Sunday, May 20, 2012

കൊല്ലുന്നവരും കൊല്ലിക്കുന്നവരും


ബി.ആർ.പി. ഭാസ്കർ

ധാരാളം കുറ്റകൃത്യങ്ങൾ നടക്കുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ഏതാനും പതിറ്റാണ്ടു കാലത്ത് ഇതൊരു സമ്പന്നസംസ്ഥാനമാവുകയും അതോടൊപ്പം കുറ്റകൃത്യങ്ങൾ പെരുകുകയും ചെയ്തു. നാഷനൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ ഒടുവിലത്തെ  കണക്കുകളനുസരിച്ച് കേരളത്തിലെ കുറ്റനിരക്ക് (424.1) ദേശീയ ശരാശരിയുടെ (187.6) ഇരട്ടിയിലധികമാണ്. ഹിംസാത്മക കുറ്റങ്ങളിൽ ഏറെ കാലമായി ഭീകരപ്രവർത്തനങ്ങൾ നടക്കുന്ന മണിപ്പൂരിനും (34.5) ജമ്മു കശ്മീരിനും (34.2) തൊട്ടുപിന്നിലാണ് കേരളം (33.6). അക്രമരംഗങ്ങൾ കാട്ടി സിനിമകൾ മരവിപ്പിച്ച മനസുകളെ പത്രങ്ങളും ചാനലുകളും അക്രമ വാർത്തകൾ കൊണ്ടും പ്രൈം ടൈം സീരിയലുകളിലെ കൊലവിളികൾ കൊണ്ടും നിത്യേന ത്രസിപ്പിക്കുന്നു. അതിന്റെ ഹലമായി ഇന്ന് കൊലപാതകമെന്ന് കേട്ടാൽ സാധാരണഗതിയിൽ മലയാളി ഞെട്ടില്ല. എന്നുതന്നെയല്ല ഒപ്പം കൂടാൻ കുറേപ്പേരുണ്ടെങ്കിൽ സന്മാർഗ്ഗപ്പൊലീസ് ചമഞ്ഞ് ആരെയെങ്കിലും തല്ലിക്കൊല്ലാൻ  തയ്യാറായെന്നും വരും. പക്ഷെ ഓഞ്ചിയത്തെ റെവലൂഷനറി മാർക്സിസ്റ്റ് നേതാവ് ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം മലയാളിയെ ഞെട്ടിച്ചു.

മരണവാർത്ത വന്നയുടനെ രാഷ്ട്രീയകക്ഷികൾ അവരവരുടെ താല്പര്യങ്ങൾക്കനുസൃതമായ രീതിയിൽ കൊലയാളികൾ ആരാണെന്ന് നിശ്ചയിക്കുകയും അതനുസരിച്ചുള്ള പ്രചാരണം ആരംഭിക്കുകയും ചെയ്തു. പാർട്ടി വിട്ടവർ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ മൂന്ന് കൊല്ലമായി സി.പി.എമ്മിന് കടുത്ത വെല്ലുവിളി ഉയർത്തുകയായിരുന്നു. സ്റ്റാലിന്റെ കിങ്കരന്മാർ ട്രോട്സ്കിയെ പിന്തുടർന്ന് വകവരുത്തിയതുപോലെ പാർട്ടി വിടുന്നവരെ പിന്തുടർന്ന് കൊല ചെയ്യുന്ന വടക്കൻ കേരള പാരമ്പര്യം പരക്കെ അറിയപ്പെടുന്നതുകൊണ്ട് സ്വാഭാവികമായും സംശയത്തിന്റെ മുന സി.പി.എമ്മിലേക്ക് നീണ്ടു. നെയ്യാറ്റിൻ‌കര  ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് കോൺഗ്രസ് നേതാക്കൾ ഈ സാഹചര്യം പ്രയോജനപ്പെടുത്താൻ ശ്രമിച്ചു. സി.പി.എം പ്രതികരണം സംശയം ദൂരീകരിക്കുന്നതിനു പകരം ശക്തിപ്പെടുത്തി. പാർട്ടി പത്രം ചന്ദ്രശേഖരന്റെ കൊലപാതകത്തെ വലിയ പ്രാധാന്യമർഹിക്കുന്ന സംഭവമായി കണ്ടില്ല. പാർട്ടി സംസ്ഥാന സെക്രട്ടറി മതതീവ്രവാദികളുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. പൊലീസ് കൊലയാളികൾ ഉപയോഗിച്ച കാർ കണ്ടെത്തിയപ്പോൾ ആ ആവശ്യത്തിന് ശക്തിപകരാൻ പോരുന്ന തെളിവായി അറബിയിലുള്ള ഒരു സ്റ്റിക്കർ അതിൽ കാണപ്പെട്ടു. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമനെന്ന നിലയിൽ പാർട്ടിക്കെതിരെ നീക്കങ്ങൾ നടക്കുന്നെന്ന ആരോപണം പിന്നീടുണ്ടായി. രാഷ്ട്രീയ പ്രതികരണങ്ങളിൽ അപ്രതീക്ഷിതമെന്ന് പറയാവുന്നതായി സി.പി.എമ്മിന്റെ നിലപാട് അംഗീകരിക്കാനുള്ള സി.പി.ഐയുടെ വൈമുഖ്യം മാത്രമാണുണ്ടായിരുന്നത്..

ചന്ദ്രശേഖരന്റെ കൊലപാതകത്തൊടുള്ള ജനങ്ങളുടെ പ്രതികരണത്തിൽ അപലപനത്തിനും പ്രതിഷേധത്തിനുമപ്പുറം കടുത്ത അമർഷം പ്രകടമായി. ഒരു മനുഷ്യന്റെ മരണം ഉറപ്പാക്കാൻ അമ്പതിൽ‌പരം വെട്ടുകളും തലയോട്ടി പൊളിക്കലും ആവശ്യമില്ല. കൊലയാളികളുടെ നിഷ്ഠുരത അദ്ദേഹത്തിന്റെ അന്ത്യം മറ്റുള്ളവർക്ക് ഗുണപാഠമാകണമെന്ന ഉദ്ദേശ്യം അവർക്ക്, അഥവാ അവരെ നിയോഗിച്ചവർക്ക്, ഉണ്ടായിരുന്നെന്ന് സൂചിപ്പിക്കുന്നു. സാധാരണ ജനങ്ങളിൽ അതുണ്ടാക്കിയത് മറ്റൊരു പ്രതികരണമാണ്. അവർ അതിനെ അക്രമ രാഷ്ട്രീയം എല്ലാ അതിരുകളും ലംഘിച്ചതിന്റെ സൂചനയായി കണ്ടു. ഇത് മനസിലാക്കാൻ രാഷ്ട്രീയ കക്ഷികൾ തയ്യാറാകണം.

കൊലപാതകം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ കൊന്നവരെ തിരിച്ചറിഞ്ഞെന്നും ഇനി കൊല്ലിച്ചവരെ തിരിച്ചറിയണണമെന്നും ഡി.ജി.പി. പറഞ്ഞു. പ്രമുഖ രാഷ്ട്രീയ കക്ഷികളോട് വിധേയത്വം പുലർത്തുവർ സംസ്ഥാന പൊലീസിലുണ്ട്. ഏതാനും കൊല്ലാം മുമ്പ് പാർട്ടി അംഗത്വമുള്ളവർ സേനയിലുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരുമുണ്ടെന്ന് സർക്കാർ വെളിപ്പെടുത്തിയിട്ടുണ്ട്. അവർക്കെതിരെ നടപടികൾ ഉണ്ടായിട്ടില്ല. നടപടിയെടുക്കാനുള്ള കഴിവ് സർക്കാരിനില്ലെന്നതാണ് വാസ്തവം. ആർ. ബാലകൃഷ്ണപിള്ള തടവിലായിരുന്നപ്പോൾ അദ്ദേഹത്തെ ഫോൺ ചെയ്ത ടെലിവിഷൻ ചാനലിനും ലേഖകനുമെതിരെ കേസെടുക്കുമെന്ന് ഉമ്മൻ ചാണ്ടി സർക്കാർ പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിൽ പല രാഷ്ട്രീയ ഔദ്യോഗിക പ്രമാണിമാരും അദ്ദേഹവുമായി ഫോണിൽ സംസാരിച്ചിരുന്നതായി വെളിപ്പെട്ടു  കണ്ണൂർ ജയിലിൽ നിന്ന് കൊലപാതക കേസുകളിൽ ശിക്ഷിക്കപ്പെട്ട സി.പി.എം.കാരുൾപ്പെടെ പല തടവുകാരും എൽ.ഡി.എഫ് ഭരണകാലത്ത് അന്നത്തെ ആഭ്യന്തരമന്ത്രിയുൾപ്പെടെ പലരുമായി ടെലിഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകളും പുറത്തു വന്നു. ഇതെല്ലാം സംവിധാനം എത്രമാത്രം ദുഷിച്ചെന്ന് സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ നിയമത്തിന്റെ കരങ്ങൾ കൊന്നവർക്കപ്പുറം നീണ്ട് കൊല്ലിച്ചവരിൽ എത്തുമെന്ന് വിശ്വസിക്കാൻ നന്നെ ബുദ്ധിമുട്ടണം. ശക്തരുടെ മുന്നിൽ സംവിധാനം പതറുന്ന കാഴ്ച രാഷ്ട്രീയ സ്വഭാവമില്ലാത്ത ചേകന്നൂർ മൌലവി കേസിലും അഭയ കേസിലും നാം കണ്ടതാണല്ലൊ.   (മലയാളനാട്)

No comments: