Wednesday, June 27, 2012

ആദിവാസി കമ്പ്യൂട്ടർ ഇഞ്ചിനീയർ കൂലിവേലയെടുത്ത് കഴിയുന്നു


കെ.ആർ. മുരുകൻ

കടുകുമണ്ണ ഊരിലെ തങ്കന്റെയും വീരയുടെയും ഏഴു മക്കളിൽ നാലാമനായ കെ.ആർ. മുരുകൻ അട്ടപ്പാടി ആദിവാസി മേഖലയിലെ ആദ്യ കമ്പ്യൂട്ടർ ഇഞ്ചിനീയറാണ്. കൂലിവേല ചെയ്താണ് ഈ യുവാവ് കുടുംബം പോറ്റുന്നതെന്ന് ഗോത്രഭൂമി മാസികയുടെ 2012 ജൂൺ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ കെ.എൻ. പ്രസാദ് എഴുതുന്നു.  

ചിണ്ടക്കി സർക്കാർ ട്രൈബൽ വെൽഹയർ എൽ.പി. സ്കൂളിൽ മുരുകന്റെ സഹപാഠിയായിരുന്ന ചന്ദ്രന്റെ സഹായത്തോടെ മുരുകന്റെ വിദൂരഗ്രാമത്തിലെത്തി അദ്ദേഹവുമായി സംസാരിച്ച ലേഖകൻ നൽകുന്ന വിവരം ഇങ്ങനെ:

കോതമംഗലം എം.എ. ഇഞ്ചിനീയറിങ് കോളെജിൽ മുരുകൻ 2005ൽ ബിരുദപഠനം പൂർത്തിയാക്കി. അവസാന സെമസ്റ്റർ കഴിയുമ്പോൾ ബാക്കിയുണ്ടായിരുന്ന രണ്ട് വിഷയങ്ങളിൽ കൂടി ജയിച്ചശേഷം 2009ൽ ബിരുദം നേടി. കഴിഞ്ഞ മൂന്ന് വർഷത്തിൽ ജോലിക്കായി കയറിയിറങ്ങാത്ത വാതിൽപടികളില്ല.

ലേഖകൻ ചെല്ലുമ്പോൾ മുരുകൻ തൊഴിലൂറപ്പു പണിയിലായിരുന്നു. മുരുകന്റെ ഭാര്യ സരസ്വതി ചരിത്ര ബിരുദധാരിണിയാണ്. ഇവർക്ക് ഒരു മകനുണ്ട്. കുടുംബം പോറ്റാൻ കൂലിവേള ചെയ്യേണ്ട അവസ്ഥയിലാണ് 31കാരനായ മുരുകൻ. പി.എസ്.സി. പരീക്ഷ എഴുതി കുറെക്കൂടൊ മെച്ചപ്പെട്ട ജോലി കിട്ടുമെന്ന പ്രതീക്ഷയിൽ കഴിയുന്നു.

കുറുംബ മേഖലയിൽ നിന്നുള്ള രണ്ടാമത്തെ ഇഞ്ചിനീയറാണ് മുരുകാൻ. ആദ്യ ഇഞ്ചിനീയറിങ് ബിരുദധാരിയായ വിനോദ് സെയിൽ‌സ് ടാക്സ് ആപ്പീസിൽ ക്ലാർക്കായി ജോലി ചെയ്യുന്നു.

കേരളത്തിലെ ആദ്യ ആദിവാസി മന്ത്രിയായ പി.കെ. ജയലക്ഷ്മിയെ കാണുവാനായി പാലക്കാട്ടെ ഒരു ഭരണകക്ഷി നേതാവിനൊപ്പം ഒരിക്കൽ തിരുവനന്തപുരത്തെത്തി. രാവിലെ മുതൽ വൈകുന്നേരം വരെ മന്ത്രിയുടെ ആപ്പീസിനു മുന്നിൽ കാത്തിരുന്നു. മന്ത്രി ആപ്പീസിലുണ്ടായിരുന്നിട്ടും മുഖം കാണിക്കാനായില്ല. വൈകുന്നേരം നാലു മണിക്ക് മന്ത്രി ആപ്പീസിൽ നിന്നിറങ്ങുമ്പോൾ പറഞ്ഞത്രെ: “ഇനി വീട്ടിലേക്ക് വരൂ. അല്ലെങ്കിൽ നാളെ രാവിലെ ആപ്പീസിൽ കാണാം.” മുരുകൻ നാട്ടിലേക്ക് മടങ്ങി. 

ഗോത്രഭൂമിയെ കുറിച്ച്: ഉടമ: കെ.വി. വള്ളി. പത്രാധിപർ: രാജേന്ദ്രപ്രസാദ്. മേൽ‌വിലാസം: ഗോത്രഭൂമി, തമ്പു, കലൂർ, കൊച്ചി 17. www.gothrabhoomi.com

സ്തോഭവത്കരിക്കാതെ, തൃണവത്കരിക്കാതെ


ബി.ആർ.പി. ഭാസ്കർ

പത്രലോകത്ത് ശിശുമരണങ്ങൾ ഏറെയാണ്. ഒരോ കൊല്ലവും നമ്മുടെ രാജ്യത്ത് വിവിധ ഭാഷകളിലായി ആയിരക്കണക്കിന് പുതിയ പ്രസിദ്ധീകരണങ്ങളുണ്ടാകുന്നു. ഇതിൽ ഒരു ചെറിയ ശതമാനത്തിനു മാത്രമാണ് ബാലാരിഷ്ടതകൾ തരണം ചെയ്ത് മുന്നോട്ടുപോകാൻ കഴിയുന്നത്. നൂറു കൊല്ലം പൂർത്തിയാക്കിയ മൂന്ന് മലയാള പത്രങ്ങളേയുള്ളു. ആ നിലയ്ക്ക് ഒരു ദിനപത്രം 25 കൊല്ലം പൂർത്തിയാക്കുന്നത് ഒരു ചെറിയ കാര്യമല്ല. ഈ കാലയളവിൽ ഇന്ത്യയിലും വിദേശത്തുമായി നിരവധി എഡിഷനുകളുള്ള പത്രമായി മാധ്യമത്തിന് വളരാനായതിൽ അതിന്റെ പ്രവർത്തകർക്ക് ആഹ്ലാദിക്കാം, അതിന്റെ സാരഥികൾക്ക് അഭിമാനിക്കാം.

മാധ്യമം ദിനപത്രം പിന്നിട്ട കാൽ നൂറ്റാണ്ട് ലോക മാധ്യമ രംഗം വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച കാലമാണ്. അച്ചടിമാധ്യമം നേരത്തെ വികസിച്ച പാശ്ചാത്യരാജ്യങ്ങളിൽ ആദ്യം ടെലിവിഷനുമായും പിന്നീട് ഇന്റർനെറ്റുമായുമുള്ള മത്സരത്തിൽ പിടിച്ചു നിൽക്കാനാകാതെ പത്രങ്ങൾ അടച്ചുപൂട്ടപ്പെടുകയൊ പല തരം അതിജീവനതന്ത്രങ്ങൾ പരീക്ഷിക്കുകയൊ ചെയ്ത കാലഘട്ടമാണിത്. ടെലിവിഷനുമായുള്ള മത്സരത്തിന്റെ  ആദ്യഘട്ടത്തിൽ പത്രങ്ങളുടെ പ്രചാരത്തിൽ ഇടിവുണ്ടായില്ലെന്നു തന്നെയല്ല, വളർച്ചയുണ്ടാവുകയും ചെയ്തു. ടെലിവിഷൻ വിശ്വാസ്യത നേടുകയും വാർത്തകൾക്ക് ടെലിവിഷനെ മാത്രം ആശ്രയിക്കുന്ന ഒരു തലമുറ വളർന്നുവരികയും ചെയതപ്പോഴാണ് പത്രങ്ങളുടെ പതനം ആരംഭിച്ചത്. മലയാളം ഉൾപ്പെടെ

ഇന്ത്യയിലെ വിവിധ ഭാഷകളിലെ പത്രങ്ങളും ടെലിവിഷൻ ചാനലുകളും തമ്മിലുള്ള മത്സരം ഇപ്പോൾ ആദ്യ ഘട്ടത്തിലാണ്. പത്രങ്ങളുടെ എണ്ണവും പ്രചാരവും ഇപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇന്റർനെറ്റ് ഉപഭോക്താക്കളുടെ എണ്ണം കൂടുകയാണെങ്കിലും രാജ്യത്തെ ദിനപത്രങ്ങൾക്കൊ ചാനലുകൾക്കൊ ഇതുവരെ അത് ഒരു ഭീഷണിയായിട്ടില്ല.

മത്സരം കടുത്തപ്പോൾ പാശ്ചാത്യ ദിനപത്രങ്ങൾ സ്വീകരിച്ച അതിജീവനതന്ത്രങ്ങളിൽ രണ്ട് പ്രധാനപ്പെട്ട അംശങ്ങളുണ്ടായിരുന്നു. ഗുണമേന്മയുള്ള പത്രങ്ങൾ പ്രധാന സംഭവങ്ങൾ ആദ്യം ജനങ്ങളിലെത്തിക്കാനുള്ള ടെലിവിഷന്റെ കഴിവ് മനസിലാക്കിക്കൊണ്ട് ഇലക്ട്രോണിക് മാധ്യമങ്ങളേക്കാൾ അച്ചടി മാധ്യമങ്ങൾക്ക് കൂടുതൽ ഫലപ്രദമായി നിർവഹിക്കാവുന്ന ചുമതലകളിലേക്ക് ശ്രദ്ധ തിരിച്ചു. അങ്ങനെ വിശകലനത്തിലും വ്യാഖ്യാനത്തിലും ഊന്നൽ കൊടുത്തുകൊണ്ടുള്ള പത്രപ്രവർത്തനശൈലി വികസിച്ചു. ജനപ്രിയ പത്രങ്ങൾ പ്രാദേശികവത്കരണത്തിന്റെ പാത സ്വീകരിച്ചു. മലയാള പത്രങ്ങളാകട്ടെ ടെലിവിഷന്റെ വരവിനു മുമ്പു തന്നെ പ്രാദേശികവത്കരണം ആരംഭിച്ചിരുന്നു. സി.ഐ.എ. ബന്ധമുണ്ടെന്ന് നാഷനൽ ഹെറാൾഡ് പത്രാധിപർ എം. ചലപതി റാവു ആരോപിച്ച ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടും അത് മുൻ‌കൈയെടുത്ത് സ്ഥാപിച്ച പ്രസ് ഫൌണ്ടെഷൻ ഓഫ് ഏഷ്യ, പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡ്യ എന്നീ സ്ഥാപനങ്ങളും സംഘടിപ്പിച്ച ശില്പശാലകളിലൂടെ പ്രചരിപ്പിക്കപ്പെട്ട വിജയമന്ത്രങ്ങളിൽ പ്രാദേശികവത്കരണം കൂടാതെ വാർത്തയുടെ സ്തോഭവത്കരണവും (sensationalization) തൃണവത്കരണവും (trivialization) ഉൾപ്പെട്ടിരുന്നു. ഒരു പത്രം ഈ പാതയിലൂടെ മുന്നേറുന്നത് കണ്ടപ്പോൾ മറ്റ് പത്രങ്ങളും അത് പിന്തുടരാൻ തയ്യാറായി.

ഈ മാറ്റം നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് മാധ്യമം പ്രത്യക്ഷപ്പെട്ടത്. പി.കെ. ബാലകൃഷ്ണന്റെ പത്രാധിപത്യവും വൈക്കം മുഹമ്മദ് ബഷീറിന്റെ അനുഗ്രഹവും കുൽദീപ് നയ്യാറുടെ ഉദ്ഘാടകനായുള്ള സാന്നിധ്യവും അത് വ്യത്യസ്തത പുലർത്തുമെന്ന പ്രതീക്ഷ തുടക്കത്തിൽ തന്നെ ഉയർത്തി. ഇതുവരെയുള്ള പ്രവർത്തനം വിലയിരുത്തുമ്പോൾ ആ പ്രതീക്ഷ ഒരളവു വരെ നിറവേറ്റാൻ അതിന് കഴിഞ്ഞിട്ടുണ്ടെന്ന് കാണാം. സക്കറിയയുമൊത്ത് ഏഷ്യാനെറ്റിൽ പത്രവിശേഷം എന്ന പരിപാടി അവതരിപ്പിച്ചിരുന്ന കാലത്ത് വലുതും ചെറുതുമായ മലയാളപത്രങ്ങൾ അതിസൂക്ഷ്മമായി പരിശോധിക്കാനുള്ള അവസരം എനിക്ക് ലഭിക്കുകയുണ്ടായി. ആ പരിപാടിയിൽ ഏറ്റവുമധികം നല്ല പരാമർശങ്ങൾ നേടിയ പത്രം മാധ്യമം ആയിരിക്കണം.  

കേരളത്തിലെ പത്രങ്ങൾക്ക് വലിയ ചികയൽ കൂടതെ തിരിച്ചറിയാൻ കഴിയുന്ന വിഭാഗീയമായ അടിത്തറയുണ്ട്. അതിനെ മറികടക്കാൻ മിക്ക പത്രങ്ങളും ബോധപൂർവ്വം ശ്രമിക്കുന്നുമുണ്ട്. വിശാലസമൂഹം തന്നെ വിഭജിച്ചു നിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം ശ്രമങ്ങൾ പരിമിതമായ തോതിൽ മാത്രമെ വിജയിക്കുകയുള്ളു. സ്തോഭവത്കരണത്തെയും തൃണവത്കരണത്തെയും ആശ്രയിക്കാതെ, മനുഷ്യാവകാശങ്ങൾ, പരിസ്ഥിതി സംരക്ഷണം, പാർശ്വവത്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ മുതലായ വിഷയങ്ങളിൽ ശ്രദ്ധ ചെലുത്തിക്കൊണ്ട് വിഭാഗീയതയെ മറികടക്കാനാണ് മാധ്യമം ശ്രമിച്ചിട്ടുള്ളത്. സംശയാസ്പദമായ വാണിജ്യ സംരംഭങ്ങളുടെ പരസ്യങ്ങൾ ഒഴിവാക്കിക്കൊണ്ടും അവയുടെ പ്രവർത്തനങ്ങളെ തുറന്നു കാട്ടികൊണ്ടും മാധ്യമം മാതൃക കാട്ടിയിട്ടുമുണ്ട്.

അച്ചടിമാധ്യമത്തിന്റെ ശക്തിദൌർബല്യങ്ങൾ തിരിച്ചറിഞ്ഞ് ഉചിതമായ തന്ത്രങ്ങൾ മെനയുന്നതിനു പകരം ചില മലയാള പത്രങ്ങൾ ടെലിവിഷനെ അനുകരിക്കുകയാണ് ചെയ്യുന്നത്. മാധ്യമം അതിന് തുനിഞ്ഞിട്ടില്ല. മത്സരത്തിന്റെ അടുത്ത ഘട്ടത്തിൽ പത്രങ്ങൾക്ക് കൂടുതൽ കടുത്ത വെല്ലുവിളികൾ നേരിടേണ്ടി വരും. ആ ഘട്ടവും വിജയകരമായി തരണം ചെയ്യാൻ മാധ്യമത്തിന് കഴിയട്ടെ. (മാധ്യമം രജത ജൂബിലി പതിപ്പ്)

Monday, June 11, 2012

മനുഷ്യാവകാശ പോരാട്ടങ്ങൾ ഒരിക്കലും നിലയ്ക്കുന്നില്ല

ബി.ആർ.പി. ഭാസ്കർ

മനുഷ്യാവകാശങ്ങളെ സംബന്ധിച്ച് ലോകവ്യാപകമായി അംഗീകരിച്ചിട്ടുള്ള ചില തത്വങ്ങളുണ്ട്. അവ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം രൂപീകൃതമായ ഐക്യരാഷ്ട്ര സഭ 1948 ഡിസംബർ 10ന് പാസാക്കിയ സാർവലൌകിക മനുഷ്യാവകാശ പ്രഖ്യാപനത്തിൽ ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. അക്കാലത്ത് ഐക്യരാഷ്ട്ര സഭയിൽ രണ്ട് വ്യത്യസ്ത ചേരികൾ നിരന്തരം സംഘട്ടത്തിലേർപ്പെട്ടിരുന്നു. ഈ ചേരികളുടെ മനുഷ്യാവകാശം സംബന്ധിച്ച സങ്കല്പങ്ങൾ വ്യത്യസ്തമായിരുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങൾ വ്യക്തിയുടെ സ്വാതന്ത്ര്യങ്ങൾക്കും അവകാശങ്ങൾക്കും പ്രാമുഖ്യം കല്പിച്ചപ്പോൾ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള രാജ്യങ്ങൾ സമൂഹത്തിന്റെ താല്പര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി. നീണ്ട ചർച്ചകൾക്കുശേഷമാണ് ഇരുകൂട്ടർക്കും സ്വീകാര്യമായ രേഖ രൂപപ്പെട്ടത്.

ലോകമെമ്പാടുമുള്ള എല്ലാവർക്കും അർഹതപ്പെട്ട അവകാശങ്ങൾ 30 വകുപ്പുകളിൽ ചുരുങ്ങിയ വാക്കുകളിൽ പ്രതിപാദിച്ചിട്ടുള്ള സാർവലൌകിക മനുഷ്യാവകാശ പ്രഖ്യാപനം  മനുഷ്യ സമൂഹത്തിന്റെ നീണ്ട ചരിത്രത്തിലെ സുപ്രധാനമായ ഒരാദ്ധ്യായത്തിന്റെ തുടക്കം കുറിക്കുന്നു. രണ്ട് ലോകമഹായുദ്ധങ്ങൾക്കുമിടയ്ക്കുള്ള കാലഘട്ടത്തിൽ നടന്ന മനുഷ്യാവകാശ ലംഘനങ്ങളാണ് അത്തരത്തിലുള്ള ഒരു രേഖ തയ്യാറാക്കാൻ ലോക രാഷ്ട്രങ്ങളെ പ്രേരിപ്പിച്ചത്. അന്തസ്സായി ജീവിക്കാനുള്ള അവകാശം എല്ലാ മനുഷ്യർക്കുമുണ്ടെന്നും അത് ഉറപ്പാക്കേണ്ടതാണെന്നുമുള്ള തിരിച്ചറിവായിരുന്നു അതിന്റെ പിന്നിൽ.

സാർവലൌകിക മനുഷ്യാവകാശ പ്രഖ്യാപനത്തിനുശേഷവും ഐക്യരാഷ്ട്ര സഭ ഇത് സംബന്ധിച്ച ചർച്ചകൾ തുടരുകയും കൂടുതൽ അന്താരാഷ്ട്ര ഉടമ്പടികൾ തയ്യാറാക്കുകയും ചെയ്തു. ഇവയിൽ പ്രധാനപ്പെട്ടവ 1966ൽ പാസാക്കപ്പെട്ട അന്താരാഷ്ട്ര പൌരാവകാശ രാഷ്ട്രീയാവകാശ ഉടമ്പടി (International Covenant on Civil and Political Rights), അന്താരാഷ്ട്ര സാമൂഹിക സാമ്പത്തിക സാംസ്കാരിക ഉടമ്പടി (International Convent on Social, Economic and Cultural Rights) എന്നിവയാണ്. പ്രത്യേക അവശതകൾ നേരിടുന്ന ജനവിഭാഗങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനായി പിന്നെയും പല ഉടമ്പടികളുമുണ്ടായി.  കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച ഉടമ്പടി (Convention on the Rights of the Child, 1989), അവശതകളുള്ളവരുടെ അവകാശങ്ങൾ സംബന്ധിച്ച ഉടമ്പടി (Convention on the Rights of Persons with Disabilities 2006), ആദിമ ജനങ്ങളുടെ അവകാശ പ്രഖ്യാപനം (Declaration on the Rights of Indigenous Peoples, 2007) എന്നിവ അക്കൂട്ടത്തിൽ പെടുന്നു. രേഖകൾ  സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ഒരു കാര്യം വ്യക്തമാകും. ബീജിംഗിൽ 1995ൽ ചേർന്ന ഉച്ചകോടി സ്ത്രീകളുടെ അവകാശങ്ങൾ മനുഷ്യാവകാശങ്ങളാണെന്ന് പ്രഖ്യാപിച്ചു.
സാർവലൌകിക പ്രഖ്യാപനം മനുഷ്യാവകാശങ്ങൾ പൊതുവായി രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. ഉടമ്പടികൾ അവകാശങ്ങൾ ഉറപ്പുവരുത്താനുള്ള അംഗരാജ്യങ്ങളുടെ കടമ ഊന്നിപ്പറയുന്നു.

തങ്ങൾക്ക് പൊതുവായ ചില അവകാശങ്ങളുണ്ടെന്ന ബോധം മനുഷ്യസമൂഹം ആവിർവിച്ച കാലത്തുതന്നെ ഉരുത്തിരിഞ്ഞിരുന്നെന്ന് കരുതാൻ ന്യായമുണ്ട്. എന്നാൽ അവകാശ സങ്കല്പങ്ങൾക്ക് കാലാകാലങ്ങളിൽ മാറ്റമുണ്ടായി. ഈ സങ്കല്പങ്ങളെ മനുഷ്യസമൂഹത്തിന്റെ അവസ്ഥയിൽ നിന്ന് വേർപെടുത്തി കാണാനാവില്ല. വേട്ടയാടി ജീവിതം നയിച്ചിരുന്ന കാലത്ത് സമൂഹത്തിന്റെ അടിസ്ഥാനഘടകം ഗോത്രമായിരുന്നു. കാർഷികവൃത്തിയിലേക്ക് തിരിഞ്ഞപ്പോൾ ഗോത്രങ്ങൾ വിഭജിച്ച് കൂട്ടുകുടുംബങ്ങളുണ്ടായി. വ്യാവസായികയുഗത്തിൽ കൂട്ടുകുടുംബങ്ങൾ പിളർന്ന് അണുകുടുംബങ്ങളുണ്ടായി. സ്വാഭാവികമായി ഓരോ ഘട്ടത്തിലും പുതിയ സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ അവകാശസങ്കല്പങ്ങൾ പുതുക്കി നിശ്ചയിക്കപ്പെട്ടു. മാറ്റത്തിനുവേണ്ടിയുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടിരുന്നവർക്ക് പലപ്പോഴും പഴയ രീതികൾ തുടരാൻ ആഗ്രഹിച്ചവരിൽ നിന്ന് എതിർപ്പ് നേരിടേണ്ടി വന്നു.  ഐക്യരാഷ്ട്ര സഭയിൽ സാർവലൌകിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ വകുപ്പുകളെ സംബന്ധിച്ച ചർച്ചകളിൽ രാഷ്ട്രീയ ആശയങ്ങളുടെ അടിസ്ഥാനത്തിൽ നിരന്തരം മല്ലടിച്ച അമേരിക്കയും സോവിയറ്റ് യൂണിയനും വ്യാവസായികരാജ്യങ്ങളായിരുന്നതിനാൽ വ്യാവസായികയുഗത്തിലെ അവകാശ സങ്കല്പങ്ങളാണ് അവർ മുൻ‌കൈയെടുത്ത് തയ്യാറാക്കിയ ആ രേഖയിലുള്ളത്..

ബാലവേലയോടുള്ള സമീപനം സാമൂഹികാവസ്ഥയും അവകാശബോധവും തമ്മിലുള്ള അഭേദ്യമായ ബന്ധം വെളിപ്പെടുത്തുന്നു. കാർഷിക സമൂഹങ്ങളിൽ മാതാപിതാക്കളോടൊപ്പം  കുട്ടികൾ പാടത്ത് പണിയെഊക്കുകയും കൈത്തൊഴിലുകളിൽ ഏർപ്പെടുകയും ചെയ്തിരുന്നു.  കുഞ്ഞുകൈകളുടെ വിരുത് ആവശ്യമായ ചില മേഖലകളിൽ അവരുടെ പങ്കാളിത്തം അനുപേക്ഷണീയവുമായി ഭവിച്ചു. കുട്ടികൾ ചൂഷണം ചെയ്യപ്പെടുകയാണെന്ന ചിന്ത ആർക്കുമുണ്ടായിരുന്നില്ല. വ്യാവസായിക യുഗത്തിന്റെ പിറവിയോടെ സ്ഥിതിഗതികൾ മാറി. ചാൾസ് ഡിക്കൻസിന്റെയും മറ്റും കൃതികൾ ഇംഗ്ലണ്ടിൽ ബാലവേലക്കെതിരെ പൊതുജനാഭിപ്രായം രൂപപ്പെടുത്തി. ബാല്യം എന്നത് വ്യാവസായിക വിപ്ലവത്തിനു ശേഷമുണ്ടായ കണ്ടുപിടിത്തമാണെന്ന് വിദ്യാഭ്യാസ വിചക്ഷണനായ ഇവാൻ ഇല്ലിച്ച് (Ivan Illich) നിരീക്ഷിച്ചിട്ടുണ്ട്. കാർഷിക സമൂഹങ്ങളിൽ കുട്ടികളും മുതിർന്നവരും ഒരേ തരം വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. വലിപ്പത്തിൽ വ്യത്യാസമുണ്ടായിരുന്നെന്ന് മാത്രം.  പല കാർഷിക സമൂഹങ്ങളിലും ഈ രീതി ഇപ്പോഴും കാണാവുന്നതാണ്. വ്യാവസായികയുഗം ‘ബാല്യം’ കണ്ടുപിടിക്കുകയും കുട്ടികൾക്കായി പ്രത്യേകം വസ്ത്രങ്ങൾ തയ്യാറാക്കാൻ ഒരു പുതിയ വ്യവസായമേഖല സൃഷ്ടിക്കുകയും ചെയ്തുവെന്ന് ഇല്ലിച്ച് ചൂണ്ടിക്കാണിക്കുന്നു. ആധുനിക സമൂഹങ്ങൾ ഇപ്പോൾ കുട്ടികളെ പ്രത്യേക അവകാശങ്ങളുള്ള ഒരു വിഭാഗമായി കണക്കാക്കുന്നു. അവയിൽ പ്രധാനപ്പെട്ടത് വിദ്യാഭ്യാസം നേടാനുള്ള അവകാശമാണ്. ആ അവകാശം നിഷേധിക്കപ്പെടുന്നുവെന്നതാണ് ബാലവേലയെ അസ്വീകാര്യമാക്കുന്ന ഏറ്റവും വലിയ ഘടകം. 

ലോകത്തെ വികസിതരാജ്യങ്ങൾ ഇപ്പോൾ ഉത്പാദന-നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യമുണ്ടായിരുന്ന വ്യാവസായികയുഗം പിന്നിട്ട് സേവനവ്യവസായങ്ങൾക്ക് കൂടുതൽ ഉയർന്ന സ്ഥാനമുള്ള വ്യാവസായികോത്തര കാലഘട്ടത്തിലാണ്. സേവനസമൂഹത്തിൽ വ്യാവസായികയുഗത്തിൽ രൂപപ്പെട്ട അണുകുടുംബ വ്യവസ്ഥ കടുത്ത വെല്ലുവിളികൾ നേരിടുന്നുണ്ട്. സാർവലൌകിക മനുഷ്യാവകാശ പ്രഖ്യാപനത്തിൽ ഉല്ലേഖനം ചെയ്തിട്ടുള്ള അവകാശങ്ങളിലൊന്ന് കുടുംബമായി കഴിയാനുള്ള അവകാശമാണ്. എന്നാൽ വിവാഹവും കുടുംബബന്ധവുമൊക്കെ നിരസിക്കുന്ന പ്രവണത ചില സമൂഹങ്ങളിൽ പ്രകടമായിട്ടുണ്ട്. സമൂഹ്യ‌ സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങൾ വ്യവസ്ഥയെ എങ്ങനെ മാറ്റിമറിച്ചാലും അന്തസ്സായി കഴിയാനുള്ള മനുഷ്യന്റെ – ആണിന്റെയും പെണ്ണിന്റെയും കുട്ടിയുടെയും – അവകാശത്തെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്തേ മതിയാകൂ. എന്നാൽ ആ അവകാശം നിഷേധിക്കുവാൻ ആഗ്രഹിക്കുന്ന ആരെങ്കിലുമൊക്കെ എപ്പോഴുമുണ്ടാകും.
സംഘടിത മതങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോൾ അവ ഉത്ഭവിച്ചത് ജനങ്ങളുടെ അവകാശങ്ങൾ ഉറപ്പുവരുത്താനാണെന്ന് കാണാനാവും. ഫാറോയുടെ കീഴിൽ ദുരിതം അനുഭവിച്ചിരുന്നവരെ മോശ അവിടെനിന്ന് പുറത്തേക്ക് നയിച്ചത് അന്തസ്സായി ജീവിക്കാനുള്ള അവസരം തേടിയാണ്. അയൽക്കാരനെ സ്നേഹിക്കുക എന്ന ബൈബിളിലെ പഴയ പുസ്തകത്തിലെ നിയമം യഥാർത്ഥത്തിൽ ഒരു സമൂഹത്തിന്റെ ആദ്യ മനുഷ്യാവകാശ പാഠമാണ്. അയൽക്കാരൻ തന്നെപ്പോലെ ഒരാളാണെന്ന തിരിച്ചറിവ് അതിന്റെ പിന്നിലുണ്ട്. യേശു ക്രിസ്തു ഒരു പടി കൂടി മുന്നോട്ടുപോയി ശത്രുവിനെ സ്നേഹിക്കാൻ ഉപദേശിച്ചു. ശത്രുവും തന്നെപ്പോലെ ഒരു മനുഷ്യനാണെന്നും ആ നിലയ്ക്ക് തനിക്ക് തുല്യനാണെന്നുമുള്ള തിരിച്ചറിവാണ് ആ ഉപദേശത്തിൽ പ്രകടമായത്. ഒരേ ദൈവത്തിന്റെ മക്കളെന്ന നിലയിൽ എല്ലാ മനുഷ്യരും തുല്യരാണെന്ന ആശയത്തിലൂടെ ഇസ്ലാം സാഹോരര്യസങ്കല്പത്തെ കൂടുതൽ ഉയരത്തിലെത്തിച്ചു. ജാതിവ്യവസ്ഥയിലൂടെ മനുഷ്യരെ വ്യത്യസ്ത തലങ്ങളിലായി വിഭജിച്ചു നിർത്തിയ ഹിന്ദുമതം വളരുന്ന അവകാശബോധ പ്രവണതക്ക് ഒരപവാദമാണെന്ന് ഒറ്റ നോട്ടത്തിൽ തോന്നിയേക്കാം. എന്നാൽ ജാതിവ്യവസ്ഥക്ക് അടിത്തറ പാകിയ ചാതുർവർണ്യം വ്യാഖ്യാനങ്ങളിലൂടെയും ഇതിഹാസങ്ങളിലൂടെയും  പിൽക്കാലത്ത് ഏകീകരിക്കപ്പെടുകയും വിദേശികൾ ഹിന്ദുമതം എന്ന പേരു നൽകുകയും ചെയ്ത ബഹുസ്വര ചിന്താധാരയിലെ ഒരംശം മാത്രമാണ്. അതിന് ആധികാരികത നൽകുന്ന ഋഗ്വേദത്തിലെ പുരുഷസൂക്തവും ഗീതയിലെ ചാതുർവർണ്യം മയാസൃഷ്ടം എന്ന വരിയും ജാതിവ്യവസ്ഥയെ നിലനിർത്താൻ പിന്നീട് എഴുതിച്ചേർക്കപ്പെട്ടതാണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭാരതീയ ചിന്താധാരയിലെ അത്യുദാത്തമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഉപനിഷത്തുക്കൾ എല്ലാ മനുഷ്യരിലും ഈശ്വരാംശമുണ്ടെന്ന് പ്രഖ്യാപിക്കുന്നു. സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിക്കുള്ള സാമഗ്രിയുമെല്ലാം ഒന്നാണെന്ന അദ്വൈതചിന്തയിളുള്ളത് മനുഷ്യരെ മാത്രമല്ല സർവ ചരാചരാങ്ങളെയും ഉൾക്കൊള്ളുന്ന തുല്യതാ സങ്കല്പമാണ്..

ഒരർത്ഥത്തിൽ, മതങ്ങളെപ്പോലെ, രാഷ്ട്രീയ പ്രസ്ഥാനങ്ങളും തൊഴിലാളി സംഘടനകളും സാമുദായിക കൂട്ടായ്മകളുമൊക്കെ അവകാശ സംരക്ഷകരായാണ് രൂപംകൊണ്ടിട്ടുള്ളത്. വളർന്ന് സംഘടിതശക്തികളാകുമ്പോ പ്രസ്ഥാനങ്ങളുടെ സ്വഭാവത്തിലും സമീപനത്തിലും പലപ്പോഴും മാറ്റങ്ങളുണ്ടാകുന്നു. അവയുടെ താല്പര്യം സ്വന്തം അണികളിലേക്ക് ചുരുങ്ങുകയും അവരുടെ അവകാശങ്ങൾ ഉറപ്പിക്കാനുള്ള ശ്രമത്തിൽ വേണ്ടിവന്നാൽ മറ്റ് വിഭാഗങ്ങളുടെ അവകാശങ്ങളെ ഹനിക്കാനും അവർ തയ്യാറാകുന്നു. എല്ലാവർക്കും അവകാശങ്ങളുണ്ടെന്നും അവ മാനിക്കപ്പെടണമെന്നുമുള്ള വിശ്വാസം പ്രസ്ഥാനങ്ങളുടെ നേതൃത്വങ്ങൾക്കുണ്ടാവുകയും അത് അണികളിലേക്ക് വ്യാപിക്കുകയും ചെയ്താൽ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. നിർഭാഗ്യവശാൽ, അവകാശസങ്കല്പം വികസിപ്പിക്കുന്നതിനു പകരം, സങ്കുചിത  സ്വാർത്ഥ താല്പര്യം മുൻനിർത്തി അതിനെ ഏതെങ്കിലും തലത്തിൽ പരിമിതപ്പെടുത്തി നിർത്താനാണ് പ്രസ്ഥാനങ്ങൾ സാധാരണയായി ശ്രമിക്കുന്നത്.

വ്യക്തിയുടെ മനുഷ്യാവകാശ അവബോധം വികസിക്കുന്നത് മാനസിക വളർച്ചക്കൊപ്പമാണ് നവജാത ശിശുവിന്റെ ലോകത്തിൽ സ്വന്തം അമ്മ മാത്രമേയുള്ളു. അച്ഛനും കുടുംബത്തിലെ മറ്റംഗങ്ങളും പിന്നീട് അതിലേക്ക് കടന്നു വരുന്നു. കുട്ടി വളരുമ്പോൾ കളിക്കൂട്ടുകാരെയും അയൽ‌വാസികളെയും മറ്റും ഉൾപ്പെടുത്തിക്കൊണ്ട് അതിന്റെ ലോകം വികസിക്കുന്നു. ജാതി, മതം, വാസസ്ഥലം, ആശയപ്രപഞ്ചം എന്നിവയുമായൊക്കെ പരിചയപ്പെടുമ്പോൾ പലതരം ആളുകളെടെ സാന്നിധ്യം തിരിച്ചറിയുകയും ആഭിമുഖ്യമുള്ളവരെ ഉൾപ്പെടുത്താനാവും വിധം ലോകം പിന്നെയും വികസിക്കുകയും ചെയ്യുന്നു. വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ, സ്വാർത്ഥ താല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ, വ്യക്തിയെ പിടിച്ചു നിർത്താൻ ശ്രമങ്ങളുണ്ടാകാറുണ്ട്. അവ വിജയിച്ചാൽ ആ വ്യക്തിയുടെ ലോകം കുടുംബത്തിലൊ ജാതിയിലൊ മതത്തിലൊ സംസ്ഥാനത്തൊ രാജ്യത്തൊ ഒക്കെയായി പരിമിതപ്പെടുത്തപ്പെടും. ഓരോ വ്യക്തിത്വവും വ്യത്യസ്ത അസ്തിത്വങ്ങളുടെ അംശങ്ങളടങ്ങുന്നതാണ്. ഇവയ്ക്കിടയിൽ പ്രകടമാകുന്ന വൈരുദ്ധ്യങ്ങൾ പലപ്പോഴും അയഥാർത്ഥമാണ്. ഏതെങ്കിലുമൊന്നിന് അമിതപ്രാധാന്യം നൽകുന്നതുകൊണ്ടാണ് വൈരുദ്ധ്യങ്ങളുണ്ടാകുന്നത്. വികാസം ഏതെങ്കിലും തലത്തിൽ പിടിച്ചു നിർത്താനുള്ള തല്പര കക്ഷികളുടെ ശ്രമങ്ങൾ മറികടക്കാനായാൽ ഏതൊരു വ്യക്തിക്കും താനൊരു വിശാലമായ മനുഷ്യസമൂഹത്തിന്റെ ഭാഗമാണെന്നും ആ സമൂഹത്തിന് പൊതുവായ അവകാശങ്ങളുണ്ടെന്നും തിരിച്ചറിയാനാകും.

മനുഷ്യന് അന്തസ്സായി ജീവിക്കാനുള്ള അവകാശങ്ങൾ എന്ന സങ്കല്പം ലളിതമാണെങ്കിലും അവ ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ചിലപ്പോൾ സങ്കീർണ്ണമായ പ്രശ്നങ്ങൾ ഉയർന്നു വരും. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുത്ത് തിരിച്ചുനൽകാനുണ്ടാക്കിയ നിയമം കേരളത്തിൽ സജീവമായി ചർച്ച ചെയ്യപ്പെട്ട വേളയിൽ ഭൂമി കയ്യടക്കിയ കുടിയേറ്റ കർഷകർ ഉയർത്തിയ വാദങ്ങൾ ഇതിനുദാഹരണമാണ്. തങ്ങൾ ഭൂമി പണം കൊടുത്തു വാങ്ങിയതാണ്, ഏതാനും വർഷങ്ങളായി പ്രതികൂല സാഹചര്യങ്ങൾ നേരിട്ടുകൊണ്ട് കൃഷി ചെയ്തുവരികയാണ്, ഉടമസ്ഥാവകാശം പല തവണ കൈമറിഞ്ഞിട്ടുണ്ട് എന്നിങ്ങനെ പോയി അവരുടെ വാദങ്ങൾ. രണ്ട് വിഭാഗങ്ങളുടെ അവകാശങ്ങൾ തമ്മിൽ ഈ വിധത്തിൽ സംഘട്ടനമുണ്ടാകുമ്പോൾ മനുഷ്യാവകാശ സംരക്ഷകർ കൂടുതൽ ദുർബലമായ വിഭാഗത്തോടൊപ്പമാണ് നിൽക്കേണ്ടത്. ആദിവാസികളും കുടിയേറ്റക്കാരും തമ്മിലുള്ള  തർക്കത്തിൽ വാസ്തവത്തിൽ അത്തരത്തിലുള്ള ഒരു തെരഞ്ഞെടുപ്പു ആവശ്യമായിരുന്നില്ല. കാരണം കുടിയേറ്റക്കാരുടെ അവകാശം നിയമപരമായി നിലനിൽക്കുന്നതായിരുന്നില്ല. ആദിവാസികൾക്ക് വനഭൂമിയിൽ താമസിക്കാനും ഉപജീവനം നടത്താനുമുള്ള അവകാശം മാത്രമാണുണ്ടായിരുന്നത്. വനഭൂമിയുടെമേൽ ഉടമസ്ഥാവകാശം ഇല്ലാതിരുന്നതുകൊണ്ട് ആദിവാസിക്ക് അത് വിൽക്കാനും കുടിയേറ്റക്കാരന് അത് വാങ്ങാനും കഴിയുമായിരുന്നില്ല. ഭൂമിക്കായി കുടിയേറ്റക്കാരൻ പണം കൊടുത്തിരുന്നെങ്കിൽ തന്നെ അത് നിയമസാധുതയുള്ള ക്രയവിക്രയമായിരുന്നില്ല. അങ്ങനെയൊരു ഭൂമികൈമാറ്റം നടന്നതിന് രേഖയുണ്ടെങ്കിൽ ഉദ്യോഗസ്ഥന്മാർക്ക് കൈക്കൂലി കൊടുത്ത് നേടിയതാണെന്ന് ഉറപ്പാക്കാം. അതുകൊണ്ടാണ് കാശു കൊടുത്തെങ്കിൽ തന്നെയും ഭൂമി തട്ടിയെടുത്തതായി കണക്കാക്കുമെന്ന് നിയമസഭയിൽ റവന്യു മന്ത്രി ബേബി ജോൺ പറഞ്ഞത്.

കേരള നിയമസഭയിലെ ഭരണപ്രതിപക്ഷ കക്ഷികൾ ഐകകണ്ഠ്യേനയാണ് ആ നിയമം പാസാക്കിയത്. കുടിയേറ്റക്കാർക്ക് രാഷ്രീയ-മതശക്തികളുടെ പിന്തുണയുണ്ടായിരുന്നതുകൊണ്ട് ഇരുമുന്നണികളും അധികാരത്തിലിരിക്കെ അത് നടപ്പാക്കാൻ കൂട്ടാക്കിയില്ല. സംസ്ഥാനത്തെ സാഹചര്യങ്ങളിൽ അത് നടപ്പാക്കാൻ കഴിയില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ അവർക്ക് മടിയുമുണ്ടായില്ല. രാഷ്ട്രീയനേതൃത്വങ്ങൾ പ്രശ്നപരിഹാരത്തിന് പിന്നീട് മുന്നോട്ടുവെച്ച നിർദ്ദേശം ഭൂമി നഷ്ടപ്പെട്ട ആദിവാസികാൾക്ക് വേറെ ഭൂമി നൽകുകയെന്നതാണ്. ആദിവാസികൾക്ക് വനഭൂമിയുമായുള്ള ബന്ധം മറ്റ് കർഷകർക്ക് കൃഷിഭൂമിയുമായുള്ള ബന്ധത്തിൽ നിന്ന് വ്യത്യസ്തമാണ്. ആ നിലയ്ക്ക് ആദിവാസികളുടെ ഭൂമി വീണ്ടെടുത്ത് അവർക്ക് തിരികെ നൽകിയിട്ട് കൈയേറ്റക്കാർക്ക് വേറേ ഭൂമി നൽകുകയായിരുന്നു കൂടുതൽ ഉചിതം. ദുർബലരുടെ അവകാശങ്ങൾ ചവിട്ടിമെതിക്കുന്ന ശക്തന്മാർക്ക് കൂട്ടുനിൽക്കുന്ന ഭരണകൂടങ്ങൾക്കുണ്ടോ അങ്ങനെ ചിന്തിക്കാൻ കഴിയുന്നു?

ജനങ്ങളെ സംരക്ഷിക്കാൻ ബാധ്യസ്ഥരായവർ കടമ നിറവേറ്റുന്നതിൽ പരാജയപ്പെടുന്നതു കൊണ്ട് ലോകമൊട്ടുക്കും മനുഷ്യാവകാശങ്ങൾ വ്യാപകമായി ലംഘിക്കപ്പെടുന്നുണ്ട്. രാജ്യത്ത് ക്രമസമാധാനം നിലനിർത്തുന്നതിനായി സജ്ജമാക്കിയിട്ടുള്ള സേനയെന്ന നിലയിൽ പൊലീസ് മനുഷ്യാവകാശസംരക്ഷകരുടെ ഒന്നാം നിരയാണ്. ജനാധിപത്യ വ്യവസ്ഥയിൽ പൊലീസിന് ജനങ്ങളുടെ താല്പര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കാനുള്ള ചുമതലയുമുണ്ട്. പക്ഷെ പൊലീസിന്റെ ഭാഗത്തു നിന്ന് പലപ്പോഴും അതിക്രമങ്ങളുണ്ടാകുന്നു. സാധാരണയായി ഇതിന്റെ ദുരന്തം അനുഭവിക്കുന്നത് ദുർബല വിഭാഗങ്ങളാണ്. കൊളോണിയൽ കാലത്തെ രീതി പിന്തുടർന്ന് നമ്മുടെ ജനാധിപത്യ ഭരണകൂടവും ചിലപ്പോൾ ക്രമസമാധാനപ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പട്ടാളത്തെ നിയോഗിക്കാറുണ്ട്. ഇത് സാധ്യമാക്കാനായി ബ്രിട്ടീഷു ഭരണകാലത്ത് നിലനിന്നിരുന്നതും അതിക്രമം കാട്ടുന്ന പട്ടാളക്കാർക്ക് സംരക്ഷണം നൽകുന്നതുമായ ഒരു നിയമം സർക്കാർ വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവന്നിട്ടുണ്ട്. പട്ടാളം ശത്രുക്കളെ നേരിടാനുള്ളതാണ്. ആ ആവശ്യം മുൻ‌നിർത്തിയുള്ള പരിശീലനമാണ് പട്ടാലക്കാർക്ക് നൽകുന്നത്. ക്രമസമാധാനം പാലിക്കൻ നിയോഗിക്കപ്പെടുന്ന പട്ടാളക്കാർ സ്വന്തം ജനങ്ങളെയും ശത്രുക്കളെപ്പോലെ കൈകാര്യം ചെയ്യുന്നതിന്റെ ഫലമായി ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളുണ്ടാകുന്നു. മണിപ്പൂരിൽ ഇറോം ശർമിള എന്ന കവയത്രി പട്ടാളക്കാർക്ക് വിശേഷാൽ അധികാരം നൽകുന്ന നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പതിനൊന്നു കൊല്ലമായി നിരാഹാര സമരം നടത്തിവരികയാണ്. അവർക്കെതിരെ ആത്മഹത്യാശ്രമത്തിന് തുടർച്ചയായി കേസെടുത്ത് ശിക്ഷ വാങ്ങിക്കൊടുത്ത് ആശുപത്രിയിലാക്കി ബലമായി കുഴലിലൂടെ ദ്രവാഹാരം നൽകി സർക്കാർ അവരുടെ ജീവൻ നിലനിർത്തുകയാണ് ചെയ്യുന്നത്. ഒരവസരത്തിൽ ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് പുറത്തു വന്നയുടൻ തന്റെ ആവശ്യത്തിലേക്ക് കൂടുതൽ ശ്രദ്ധയാകർഷിക്കാനായി ശർമിള സമരവേദി ഡൽഹിയിലേക്ക് മാറ്റി. എന്നിട്ടും ദേശീയ മാധ്യമങ്ങൾ അതവഗണിച്ചു. സർക്കാർ ശർമിളയെ അറസ്റ്റ് ചെയ്ത് മണിപ്പൂരിലേക്ക് തിരിച്ചു കൊണ്ടുപോയി. പട്ടാളവും പൊലീസും നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളെ സർക്കാരുകൾ  ലാഘവബുദ്ധിയോടെയും മാധ്യമങ്ങളും മദ്ധ്യവർഗ്ഗസമൂഹവും ഉദാസീനതയോടെയുമാണ് വീക്ഷിക്കുന്നതെന്ന് ശർമിളയുടെ സഹന സമരത്തോടുള്ള സമീപനം തെളിയിക്കുന്നു.

മനുഷ്യാവകാശങ്ങളെ ബഹുവചനത്തിലാണ് പരാമർശിക്കാറുള്ളതെങ്കിലും യഥാർത്ഥത്തിൽ അത് ഏകവും അവിഭാജ്യവുമാണ്. ഒരു വിഭാഗത്തിന്റെ അവകാശങ്ങൾ ഹനിക്കപ്പെടുമ്പോൾ മറ്റ് വിഭാഗങ്ങളുടെ അവകാശങ്ങളും അപകടം നേരിടുന്നു. മനുഷ്യാവകാശ പ്രവർത്തകർക്കിടയിൽ വലിയ പ്രചാരം ലഭിച്ചിട്ടുള്ള മാർട്ടിൻ നീമുള്ളർ (Martin Niemöller) എന്ന പാതിരിയുടെ അനുഭവകഥ ഇത് ഉദാഹരിക്കുന്നു. ഹിറ്റ്ലറുടെ കോൺസെൻ‌ട്രേഷൻ ക്യാമ്പുകളിൽ അഞ്ചു വർഷം കഴിഞ്ഞ അദ്ദേഹത്തിന്റെ വാക്കുകൾ* ഇങ്ങനെ:

ആദ്യം അവർ സോഷ്യലിസ്റ്റുകൾക്കായി വന്നു
ഞാൻ മിണ്ടിയില്ല
എന്തെന്നാൽ ഞാൻ സോഷ്യലിസ്റ്റ് ആയിരുന്നില്ല.

പിന്നീട് അവർ ട്രെയ്ഡ് യൂണിയൻ‌കാർക്കായി വന്നു
ഞാൻ മിണ്ടിയില്ല
എന്തെന്നാൽ ഞാൻ ട്രെയ്ഡ് യൂണിയൻ‌കാരനായിരുന്നില്ല.

പിന്നീട് അവർ ജൂതന്മാർക്കായി വന്നു
ഞാൻ മിണ്ടിയില്ല
എന്തെന്നാൽ ഞാൻ ജൂതനായിരുന്നില്ല.

പിന്നീട് അവർ എനിക്കായി വന്നു
അപ്പോൾ എനിക്കുവേണ്ടി സംസാരിക്കാൻ
ആരും ബാക്കിയുണ്ടായിരുന്നില്ല.

അപരൻ, മിത്രമായാലും ശത്രുവായാലും, തനിക്കുള്ള എല്ലാ അവകാശങ്ങൾക്കും തന്നെപ്പോലെ തന്നെ അർഹതയുള്ളവനാണെന്ന് കരുതാനാകുമ്പോൾ മാത്രമെ ഒരാൾക്ക് മനുഷ്യാവകാശ അവബോധമുണ്ടെന്ന് പറയാനാകൂ. ഈജിപ്തിൽ നിന്നുള്ള ഒരു കഥ മണലാരണ്യത്തിലെ ഒരു യാത്രാനുഭവം വിവരിക്കുന്നുണ്ട്. മണലല്ലാതെ മറ്റൊന്നും കണ്ണിൽ പെടാതെ വളരെ ദൂരം നടന്ന ശേഷം വിദൂര ചക്രവാളത്തിൽ കറുത്ത ഒരു പൊട്ടു കണ്ടു. യാത്ര തുടരുകയും ദൂരം കുറയുകയും ചെയ്തപ്പോൾ, ഓരോരോ ഘട്ടത്തിലായി, അതൊരു ജീവിയാണെന്നും, തന്നെപ്പോലെ ഒരു മനുഷ്യനാണെന്നും, ഒടുവിൽ, സ്വന്തം സഹോദരനാണെന്നും യാത്രികൻ തിരിച്ചറിയുന്നു. മറ്റേ ആൾ സഹോദരനൊ സഹോദരിയൊ ആണെന്ന് തിരിച്ചറിയാൻ കഴിയാത്തത് ദൂരത്തിന്റെ മാത്രം പ്രശ്നമല്ല. മഹാകവി ചൂണ്ടിക്കാണിച്ചതുപോലെ ‘അടുത്തുനില്പോരനുജനെ കാണാൻ അക്ഷികളില്ലാത്ത‘ അവസ്ഥയുമുണ്ട്.

ദുർബലരെ ചൂഷണം ചെയ്യാനുള്ള വാസന ശക്തന്മാർ എന്നും പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു ചൂഷക വിഭാഗത്തെ ഇല്ലാതാക്കുമ്പോൾ മറ്റൊന്ന് ഉയർന്നു വരുന്നതാണ് നാം പലപ്പോഴും കാണുന്നത്. ഇതിന്റെ അർത്ഥം ചൂഷണവുമായി സമരസപ്പെടണമെന്നല്ല, അതിനെതിരെ നിരന്തരം പോരാടണമെന്നാണ്. ആ നിലയ്ക്ക് മനുഷ്യാവകാശ പോരാട്ടങ്ങൾ ഒരിക്കലും നിലയ്ക്കുന്നില്ല.   

*നീമുള്ളറുടെ വാക്കുകൾ പല രൂപത്തിൽ പ്രചരിച്ചിട്ടുണ്ട്. അദ്ദേഹം ഉപയോഗിച്ച വാക്കുകൾ കണ്ടെത്താൻ ഗവേഷണം നടത്തുന്ന യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ (സാന്താ ബാർബറ) ജർമ്മൻ ചരിത്രം പ്രൊഫസർ ഹരോൾഡ് മാർക്യൂസ് (Harold Marcuse) സ്വന്തം വെബ്സൈറ്റിൽ (http://www.history.ucsb.edu/faculty/marcuse/niem.htm) കൊടുത്തിട്ടുള്ളതിന്റെ സ്വതന്ത്ര പരിഭാഷയാണിത്.

(പിറവി, ജൂൺ 2012)

ഹിംസയിൽ വിപ്ലവമില്ല

ബി.ആർ.പി.ഭാസ്കർ

ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമല്ല. ഈ വസ്തുത ചിലർ നമ്മെ കഴിഞ്ഞ ദിവസങ്ങളിൽ  ഓർമ്മിപ്പിക്കുകയുണ്ടായി. ഇതിനു തെളിവായി കഴിഞ്ഞ നാല്പതു കൊല്ലക്കാലത്ത് കൊല്ലപ്പെട്ട സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകരുടെ പേരുകൾ അവർ നിരത്തുകയും ചെയ്തു. പട്ടികയിലെ അവസാന പേര് ചന്ദ്രശേഖരൻ വധിക്കപ്പെടുന്നതിനു തൊട്ടു മുമ്പു കൊല്ലപ്പെട്ട ഒരു യുവാവിന്റേതാണ്.  മുൻ കൊലപാതകങ്ങൾ ഉണ്ടാക്കാഞ്ഞ അമർഷവും പ്രതിഷേധവും ചന്ദ്രശേഖരന്റെ കൊലപാതകം ഉണ്ടാക്കുന്നതെന്തെന്ന് അവർ ചോദിച്ചു. അവയിൽ എടുത്തതിലേറെ താല്പര്യം മാദ്ധ്യമങ്ങൾ ചന്ദ്രശേഖരന്റെ വധത്തിൽ എടുക്കുന്നതെന്തിനാണെന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ആരാഞ്ഞു. ചന്ദ്രശേഖരൻ വധം സംബന്ധിച്ച ടെലിവിഷൻ ചർച്ചയിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ച സി.പി.എം. അനുകൂലിയായ മാദ്ധ്യമപ്രവർത്തകൻ ഒപ്പമുള്ളവർ വികാരപരമായി സംസാരിക്കുന്നെന്ന് പരാതിപ്പെട്ടുകൊണ്ട് പിൻവാങ്ങി. ഈ വ്യത്യസ്ത പ്രതികരണങ്ങളിൽ വാക്കുകളിൽ പ്രകടിപ്പിക്കാത്ത ഒരാശയമുണ്ട്. അത് കൊലപാതകം രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായി അംഗീകാരം നേടിയിട്ടുണ്ടെന്നും അതുകൊണ്ട് വികാരപ്രകടനങ്ങൾ അസ്ഥാനത്താണെന്നതുമാണ്. ചില സാംസ്കാരിക പ്രവർത്തകരുടെ മൌനം ചർച്ചാവിഷയമായി. മാദ്ധ്യമങ്ങൾ പ്രതികരണം തേടിയപ്പോൾ തങ്ങൾ  പ്രതികരണ ത്തൊഴിലാളികളല്ലെന്നും സമയവും സൌകര്യവും നോക്കി പ്രതികരിക്കുമെന്നൊക്കെ പറഞ്ഞു അവർ ഒഴിഞ്ഞു മാറിയപ്പോൾ മൌനം ബോധപൂർവമാണെന്ന് വ്യക്തമായി. സംസാരിച്ചവരും സംസാരിക്കാൻ വിസമ്മതിച്ചവരും ചന്ദ്രശേഖരന്റെ വധവുമായി സി.പി.എമ്മിന് ബന്ധമുണ്ടെന്ന പ്രചരണം ഒരളവുവരെയെങ്കിലും പങ്കിടുന്നവരാണ്.

ഇതെഴുതുന്നത് ചന്ദ്രശേഖരൻ കൊല്ലപ്പെട്ട് മൂന്നാഴ്ചയിലധികം കഴിഞ്ഞാണ്. കൊലയാളി സംഘത്തിൽ ഏഴു പേർ ഉണ്ടായിരുന്നെന്ന് പറയുന്ന പൊലീസ് അതിൽ ഒരാളെ മാത്രമെ പിടി കൂടിയിട്ടുള്ളു. ഏരിയ കമ്മിറ്റി സെക്രട്ടറിയുടെയും ജില്ലാ കമ്മിറ്റി അംഗത്തിന്റെയും  തലം വരെയുള്ളവർ ഗൂഢാലോചനയിലെ പങ്കാളികളെന്ന നിലയിലൊ കൊലയാളികൾക്ക് സഹായം നൽകിയവരെന്ന നിലയിലൊ  അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ ഏജൻസികൾ നിരവധി കൊല്ലം അന്വേഷിച്ചിട്ടും ഇനിയും അന്ത്യം കണ്ടിട്ടില്ലാത്ത ചേകന്നൂർ മൌലവി കൊലക്കേസും സിസ്റ്റർ അഭയ കൊലക്കേസും ശക്തരായ സംരക്ഷകരുള്ള പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ അന്വേഷണ സംവിധാനങ്ങൾക്ക് പരിമിതികളുണ്ടെന്ന് വ്യക്തമാക്കുന്നു. കൊല്ലങ്ങളായി രാഷ്ട്രീയ നുഴഞ്ഞുകയറ്റങ്ങൾക്കു വിധേയമായിട്ടുള്ള പൊലീസ് അന്വേഷണ സംവിധാനങ്ങളെ സ്വാധീനിക്കാൻ ഏതൊരു മതസ്ഥാപനത്തേക്കാളും കഴിവ് പ്രതിപക്ഷത്തുള്ള രാഷ്ട്രീയ കക്ഷികൾക്കു പോലുമുണ്ട്. അന്തിമമായി തീപ്പ് കല്പിക്കേണ്ടത് കോടതികളാണ്. അവയെ ബോധ്യപ്പെടുത്താൻ പ്രോസിക്യൂഷന് കഴിയുമോഎന്നറിയേണ്ടിയിരിക്കുന്നു. ആ നിലയ്ക്ക് ചന്ദ്രശേഖരന്റെ വധം സി.പി.എം. ആസൂത്രണം ചെയത് നടപ്പാക്കിയതാണെന്ന ധാരണ ശക്തിപ്പെടുത്താൻ പോരുന്ന വാർത്തകൾ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ടെങ്കിലും കേസിന്റെ ഗതി എന്താകുമെന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

മൂന്ന് കൊല്ലമായി സി.പി.എമ്മിന് അതിന്റെ ശക്തികേന്ദ്രമായി അറിയപ്പെട്ടിരുന്ന ഓഞ്ചിയത്ത് കടുത്ത വെല്ലുവിളി ഉയർത്തിയിരുന്ന ചന്ദ്രശേഖരനെ കൊലപാതകത്തിനു പിന്നിൽ പാർട്ടിയാണെന്ന ആരോപണവുമായി ഭരണകക്ഷിയായ കോൺഗ്രസിന്റെ നേതാക്കൾ ഉടൻതന്നെ  രംഗത്തു വരുകയുണ്ടായി. ഒന്നിനു പിറകെ ഒന്നായി നിരവധി സി.പി.എം നേതാക്കളും പ്രവർത്തകരും കസ്റ്റഡിയിലായപ്പോൾ അവർ ചൂണ്ടിക്കാണിക്കുന്നവരെയാണ് പൊലീസ് പിടിക്കുന്നതെന്ന് പാർട്ടി നേതൃത്വം ആരോപിച്ചു. അങ്ങനെ രണ്ട് കൂട്ടരും കൂടി പ്രശ്നത്തെ യു.ഡി.എഫ്/എൽ.ഡി.ഫ്  അഥവാ കോൺഗ്രസ്/സി.പി.എം ചട്ടക്കൂട്ടിനുള്ളിലാക്കി. സധാരണഗതിയിൽ അതോടെ കോൺഗ്രസ് പറയുന്നത് യു.ഡി.എഫുകാരും സി.പി.എം പറയുന്നത് എൽ.ഡി.എഫുകാരും വേദവാക്യമായി സ്വീകരിച്ചുകൊണ്ട് ‘എല്ലാം മുറപോലെ’ പോകേണ്ടതായിരുന്നു. എന്നാൽ അതുണ്ടായില്ല. സി. പി.എമ്മിന്റെ വിശദീകരണം സി.പി.ഐ. മുഖവിലക്കെടുത്തില്ല. അത് അക്രമരാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞു. മറ്റ് ഘടക കക്ഷികൾ മൌനം അവലംബിച്ചു. സി.പി.എമ്മിനുള്ളിൽ നിന്നു വി.എസ്. അച്യുതാനന്ദൻ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനോടുള്ള വിയോജിപ്പ് അദ്ദേഹത്തിന്റേതായ രീതിയിൽ പരസ്യമായി പ്രകടിപ്പിച്ചു. നേരത്തെ മൌനം പാലിച്ച ചില സാംസ്കാരിക പ്രവർത്തകരും തങ്ങൾ എല്ലാ കൊലപാതകങ്ങൾക്കും എതിരാണെന്ന് പറഞ്ഞു. ഇതിനിടെ കാര്യങ്ങൾ കൈവിട്ടുപോകുന്നെന്ന് തിരിച്ചറിഞ്ഞുകൊണ്ട് പാർട്ടി പ്രതിരോധ നടപടികൾ ആരംഭിച്ചു. നേതാക്കളെ കള്ളക്കേസുകളിൽ കുടുക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധ പ്രകടങ്ങളും നിലപാട് വ്യക്തമാക്കാൻ വിശദീകരണ യോഗങ്ങളും സംഘടപ്പിക്കപ്പെട്ടു. ആദ്യത്തേത് ജില്ലാ കമ്മിറ്റി അംഗതലം വരെയെത്തിയ പൊലീസിന്റെ കൈകൾ അതിനു മുകളിലേക്ക് പോകുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നെങ്കിൽ രണ്ടാമത്തേത് പാർട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും മനോബലം നിലനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. എം.വി. ജയരാജൻ കുത്തിയിരിപ്പ് നടത്തിയതിന്റെ ഫലമായി അറസ്റ്റ് ചെയ്ത ഒരു പാർട്ടി പ്രവർത്തകനെ പൊലീസ് തന്നെ ജാമ്യത്തിൽ വിട്ടത് പാർട്ടിക്ക് പൊലീസിനെ സമ്മർദ്ദത്തിലാക്കാനുള്ള കഴിവിന് തെളിവാണ്. അറസ്റ്റിലായ ഏതെങ്കിലും പ്രാദേശിക നേതാവിനു വേണ്ടിയായിരുന്നില്ല ഒരു ആഫീസ് സെക്രട്ടറിക്കുവേണ്ടിയായിരുന്നു ജയരാജൻ സമ്മർദ്ദം ചെലുത്തിയത്.

പ്രശ്നത്തെ യു.ഡി.എഫ്/എൽ.ഡി.എഫ് ചട്ടക്കൂട്ടിനുള്ളിലാക്കിയിട്ടും പാർട്ടി ഭാഷ്യത്തെ കുറിച്ച്   അണികളിലും അനുഭാവികളിലും സംശയം അവശേഷിക്കുന്നുവെന്നത് അവരും ചന്ദ്രശേഖരൻ വധത്തെ കേവലം മറ്റൊരു കൊലപാതകമായല്ല കാണുന്നതെന്ന് വ്യക്തമാക്കുന്നു. കെ. ആർ. ഗൌരിയമ്മയെയും എം.വി. രാഘവനെയും പോലെ പാർട്ടി പുറത്താക്കിയ ഉന്നതരിൽ നിന്ന് ചന്ദ്രശേഖരനെ വ്യത്യസ്തനാക്കുന്ന രണ്ട് ഘടകങ്ങളുണ്ട്. ഒന്ന് അവരെപ്പോലെ യു.ഡി.എഫ് കൂടാരത്തിലേക്ക് പോകാതെ സ്വതന്ത്ര ഇടതുപക്ഷമായി നിലയുറപ്പിച്ചുവെന്നതാണ്. മറ്റേത്  പ്രദേശത്തെ വലിയ വിഭാഗം പാർട്ടി അംഗങ്ങളെ ഒപ്പം നിർത്താൻ അദ്ദേഹത്തിന് ക്കഴിഞ്ഞു എന്നതാണ്. അങ്ങനെ അദ്ദേഹം പാർട്ടിക്ക് അവരേക്കാൾ വലിയ ഭീഷണിയായി. അതിലുള്ള രോഷമാണ് കൊലപാതകത്തിനു ശേഷവും സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ആവർത്തിച്ച കുലം‌കുത്തി പ്രയോഗത്തിൽ പ്രതിഫലിച്ചത്.      

സി.പി.എമ്മിനെ സംശയദൃഷ്ടിയോടെ വീക്ഷിക്കാൻ മറ്റ് കാരണങ്ങളുമുണ്ട്. പുത്തൻ കൂറ്റുകാർ പരമ്പരാഗത വിശ്വാസികളേക്കാൾ ആവേശം കാട്ടുന്നതുപോലെ സ്വാഭാവികമാണ് പുതിയ എതിരാളികളോട് പരമ്പരാഗത എതിരാളികളോടുള്ളതിനേക്കാൾ ശത്രുത കാട്ടുന്നത്. രാഷ്ട്രീയ എതിരാളികളെ പാർട്ടി നേരിടുന്നത് കായികമായല്ല ആശയപരമായാണ് എന്ന് നേതൃത്വം പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പ്രതിയോഗികളെ പാർട്ടി കത്തിയും വടിവാളുമായി നേരിട്ട നിരവധി സംഭവങ്ങൾ കഴിഞ്ഞ നാലു പതിറ്റാണ്ടു കാലത്തുണ്ടായിട്ടുണ്ട്. അതേസമയം ഏറ്റവുമധികം കൊല്ലപ്പെട്ടിട്ടുള്ളത്  സി.പി.എം കാരാണെന്ന പാർട്ടി വക്താക്കളുടെ പ്രസ്താവം ശരിയാണു താനും. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോൾ ഇതിന്റെ കാരണം വ്യക്തമാകും. ആദ്യം അവിടെ സംഘട്ടനങ്ങൾ നടന്നിരുന്നത് സി.പി.എം.കാരും കോൺഗ്രസുകരും തമ്മിലായിരുന്നു. സി.പി.എം. വിട്ട് കോൺഗ്രസിൽ ചേർന്നവരായിരുന്നു ഇരകളിൽ പലരും. പ്രത്യാക്രമണങ്ങളിൽ സി.പി.എം.കാർ കൊല്ലപ്പെട്ടു. സംരക്ഷണം നൽകാൻ കോൺഗ്രസ്സിനേക്കാൾ കഴിവ് ആർ.എസ്.എസ്സിനുണ്ടെന്ന ധാരണ പരന്നതോടെ പാർട്ടി വിടുന്നവർ ബി.ജെ.പി.യിലേക്ക് നീങ്ങുകയും കോൺഗ്രസ് സംഘട്ടന രംഗത്തു നിന്ന് നിഷ്ക്രമിക്കുകയും ചെയ്തു. അതോടെ കൊല്ലും കൊലയും സി.പി.എമ്മും ബി.ജെ.പിയും തമ്മിലായി. നാലു കൊല്ലം മുമ്പ് ഒരു സംഘട്ടന പരമ്പരയിൽ ആർ.എസ്.എസ്സിന്റെ കൊലക്ക് മറുപടിയായി സി.പി.എം കാർ കൂടുതൽ പേരെ കൊലപ്പെടുത്തിയപ്പോൾ ആർ.എസ്.എസ്. കേരളത്തിനു പുറത്ത് തിരിച്ചടിച്ചു. ഒരേ ദിവസം ദില്ലിയിലെ സി.പി.എം. ആസ്ഥാനത്തിനു നേരെയും ആന്ധ്രായിലെ വിജയവാഡ, തമിഴ് നാട്ടിലെ മധുര എന്നിവിടങ്ങളിലെ പാർട്ടി ആപ്പീസുകൾക്കു നേരെയും കർണ്ണാടകത്തിലെ പാർട്ടി സെക്രട്ടറിയയ മലയാളിയുടെ ബംഗ്ലൂരുവിലെ വീടിനു നേരെയും ആക്രമണമുണ്ടായി. കണ്ണൂരിൽ കൊടുത്താൽ കേരളത്തിനു പുറത്തു കിട്ടുമെന്ന അവസ്ഥ ഉണ്ടായതോടെ സി.പി.എം-ആർ.എസ്.എസ്. സംഘട്ടനങ്ങളിൽ ഗണ്യമായ കുറവുണ്ടായി. ഈ രണ്ട് പാർട്ടികളും തമ്മിലുള്ള പോരിൽ കൊല്ലപ്പെട്ടവർ ഒരു ജാതിയിൽ പെട്ടവരായിരുന്നു. ഇപ്പോൾ സി.ബി.ഐയും സംസ്ഥാന പൊലീസും അന്വേഷിച്ചു കൊണ്ടിരിക്കുന്ന രണ്ട് കേസുകളിൽ ഒന്നിൽ കൊല്ലപ്പെട്ടത് സി.പി.എം. വിട്ട് എൻ.ഡി.എഫിൽ ചേർന്നയാളും മറ്റേതിൽ കൊല്ലപ്പെട്ടത് സി.പി.എം. വിട്ട് മുസ്ലിം ലീഗിൽ ചേർന്നയാളുമാണ്.  മിക്കവാറും എല്ലാ സംഭവങ്ങളിലും ഒരു  ഭാഗത്ത് സി.പി.എം. ആയിരുന്നു. മറു ഭാഗത്ത് വിവിധ പാർട്ടികളും. മറ്റേതെങ്കിലും രണ്ട് കക്ഷികളിൽ പെട്ടവർ തമ്മിലുള്ള സംഘട്ടനങ്ങൾ ചുരുക്കമാണ്. കൊല്ലപ്പെട്ടവരിലേറെയും സി.പി എം.കാരായത് ഈ സാഹചര്യത്തിലാണ്.
സി.പി.എമ്മിനും എതിരാളികൾക്കും സംസ്ഥാനമൊട്ടുക്ക് വിപുലമായ ശൃംഖലകളുണ്ടായിട്ടും കൊലപാതങ്ങൾ ഏറെക്കുറെ ഒരു ചെറിയ പ്രദേശത്ത് ഒതുങ്ങിയിരുന്നതുകൊണ്ട് കണ്ണൂർ മേഖലയിലെ അക്രമങ്ങളെ ഗോത്രസ്മൃതിയുടെയും ചേകവ പാരമ്പര്യത്തിന്റെയുമൊക്കെ അടിസ്ഥാനത്തിൽ വിശദീകരിക്കാൻ ശ്രമങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ പാർട്ടിക്ക് ശക്തമായ പ്രത്യയശാസ്ത്രപരമായ അടിത്തറയുണ്ടെന്നത് വിസ്മരിച്ചുകൂടാ. ഹിംസ വിപ്ലവത്തിന്റെ ഒഴിവാക്കാനാകാത്ത ഭാഗമാണെന്ന അടിസ്ഥാനപരമായ മാർക്സിസ്റ്റ് വിശ്വാസം ഒറ്റപ്പെട്ട അക്രമങ്ങൾ തങ്ങളോടു തന്നെ ന്യായീകരിക്കാൻ എളുപ്പമാക്കുന്നു. വിപ്ലവത്തിനു പറ്റിയ സാഹചര്യം സംജാതമായിരിക്കുന്നെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ച കൊൽക്കത്ത തീസീസ് വേഗം ഉപേക്ഷിക്കപ്പെട്ടെങ്കിലും അന്നത്തെ സായുധസമരങ്ങളുടെ ഓർമ്മ ഇന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഊർജ്ജ സ്രോതസാണ്. കൊണ്ടാടപ്പെടുന്ന സമരങ്ങളിൽ ഒറ്റക്ക് കിട്ടിയ പൊലീസുകാരനെ കുത്തിക്കൊന്നതുപോലെയുള്ള കേവലമായ അക്രമങ്ങളും ഉൾപ്പെടുന്നു. അവയുടെ മഹത്വവത്കരണം വിപ്ലവത്തിൽ അക്രമമുണ്ടെന്ന സൂത്രവാക്യം അക്രമത്തിൽ വിപ്ലവമുണ്ട് എന്ന് തിരുത്തിക്കുറിച്ചു.  

പിളർപ്പിനെ തുടർന്ന് സി.പി.ഐ.യെ പിന്തള്ളി സി.പി.എം. ആധിപത്യം സ്ഥാപിച്ച മൂന്ന് സംസ്ഥാനങ്ങളിലും അതിന്റെ വളർച്ചയുടെ കാലഘട്ടം വ്യാപകമായ അക്രമത്തിന്റെ ഘട്ടം കൂടിയായിരുന്നു. പശ്ചിമ ബംഗാളിൽ രൂപം കൊണ്ട് കേരളത്തിലേക്ക് വ്യാപിച്ച ബന്ദ്, ഘെരാവൊ തുടങ്ങിയ സമരമുറകളുടെ വിജയത്തിൽ അക്രമവും ചെറുതല്ലാത്ത പങ്ക് വഹിച്ചു. അക്കാലത്ത് പശ്ചിമ ബംഗാളിൽ പാർട്ടിയെ നയിച്ചിരുന്ന ജ്യോതി ബസുവൊ കേരളത്തിൽ പാർട്ടിയെ നയിച്ചിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടൊ അക്രമ പ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചതിന് തെളിവില്ല. അക്രമം  സി.പി.എമ്മിന് സി.പി.ഐയേക്കാൾ വിപ്ലവവീര്യമുണ്ടെന്ന ധാരണ പരത്താൻ സഹായിച്ചതു കൊണ്ടാവണം താത്വികനായ ഇ.എം.എസ്. അതിനു നേരെ കണ്ണടച്ചത്.

ചന്ദ്രശേഖരൻ‌വധത്തെ തുടർന്ന് പ്രതിരോധത്തിലായ പാർട്ടി പ്രതിസന്ധി മറികടക്കാനായി സംഘടിപ്പിച്ച വിശദീകരണ പരിപാടി മറ്റൊരു വിനയായി. അക്രമത്തിലൂടെ സമാഹരിച്ച അധികാരത്തിന്റെ ലഹരിയിൽ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി പാർട്ടി കൊല പട്ടിക തയ്യാറാക്കി എതിരാളികളെ വകവരുത്തിയിട്ടുണ്ടെന്ന് വീമ്പിളക്കി. അച്യുതാനന്ദൻ സർക്കാർ മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ചപ്പോൾ വരുന്നവരുടെ കൈവെട്ടും കാലുവെട്ടുമെന്നൊക്കെ ടെലിവിഷൻ ക്യാമറകൾക്കു മുന്നിൽ ആക്രോശിച്ച മണിയെ വിശദീകരണ പരിപാടിയിൽ താരമാക്കുന്നത് ബുദ്ധിയല്ലെന്ന് മനസിലാക്കാൻ സംസ്ഥാന നേതൃത്വത്തിന് എന്തുകൊണ്ടൊ കഴിയാതെ പോയി. മണിയെ സംരക്ഷിച്ചു നിർത്തിക്കൊണ്ട് പിണറായി വിജയൻ പ്രസംഗത്തെ തള്ളിപ്പറഞ്ഞു. പക്ഷെ ദേശീയ മാദ്ധ്യമങ്ങൾ മണിയുടെ പ്രസംഗം വ്യാപകമായി റിപ്പോർട്ട് ചെയ്യുകയും മുസ്ലിങ്ങളുടെ കൂട്ടക്കൊലക്ക് നേതൃത്വം നൽകിയെന്ന ആരോപണത്തിന്റെ നിഴലിൽ കഴിയുന്ന ഗുജറാത്ത്  മുഖ്യമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെ പലരും പാർട്ടിക്കു നേരെ വിരൽ ചൂണ്ടുകയും ചെയ്തപ്പോൾ ദേശീയ നേതൃത്വത്തിന് ഒപ്പം നിൽക്കാനാകാതെ വന്നു. യു.ഡി.എഫ്. സർക്കാർ മണിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാൻ തീരുമാനിച്ചു. മണിയുടെ പ്രകടനം കൊലപാതക രാഷ്ട്രീയം കണ്ണുരിലൊതുങ്ങിയില്ലെന്ന് വ്യക്തമാക്കി. അതിന് ലഭിച്ച വാർത്താപ്രാധാന്യം അക്രമങ്ങൾ ഏകപക്ഷീയമാണെന്ന തെറ്റായ ധാരണ പരത്താനും ഇടയാക്കി. ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നതിനു തൊട്ടു മുമ്പ് ഇടുക്കിയിൽ ഒരു  എസ്.എഫ്.ഐ നേതാവ് കൊല്ലപ്പെട്ടിരുന്നു. ആ കൊലപാതകം നടത്തിയത് കോൺഗ്രസുകാരാണെന്ന് സി.പി.എം. ആരോപിച്ചിട്ടുണ്ട്.

മണിയുടെ വെളിപ്പെടുത്തൽ ഉയർത്തുന്ന ഒരു സുപ്രധാന ചോദ്യം സി.പി.എമ്മിനെ പോലെ ശക്തമായ കേന്ദ്രീകൃത സംവിധാനമുള്ള ഒരു പാർട്ടിയിൽ സംസ്ഥാന നേതൃത്തിന്റെ അറിവൊ സമ്മതമൊ കൂടാതെ പ്രാദേശിക നേതാക്കൾക്ക് ഇത്തരം ഹീനകൃത്യങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കാനാകുമോ എന്നതാണ്. മുൻ‌കൂട്ടി അറിവില്ലായിരുന്നെങ്കിൽ തന്നെയും സംഭവങ്ങൾ നടന്നശേഷം കുറ്റാരോപിതർക്കെതിരെ ശിക്ഷാനടപടികൾ എടുത്തില്ലെന്നത് കൊലപാതകങ്ങൾ നേതൃത്വം അംഗീകരിച്ചെന്ന് സൂചിപ്പിക്കുന്നു. കണ്ണൂരിലെ സംഭവങ്ങൾ സംബന്ധിച്ച കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്ക് പാർട്ടി നൽകിയ സ്വീകരണങ്ങൾ അവരെ വീരനായകരായി കരുതാൻ നേതാക്കൾക്ക് മടിയില്ലെന്ന് തെളിയിക്കുന്നു. ഇക്കാര്യത്തിലും സി. പി.എമ്മും അതിനോട് കായികമായി മത്സരിക്കുന്ന കക്ഷികളും ഒരേ തൂവൽ‌പക്ഷികളാണ്.

ഇടുക്കിയിലെ കൊലപാതകങ്ങൾ സംബന്ധിച്ച് മണി നൽകിയ വിവരങ്ങൾ അന്വേഷണ സംവിധാനത്തിന്റെ വിശ്വാസ്യതയെ കുറിച്ച് സംശയങ്ങളുയർത്തുന്നുണ്ട്. ചില കേസുകൾ നേരത്തെ ഒത്തുതീർത്തവയാണെന്നാണ് പൊലീസ് ഭാഷ്യം. കൊലപാതകങ്ങൾ കോടതിക്കു പുറത്ത് തീർപ്പാക്കാൻ നമ്മുടെ നിയമവ്യവസ്ഥ അനുവദിക്കുന്നുണ്ടോ?

ചന്ദ്രശേഖരൻ‌വധം ഉയർത്തിയിട്ടുള്ള അക്രമവിരുദ്ധ വികാരത്തിന്റെ വെളിച്ചത്തിൽ കൊലപാതകരാഷ്ട്രീയം പുനർചിന്തനത്തിനു വിധേയമാക്കാൻ എല്ലാ പാർട്ടികളും തയ്യാറാകണം. ഇത് അവസാനത്തെ രാഷ്ട്രീയ കൊലപാതകമാകണമെന്ന ആഗ്രഹമാണ് അതിനെതിരായ വികാരപ്രകടങ്ങളിൽ പ്രതിഫലിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷിയെന്ന നിലയിലും ബഹുഭൂരിപക്ഷം സംഭവങ്ങളിലും ഉൾപ്പെട്ട കക്ഷിയെന്ന നിലയിലും ഇക്കാര്യത്തിൽ മുൻ‌കൈ എടുക്കാനുള്ള ചുമതല സി.പി.എമ്മിനുണ്ട്. ഇന്നത്തെ ശക്തിയിൽ അമിതവിശ്വാസം അർപ്പിച്ചുകൊണ്ട് ഈ ചരിത്രദൌത്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാമെന്ന് നേതാക്കൾ കരുതുന്നെങ്കിൽ അവർ മൂഢസ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്. കേരളത്തിലെ സി.പി.എമ്മിനേക്കൾ എത്രയോ മടങ്ങ് കൂടുതൽ ശക്തിയുണ്ടായിരുന്ന സോവിയറ്റ് യൂണിയനിലെയും കിഴക്കൻ യൂറോപ്പിലെയും കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ചരിത്രത്തിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ അവർ തയ്യാറാകണം. ജനറൊഷം പൊട്ടിയൊഴുകിയപ്പോൾ 40 മുതൽ 75 കൊല്ലം വരെ തുടർച്ചയായി അധികാരത്തിലിരുന്ന കമ്മ്യൂണിസ്റ്റ്  പാർട്ടികൾക്ക്  പട്ടാളം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കയ്യിലുണ്ടായിട്ടും പിടിച്ചുനിൽക്കാനായില്ല. മുപ്പതിൽ‌പരം കൊല്ലം അധികാരത്തിലിരുന്ന ബംഗാളിലെ പാർട്ടി കടുത്ത ജനരോഷത്തിന് പാത്രമാവുകയും പരാജയം ഏറ്റുവാങ്ങുകയും ചെയ്തത് ഒരു കൊല്ലം മുമ്പു മാത്രമാണ്.

അടുത്തകാലത്ത് പാർട്ടി നേതാക്കൾക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള പ്രധാന ആരോപണം അവർ മാടമ്പിമാരെപ്പോലെ പെരുമാറുന്നുവെന്നതാണ്. രാഷ്ട്രീയരംഗത്തും അതിനു പുറത്തും ഫ്യൂഡൽ‌കാലരീതികൾ തിരിച്ചുവരുന്ന സമകാലിക കേരള സാഹചര്യത്തിൽ പാർട്ടി ഈ ആരോപണത്തെ ഗൌരവപൂർവ്വം കാണുകയും സമൂഹത്തെ ആധുനികതയുടെ പാതയിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ഉത്തരവാദിത്വം നിറവേറ്റാൻ തയ്യാറാവുകയും ചെയ്യണം. ഏറ്റവും വലിയ ഇടതു കക്ഷിയായ സി.പി.എമ്മിൽ പ്രകടമായിട്ടുള്ള അപചയം ഇടതുപക്ഷത്തിന്റെ ഭാവിയെ കുറിച്ച് സ്വാഭാവികമായും ആശങ്ക പരത്തിയിട്ടുണ്ട്. വിപ്ലവവും അക്രമവും ഒന്നല്ലെന്ന് തിരിച്ചറിയുമ്പോൾ വിപ്ലവത്തിൽ ആസൂത്രിത കൊലപാതകത്തിനും കൊട്ടേഷൻ പ്രവർത്തനത്തിനും സ്ഥാനമില്ലെന്ന് മനസിലാക്കാനാകും. കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾക്ക് തയ്യാറാകാത്ത പ്രസ്ഥാനങ്ങൾ തിരസ്കരിക്കപ്പെടുകയും അവയുടെ സ്ഥാനത്ത് പുതിയവ ഉയർന്നു വരികയും ചെയ്യുമെന്നതാണ് എല്ലാ സമൂഹങ്ങളുടെയും ചരിത്രം നൽകുന്ന പാഠം.

സി.പി.എം. നൽകുന്ന പ്രതിപ്പട്ടികയുടെ അടിസ്ഥാനത്തിൽ കേസെടുക്കുന്ന രീതി മതിയാക്കിയിരിക്കുന്നെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ഈയിടെ പറയുകയുണ്ടായി. അങ്ങനെയൊരു സമ്പ്രദായം നിലവിലുണ്ടെന്ന് അവർക്ക് നേരത്തെ അറിയാമായിരുന്നെന്ന സൂചന അവരുടെ വാക്കുകളിലുണ്ട്. മുൻ യു.ഡി.എഫ്. സർക്കാരുകൾ അതിനോടൊത്തു പൊയെന്നും  അനുമാനിക്കാവുന്നതാണ്. ഈ സാഹചര്യത്തിൽ അക്രമരാഷ്ട്രീയം ഇന്നത്തെ തോതിലെത്തിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് കോൺഗ്രസിന് ഒഴിഞ്ഞുമാറാനാവില്ല. (മാധ്യമം ആഴ്ചപ്പതിപ്പ്, ജുൺ 11, 2012)