Wednesday, January 28, 2015

മുങ്ങിത്താഴുന്ന യുഡിഎഫ്‌ രാഷ്ട്രീയം


ബി ആർ പി ഭാസ്കർ

യുഡിഎഫിലെ ഏറ്റവും പ്രഗത്ഭരും പരിചയസമ്പന്നരും ജനപ്രിയരുമായ നേതാക്കളാണ്‌ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ധനമന്ത്രി കെ എം മാണിയും. അവർ ബഹുജനങ്ങളുടെ മുന്നിൽ പരിഹാസ്യ കഥാപാത്രങ്ങളായി നിൽക്കുന്ന കാഴ്ച ദുഃഖകരമാണ്‌. വ്യക്തിത്വങ്ങളുടെ ദുര്യോഗം മാത്രമല്ല, രാഷ്ട്രീയ ദുരന്തം കൂടിയാണത്‌.

മുഖ്യമന്ത്രിക്കുപോലും ‘സാർ’ ചേർത്തു മാത്രമെ മാണിയുടെ പേർ ഉച്ചരിക്കാനാകൂ. അത്രയ്ക്ക്‌ മൂപ്പുള്ള നേതാവാണദ്ദേഹം. ഉമ്മൻ ചാണ്ടിയുടെ പേർ പുതുപ്പള്ളിയിലെ സ്കൂൾ കുട്ടികൾക്ക്‌ മാത്രം അറിയാമായിരുന്ന കാലത്ത്‌ മാണി കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന കോൺഗ്രസ്‌ നേതാവാണ്‌. ഡിസിസി സെക്രട്ടറിയായി പ്രവർത്തിച്ച ശേഷം പ്രസിഡന്റും കെപിസിസി അംഗവുമായിരിക്കുമ്പോഴാണ്‌ അദ്ദേഹം കെ എം ജോർജിനോടൊപ്പം 1964ൽ കോൺഗ്രസ്‌ വിട്ടു കേരളാ കോൺഗ്രസുകാരനായത്‌. അടുത്ത കൊല്ലം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചു വിജയിച്ചു. ആ നിയമസഭ ഒരിക്കലും കൂടിയില്ല. പക്ഷെ പാലാക്കാർ അതിനുശേഷം മറ്റൊരു പ്രതിനിധിയെ തേടിയിട്ടില്ല.

രാഷ്ട്രീയ അനിശ്ചിതത്വം നിലനിന്ന 1960-70 കാലത്ത്‌ മാണിയെ ഒരു ഭാവി മുഖ്യമന്ത്രിയായി പലരും കണ്ടു. സി അച്യുതമേനോന്റെ വരവ്‌ അനിശ്ചിതത്വം അവസാനിപ്പിച്ചു. സിപിഐ കോൺഗ്രസുമായുള്ള കൂട്ടുകെട്ട്‌ അവസാനിപ്പിക്കാൻ തീരുമാനിച്ചതിനെ തുടർന്ന്‌ 1979ൽ പി കെ വാസുദേവൻ നായർ മുഖ്യമന്ത്രിപദം രാജിവെച്ചപ്പോൾ ആ സ്ഥാനത്തേക്ക്‌ ഉയർന്നു വന്ന പേരുകളിൽ ഒന്ന്‌ മാണിയുടേതായിരുന്നു. എന്നാൽ മുന്നണിക്കുള്ളിൽ കൂടുതൽ പിന്തുണ ലഭിച്ചത്‌ സി എച്ച്‌ മുഹമ്മദ്‌ കോയക്കായിരുന്നു. ഒരു ചെറിയ കാത്തിരിപ്പിനുശേഷം മാണി പിന്തുണ പിൻവലിച്ച്‌ കോയ സർക്കാരിനെ താഴെയിറക്കി. പക്ഷെ അദ്ദേഹത്തിന്റെ മുഖ്യമന്ത്രിമോഹം പൂവണിഞ്ഞില്ല. സംസ്ഥാനം രാഷ്ട്രപതിഭരണത്തിൻ കീഴിലായി.

തുടർന്നു രൂപപ്പെട്ട ഇരുമുന്നണി സമ്പ്രദായം മുഖമന്ത്രിപദം മുന്നണികളെ നയിക്കുന്ന കോൺഗ്രസിലും സിപിഎമ്മിലുമായി പരിമിതപ്പെടുത്തി. ആ പരിമിതി മറികടന്ന്‌ മാണിയുടെ ചിരകാലാഭിലാഷം സഫലമാക്കാൻ അനുയായികൾ നടത്തിയ നീക്കമാണ്‌ അദ്ദേഹത്തിന്റെ നീണ്ട രാഷ്ട്രീയജീവിതത്തിനുമേൽ തൂത്തുകളയാനാവാത്ത കളങ്കം ചാർത്തുന്ന നിലയിലേക്ക്‌ കാര്യങ്ങളെ എത്തിച്ചത്‌.

കോൺഗ്രസിൽ തുടർന്നിരുന്നെങ്കിൽ ഒരുപക്ഷെ എ കെ ആന്റണിക്കും മുമ്പെ മാണിക്ക്‌ മുഖ്യമന്ത്രിയാകാൻ കഴിയുമായിരുന്നു. ആ പദവി ലഭിച്ചില്ലെങ്കിലും അര നൂറ്റാണ്ടുകാലം ഒരു പാർട്ടിയുടെ തലപ്പത്ത്‌ തുടർന്നുകൊണ്ട്‌ കേരള രാഷ്ട്രീയത്തിൽ അതിജീവിക്കാനുള്ള കഴിവ്‌ അദ്ദേഹം തെളിയിച്ചു. ഒരു വിധത്തിൽ നോക്കുമ്പോൾ ഇപ്പോൾ യുഡിഎഫിനെ ഉലയ്ക്കുന്നത്‌ ഉമ്മൻ ചാണ്ടിയും കെ എം മാണിയും തമ്മിൽ അതിജീവനത്തിനു നടത്തുന്ന സമരമാണ്‌. അതാകട്ടെ ഒന്നുകിൽ ഒന്നിച്ചു മുങ്ങുക അല്ലെങ്കിൽ ഒന്നിച്ചു പൊങ്ങുക എന്ന അവസ്ഥയിലെത്തി നിൽക്കുന്നു.

രണ്ടു കൊല്ലം കെഎസ്‌യു അധ്യക്ഷനായി പ്രവർത്തിച്ചശേഷം ഉമ്മൻ ചാണ്ടി 1970ൽ യൂത്ത്‌ കോൺഗ്രസ്‌ പ്രസിഡന്റും എംഎൽഎയുമായി. അന്നു മുതൽ ഇന്നു വരെ എംഎൽഎയാണ്‌. സഹായമഭ്യർഥിക്കുന്നവർക്കെല്ലാം മടികൂടാതെ ശുപാർശ കത്ത്‌ എഴുതിക്കൊടുക്കുന്ന ജനകീയനാണദ്ദേഹം. പാലാക്കാർക്ക്‌ മാണിയോടുള്ളതിനേക്കാൾ സ്നേഹം പുതുപ്പള്ളിക്കാർക്ക്‌ അദ്ദേഹത്തോടുണ്ട്‌. അദ്ദേഹത്തെ നേരിടാൻ ഒരു നല്ല സ്ഥാനാർത്ഥിയെ കണ്ടെത്താൻ തന്നെ എതിർ മുന്നണിക്ക്‌ ഇപ്പോൾ പ്രയാസമാണ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അദ്ദേഹം 33,000ൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ്‌ ജയിച്ചത്‌.

കോൺഗ്രസിലെ ഗ്രൂപ്പുയുദ്ധത്തിൽ എ കെ ആന്റണിയുടെ പടനായകനായാണ്‌ ഉമ്മൻ ചാണ്ടി ഉയരങ്ങൾ താണ്ടിയത്‌. അദ്ദേഹം ആന്റണിക്കൊപ്പം കോൺഗ്രസിനു പുറത്തു പോയി മറ്റേ മുന്നണിയുടെ ഭാഗമാവുകയും പിന്നീട്‌ തിരിച്ചെത്തുകയും ചെയ്തു. കെ കരുണാകരനെ കെട്ടു കെട്ടിക്കാനുള്ള എ ഗ്രൂപ്പ്‌ തന്ത്രങ്ങൾ മെനഞ്ഞവരിൽ പ്രമുഖൻ അദ്ദേഹമായിരുന്നു. മുഖ്യമന്ത്രിയെന്ന നിലയിൽ നല്ല തുടക്കം കാഴ്ചവെച്ചശേഷം ഐക്യരാഷ്ട്രസഭ നൽകിയ സമ്മാനം വാങ്ങാൻ വിദേശത്തായിരുന്നപ്പോഴാണ്‌ സോളാർ തട്ടിപ്പു കേസുകൾ അന്വേഷിക്കുന്ന പൊലീസ്‌ അദ്ദേഹത്തിന്റെ സ്റ്റാഫംഗങ്ങളെ പിടികൂടിയത്‌.

ഉമ്മൻ ചാണ്ടിക്ക്‌ വെല്ലുവിളികളെ അതിജീവിക്കാനുള്ള കഴിവ്‌ തീർച്ചയായുമുണ്ട്‌. പക്ഷെ കഴിഞ്ഞ നാലു കൊല്ലക്കാലത്ത്‌ അദ്ദേഹം അതിജീവിച്ചത്‌ നിരന്തരം ചുരുങ്ങിക്കൊണ്ടാണ്‌. മുന്നണി സംവിധാനത്തിൽ മുഖ്യമന്ത്രിക്ക്‌ മന്ത്രിമാരെ നിശ്ചയിക്കുന്ന കാര്യത്തിൽ ചില പരിമിതികളുണ്ട്‌. പക്ഷെ ഇക്കാര്യത്തിൽ അദ്ദേഹത്തോളം പരാധീനത അനുഭവിച്ച മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. ഒരു ഘടക കക്ഷി സ്വയം പ്രഖ്യാപിച്ച അഞ്ചാം മന്ത്രിയെ എടുക്കാൻ അദ്ദേഹം നിർബന്ധിതനായി. എൻഎസ്‌എസ്‌ നായർക്ക്‌ താക്കോൽ സ്ഥാനം ആവശ്യപ്പെട്ടപ്പോൾ അതും കൊടുക്കേണ്ടിവന്നു.

ഉമ്മൻ ചാണ്ടിയുടെ സർക്കാർ വേണ്ടത്ര ആലോചന കൂടാതെ പല തീരുമാനങ്ങളും എടുക്കുകയും പിന്നീട്‌ അവ പിൻവലിക്കുകയും ചെയ്തിട്ടുണ്ട്‌. കോടതി വിധികളെ തുടർന്നും ചില തീരുമാനങ്ങൾ പിൻവലിച്ചിട്ടുണ്ട്‌. ഉയർന്ന കോടതികളിൽ നിന്ന്‌ മറ്റൊരു സർക്കാരും കേട്ടിട്ടില്ലാത്ത കടുത്ത ശകാരമാണ്‌ അദ്ദേഹത്തിന്റെ സർക്കാരിനു കേൾക്കേണ്ടി വന്നിട്ടുള്ളത്‌.

മാണിയും ഉമ്മൻചാണ്ടിയും അളമുട്ടിയ അവസ്ഥയിലാണിപ്പോൾ. ക്രൈസ്തവ സഭയ്ക്കൊപ്പം മാധവ്‌ ഗാഡ്ഗിലിനെയും കസ്തൂരിരംഗനെയും വേട്ടയാടി ഒരു ലോക്സഭാ സീറ്റ്‌ നേടിയതിന്റെ ആവേശത്തിൽ ഒരു ചെറിയ കാലയളവിലേക്ക്‌ മാണിയെ മുഖ്യമന്ത്രിയാക്കിക്കൊണ്ട്‌ കൂടുതൽ നേട്ടമുണ്ടാക്കാമെന്ന്‌ ഇടതു മുന്നണിയിൽ ചിലർ കണക്കുകൂട്ടി. സിപിഐയുടെ എതിർപ്പു മൂലം ആ അടവുമായി മുന്നോട്ടുപോകാനായില്ല. യുഡിഎഫിനകത്തുനിന്നു തന്നെ ഉയർന്ന ബാർ കോഴവിവാദം മാണിക്കു മുന്നിലെ വാതിൽ പൂർണമായും കൊട്ടിയടച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിലും തുടർന്നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും നേരിട്ട കനത്ത പരാജയം കോൺഗ്രസിന്റെ കേന്ദ്രനേതൃത്വത്തെ ദുർബലമാക്കിയിട്ടുണ്ട്‌. അതിന്റെ ഫലമായി പാർട്ടി ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോൾ കേന്ദ്രനേതൃത്വം ഇടപെടുന്ന രീതി മരവിച്ചു നിൽക്കുകയാണ്‌. കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിന്‌ കേരളത്തിൽ ഇപ്പോൾ ഇടപെടാനാകാത്തതിന്‌ മറ്റ്‌ കാരണങ്ങൾ കൂടിയുണ്ട്‌. സമീപകാലത്ത്‌ ഇത്തരം പ്രശ്നങ്ങൾ ഹൈക്കമാൻഡ്‌ പരിഹരിച്ചത്‌ സംസ്ഥാനത്തു നിന്ന്‌ ഒഴിവാക്കപ്പെടുന്ന നേതാവിനെ കേന്ദ്രത്തിൽ പ്രതിഷ്ഠിച്ചുകൊണ്ടാണ്‌. കേന്ദ്രത്തിൽ അധികാരം നഷ്ടപ്പെട്ടതിന്റെ ഫലമായി ആ സാധ്യത ഇല്ലാതായിരിക്കുന്നു. സോണിയാ ഗാന്ധി രാഹുൽ ഗാന്ധിയെ പ്രസിഡന്റ്‌ സ്ഥാനത്തു വാഴിച്ചിട്ട്‌ പിൻവാങ്ങാനുള്ള ശ്രമത്തിലുമാണ്‌. ഈ സാഹചര്യത്തിൽ കേരളത്തിലെ യുഡിഎഫ്‌ രാഷ്ട്രീയം കുറേക്കാലം മുങ്ങിയും താണും കഴിയേണ്ടിവന്നേക്കും.  (ജനയുഗം, ജനുവരി 28, 2015)

No comments: