ബി.ആർ.പി.ഭാസ്കർ
ടി.പി. ചന്ദ്രശേഖരന്റെ
കൊലപാതകം കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമല്ല. ഈ വസ്തുത ചിലർ നമ്മെ കഴിഞ്ഞ ദിവസങ്ങളിൽ ഓർമ്മിപ്പിക്കുകയുണ്ടായി. ഇതിനു തെളിവായി
കഴിഞ്ഞ നാല്പതു കൊല്ലക്കാലത്ത് കൊല്ലപ്പെട്ട സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകരുടെ
പേരുകൾ അവർ നിരത്തുകയും ചെയ്തു. പട്ടികയിലെ അവസാന പേര് ചന്ദ്രശേഖരൻ വധിക്കപ്പെടുന്നതിനു
തൊട്ടു മുമ്പു കൊല്ലപ്പെട്ട ഒരു യുവാവിന്റേതാണ്.
മുൻ കൊലപാതകങ്ങൾ ഉണ്ടാക്കാഞ്ഞ അമർഷവും പ്രതിഷേധവും ചന്ദ്രശേഖരന്റെ കൊലപാതകം
ഉണ്ടാക്കുന്നതെന്തെന്ന് അവർ ചോദിച്ചു. അവയിൽ എടുത്തതിലേറെ താല്പര്യം മാദ്ധ്യമങ്ങൾ ചന്ദ്രശേഖരന്റെ
വധത്തിൽ എടുക്കുന്നതെന്തിനാണെന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ആരാഞ്ഞു. ചന്ദ്രശേഖരൻ
വധം സംബന്ധിച്ച ടെലിവിഷൻ ചർച്ചയിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ച സി.പി.എം. അനുകൂലിയായ
മാദ്ധ്യമപ്രവർത്തകൻ ഒപ്പമുള്ളവർ വികാരപരമായി സംസാരിക്കുന്നെന്ന് പരാതിപ്പെട്ടുകൊണ്ട്
പിൻവാങ്ങി. ഈ വ്യത്യസ്ത പ്രതികരണങ്ങളിൽ വാക്കുകളിൽ പ്രകടിപ്പിക്കാത്ത ഒരാശയമുണ്ട്.
അത് കൊലപാതകം രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായി അംഗീകാരം നേടിയിട്ടുണ്ടെന്നും അതുകൊണ്ട്
വികാരപ്രകടനങ്ങൾ അസ്ഥാനത്താണെന്നതുമാണ്. ചില സാംസ്കാരിക പ്രവർത്തകരുടെ മൌനം ചർച്ചാവിഷയമായി.
മാദ്ധ്യമങ്ങൾ പ്രതികരണം തേടിയപ്പോൾ തങ്ങൾ പ്രതികരണ
ത്തൊഴിലാളികളല്ലെന്നും സമയവും സൌകര്യവും നോക്കി പ്രതികരിക്കുമെന്നൊക്കെ പറഞ്ഞു അവർ
ഒഴിഞ്ഞു മാറിയപ്പോൾ മൌനം ബോധപൂർവമാണെന്ന് വ്യക്തമായി. സംസാരിച്ചവരും സംസാരിക്കാൻ വിസമ്മതിച്ചവരും
ചന്ദ്രശേഖരന്റെ വധവുമായി സി.പി.എമ്മിന് ബന്ധമുണ്ടെന്ന പ്രചരണം ഒരളവുവരെയെങ്കിലും പങ്കിടുന്നവരാണ്.
ഇതെഴുതുന്നത് ചന്ദ്രശേഖരൻ
കൊല്ലപ്പെട്ട് മൂന്നാഴ്ചയിലധികം കഴിഞ്ഞാണ്. കൊലയാളി സംഘത്തിൽ ഏഴു പേർ ഉണ്ടായിരുന്നെന്ന്
പറയുന്ന പൊലീസ് അതിൽ ഒരാളെ മാത്രമെ പിടി കൂടിയിട്ടുള്ളു. ഏരിയ കമ്മിറ്റി സെക്രട്ടറിയുടെയും
ജില്ലാ കമ്മിറ്റി അംഗത്തിന്റെയും തലം വരെയുള്ളവർ
ഗൂഢാലോചനയിലെ പങ്കാളികളെന്ന നിലയിലൊ കൊലയാളികൾക്ക് സഹായം നൽകിയവരെന്ന നിലയിലൊ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ ഏജൻസികൾ നിരവധി
കൊല്ലം അന്വേഷിച്ചിട്ടും ഇനിയും അന്ത്യം കണ്ടിട്ടില്ലാത്ത ചേകന്നൂർ മൌലവി കൊലക്കേസും
സിസ്റ്റർ അഭയ കൊലക്കേസും ശക്തരായ സംരക്ഷകരുള്ള പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ
അന്വേഷണ സംവിധാനങ്ങൾക്ക് പരിമിതികളുണ്ടെന്ന് വ്യക്തമാക്കുന്നു. കൊല്ലങ്ങളായി രാഷ്ട്രീയ
നുഴഞ്ഞുകയറ്റങ്ങൾക്കു വിധേയമായിട്ടുള്ള പൊലീസ് അന്വേഷണ സംവിധാനങ്ങളെ സ്വാധീനിക്കാൻ
ഏതൊരു മതസ്ഥാപനത്തേക്കാളും കഴിവ് പ്രതിപക്ഷത്തുള്ള രാഷ്ട്രീയ കക്ഷികൾക്കു പോലുമുണ്ട്.
അന്തിമമായി തീപ്പ് കല്പിക്കേണ്ടത് കോടതികളാണ്. അവയെ ബോധ്യപ്പെടുത്താൻ പ്രോസിക്യൂഷന്
കഴിയുമോഎന്നറിയേണ്ടിയിരിക്കുന് നു. ആ നിലയ്ക്ക് ചന്ദ്രശേഖരന്റെ വധം സി.പി.എം. ആസൂത്രണം
ചെയത് നടപ്പാക്കിയതാണെന്ന ധാരണ ശക്തിപ്പെടുത്താൻ പോരുന്ന വാർത്തകൾ മാദ്ധ്യമങ്ങളിലൂടെ
പ്രചരിക്കുന്നുണ്ടെങ്കിലും കേസിന്റെ ഗതി എന്താകുമെന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.
മൂന്ന് കൊല്ലമായി സി.പി.എമ്മിന്
അതിന്റെ ശക്തികേന്ദ്രമായി അറിയപ്പെട്ടിരുന്ന ഓഞ്ചിയത്ത് കടുത്ത വെല്ലുവിളി ഉയർത്തിയിരുന്ന
ചന്ദ്രശേഖരനെ കൊലപാതകത്തിനു പിന്നിൽ പാർട്ടിയാണെന്ന ആരോപണവുമായി ഭരണകക്ഷിയായ കോൺഗ്രസിന്റെ
നേതാക്കൾ ഉടൻതന്നെ രംഗത്തു വരുകയുണ്ടായി. ഒന്നിനു
പിറകെ ഒന്നായി നിരവധി സി.പി.എം നേതാക്കളും പ്രവർത്തകരും കസ്റ്റഡിയിലായപ്പോൾ അവർ ചൂണ്ടിക്കാണിക്കുന്നവരെയാണ്
പൊലീസ് പിടിക്കുന്നതെന്ന് പാർട്ടി നേതൃത്വം ആരോപിച്ചു. അങ്ങനെ രണ്ട് കൂട്ടരും കൂടി
പ്രശ്നത്തെ യു.ഡി.എഫ്/എൽ.ഡി.ഫ് അഥവാ കോൺഗ്രസ്/സി.പി.എം
ചട്ടക്കൂട്ടിനുള്ളിലാക്കി. സധാരണഗതിയിൽ അതോടെ കോൺഗ്രസ് പറയുന്നത് യു.ഡി.എഫുകാരും സി.പി.എം
പറയുന്നത് എൽ.ഡി.എഫുകാരും വേദവാക്യമായി സ്വീകരിച്ചുകൊണ്ട് ‘എല്ലാം മുറപോലെ’ പോകേണ്ടതായിരുന്നു.
എന്നാൽ അതുണ്ടായില്ല. സി. പി.എമ്മിന്റെ വിശദീകരണം സി.പി.ഐ. മുഖവിലക്കെടുത്തില്ല. അത്
അക്രമരാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞു. മറ്റ് ഘടക കക്ഷികൾ മൌനം അവലംബിച്ചു. സി.പി.എമ്മിനുള്ളിൽ
നിന്നു വി.എസ്. അച്യുതാനന്ദൻ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനോടുള്ള വിയോജിപ്പ് അദ്ദേഹത്തിന്റേതായ
രീതിയിൽ പരസ്യമായി പ്രകടിപ്പിച്ചു. നേരത്തെ മൌനം പാലിച്ച ചില സാംസ്കാരിക പ്രവർത്തകരും
തങ്ങൾ എല്ലാ കൊലപാതകങ്ങൾക്കും എതിരാണെന്ന് പറഞ്ഞു. ഇതിനിടെ കാര്യങ്ങൾ കൈവിട്ടുപോകുന്നെന്ന്
തിരിച്ചറിഞ്ഞുകൊണ്ട് പാർട്ടി പ്രതിരോധ നടപടികൾ ആരംഭിച്ചു. നേതാക്കളെ കള്ളക്കേസുകളിൽ
കുടുക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധ പ്രകടങ്ങളും നിലപാട് വ്യക്തമാക്കാൻ വിശദീകരണ
യോഗങ്ങളും സംഘടപ്പിക്കപ്പെട്ടു. ആദ്യത്തേത് ജില്ലാ കമ്മിറ്റി അംഗതലം വരെയെത്തിയ പൊലീസിന്റെ
കൈകൾ അതിനു മുകളിലേക്ക് പോകുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നെങ്കിൽ രണ്ടാമത്തേത്
പാർട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും മനോബലം നിലനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു.
എം.വി. ജയരാജൻ കുത്തിയിരിപ്പ് നടത്തിയതിന്റെ ഫലമായി അറസ്റ്റ് ചെയ്ത ഒരു പാർട്ടി പ്രവർത്തകനെ
പൊലീസ് തന്നെ ജാമ്യത്തിൽ വിട്ടത് പാർട്ടിക്ക് പൊലീസിനെ സമ്മർദ്ദത്തിലാക്കാനുള്ള കഴിവിന്
തെളിവാണ്. അറസ്റ്റിലായ ഏതെങ്കിലും പ്രാദേശിക നേതാവിനു വേണ്ടിയായിരുന്നില്ല ഒരു ആഫീസ്
സെക്രട്ടറിക്കുവേണ്ടിയായിരുന്നു ജയരാജൻ സമ്മർദ്ദം ചെലുത്തിയത്.
പ്രശ്നത്തെ യു.ഡി.എഫ്/എൽ.ഡി.എഫ്
ചട്ടക്കൂട്ടിനുള്ളിലാക്കിയിട്ടു ം പാർട്ടി ഭാഷ്യത്തെ കുറിച്ച് അണികളിലും അനുഭാവികളിലും സംശയം അവശേഷിക്കുന്നുവെന്നത്
അവരും ചന്ദ്രശേഖരൻ വധത്തെ കേവലം മറ്റൊരു കൊലപാതകമായല്ല കാണുന്നതെന്ന് വ്യക്തമാക്കുന്നു.
കെ. ആർ. ഗൌരിയമ്മയെയും എം.വി. രാഘവനെയും പോലെ പാർട്ടി പുറത്താക്കിയ ഉന്നതരിൽ നിന്ന്
ചന്ദ്രശേഖരനെ വ്യത്യസ്തനാക്കുന്ന രണ്ട് ഘടകങ്ങളുണ്ട്. ഒന്ന് അവരെപ്പോലെ യു.ഡി.എഫ് കൂടാരത്തിലേക്ക്
പോകാതെ സ്വതന്ത്ര ഇടതുപക്ഷമായി നിലയുറപ്പിച്ചുവെന്നതാണ്. മറ്റേത് പ്രദേശത്തെ വലിയ വിഭാഗം പാർട്ടി അംഗങ്ങളെ ഒപ്പം നിർത്താൻ
അദ്ദേഹത്തിന് ക്കഴിഞ്ഞു എന്നതാണ്. അങ്ങനെ അദ്ദേഹം പാർട്ടിക്ക് അവരേക്കാൾ വലിയ ഭീഷണിയായി.
അതിലുള്ള രോഷമാണ് കൊലപാതകത്തിനു ശേഷവും സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ആവർത്തിച്ച
കുലംകുത്തി പ്രയോഗത്തിൽ പ്രതിഫലിച്ചത്.
സി.പി.എമ്മിനെ സംശയദൃഷ്ടിയോടെ
വീക്ഷിക്കാൻ മറ്റ് കാരണങ്ങളുമുണ്ട്. പുത്തൻ കൂറ്റുകാർ പരമ്പരാഗത വിശ്വാസികളേക്കാൾ ആവേശം
കാട്ടുന്നതുപോലെ സ്വാഭാവികമാണ് പുതിയ എതിരാളികളോട് പരമ്പരാഗത എതിരാളികളോടുള്ളതിനേക്കാൾ
ശത്രുത കാട്ടുന്നത്. രാഷ്ട്രീയ എതിരാളികളെ പാർട്ടി നേരിടുന്നത് കായികമായല്ല ആശയപരമായാണ്
എന്ന് നേതൃത്വം പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പ്രതിയോഗികളെ പാർട്ടി കത്തിയും വടിവാളുമായി
നേരിട്ട നിരവധി സംഭവങ്ങൾ കഴിഞ്ഞ നാലു പതിറ്റാണ്ടു കാലത്തുണ്ടായിട്ടുണ്ട്. അതേസമയം ഏറ്റവുമധികം
കൊല്ലപ്പെട്ടിട്ടുള്ളത് സി.പി.എം കാരാണെന്ന
പാർട്ടി വക്താക്കളുടെ പ്രസ്താവം ശരിയാണു താനും. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ
ചരിത്രം പരിശോധിക്കുമ്പോൾ ഇതിന്റെ കാരണം വ്യക്തമാകും. ആദ്യം അവിടെ സംഘട്ടനങ്ങൾ നടന്നിരുന്നത്
സി.പി.എം.കാരും കോൺഗ്രസുകരും തമ്മിലായിരുന്നു. സി.പി.എം. വിട്ട് കോൺഗ്രസിൽ ചേർന്നവരായിരുന്നു
ഇരകളിൽ പലരും. പ്രത്യാക്രമണങ്ങളിൽ സി.പി.എം.കാർ കൊല്ലപ്പെട്ടു. സംരക്ഷണം നൽകാൻ കോൺഗ്രസ്സിനേക്കാൾ
കഴിവ് ആർ.എസ്.എസ്സിനുണ്ടെന്ന ധാരണ പരന്നതോടെ പാർട്ടി വിടുന്നവർ ബി.ജെ.പി.യിലേക്ക് നീങ്ങുകയും
കോൺഗ്രസ് സംഘട്ടന രംഗത്തു നിന്ന് നിഷ്ക്രമിക്കുകയും ചെയ്തു. അതോടെ കൊല്ലും കൊലയും സി.പി.എമ്മും
ബി.ജെ.പിയും തമ്മിലായി. നാലു കൊല്ലം മുമ്പ് ഒരു സംഘട്ടന പരമ്പരയിൽ ആർ.എസ്.എസ്സിന്റെ
കൊലക്ക് മറുപടിയായി സി.പി.എം കാർ കൂടുതൽ പേരെ കൊലപ്പെടുത്തിയപ്പോൾ ആർ.എസ്.എസ്. കേരളത്തിനു
പുറത്ത് തിരിച്ചടിച്ചു. ഒരേ ദിവസം ദില്ലിയിലെ സി.പി.എം. ആസ്ഥാനത്തിനു നേരെയും ആന്ധ്രായിലെ
വിജയവാഡ, തമിഴ് നാട്ടിലെ മധുര എന്നിവിടങ്ങളിലെ പാർട്ടി ആപ്പീസുകൾക്കു നേരെയും കർണ്ണാടകത്തിലെ
പാർട്ടി സെക്രട്ടറിയയ മലയാളിയുടെ ബംഗ്ലൂരുവിലെ വീടിനു നേരെയും ആക്രമണമുണ്ടായി. കണ്ണൂരിൽ
കൊടുത്താൽ കേരളത്തിനു പുറത്തു കിട്ടുമെന്ന അവസ്ഥ ഉണ്ടായതോടെ സി.പി.എം-ആർ.എസ്.എസ്. സംഘട്ടനങ്ങളിൽ
ഗണ്യമായ കുറവുണ്ടായി. ഈ രണ്ട് പാർട്ടികളും തമ്മിലുള്ള പോരിൽ കൊല്ലപ്പെട്ടവർ ഒരു ജാതിയിൽ
പെട്ടവരായിരുന്നു. ഇപ്പോൾ സി.ബി.ഐയും സംസ്ഥാന പൊലീസും അന്വേഷിച്ചു കൊണ്ടിരിക്കുന്ന
രണ്ട് കേസുകളിൽ ഒന്നിൽ കൊല്ലപ്പെട്ടത് സി.പി.എം. വിട്ട് എൻ.ഡി.എഫിൽ ചേർന്നയാളും മറ്റേതിൽ
കൊല്ലപ്പെട്ടത് സി.പി.എം. വിട്ട് മുസ്ലിം ലീഗിൽ ചേർന്നയാളുമാണ്. മിക്കവാറും എല്ലാ സംഭവങ്ങളിലും ഒരു ഭാഗത്ത് സി.പി.എം. ആയിരുന്നു. മറു ഭാഗത്ത് വിവിധ
പാർട്ടികളും. മറ്റേതെങ്കിലും രണ്ട് കക്ഷികളിൽ പെട്ടവർ തമ്മിലുള്ള സംഘട്ടനങ്ങൾ ചുരുക്കമാണ്.
കൊല്ലപ്പെട്ടവരിലേറെയും സി.പി എം.കാരായത് ഈ സാഹചര്യത്തിലാണ്.
സി.പി.എമ്മിനും എതിരാളികൾക്കും
സംസ്ഥാനമൊട്ടുക്ക് വിപുലമായ ശൃംഖലകളുണ്ടായിട്ടും കൊലപാതങ്ങൾ ഏറെക്കുറെ ഒരു ചെറിയ പ്രദേശത്ത്
ഒതുങ്ങിയിരുന്നതുകൊണ്ട് കണ്ണൂർ മേഖലയിലെ അക്രമങ്ങളെ ഗോത്രസ്മൃതിയുടെയും ചേകവ പാരമ്പര്യത്തിന്റെയുമൊക്കെ
അടിസ്ഥാനത്തിൽ വിശദീകരിക്കാൻ ശ്രമങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ പാർട്ടിക്ക് ശക്തമായ
പ്രത്യയശാസ്ത്രപരമായ അടിത്തറയുണ്ടെന്നത് വിസ്മരിച്ചുകൂടാ. ഹിംസ വിപ്ലവത്തിന്റെ ഒഴിവാക്കാനാകാത്ത
ഭാഗമാണെന്ന അടിസ്ഥാനപരമായ മാർക്സിസ്റ്റ് വിശ്വാസം ഒറ്റപ്പെട്ട അക്രമങ്ങൾ തങ്ങളോടു തന്നെ
ന്യായീകരിക്കാൻ എളുപ്പമാക്കുന്നു. വിപ്ലവത്തിനു പറ്റിയ സാഹചര്യം സംജാതമായിരിക്കുന്നെന്ന
വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ച കൊൽക്കത്ത
തീസീസ് വേഗം ഉപേക്ഷിക്കപ്പെട്ടെങ്കിലും അന്നത്തെ സായുധസമരങ്ങളുടെ ഓർമ്മ ഇന്നും കമ്മ്യൂണിസ്റ്റ്
പ്രസ്ഥാനത്തിന്റെ ഊർജ്ജ സ്രോതസാണ്. കൊണ്ടാടപ്പെടുന്ന സമരങ്ങളിൽ ഒറ്റക്ക് കിട്ടിയ പൊലീസുകാരനെ
കുത്തിക്കൊന്നതുപോലെയുള്ള കേവലമായ അക്രമങ്ങളും ഉൾപ്പെടുന്നു. അവയുടെ മഹത്വവത്കരണം വിപ്ലവത്തിൽ
അക്രമമുണ്ടെന്ന സൂത്രവാക്യം അക്രമത്തിൽ വിപ്ലവമുണ്ട് എന്ന് തിരുത്തിക്കുറിച്ചു.
പിളർപ്പിനെ തുടർന്ന് സി.പി.ഐ.യെ
പിന്തള്ളി സി.പി.എം. ആധിപത്യം സ്ഥാപിച്ച മൂന്ന് സംസ്ഥാനങ്ങളിലും അതിന്റെ വളർച്ചയുടെ
കാലഘട്ടം വ്യാപകമായ അക്രമത്തിന്റെ ഘട്ടം കൂടിയായിരുന്നു. പശ്ചിമ ബംഗാളിൽ രൂപം കൊണ്ട്
കേരളത്തിലേക്ക് വ്യാപിച്ച ബന്ദ്, ഘെരാവൊ തുടങ്ങിയ സമരമുറകളുടെ വിജയത്തിൽ അക്രമവും ചെറുതല്ലാത്ത
പങ്ക് വഹിച്ചു. അക്കാലത്ത് പശ്ചിമ ബംഗാളിൽ പാർട്ടിയെ നയിച്ചിരുന്ന ജ്യോതി ബസുവൊ കേരളത്തിൽ
പാർട്ടിയെ നയിച്ചിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടൊ അക്രമ പ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്താൻ
ശ്രമിച്ചതിന് തെളിവില്ല. അക്രമം സി.പി.എമ്മിന്
സി.പി.ഐയേക്കാൾ വിപ്ലവവീര്യമുണ്ടെന്ന ധാരണ പരത്താൻ സഹായിച്ചതു കൊണ്ടാവണം താത്വികനായ
ഇ.എം.എസ്. അതിനു നേരെ കണ്ണടച്ചത്.
ചന്ദ്രശേഖരൻവധത്തെ തുടർന്ന്
പ്രതിരോധത്തിലായ പാർട്ടി പ്രതിസന്ധി മറികടക്കാനായി സംഘടിപ്പിച്ച വിശദീകരണ പരിപാടി മറ്റൊരു
വിനയായി. അക്രമത്തിലൂടെ സമാഹരിച്ച അധികാരത്തിന്റെ ലഹരിയിൽ ഇടുക്കി ജില്ലാ സെക്രട്ടറി
എം.എം. മണി പാർട്ടി കൊല പട്ടിക തയ്യാറാക്കി എതിരാളികളെ വകവരുത്തിയിട്ടുണ്ടെന്ന് വീമ്പിളക്കി.
അച്യുതാനന്ദൻ സർക്കാർ മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ചപ്പോൾ
വരുന്നവരുടെ കൈവെട്ടും കാലുവെട്ടുമെന്നൊക്കെ ടെലിവിഷൻ ക്യാമറകൾക്കു മുന്നിൽ ആക്രോശിച്ച
മണിയെ വിശദീകരണ പരിപാടിയിൽ താരമാക്കുന്നത് ബുദ്ധിയല്ലെന്ന് മനസിലാക്കാൻ സംസ്ഥാന നേതൃത്വത്തിന്
എന്തുകൊണ്ടൊ കഴിയാതെ പോയി. മണിയെ സംരക്ഷിച്ചു നിർത്തിക്കൊണ്ട് പിണറായി വിജയൻ പ്രസംഗത്തെ
തള്ളിപ്പറഞ്ഞു. പക്ഷെ ദേശീയ മാദ്ധ്യമങ്ങൾ മണിയുടെ പ്രസംഗം വ്യാപകമായി റിപ്പോർട്ട് ചെയ്യുകയും
മുസ്ലിങ്ങളുടെ കൂട്ടക്കൊലക്ക് നേതൃത്വം നൽകിയെന്ന ആരോപണത്തിന്റെ നിഴലിൽ കഴിയുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെ പലരും പാർട്ടിക്കു
നേരെ വിരൽ ചൂണ്ടുകയും ചെയ്തപ്പോൾ ദേശീയ നേതൃത്വത്തിന് ഒപ്പം നിൽക്കാനാകാതെ വന്നു. യു.ഡി.എഫ്.
സർക്കാർ മണിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാൻ തീരുമാനിച്ചു. മണിയുടെ പ്രകടനം കൊലപാതക
രാഷ്ട്രീയം കണ്ണുരിലൊതുങ്ങിയില്ലെന്ന് വ്യക്തമാക്കി. അതിന് ലഭിച്ച വാർത്താപ്രാധാന്യം
അക്രമങ്ങൾ ഏകപക്ഷീയമാണെന്ന തെറ്റായ ധാരണ പരത്താനും ഇടയാക്കി. ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നതിനു
തൊട്ടു മുമ്പ് ഇടുക്കിയിൽ ഒരു എസ്.എഫ്.ഐ നേതാവ്
കൊല്ലപ്പെട്ടിരുന്നു. ആ കൊലപാതകം നടത്തിയത് കോൺഗ്രസുകാരാണെന്ന് സി.പി.എം. ആരോപിച്ചിട്ടുണ്ട്.
മണിയുടെ വെളിപ്പെടുത്തൽ
ഉയർത്തുന്ന ഒരു സുപ്രധാന ചോദ്യം സി.പി.എമ്മിനെ പോലെ ശക്തമായ കേന്ദ്രീകൃത സംവിധാനമുള്ള
ഒരു പാർട്ടിയിൽ സംസ്ഥാന നേതൃത്തിന്റെ അറിവൊ സമ്മതമൊ കൂടാതെ പ്രാദേശിക നേതാക്കൾക്ക്
ഇത്തരം ഹീനകൃത്യങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കാനാകുമോ എന്നതാണ്. മുൻകൂട്ടി അറിവില്ലായിരുന്നെങ്കിൽ
തന്നെയും സംഭവങ്ങൾ നടന്നശേഷം കുറ്റാരോപിതർക്കെതിരെ ശിക്ഷാനടപടികൾ എടുത്തില്ലെന്നത്
കൊലപാതകങ്ങൾ നേതൃത്വം അംഗീകരിച്ചെന്ന് സൂചിപ്പിക്കുന്നു. കണ്ണൂരിലെ സംഭവങ്ങൾ സംബന്ധിച്ച
കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്ക് പാർട്ടി നൽകിയ സ്വീകരണങ്ങൾ അവരെ വീരനായകരായി കരുതാൻ
നേതാക്കൾക്ക് മടിയില്ലെന്ന് തെളിയിക്കുന്നു. ഇക്കാര്യത്തിലും സി. പി.എമ്മും അതിനോട്
കായികമായി മത്സരിക്കുന്ന കക്ഷികളും ഒരേ തൂവൽപക്ഷികളാണ്.
ഇടുക്കിയിലെ കൊലപാതകങ്ങൾ
സംബന്ധിച്ച് മണി നൽകിയ വിവരങ്ങൾ അന്വേഷണ സംവിധാനത്തിന്റെ വിശ്വാസ്യതയെ കുറിച്ച് സംശയങ്ങളുയർത്തുന്നുണ്ട്.
ചില കേസുകൾ നേരത്തെ ഒത്തുതീർത്തവയാണെന്നാണ് പൊലീസ് ഭാഷ്യം. കൊലപാതകങ്ങൾ കോടതിക്കു പുറത്ത്
തീർപ്പാക്കാൻ നമ്മുടെ നിയമവ്യവസ്ഥ അനുവദിക്കുന്നുണ്ടോ?
ചന്ദ്രശേഖരൻവധം ഉയർത്തിയിട്ടുള്ള
അക്രമവിരുദ്ധ വികാരത്തിന്റെ വെളിച്ചത്തിൽ കൊലപാതകരാഷ്ട്രീയം പുനർചിന്തനത്തിനു വിധേയമാക്കാൻ
എല്ലാ പാർട്ടികളും തയ്യാറാകണം. ഇത് അവസാനത്തെ രാഷ്ട്രീയ കൊലപാതകമാകണമെന്ന ആഗ്രഹമാണ്
അതിനെതിരായ വികാരപ്രകടങ്ങളിൽ പ്രതിഫലിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷിയെന്ന
നിലയിലും ബഹുഭൂരിപക്ഷം സംഭവങ്ങളിലും ഉൾപ്പെട്ട കക്ഷിയെന്ന നിലയിലും ഇക്കാര്യത്തിൽ മുൻകൈ
എടുക്കാനുള്ള ചുമതല സി.പി.എമ്മിനുണ്ട്. ഇന്നത്തെ ശക്തിയിൽ അമിതവിശ്വാസം അർപ്പിച്ചുകൊണ്ട്
ഈ ചരിത്രദൌത്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാമെന്ന് നേതാക്കൾ കരുതുന്നെങ്കിൽ അവർ മൂഢസ്വർഗ്ഗത്തിലാണ്
ജീവിക്കുന്നത്. കേരളത്തിലെ സി.പി.എമ്മിനേക്കൾ എത്രയോ മടങ്ങ് കൂടുതൽ ശക്തിയുണ്ടായിരുന്ന
സോവിയറ്റ് യൂണിയനിലെയും കിഴക്കൻ യൂറോപ്പിലെയും കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ചരിത്രത്തിൽ
നിന്ന് പാഠം ഉൾക്കൊള്ളാൻ അവർ തയ്യാറാകണം. ജനറൊഷം പൊട്ടിയൊഴുകിയപ്പോൾ 40 മുതൽ 75 കൊല്ലം
വരെ തുടർച്ചയായി അധികാരത്തിലിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് പട്ടാളം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കയ്യിലുണ്ടായിട്ടും
പിടിച്ചുനിൽക്കാനായില്ല. മുപ്പതിൽപരം കൊല്ലം അധികാരത്തിലിരുന്ന ബംഗാളിലെ പാർട്ടി കടുത്ത
ജനരോഷത്തിന് പാത്രമാവുകയും പരാജയം ഏറ്റുവാങ്ങുകയും ചെയ്തത് ഒരു കൊല്ലം മുമ്പു മാത്രമാണ്.
അടുത്തകാലത്ത് പാർട്ടി
നേതാക്കൾക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള പ്രധാന ആരോപണം അവർ മാടമ്പിമാരെപ്പോലെ പെരുമാറുന്നുവെന്നതാണ്.
രാഷ്ട്രീയരംഗത്തും അതിനു പുറത്തും ഫ്യൂഡൽകാലരീതികൾ തിരിച്ചുവരുന്ന സമകാലിക കേരള സാഹചര്യത്തിൽ
പാർട്ടി ഈ ആരോപണത്തെ ഗൌരവപൂർവ്വം കാണുകയും സമൂഹത്തെ ആധുനികതയുടെ പാതയിലേക്ക് തിരിച്ചു
കൊണ്ടുവരാനുള്ള ഉത്തരവാദിത്വം നിറവേറ്റാൻ തയ്യാറാവുകയും ചെയ്യണം. ഏറ്റവും വലിയ ഇടതു
കക്ഷിയായ സി.പി.എമ്മിൽ പ്രകടമായിട്ടുള്ള അപചയം ഇടതുപക്ഷത്തിന്റെ ഭാവിയെ കുറിച്ച് സ്വാഭാവികമായും
ആശങ്ക പരത്തിയിട്ടുണ്ട്. വിപ്ലവവും അക്രമവും ഒന്നല്ലെന്ന് തിരിച്ചറിയുമ്പോൾ വിപ്ലവത്തിൽ
ആസൂത്രിത കൊലപാതകത്തിനും കൊട്ടേഷൻ പ്രവർത്തനത്തിനും സ്ഥാനമില്ലെന്ന് മനസിലാക്കാനാകും.
കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾക്ക് തയ്യാറാകാത്ത പ്രസ്ഥാനങ്ങൾ തിരസ്കരിക്കപ്പെടുകയും
അവയുടെ സ്ഥാനത്ത് പുതിയവ ഉയർന്നു വരികയും ചെയ്യുമെന്നതാണ് എല്ലാ സമൂഹങ്ങളുടെയും ചരിത്രം
നൽകുന്ന പാഠം.
സി.പി.എം.
നൽകുന്ന പ്രതിപ്പട്ടികയുടെ അടിസ്ഥാനത്തിൽ കേസെടുക്കുന്ന രീതി
മതിയാക്കിയിരിക്കുന്നെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തരമന്ത്രി
തിരുവഞ്ചൂർ രാധാകൃഷ്ണനും ഈയിടെ പറയുകയുണ്ടായി. അങ്ങനെയൊരു സമ്പ്രദായം
നിലവിലുണ്ടെന്ന് അവർക്ക് നേരത്തെ അറിയാമായിരുന്നെന്ന സൂചന അവരുടെ
വാക്കുകളിലുണ്ട്. മുൻ യു.ഡി.എഫ്. സർക്കാരുകൾ അതിനോടൊത്തു പൊയെന്നും
അനുമാനിക്കാവുന്നതാണ്. ഈ സാഹചര്യത്തിൽ അക്രമരാഷ്ട്രീയം ഇന്നത്തെ
തോതിലെത്തിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് കോൺഗ്രസിന്
ഒഴിഞ്ഞുമാറാനാവില്ല. (മാധ്യമം ആഴ്ചപ്പതിപ്പ്, ജുൺ 11, 2012)
1 comment:
അയ്യഞ്ച് കൊല്ലം കൂടുമ്പോള്‍ ഭരണം വെച്ചുമാറുന്ന കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇരുമുന്നണികളിലെയും നേതാക്കന്മാര്‍ തമ്മില്‍ അഡ്ജസ്റ്റ്മെന്റുകള്‍ ഉണ്ടാകാറുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം. ഇതിന്റെ ഗുണഫലം മുഴുവനും അനുഭവിച്ച് വരാറ് സി.പി.എം.ആയിരുന്നു. അവര്‍ക്ക് പലപല അടവ് നയങ്ങളും തന്ത്രങ്ങളും ഉണ്ടല്ലൊ. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം പെട്ടെന്ന് രണ്ട് മുന്നണികളിലെയും പ്രമുഖനേതാക്കളില്‍ നിന്ന് കൈവിട്ടുപോയതാണോ അതോ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എഫക്ട് ആണോ എന്ന് പറയാന്‍ പറ്റില്ല. കൊലപാതകരാഷ്ട്രീയത്തിന് എല്ലാവരും എതിരാണ് എന്നൊരു അവബോധം സമൂഹത്തില്‍ ഇപ്പോള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് പലരും കരുതുന്നത്. അതും എത്രകാലം ഉണ്ടാകും എന്ന് പറയാന്‍ കഴിയില്ല.
Post a Comment