ഭരണഘടന നിലവിൽ വന്നശേഷവും തുടർന്നുപോന്നു. ചെമ്പകലക്ഷ്മി എന്നൊരു യുവതി അത് ചോദ്യം ചെയ്തുകൊണ്ട് 1950ൽ മദിരാശി ഹൈക്കോടതിയിൽ ഒരു ഹർജി നൽകി. സംവരണവ്യവസ്ഥയുടെ ഫലമായി ബ്രാഹ്മണജാതിയിൽ പിറന്ന തനിക്ക് മെഡിക്കൽ കോളെജിൽ പ്രവേശനം ലഭിച്ചില്ലെന്ന് അവർ പരാതിപ്പെട്ടു. അവർക്കു വേണ്ടി കോടതിയിൽ ഹാജരായത് ഭരണഘടനാ നിർമ്മാണസഭാംഗമായിരുന്ന അല്ലാടി കൃഷ്ണസ്വാമി അയ്യർ എന്ന പ്രഗത്ഭനായ അഭിഭാഷകനാണ്. അദ്ദേഹം കരട് ഭരണഘടന തയ്യാറാക്കിയ സമിതിയിലും അംഗമായിരുന്നു. മതം, വംശം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം പാടില്ലെന്ന് ഭരണഘടനയുടെ വകുപ്പ് 15(1) നിഷ്കർഷിക്കുന്നതിനാൽ ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണം നിലനിൽക്കുന്നതല്ലെന്ന് അദ്ദേഹം വാദിച്ചു. ആ വാദം ശരിവെച്ചുകൊണ്ട് പിന്നാക്ക ജാതികൾക്ക് നേരത്തെ അനുവദിച്ചിരുന്ന സംവരണം ഭരണാഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചു. മദിരാശി സർക്കാർ ആ തീരുമാനത്തിനെതിരെ അപ്പീൽ കൊടുത്തെങ്കിലും സുപ്രീം കോടതി ഹൈക്കോടതി വിധി ശരിവെച്ചു.

ഭരണഘടന വാഗ്ദാനം ചെയ്യുന്ന സാമൂഹ്യനീതി ഉറപ്പാക്കാൻ സ്വാതന്ത്ര്യ പ്രാപ്തിക്കുമുമ്പ് ഏർപ്പെടുത്തിയ സംവരണം തുടരേണ്ടത് ആവശ്യമാണെന്ന മദിരാശി സർക്കാരിന്റെ നിലപാട് കേന്ദ്രം അംഗീകരിച്ചു. അതിനായി ഭരണഘടന ഭേദഗതി ചെയ്യാൻ കേന്ദ്രം തയ്യാറായി. അങ്ങനെയാണ് പാർലമെന്റ് ആദ്യ ഭരണഘടനാ ഭേദഗതി നിയമം പാസാക്കിയത്. അത് മതം, വംശം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം പാടില്ലെന്ന വകുപ്പിന്റെ തുടർച്ചയായി ഒരു പുതിയ ഉപവകുപ്പ് എഴുതിച്ചേർത്തു: “സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വർഗ്ഗങ്ങളുടെയും പട്ടികജാതികളുടെയും പട്ടികവർഗ്ഗങ്ങളുടെയും ഉന്നമനത്തിനായി എന്തെങ്കിലും പ്രത്യേക വ്യവസ്ഥ ഉണ്ടാക്കുന്നതിന് ഈ വകുപ്പിലുള്ളതൊന്നും തടസ്സമാവില്ല.” ഈ ഭേദഗതിയോടെ നിലവിലുണ്ടായിരുന്ന പിന്നാക്ക സംവരണത്തിനു ഭരണഘടനയുടെ സംരക്ഷണം ലഭിച്ചു. പാർലമെന്റ് 2005ൽ പാസാക്കിയതും 2006ൽ നിലവിൽ വന്നതുമായ ഭരണഘടനയുടെ 93ആം ഭേദഗതി എയ്ഡഡും അല്ലാത്തതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ഏത് വിഭാഗം പൌരന്മാർക്കും പട്ടികജാതികൾക്കും പട്ടികവർഗ്ഗങ്ങൾക്കും വേണ്ടി പ്രത്യേക വ്യവസ്ഥ ഏർപ്പെടുത്തുന്നതിനായി നിയമമുണ്ടാക്കുന്നതിന് തടസ്സമില്ലെന്ന് വ്യക്തമാക്കുന്ന മറ്റൊരു ഉപവകുപ്പ് കൂടി എഴുതിച്ചേർത്തു. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഈ ഉപവകുപ്പിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടിട്ടുണ്ട്.

ഈ ഉപവകുപ്പുകളിലൊന്നും ‘സംവരണം‘ എന്ന വാക്കില്ലെന്നത് ശ്രദ്ധിക്കുക. എന്നാൽ സംവരണമല്ലാതെ പിന്നാക്കവിഭാഗങ്ങളുടെ ഉന്നമനത്തിന് മറ്റെന്തെങ്കിലും പ്രത്യേക വ്യവസ്ഥ മുന്നോട്ടുവെയ്ക്കാൻ ആർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ‘ജാതി‘ക്കു പകരം ‘വർഗ്ഗം‘ എന്ന പദമാണ് രണ്ട് ഉപവകുപ്പുകളിലും ഉപയോഗിച്ചിട്ടുള്ളതെങ്കിലും സമൂഹികമായ പിന്നാക്കാവസ്ഥ നിർണ്ണയിക്കുന്നതിൽ ജാതി ഒരു ഘടകമാകാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. കാലപരിധി സംബന്ധിച്ച ഒരു പരാമർശവും ഈ ഉപവകുപ്പുകളിലില്ലെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഇതിന്റെ അർത്ഥം സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നവർക്ക് അത് സ്ഥിരമായി ലഭിക്കുമെന്നല്ല. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ നിൽനിൽക്കുന്നിടത്തോളമെ ഏതൊരു വിഭാഗത്തിനും സംവരണത്തിന് അർഹതയുണ്ടാകൂ. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ അവസാനിക്കുമ്പോൾ ആ അർഹത ഇല്ലാതാകും. ഇപ്പോൾ സാമൂഹികമൊ വിദ്യാഭ്യാസപരമൊ ആയ അവശതകളില്ലാത്ത ഒരു വിഭാഗം ഏതെങ്കിലും കാരണത്താൽ പിന്നാക്കം തള്ളപ്പെടുകയാണെങ്കിൽ ഈ ഉപവകുപ്പുകളുടെ അടിസ്ഥാനത്തിൽ അതിന് സംവരണാനുകൂല്യം ആവശ്യപ്പെടാനാകും. ആ സ്ഥിതിക്ക് എൻ.എസ്. എസിന്റെ ആവശ്യം ഈ ഉപവകുപ്പുകളുടെ പരിധിയിൽ പെടുന്നതാണോയെന്ന് പരിശോധിക്കേണ്ടതാണ്. എന്നാൽ അതിലേക്ക് കടക്കും മുമ്പ് ചെമ്പകലക്ഷ്മി കോടതികളെ കബളിപ്പിച്ച കഥ കൂടി പറയേണ്ടിയിരിക്കുന്നു. ആ സ്ത്രീ മദിരാശിയിലെ ഒരു മെഡിക്കൽ കോളെജിലും പ്രവേശനത്തിന് അപേക്ഷിച്ചിരുന്നില്ല. അപേക്ഷിച്ചിരുന്നെങ്കിൽതന്നെ പ്രവേശനം ലഭിക്കുമായിരുന്നില്ലെന്നത് മറ്റൊരു കാര്യം. അത് അവർ ബ്രാഹ്മണജാതിയിൽ പിറന്നതുകൊണ്ടല്ല, മെഡിക്കൽ കോളെജ് പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ പാസാകാതിരുന്നതുകൊണ്ടാണ്. സുപ്രീം കോടതി വരെ ശരിവെച്ച ചെമ്പകലക്ഷ്മിയുടെ ഹർജി സംവരണം അട്ടിമറിക്കാൻ ഏത് ഹീന മാർഗ്ഗവും സ്വീകരിക്കാനുള്ള ജാതിമേധാവിത്വത്തിന്റെ സന്നദ്ധതക്ക് തെളിവാണ്. ആദ്യ ഭരണഘടനാ ഭേദഗതിയിലേക്ക് നയിച്ച സംഭവമെന്ന നിലയിൽ ചെമ്പകലക്ഷ്മിയുടെ കേസിലെ വിധി നിയമപുസ്തകങ്ങളിൽ സ്ഥലം പിടിച്ചിട്ടുണ്ട്. അവർ നടത്തിയ കപട നാടകത്തെക്കുറിച്ച് അവ നിശ്ശബ്ദത പാലിക്കുന്നു.

നായർ സമുദായത്തിന്റെ “ഇന്നത്തെ പിന്നാക്കാവസ്ഥ” ചൂണ്ടിക്കാട്ടിയാണ് എൻ.എസ്.എസ്. പിന്നാക്ക വിഭാഗങ്ങൾക്ക് അനുവദിച്ചിട്ടുള്ള സംവരണാനുകൂല്യം തങ്ങൾക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. അതും കേവലം ജാതിയുടെ അടിസ്ഥാനത്തിൽ! സർക്കാർ സർവീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നായർ പ്രാതിനിധ്യം ചുരുങ്ങിയതായി എൻ.എസ്.എസ്. ജനറൽ സെക്രട്ടറി പി.കെ. നാരായണപ്പണിക്കർ അവകാശപ്പെടുന്നു. സർക്കാർ സർവീസിൽ നായർ പ്രാതിനിധ്യം കുറഞ്ഞിട്ടുണ്ടെന്ന വാദം ശരിയായിരിക്കണം. കാരണം നൂറു കൊല്ലം മുമ്പ് തിരുവിതാംകൂറിലും കൊച്ചിയിലും സർക്കാർ ഉദ്യോഗങ്ങൾ ഏറെക്കുറെ നായർ കുത്തകയായിരുന്നു. മറ്റ് വിഭാഗങ്ങൾ വിദ്യാഭ്യാസം നേടുകയും അവർക്ക് ജോലി നൽകാൻ സർക്കാർ നിർബന്ധിതമാവുകയും ചെയ്തപ്പോൾ നായർ പ്രാതിനിധ്യം സ്വാഭാവികമായും താഴ്ന്നിട്ടുണ്ടാകണം എന്നാൽ നായർ സമുദായം സാമൂഹികമായും വിദ്യാഭ്യാസപരമായും മറ്റുള്ളവർക്ക് പിന്നിലായിരിക്കുന്നുവെന്ന് സ്ഥാപിക്കാൻ പോരുന്ന കണക്കുകളൊന്നും പണിക്കർ നൽകുന്നില്ല. യഥാർത്ഥത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് അനുവദിച്ചിട്ടുള്ള സംവരണം തങ്ങൾക്കും വേണമെന്ന എൻ.എസ്. എസിന്റെ ആവശ്യം നേരത്തെ അത് ഉന്നയിച്ചിരുന്ന സാമ്പത്തിക സംവരണമെന്ന ആശയത്തിന്റെ പുനരാവിഷ്കരണമാണ്. ഈ ആശയം ആദ്യമായി അവതരിപ്പിച്ചത് ഇ.എം.എസ്. നമ്പൂതിരിപ്പാട് ആണ്. മുഖ്യമന്ത്രിയെന്ന നിലയിൽ അതുമായി മുന്നോട്ടു പോകാൻ അദ്ദേഹത്തിനായില്ലെങ്കിലും സി.പി.എമ്മിനെക്കൊണ്ട് തത്ത്വത്തിൽ അത് അംഗീകരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇപ്പോൾ സാമ്പത്തിക സംവരണത്തിന് അനുകൂലമായ നിലപാട് എടുക്കുന്ന സാമാന്യം വലിയ ഒരു വിഭാഗം രാജ്യത്തുണ്ട്. അക്കൂട്ടത്തിൽ ബി.ജെ.പി.യും ചില കോൺഗ്രസുകാരുമുണ്ട്. ഭരണഘടന സംവരണം പോലുള്ള പ്രത്യേക വ്യവസ്ഥയ്ക്കുള്ള അർഹത സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കം നിൽക്കുന്നവർക്കായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്ന ന്യായാധിപന്മാരും രാജ്യത്തുണ്ട്. ഇവരുടെയൊക്കെ നിലപാടുകളിൽ പ്രതിഫലിക്കുന്നത് പഴയ ജാതിമേധാവിത്വത്തിന്റെ സ്വാധീനമാണ്.

നായർ സമുദായത്തിന്റെ ഇന്നത്തെ അവസ്ഥ കലാകൌമുദി പ്രസിദ്ധീകരിച്ച സംഭാഷണത്തിൽ സി.പി.നായർ ഏതൊരു എൻ.എസ്.എസ്. നേതാവിനേക്കാളും ഭംഗിയായി വിവരിക്കുന്നുണ്ട്. ഭൂപരിഷ്കരണത്തോടെയാണ് നായർ പതനം ആരംഭിച്ചതെന്ന് അദ്ദേഹം പറയുന്നു. സംസ്ഥാനത്തെ വലിയ ഭൂവുടമകളിലേറെയും നമ്പൂതിരിമാരും നായന്മാരുമായിരുന്നെങ്കിലും ഭൂപരിഷ്കരണം നായർ സമുദായത്തിന് മൊത്തതിൽ നഷ്ടക്കച്ചവടമായിരുന്നെന്ന ധാരണ ശരിയാണെന്ന് തോന്നുന്നില്ല. ഭൂപരിഷ്കരണത്തിന്റെ ഗുണം ലഭിച്ചത് കുടിയാന്മാർക്കാണല്ലൊ. അവരിലും നായന്മാർ ഏറെ ഉണ്ടായിരുന്നു. കൃഷി ലാഭകരമല്ലാതായതുകൊണ്ട് ഭൂപരിഷ്കരണത്തിന്റെ നേട്ടം നിലനിർത്താൻ അവർക്കായില്ലെന്ന് പറയുന്നതാവും കൂടുതൽ ശരി. പലരും കിട്ടിയ ഭൂമി വിറ്റ് മറ്റ് ഉപജീവനമാർഗ്ഗം തേടി. കേരളത്തെ ദാരിദ്ര്യത്തിൽനിന്ന് കര കയറ്റി സമ്പന്ന സംസ്ഥാനമാക്കിയത് 1970ൽ തുടങ്ങിയ ഗൾഫ് പ്രവാസമാണ്. ഗൾഫിൽ പോയ വിദഗ്ദ്ധതൊഴിലാളികൾക്കിടയിലും അമേരിക്കയിലേക്ക് ചേക്കേറിയ പ്രൊഫഷനലുകൾക്കിടയിലും വളരെ കുറച്ച് നായന്മാരേയുള്ളെന്ന് സി.പി. നായർ സാക്ഷ്യപ്പെടുത്തുന്നു. ഗൾഫ് പ്രവാസത്തിന്റെ പ്രധാന ഗുണഭോക്താക്കൾ മുസ്ലിംകളാണെന്ന കാര്യത്തിൽ സംശയത്തിനിടമില്ല. ഗൾഫ് മലയാളികളിൽ 35 ശതമാനത്തോളം കേരളത്തിലെ ജനസംഖ്യയുടെ 25 ശതമാനം വരുന്ന മുസ്ലിംകളാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മുസ്ലിംകൾ കഴിഞ്ഞാൽ ഗൾഫ് പ്രവാസത്തിന്റെ ഗുണം ഏറെ ലഭിച്ചത് ഈഴവർക്കാകാം. ചില ഗൾഫ് രാജ്യങ്ങൾ മുസ്ലിംകൾക്ക് മുൻഗണന നൽകുന്നത് ആ സമുദ്ദയത്തിന് അവിടെ കൂടുതൽ അവസരം ലഭിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. അതേസമയം ഈഴവരും മുസ്ലിംകളും ക്രൈസ്തവരും ജോലികൾ തേടി കൂട്ടത്തോടെ വിദേശത്തേക്ക് പോകാനിടയായത് ഇവിടെ അവർക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടിരുന്നതുകൊണ്ടാണെന്നത് വിസ്മരിച്ചു കൂടാ. തിരുവിതാംകൂറിൽ നിന്നുള്ള ഈഴവ പ്രവാസം രണ്ടാം ലോക മഹായുദ്ധത്തിനു മുമ്പെ ആരംഭിച്ചിരുന്നു. അവർ ആദ്യം പോയത് സിലോൺ, മലയാ, സിംഗപ്പൂർ എന്നീ ബ്രിട്ടീഷ് കോളനികളിലേക്കാണ്.

നായർ സംവരണം ആവശ്യപ്പെടുന്ന എൻ.എസ്.എസ്. പ്രമേയത്തോടുള്ള എസ്. എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം അത് ലോകാവസാനം വരെ നടക്കാൻ പോകുന്നില്ലെന്നായിരുന്നു. അപ്രകാശിതമായ ഒരു ചിന്ത കൂടി ആ വാക്കുകളിൽ അടങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു. അത് ഈഴവ സംവരണം ലോകാവസാനം വരെ തുടരണമെന്നതാണ്. സാമൂഹ്യനീതിയുടെ പേരിലാണ് രണ്ട് സമുദായ സംഘടനകളുടെ നേതാക്കളും സംസാരിക്കുന്നതെങ്കിലും സാമൂഹ്യനീതിയെക്കുറിച്ചുള്ള അവരുടെ സങ്കല്പങ്ങൾ വ്യത്യസ്തമാണ്. സർക്കാർ ജോലിയിലെ കുത്തക ഇല്ലാതായതിൽ എൻ.എസ്.എസ്. നീതിനിഷേധം കാണുന്നു. ദീർഘകാലം നിഷേധിക്കപ്പെട്ട നീതിക്കുവേണ്ടി പോരാട്ടം തുടങ്ങിയ യോഗത്തിന്റെ ഇപ്പോഴത്തെ നീതിസങ്കല്പത്തിൽ സ്ഥിരമായ ജാതി സംവരണമെന്ന ആശയം കടന്നുകൂടിയിട്ടുണ്ട്. തിരുവിതാംകൂറിൽ സർക്കാർ മേഖലയിലെ നായർ കുത്തകക്കെതിരെ ആദ്യമായി ശബ്ദം ഉയർത്തിയത് ഈഴവരാണ്. ഇക്കാരണത്താൽ ഈ രണ്ട് സമുദായങ്ങൾക്കുമിടയിൽ അനാരോഗ്യകരമായ മത്സരബുദ്ധി പലപ്പോഴും പ്രകടമായിട്ടുണ്ട്. തൊഴിൽ വിപണിയിൽ വൈകിയെത്തിയ മുസ്ലിംകളുടെയും ലത്തീൻ കത്തോലിക്കരുടെയും അവസ്ഥ ഈഴവരുടേതിനേക്കാൾ മോശമാണെന്ന് ജസ്റ്റിസ് നരേന്ദ്രൻ കമ്മിഷന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഹിന്ദു സമൂഹത്തിൽ ഈഴവരോളം അംഗബലമില്ലാത്ത നിരവധി പിന്നാക്കജാതിക്കാരുണ്ട്. അവരുടെ അവസ്ഥ കൂടുതൽ മോശമാണ്. എണ്ണം കുറവായതുകൊണ്ട് അവർക്ക് ഭരണകൂടത്തിന്റെമേൽ സമ്മർദ്ദം ചെലുത്താനുള്ള കഴിവും കുറവാണ്. നേരത്തേ പ്രയാണം ആരംഭിച്ചതുകൊണ്ട് അല്പം മുൻതൂക്കം ലഭിച്ച ഈഴവസമുദായത്തിന്റെ നേതൃത്വം കൂടുതൽ പിന്നാക്കം നിൽക്കുന്ന മറ്റ് വിഭാഗങ്ങളോട് വേണ്ടത്ര അനുഭാവം കാട്ടാറില്ല. സാമൂഹ്യനീതിയെക്കുറിച്ച് വാതോരാതെ സംസാരിക്കുമെങ്കിലും സ്വന്തം സമുദായത്തിന്റെ താല്പര്യം മാത്രമാണ് എല്ലാ സംഘടനകളും ലക്ഷ്യമിടുന്നത്.

സാമൂഹ്യനീതി യാഥാർത്ഥ്യമാവുകയാണെങ്കിൽ ഓരോ സമുദായത്തിനും സർക്കാർ സർവീസിൽ ഏറെക്കുറെ അതിന്റെ ജനസംഖ്യക്ക് ആനുപാതികമായ പ്രാതിനിധ്യം ലഭിക്കേണ്ടതാണ്. അത് ലഭിക്കുന്നുണ്ടോയെന്നറിയാൻ ഓരോ സമുദായത്തിന്റെയും ജനസംഖ്യ എത്രയാണെന്നും അവർക്ക് എന്ത് പ്രാതിനിധ്യമാണ് ഇപ്പോഴുള്ളതെന്നും അറിയണം. ഏഴു പതിറ്റാണ്ട് മുമ്പ് സർക്കാർ ജാതി തിരിച്ചുള്ള കണക്ക് എടുക്കുന്നത് മതിയാക്കിയതുകൊണ്ട് ഓരോ സമുദായത്തിന്റെയും ജനസംഖ്യ സംബന്ധിച്ച് ആധികാരികമായ വിവരം ലഭ്യമല്ല. ഈ സാഹചര്യം സാമുദായിക സംഘടനകൾക്ക് എണ്ണം പെരുപ്പിച്ചു കാണിക്കാൻ അവസരം നൽകുന്നു. 2001ലെ സെൻസസ് അനുസരിച്ച് കേരളത്തിൽ മുസ്ലിംകൾ ഏതാണ്ട് 25 ശതമാനമുണ്ട്. അവരാണ് ഇപ്പോൾ സംസ്ഥാനത്തെ ഏറ്റവും വലിയ സമുദായം. ക്രൈസ്തവർ 19 ശതമാനമാണ്. .ദലിതർ 10 ശതമാനവും ആദിവാസികൾ ഒരു ശതമാനവും എന്നാണ് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നത്. ബാക്കിയുള്ള 45 ശതമാനത്തിൽ ഈഴവരെത്ര, നായന്മാരെത്ര, മറ്റുള്ളവരെത്ര എന്ന് കൃത്യമായി നിർണ്ണയിക്കാൻ മാർഗ്ഗമില്ല. ഈഴവർ പന്നിയെപ്പോലെ പെറ്റുപെരുകുന്നതായി മന്നത്ത് പത്മനാഭൻ 1950കളിൽ നടത്തിയ പ്രസംഗങ്ങളിൽ പറഞ്ഞിരുന്നു. അതിനുശേഷം ഈഴവരുടെ ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞെങ്കിലും അവർ തന്നെയാകണം ഏറ്റവും വലിയ ഹിന്ദു ജാതി സമൂഹം. കേരള സർക്കാർ 1968ൽ നടത്തിയ സാമൂഹിക-സാമ്പത്തിക സർവ്വേയിൽ നായന്മാർ ജനസംഖയുടെ 14.41 ശതമാനമാണെന്ന് കണ്ടെത്തിയതായി ഒരു ഔദ്യോഗിക രേഖയിൽ കാണുന്നു. സർവ്വേ നടന്നിട്ട് നാലു പതിറ്റാണ്ട് കഴിഞ്ഞ സ്ഥിതിക്ക് ആ കണക്കിൽ ഇനിയും വിശ്വാസം അർപ്പിക്കാനാവില്ല. ശാസ്ത്ര സാഹിത്യ പരിഷത്ത് 2006ൽ പ്രസിദ്ധീകരിച്ച കേരള പഠന റിപ്പോർട്ട് അനുസരിച്ച് വ്യത്യസ്ത ജാതിമത വിഭാഗങ്ങളുടെ നില ഇപ്രകാരമാണ്: നായന്മാർ 12.88 ശതമാനം, മറ്റ് മുന്നോക്ക ജാതികൾ 1.77 ശതമാനം, ഈഴവർ 22.81 ശതമാനം, മറ്റ് (ഹിന്ദു) പിന്നാക്ക ജാതികൾ 8.48 ശതമാനം, പട്ടികജാതികൾ 9.07 ശതമാനം, പട്ടികവർഗ്ഗങ്ങൾ 1.06 ശതമാനം, മുസ്ലിംകൾ 26.88 ശതമാനം, ക്രൈസ്തവർ 18.33 ശതമാനം. (കൂട്ടുമ്പോൾ 100നു മുകളിൽ വരുന്നതിൽ നിന്ന് കണക്കിൽ ചില്ലറ പിശകുണ്ടെന്ന് വ്യക്തമാണ്.) കൃത്യമായ കണക്കുകളുടെ അഭാവത്തിൽ നായർ സമുദായം ക്ഷീണിച്ചിട്ടുണ്ടെന്നൊ ഇല്ലെന്നൊ പറയാൻ സി.പി.നായർ തയ്യാറല്ല. അതേ സമയം സമുദായത്തിന്റെ സാമ്പത്തിക അടിത്തറ തകർന്നുവെന്ന അഭിപ്രായം അദ്ദേഹത്തിനുണ്ട്. ഓരോ സമുദായവും എവിടെ നിൽക്കുന്നുവെന്ന് മനസ്സിലാക്കാൻ ജാതിയുടെ അടിസ്ഥാനത്തിലുള്ള കണക്കുകൾ ശേഖരിക്കണമെന്ന കാര്യത്തിൽ ഇപ്പോൾ എൻ.എസ്. എസ്സിനും എസ്.എൻ.ഡി.പി.യോഗത്തിനും വിവിധ മുസ്ലിം സംഘടനകൽക്കും ഒരേ അഭിപ്രായമാണുള്ളത്. ഇതിനെ ഒരു നല്ല തുടക്കമായി കാണാം. ഊഹാപോഹങ്ങളുടെ സ്ഥാനത്ത് ശരിയായ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള ചർച്ചകൾ ഉണ്ടാകട്ടെ.

സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഭരണഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ പെടുന്നു. ആ നിലയ്ക്ക് സാമൂഹികമായ അവശതകളുള്ളവർക്കെന്ന പോലെ സാമ്പത്തികവും രാഷ്ട്രീയവുമായ അവശതകളുള്ളവർക്കും നീതി നൽകാനുള്ള ചുമതല ഭരണകൂടത്തിനുണ്ട്. ഈ അവശതകളെയെല്ലാം ഒരേ തരത്തിലുള്ളവയായി ചുരുക്കാനുള്ള ശ്രമത്തിലാണ് അവരുടെ ദുഷ്ടലാക്ക് പ്രകടമാകുന്നത്. സാമൂഹികമായ അവശതകൾ ദീർഘകാലം ഉപഭൂഖണ്ഡത്തിൽ നിലനിന്ന സാമൂഹിക ബഹിഷ്കരണ പദ്ധതിയുടെ ഫലമായുണ്ടായവയാണ്. വിദ്യാഭാസനിഷേധം ആ പദ്ധതിയുടെ ഭാഗമായിരുന്നു. ആ നിലയ്ക്കാണ് സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ സവിശേഷ പരിഗണന അർഹിക്കുന്നത്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ഹിന്ദുക്കളെപ്പോലെ അത്തരത്തിലുള്ള അവശത അനുഭവിക്കുന്ന മുസ്ലിംകൾക്കും ക്രൈസ്തവർക്കും സംവരണത്തിനുള്ള അർഹതയുണ്ട്. അത് നിഷേധിക്കുന്നത് മതപരമായ വിവേചനമാവും. ഭരണഘടന അത് അനുവദിക്കുന്നില്ല. അതുപോലെ തന്നെ സാമ്പത്തികമായ പിന്നാക്കാവസ്ഥക്ക് പരിഹാരം കാണാൻ നടപടികളെടുക്കുമ്പോഴും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വിവേചനം പാടില്ല. കാരണം അത് ഭരണഘടനാവിരുദ്ധമാണ്. സാമൂഹിക പിന്നാക്കവസ്ഥക്കെന്ന പോലെ സാമ്പത്തിക പിന്നാക്കാവസ്ഥക്കും ഉചിതമായ പരിഹാരമാർഗ്ഗം സംവരണമാണെന്ന നിഗമനത്തിലാണ് ഭരണകൂടം എത്തുന്നതെങ്കിൽ അതിനായി ജാതിമത പരിഗണന കൂടാതെ നടപടികൾ സ്വീകരിക്കണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സർക്കാർ പത്ത് ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തുകയാണെങ്കിൽ അതിന്റെ ഗുണം മുന്നോക്ക പിന്നാക്ക വ്യത്യാസം കൂടാതെ എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാകണം.

നായർ സമുദായത്തിന് രാഷ്ട്രീയനീതി നിഷേധിക്കപ്പെടുന്നുണ്ടോ? ലോക് സഭാ, അസംബ്ലി തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ചപ്പോൾ കോൺഗ്രസ് വിവേചനം കാട്ടിയെന്ന എൻ.എസ്.എസ്. അദ്ധ്യക്ഷൻ പി.വി. നീലകണ്ഠപ്പിള്ളയുടെ കുറ്റപ്പെടുത്തൽ സമുദായ നേതൃത്വത്തിന്റെ പരാതിയുടെ അടിസ്ഥാനകാരണം സാമൂഹികമൊ വിദ്യാഭ്യാസപരമൊ അല്ല രാഷ്ട്രീയപരമാണെന്ന സൂചനയാണ് നൽകുന്നത്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിനുശേഷമുണ്ടായ കേന്ദ്ര മന്ത്രിസഭാ പുന:സംഘടന എൻ. എസ്.എസ്സിനെ ചൊടിപ്പിച്ചിരുന്നു. എൻ.എസ്.എസ്സിനോട് അടുപ്പം പുലർത്തുന്ന കേരള നായന്മാരെ തഴഞ്ഞുകൊണ്ട് ഡൽഹി നായരായ ശശി തരൂരിനെ സഹമന്ത്രിയാക്കിയതിലുള്ള നീരസം സംഘടന പരസ്യമായി പ്രകടിപ്പിച്ചിരുന്നു. മറ്റ് സമുദായങ്ങളിൽ പെട്ട രണ്ട് നേതാക്കൾക്ക് ക്യാബിനറ്റ് പദവി ലഭിച്ചത് എൻ.എസ്.എസിന്റെ നീരസം വർദ്ധിപ്പിച്ചെന്ന് തോന്നുന്നു. സാമുദായിക നേതാക്കളെ സന്ദർശിച്ച് ആശീർവാദം തേടുന്ന കീഴ്വഴക്കം പാലിക്കാൻ സന്നദ്ധനായ തരൂരിന് വെള്ളാപ്പള്ളി നടേശനെ മുഖം കാണിക്കാൻ കഴിഞ്ഞു. എന്നാൽ എൻ.എസ്.എസ്. ആസ്ഥാനമായ പെരുന്നയിൽ പ്രവേശിക്കാൻ അദ്ദേഹത്തിന് ഇനിയും അനുവാദം കിട്ടിയിട്ടില്ല. ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് എം.എൽ.എ.മാരുടെ സീറ്റുകളിലേക്കുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥിനിർണ്ണയം എൻ.എസ്. എസിനെ കൂടുതൽ ചൊടുപ്പിച്ചു. കെ. സി. വേണുഗോപാൽ പ്രതിനിധാനം ചെയ്തിരുന്ന ആലപ്പുഴയിൽ എ.എ.ഷുക്കൂറിനെ സ്ഥാനാർത്ഥിയാക്കിയതിൽ എൻ.എസ്.എസ്. നായർവിരുദ്ധത കണ്ടു. ഷുക്കൂറിനെതിരെ അത് എൽ.ഡി.എഫ്. (സി.പി.ഐ.) സ്ഥാനാർത്ഥി ജി. കൃഷ്ണദാസിനെ പിന്തുണച്ചു. കൃഷണദാസിനെ ജയിപ്പിക്കാൻ അതിനായില്ല. പക്ഷെ യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറയ്ക്കാൻ അതിന് കഴിഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റ് രണ്ടിടങ്ങളിലും യു.ഡി.എഫിന്റെ ഭൂരിപക്ഷത്തിൽ ഗണ്യമായ വർദ്ധന ഉണ്ടായപ്പോഴാണ് ആലപ്പുഴയിൽ മറിച്ച് സംഭവിച്ചത്.

എൻ.എസ്.എസിന്റെ പ്രമേയം പ്രധാനമായും ക്രൈസ്തവ നായർ സമുദായങ്ങളുടെ പിൻബലത്തിൽ നിലനിൽക്കുന്ന കോൺഗ്രസ് പാർട്ടിയുടെ പ്രാദേശിക നേതാക്കളെ പരിഭ്രാന്തരാക്കി. പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടിയും പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും എൻ.എസ്.എസ്. നേതാക്കളെ അനുനയിപ്പിക്കാൻ പെരുന്നയിൽ ഓടിയെത്തി. സമീപകാല പ്രവണതകളുടെ അടിസ്ഥാനത്തിൽ അടുത്തത് യു.ഡി.എഫിന്റെ ഊഴമാണെങ്കിലും ആലപ്പുഴയിലെ അനുഭവത്തിന്റെ വെളിച്ചത്തിൽ എൻ.എസ്.എസ്. ഇടഞ്ഞാൽ 2011ൽ അധികാരത്തിൽ തിരിച്ചെത്താമെന്ന പ്രതീക്ഷ തെറ്റുമോയെന്ന ഭയം കോൺഗ്രസ്സിനുണ്ട്. ഈയിടെ ഒരു ആനുകാലിക പ്രസിദ്ധീകരണത്തിൽ കണ്ട കണക്കുകൾ അനുസരിച്ച് കേരളത്തിൽ നിന്ന് ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 20 പേരിൽ ഏഴു പേർ നായന്മാരാണ്. അതായത് ജനസംഖ്യയുടെ 12ഒ 14ഒ ശതമാനം മാത്രം വരുന്ന സമുദായത്തിന് ലോക് സഭയിൽ 35 ശതമാനം പ്രാതിനിധ്യമുണ്ട്. കൂടുതൽ സംഖ്യാബലമുള്ള മുസ്ലിം ഈഴവ സമുദായങ്ങൾക്ക് മൂന്ന് അംഗങ്ങൾ വീതമേയുള്ളു. ഇതെല്ലാം ചേർത്തു വായിക്കുമ്പോൾ കുഞ്ചൻ നമ്പ്യാർ വരച്ചു കാട്ടിയ കഞ്ഞിക്ക് അരിയിടാത്തൽ കോപിച്ച നായർ യോദ്ധാവിന്റെ ചിത്രമാണ് മനസ്സിൽ തെളിയുന്നത്.

മാധ്യമം ആഴ്പ്പതിപ്പ് 2010 ഫെബ്രുവരി 22ലെ ലക്കത്തിൽ “നായർക്ക് ഇനിയും വേണോ നീതി“ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മൂലരൂപമാണിത്

Tuesday, February 16, 2010

മാധ്യമങ്ങൾ മുന്നോ‍ട്ട്, മാധ്യമപ്രവർത്തകർ പിന്നോട്ട്

ബി. ആർ. പി. ഭാസ്കർ

ഒരു പുരസ്കാരസമ്മാനച്ചടങ്ങിൽ സംസാരിക്കവെ, “ഈ പത്രങ്ങൾ എന്തിന് കൊള്ളാം?“ എന്ന് പി. ഗോവിന്ദപ്പിള്ള ചോദിച്ചതായി മാധ്യമങ്ങൾ ഈയിടെ റിപ്പോർട്ട് ചെയ്യുകയുണ്ടായി. “തൂക്കിവിൽക്കാൻ കൊള്ളാം” എന്ന് അദ്ദേഹം മറുപടിയും നൽകി. മാധ്യമരംഗത്തെ പുതിയ പ്രവണതകക്കാണ് ആ പഴകാല ‌പത്രാധിപരെ രോഷാകുലനാക്കിയത്. പത്രങ്ങൾ കുറേക്കാലമായി അകത്തിനു പുറത്തുനിന്നും വിമർശനം ഏറ്റുവാങ്ങുന്നുണ്ട്. ഏതാണ്ട് പത്ത് കൊല്ലം മുമ്പാണ് സത്യമറിയാൻ നാല് പത്രങ്ങളെങ്കിലും വായിക്കണെമെന്ന് ടി.എൻ.ജയചന്ദ്രൻ അഭിപ്രായപ്പെട്ടത്. ഇവിടെ ഒരു മാധ്യമ സിണ്ടിക്കേറ്റ് പ്രവർത്തിക്കുന്നതായി സി.പി.എം. സെക്രട്ടറി പിണറായി വിജയൻ ഈയിടെ ആരോപിക്കുകയുണ്ടായി. ചില വിമർശനങ്ങൾ വ്യക്തമായും സ്വാർത്ഥതാല്പര്യങ്ങൾ മുൻ‌നിർത്തിയുള്ളവയാണ്. എന്നാൽ പൊതുതാല്പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള വിമർശനങ്ങളും കുറവല്ല. ഈ വിമർശനങ്ങളെ മാധ്യമ ഉടമകൾ ഗൌരവപൂർവ്വം പരിഗണിക്കാറില്ല. മാധ്യമ ഉടമകൾ തങ്ങളെത്തന്നെ പത്രാധിപന്മാരായി നിയമിക്കുന്ന പതിവുള്ളതു കൊണ്ടാണ് പത്രാധിപന്മാർ എന്ന് പറയാതെ ഉടമകൾ എന്ന് പറഞ്ഞത്.

നമ്മുടെ വലിയ പത്രങ്ങളും ചാനലുകളും ഇപ്പോഴും വളർന്നുകൊണ്ടിരിക്കുകയാണ്. പത്രങ്ങളുടെ വില്പന സംബന്ധിച്ച കണക്കുകൾ സാക്ഷ്യപ്പെടുത്തുന്ന ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷന്റെ റിപ്പോർട്ട് വന്നാലുടൻ പത്രങ്ങൾ അവയുടെ പ്രചാരത്തിൽ എന്ത് വർദ്ധനവുണ്ടായെന്ന് വായനക്കാരെ അറിയിക്കുന്നു. നാഷനൽ റീഡർഷിപ്പ് സർവ്വേ റിപ്പോർട്ട് പുറത്തു വരുമ്പോൾ എത്ര വായനക്കാർ കൂടിയെന്നും. പ്രചാരവും വരുമാനവും വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ അവർ എന്തിന് വിമർശനങ്ങൾക്ക് ചെവികൊടുക്കണം? കേരളത്തിലെ 67 ലക്ഷം കുടുംബങ്ങളിൽ പകുതിയിൽ പോലും പത്രങ്ങൾ എത്തുന്നില്ല. അതായത് പ്രചാരം ഇരട്ടിയിലധികമാക്കാനുള്ള സാധ്യത ഇപ്പോഴും അവശേഷിക്കുന്നു. കേബിളൊ ഡിഷൊ ഇല്ലാത്ത വീടുകളും നിരവധിയാണ്. അതായത് ചാനലുകൾക്കും ഇനിയും വളരാനാകും. സ്വാഭാവികമായും ഇത്രകാലവും വളരാൻ സഹായിച്ച മാർഗ്ഗങ്ങൽ തന്നെ അവർ പിന്തുടരുന്നു. അതുണ്ടാക്കുന്ന ദൂരവ്യാപകമായ ദോഷഫലങ്ങളെക്കുറിച്ച് മാധ്യമങ്ങൾക്ക് വേണ്ടത്ര അറിവില്ല. അല്ലെങ്കിൽ അവ അത് അവഗണിക്കുന്നു.

മലയാള മാധ്യമലോകത്തെ പ്രവണതകളെ ലോകരംഗത്തെ മാറ്റങ്ങളിൽ നിന്ന് വേർപെടുത്താനാവില്ല. യൂറോപ്യൻ പത്രപ്രവർത്തനത്തിന്റെ ചുവടു പിടിച്ചാണ് ഇന്ത്യയിൽ പത്രപ്രവർത്തനം വളർന്നത്. ഇംഗ്ലീഷുകാർ തന്നെയാണ് ആദ്യ ഇംഗ്ലീഷ് പത്രങ്ങൾ തുടങ്ങിയത്. മലയാളത്തിൽ പത്രപ്രവർത്തനത്തിന് തുടക്കം കുറിച്ച മിഷനറിമാർ മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. പത്രങ്ങളുടെ സാധ്യതകൾ മനസ്സിലാക്കി രംഗത്തുവന്ന ദേശവാസികൾ യൂറോപ്യന്മാർ വെട്ടിയ പാത പിന്തുടർന്നു. രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങളുടെ ശക്തി ക്ഷയിച്ചപ്പോൾ പുതിയ വൻ‌ശക്തിയായ അമേരിക്ക ആഗോള മാധ്യമ നേതൃത്വം ഏറ്റെടുക്കാൻ മുന്നോട്ടുവന്നു. യുദ്ധം അവസാനിക്കുന്നതിനു അല്പം മുമ്പ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് (വിദേശ വകുപ്പ്) ആവശ്യപ്പെട്ടതനുസരിച്ച് വാർ ഡിപ്പാർട്ട്‌മെന്റ് (യുദ്ധ വകുപ്പ്) ഒരു മാധ്യമപ്പടയെ വിദേശത്തേക്കയക്കാനായി പട്ടാള വിമാനം വിട്ടുകൊടുത്തു. അതിൽ ന്യൂ യോർക്ക് ടൈംസ് പോലുള്ള വൻ‌കിട പത്രങ്ങൾ, ടൈം മാഗസിൻ പോലുള്ള വാർത്താമാസികകൾ, അസോഷിയേറ്റഡ് പ്രസ് (എ.പി) വാർത്താ ഏജൻസി എന്നിവയുടെ പ്രതിനിധികൾക്കു പുറമെ ഹോളിവുഡ്ഡിൽ നിന്നുള്ള ചലച്ചിത്ര നിർമ്മാതാക്കളും പുതിയ വിപണിയുണ്ടാക്കാൻ വിവിധ രാജ്യങ്ങൾ സന്ദർശിച്ചു. തുടർന്ന് സി.ഐ.എ.യുടെ പ്രചോദനത്തിൽ ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.പി.ഐ.) രൂപീകരിക്കപ്പെട്ടു. ആസ്ഥാനം പുറത്തായിരുന്നെങ്കിലും അതിന്റെ നിയന്ത്രണം അമേരിക്കൻ കൈകളിലായിരുന്നു. പിന്നീട് ഐ.പി.ഐ. തദ്ദേശീയ മാധ്യമങ്ങളെ മുന്നിൽ നിർത്തി മനിലയിൽ പ്രസ് ഫൌണ്ടേഷൻ ഓഫ് ഏഷ്യയും ന്യൂഡൽഹിയിൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡ്യയും സ്ഥാപിച്ചു. ഇവയുടെ ആഭിമുഖ്യത്തിൽ 1950കൾ മുതൽ സംഘടിപ്പിക്കപ്പെട്ട പരിശീലന പരിപാടികൾക്ക് നേതൃത്വം കൊടുത്ത വിദഗ്ദ്ധന്മാരൊക്കെയും ജനപ്രിയ പത്രങ്ങളിൽ (popular press) നിന്നുള്ളവരായിരുന്നു. ഗുണമേന്മയുള്ള പത്രങ്ങളിൽ (quality press) നിന്ന് ആരും ഉണ്ടായിരുന്നില്ല.

വായനക്കാരെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനുമുതകുന്ന നിർദ്ദേശങ്ങൾ ജനപ്രിയ പത്രപ്രവർത്തനത്തിന്റെ വക്താക്കൾ നൽകി. വായനക്കാർക്ക് കൂടുതൽ താല്പര്യം ചുറ്റും നടക്കുന്ന സംഭവങ്ങളിലാണ്. അതുകൊണ്ട് പത്രങ്ങൾ കൂടുതൽ പ്രാദേശികമാകണം. അവർ വ്യക്തികളെക്കുറിച്ച്, പ്രത്യേകിച്ച് പ്രശസ്തരെക്കുറിച്ച്, വായിക്കാൻ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് വി.ഐ.പി.കളെക്കുറിച്ച് എഴുതണം. അവർ രസകരമായ വായന ആഗ്രഹിക്കുന്നു. വാർത്തകൾ അവരെ സുഖിപ്പിക്കണം. ശിഷ്യർ യുക്തിസഹമായ ഈ ഉപദേശങ്ങൾ ആവേശത്തോടെ പ്രാവർത്തികമാക്കിയപ്പോൾ വിജ്ഞാനം വിനോദത്തിന് വഴിമാറി. വാർത്തയിൽ നിന്ന് വസ്തുതകൾ ചോർന്നു പോയി. ഭാവനാസമ്പന്നനായ ഒരു ലേഖകൻ യുദ്ധകാലത്ത് ഉപജീവനത്തിനായി പട്ടാളത്തിൽ ചേർന്ന മലപ്പുറത്തെ മൊയ്തുവിനെ ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടം കാക്കാൻ പോരാടിയ ധീരയോദ്ധാവാക്കി. അദ്ദേഹം ജോർജ് ആറാമനെ പുറത്താക്കിയ ശേഷം എലിസബത്ത് രാജ്ഞിയെ മുൻ‌കാലപ്രാബല്യത്തൊടെ മഹായുദ്ധകാലത്തെ രാജ്ഞിയാക്കുകയാണ് ഹം ചെയ്തത്. യുദ്ധം അവസാനിച്ച ശേഷം അലഹബാദിൽ നെഹ്രു കുടുംബത്തിന്റെ ഡ്രൈവറായ മൊയ്തുവിന്റെ ജോലി ഇന്ദിരയെ സ്കൂളിൽ കൊണ്ടുപോവുകയായിരുന്നെന്നും അദ്ദേഹം എഴുതി. യുദ്ധം തീരുമ്പോൾ ഇന്ദിര ഫിറോസ് ഗാന്ധിയുടെ ഭാര്യയും രാജീവിന്റെ അമ്മയുമായിരുന്നു. ലേഖകൻ അവരെ യൂണിഫോം അണിയിച്ച് മൊയ്തുവിന്റെ കാറിൽ സ്കൂളിലയച്ചു. ഇന്ന് പല പത്രങ്ങളും ട്രെയ്നീസിനായി പരസ്യം ചെയ്യുമ്പോൾ ആവശ്യപ്പെടുന്നത് ഭാവനാപൂർണ്ണമായ എന്തെങ്കിലും എഴുതി അയക്കാനാണ്. വസ്തുതകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് അപേക്ഷകർക്കുണ്ടോ എന്നറിയാൻ അവർക്ക് താല്പര്യമില്ല.

പുതിയ മാധ്യമശൈലി സംഭവത്തെ ഉത്സവമാക്കുന്നു. ആറ്റുകാൽ പൊങ്കാലയും സ്കൂൾ കലോത്സവവും റോഡ് അപകടവുമെല്ലാം ആഘോഷങ്ങളായി മാറുന്നു. ലക്ഷ്യം വിവരം നൽകുകയല്ല, വായനക്കാരെ പ്രകമ്പനം കൊള്ളിക്കുകയാണ്. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് കെട്ടിടം തകർന്ന് ഒരാൾ മരിക്കുകയും ഏതാനും പേർ അവശിഷ്ടങ്ങളിൽ കുടുങ്ങുകയും ചെയ്തപ്പോൾ (മരണസംഖ്യ പിന്നീട് ഉയർന്നു) പ്രമുഖ പത്രങ്ങൾ പല പേജുകളിലായി ചിതറിക്കിടന്ന ഒരു ഡസനോളം റിപ്പോർട്ടുകളിലൂടെയാണ് ആ കഥ പറഞ്ഞത്. ഡി.ജി.പി. സ്തബ്ദനായി; ജീവന്റെ മിടിപ്പിനായി കാതോർത്ത്; നടുക്കം മാറാതെ ഉണ്ണി; തലസ്ഥാനം ഞെട്ടിയപ്പോൾ; അവശിഷ്ടത്തിനിടയിൽ കൂടപ്പിറപ്പ്; ഹൃദയവേദനയോടെ അസം തൊഴിലാളി; ശിശുപാലന് ജീവൻ കിട്ടി, ചലനശേഷി പോയി – അങ്ങനെ പോയി ഒരു പത്രത്തിലെ തലക്കെട്ടുകൾ. മറ്റൊന്നിൽ ‘ദുരന്തം‘ പത്ത് തലക്കെട്ടുകളിൽ ആവർത്തിക്കപ്പെട്ടു. പത്രങ്ങൾ നിയോഗിച്ച ലേഖകർ വായനക്കാരുടെ കരളിലേക്ക് പതാളക്കരണ്ടി എറിഞ്ഞ് കുത്തി വലിച്ച് രസിച്ചു. അമിത വൈകാരികത നിറഞ്ഞ റിപ്പോർട്ടുകഫുടെ ആധിക്യം സൂക്ഷസംവേദനശേഷി ഇല്ലാതാക്കുന്നുവെന്ന് അവർ മനസ്സിലാക്കുന്നില്ല. അഴിമതിക്കഥകൾ പുറത്തുകൊണ്ടു വരുന്ന മാധ്യമപ്രവർത്തകരെ സർക്കാർ പുരസ്കാരം നൽകി ആദരിക്കുന്നു. പക്ഷെ അഴിമതിക്കാർക്കെതിരെ നടപടിയുണ്ടാകുന്നില്ല. നമ്മുടെ പത്രഭീമന്മാർക്ക് അവർ ചെറുതായിരുന്ന കാലത്തുണ്ടായിരുന്നത്ര സ്വാധീനം ഇന്നില്ല. ഇത് പത്രവുടമകളെ അലോസരപ്പെടുത്തുന്നേയില്ല. കാരണം ഇപ്പോൾ കൂടുതൽ ലാഭം കിട്ടുന്നുണ്ട്.

ദേശാഭിമാനിയെക്കൂടി ഉൾപ്പെടുത്തിയാണ് പി. ഗോവിന്ദപ്പിള്ള വിമർശനം ഉന്നയിച്ചത്. പാർട്ടിയുടെ പ്രചരണോപകരണമെന്ന കൂനിന്റെ മേൽ മുഖ്യധാരാ മാധ്യമശൈലിയുടെ അപചയമാകുന്ന കുരുവും അതിന് വഹിക്കേണ്ടിവരുന്നു. സാന്റിയാഗോ മാർട്ടിന് ആ പതത്തിൽ ഉള്ളത്ര താല്പര്യം സി.പി.എം. അണികൾക്കില്ല. ബഹുജന സംഘടനകൾ ക്വോട്ട തികക്കാൻ കാലാകാലങ്ങളിൽ ചേർക്കുന്ന വരിക്കാർ പത്രവുമായുള്ള ബന്ധം സ്വയമേവ പുതുക്കാറില്ല. അതുകൊണ്ട് പത്രം ഇപ്പോൾ പാർട്ടി നിയന്ത്രണത്തിലുള്ള പഞ്ചായത്തുകളെയും സഹകരണ സംഘങ്ങളെയും കൂടുതലായി ആശ്രയിക്കുന്നു.

കേരളത്തെ ഉപഭോഗ സംസ്ഥാനമാക്കി മാറ്റിയതിൽ പത്രങ്ങൾക്ക് വലിയ പങ്കുണ്ട്. വിഭാഗീയ അടിത്തറകളിലാണ് മലയാള പത്രങ്ങൾ കെട്ടിപ്പൊക്കപ്പെട്ടതെങ്കിലും ഒന്നര നൂറ്റാണ്ടു കാലത്തെ പ്രവർത്തനത്തിനിടയിൽ അവ വിശാലമായ കാഴ്ചപ്പാട് സ്വീകരിക്കുകയും പൊതുസമൂഹതാല്പര്യങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന ഒരു മൂല്യവ്യവസ്ഥ വികസിപ്പിക്കുകയും ചെയ്തിരുന്നു. ജനപ്രിയ ശൈലി ഈ മൂല്യവ്യവസ്ഥയെ അട്ടി മറിച്ചു. അത് പത്രങ്ങളെ മുന്നോട്ടുകുതിക്കാൻ സഹായിച്ചെങ്കിലും പത്രപ്രവർത്തനം പിന്നോട്ടുപോയി. ടെലിവിഷന്റെ വരവ് ഉപഭോഗ സംസ്കാരത്തെ കൂടുതൽ ശക്തിപ്പെടുത്തി. രണ്ട് പതിറ്റാണ്ടിന്റെ ചരിത്രം മാത്രമുള്ള ചാനലുകൾ കൂടുതൽ ആക്രാന്തത്തോടെ പുതിയ ശൈലി സ്വീകരിച്ചു. വാർത്താ ചാനലുകൾ നമ്മുടെ പരിമിതികൾ കണക്കിലെടുക്കാതെ തുടങ്ങിവെച്ച ഒരു മണിക്കൂർ ചർച്ച പ്രശ്നങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നതിനു പകരം ദുർഗ്രഹമാക്കുന്നും. അവ മുന്നാർ കയ്യേറ്റങ്ങളെപ്പോലെ സംസ്ഥാനത്തിന്റെ നിലനിൽ‌പ്പിനെ അപകടപ്പെടുത്തുന്ന വിഷയങ്ങളെ ഞൊടിയിടയിൽ എൽ.ഡി.എഫ്-യു.ഡി.എഫ് പ്രശ്നങ്ങളൊ വി.എസ്-പിണറായി പ്രശ്നങ്ങളൊ ആക്കി മാറ്റുന്നു. ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തോൽക്കുന്നതൊ ഒരു സിനിമ പരാജയപ്പെടുന്നതോ വൻ‌വീഴ്ചയാകുന്നു. അടുത്ത തെരഞ്ഞെടുപ്പോടെ അല്ലെങ്കിൽ അടുത്ത സിനിമയോടെ തിരിച്ചുവരവാകുന്നു.

വിജയത്തിന്റെ ഏക മാനദണ്ഡം ലാഭമായപ്പോൾ മാനേജർ മാധ്യമപ്രവർത്തകരന് മുകളിലായി. പരസ്യദാതാക്കൾ വായനക്കാറ്റ്ക്കും പ്രേക്ഷകർക്കും മുകളിലും. അവർ വിചാരിച്ചാൽ പത്രത്തിന്റെ മുൻപേജിൽനിന്ന് വാർത്ത പൂർണ്ണമായും പിന്തള്ളാനാകും.. വാർത്ത നൽകാൻ കാശ് കൊടുക്കേണ്ട അവസ്ഥ കേരളത്തിലില്ലെന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ഒരു സെമിനാറിൽ ആരോ പറഞ്ഞതായി വായിച്ചു. പരസ്യം കൊടുക്കുന്ന വാണിജ്യ സ്ഥാപനങ്ങൾ ശാഖകൾ തുറക്കുന്നതും പ്രചാരണ പരിപാടികൾ നടത്തുന്നതും വാർത്തയാക്കുന്നതിനെ ‘പെയ്ഡ് ന്യൂസി’ന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാനാകുമോ? പത്രങ്ങൾ വസ്തുതകളും അഭിപ്രായങ്ങളും കൂട്ടിക്കുഴയ്ക്കുന്നു. ചാനലുകൾ വാർത്താ ബുള്ളറ്റിനിൽ മുഖപ്രസംഗം തിരുകി കയറ്റുന്നു.

മാധ്യമശൈലിയിലുണ്ടായ മാറ്റത്തെ ആഗോളീകരണവും ഉദാരീകരണവുമായി ചില വിമർശകർ ബന്ധിപ്പിക്കാറുണ്ട്. എന്നാൽ ഈ പ്രക്രിയകൾ തുടങ്ങുന്നതിനു മുമ്പുതന്നെ മാധ്യമങ്ങൾ മാറിത്തുടങ്ങിയിരുന്നു. ഇന്ത്യയിലെ ഭാഷാപത്രങ്ങളുടെ വളർച്ച പഠിച്ച റോബിൻ ജെഫ്രി അതിന് മുതലാളിത്തത്തിന്റെ വികസനവുമായി ബന്ധമുള്ളതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നമ്മുടെ വലിയ പത്രങ്ങൾ നടത്തുന്നത് കമ്പനികളാണെങ്കിലും കുടുംബങ്ങളുടെ നിയന്ത്രണത്തിലുള്ളവയാണ്. മുതലാളിത്തത്തോടൊപ്പം അവശിഷ ഫ്യൂഡലിസത്തിന്റെ അംശങ്ങളും അവയുടെ ഘടനയിൽ അടങ്ങിയിട്ടുണ്ട്. മൂലധന താല്പര്യങ്ങൾ പോലെ തന്നെ ജാതിമത താല്പര്യങ്ങൾ പരിരക്ഷിക്കാനും അവ ശ്രമിക്കുന്നു. ഇടതു-വലതു വ്യത്യാസം കൂടാതെ രാഷ്ട്രീയ കേരളം ഭൂമാഫിയാപ്രേമം, ദലിത് വിരുദ്ധത തുടങ്ങിയ ഇനങ്ങൾ അടങ്ങിയ ഒരു പൊതു അജണ്ട സ്വീകരിച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെ മൂന്ന് മേഖലകൾക്കൊപ്പം അധികാരം പങ്കിടുന്ന ‘ഫോർത്ത് എസ്റ്റേറ്റ്‘ എന്ന നിലയിൽ അത് മാധ്യമങ്ങളുടെയും അജണ്ടയാണ്. ഇടുങ്ങിയ അടിത്തറയുള്ള ഏതാനും പത്രങ്ങൾ മാത്രമാണ് ഈ അജണ്ട പങ്കിടാതെ പല വിഷയങ്ങളിലും ബഹുജനതാല്പര്യം ഉയർത്തിക്കാട്ടുന്നത്.

പതിറ്റാണ്ടുകൾക്കു മുമ്പ് നമ്മെ പുതിയ ശൈലി പഠിപ്പിച്ച വിദേശ വിദഗ്ദ്ധന്മാരുടെ പത്രങ്ങളെല്ലാം തകർന്നിരിക്കുന്നു. പലതും അടച്ചുപൂട്ടിക്കഴിഞ്ഞു. മറ്റ് പലതും ഊർദ്ധശ്വാസം വലിക്കുകയാണ്. ടെലിവിഷൻ ചാനലുകളുടെ നില അത്രത്തോളം മോശമല്ല. പക്ഷെ ഇപ്പോൾ ടെലിവിഷൻ സെറ്റുകളുടെ മുന്നിലിരിക്കുന്നവരിൽ ഏറെയും വൃദ്ധരും മദ്ധ്യവയസ്കരുമാണെന്ന് പഠനങ്ങൾ കാണിക്കുന്നു. ഇന്റർനെറ്റ് എന്ന ഏറ്റവും പുതിയ മാധ്യമമാണ് പത്രങ്ങളെ കൊല്ലുന്നതും ടെലിവിഷനെ ദുർബലപ്പെടുത്തുന്നതുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ ജനങ്ങളിൽ നിന്ന് അകന്നതുകൊണ്ടാണ് അച്ചടിമാധ്യമങ്ങൾക്കും ദൃശ്യമാധ്യമങ്ങൾക്കും ഇന്നത്തെ ദുർഗതി ഉണ്ടായതെന്ന് വിഷയം ആഴത്തിൽ പഠിച്ചവർ ചൂണ്ടിക്കാണിക്കുന്നു. ടെക്സാസ് സർവകലാശാലയിൽ ജേർണലിസം പ്രൊഫസറായ റോബർട്ട് ജെൻസൺ പറയുന്നു: “മാധ്യമ വ്യവസായം തകർച്ചയെ നേരിടുകയും പരിഹാരങ്ങൾക്കുവേണ്ടി പണിപ്പെടുകയും ചെയ്യുന്ന ഒരു കാലത്ത് പഴയവരും പുതിയവരുമായ സ്വതന്ത്ര പ്രവർത്തകരുടെ പാരമ്പര്യത്തെ സ്വാംശീകരിച്ച, ഭൂമിക്കും മനുഷ്യർക്കും വേണ്ടിയുള്ള ഒരു മാധ്യമപ്രവർത്തന സംസ്കാരത്തിന് വലിയ പ്രസക്തിയുണ്ട്.” അമേരിക്കയിൽ വൈകി ഉദിച്ച വിവേകമാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രതിഫലിക്കുന്നത്. നമുക്ക് മാർഗ്ഗദർശികളായി വന്നവരുടെ അനുഭവത്തിൽനിന്ന് ഉചിതമായ പാഠം ഉൾക്കൊള്ളാനായില്ലെങ്കിൽ അത് ഇവിടെയും ആവർത്തിക്കപ്പെടുക തന്നെ ചെയ്യും (ജനശക്തി, ഫെബ്രുവരി 13-19, 2010)

Sunday, February 14, 2010

'ഡേറ്റ്‌ലൈൻ: ചരിത്രത്തെ ചിറകിലേറ്റിയവർ'

തിരുവനന്തപുരം ദൂർദർശനിൽ ന്യൂസ് എഡിറ്ററായ കെ.എ.ബീന, നൊസ്റ്റാൾജിയ മാസികയുടെ മാനേജിങ് എഡിറ്ററും ടി.വി. അവതാരകയുമായ ഗീതാ ബക്ഷി എന്നിവർ രചിച്ച “ഡേറ്റ്‌ലൈൻ: ചരിത്രത്തെ ചിറകിലേറ്റിയവർ” എന്ന പുസ്തകം ഇന്ന് പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ വെച്ച് കേന്ദ്ര സഹമന്ത്രി ശശി തരൂർ പ്രസ് അക്കാദമി ചെയർമാൻ എസ്.ആർ. ശക്തിധരന് ആദ്യ കോപ്പി നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

അൻപതുകളിൽ തിരുവനന്തപുരത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘മാതൃക’ എന്ന മാസികയുടെ പത്രാധിപരായിരുന്ന എം. കരുണാകരൻ നായരുടെ മകളാണ് ബീന. പത്രം നടത്തിയ കടം വീട്ടാൻ കുടുംബസ്വത്ത് വിറ്റ് നാടു വിട്ട് മർച്ചന്റ് നേവിയിൽ ചേരേണ്ടി വന്നെങ്കിലും കരുണാകരൻ നായർ മകളുടെ മനസ്സിൽ പത്രപ്രവർത്തനത്തോടുള്ള തൃഷ്ണ വളർത്തി.

എം.ബി.ബി.എസ്. ബിരുദം നേടി മെച്ചപ്പെട്ട രീതിയിൽ പ്രാക്ടീസ് ചെയ്തിരുന്ന കാലത്തുതന്നെ അതുപേക്ഷിച്ച് പത്രപ്രവർത്തനത്തിലേക്ക് ഇറങ്ങിത്തിരിച്ച ഡോ. എം.എസ്. ബക്ഷിയുടെ മകൾ ഗീതക്കും മറ്റൊരു വഴി തെരഞ്ഞെടുക്കാനുണ്ടായിരുന്നില്ല. മറാത്തിയായ അച്ഛൻ മുംബായിൽ പത്രപ്രവർത്തനം നടത്തിയപ്പോൾ മകൾ അമ്മയുടെ ഭാഷയായ മലയാളത്തിലേക്ക് തിരിഞ്ഞു.

ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ഈ പുസ്തകമെന്ന് ആമുഖത്തിൽ ബീനയും ഗീതയും പറയുന്നു. “പത്രപ്രവർത്തനം ലഹരിയായി സിരകളിൽ പടർന്നുപിടിച്ച പാരമ്പര്യത്തിന്റെ ബാക്കിപത്രം“. പലപല ഇടങ്ങളിൽ പലപല ജീവിതാവസ്ഥകളിൽ കഴിയുന്ന മുതിർന്ന പത്രപ്രവർത്തകരുടെ അനുഭവസമ്പത്ത് രേഖപ്പെടുത്തുന്ന ചുമതലയാണ് അവർ ഏറ്റെടുത്ത് നടത്തിയത്.

കുറെ മലയാളി പത്രപ്രവർത്തകരുടെ ഓർമ്മകൾ പകർത്തി സമാഹരിച്ചിട്ടുള്ള ഈ ഗ്രന്ഥം ഗുരുസ്ഥാനീയരായിട്ടുള്ളവർക്കുള്ള ഉചിതമായ ദക്ഷിണയാണെന്നും അത് നമ്മുടെ പത്രപ്രവർത്തനചരിത്രത്തിന് മുതൽക്കൂട്ടാകുമെന്നും അവതാരികയിൽ മലയാള മനോരമ ചീഫ് എഡിറ്റർ കെ. എം. മാത്യു നിരീക്ഷിക്കുന്നു.

വി.പി. രാമചന്ദ്രൻ, ടി. വേണുഗോപാലൻ, പി. രാജൻ, എൻ. രാമചന്ദ്രൻ, പി. ഗോവിന്ദപ്പിള്ള, തോമസ് ജേക്കബ്, എൻ. എൻ. സത്യവ്രതൻ, കെ. എം. റോയ്, കെ. ജി. പരമേശ്വരൻ നായർ, ലീലാ മേനോൻ, ജോയി തിരുമൂലപുരം, പി. അരവിന്ദാക്ഷൻ, ഒ. അബ്ദു റഹ്‌മാൻ, കെ. പത്മനാഭൻ നായർ, ടി. വി. അച്യുത വാര്യർ, ഉദയ് താരാ നായർ എന്നിവരോടൊപ്പം .ഞാനും ഇതിൽ ഒരു കഥാപാത്രമാണ്. അതുകൊണ്ടു പറയട്ടെ, ചരിത്രത്തെ ചിറകിലേറ്റിയെന്ന വിചാരം എന്റെ മനസ്സിലില്ല.

ശശി തരൂർ നിർദ്ദേശിച്ചതനുസരിച്ച് ഈയിടെ അന്തരിച്ച സത്യവ്രതന്റെ ഓർമ്മയ്ക്കായി സദസ്യർ ഒരു മിനിട്ട് മൌനം ആചരിച്ചു.

കറന്റ് ബുക്സ് തൃശ്ശൂർ ആണ് ഈ പുസ്തകത്തിന്റെ പ്രസാധകർ.

വിതരണം:
കോസ്‌മോ ബുക്സ്, തൃശ്ശൂർ, കൊച്ചി, കോഴിക്കോട്
ഇ-മെയ്ൽ: cosmobooks@asianetindia.com

വില: 135 രൂപ

Tuesday, February 9, 2010

അകം – പ്രതീക്ഷക്ക് വക നൽകുന്ന മാസിക

അല്പം വൈകിയാണെങ്കിലും ഒരു മാസിക പരിചയപ്പെടുത്തട്ടെ. പേര്: അകം. സി. വ്. ബാലകൃഷ്ണനാണ് ചീഫ് എഡിറ്റർ. പ്രസിദ്ധീകരണം ആരംഭിച്ചത് കഴിഞ്ഞ മാസം. ആദ്യലക്കം ദിവസങ്ങൾക്ക് മുമ്പ് കിട്ടിയെങ്കിലും പല കാരണങ്ങളാലും ഈ കുറിപ്പ് നേരത്തെ എഴുതാൻ കഴിഞ്ഞില്ല.

ഒന്നാം ലക്കത്തിലുള്ള ‘ഒരുപാട് ഇരുട്ടിൽ ഒരിത്തിരി വെളിച്ചം’ എന്ന മുഖക്കുറിപ്പിൽ ബാലകൃഷ്ണൻ എഴുതുന്നു: “സമൂഹത്തെ സംബന്ധിക്കുന്ന എല്ലാറ്റിനെച്ചൊല്ലിയും വിചാരപ്പെടുന്ന ഒരു തുറന്ന മനസ്സാണ് ‘അക’ത്തിനുള്ളത്. സാമൂഹികസത്യങ്ങൾ ഇതിൽ തീഷ്ണമായി പ്രതിഫലിക്കും. കലയുടെ വിവിധ മേഖലകളെ ഇത് സമ്യക്കായി ഉൾക്കൊള്ളും. വിവേകശാലികളുമായി സംവാദത്തിലേർപ്പെടും. മൌലികചിന്തയെയും നൈതികബോധത്തെയും ഉയർത്തിക്കാട്ടും.”

മുഖലേഖനം സി.ആർ.നീലകണ്ഠന്റേതാണ്: കോപ്പൻഹേഗൻ പരാജയപ്പെട്ടത് എന്തുകൊണ്ട്?

മറ്റ് വിഭവങ്ങൾ:
ഒ.എൻ.വി, ഡി. വിനയചന്ദ്രൻ, കൽ‌പ്പറ്റ നാരായണൻ എന്നിവരുടെ കവിതകൾ.
എൻ. പ്രഭാകരൻ, സിതാര എസ്, അഡിവാലെ മജാ പിയേഴ്സ് (ഇംഗ്ലീഷിൽ നിന്ന് കെ.എൻ.ഷാജി പരിഭാഷപ്പെടുത്തിയത്) എന്നിവരുടെ കഥകൾ.
ആനന്ദ്, ആഷാ മേനോൻ, എൻ. ശശിധരൻ, പി.സുരേന്ദ്രൻ, കെ.ബി. പ്രസന്നകുമാർ, സി.എസ്.വെങ്കിടേശ്വരൻ എന്നിവരുടെ ലേഖനങ്ങൾ.
ഉരുഗ്വയിലെ പ്രശസ്ത എഴുത്തുകാരനായ എഡ്വാർദൊ ഗലിയാനോയുടെ ഇന്ത്യാ സ്പർശമുള്ള കുറിപ്പുകൾ (പരിഭാഷ: വൈക്കം മുരളി)

‘കൺ‌വെട്ടത്ത്’ എന്ന തലക്കെട്ടിൽ സി.വി.ബാലകൃഷണൻ എഴുതുന്ന ഒരു പംക്തിയും ഇതിലുണ്ട്.

അകം ഉയർന്ന നിലവാരം പുലർത്തുന്ന സാഹിത്യ-സാംസ്കാരിക മാസികയാകുമെന്ന് പ്രതീക്ഷിക്കാനുള്ള വക ഒന്നാം ലക്കത്തിലുണ്ട്.

സി.വി. ബാലകൃഷ്ണനെ കൂടാതെ താഴെ പറയുന്നവരും ഭാരവാഹികളായുണ്ട്:
ചെയർമാൻ: സി.വി.രവീന്ദ്രനാഥ്
മാനേജിങ് എഡിറ്റർ: ഒ.അശോക്‌കുമാർ
ഏഡിറ്റർ: സി.പി.ചന്ദ്രൻ
ഓണററി എഡിറ്റർ: എ.വി.പവിത്രൻ

ഒറ്റപ്രതി വില: 10 രൂപ

പ്രസാധകർ:
കൈരളി ബുക്സ്,
താളിക്കാവ് റോഡ്,
കണ്ണൂർ 670 001
ടെലിഫോൺ 0497-2761200
ഇ-മെയ്ൽ: akammasika@gmaol.com

Sunday, February 7, 2010

‘നിങ്ങൾക്കും ഐ.എ.എസ്. നേടാം’

കൊല്ലം ജില്ലാ അസിസ്റ്റന്റ് കളക്ടർ എസ്. ഹരികിഷോർ രചിച്ച ‘നിങ്ങൾക്കും ഐ.എ.എസ്. നേടാം’ എന്ന പുസ്തകം മാതൃഭൂമി ബൂക്സിന്റെ പുസ്തകോത്സവം നടക്കുന്ന ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് മുൻ അഡിഷനൽ ചീഫ് സെക്രട്ടറി ഡി. ബാബു പോൾ ഇന്നലെ പ്രകാശനം ചെയ്തു.

2007ലെ ഐ.എ.എസ്. പരീക്ഷയിൽ പ്രശസ്ത വിജയം നേടിയ ആളാണ് കണ്ണൂർ സ്വദേശിയായ ഹരികിഷോർ. മത്സരപ്പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ ശരിയായ മാർഗ്ഗനിർദ്ദേശം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെട്ടതിന്റെ ഫലമായാണ് ഇങ്ങനെയൊരു പുസ്തകം എഴുതിയതെന്ന് ഹരികിഷോർ പറഞ്ഞു.

സാക്ഷരതയിൽ മുന്നിട്ട് നിൽക്കുന്ന കേരളത്തേക്കാൾ കൂടുതൽ പേർ പിന്നാക്ക സംസ്ഥാനങ്ങളായ ബീഹാർ, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഐ.എ.എസിൽ ഉള്ളതായി ഒരു ചാനൽ ഈയിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് വടക്കെ ഇന്ത്യാക്കാരുടെ പക്ഷപാതിത്വം കൊണ്ടാണെന്ന് പറഞ്ഞ് ഒഴിയാതെ വസ്തുതകളെ സത്യസന്ധമായി നേരിടാൻ നാം തയ്യാറാകണമെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ ഞാൻ പറഞ്ഞു. ചെന്നൈയിൽ ഐ.എ.എസിന് പരിശീ‍ീലനം നൽകുന്ന സ്ഥാപനങ്ങളിൽ പഠിക്കാനത്തുന്നവരിൽ വർഷങ്ങളായി മലയാളികളേക്കാൾ കൂടുതൽ ബീഹാറികളാണുള്ളതെന്ന് ഞാൻ ചൂണ്ടിക്കാട്ടി. ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളിലേക്കുള്ള പ്രവേശനപ്പരീക്ഷയിൽ ബീഹാറിൽ നിന്നുള്ള ദലിതുകൾ ഇപ്പോൾ നല്ല പ്രകടനം കാഴ്ച വെയ്ക്കുന്നുണ്ട്. ഐ.ഐ.എമ്മിൽ പഠിച്ച് നല്ല ഉദ്യോഗങ്ങൾ നേടിയ ബീഹാറിൽ നിന്നുള്ള ഏതാനും ദലിത് യുവാക്കൾ മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നൽകുന്നതാണ് ഇതിന്റെ പിന്നിലുള്ള രഹസ്യം. അടുത്ത കാലത്താണ് കേരളം ഐ.എ.എസ്. പരിശീലനത്തിൽ താല്പര്യമെടുത്തു തുടങ്ങിയത്. അതിന്റെ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്.

ഏകാഗ്രതയും കഠിനാദ്ധ്വാനവുമാണ് ഐ.എ.എസ്. പരീക്ഷയിൽ വിജയിക്കാൻ ആവശ്യമെന്ന് ബാബു പോൾ പറഞ്ഞു. ഐ.എ.എസ്.പരീക്ഷാ നടത്തിപ്പിൽ പക്ഷപാതിത്വമില്ലെന്നുള്ളതിന്റെ ജീവിച്ചിരിക്കുന്ന തെളിവാണ് താനെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസാധകർ: മാതൃഭൂമി ബുക്സ്
വില: 90 രൂപാ

Thursday, February 4, 2010

മലയാളം നമ്മുടെ അഭിമാനം

സാഹിത്യ അക്കാദമിയും മറ്റ് സാംസ്കാരിക സംഘടനകളും ചേർന്ന് സംഘടിപ്പിച്ചിട്ടുള്ള സാംസ്കാരികയാത്ര ഇന്ന് തലസ്ഥാന നഗരത്തിൽ പ്രവേശിച്ചു. “മലയാളം നമ്മുടെ അഭിമാനം” എന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് ഈ സംരഭത്തിന്റെ പ്രധാന ലക്ഷ്യം.

യാത്രയുടെ ഭാഗമായി ഇന്നലെ കഴക്കൂട്ടത്ത് നടന്ന പരിപാടി ഉത്ഘാടനം ചെയ്ത കവി ഏഴാച്ചേരി രാമചന്ദ്രൻ പ്രൌഡോജ്ജ്വലമായ പ്രഭാഷണത്തിൽ തമിഴ് ക്ലാസിക്കുകളായ ചിലപ്പതികാരത്തിന്റെയും മണിമേഖലയുടെയും കർത്താക്കളുടെ കേരളബന്ധം പരാമർശിച്ചുകൊണ്ട് മലയാളത്തിന്റെ പൈതൃകം അവരുടെ കാലത്ത് തുടങ്ങുന്നതാണെന്ന് സമർത്ഥിച്ചു.

തമിഴിനെയും കന്നടയെയും തെലുങ്കിനെയും ക്ലാസിക്കൽ ഭാഷകളായി പ്രഖ്യാപിച്ച ഇന്ത്യാ ഗവണ്മെന്റ് മലയാളത്തിന് ആ പദവി നൽകാത്തതിലുള്ള അമർഷം അദ്ദേഹം ശക്തമായ ഭാഷയിൽ പ്രകടിപ്പിച്ചു. ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ നിരാശ പങ്കു വെയ്ക്കാൻ എനിക്ക് പ്രയാസമില്ല. എന്നാൽ ഉത്തരേന്ത്യാക്കാർക്ക് മലയാളികളോട് എന്തൊ വിരോധമുള്ളതുകൊണ്ട് നമ്മുടെ ഭാഷ തഴയപ്പെടുകയാണെന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിക്കാനാവില്ല.

ഇന്ത്യാ ഗവണ്മെന്റ് 2004 ആണ് ചില ഭാഷകൾക്ക് ക്ലാസിക്കൽ പദവി നൽകാൻ തീരുമാനിച്ചത്. തമിഴിനാണ് അക്കൊല്ലം തന്നെ ആ പദവി നൽകി. അടുത്ത കൊല്ലം സംസ്കൃതത്തിനും 2008ൽ കന്നടയ്ക്കും തെലുങ്കിനും അത് നൽകപ്പെട്ടു. ഉത്തനേന്ത്യാക്കാർക്ക് മറ്റ് തെക്കേ ഇന്ത്യാക്കാരോടില്ലാത്ത വിദ്വേഷം മലയാളികളോടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

ഒരു ഉത്തരേന്ത്യൻ ഭാഷയ്ക്കും ഇതുവരെ ക്ലാസിക്കൽ പദവി നൽകിയിട്ടില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

രാജ്യ സഭയിൽ ഒരു ചോദ്യത്തിന് ഉത്തരം നൽകുമ്പോൾ മന്ത്രി അംബികാ സോണി ക്ലാസിക്കൽ പദവി നൽകുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ വെളിപ്പെടുത്തുകയുണ്ടായി. അവ ഇപ്രകാരമാണ്: ഭാഷയ്ക്ക് 1,500—2,000 കൊല്ലത്തെ പഴക്കമുണ്ടാകണം. പല തലമുറകൾ വിലപ്പെട്ട പൈതൃകമായി കരുതുന്ന പ്രാചീന കൃതികളുണ്ടാകണം. സാഹിത്യപരമായ പാരമ്പര്യം മൌലികമായിരിക്കണം, മറ്റ് ഭാഷകളിൽ നിന്ന് കടം കൊണ്ടതാകരുത്.

മലയാളം ഇന്ന് നേരിടുന്ന പ്രശ്നം അതിന് ക്ലാസിക്കൽ ഭാഷയെന്ന പദവി ഇല്ലെന്നതല്ല, അത് മലയാളി ജീവിതത്തിൽനിന്ന് അകന്നുകൊണ്ടിരിക്കുന്നെന്നതാണ്. മലയാളത്തിൽ പഠിച്ചാൽ മക്കൾക്ക് ഗതിയുണ്ടാവില്ലെന്ന ചിന്തമൂലമാണ് മാതാപിതാക്കൾ വലിയ ത്യാഗം സഹിച്ചും അവരെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ അയക്കുന്നത്. മലയാള ചാനലുകളിലെ പരിപാടികളുടെ പേരുകൾ ശ്രദ്ധിക്കുക. പലതും ഇംഗ്ലീഷിലാണ്. ‘റീയാലിറ്റി ഷോ’യിലെ ജഡ്ജിമാർക്ക് ഇംഗ്ലീഷിന്റെ സഹായം കൂടാതെ പാട്ട് നന്നായെന്നൊ ഇല്ലെന്നൊ പറയാൻ കഴിയുന്നില്ല.

ഏറ്റവും വലിയ പ്രശ്നം അറിവ് തേടുന്നതിന് മലയാളം അപര്യാപ്തമാണെന്നതാണ്. ഏത് വിഷയത്തിലുള്ള ഏറ്റവും പുതിയ അറിവും ഇന്ന് കമ്പ്യൂട്ടറിൽ ലഭ്യമാണ്. അത് ഇംഗ്ലീഷിലായിരിക്കുമെന്ന് മാത്രം. യൂറോപ്യനും ജപ്പാൻ‌കാരനും ചൈനാക്കാരനും കൊറിയാക്കാരനുമൊന്നും ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. കാരണം ഇംഗ്ലീഷിലുള്ള വിവരം അവരുടെ ഭാഷകളിലേക്ക് ഉടനടി പരിഭാഷപ്പെടുത്താനുള്ള സംവിധാനം കമ്പ്യൂട്ടറിൽതന്നെയുണ്ട്. എന്നാൽ ഏതെങ്കിലും ഇന്ത്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്താനുള്ള സൌകര്യമില്ല. മലയാളം നിലനിൽക്കണമെങ്കിൽ അതിലൂടെ അറിവ് നേടാനും ഉപജീവനം നടത്താനും കഴിയണം.

Wednesday, February 3, 2010

സാംസ്കാരികയാത്രയിൽ സി. കേശവന്റെ “ജീവിതസമരം”

സാഹിത്യ അക്കാദമിയുടെയും മറ്റ് സാംസ്കാരിക സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ജനുവരി ഒന്നിന് കാസർകോട്ട് കുമ്പളയിൽ നിന്ന് ആരംഭിച്ച സാംസ്കാരിക യാത്ര ഇന്ന് വൈകിട്ട് കഴക്കൂട്ടത്തെത്തി. ഫെബ്രുവരി അഞ്ചിന് പാറശ്ശാലയിൽ അവസാനിക്കുമ്പൊഴേക്കും പുരുഷൻ കടലുണ്ടി നയിക്കുന്ന സാംസ്കാരിക സംഘം സംസ്ഥാനമൊട്ടുക്കുള്ള 140 കേന്ദ്രങ്ങൾ സന്ദർശിച്ചിരിക്കും. ഓരോ കേന്ദ്രത്തിലും ഓരോ പുസ്തകത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കുന്നതിനുള്ള ഏർപ്പാടുകൾ സംഘാടകർ മുൻ‌കൂട്ടി ചെയ്തിരുന്നു. സംഘാടക സമിതിയുടെ ക്ഷണം സ്വീകരിച്ച് കഴക്കൂട്ടത്തെ യോഗത്തിൽ ഞാൻ സി. കേശവൻ (പടം ഇടതുവശത്ത്) രചിച്ച “ജീവിതസമരം” എന്ന പുസ്തകത്തെക്കുറിച്ച് സംസാരിച്ചു.

“ജീവിതസമരം“ കൌമുദി വാരികയിൽ പരമ്പരയായി പ്രസിദ്ധീകരിച്ചപ്പോൾ തന്നെ ഞാൻ വായിച്ചിരുന്നു. പുസ്തകരൂപത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ വീണ്ടും വായിച്ചു. തിരുവിതാംകൂറിലെ സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങൾ സംബന്ധിച്ച് വിവരങ്ങൾ ആവശ്യമായിവരുമ്പോൾ ഞാൻ അതിന്റെ താളുകൾ ഇപ്പോഴും മറിച്ചു നോക്കാറുണ്ട്. അതുകൊണ്ട് അതിനെക്കുറിച്ച് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ വളരെ സന്തോഷത്തോടെയാണ് ഞാൻ ക്ഷണം സ്വീകരിച്ചത്.

തിരുവിതാംകൂർ കോൺഗ്രസ്സിനെ ആദ്യകാലത്ത് നയിചച ത്രിമൂർത്തികളിൽ ഒരാളായിരുന്നു സി.കേശവൻ. പട്ടം താണുപിള്ളയും ടി.എം.വർഗീസുമായിരുന്നു മറ്റ് രണ്ട് പേർ. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം രൂപം കൊണ്ട ആദ്യ സർക്കാരിൽ പട്ടം പ്രധാനമന്ത്രിയും (പിന്നീടാണ് സ്ഥാനപ്പേര് മുഖ്യമന്ത്രി എന്നാക്കിയത്) വർഗീസും കേശവനും മന്ത്രിമാരുമായിരുന്നു. ആ മന്ത്രിസഭയിൽ മുസ്ലിമൊ ദലിതനൊ സ്ത്രീയൊ ഉണ്ടായിരുന്നില്ല. പക്ഷെ അതൊരു പ്രശ്നമായി ആരും ഉയർത്തിയില്ല. അത്രയ്ക്ക് ഉയർന്ന സ്ഥാനമായിരുന്നു അവരുടേത്.

കെ.പി.കേശവ മേനോൻ, ഇ.എം.എസ്.നമ്പൂതിരിപ്പാട്, എ.കെ. ഗോപാലൻ തുടങ്ങി പല ആദ്യകാല നേതാക്കളും ആത്മകഥ എഴുതിയിട്ടുണ്ട്. അവരുടെയെല്ലാം ആദ്യ കർമ്മമേഖല ഉത്തരകേരളമായിരുന്നു. അതുകൊണ്ടുതന്നെ അവയിൽ തിരുവിതാംകൂറിലെ രാഷ്ട്രീയ സംഭവ വികാസങ്ങളെക്കുറിച്ച് വളരെയൊന്നും കാണാനില്ല. തിരുവിതാംകൂറിലെ ത്രിമൂർത്തികളിൽ സി. കേശവൻ മാത്രമാണ് ആത്മകഥ എഴുതിയത്.

പുസ്തകം ഇപ്പോൾ വിപണിയിൽ ലഭ്യമല്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. സാംസ്കാരിക യാത്രയിൽ അവതരിപ്പിക്കപ്പെട്ട പുസ്തകങ്ങളിൽ ഇപ്പോൾ ലഭ്യമല്ലാത്തവയുടെ പുതിയ പതിപ്പുകൾ ഇറക്കുന്നതിന് ഏർപ്പാട് ചെയ്തിട്ടുണ്ടെന്ന് പുരുഷൻ കടലുണ്ടി എന്നോട് പറഞ്ഞു.

Tuesday, February 2, 2010

ഒരു പത്രാധിപരുടെ പ്രദക്ഷിണവഴികളിലൂടെ

മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ഇന്ന് തിരുവനന്തപുരം കേസരി ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്ത എസ്. ജയചന്ദ്രൻ നായരുടെ “എന്റെ പ്രദക്ഷിണവഴികൾ” പത്രാധിപത്യ ജീവിതത്തിനിടയിൽ കണ്ടുമുട്ടിയ പ്രശസ്തരും അപ്രശസ്തരുമായ 150ൽ പരം വ്യക്തികളെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളാണ്.

ചുരുങ്ങിയ വാക്കുകളിൽ ഓരോരുത്തരുടെയും വ്യക്തിത്വത്തിന്റെ സവിശേഷതകൾ ജയചന്ദ്രൻ നായർ വായനക്കാർക്ക് മനസ്സിലാക്കിക്കൊടുക്കുന്നു. വി.ടി. ഭട്ടതിരിപ്പാടിനെ അദ്ദേഹം അവതരിപ്പിക്കുന്നതിങ്ങനെ: “കുറ്റിത്താടിയെ പ്രഭാപൂരമാക്കുന്ന മന്ദഹാസം”. വൈക്കം ചന്ദ്രശേഖരൻ നായരെ അദ്ദേഹം ഓർക്കുന്നത് “പ്രതിഭയെ ധൂർത്തടിച്ച എഴുത്തുക്കാരൻ” ആയാണ്.

ആരോടെങ്കിലുമൊക്കെ കണക്ക് തീർക്കാനാണ് പലരും ഓർമ്മകൾ ചികഞ്ഞെടുക്കുന്നത്. ജയചന്ദ്രൻ നായർ അവരിൽ നിന്ന് വേറിട്ട് നിൽക്കുന്നു. അദ്ദേഹം എല്ലാവരെക്കുറിച്ചും നല്ല കാര്യങ്ങൾ ഓർക്കാനാണാഗ്രഹിക്കുന്നത്. മറ്റ് വശങ്ങൾ അദ്ദേഹത്തിന് അറിയാഞ്ഞിട്ടല്ല. അവയിൽ അദ്ദേഹത്തിന് താല്പര്യമില്ല. കേരള കൌമുദിയുടെ പത്രാധിപരെക്കുറിച്ച് പറയുന്നത് കാണുക: “ഒരുപാട് ബലഹീനതകളും അതിനേക്കാൾ ശക്തിയും അദ്ദേഹത്തിനുണ്ടായിരുന്നു.”

രാഷ്ട്രീയം, സാഹിത്യം, സിനിമ, നാടകം എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞു. ഈ മേഖലകളിൽ പ്രവർത്തിച്ച നിരവധി പ്രമുഖരെ ഈ പുസ്തകത്തിൽ നാം കാണുന്നു. അവർ ഓരോരുത്തരായി കടന്നു പോകുമ്പോൾ ഒരു നീണ്ട സാംസ്കാരിക ഘോഷയത്രക്ക് സാക്ഷ്യം വഹിക്കുന്ന പ്രതീതിയുണ്ടാകുന്നു.

പ്രകാശനകർമ്മം നിർവഹിച്ച അച്യുതാനന്ദനും ആദ്യ കോപ്പി ഏറ്റുവാങ്ങിയ ഒ.എൻ.വി. കുറുപ്പും ആശംസകൾ അർപ്പിച്ച പി. ഗോവിന്ദപ്പിള്ളയും സമകാലിക മലയാളം വാരികയുടെ പത്രാധിപരായ ജയചന്ദ്രൻ നായരുടെ സംഭാവനകളെ പ്രകീർത്തിച്ചു.

പുസ്തകത്തിന്റെ പ്രസാധകർ സൈൻ ബുക്സ്, തിരുവനന്തപുരം, ആണ്.
ഇ-മെയ്ൽ: signbooks@gmail.com
വെബ്‌സൈറ്റ്: www.signbooks.com

വില 250 രൂപ.