Wednesday, January 28, 2015

മുങ്ങിത്താഴുന്ന യുഡിഎഫ്‌ രാഷ്ട്രീയം


ബി ആർ പി ഭാസ്കർ

യുഡിഎഫിലെ ഏറ്റവും പ്രഗത്ഭരും പരിചയസമ്പന്നരും ജനപ്രിയരുമായ നേതാക്കളാണ്‌ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ധനമന്ത്രി കെ എം മാണിയും. അവർ ബഹുജനങ്ങളുടെ മുന്നിൽ പരിഹാസ്യ കഥാപാത്രങ്ങളായി നിൽക്കുന്ന കാഴ്ച ദുഃഖകരമാണ്‌. വ്യക്തിത്വങ്ങളുടെ ദുര്യോഗം മാത്രമല്ല, രാഷ്ട്രീയ ദുരന്തം കൂടിയാണത്‌.

മുഖ്യമന്ത്രിക്കുപോലും ‘സാർ’ ചേർത്തു മാത്രമെ മാണിയുടെ പേർ ഉച്ചരിക്കാനാകൂ. അത്രയ്ക്ക്‌ മൂപ്പുള്ള നേതാവാണദ്ദേഹം. ഉമ്മൻ ചാണ്ടിയുടെ പേർ പുതുപ്പള്ളിയിലെ സ്കൂൾ കുട്ടികൾക്ക്‌ മാത്രം അറിയാമായിരുന്ന കാലത്ത്‌ മാണി കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന കോൺഗ്രസ്‌ നേതാവാണ്‌. ഡിസിസി സെക്രട്ടറിയായി പ്രവർത്തിച്ച ശേഷം പ്രസിഡന്റും കെപിസിസി അംഗവുമായിരിക്കുമ്പോഴാണ്‌ അദ്ദേഹം കെ എം ജോർജിനോടൊപ്പം 1964ൽ കോൺഗ്രസ്‌ വിട്ടു കേരളാ കോൺഗ്രസുകാരനായത്‌. അടുത്ത കൊല്ലം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചു വിജയിച്ചു. ആ നിയമസഭ ഒരിക്കലും കൂടിയില്ല. പക്ഷെ പാലാക്കാർ അതിനുശേഷം മറ്റൊരു പ്രതിനിധിയെ തേടിയിട്ടില്ല.

രാഷ്ട്രീയ അനിശ്ചിതത്വം നിലനിന്ന 1960-70 കാലത്ത്‌ മാണിയെ ഒരു ഭാവി മുഖ്യമന്ത്രിയായി പലരും കണ്ടു. സി അച്യുതമേനോന്റെ വരവ്‌ അനിശ്ചിതത്വം അവസാനിപ്പിച്ചു. സിപിഐ കോൺഗ്രസുമായുള്ള കൂട്ടുകെട്ട്‌ അവസാനിപ്പിക്കാൻ തീരുമാനിച്ചതിനെ തുടർന്ന്‌ 1979ൽ പി കെ വാസുദേവൻ നായർ മുഖ്യമന്ത്രിപദം രാജിവെച്ചപ്പോൾ ആ സ്ഥാനത്തേക്ക്‌ ഉയർന്നു വന്ന പേരുകളിൽ ഒന്ന്‌ മാണിയുടേതായിരുന്നു. എന്നാൽ മുന്നണിക്കുള്ളിൽ കൂടുതൽ പിന്തുണ ലഭിച്ചത്‌ സി എച്ച്‌ മുഹമ്മദ്‌ കോയക്കായിരുന്നു. ഒരു ചെറിയ കാത്തിരിപ്പിനുശേഷം മാണി പിന്തുണ പിൻവലിച്ച്‌ കോയ സർക്കാരിനെ താഴെയിറക്കി. പക്ഷെ അദ്ദേഹത്തിന്റെ മുഖ്യമന്ത്രിമോഹം പൂവണിഞ്ഞില്ല. സംസ്ഥാനം രാഷ്ട്രപതിഭരണത്തിൻ കീഴിലായി.

തുടർന്നു രൂപപ്പെട്ട ഇരുമുന്നണി സമ്പ്രദായം മുഖമന്ത്രിപദം മുന്നണികളെ നയിക്കുന്ന കോൺഗ്രസിലും സിപിഎമ്മിലുമായി പരിമിതപ്പെടുത്തി. ആ പരിമിതി മറികടന്ന്‌ മാണിയുടെ ചിരകാലാഭിലാഷം സഫലമാക്കാൻ അനുയായികൾ നടത്തിയ നീക്കമാണ്‌ അദ്ദേഹത്തിന്റെ നീണ്ട രാഷ്ട്രീയജീവിതത്തിനുമേൽ തൂത്തുകളയാനാവാത്ത കളങ്കം ചാർത്തുന്ന നിലയിലേക്ക്‌ കാര്യങ്ങളെ എത്തിച്ചത്‌.

കോൺഗ്രസിൽ തുടർന്നിരുന്നെങ്കിൽ ഒരുപക്ഷെ എ കെ ആന്റണിക്കും മുമ്പെ മാണിക്ക്‌ മുഖ്യമന്ത്രിയാകാൻ കഴിയുമായിരുന്നു. ആ പദവി ലഭിച്ചില്ലെങ്കിലും അര നൂറ്റാണ്ടുകാലം ഒരു പാർട്ടിയുടെ തലപ്പത്ത്‌ തുടർന്നുകൊണ്ട്‌ കേരള രാഷ്ട്രീയത്തിൽ അതിജീവിക്കാനുള്ള കഴിവ്‌ അദ്ദേഹം തെളിയിച്ചു. ഒരു വിധത്തിൽ നോക്കുമ്പോൾ ഇപ്പോൾ യുഡിഎഫിനെ ഉലയ്ക്കുന്നത്‌ ഉമ്മൻ ചാണ്ടിയും കെ എം മാണിയും തമ്മിൽ അതിജീവനത്തിനു നടത്തുന്ന സമരമാണ്‌. അതാകട്ടെ ഒന്നുകിൽ ഒന്നിച്ചു മുങ്ങുക അല്ലെങ്കിൽ ഒന്നിച്ചു പൊങ്ങുക എന്ന അവസ്ഥയിലെത്തി നിൽക്കുന്നു.

രണ്ടു കൊല്ലം കെഎസ്‌യു അധ്യക്ഷനായി പ്രവർത്തിച്ചശേഷം ഉമ്മൻ ചാണ്ടി 1970ൽ യൂത്ത്‌ കോൺഗ്രസ്‌ പ്രസിഡന്റും എംഎൽഎയുമായി. അന്നു മുതൽ ഇന്നു വരെ എംഎൽഎയാണ്‌. സഹായമഭ്യർഥിക്കുന്നവർക്കെല്ലാം മടികൂടാതെ ശുപാർശ കത്ത്‌ എഴുതിക്കൊടുക്കുന്ന ജനകീയനാണദ്ദേഹം. പാലാക്കാർക്ക്‌ മാണിയോടുള്ളതിനേക്കാൾ സ്നേഹം പുതുപ്പള്ളിക്കാർക്ക്‌ അദ്ദേഹത്തോടുണ്ട്‌. അദ്ദേഹത്തെ നേരിടാൻ ഒരു നല്ല സ്ഥാനാർത്ഥിയെ കണ്ടെത്താൻ തന്നെ എതിർ മുന്നണിക്ക്‌ ഇപ്പോൾ പ്രയാസമാണ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അദ്ദേഹം 33,000ൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ്‌ ജയിച്ചത്‌.

കോൺഗ്രസിലെ ഗ്രൂപ്പുയുദ്ധത്തിൽ എ കെ ആന്റണിയുടെ പടനായകനായാണ്‌ ഉമ്മൻ ചാണ്ടി ഉയരങ്ങൾ താണ്ടിയത്‌. അദ്ദേഹം ആന്റണിക്കൊപ്പം കോൺഗ്രസിനു പുറത്തു പോയി മറ്റേ മുന്നണിയുടെ ഭാഗമാവുകയും പിന്നീട്‌ തിരിച്ചെത്തുകയും ചെയ്തു. കെ കരുണാകരനെ കെട്ടു കെട്ടിക്കാനുള്ള എ ഗ്രൂപ്പ്‌ തന്ത്രങ്ങൾ മെനഞ്ഞവരിൽ പ്രമുഖൻ അദ്ദേഹമായിരുന്നു. മുഖ്യമന്ത്രിയെന്ന നിലയിൽ നല്ല തുടക്കം കാഴ്ചവെച്ചശേഷം ഐക്യരാഷ്ട്രസഭ നൽകിയ സമ്മാനം വാങ്ങാൻ വിദേശത്തായിരുന്നപ്പോഴാണ്‌ സോളാർ തട്ടിപ്പു കേസുകൾ അന്വേഷിക്കുന്ന പൊലീസ്‌ അദ്ദേഹത്തിന്റെ സ്റ്റാഫംഗങ്ങളെ പിടികൂടിയത്‌.

ഉമ്മൻ ചാണ്ടിക്ക്‌ വെല്ലുവിളികളെ അതിജീവിക്കാനുള്ള കഴിവ്‌ തീർച്ചയായുമുണ്ട്‌. പക്ഷെ കഴിഞ്ഞ നാലു കൊല്ലക്കാലത്ത്‌ അദ്ദേഹം അതിജീവിച്ചത്‌ നിരന്തരം ചുരുങ്ങിക്കൊണ്ടാണ്‌. മുന്നണി സംവിധാനത്തിൽ മുഖ്യമന്ത്രിക്ക്‌ മന്ത്രിമാരെ നിശ്ചയിക്കുന്ന കാര്യത്തിൽ ചില പരിമിതികളുണ്ട്‌. പക്ഷെ ഇക്കാര്യത്തിൽ അദ്ദേഹത്തോളം പരാധീനത അനുഭവിച്ച മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. ഒരു ഘടക കക്ഷി സ്വയം പ്രഖ്യാപിച്ച അഞ്ചാം മന്ത്രിയെ എടുക്കാൻ അദ്ദേഹം നിർബന്ധിതനായി. എൻഎസ്‌എസ്‌ നായർക്ക്‌ താക്കോൽ സ്ഥാനം ആവശ്യപ്പെട്ടപ്പോൾ അതും കൊടുക്കേണ്ടിവന്നു.

ഉമ്മൻ ചാണ്ടിയുടെ സർക്കാർ വേണ്ടത്ര ആലോചന കൂടാതെ പല തീരുമാനങ്ങളും എടുക്കുകയും പിന്നീട്‌ അവ പിൻവലിക്കുകയും ചെയ്തിട്ടുണ്ട്‌. കോടതി വിധികളെ തുടർന്നും ചില തീരുമാനങ്ങൾ പിൻവലിച്ചിട്ടുണ്ട്‌. ഉയർന്ന കോടതികളിൽ നിന്ന്‌ മറ്റൊരു സർക്കാരും കേട്ടിട്ടില്ലാത്ത കടുത്ത ശകാരമാണ്‌ അദ്ദേഹത്തിന്റെ സർക്കാരിനു കേൾക്കേണ്ടി വന്നിട്ടുള്ളത്‌.

മാണിയും ഉമ്മൻചാണ്ടിയും അളമുട്ടിയ അവസ്ഥയിലാണിപ്പോൾ. ക്രൈസ്തവ സഭയ്ക്കൊപ്പം മാധവ്‌ ഗാഡ്ഗിലിനെയും കസ്തൂരിരംഗനെയും വേട്ടയാടി ഒരു ലോക്സഭാ സീറ്റ്‌ നേടിയതിന്റെ ആവേശത്തിൽ ഒരു ചെറിയ കാലയളവിലേക്ക്‌ മാണിയെ മുഖ്യമന്ത്രിയാക്കിക്കൊണ്ട്‌ കൂടുതൽ നേട്ടമുണ്ടാക്കാമെന്ന്‌ ഇടതു മുന്നണിയിൽ ചിലർ കണക്കുകൂട്ടി. സിപിഐയുടെ എതിർപ്പു മൂലം ആ അടവുമായി മുന്നോട്ടുപോകാനായില്ല. യുഡിഎഫിനകത്തുനിന്നു തന്നെ ഉയർന്ന ബാർ കോഴവിവാദം മാണിക്കു മുന്നിലെ വാതിൽ പൂർണമായും കൊട്ടിയടച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിലും തുടർന്നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും നേരിട്ട കനത്ത പരാജയം കോൺഗ്രസിന്റെ കേന്ദ്രനേതൃത്വത്തെ ദുർബലമാക്കിയിട്ടുണ്ട്‌. അതിന്റെ ഫലമായി പാർട്ടി ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോൾ കേന്ദ്രനേതൃത്വം ഇടപെടുന്ന രീതി മരവിച്ചു നിൽക്കുകയാണ്‌. കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിന്‌ കേരളത്തിൽ ഇപ്പോൾ ഇടപെടാനാകാത്തതിന്‌ മറ്റ്‌ കാരണങ്ങൾ കൂടിയുണ്ട്‌. സമീപകാലത്ത്‌ ഇത്തരം പ്രശ്നങ്ങൾ ഹൈക്കമാൻഡ്‌ പരിഹരിച്ചത്‌ സംസ്ഥാനത്തു നിന്ന്‌ ഒഴിവാക്കപ്പെടുന്ന നേതാവിനെ കേന്ദ്രത്തിൽ പ്രതിഷ്ഠിച്ചുകൊണ്ടാണ്‌. കേന്ദ്രത്തിൽ അധികാരം നഷ്ടപ്പെട്ടതിന്റെ ഫലമായി ആ സാധ്യത ഇല്ലാതായിരിക്കുന്നു. സോണിയാ ഗാന്ധി രാഹുൽ ഗാന്ധിയെ പ്രസിഡന്റ്‌ സ്ഥാനത്തു വാഴിച്ചിട്ട്‌ പിൻവാങ്ങാനുള്ള ശ്രമത്തിലുമാണ്‌. ഈ സാഹചര്യത്തിൽ കേരളത്തിലെ യുഡിഎഫ്‌ രാഷ്ട്രീയം കുറേക്കാലം മുങ്ങിയും താണും കഴിയേണ്ടിവന്നേക്കും.  (ജനയുഗം, ജനുവരി 28, 2015)

Thursday, January 15, 2015

നമ്മളെന്താ ഇങ്ങനെ ആയത്‌?

ബി ആർ പി ഭാസ്കർ
ജനയുഗം 

കേരളം കണ്ട വലിയ അഴിമതിക്കേസുകളിൽ ഒന്നായ പാമൊലിൻ കേസ്‌ പിൻവലിക്കാനുള്ള യു.ഡി.എഫ്‌ സർക്കാരിന്റെ അപേക്ഷ തള്ളിയ തൃശ്ശൂർ വിജിലൻസ്‌ കോടതി വിധി ഏതാനും ദിവസം മുമ്പ്‌ കേരള ഹൈക്കോടതി ശരിവയ്ക്കുകയുണ്ടായി. കേസ്‌ പിൻവലിച്ചാൽ മന്ത്രിമാർക്കും ഉദ്യോഗസ്ഥപ്രമുഖർക്കുമെതിരായ ആരോപണങ്ങളിലെ നിയമപ്രക്രിയ തകിടം മറിക്കപ്പെടുമെന്നാണ്‌ അപ്പീലിൽ വാദം കേട്ട ജസ്റ്റിസ്‌ പി ഉബൈദ്‌ പറഞ്ഞത്‌. ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുള്ളതിനാൽ സർക്കാർ കേസുമായി മുന്നോട്ടു പോകണമെന്ന്‌ അദ്ദേഹം നിർദേശിച്ചു.

കേസുകൾ പിൻവലിക്കുന്ന കാര്യത്തിൽ ഉദാരമായ സമീപനമാണ്‌ ഉമ്മൻ ചാണ്ടി സർക്കാരിന്റേത്‌. ഒരു ഐഎഎസ്‌ ഉദ്യോഗസ്ഥന്റെ ഓഫീസിൽ കയറി അദ്ദേഹത്തിന്റെ പുറത്ത്‌ കരി ഓയിൽ ഒഴിച്ച കെഎസ്‌യു പ്രവർത്തകർക്കെതിരായ കേസ്‌ പിൻവലിക്കാൻ സർക്കാർ ഉത്തരവിട്ട വസ്തുത കഴിഞ്ഞ ദിവസം പുറത്തു വന്നു. കോൺഗ്രസുകാർ മാത്രമല്ല അദ്ദേഹത്തിന്റെ ഔദാര്യത്തിന്റെ ഗുണഭോക്താക്കൾ. പ്രകടനത്തിനിടയിൽ ഒരു പൊലീസുദ്യോഗസ്ഥനെ ആക്രമിച്ചതിന്‌ ഏതാനും ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ്‌ എടുത്ത കേസ്‌ പിൻവലിക്കാനും അദ്ദേഹം അനുമതി നൽകി. പൊലീസിൽ നിയമനം ലഭിച്ച ഒരാൾക്ക്‌ ജോലി നഷ്ടപ്പെടാതിരിക്കാനാണ്‌ കേസ്‌ പിൻവലിച്ചതെന്നാണ്‌ ഔദ്യോഗിക ഭാഷ്യം.
നിയമനങ്ങൾ, കേസ്‌ പിൻവലിക്കൽ തുടങ്ങിയ കാര്യങ്ങളിൽ രാഷ്ട്രീയ വിവേചനം കാട്ടാത്തത്‌ നല്ലതു തന്നെ. എന്നാൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരെ, ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കിൽ കൂടി, പൊലീസിൽ നിയമിക്കരുതെന്നാണ്‌ സുപ്രിം കോടതി പറഞ്ഞിട്ടുള്ളത്‌.


അധികാരത്തിലിരിക്കുമ്പോൾ സ്വന്തം പാർട്ടിയിൽ പെട്ടവരെ കേസുകളിൽ നിന്ന്‌ ഒഴിവാക്കുന്ന രീതി കേരളത്തിൽ ഏറെക്കാലമായി നിലനിൽക്കുന്നുണ്ട്‌. പക്ഷെ പാമൊലിൻ കേസിൽ മുഖ്യമന്ത്രി അങ്ങനെയൊരു തീരുമാനം എടുക്കരുതായിരുന്നു. കാരണം ഈ കേസിൽ പൊങ്ങിവന്ന പേരുകളിലൊന്ന്‌ അദ്ദേഹത്തിന്റേതാണ്‌. ആരോപണവിധേയൻ സ്വയം കുറ്റവിമുക്തനായി പ്രഖ്യാപിക്കുന്നത്‌ അഭിലഷണീയമായ സമ്പ്രദായമല്ല. ജനാധിപത്യ വ്യവസ്ഥയിൽ അങ്ങനെ സംഭവിക്കാനേ പാടില്ല.

പാമൊലിൻ കേസിനാസ്പദമായ സംഭവം നടന്നിട്ട്‌ ഏതാണ്ട്‌ കാൽ നൂറ്റാണ്ടാകുന്നു. അതിന്റെ ചരിത്രത്തിൽ നിന്നും നമ്മുടെ രാഷ്ട്രീയത്തെയും ഭരണ സംവിധാനത്തെയും കുറിച്ച്‌ പലതും പഠിക്കാനാകും. അതിൽ ഏറ്റവും പ്രധാനം രാഷ്ട്രീയ നേതൃത്വം എങ്ങനെയാണ്‌ തീരുമാനങ്ങൾ എടുക്കുന്നതെന്നാണ്‌.

സംസ്ഥാനത്ത്‌ ഭക്ഷ്യ എണ്ണ ക്ഷാമം ഉണ്ടെന്ന്‌ കണ്ടെത്തിയതിന്റെ ഫലമായല്ല സർക്കാർ പാമൊലിൻ വാങ്ങാൻ തീരുമാനിച്ചത്‌. മലേഷ്യയിലും സിംഗപ്പൂരിലും പാമൊലിൻ വിൽക്കുന്ന ഒരു കമ്പനി പുതിയ വിപണി അന്വേഷിച്ചു ഇവിടെ എത്തുകയായിരുന്നു. സർക്കാർ അവരിൽ നിന്ന്‌ പാമൊലിൻ വാങ്ങാൻ തീരുമാനിച്ചു. അന്ന്‌ കേന്ദ്ര സർക്കാരിന്റെ ഇറക്കുമതി പട്ടികയിൽ പാമൊലിൻ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി കേന്ദ്രത്തെ സമീപിച്ച്‌ അതിനെ പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. തീരുമാനമെടുത്ത സാഹചര്യവും ഇടപാടിൽ മുഖ്യമന്ത്രി കാട്ടിയ താൽപ്പര്യവും അഴിമതി നടന്നെന്ന്‌ സംശയിക്കാൻ മതിയായ കാരണങ്ങളാണ്‌. ഇടപാട്‌ സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ച കമ്പ്ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ (സിഎജി) ക്രമക്കേടുകൾ നടന്നതായി കണ്ടെത്തി.

ഒരു നല്ല ഭരണകൂടം ഇത്തരം കാര്യത്തിൽ എങ്ങനെയാണ്‌ തീരുമാനങ്ങൾ എടുക്കുക? സംസ്ഥാനത്ത്‌ ഭക്ഷ്യ എണ്ണ ക്ഷാമമുണ്ടോ എന്ന്‌ അന്വേഷിക്കുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. ഉണ്ടെങ്കിൽ, ക്ഷാമം പരിഹരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം എന്താണെന്ന്‌ പരിശോധിക്കണം. പാമൊലിൻ ഇറക്കുമതിയാണ്‌ നല്ലതെന്ന നിഗമനത്തിലെത്തിയാൽ തന്നെ ഗുണമേന്മയുള്ള എണ്ണ കുറഞ്ഞ നിരക്കിൽ ആരിൽ നിന്നാണ്‌ ലഭിക്കുക എന്ന്‌ കണ്ടുപിടിക്കണം. സർക്കാർ ഈ പ്രക്രിയകളൊന്നും കൂടാതെ തീരുമാനമെടുക്കുമ്പോൾ അഴിമതിക്ക്‌ വാതിൽ തുറക്കുകയാണ്‌ ചെയ്യുന്നത്‌.

പാമൊലിൻ വിഷയത്തിൽ തീരുമാനമെടുത്തത്‌ ഒരു യുഡിഎഫ്‌ സർക്കാരാണ്‌. ഇതേ രീതിയിൽ തന്നെയാണ്‌ എൽഡിഎഫ്‌ സർക്കാരുകളും തീരുമാനമെടുക്കുന്നത്‌. വിളപ്പിൽശാല മാലിന്യ സംസ്കരണ പദ്ധതി ഇതിന്‌ ഉദാഹരണമാണ്‌. നഗരമാലിന്യങ്ങൾ ഏതു തരത്തിലുള്ളതാണ്‌, അവയുടെ തോത്‌ എന്താണ്‌ എന്നിങ്ങനെയുള്ള പഠനങ്ങളൊന്നും കൂടാതെ ഒരു പദ്ധതിയുമായി വന്ന വ്യവസായിയുമായി സർക്കാർ കരാറിലേർപ്പെട്ടു. ഒരു ഘട്ടത്തിൽ നഗരസഭ ഫാക്ടറി തുടർച്ചയായി പ്രവർത്തിപ്പിക്കാനാവശ്യമായ മാലിന്യങ്ങൾ എത്തിക്കുന്നില്ലെന്ന്‌ വ്യവസായി പരാതിപ്പെട്ടു. കൂടുതൽ മാലിന്യങ്ങൾ എത്തിച്ചപ്പോൾ അവ കുമിഞ്ഞുകൂടുകയും സ്ഥലവാസികൾ ഫാക്ടറിക്കെതിരെ സമരം ആരംഭിക്കുകയും ചെയ്തു. ഫാക്ടറി സംസ്കരിച്ചെടുക്കുന്ന വസ്തു വളമായി ഉപയോഗിക്കാമെന്ന വ്യവസായിയുടെ വാക്കിന്റെ അടിസ്ഥാനത്തിൽ അത്‌ വാങ്ങാമെന്ന്‌ സർക്കാർ ഏറ്റിരുന്നു. എന്നാൽ അത്‌ വളമായി ഉപയോഗിക്കാനാവില്ലെന്ന്‌ കൃഷി വകുപ്പ്‌ കണ്ടെത്തി.

പാമൊലിൻ കേസ്‌ ഒരു നേതാവിന്റെയും രാഷ്ട്രീയ ജീവിതത്തെ പ്രതികൂലമായി ബാധിച്ചില്ല. തീരുമാനമെടുത്ത മുഖ്യമന്ത്രി കെ കരുണാകരന്‌ സ്ഥാനചലനമുണ്ടായി. എന്നാൽ അത്‌ ഈ അഴിമതിക്കേസുമായി ബന്ധപ്പെട്ട കാരണങ്ങളാലായിരുന്നില്ല. ധനകാര്യമന്ത്രിയെന്ന നിലയിൽ പാമൊലിൻ ഇടപാടിൽ പങ്കാളിയായതുമൂലം ഉമ്മൻ ചാണ്ടിയുടെ പേർ ഉയർന്നു വന്നു. പക്ഷെ അദ്ദേഹം മുഖ്യമന്ത്രിയാകുന്നതിനു അത്‌ തടസമായില്ല. സാധാരണഗതിയിൽ അഴിമതിക്കേസുകൾ ഉദ്യോഗസ്ഥന്മാരുടെ സ്ഥാനക്കയറ്റത്തിനും തടസമാകാറില്ല. എന്നാൽ ഒരു മുതിർന്ന ഉദ്യോഗസ്ഥന്‌ ഈ കേസ്‌ വിനയായി. ഈ കേസിലെ പ്രതിപ്പട്ടികയിൽ പേരുള്ളതു കൊണ്ടാണ്‌ സുപ്രിം കോടതി പി ജെ തോമസ്‌ എന്ന ഐഎഎസ്‌ ഉദ്യോഗസ്ഥനെ ചീഫ്‌ വിജിലൻസ്‌ കമ്മിഷണർ സ്ഥാനം വഹിക്കാൻ അയോഗ്യനായി പ്രഖ്യാപിച്ചത്‌. കേസ്‌ നീതിന്യായ വ്യവസ്ഥയുടെ തട്ടുകളിൽ കെട്ടിക്കിടക്കാതെ തീർപ്പ്‌ കൽപ്പിക്കപ്പെട്ടിരുന്നെങ്കിൽ ഒരുപക്ഷെ നിരപരാധിയെന്ന്‌ കണ്ടു വിട്ടയക്കപ്പെടാവുന്ന ഉദ്യോഗസ്ഥനാണ്‌ ഈ ദുർവിധി ഉണ്ടായത്‌.

പാമൊലിൻ കേസിൽ പ്രതിസ്ഥാനത്തുള്ള മറ്റൊരു ഐഎഎസ്‌ ഉദ്യ‍ോഗസ്ഥനായ ജിജി തോംസന്റെ പേർ ഇപ്പോൾ ചീഫ്‌ സെക്രട്ടറി സ്ഥാനത്തേക്ക്‌ പരിഗണനയിലുണ്ട്‌. അദ്ദേഹത്തിന്‌ ആ സ്ഥാനം നൽകരുതെന്ന്‌ പ്രതിപക്ഷ നേതാവ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ആരോപണ വിധേയനായ ഒരാൾക്ക്‌ മുഖ്യമന്ത്രിയാകാമെങ്കിൽ മറ്റൊരാൾക്ക്‌ എന്തുകൊണ്ട്‌ ചീഫ്‌ സെക്രട്ടറിയായിക്കൂടാ?

രണ്ടു പതിറ്റാണ്ടിലേറെയായി ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്‌ പാമൊലിൻ കേസ്‌. ഇതു സംബന്ധിച്ച കാര്യങ്ങൾ പല തവണ പല കോടതികളിലും ഉയർത്തപ്പെട്ടിട്ടുണ്ട്‌. എന്നാൽ വിചാരണ എങ്ങും എത്തിയിട്ടില്ല. വിചാരണക്കോടതി തീർപ്പു കൽപ്പിച്ചശേഷവും രണ്ട്‌ അപ്പീൽ ഘട്ടങ്ങൾ ഉള്ളതുകൊണ്ട്‌ പ്രതികൾ കുറ്റക്കാരാണോ അല്ലയോ എന്ന്‌ ഉറപ്പായി പറയാൻ ഇനിയും ഏറെ കാലം കാത്തിരിക്കണം.

പ്രതിപക്ഷ നേതാവെന്ന നിലയിൽ വി എസ്‌ അച്യുതാനന്ദനാണ്‌ പാമൊലിൻ വിഷയം നിയമസഭയിൽ ഉയർത്തിയത്‌. പിന്നീട്‌ അദ്ദേഹം വിഷയം കോടതിയിലും പിന്തുടർന്നു. ഈ കേസ്‌ ഉത്ഭവിച്ചതിനുശേഷം രണ്ടു തവണ അദ്ദേഹത്തിന്റെ പാർട്ടി അധികാരത്തിൽ വന്നു. ഒരു തവണ അദ്ദേഹം തന്നെയായിരുന്നു മുഖ്യമന്ത്രി. എന്നിട്ടും കേസിന്റെ ഗതിയിൽ കാര്യമായ പുരോഗതിയുണ്ടായില്ല. കേസിൽ വേഗം തീർപ്പുണ്ടാകണമെന്ന്‌ പ്രതിപക്ഷത്തിനു പോലും നിർബന്ധമില്ലെന്നല്ലേ ഇത്‌ കാണിക്കുന്നത്‌?

നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന്‌ ഭരണാധികാരികൾ പ്രഖ്യാപിക്കുന്നു. അതേ സമയം ചില കേസുകൾ സർക്കാർ നടത്തുന്നു. ചിൽത് ഉപേക്ഷിക്കുന്നു. മറ്റ്‌ ചിലത്‌ അന്ത്യമില്ലാതെ തുടരുന്നു.

നമ്മൾ എന്താ ഇങ്ങനെയായത്‌? (ജനയുഗം, ജനുവരി 14, 2015)

Friday, January 2, 2015

സംഘ പരിവാറിന്റെ സമാന്തര ഭരണം

ബി ആർ പി ഭാസ്കർ

ഹിന്ദു എന്ന പേരിൽ ഒരു മതമുണ്ടായത്‌ മുസ്ലിം ബ്രിട്ടീഷ്‌ ഭരണ കാലത്താണ്‌. മുഗളന്മാർ ഹിന്ദുസ്ഥാന്റെ ചക്രവർത്തിമാരായി സ്വയം പ്രഖ്യാപിക്കും മുമ്പ്‌ ഇന്ത്യയിൽ സാമ്രാജ്യം കെട്ടിപ്പടുത്ത ഒരു രാജാവും താൻ ഹിന്ദുക്കളുടെയോ ഹിന്ദുസ്ഥാൻ എന്ന രാജ്യത്തിന്റെയോ ചക്രവർത്തിയാണെന്ന്‌ അവകാശപ്പെട്ടിരുന്നില്ല. വൈദിക സമൂഹം പ്രചരിപ്പിച്ച വർണവ്യവസ്ഥയും സമത്വത്തിൽ അധിഷ്ഠിതമായ ബൗദ്ധിക ദർശനവും തമ്മിൽ ഏറെക്കാലം സംഘർഷം നിലനിന്നിരുന്നു. ശങ്കരാചാര്യർ ബുദ്ധമതത്തെ പരാജയപ്പെടുത്തി ഹിന്ദുമതം പുന:സ്ഥാപിച്ചുവെന്നാണു ഹിന്ദുമത വക്താക്കൾ അവകാശപ്പെടുന്നത്‌. എന്നാൽ ശങ്കരാചാര്യരുടെ കൃതികളിലും ഹിന്ദു എന്ന വാക്കില്ല!
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഘർ വാപസി മേളകൾ നടക്കുകയാണ്‌. ദുർബല വിഭാഗങ്ങളിൽ പെട്ട ന്യൂനപക്ഷ സമുദായാംഗങ്ങളെ ഏറക്കുറെ രഹസ്യമായി അമ്പലമുറ്റങ്ങളിൽ എത്തിച്ച്‌ എന്തൊക്കെയോ കർമ്മങ്ങൾ നടത്തി ഹിന്ദുക്കളായി പുന: പരിവർത്തനം നടത്തിയതായി പ്രഖ്യാപിക്കുന്ന പരിപാടിയാണ്‌ ഘർ വാപസി (വീട്ടിലേക്കുള്ള മടങ്ങിവരവ്‌) എന്ന പേരിൽ അറിയപ്പെടുന്നത്‌. ഇന്ത്യാക്കാരെല്ലാം ഹിന്ദുക്കളായിരുന്നെന്നും മതം മാറിയതിന്റെ ഫലമായാണ്‌ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ആയതെന്നുമാണു സംഘപരിവാറിന്റെ പ്രഖ്യാപിത നിലപാട്‌. അതിന്റെ നിയന്ത്രണത്തിലുള്ള വിവിധ സംഘടനകളാണ്‌ ഘർ വാപസിയുടെ നടത്തിപ്പുകാർ.
സംഘപരിവാർ ഭാഷ്യം ചരിത്രത്തിന്റെ വികലമായ പുനരാഖ്യാനമാണെന്ന്‌ കാണാൻ പ്രയാസമില്ല. വേദങ്ങൾ ഉൾപ്പെടെയുള്ള ഒരു പ്രാചീന ഭാരതീയ ഗ്രന്ഥത്തിലും ഹിന്ദു എന്ന വാക്കില്ല. സിന്ധു നദീ തീരത്തെ ജനങ്ങളെ കുറിക്കാൻ ‘സ’ എന്ന അക്ഷരം പരിചിതമല്ലാതിരുന്ന പേർഷ്യക്കാർ ഉപയോഗിച്ച വാക്കാണ്‌ ‘ഹിന്ദു ‘. ഒരു കാലത്ത്‌ സഹ്യനപ്പുറമുള്ളവരെല്ലാം മലയാളിക്ക്‌ ‘പാണ്ടിക്കാരൻ’ ആയതു പോലെ, ചില വടക്കേ ഇന്ത്യാക്കാർക്ക്‌ തെക്കുള്ളവരെല്ലാം ‘മദ്രാസികൾ’ ആയതുപോലെ പേർഷ്യക്കാർക്ക്‌ ഇന്ത്യാക്കാരെല്ലാം ഹിന്ദുക്കളായി. ഈ പ്രദേശത്തെ ജനങ്ങളുടെ വിശ്വാസങ്ങളുമായി അതിന്‌ ഒരു ബന്ധവുമുണ്ടായിരുന്നില്ല.
ഹിന്ദു എന്ന പേരിൽ ഒരു മതമുണ്ടായത്‌ മുസ്ലിം ബ്രിട്ടീഷ്‌ ഭരണ കാലത്താണ്‌. മുഗളന്മാർ ഹിന്ദുസ്ഥാന്റെ ചക്രവർത്തിമാരായി സ്വയം പ്രഖ്യാപിക്കും മുമ്പ്‌ ഇന്ത്യയിൽ സാമ്രാജ്യം കെട്ടിപ്പടുത്ത ഒരു രാജാവും താൻ ഹിന്ദുക്കളുടെയൊ ഹിന്ദുസ്ഥാൻ എന്ന രാജ്യത്തിന്റെയോ ചക്രവർത്തിയാണെന്ന്‌ അവകാശപ്പെട്ടിരുന്നില്ല. വൈദിക സമൂഹം പ്രചരിപ്പിച്ച വർണവ്യവസ്ഥയും സമത്വത്തിൽ അധിഷ്ഠിതമായ ബൗദ്ധിക ദർശനവും തമ്മിൽ ഏറെക്കാലം സംഘർഷം നിലനിന്നിരുന്നു. ശങ്കരാചാര്യർ ബുദ്ധമതത്തെ പരാജയപ്പെടുത്തി ഹിന്ദുമതം പുന:സ്ഥാപിച്ചുവെന്നാണു ഹിന്ദുമത വക്താക്കൾ അവകാശപ്പെടുന്നത്‌. എന്നാൽ ശങ്കരാചാര്യരുടെ കൃതികളിലും ഹിന്ദു എന്ന വാക്കില്ല!
ശങ്കരാചാര്യരുടെ ലക്ഷ്യം എന്തുതന്നെയായിരുന്നാലും അദ്ദേഹത്തിന്റെ കാലശേഷം രാജ്യം സാമുഹികമായും സാമ്പത്തികമായും ദുർബലപ്പെടുകയും പുറത്തു നിന്നുള്ള ആക്രമണങ്ങൾ തടയാൻ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തെന്ന്‌ ചരിത്രത്തിൽ നിന്ന്‌ വായിച്ചെടുക്കാം. ആദ്യം മല കടന്നു വന്നവരും പിന്നീട്‌ കടൽ കടന്നു വന്നവരും ഇവിടെ ആധിപത്യം സ്ഥാപിച്ചു. എല്ലാ ജാതികളിൽ പെട്ടവരും പുതിയ ഭരണാധികാരികളുടെ ദാസ്യം സ്വീകരിച്ചു.
ഹിന്ദുക്കൾക്ക്‌ ആധിപത്യമുണ്ടായിരുന്ന ഒരു സുവർണ ഭൂതകാലം എന്ന മിഥ്യാ സങ്കൽപ്പത്തിന്റെ അടിസ്ഥാനത്തിലാണ്‌ ജാതിമേധാവിത്വം വിദേശഭരണത്തിൻ കീഴിൽ ആത്മാഭിമാനം നിലനിർത്തിയത്‌. രാഷ്ട്രീയ സ്വയംസേവക്‌ സംഘം രൂപപ്പെടുത്തിയ ‘ഗർവ്വ്‌ സെ കഹോ ഹം ഹിന്ദു ഹായ്‌’ (അഭിമാനത്തോടെ പറയൂ , നാം ഹിന്ദുക്കളാണ്‌) എന്ന മുദ്രാവാക്യം തന്നെ ആത്മാഭിമാനത്തിന്റെ അഭാവത്തിൽ നിന്നുയർന്നതാണല്ലൊ. പ്രാചീന ഭാരതത്തിന്റെ എല്ലാനേട്ടങ്ങളും ഹിന്ദുത്വവാദികൾ അവകാശപ്പെടുന്നതുപോലെ വൈദിക സമൂഹത്തിന്റെ സംഭാവനയല്ല. സിന്ധു നദീതട സംസ്കാരം അവർക്കും മുമ്പേ ഇവിടെയെത്തിയ ദ്രാവിഡർ, ഗോണ്ടുകൾ തുടങ്ങിയ വിഭാഗങ്ങളുടെ സൃഷ്ടിയാണ്‌. പല സംസ്കൃത കൃതികളും ബുദ്ധമതാനുയായികൾ ഉൾപ്പെടെയുള്ള ബ്രാഹ്മണേതർ രചിച്ചവയാണ്‌.
ആധുനിക ആശയങ്ങൾ ഉൾക്കൊണ്ട സ്വാതന്ത്ര്യ സമര സേനാനികൾ സമത്വം, സാഹോദര്യം എന്നീ സങ്കൽപ്പങ്ങളുടെ അടിസ്ഥാനത്തിൽ ഒരു പുതിയ സമൂഹം കെട്ടിപ്പടുക്കുവാനാണു ആഗ്രഹിച്ചത്‌. ആർഎസ്‌എസ്‌ ആകട്ടെ സ്വാതന്ത്ര്യ സമരത്തിൽ നിന്ന്‌ വിട്ടു നിന്നുകൊണ്ട്‌ ഹിന്ദു ഇന്ത്യ എന്ന സാങ്കൽപിക സംവിധാനം യാഥാർഥ്യമാകുന്ന ദിനം സ്വപ്നം കാണുകയായിരുന്നു. പാകിസ്ഥാൻ എന്ന മുസ്ലിം രാഷ്ട്രം നിലവിൽ വന്ന ഘട്ടത്തിൽ അവർ അഖണ്ഡ ഭാരതം എന്ന മുദ്രാവാക്യമുയർത്തി. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ സങ്കൽപം അവർ ഇപ്പോഴും തള്ളിപ്പറയുന്നു. ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന്‌ പറയുമ്പോൾ അവർ ഉദ്ദേശിക്കുന്നത്‌ അഹിന്ദുക്കൾ രണ്ടാം തരം പൗരന്മാരായുള്ള ഒരു സംവിധാനമാണ്‌.
വിഭജന കാലത്ത്‌ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച്‌ വടക്കൻ സംസ്ഥാനങ്ങളിൽ, വർഗ്ഗീയ കലാപങ്ങൾ ഉണ്ടായെങ്കിലും സ്വാതന്ത്ര്യ സമരത്തെ നയിച്ചവർ അതിനെതിരെ ശക്തമായ നിലപാട്‌ എടുത്തതുകൊണ്ട്‌ ഹിന്ദു വർഗ്ഗീയ ശക്തികൾക്ക്‌ വിജയിക്കാനായില്ല. പക്ഷെ അവർ അവസരം കാത്തു കഴിഞ്ഞു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പതാക വാഹിയായ ബിജെപിക്ക്‌ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അഴിമതിയിൽ മുങ്ങിനിന്ന കേന്ദ്ര ഭരണത്തോടുള്ള വിദ്വേഷം മുതലെടുത്ത്‌ അധികാരം നേടാനായി.
ബിജെപി തെരഞ്ഞെടുപ്പിലൂടെ അധികാരം നേടിയ കക്ഷിയെന്ന നിലയിൽ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച്‌ പ്രവർത്തിക്കുമ്പോൾ സംഘ പരിവാർ മറ്റൊരു തലത്തിൽ സമാന്തര ഭരണം നടത്തുകയാണ്‌. മുസ്ലിങ്ങളും ക്രിസ്ത്യാനികളും നിർബന്ധിച്ചും പ്രലോഭിപ്പിച്ചും മതപരിവർത്തനം നടത്തിയിരുന്നെന്ന്‌ ആരോപിച്ച പരിവാർ സംഘടനകൾ ഇപ്പോൾ ആ മതത്തിൽ പെട്ടവരെ നിർബന്ധിച്ചും പ്രലോഭിപ്പിച്ചും ഹിന്ദുക്കളാക്കുകയാണ്‌. ദളിതരും ആദിവാസികളും മറ്റ്‌ ദുർബല വിഭാഗങ്ങളുമാണു ഈവിധം സമ്മർദത്തിന്‌ വിധേയരാകുന്നത്‌. വ്യാജവാഗ്ദാനങ്ങൾ വിശ്വസിച്ചാണ്‌ അവർ ഹിന്ദുമതം വിട്ടതെന്ന വാദം തീർത്തും തെറ്റല്ല. വ്യാജവാഗ്ദാനങ്ങൾ നൽകിയാണ്‌ ഇപ്പോൾ അവരെ ഹിന്ദുമതത്തിലേക്ക്‌ തിരിച്ചു കൊണ്ടുവരുന്നതും.
നമ്മുടെ ഭരണഘടന വ്യക്തികൾക്ക്‌ ഏതു മതത്തിലും വിശ്വസിക്കാനുള്ള അവകാശം നൽകുന്നു. ഇത്‌ സംബന്ധിച്ച വകുപ്പിന്റെ പരിരക്ഷ കൂട്ട മതപരിവർത്തന പരിപാടികൾക്ക്‌ അവകാശപ്പെടാനാവില്ല. കാരണം അവ പ്രത്യക്ഷത്തിൽ തന്നെ നിർബന്ധത്തിന്റെ അംശം അടങ്ങിയിരിക്കുന്ന സംഘടിത പ്രവർത്തനങ്ങളാണ്‌. സംഘ പരിവാറിന്റെ ഇത്തരം പരിപാടികൾ കണ്ടില്ലെന്നു കേന്ദ്ര സർക്കാർ മാത്രമല്ല കേരള സർക്കാരും നടിക്കുകയാണ്‌. ഈ വിഷയത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന്‌ മുഖ്യമന്ത്രി ഈയിടെ പറയുകയുണ്ടായി. സർക്കാരിന്‌ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നുമാത്രമാണു ഇതിൽ നിന്ന്‌ മനസിലാക്കേണ്ടത്‌. ബന്ധപ്പെട്ട വ്യക്തികൾക്ക്‌ പരാതിയില്ലെങ്കിൽ കൂടി മതപരിവർത്തങ്ങൾ സമ്മർദ്ദങ്ങളും പ്രലോഭനങ്ങളും കൂടാതെയാണു നടക്കുന്നതെന്ന്‌ ഉറപ്പു വരുത്താനുള്ള ചുമതല അധികൃതർക്കുണ്ട്‌.
ഇപ്പോൾ സംഘ പരിവാറിന്റെ കീഴിലുള്ള ഒരു സംഘടന ആഹ്വാനം ചെയ്തിട്ടുള്ള ‘ബഹു ലാവോ, ബേട്ടി ബച്ചാവോ’ (മരുമകളെ കൊണ്ടു വരൂ, മകളെ രക്ഷിക്കൂ’ ) പദ്ധതി ഹിന്ദുത്വ ചേരിയുടെ വർഗ്ഗീയ അജണ്ട കൂടുതൽ വ്യക്തമാക്കുന്നു. മകൾ ഹിന്ദു മതത്തിൽ തുടരുന്നുവെന്ന്‌ ഉറപ്പാക്കുകയും മറ്റു മതങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ കല്യാണം കഴിച്ച്‌ ഹിന്ദുക്കളാക്കുകയും ചെയ്യാനാണ്‌ സംഘടന ആഹ്വാനം ചെയ്യുന്നത്‌. ലവ്‌ ജിഹാദിന്റെ പേരിൽ കോലാഹലം സൃഷ്ടിച്ചവരാണ്‌ ഇപ്പോൾ അതിന്റെ ഹിന്ദുത്വരൂപവുമായി മുന്നോട്ടു വന്നിരിക്കുന്നത്‌. ഇത്തരം പരിപാടികൾക്ക്‌ ഒരു ലക്ഷ്യമേയുള്ളു. അത്‌ സമൂഹത്തെ പൂർണ്ണമായും വർഗീയവത്കരിക്കുക എന്നതാണ്‌. അതിനെ തോൽപ്പിക്കാൻ മതനിരപേക്ഷ സമൂഹം ശക്തമായി മുന്നോട്ടു വരണം. (ജനയുഗം, ഡിസംബർ 31, 2014)

തിരുത്തൽശക്തിയാകണം

ബി.ആർ.പി. ഭാസ്കർ

ഒരു തട്ടിപ്പു കേസിന്റെ പേരിൽ മുഖ്യമന്ത്രിയുടെയും കോഴ ആരോപണത്തിന്റെ പേരിൽ ധനകാര്യമന്ത്രിയുടെയും രാജി ആവശ്യപ്പെട്ടുകൊണ്ട് നിയമസഭയ്ക്കകത്തും പുറത്തും വലിയ കോലാഹലങ്ങൾ നടന്ന കൊല്ലമാണ് കടന്നുപോയിരിക്കുന്നത്. മറ്റ് ചില മന്ത്രിമാർക്കെതിരെയും വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. സമരത്തിലേക്ക് നയിച്ചിട്ടില്ലാത്ത ആരോപണങ്ങളുമുണ്ടെന്നർത്ഥം. കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ലാത്ത ആരോപണത്തിന്റെ അടിസ്ഥാനത്തിൽ രാജി ആവശ്യപ്പെടുന്നത് ധാർമ്മികയുടെ പേരിലാണ്. അതാകട്ടെ കേരള രാഷ്ട്രീയത്തിൽ ചെലവാകാത്ത നാണയമായി മാറിയിരിക്കുന്നു. ഇത് ആശാസ്യകരമായ അവസ്ഥയല്ല; എളുപ്പത്തിൽ പരിഹരിക്കാവുന്നതുമല്ല. ധാരമ്മികമായി അല്പമെങ്കിലും ഉയരത്തിൽ നിൽക്കുന്ന ഒരു വ്യക്തിക്കൊ കക്ഷിക്കൊ മാത്രമെ എതിരാളിയെ ധാർമ്മികതയുടെ പേരിൽ ഫലപ്രദമായി ചോദ്യം ചെയ്യാനാകൂ. നിലവിലുള്ള സാഹചര്യങ്ങൾ ആരെയും അതിനനുവദിക്കുന്നില്ല. പാർട്ടികളുടെ ധാർമ്മികച്യുതിയുടെ ഉത്തരവാദിത്വം നേതാക്കളിലായി പരിമിതപ്പെടുത്താനാവില്ല. ഇവിടെ തിരുത്തൽശക്തിയാകേണ്ടത് ഓരോ പാർട്ടിയിലും പെട്ടവരാണ്. തന്റെ പാർട്ടി തന്റെ താല്പര്യങ്ങൾ സംരക്ഷിക്കണമെന്നല്ലാതെ നല്ല പാർട്ടിയായിരിക്കണമെന്ന ചിന്ത അവർക്കുണ്ടാകുമ്പോഴെ  ഈ സ്ഥിതിയിൽ മാറ്റമുണ്ടാകൂ. 
നിയമവിരുദ്ധമായി പാറപൊട്ടിക്കൽ, പാടം നികത്തൽ, ഭൂമി കയ്യേറ്റം തുടങ്ങിയ പ്രവർത്തനങ്ങൾ പലയിടങ്ങളിലും നടക്കുന്നതായി കോടതികളും ലോകായുക്തയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.  നിയമവാഴ്ചയുടെ ദുർബലാവസ്ഥയാണ് ഇവിടെ പ്രകടമാകുന്നത്. രാഷ്ട്രീയ ഔദ്യോഗിക സംവിധാനങ്ങളിലെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന അവസ്ഥയാണിത്. ഇതും എളുപ്പത്തിൽ പരിഹരിക്കാവുന്ന ഒന്നല്ല. അടിസ്ഥാനപ്രശ്നം അവശ്യ സാമഗ്രികളുടെ ദൌർലഭ്യമാണ്.   ആവശ്യങ്ങൾ കൃത്യമായി വിലയിരുത്തുകയും ഉചിതമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്യാതെ അഡ് ഹോക്ക് അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കുന്ന രീതിയാണ് സർക്കാർ പിന്തുടരുന്നത്. ഈ സമീപനം മൂലമാണ് മാലിന്യസംസ്കരണം ഏറെക്കാലമായി കീറാമുട്ടിയായി തുടരുന്നത്. മദ്യനിരോധനത്തിന്റെ കാര്യത്തിലും ഇതേ സമീപനമാണ് നാം കണ്ടത്. വസ്തുതകൾ പഠിച്ച്, എല്ലാ സാധ്യതകളും പരിഗണിച്ച്, ഏറ്റവും ഗുണപ്രദമായ തീരുമാനം ഏടുക്കുന്ന തരത്തിലേക്ക് നീങ്ങാൻ സർക്കാരിനാകണം.

നില്പുസമരത്തെ തുടർന്ന് ഈയിടെ പരിഹരിക്കപ്പെട്ട ആദിവാസി ഭൂമി പ്രശ്നവും പരിഹരിക്കപ്പെടാതെ തുടരുന്ന അരീപ്പ സമരവും പരിഹരിച്ചിട്ടും അവശേഷിക്കുന്ന ചെങ്ങറ സമരവും കൃഷിയിൽ താല്പര്യം നഷ്ടപ്പെട്ടിട്ടില്ലാത്ത ജനങ്ങളുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നു. 

സദാചാര ഗൂണ്ടായിസവും അതിനെതിരായ സമരങ്ങളും കേരളത്തിൽ സമൂഹത്തെ പിന്നോട്ടു വലിക്കാൻ ശ്രമിക്കുന്നവരും മുന്നോട്ടു കൊണ്ടു പോകാനാഗ്രഹിക്കുന്നവരും തമ്മിൽ  സംഘട്ടനം നടക്കുന്നതായി വ്യക്തമാക്കുന്നു. ഇത്തരം സംഘട്ടനങ്ങൾ സ്വാഭാവികമാണ്. സർക്കാർ ഇവരിൽ ആരോടൊപ്പമാണ്?  പുരോഗമനോന്മുഖമായ ഭരണകൂടത്തിന് നവീകരണ ശക്തികൾക്കൊപ്പം നിൽക്കാനുള്ള കടമയുണ്ട്. (മലയാള മനോരമ, ജനുവരി 1, 2015)