Thursday, January 15, 2015

നമ്മളെന്താ ഇങ്ങനെ ആയത്‌?

ബി ആർ പി ഭാസ്കർ
ജനയുഗം 

കേരളം കണ്ട വലിയ അഴിമതിക്കേസുകളിൽ ഒന്നായ പാമൊലിൻ കേസ്‌ പിൻവലിക്കാനുള്ള യു.ഡി.എഫ്‌ സർക്കാരിന്റെ അപേക്ഷ തള്ളിയ തൃശ്ശൂർ വിജിലൻസ്‌ കോടതി വിധി ഏതാനും ദിവസം മുമ്പ്‌ കേരള ഹൈക്കോടതി ശരിവയ്ക്കുകയുണ്ടായി. കേസ്‌ പിൻവലിച്ചാൽ മന്ത്രിമാർക്കും ഉദ്യോഗസ്ഥപ്രമുഖർക്കുമെതിരായ ആരോപണങ്ങളിലെ നിയമപ്രക്രിയ തകിടം മറിക്കപ്പെടുമെന്നാണ്‌ അപ്പീലിൽ വാദം കേട്ട ജസ്റ്റിസ്‌ പി ഉബൈദ്‌ പറഞ്ഞത്‌. ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുള്ളതിനാൽ സർക്കാർ കേസുമായി മുന്നോട്ടു പോകണമെന്ന്‌ അദ്ദേഹം നിർദേശിച്ചു.

കേസുകൾ പിൻവലിക്കുന്ന കാര്യത്തിൽ ഉദാരമായ സമീപനമാണ്‌ ഉമ്മൻ ചാണ്ടി സർക്കാരിന്റേത്‌. ഒരു ഐഎഎസ്‌ ഉദ്യോഗസ്ഥന്റെ ഓഫീസിൽ കയറി അദ്ദേഹത്തിന്റെ പുറത്ത്‌ കരി ഓയിൽ ഒഴിച്ച കെഎസ്‌യു പ്രവർത്തകർക്കെതിരായ കേസ്‌ പിൻവലിക്കാൻ സർക്കാർ ഉത്തരവിട്ട വസ്തുത കഴിഞ്ഞ ദിവസം പുറത്തു വന്നു. കോൺഗ്രസുകാർ മാത്രമല്ല അദ്ദേഹത്തിന്റെ ഔദാര്യത്തിന്റെ ഗുണഭോക്താക്കൾ. പ്രകടനത്തിനിടയിൽ ഒരു പൊലീസുദ്യോഗസ്ഥനെ ആക്രമിച്ചതിന്‌ ഏതാനും ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ്‌ എടുത്ത കേസ്‌ പിൻവലിക്കാനും അദ്ദേഹം അനുമതി നൽകി. പൊലീസിൽ നിയമനം ലഭിച്ച ഒരാൾക്ക്‌ ജോലി നഷ്ടപ്പെടാതിരിക്കാനാണ്‌ കേസ്‌ പിൻവലിച്ചതെന്നാണ്‌ ഔദ്യോഗിക ഭാഷ്യം.
നിയമനങ്ങൾ, കേസ്‌ പിൻവലിക്കൽ തുടങ്ങിയ കാര്യങ്ങളിൽ രാഷ്ട്രീയ വിവേചനം കാട്ടാത്തത്‌ നല്ലതു തന്നെ. എന്നാൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരെ, ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കിൽ കൂടി, പൊലീസിൽ നിയമിക്കരുതെന്നാണ്‌ സുപ്രിം കോടതി പറഞ്ഞിട്ടുള്ളത്‌.


അധികാരത്തിലിരിക്കുമ്പോൾ സ്വന്തം പാർട്ടിയിൽ പെട്ടവരെ കേസുകളിൽ നിന്ന്‌ ഒഴിവാക്കുന്ന രീതി കേരളത്തിൽ ഏറെക്കാലമായി നിലനിൽക്കുന്നുണ്ട്‌. പക്ഷെ പാമൊലിൻ കേസിൽ മുഖ്യമന്ത്രി അങ്ങനെയൊരു തീരുമാനം എടുക്കരുതായിരുന്നു. കാരണം ഈ കേസിൽ പൊങ്ങിവന്ന പേരുകളിലൊന്ന്‌ അദ്ദേഹത്തിന്റേതാണ്‌. ആരോപണവിധേയൻ സ്വയം കുറ്റവിമുക്തനായി പ്രഖ്യാപിക്കുന്നത്‌ അഭിലഷണീയമായ സമ്പ്രദായമല്ല. ജനാധിപത്യ വ്യവസ്ഥയിൽ അങ്ങനെ സംഭവിക്കാനേ പാടില്ല.

പാമൊലിൻ കേസിനാസ്പദമായ സംഭവം നടന്നിട്ട്‌ ഏതാണ്ട്‌ കാൽ നൂറ്റാണ്ടാകുന്നു. അതിന്റെ ചരിത്രത്തിൽ നിന്നും നമ്മുടെ രാഷ്ട്രീയത്തെയും ഭരണ സംവിധാനത്തെയും കുറിച്ച്‌ പലതും പഠിക്കാനാകും. അതിൽ ഏറ്റവും പ്രധാനം രാഷ്ട്രീയ നേതൃത്വം എങ്ങനെയാണ്‌ തീരുമാനങ്ങൾ എടുക്കുന്നതെന്നാണ്‌.

സംസ്ഥാനത്ത്‌ ഭക്ഷ്യ എണ്ണ ക്ഷാമം ഉണ്ടെന്ന്‌ കണ്ടെത്തിയതിന്റെ ഫലമായല്ല സർക്കാർ പാമൊലിൻ വാങ്ങാൻ തീരുമാനിച്ചത്‌. മലേഷ്യയിലും സിംഗപ്പൂരിലും പാമൊലിൻ വിൽക്കുന്ന ഒരു കമ്പനി പുതിയ വിപണി അന്വേഷിച്ചു ഇവിടെ എത്തുകയായിരുന്നു. സർക്കാർ അവരിൽ നിന്ന്‌ പാമൊലിൻ വാങ്ങാൻ തീരുമാനിച്ചു. അന്ന്‌ കേന്ദ്ര സർക്കാരിന്റെ ഇറക്കുമതി പട്ടികയിൽ പാമൊലിൻ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി കേന്ദ്രത്തെ സമീപിച്ച്‌ അതിനെ പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. തീരുമാനമെടുത്ത സാഹചര്യവും ഇടപാടിൽ മുഖ്യമന്ത്രി കാട്ടിയ താൽപ്പര്യവും അഴിമതി നടന്നെന്ന്‌ സംശയിക്കാൻ മതിയായ കാരണങ്ങളാണ്‌. ഇടപാട്‌ സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ച കമ്പ്ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ (സിഎജി) ക്രമക്കേടുകൾ നടന്നതായി കണ്ടെത്തി.

ഒരു നല്ല ഭരണകൂടം ഇത്തരം കാര്യത്തിൽ എങ്ങനെയാണ്‌ തീരുമാനങ്ങൾ എടുക്കുക? സംസ്ഥാനത്ത്‌ ഭക്ഷ്യ എണ്ണ ക്ഷാമമുണ്ടോ എന്ന്‌ അന്വേഷിക്കുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. ഉണ്ടെങ്കിൽ, ക്ഷാമം പരിഹരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം എന്താണെന്ന്‌ പരിശോധിക്കണം. പാമൊലിൻ ഇറക്കുമതിയാണ്‌ നല്ലതെന്ന നിഗമനത്തിലെത്തിയാൽ തന്നെ ഗുണമേന്മയുള്ള എണ്ണ കുറഞ്ഞ നിരക്കിൽ ആരിൽ നിന്നാണ്‌ ലഭിക്കുക എന്ന്‌ കണ്ടുപിടിക്കണം. സർക്കാർ ഈ പ്രക്രിയകളൊന്നും കൂടാതെ തീരുമാനമെടുക്കുമ്പോൾ അഴിമതിക്ക്‌ വാതിൽ തുറക്കുകയാണ്‌ ചെയ്യുന്നത്‌.

പാമൊലിൻ വിഷയത്തിൽ തീരുമാനമെടുത്തത്‌ ഒരു യുഡിഎഫ്‌ സർക്കാരാണ്‌. ഇതേ രീതിയിൽ തന്നെയാണ്‌ എൽഡിഎഫ്‌ സർക്കാരുകളും തീരുമാനമെടുക്കുന്നത്‌. വിളപ്പിൽശാല മാലിന്യ സംസ്കരണ പദ്ധതി ഇതിന്‌ ഉദാഹരണമാണ്‌. നഗരമാലിന്യങ്ങൾ ഏതു തരത്തിലുള്ളതാണ്‌, അവയുടെ തോത്‌ എന്താണ്‌ എന്നിങ്ങനെയുള്ള പഠനങ്ങളൊന്നും കൂടാതെ ഒരു പദ്ധതിയുമായി വന്ന വ്യവസായിയുമായി സർക്കാർ കരാറിലേർപ്പെട്ടു. ഒരു ഘട്ടത്തിൽ നഗരസഭ ഫാക്ടറി തുടർച്ചയായി പ്രവർത്തിപ്പിക്കാനാവശ്യമായ മാലിന്യങ്ങൾ എത്തിക്കുന്നില്ലെന്ന്‌ വ്യവസായി പരാതിപ്പെട്ടു. കൂടുതൽ മാലിന്യങ്ങൾ എത്തിച്ചപ്പോൾ അവ കുമിഞ്ഞുകൂടുകയും സ്ഥലവാസികൾ ഫാക്ടറിക്കെതിരെ സമരം ആരംഭിക്കുകയും ചെയ്തു. ഫാക്ടറി സംസ്കരിച്ചെടുക്കുന്ന വസ്തു വളമായി ഉപയോഗിക്കാമെന്ന വ്യവസായിയുടെ വാക്കിന്റെ അടിസ്ഥാനത്തിൽ അത്‌ വാങ്ങാമെന്ന്‌ സർക്കാർ ഏറ്റിരുന്നു. എന്നാൽ അത്‌ വളമായി ഉപയോഗിക്കാനാവില്ലെന്ന്‌ കൃഷി വകുപ്പ്‌ കണ്ടെത്തി.

പാമൊലിൻ കേസ്‌ ഒരു നേതാവിന്റെയും രാഷ്ട്രീയ ജീവിതത്തെ പ്രതികൂലമായി ബാധിച്ചില്ല. തീരുമാനമെടുത്ത മുഖ്യമന്ത്രി കെ കരുണാകരന്‌ സ്ഥാനചലനമുണ്ടായി. എന്നാൽ അത്‌ ഈ അഴിമതിക്കേസുമായി ബന്ധപ്പെട്ട കാരണങ്ങളാലായിരുന്നില്ല. ധനകാര്യമന്ത്രിയെന്ന നിലയിൽ പാമൊലിൻ ഇടപാടിൽ പങ്കാളിയായതുമൂലം ഉമ്മൻ ചാണ്ടിയുടെ പേർ ഉയർന്നു വന്നു. പക്ഷെ അദ്ദേഹം മുഖ്യമന്ത്രിയാകുന്നതിനു അത്‌ തടസമായില്ല. സാധാരണഗതിയിൽ അഴിമതിക്കേസുകൾ ഉദ്യോഗസ്ഥന്മാരുടെ സ്ഥാനക്കയറ്റത്തിനും തടസമാകാറില്ല. എന്നാൽ ഒരു മുതിർന്ന ഉദ്യോഗസ്ഥന്‌ ഈ കേസ്‌ വിനയായി. ഈ കേസിലെ പ്രതിപ്പട്ടികയിൽ പേരുള്ളതു കൊണ്ടാണ്‌ സുപ്രിം കോടതി പി ജെ തോമസ്‌ എന്ന ഐഎഎസ്‌ ഉദ്യോഗസ്ഥനെ ചീഫ്‌ വിജിലൻസ്‌ കമ്മിഷണർ സ്ഥാനം വഹിക്കാൻ അയോഗ്യനായി പ്രഖ്യാപിച്ചത്‌. കേസ്‌ നീതിന്യായ വ്യവസ്ഥയുടെ തട്ടുകളിൽ കെട്ടിക്കിടക്കാതെ തീർപ്പ്‌ കൽപ്പിക്കപ്പെട്ടിരുന്നെങ്കിൽ ഒരുപക്ഷെ നിരപരാധിയെന്ന്‌ കണ്ടു വിട്ടയക്കപ്പെടാവുന്ന ഉദ്യോഗസ്ഥനാണ്‌ ഈ ദുർവിധി ഉണ്ടായത്‌.

പാമൊലിൻ കേസിൽ പ്രതിസ്ഥാനത്തുള്ള മറ്റൊരു ഐഎഎസ്‌ ഉദ്യ‍ോഗസ്ഥനായ ജിജി തോംസന്റെ പേർ ഇപ്പോൾ ചീഫ്‌ സെക്രട്ടറി സ്ഥാനത്തേക്ക്‌ പരിഗണനയിലുണ്ട്‌. അദ്ദേഹത്തിന്‌ ആ സ്ഥാനം നൽകരുതെന്ന്‌ പ്രതിപക്ഷ നേതാവ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ആരോപണ വിധേയനായ ഒരാൾക്ക്‌ മുഖ്യമന്ത്രിയാകാമെങ്കിൽ മറ്റൊരാൾക്ക്‌ എന്തുകൊണ്ട്‌ ചീഫ്‌ സെക്രട്ടറിയായിക്കൂടാ?

രണ്ടു പതിറ്റാണ്ടിലേറെയായി ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്‌ പാമൊലിൻ കേസ്‌. ഇതു സംബന്ധിച്ച കാര്യങ്ങൾ പല തവണ പല കോടതികളിലും ഉയർത്തപ്പെട്ടിട്ടുണ്ട്‌. എന്നാൽ വിചാരണ എങ്ങും എത്തിയിട്ടില്ല. വിചാരണക്കോടതി തീർപ്പു കൽപ്പിച്ചശേഷവും രണ്ട്‌ അപ്പീൽ ഘട്ടങ്ങൾ ഉള്ളതുകൊണ്ട്‌ പ്രതികൾ കുറ്റക്കാരാണോ അല്ലയോ എന്ന്‌ ഉറപ്പായി പറയാൻ ഇനിയും ഏറെ കാലം കാത്തിരിക്കണം.

പ്രതിപക്ഷ നേതാവെന്ന നിലയിൽ വി എസ്‌ അച്യുതാനന്ദനാണ്‌ പാമൊലിൻ വിഷയം നിയമസഭയിൽ ഉയർത്തിയത്‌. പിന്നീട്‌ അദ്ദേഹം വിഷയം കോടതിയിലും പിന്തുടർന്നു. ഈ കേസ്‌ ഉത്ഭവിച്ചതിനുശേഷം രണ്ടു തവണ അദ്ദേഹത്തിന്റെ പാർട്ടി അധികാരത്തിൽ വന്നു. ഒരു തവണ അദ്ദേഹം തന്നെയായിരുന്നു മുഖ്യമന്ത്രി. എന്നിട്ടും കേസിന്റെ ഗതിയിൽ കാര്യമായ പുരോഗതിയുണ്ടായില്ല. കേസിൽ വേഗം തീർപ്പുണ്ടാകണമെന്ന്‌ പ്രതിപക്ഷത്തിനു പോലും നിർബന്ധമില്ലെന്നല്ലേ ഇത്‌ കാണിക്കുന്നത്‌?

നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന്‌ ഭരണാധികാരികൾ പ്രഖ്യാപിക്കുന്നു. അതേ സമയം ചില കേസുകൾ സർക്കാർ നടത്തുന്നു. ചിൽത് ഉപേക്ഷിക്കുന്നു. മറ്റ്‌ ചിലത്‌ അന്ത്യമില്ലാതെ തുടരുന്നു.

നമ്മൾ എന്താ ഇങ്ങനെയായത്‌? (ജനയുഗം, ജനുവരി 14, 2015)

No comments: