Friday, May 11, 2012

കേരളത്തിലെ ജനാധിപത്യസമൂഹം ഉണരേണ്ടിയിരിക്കുന്നു

രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തില്‍ പുതിയ കാര്യമല്ല. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം സൃഷ്ടിക്കുന്ന പുതിയ അന്തരീക്ഷം, സി.പി.എമ്മില്‍നിന്ന് പുറത്തുപോയി, തങ്ങള്‍ക്ക് രാഷ്ടീയ വെല്ലുവിളി ഉയര്‍ത്താന്‍ ആരെയും അനുവദിക്കുകയില്ലെന്ന താക്കീത് ഉള്‍ക്കൊള്ളുന്നു എന്നതാണ്. ചന്ദ്രശേഖരനും കൂട്ടരും സി.പി.എം. വിട്ട് പുതിയ പാര്‍ട്ടി ഉണ്ടാക്കിയതിന് ശേഷം ആ മേഖലയില്‍ സി.പി.എം, ഈ വിമതര്‍ക്കുനേരെ നടത്തിയ ആക്രമണ പരമ്പരയെക്കുറിച്ച് ചന്ദ്രശേഖരന്‍ തന്നെ എഴുതിയ ലേഖനം വിശദമായ ചിത്രം നല്‍കുന്നുണ്ട്. ഇടതുമുന്നണി ഭരിക്കുന്ന കാലത്ത് ആ മേഖലയിലെ മുഴുവന്‍ പോലീസ് സംവിധാനവും തങ്ങളുടെ വിശ്വസ്തരെ കുത്തിനിറച്ച് ഈ ആക്രമണപരമ്പരകള്‍ക്കെതിരെ പോലീസ് നടപടികളൊന്നും ഉണ്ടാകാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. ചന്ദ്രശേഖരന്റെ അടുത്ത അനുയായികള്‍ക്കെതിരെ നടന്ന, തലനാരിഴയ്ക്കുമാത്രം അവര്‍ രക്ഷപ്പെടാനിടയായ, ആക്രമണങ്ങളുടെ അതേ ശൈലിയിലുള്ള ആക്രമണം തന്നെയാണ് ചന്ദ്രശേഖരനെതിരായും നടന്നത്. അതുകൊണ്ട് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരെന്ന് അന്വേഷിക്കുന്നതില്‍ വലിയ അര്‍ത്ഥമില്ല. ക്വട്ടേഷന്‍ സംഘാംഗങ്ങളുടെ പേരും വിലാസവും അറിയുന്നതുകൊണ്ട് ഒരു വിശേഷവുമില്ല.
സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഇവിടെ രൂപംകൊണ്ടുവരുന്ന അങ്ങേയറ്റം അപകടകരമായ ഫാസിസ്റ്റു പ്രവണതയെക്കുറിച്ചാണ് കേരളീയസമൂഹം ഉല്‍ക്കണ്ഠപ്പെടേണ്ടത്. കേരളത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന സ്റ്റാലിനിസത്തെവരെ ആരാധിക്കാന്‍ മടിക്കാത്ത രാഷ്ട്രീയ സംസ്‌കാരമാണ് അപകടകരം. 1930-കളിലും 40 കളിലും പാര്‍ട്ടി കമ്മിറ്റികളൊന്നും അറിയാതെ സ്റ്റാലിനും അദ്ദേഹത്തിന്റെ വിശ്വസ്തരും ചേര്‍ന്ന് പാര്‍ട്ടി നേതൃത്വനിരയിലുള്ളവരെ വന്‍തോതില്‍ ഇല്ലായ്മ ചെയ്ത ഭീകരമായ അധികാരപ്രയോഗത്തിന്റെ ശൈലിതന്നെയാണ് കേരളത്തില്‍ സി.പി.എം. നേതൃത്വം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. കണ്ണൂരില്‍ നടന്ന ഷുക്കൂര്‍ വധം ഈ ശൈലിയുടെതന്നെ മറ്റൊരു രൂപത്തിലുള്ള പ്രതിഫലനമായിരുന്നു. ഏകപാര്‍ട്ടി ഭരണസങ്കല്പം സൃഷ്ടിക്കുന്ന ഈ ശൈലിയുടെ പ്രാഥമിക രൂപം പിന്തുടര്‍ന്നിരുന്നവരാണ് ചന്ദ്രശേഖരനും മറ്റുവിതരുമൊക്കെതന്നെ. വിമതത്വം പ്രകടമായപ്പോള്‍ അവര്‍ ഈ ശൈലിയുടെ ഇരകളായി. ഇപ്പോഴും ഈ ശൈലി പിന്തുടരുന്നവര്‍ ഇങ്ങിനെ ഇരകളാകുമ്പോഴേ അവര്‍ക്കിത് മനസ്സിലാകൂ.
കേരളത്തിലെ ജനാധിപത്യസമൂഹം ഈ രാഷ്ട്രീയശൈലി ഒരു തരത്തിലും പൊറുപ്പിച്ചുകൂടാ. ജനാധിപത്യസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ തങ്ങളുടെ പ്രവര്‍ത്തനം മുഴുവന്‍ സുതാര്യമാക്കാന്‍ ബാധ്യസ്ഥരാണ്. ഗൂഢാലോചനാപരമായ ശൈലികള്‍ പിന്തുടരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജനാധിപത്യവ്യവസ്ഥയില്‍ സ്ഥാനമുണ്ടാകരുത്. ജനാധിപത്യപരവും ആശയപരവുമായ സാമൂഹ്യഇടപെടലിലൂടെയാണ് ജനാധിപത്യപരമായ രാഷ്ട്രീയസംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടത്. കേരളത്തിന്റെ ജനാധിപത്യഭാവിയില്‍ തല്പരരായവരെല്ലാം ഇത്തരമൊരു രാഷ്ട്രീയ ഉത്തരവാദിത്വത്തില്‍ പങ്കാളികളാവേണ്ടതുണ്ട്. എല്ലാത്തരം അക്രമരാഷ്ട്രീയത്തിന്റെയും അടിവേരുകള്‍തന്നെ പിഴുതെറിയും വിധത്തിലുള്ള ഒരു രാഷ്ട്രീയ ഇടപെടലാണ് അടിയന്തിരാവശ്യം.
 
(ആനന്ദ്, എം. ഗംഗാധരന്‍, സക്കറിയ, എം.ജി.എസ്. നാരായണന്‍, കെ. വേണു, സാറാ ജോസഫ് ആറ്റൂർ രവിവര്‍മ്മ, സി.ആർ. പരമേശ്വരന്‍, കല്പറ്റ നാരായണന്‍, സിവിക് ചന്ദ്രന്‍, ടി.പി. രാജീവന്‍, എം.എന്‍. കാരശ്ശേരി, ഹമീദ് ചേന്ദമംഗലൂർ, എന്‍.എം. പിയേഴ്‌സൺ, ഇ. കരുണാകരന്‍, എം.ജി. ശശി, അന്‍വർ അലി, സി.ജെ. ജോര്‍ജ്, എം. കമറുദ്ദീൻ, ബി.ആർ.പി. ഭാസ്കർ എന്നിവർ ഒപ്പിട്ട പ്രസ്താവനയുടെ പൂർണ്ണ രൂപം)

5 comments:

saidu kootungal said...

തീര്ച്ചയായും പൂര്‍ണമായും ഈ അഭിപ്രായത്തോട് യൊജിക്കുന്നൂ..ഒരുപാട് മഹാരഥന്മാര്‍ കഷ്ട്ടപ്പെട്ടു നേടിയെടുത്ത സ്വാതന്ത്ര്യം രാഷ്ട്രീയക്കാരും അധോലോകക്കാരും ഗുണ്ടകളും വര്‍ഗീയ വാദികളും അമ്മാനമാടുന്ന സ്ഥിതിയിലേക്ക് കൂപ്പു കുതിയിരിക്കുന്നൂ.മഹാത്മാ ഗാന്ധി പഠിപ്പിച്ച അഹിംസാ വാദത്തിനു കടക വിരുദ്ധമാണ് കമ്മ്യുണിസ്റ്റ് മാര്‍ക്സിസം ..അതുകൊണ്ട് തന്നെ അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കടക്കല്‍ കത്തി വച്ചു കൊന്ടിരിക്കുന്നൂ .. സമാധാന ജീവിതം കാംഷിക്കുന്ന എല്ലാ ജനാധിപത്യവാദികളും ഇത്തരം പ്രവനതക്കെതിരെ പ്രതി കരിക്കണം ശബ്ദമുയര്തുകാ ...ജയ്‌ ഹിന്ദ്‌ ..!!

johnson fernandez said...

The statement you given avove is known to the keralites. Those signed here many times explained the undemocratic process going on here kerala politics. It is easy to give statements. What we need is action plan from base level of a booth committee to national level. Should participate in the political process going on here.

മുക്കുവന്‍ said...

കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍... ഇതല്ലേ എല്ലാ നാട്ടിലും നടക്കണേ... പിന്നെ വടകരയില്‍ മാത്രം ഒരു ഭേദഗതി എന്തിനാണാ‍വോ? അതോ മറ്റു നാടുകളില്‍ കണ്ടില്ലാ‍ാനുണ്ടോ?

വെള്ളരി പ്രാവ് said...

നന്നായി ബാബുജി...അവസരോചിതവും,ഒരു സമൂഹം ആഗ്രഹിക്കുന്നതുമായ ഇടപെടല്‍.കേരള സാംസ്കാരിക മണ്ഡലത്തില്‍ കൊടികളുടെ നിറം ഏത് ആയി ക്കൊള്ളട്ടെ ചെയ്യുന്ന തോന്ന്യാസങ്ങള്‍ കണ്ടു നില്‍ക്കാതെ ചോദിക്കാനും പറയാനും ഇവിടെ ആളുണ്ടെന്നു രാഷ്ട്രീയക്കാര്‍ മനസിലാക്കട്ടെ.താങ്കളെപോലുള്ള ധിഷണാശാലികള്‍ ആയ തന്റ്റെടികള്‍ എങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിച്ചതില്‍ ഒത്തിരി സാധാരണക്കാര്‍ സന്തോഷിക്കുന്നുണ്ട്‌.:)

Nodichil said...

http://www.mathrubhumi.com/business/special_articles/celebrities-to-squeeze-most-out-of-social-media-268357.html

ഏയ്... വെറുതെയാകും.