Saturday, February 22, 2014

മുന്നണികളെ വിറങ്ങലിപ്പിച്ച അഞ്ചു ദിനങ്ങൾ

ബി.ആർ.പി. ഭാസ്കർ

 ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിലേക്ക് നയിച്ച ഗൂഢാലോചന പുറത്തുകൊണ്ടു വരുന്നതിനായി സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ കെ.കെ. രമ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ നിരാഹാരസമരം കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത ഒന്നാണ്. ഗൂഢാലോചനക്കേസ് സി.ബി.ഐക്കു വിടാൻ സന്നദ്ധമാണെന്ന് യു.ഡി.എഫ് സർക്കാരിലെ ഉന്നതർ പല തവണ പറഞ്ഞിരുന്നു. ആ നിലയ്ക്ക് നിരാഹാരസമരം ആവശ്യമുണ്ടോയെന്ന സംശയം പലർക്കുമുണ്ടായിരുന്നു. സി.ബി.ഐ. അന്വേഷണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാകയാൽ സമരം സർക്കാരിനെതിരെയായിരുന്നെങ്കിലും അതിന്റെ ആത്യന്തിക ലക്ഷ്യം ചന്ദ്രശേഖരന്റെ വധത്തിൽ സി.പി.എം നേതാക്കളുടെ പങ്ക് കണ്ടെത്തുകയെന്നതാകയാൽ ജനമനസുകളിൽ അത് സി.പി.എമ്മിനെതിരായ സമരമായി. സി.ബി.ഐ. അന്വേഷണത്തോടുള്ള പാർട്ടിയുടെ ശക്തമായ എതിർപ്പ് ആ വിലയിരുത്തൽ ശരിവെച്ചു. അങ്ങനെ ഭർത്താവിനെ നഷ്ടപ്പെട്ട സ്ത്രീയുടെയും നേതാവിനെ നഷ്ടപ്പെട്ട റവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടിയുടെയും നീതിക്കു വേണ്ടിയുള്ള സമരത്തിനപ്പുറം അത് കേരള രാഷ്ട്രീയത്തെ ഗ്രസിച്ചിരിക്കുന്ന ജീർണ്ണതയുടെ അതിരൂക്ഷഭാവമായ കൊലപാതക രാഷ്ട്രീയത്തിനെതിരായ സമരമായി മാറി. ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ട സമയത്ത് സംസ്ഥാനം കണ്ട ജനവികാരം വീണ്ടും അതെ അളവിൽ പ്രകടമായി.

കേരളം മാറിമാറി ഭരിക്കുന്ന രണ്ട് മുന്നണികളുടെയും എതിർപ്പുകളെ അതിജീവിച്ചുകൊണ്ട് സമീപകാലത്ത് നിരവധി ജനകീയ സമരങ്ങൾ ഭാഗികമായെങ്കിലും വിജയിച്ചിട്ടുണ്ട്. കാസർകോട്, പ്ലാച്ചിമട, മൂലമ്പള്ളി, ചെങ്ങറ, വിളപ്പിൽശാല തുടങ്ങിയ സ്ഥലനാമങ്ങൾ അവയെ ഭൂമിശാസ്ത്രപരമായി അടയാളപ്പെടുത്തുന്നു. അവയ്ക്കൊപ്പം എഴുതിച്ചേർക്കേണ്ട ഒന്നാണ് രമയുടെ നിരാഹാരസമരം. അതിനെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്ന ഒരു സുപ്രധാന ഘടകമുണ്ട്. അത് രമയുടേത് പ്രത്യക്ഷത്തിൽ തന്നെ ഒരു രാഷ്ട്രീയ സമരമായിരുന്നെന്നതാണ്. സമരം ചെയ്യുന്ന ജനങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ച സർക്കാരുകൾ ഒത്തുതീർപ്പു വ്യവസ്ഥകൾ സത്യസന്ധമായി നടപ്പിലാക്കാഞ്ഞതിനാൽ പലയിടങ്ങളിലും പ്രശ്നങ്ങൾ അവശേഷിക്കുന്നതുകൊണ്ടാണ് വിജയങ്ങൾ ഭാഗികമായിരുന്നെന്ന് മുകളിൽ സൂചിപ്പിച്ചത്. ഇരുമുന്നണി സംവിധാനം വികസിപ്പിച്ചിട്ടുള്ള രാഷ്ട്രീയ സംസ്കാരം സത്യസന്ധതക്ക് വില കല്പിക്കാത്ത ഒന്നാണ്. സി.ബി.ഐ. അന്വേഷണം തത്വത്തിൽ അംഗീകരിക്കുന്നെന്ന പ്രഖ്യാപനത്തിന്റെ കാര്യത്തിലും സർക്കാർ പിന്നോട്ടു പോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
നിരാഹാരസമരത്തിന്റെ അഞ്ചു ദിവസവും രാപകലന്യെ ഐക്യദാർഢ്യം രേഖപ്പെടുത്താൻ സമരപ്പന്തലിലേക്ക് ഒഴുകിയെത്തിയത് ഭരണ-പ്രതിപക്ഷ മുന്നണികൾ വിറങ്ങലോടെയാണ് വീക്ഷിച്ചത്. മുന്നണി നേതാക്കളുടെ പ്രതികരണങ്ങളിൽ അത് നിഴലിച്ചു. സമരപ്പന്തലിൽ എത്തിയവരിൽ ഒരു വലിയ പങ്ക് സ്ത്രീകളായിരുന്നു. ഇടതു മുന്നണിക്കു പുറത്തുള്ള വലുതും ചെറുതുമായ കക്ഷികളുടെ നിരവധി നേതാക്കൾ രമയെ സന്ദർശിച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. കേരള രക്ഷാ മാർച്ചിലായിരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ അഞ്ചു ദിവസവും പ്രസംഗങ്ങളിൽ രമയെ നിശിതമായി വിമർശിച്ചത് സമരം സി.പി.എമ്മിനെ വല്ലാതെ അലോസരപ്പെടുത്തുന്നെന്ന് വ്യക്തമാക്കി. വിചാരണ പൂർത്തിയാക്കി ചില പ്രതികളെ ശിക്ഷിച്ച കേസിൽ സി.ബി.ഐ വീണ്ടും അന്വേഷണം നടത്തുന്നത് നിയമവിരുദ്ധമാണെന്നും രമയുടെ സമരം യു.ഡി.എഫും ആർ.എം.പിയും ഒത്തുചേർന്നു നടത്തുന്ന നാടകമാണെന്നും അദ്ദേഹം നിത്യവും ആവർത്തിച്ചു. പാർട്ടി പത്രവും ചാനലും പതിവു ശൈലിയിൽ പ്രചാരണം അഴിച്ചുവിട്ടു. ആർ.എം.പി രണ്ടു ദിവസത്തേക്കു മാത്രമാണ് ഹോട്ടൽ മുറി എടുത്തിട്ടുള്ളതെന്നും മുന്നു ദിവസത്തിൽ ഒത്തുതീർപ്പുണ്ടാക്കാമെന്ന്‌ യു.ഡി.എഫുമായി ധാരണയുണ്ടെന്നും അവർ പറഞ്ഞുപരത്തി. ഡൽഹിയിൽ മണൽമാഫിയക്കെതിരെ സമരം നടത്തിയശേഷം കൊച്ചിയിലെത്തിയ ജസീറയെ പൊലീസ് മർദ്ദിച്ചതായ വാർത്ത വന്നപ്പോൾ കൈരളി ചാനൽ ആവേശം പൂണ്ട് തലക്കെട്ട് നിരത്തി: ജസീറക്ക് മർദ്ദനം, രമക്ക് ലാളനം.   

സമരം മുന്നാം ദിവസത്തിലേക്ക് പ്രവേശിച്ചപ്പോൾ കോൺഗ്രസും ആർ.എം.പിയും ഒത്തുകളിക്കുകയാണെന്ന സി.പി.എമ്മിന്റെ ആരോപണം പൊളിഞ്ഞുവീണു. നാലു കൊല്ലം മുമ്പ് രജിസ്റ്റർ ചെയ്ത ഗൂഢാലോചനക്കേസ് നിലവിലുണ്ടെങ്കിലും പഴുതുകളടച്ചുള്ള അന്വേഷണത്തിന് പുതിയ കേസ് ആവശ്യമാണെന്നു പറഞ്ഞുകൊണ്ട് രമ നേരത്തെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഒരു പുതിയ കേസ് രജിസ്റ്റർ ചെയ്തു. അതിനുശേഷം അന്വേഷണം സി.ബി.ഐക്ക് കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രണ്ടാഴ്ച വേണമെന്നും അതിനാൽ സമരം അവസാനിപ്പിക്കണമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആർ.എം.പിയും രമയും ആ ആവശ്യം കയ്യോടെ തള്ളുകയും സമരം തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കേസ് സി.ബി.ഐക്ക് കൈമാറാമെന്നു പറഞ്ഞിട്ടില്ലെന്നും രണ്ടാഴ്ചത്തെ സാവകാശം ആവശ്യപ്പെട്ടിട്ടില്ലെന്നും അടുത്ത ദിവസം രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന്റെ മലക്കം മറിയൽ രമയുടെ സമരത്തെ മുൻ‌നിർത്തി യു.ഡി.എഫും എൽ.ഡി.എഫും പുതിയ ഒത്തുകളിക്ക് ശ്രമിക്കുകയാണെന്ന സംശയത്തിന് വഴിതെളിച്ചു. ആർ.എം.പിയാകട്ടെ കോൺഗ്രസും സി.പി.എമ്മും ഒത്തുകളിക്കുകയാണെന്ന പ്രത്യാരോപണവും ഉന്നയിച്ചു. ആ ഘട്ടത്തിൽ സമരം നീണ്ടുപോയാൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നു ഭയന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സി.ബി.ഐ അന്വേഷണം തത്വത്തിൽ അംഗീകരിക്കുന്നെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് സമരം അവസാനിപ്പിക്കുന്നതിന് കളമൊരുക്കി.

രമയുടെ സമരം രണ്ട് മുന്നണികൾക്കുള്ളിലും വിള്ളലുകളുണ്ടാക്കി. രമയും ആർ.എം.പിയും  സമര തീരുമാനം പ്രഖ്യാപിച്ചപ്പോൾ യു.ഡി.എഫ്. സർക്കാർ അതൊഴിവാക്കാൻ ഒരു ശ്രമവും നടത്തിയില്ല. ആ ഘട്ടത്തിൽ വിഷയം ഗൌരവപൂർവം പരിഗണിച്ചിരുന്നെങ്കിൽ സി.ബി.ഐ. അന്വേഷണത്തിനുള്ള നടപടിക്രമം സംബന്ധിച്ച പ്രശ്നങ്ങൾ നേരത്തെ കണ്ടെത്താനും സർക്കാരിന്റെ ആത്മാർത്ഥതയെ സംബന്ധിച്ച സംശയങ്ങൾ ഒഴിവക്കാനും കഴിയുമായിരുന്നു. സമരത്തെ സ്വന്തം രാഷ്ട്രീയ താല്പര്യങ്ങൾക്ക് ഉപയോഗിക്കാനാകുമെന്ന ചിന്തയാകാം പാർട്ടിയെ നയിച്ചത്. ‌ ആഭ്യന്തരമന്ത്രിയെന്ന നിലയിൽ ടി.പി. വധക്കേസ് സംബന്ധിച്ച കാര്യങ്ങൾ നേരത്തെ കൈകാര്യം ചെയ്തിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെ പല കോൺഗ്രസ് നേതാക്കളും രമയെ സമരപ്പന്തലിൽ സന്ദർശിച്ചെങ്കിലും അത്തരത്തിലുള്ള അനുഭാവപ്രകടനത്തോട് വിയോജിപ്പുള്ളവരും പാർട്ടിയിലുണ്ടായിരുന്നു. പാർട്ടിയിലെ ഈ ചേരിതിരിവിൽ ഒരളവു വരെ ഗ്രൂപ്പ് താല്പര്യങ്ങൾ പ്രതിഫലിച്ചു. ഘടക കക്ഷികൾ കോൺഗ്രസിനുമേൽ ഏതെങ്കിലും വിധത്തിലുള്ള സമ്മർദ്ദം ചെലുത്തിയതിന് ഒരു തെളിവുമില്ല.

വി.എസ്. അച്യുതാനന്ദൻ മനസുകൊണ്ട് തന്നോടൊപ്പമുണ്ടെന്ന് സമരം തുടങ്ങുന്നതിനു മുമ്പ് രമ അവകാശപ്പെട്ടിരുന്നു. ആർ.എം.പി. കേന്ദ്രങ്ങൾ അദ്ദേഹം സമരപ്പന്തലിലെത്തുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. വി.എസിന് നേരിട്ട് നിരോധനാജ്ഞ നൽകിക്കൊണ്ട് പാർട്ടി സംസ്ഥാന നേതൃത്വം അദ്ദേഹം പോകില്ലെന്ന് ഉറപ്പാക്കി. എന്നാൽ പ്രത്യക്ഷത്തിൽ പാർട്ടി നിർദ്ദേശം ലംഘിക്കാതെ വി.എസ് അദ്ദേഹത്തിന്റേതായ രീതിയിൽ പ്രശ്നത്തിൽ ഇടപെട്ടു. സി.ബി.ഐ. അന്വേഷണം എന്ന ആവശ്യം സർക്കാർ അംഗീകരിക്കുന്നതിനു മുമ്പ് രമയെ പിന്തുണച്ചുകൊമ്മ്ടും ടി.പി. വധക്കേസ് പ്രതികളുടെ രാജ്യാന്തര ബന്ധങ്ങളെ കൂടി പരാമർശിച്ചുകൊണ്ടും അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തെഴുതി. പാർട്ടി നിയോഗിച്ച പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ ഒഴിവാക്കിക്കൊണ്ട് കത്ത് തയ്യാറാക്കിയതിനാൽ നേതൃത്വത്തിന് അതിനെതിരെ നിരോധനാജ്ഞ നൽകാനായില്ല. പാർട്ടിക്കുള്ളിൽ വി.എസ്. ദീഘകാലമായി നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമെന്ന നിലയിൽ കത്ത് വലിയ വാർത്തയായി. അതേസമയം പിണറായി വിജയൻ രമക്കെതിരെ നടത്തിയ രൂക്ഷപരാമർശങ്ങൾ ഏറ്റുപറയാൻ കണ്ണുരിലെ ജയരാജന്മാരും കോടിയേരി ബാലകൃഷ്ണനും എം.എം. മണിയുമൊഴികെയുള്ള നേതാക്കൾ കൂട്ടാക്കിയില്ലെന്നത് മാധ്യമശ്രദ്ധ നേടിയില്ല. അണികളും അവരുടേതായ രീതികളിൽ വികാരം പ്രകടിപ്പിച്ചു. കേരള രക്ഷാ മാർച്ചുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച യോഗത്തിനെത്തിയ നിരവധി പാർട്ടിപ്രവർത്തകർ പിണറായി വിജയൻ പ്രസംഗം തുടങ്ങിയപ്പോൾ സ്ഥലംവിട്ടു. സമരപ്പന്തലിലെ സന്ദർശക പുസ്തകത്തിൽ പേരെഴുതി ഐക്യദാർഢ്യം പ്രകടിപ്പിച്ചവരിൽ സി.പി.എം. അംഗങ്ങളുമുണ്ടായിരുന്നു. പലരും അവർ ഏത് പാർട്ടി ഘടകത്തിൽ പെട്ടവരാണെന്നു അതിൽ രേഖപ്പെടുത്തുകയും ചെയ്തു.
എൽ.ഡി.എഫിലെ സി.പി.ഐ. ഉൾ‌പ്പെടെയുള്ള ഘടകകക്ഷികൾ നിശ്ശബ്ദത പാലിച്ചു. പ്രതിപക്ഷ നേതാവായ വി.എസിന്റെ കത്തിലെ നിർദ്ദേശത്തെ പ്രതിപക്ഷത്തിന്റെ ആവശ്യമായി പരിഗണിച്ചുകൊണ്ടു കൂടിയാണ് സി.ബി.ഐ. അന്വേഷണം സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെന്ന് ആഭ്യന്തരമന്ത്രി പറയുകയുണ്ടായി. കത്ത് പാർട്ടി തീരുമാനത്തിന് വിരുദ്ധമാണെന്നു സി.പി.എം പറഞ്ഞെങ്കിലും ഒരു ഘടക കക്ഷിയും വി.എസിനെയൊ കത്തിനെയൊ തള്ളിപ്പറഞ്ഞില്ല.

ടി.പി.യുടെ വധത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന സി.പി.എം. നിലപാടുമായി നിരക്കാത്ത  പല നടപടികളും പാർട്ടി കൈക്കൊണ്ടിട്ടുണ്ട്. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് മറ്റാരൊ നടത്തിയ കൊലയിൽ യു.ഡി.എഫും കോൺഗ്രസും ചേർന്ന് പാർട്ടി നേതാക്കളെ കുടുക്കാൻ ശ്രമിക്കുകയാണെന്ന നിലപാടാണ് ഇപ്പോഴും പാർട്ടി പരസ്യമായി എടുക്കുന്നത്. കൊല നടത്തിയവർ വാടക കൊലയാളികളാണെന്ന് പൊലീസും പറഞ്ഞിരുന്നു. വിചാരണ കോടതി അവർ ഉപകരണങ്ങൾ മാത്രമായിരുന്നെന്ന് വിധിയിൽ നിരീക്ഷിച്ചിട്ടുമുണ്ട്. അവർ കൊല നടത്താൻ വാടകക്ക് എടുത്തവരായിരുന്നെങ്കിൽ ആരോ പണം നൽകിയിരിക്കണം. എന്നാൽ ആരെങ്കിലും അവർക്ക് പണം നൽകിയതായി പൊലീസ് കണ്ടെത്തിയില്ല. അതേ സമയം കൊല നടത്തിയശേഷം അവരെ സംരക്ഷിക്കുന്നതിൽ പാർട്ടിയുടെ പ്രാദേശിക നേതാക്കൾ പങ്കു വഹിച്ചതായി വ്യക്തമായി. കൊലക്കുശേഷം പാർട്ടിയുടെ സംരക്ഷണത്തിലായിരുന്ന പ്രതികളെ ഏറെ പ്രതിബന്ധങ്ങൾ മറികടന്നാണ് അന്വേഷണ സംഘം പിടികൂടിയത്. സംഘത്തിന്റെ നീക്കങ്ങൾ പൊലീസിലുള്ള പാർട്ടി അനുഭാവികൾ (ഒരുപക്ഷെ അവർ പാർട്ടി അംഗങ്ങളുമാകാം) ചോർത്തിക്കൊടുത്തിരുന്നതായി അക്കാലത് റിപ്പോർട്ടുണ്ടായിരുന്നു. അന്വേഷണം മുകളിലേക്ക് വ്യാപിക്കുമെന്നായപ്പോൾ സംസ്ഥാനതല നേതാക്കൾ പൊലീസ് സ്റ്റേഷനുകളിലെത്തി തടസം സൃഷ്ടിക്കുകയും ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തു. അന്വേഷണ സംഘത്തിലെ ചില അംഗങ്ങളുടെ വീടുകൾക്കു നേരെ കല്ലേറുണ്ടായി. ഒരുദ്യോഗസ്ഥന്റെ കായംകുളത്തെ തറവാട്ടിലും കല്ലുകൾ വീണു. കണ്ണൂരിന്റെ കൈകൾ എത്രദൂരമാണ് നീളുന്നത്!
വി.എസ്. അച്യുതാനന്ദനും രമയുടെ സമരപ്പന്തൽ സന്ദർശിച്ച സി.പി.എം. അംഗങ്ങളും ഗൂഢാലോചനയെക്കുറിച്ച് ബാഹ്യ ഏജൻസി അന്വേഷിക്കണമെന്ന ആവശ്യത്തെ പിന്തുണക്കുന്നത് ടി.പി. വധം സംബന്ധിച്ച് സംസ്ഥാന നേതൃത്വം എടുത്തിട്ടുള്ളതും (പാർട്ടി നടത്തുന്നെന്നു പറയപ്പെടുന്ന അന്വേഷണത്തിന്റെ ഫലം കാത്തിരിക്കാതെ) കേന്ദ്ര നേതൃത്വം അംഗീകരിച്ചതുമായ നിലപാട് അവർക്ക് ബോധ്യപ്പെട്ടിട്ടില്ലാത്തതുകൊണ്ടാണ്. കേസിൽ ഉൾപ്പെട്ട പ്രാദേശിക നേതാക്കൾക്കു മാത്രമാണ് പാർട്ടി നിയമസഹയം നൽകുന്നതെന്നാണ് കണ്ണൂർ നേതാക്കൾ പറയുന്നതെങ്കിലും കൊലയാളി സംഘാംഗങ്ങൾക്കു വേണ്ടി കോടതിയിൽ ഹാജരാകുന്ന വലിയ ഫീസ് ഈടാക്കുന്ന അഭിഭാഷകർ പാർട്ടി നിയോഗിച്ചവരാണെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. രമയുടെ സമരം നടക്കുമ്പോൾ ശിക്ഷിക്കപ്പെട്ടശേഷം വിയ്യൂർ ജയിലിലേക്ക് മാറ്റപ്പെട്ട കൊലയാളി സംഘാംഗങ്ങളെ കാണാൻ പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ എം.എൽ.എമാരുടെ സംഘം എത്തിയതും അവരുടെ ബന്ധുക്കൾക്ക് ധർണ്ണ നടത്താൻ വേണ്ട ഏർപ്പാടുകൾ പാർട്ടി ചെയ്തതും സംസ്ഥാന നേതൃത്വവുമായി അവർക്കുള്ള ബന്ധം ആഴത്തിലുള്ളതാണെന്ന് സൂചിപ്പിക്കുന്നു. ജയിലിൽ പോയത് തടവുകാരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവം വിശ്വാസയോഗ്യമല്ല. അദ്ദേഹം ടി.പിയുടെ കൊലയാളികളുടെ മനുഷ്യാവകാശങ്ങളിൽ താല്പര്യമെടുക്കുമ്പോൾ ആഭ്യന്തരമന്ത്രിയായിരിക്കെ ടി.പിയെ  വധിക്കാൻ ശ്രമങ്ങൾ നടക്കുന്നെന്ന വിവരമടങ്ങിയ അഞ്ചു ഇന്റലിജൻസ് റിപ്പോർട്ടുകളിൽ ഫലപ്രദമായി നടപടി എടുക്കാതിരുന്നത് യാദൃശ്ചികമാണോ എന്ന ചോദ്യം ഉയരുന്നുണ്ട്.

ടി.പി. കൊലചെയ്യപ്പെട്ടപ്പോൾ അത് അവസാന രാഷ്ട്രീയ കൊലപാതകമാകണെമെന്ന പൊതുവികാരം കേരളത്തിൽ ഉയരുകയുണ്ടായി. ആ ആഗ്രഹം സാക്ഷാത്കരിക്കാൻ കൊലക്ക് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്. അതിനുള്ള ശ്രമത്തിൽ സി.പി.എമ്മിൽനിന്നു മാത്രമല്ല കോൺഗ്രസിൽനിന്നും ഇനിയും പ്രതിബന്ധങ്ങൾ  ഉയർന്നുവരാം. എന്തെന്നാൽ നിലവിലുള്ള സംവിധാനത്തിൽ സ്ഥാപിത താല്പര്യമുള്ളവർ ഇരു ഭാഗത്തുമുണ്ട്. (മാധ്യമം ആഴ്ചപ്പതിപ്പ്, ഫെബ്രുവരി 17, 2014).

Thursday, February 20, 2014

കോൺഗ്രസ് രാഷ്ട്രീയത്തിലെ മാറ്റങ്ങൾ

ബി.ആർ.പി. ഭാസ്കർ

നാലു പതിറ്റാണ്ടു കാലം കേരളത്തിലെ കോൺഗ്രസ് കെ. കരുണാകരനെയും എ.കെ. ആന്റണിയെയും ചുറ്റിക്കറങ്ങുകയായിരുന്നു. ഇണക്കത്തിനും പിണക്കത്തിനുമിടയിൽ ഇരുവരും പല രാഷ്ട്രീയ കസർത്തുകളും നടത്തി. ദേശീയതലത്തിൽ കോൺഗ്രസ് പിളർന്നപ്പോൾ സിണ്ടിക്കേറ്റ് നേതാക്കൾ സംഘടന മൊത്തത്തിൽ കൊണ്ടുപോയെങ്കിലും അണികളിലേറെയും ഇന്ദിരാ ഗാന്ധിക്കൊപ്പമായിരുന്നു. എന്നാൽ പുതിയ സംഘടനാ സംവിധാനം കെട്ടിപ്പടുക്കുന്നതിനു പകരം നാമനിർദ്ദേശം ചെയ്യുന്ന നേതാക്കളെ ഉപയോഗിച്ച് പാർട്ടി നടത്തിക്കൊണ്ടു പോകാനാണ് അവർ ശ്രമിച്ചത്. ഇതിന്റെ ഫലമായി മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസ് നേതാക്കന്മാർ മാത്രമുള്ള, അണികളില്ലാത്ത പാർട്ടിയായി. കരുണാകരനും ആന്റണിക്കും സ്വന്തം അണികൾ ഉണ്ടായിരുന്നതുകൊണ്ട് കേരളത്തിലെ കോൺഗ്രസ് അങ്ങനെയൊരവസ്ഥ നേരിട്ടില്ല. എന്നാൽ രണ്ട് ഗ്രൂപ്പുകളും പാർട്ടി ഘടകങ്ങൾ കൈപ്പിടിയിലൊതുക്കാനായി മത്സരിച്ച് വ്യാജ അംഗങ്ങളെ ചേർത്തപ്പോൾ സംഘടനാ തെരഞ്ഞെടുപ്പുകൾ നടത്താൻ കഴിയാത്ത സാഹചര്യമുണ്ടായി.

കരുണാകരനും ആന്റണിയും നയിച്ച ഗ്രൂപ്പുകളുടെ അനന്തരാവകാശികളായി തീർന്ന രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഏതാണ്ട് ഒരു പതിറ്റാണ്ടായി സംയുക്തമായി പാർട്ടിയെ നയിക്കുകയായിരുന്നു. ചെന്നിത്തല എട്ടു കൊല്ലത്തിലധികം തുടർച്ചയായി പ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷന്റെ കസേരയിലിരുന്നു. ഉമ്മൻ ചാണ്ടി പാർട്ടിക്കു അധികാരം കിട്ടുമ്പോൾ മുഖ്യമന്ത്രിയും അല്ലാത്തപ്പോൾ പ്രതിപക്ഷ നേതാവുമായി. ഇരുവരും ഡൽഹിയിൽ ഒരേ ആവശ്യങ്ങളുമായി ചെല്ലുകയും അവിടെയുള്ള രക്ഷാധികാരികൾ അതെല്ലാം സോണിയാ ഗാന്ധിയെക്കൊണ്ട് സാധിപ്പിച്ചുകൊടുക്കുകയും ചെയ്തു.  അങ്ങനെ അവർ സസുഖം വാഴുമ്പോൾ എൻ.എസ്. എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് ഒരുൾവിളിയുണ്ടായി. താക്കോൽ ഉമ്മൻ ചാണ്ടിയുടെ കയ്യിലാണെന്ന് അദ്ദേഹം കണ്ടെത്തി. ചെന്നിത്തലയ്ക്ക് താക്കോൽ സ്ഥാനം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂട്ടിക്കെട്ടിയ എ-ഐ ഗ്രൂപ്പിൽ തന്റെ സ്ഥാനം ജൂനിയർ പങ്കാളിയുടേതാണന്ന ചിന്ത ഇതിനകം ചെന്നിത്തലയുടെ മനസിൽ കടന്നു കൂടിയിരുന്നെങ്കിലും പെരുന്നയിൽ നിന്ന് പരസ്യമായി അങ്ങനെയൊരാവശ്യം വന്നത് അദ്ദേഹത്തിനിഷ്ടപ്പെട്ടില്ല. 

മന്ത്രിസഭയിലെ സ്ഥാനത്തെയും പദവിയെയും ചൊല്ലി തടസങ്ങളുണ്ടായെങ്കിലും ഒടുവിൽ ചെന്നിത്തല ആഭ്യന്തരമന്ത്രിയാകണമെന്ന് ഹൈക്കമാൻഡിൽ നിന്നു നിർദ്ദേശം വന്നു. കേന്ദ്ര നേതൃത്വത്തിന്റെ യഥാർത്ഥ ലക്ഷ്യം ചെന്നിത്തലയെയൊ സുകുമാരൻ നായരെയൊ സുഖിപ്പിക്കുകയായിരുന്നില്ല, പി.സി.സി. കസേര ഒഴിപ്പിക്കുകയായിരുന്നു. ഹൈക്കമാൻഡ് ഗ്രൂപ്പുകളിക്കിടയിൽ ഒതുക്കപ്പെട്ട വി.എം. സുധീരനെ അദ്ധ്യക്ഷനാക്കാനുള്ള താല്പര്യം അറിയിച്ചപ്പോൾ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അത് തടയാൻ യോജിച്ചു. ഏതെങ്കിലും ഗ്രൂപ്പിലൂടെയല്ലാതെ ഒരാൾക്ക് സ്ഥാനങ്ങൾ നേടാൻ കഴിയുമെന്നു വന്നാൽ പിന്നെ ഗ്രൂപ്പ് നേതാക്കൾക്ക് ആരെങ്കിലും വില കല്പിക്കുമോ? അവർ ഒന്നിച്ച് ഒരു ബദൽ നിർദ്ദേശം വെച്ചു: സുധീരനെപ്പോലെ ഗ്രൂപ്പു പ്രവർത്തനത്തിൽ നിന്ന് വിട്ടു നിൽക്കുന്ന ജി. കാർത്തികേയനെ അദ്ധ്യക്ഷനാക്കുക. പക്ഷെ അവർ ഇച്ഛിച്ചതല്ല ഹൈക്കമാൻഡ് കല്പിച്ചത്. ലോക് സഭ തെരഞ്ഞെടുപ്പു സ്ഥാനാർത്ഥിനിർണ്ണയത്തിൽ ഇതുപോലെ തഴയപ്പെടുമെന്ന് ഭയപ്പെടുന്ന ഉമ്മൻ ചാണ്ടി പരസ്യമായി നീരസം പ്രകടിപ്പിച്ചു.

ലോക് സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ കോൺഗ്രസിൽ നടക്കുന്ന മാറ്റങ്ങൾ പാർട്ടിയുടെ നിയന്ത്രണം സോണിയാ ഗാന്ധിയിൽ നിന്ന് രാഹുൽ ഗാന്ധിയിലേക്കു മാറുന്നതിന്റെ സൂചനകളാണ്. പക്ഷെ ഈ ഘട്ടത്തിൽ രാഹുൽ ഗാന്ധിക്ക് ചെയ്യാൻ കഴിയുന്നതിന് പരിമിതികളുണ്ട്. അദ്ദേഹത്തിന്റെ ഒരു നിർദ്ദേശം സ്ത്രീകൾക്ക് 30 ശതമാനം സീറ്റുകൾ നൽകണമെന്നതാണ്. കേരളത്തിലെ കോൺഗ്രസിന്റെ നേതൃനിരയിൽ സ്ത്രീസാന്നിധ്യമുണ്ടെങ്കിലും വിജയസാധ്യതയുള്ള ആറു പേരെ കണ്ടെത്താൻ എളുപ്പമല്ല. സ്വന്തം കക്ഷിയിൽ‌പെട്ട സ്ത്രീപീഡനമുൾപ്പെടെയുള്ള ആരോപണങ്ങൾ നേരിടുന്നവരെ ചാനൽ ചർച്ചകളിൽ കൂസൽ കൂടാതെ ന്യായീകരിക്കുന്ന മഹിളാമണികളോട് വോട്ടർമാർക്ക് വലിയ പ്രതിപത്തിയുണ്ടാകാനിടയില്ല. യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്നതാണ് രാഹുൽ ഗാന്ധിയുടെ മറ്റൊരു നിർദ്ദേശം. കോൺഗ്രസിന്റെ ഇന്നത്തെ നേതാക്കളിൽ പലരും നന്നെ ചെറുപ്പത്തിൽ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ സ്ഥാനം ലഭിച്ചവരാണ്. ആദ്യകാല ഗ്രൂപ്പു നേതാക്കൾ യുവാക്കൾക്കു അവസരം നൽകാൻ തയ്യാറായതുകൊണ്ടാണ് അത് സാദ്ധ്യമായത്. എന്നാൽ ഇന്ന് യുവാക്കളെ തേടുമ്പോൾ നേതാക്കളുടെ പെട്ടി തൂക്കി നടന്നതിനപ്പുറം രാഷ്ട്രീയ അനുഭവമുള്ള ഏറെപേരെ കണ്ടെത്താനാകില്ല.   

രണ്ട് മുന്നണികളെ നയിക്കുന്ന കക്ഷികൾക്കും ഇക്കൊല്ലത്തെ ലോക് സഭാ തെരഞ്ഞെടുപ്പ് നിർണ്ണായകമാണ്. ഏത് വശത്തേക്കും നീങ്ങാവുന്ന സംസ്ഥാനമാണ് കേരളം: 2004ൽ കോൺഗ്രസിനെ പൂർണ്ണമായും തള്ളിക്കളഞ്ഞു, പക്ഷെ 2009ൽ പുനരധിവസിപ്പിച്ചു. സംസ്ഥാനം കണ്ടതിൽ വെച്ച് ഏറ്റവും മോശമായ സർക്കാരാണ് ഇപ്പോഴത്തേത്. മുഖ്യമന്ത്രിയുടെ ആപ്പീസ് തട്ടിപ്പുകാരുടെ താവളമാണെന്ന് വ്യക്തമായതിനെ തുടർന്ന് പേഴ്സണൽ സ്റ്റാഫിൽ പെട്ട ചിലരെ പുറത്താക്കാൻ ഉമ്മൻ ചാണ്ടി നിർബന്ധിതനായി. നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന് മുഖ്യമന്ത്രി പല തവണ പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ആപ്പീസ് ദുർഗന്ധപൂരിതമാക്കിയവർക്കെതിരായ നിയമനടപടികൾ ശരിയായി മുന്നോട്ടു പോകുന്നെന്ന് വിശ്വസിക്കാൻ കഴിയുന്ന സാഹചര്യം ഇപ്പോഴുമില്ല. വിശ്വസ്തരുടെ വഴിവിട്ട പ്രവൃത്തിയുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്തു മുഖ്യമന്ത്രി രാജിവെക്കേണ്ടതായിരുന്നു. പശ്ചിമഘട്ട സംരക്ഷണം, ആറന്മുള വിമാനത്താവള പദ്ധതി തുടങ്ങി നിരവധി വിഷയങ്ങളിൽ സർക്കാർ വഞ്ചനാപരവും വിശാല ജനതാല്പര്യങ്ങൾക്ക് വിരുദ്ധവുമായ നിലപാടുകളാണെടുത്തിട്ടുള്ളത്. ഇതോടൊപ്പം പത്ത് കൊല്ലമായി കേന്ദ്രം ഭരിക്കുന്ന മൻ‌മോഹൻ സിങ് സർക്കാരിന്റെ ജനദ്രോഹ നടപടികളും വിലക്കയറ്റവും കൂടിയാകുമ്പോൾ കോൺഗ്രസിന്റെ മുന്നിൽ പ്രതിബന്ധങ്ങളേറെയാണ്. അതേസമയം ഉമ്മൻ ചാണ്ടി സർക്കാരിനെ താഴെയിറക്കാൻ നടത്തിയ സമരങ്ങൾ വിജയം കണ്ടില്ലെന്നത് കോൺഗ്രസിന്റെ അവസ്ഥ  പ്രയോജനപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ കഴിവിനെ കുറിച്ച് സംശയങ്ങളുയർത്തുന്നുണ്ട്. 

അധികാരത്തിനുവേണ്ടി മത്സരിക്കുന്ന കക്ഷികളാണ് ജനാധിപത്യ വ്യവസ്ഥയെ  നിലനിർത്തുന്നത്. പക്ഷെ പാർട്ടികൾക്ക് തെരഞ്ഞെടുപ്പു വിജയത്തിനപ്പുറം രാജ്യത്തിന്റെ ഭാവിയെ കുറിച്ച് കൃത്യമായ ധാരണയുമുണ്ടാകണം. വോട്ടർമാർക്കും അതുണ്ടാകണം. പ്രത്യേകിച്ചും ഫാസിസ്റ്റ് പ്രവണതകൾ പ്രകടമാക്കുന്ന കക്ഷികൾ ശക്തമായ വെല്ലുവിളി ഉയർത്തുമ്പോൾ.(ജനയുഗം, ഫെബ്രുവരി 19, 2014)

Friday, February 7, 2014

വംശീയവെറി എന്ന വിപത്ത്

ബി.ആർ.പി. ഭാസ്കർ

ജനുവരി 26ന് പതിവുപോലെ ആയുധശക്തി പ്രകടിപ്പിച്ചുകൊണ്ട് ന്യൂ ഡൽഹിയിൽ റിപബ്ലിക് ദിനാഘോഷം നടന്നു. സംസ്ഥാന സർക്കാരുകൾ ഓരോ പ്രദേശത്തിന്റെയും സവിശേഷത വ്യക്തമാക്കുന്ന ടാബ്ലോകൾ അവതരിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വന്നവർ അവരുടെ വ്യത്യസ്ത കലാരൂപങ്ങൾ പ്രദർശിപ്പിച്ചു. ജനങ്ങൾ ടെലിവിഷനിലൂടെ ഓരോ കൊല്ലവും കാണുന്ന കാഴ്ചകളാണിവ. പരേഡ് കാണാൻ വിദൂര സംസ്ഥാനങ്ങളിൽ നിന്നു പോലും ആളുകൾ കൊടും തണുപ്പുള്ളപ്പോൾ തലസ്ഥാനത്ത് എത്താറുണ്ട്. ഡൽഹി നഗരത്തിൽ ഒരിക്കലെങ്കിലും പരേഡ് നേരിട്ടു കണ്ടിട്ടില്ലാത്ത ഒരാളും ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതായത് ഇന്ത്യയുടെ നാനാത്വത്തെ കുറിച്ച് അറിവ് നേടാൻ അവസരം കിട്ടിയിട്ടുള്ളവരാണ് ഡൽഹി നിവാസികൾ. ഈ പശ്ചാത്തലത്തിൽ അവിടെ അടുത്ത കാലത്തുണ്ടായ ചില സംഭവങ്ങൾ പ്രത്യേക ശ്രദ്ധ അർഹിക്കുന്നു.

ഒരു സംഭവം നടന്നത് റിപ്പബ്ലിക് ദിനം കഴിഞ്ഞയുടനാണ്. ഒരു സുഹൃത്തിന്റെ വീട് തേടി ദക്ഷിണ ഡൽഹിയിലെ ലാജ്പത് നഗറിലെത്തിയ അരുണാചൽ പ്രദേശുകാരനായ നിദൊ താനിയം എന്ന വിദ്യാർത്ഥി ഒരു കടയിൽ കയറി വഴി ചോദിച്ചു. താനിയത്തിന്റെ ചെമ്പിച്ച മുടി നോക്കി കടക്കാരൻ പരിഹസിച്ചു. യുവാവ് പ്രതിഷേധിച്ചു. പിന്നെ വാക്കേറ്റമായി. ഒടുവിൽ കടയിലെ ജീവനക്കാർ താനിയത്തെ പൊതിരെ തല്ലി. സ്ഥലത്തെത്തിയ പൊലീസുകാർ താനിയത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയൊ അക്രമികൾക്കെതിരെ നടപടിയെടുക്കുകയൊ ചെയ്തില്ല. താനിയത്തെക്കൊണ്ട് കശപിശയ്ക്കിടയിൽ കടയിലെ സാധനങ്ങൾക്കുണ്ടായ കേടുപാടുകൾക്ക് നഷ്ടപരിഹാരമായി പൊലീസ്  7,000 രൂപ കൊടുപ്പിച്ചു. അന്നു രാത്രി താനിയം മരിച്ചു.

മറ്റൊരു സംഭവം നടന്നത് റിപ്പബ്ലിക് ദിനത്തിനു മുമ്പാണ്. പക്ഷെ വിവരം പുറത്തു വന്നത് നിദൊ താനിയത്തിന്റെ മരണത്തെ തുടർന്ന് ഡൽഹിയിലെ വടക്കുകിഴക്കൻ സംസ്ഥാനക്കാർ പ്രതിഷേധ പ്രകടനം നടത്തിയപ്പോൾ മാത്രം. ഇരകൾ മണിപ്പൂർ സ്വദേശികളായ രണ്ട് സ്ത്രീകളായിരുന്നു. ദക്ഷിണ ഡൽഹിയിലെതന്നെ കോട്‌ല മുബാറക്പൂറിൽ വെച്ച് സ്ഥലവാസിയായ ഒരാൾ ആക്രമിച്ചതായി ജനുവരി 24ന് സ്ത്രീകൾ പൊലീസിനു പരാതി നൽകിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. വടക്കുകിഴക്കൻ സംസ്ഥാനക്കാരുടെ സംഘടന വിഷയം ഏറ്റെടുത്തശേഷം മാത്രമാണ് പൊലീസ് പരാതി രജിസ്റ്റർ ചെയ്തതും അക്രമിയെ അറസ്റ്റു ചെയ്തതും.

ആം ആദ്മി സർക്കാർ അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ നിയമമന്ത്രി സോംനാഥ് ഭാർതി അനുയായികളുമായി ദക്ഷിണ ഡൽഹിയിൽ തന്നെയുള്ള മാളവ്യ നഗറിൽ ഏതാനും ആഫ്രിക്കൻ സ്ത്രീകൾ താമസിച്ചിരുന്ന വീട് മയക്കുമരുന്നു വിരുദ്ധ നടപടിയുടെ പേരിൽ റെയ്ഡ് ചെയ്യുകയും സ്ത്രീകളെ ബലമായി ദേഹപരിശോധനക്ക് വിധേയരാക്കുകയും ചെയ്ത സംഭവത്തെയും ഇവയോട് ചേർത്താണ് പരിശോധിക്കേണ്ടത്.  മന്ത്രിസംഘത്തിന്റെ പ്രവൃത്തിയിലും വാക്കുകളിലും കറുത്ത വർഗ്ഗക്കാർക്കെതിരായ വിദ്വേഷം അടങ്ങിയിരുന്നു.

ഡൽഹിയെ കുറിച്ച് സമാന്യവിവരമുള്ള ഒരാളെയും ഈ സംഭവങ്ങൾ അത്ഭുതപ്പെടുത്തില്ല. കാരണം വളരെക്കാലമായി വംശീയവെറി നിലനിൽക്കുന്ന നഗരമാണത്. സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളിൽ ആഫ്രിക്കൻ വിദ്യാർത്ഥികൾക്കായി സർക്കാർ നടപ്പാക്കിയ സ്കോളർഷിപ്പ് പദ്ധതിപ്രകാരം കറുത്ത വർഗ്ഗത്തിൽ‌പെട്ടവർ ഡൽഹി സർവകലാശാലയിലെത്തി. അവിടെ പഠിച്ച നിരവധി പേർ 1970കളിൽ അവരവരുടെ രാജ്യങ്ങളിൽ ഉയർന്ന സ്ഥാനങ്ങളിലെത്തി. ഇൻഡ്യയിൽ അനുഭവിച്ച വർണ്ണവിവേചനത്തിന്റെ ഓർമ്മ ഈ രാജ്യത്തോടുള്ള പലരുടെയും സമീപനത്തെ സ്വാധീനിച്ചു. പ്രശസ്ത തമിഴ് സംവിധായകൻ എസ്.എസ്.വാസൻ  ഒരു സിനിമക്കായി ചില ഹോളിവുഡ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഒരു ചിംപൻസിയെ മദിരാശിയിൽ വരുത്തി. ആ കുരങ്ങ് മിടുക്കനായ ആഫ്രിക്കൻ കുട്ടിയെപ്പോലെയുണ്ടെന്ന് ഹിന്ദു പത്രത്തിന്റെ സിനിമാ ലേഖകൻ എഴുതി. മദ്രാസ് മെഡിക്കൽ കോളെജിലെ രണ്ട് തെക്കെ ആഫ്രിക്കൻ വിദ്യാർത്ഥികൾ അത് വായിച്ച് ക്ഷുഭിതരായി പത്രാധിപരെ കണ്ട് പ്രതിഷേധം അറിയിച്ചു. അദ്ദേഹം അവരോട് മാപ്പ് പറയുകയും അടുത്ത ദിവസത്തെ പത്രത്തിൽ ഖേദം പ്രകടിപ്പിക്കുന്ന കുറിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്ത്. ഇതിൽ നിന്ന് എത്ര വ്യത്യസ്തമാണ് സോംനാഥ് ഭാർതിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി അർവിന്ദ് കെജിവാളിന്റെ നിലപാട്!

തവിട്ടു നിറക്കാരായ ഇൻഡൊനേഷ്യക്കാർക്കിടയിൽ ഒരു കഥയുണ്ട്. ദൈവം കളിമണ്ണിൽ മനുഷ്യനെ സൃഷ്ടിച്ചിട്ട് ചുട്ടെടുക്കാൻ അടുപ്പിൽ വെച്ചത്രെ. എടുത്തപ്പോൾ കറുത്തിരിക്കുന്നു. “കരിഞ്ഞുപോയി” എന്നു പറഞ്ഞു വലിച്ചെറിഞ്ഞു. അത് ആഫ്രിക്കയിൽ വീണു. വിണ്ടും ഒന്നുണ്ടാക്കി അടുപ്പത്തു വെച്ചു. എടുത്തപ്പോൾ വെളുത്തിരിക്കുന്നു. “വെന്തില്ല” എന്നു പറഞ്ഞു വലിച്ചെറിഞ്ഞു. അത് യൂറോപ്പിൽ വീണു. ഒന്നു കൂടിയുണ്ടാക്കി അടുപ്പിൽ വെച്ചു. എടുത്തപ്പോൾ തവിട്ട് നിറം. “ശരിയായ പാകം” എന്നു പറഞ്ഞു ഇൻഡൊനേഷ്യയിൽ ഇട്ടു! ഈവിധത്തിലുള്ള കഥകൾ മെനഞ്ഞു ആത്മാഭിമാനം വളർത്തുന്നതിൽ വലിയ തെറ്റില്ല. എന്നാൽ സ്വയം പുകഴുത്തുന്നതിനപ്പുറം മറ്റുള്ളവരെ ഇകഴ്ത്തുന്നിടത്ത് അപകടം തുടങ്ങുന്നു.

ഭാഷയുടെ കാര്യത്തിൽ മാത്രമല്ല വംശീയതയുടെയും സംസ്കാരത്തിന്റെയൂം മറ്റും കാര്യത്തിലും ഏറെ വൈവിധ്യമുള്ള രാജ്യമാണ് നമ്മുടേത്. കാഴ്ചയിൽ യൂറോപ്യനൊ അറബിയൊ ചീനക്കാരനൊ ആഫ്രിക്കക്കാരനൊ ഇൻഡൊനേഷ്യക്കാരനൊ ഒക്കെ ആയി തെറ്റിദ്ധരിക്കപ്പെടാവുന്നവർ ഇവിടെയുണ്ട്. ലോകത്ത് മറ്റൊരു രാജ്യത്തും ഇത്രയും വൈവിധ്യമില്ല. ഈ വൈവിധ്യത്തെ മാനിക്കാൻ നാം പഠിക്കേണ്ടിയിരിക്കുന്നു. അതിന്റെ ഭാഗമായി തൊലിയുടെ നിറത്തിന്റെയും മൂക്കിന്റെ ആകൃതിയുടെയും അടിസ്ഥാനത്തിലുള്ള ഭേദചിന്ത വർണ്ണവിവേചനമാണെന്ന് അംഗീകരിക്കാൻ നാം തയ്യാറാകണം.

ഡൽഹിയിൽ കൊല്ലപ്പെട്ട താനിയം അരുണാചൽ നിയമസഭയിലെ കോൺഗ്രസംഗവും പാർലമെന്ററി സെക്രട്ടറിയുമായ നിദൊ പവിത്രയുടെ മകനാണ്. പക്ഷെ രാഹുൽ ഗാന്ധിയേക്കാൾ മുമ്പെ നരേന്ദ്ര മോദി ഡൽഹി സംഭവത്തെ അപലപിച്ചു. വോട്ടില്ലാത്ത ആഫ്രിക്കക്കാർക്കെതിരായ അതിക്രമത്തെ കുറിച്ച് നിശ്ശബ്ദത പാലിക്കുകയും വോട്ടുള്ള വടക്കുകിഴക്കൻ ജനങ്ങൾക്കെതിരായ അക്രമത്തിനെതിരെ ശബ്ദമുയത്തുകയും ചെയ്തതിൽ നിന്ന് അദ്ദേഹത്തിന്റേത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള പ്രതികരണമാണെന്ന് അനുമാനിക്കാം. അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത് പ്രാദേശികവും സാംസ്കാരികവും മതപരവുമായ വൈവിധ്യങ്ങളെ ഹൈന്ദവ ദേശീയതയുടെ പരവതാനി വിരിച്ച് മറയ്ക്കാൻ ശ്രമിക്കുന്ന ഒരു പ്രസ്ഥാനത്തെയാണ്. അത് ഉയർത്തിക്കാട്ടുന്ന ഹൈന്ദവികത ദീർഘകാലം രാജ്യത്തെ ജനങ്ങളെ വർണ്ണത്തിന്റെയും ജാതിയുടെയും പേരിൽ വേർപെടുത്തി നിർത്തിയ ഒന്നാണ്. തുല്യത എന്ന ആശയം പൂർണ്ണമായും ഉൾക്കൊള്ളുമ്പോൾ മാത്രമെ വംശീയവെറിയെ മറികടക്കാനാകൂ. (ജനയുഗം, ഫെബ്രുവരി 5, 2014)

Tuesday, February 4, 2014

ഡൽഹി കടക്കാൻ ആം ആദ്മി എന്തു ചെയ്യണം?

ബി.ആർ.പി. ഭാസ്കർ

ഡൽഹി സംസ്ഥാന തെരഞ്ഞെടുപ്പിലെ അത്ഭുതാവഹമായ പ്രകടനത്തെ തുടർന്ന് ആം ആദ്മി പാർട്ടിയിലേക്കുണ്ടായ ഒഴുക്ക് ഒരു ചോദ്യം ഉയർത്തുന്നു: ദൽഹിയിലെ അത്ഭുതം ദേശിയതലത്തിൽ ആവർത്തിക്കുമോ?

ഡൽഹി നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബി.ജെ.പിയാണ്. എന്നാൽ ഭൂരിപക്ഷത്തിനാവശ്യമായ പിന്തുണ സംഘടിപ്പിക്കാൻ അതിന് കഴിയാതെ വന്നു. ആ സാഹചര്യത്തിലാണ് രണ്ടാം സ്ഥാനം നേടിയ ആം ആദ്മി പാർട്ടിക്ക്, കോൺഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ, ഭരണത്തിലേറാനായത്. ഭീമമായ പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസിന്റെ മുന്നിൽ ആം ആദ്മിയെ പിന്തുണക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ലായിരുന്നു. ആം ആദ്മിക്ക് അങ്ങനെ പെട്ടെന്ന് അധികാരത്തിലേറാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ അതിൽ കയറിക്കൂടാൻ വളരെപ്പേർ ശ്രമിക്കുമായിരുന്നില്ല.

കേരളം ഉൾ‌പ്പെടെ പല സംസ്ഥാനങ്ങളിലും ഏറെക്കാലമായി നിലനിൽക്കുന്ന ‘മറ്റ് മാർഗ്ഗമില്ല’ എന്നർത്ഥമുള്ള ടീനാ (TINA, or There is No Alternative) ഘടകത്തെ മറികടക്കാൻ ആം ആദ്മിക്ക് കഴിഞ്ഞത് ജനങ്ങൾക്ക് പുതിയ പ്രതീക്ഷ നൽകിയിരിക്കുന്നു. അതുകൊണ്ടാണ് മാറ്റം ആഗ്രഹിക്കുന്നവർ ആം ആദ്മിയിലേക്ക് തള്ളിക്കയറുന്നത്. വിവിധ പാർട്ടികളിൽ പ്രവർത്തിച്ച പാരമ്പര്യമുള്ളവരും ഏതെങ്കിലും കക്ഷിയുമായി ഒരിക്കലും അടുത്തിട്ടില്ലാത്തവരും അക്കൂട്ടത്തിലുണ്ട്. അവരിൽ ചിലരുടെ വരവ് ഒരുപക്ഷെ ആം ആദ്മിയെ ശക്തിപ്പെടുത്തുന്നതിനു പകരം അതിനെ കുറിച്ച് സംശയങ്ങൾ ജനിപ്പിക്കാൻ സാദ്ധ്യതയുണ്ട്.

ദിവസങ്ങൾ മാത്രം പ്രായമുള്ളതും ഭരണപരിചയമില്ലാത്തവരടങ്ങുന്നതുമായ ഡൽഹിയിലെ ആം ആദ്മി സർക്കാർ പരാജയമാണെന്ന് ചിലർ ഇതിനകം തന്നെ വിധിയെഴുതിക്കഴിഞ്ഞു. നിലനിൽ‌പ്പിന് കോൺഗ്രസിനെ ആശ്രയിക്കേണ്ട സർക്കാരിന് എത്രമാത്രം പ്രവർത്തന സ്വാതന്ത്ര്യമുണ്ടെന്ന് ന്യായമായും സംശയിക്കാം. എന്നാൽ സർക്കാരിനെ മറിച്ചിട്ടാലുണ്ടാകുന്ന സാഹചര്യം നേരിടാൻ പ്രയാസമുള്ളതുകൊണ്ട് കോൺഗ്രസിന് അതിന്റെ നടപടികളെ ലാഘവബുദ്ധിയോടെ സമീപിക്കാനാവില്ല. അടുത്തെങ്ങാനും വീണ്ടും തെരഞ്ഞെടുപ്പു നടന്നാൽ ബി.ജെ.പിക്ക് നില മെച്ചപ്പെടുത്താനും അധികാരം പിടിച്ചെടുക്കാനും കഴിയുമെന്ന ചിന്ത സാഹസം കാണിക്കാൻ കോൺഗ്രസിനെ അനുവദിക്കില്ല. ലോക് സഭാ തെരഞ്ഞെടുപ്പു വരെയെങ്കിലും കോൺഗ്രസിനെ പിണക്കാതിരിക്കാൻ ആം ആദ്മിയും ശ്രദ്ധിച്ചേക്കും.

ഡൽഹിയിലെ നല്ല പ്രകടനം ഒരു വൻനഗര കക്ഷിയായിരുന്ന ആം ആദ്മിയെ പ്രവർത്തനം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. ജനസംഖ്യയുടെ 97.5 ശതമാനവും നഗരവാസികളായ ഡൽഹിയിൽ വലിയ നേട്ടമുണ്ടാക്കാൻ അതിനെ സഹായിച്ച ഒരു ഘടകം അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരത്തിൽ മാദ്ധ്യമങ്ങൾ, പ്രത്യേകിച്ചും, ദൃശ്യമാദ്ധ്യമങ്ങൾ, എടുത്ത താല്പര്യമാണ്. ഇന്റർനെറ്റ് സംവിധാനത്തിലൂടെ ആകർഷിച്ച സന്നദ്ധസംഘ പ്രവർത്തകർ അതിന്റെ പ്രചാരകരായി. നവമാധ്യമങ്ങൾക്ക് രാജ്യത്തെ 542 ലോക് സഭാ മണ്ഡലങ്ങളിൽ 160 എണ്ണത്തിലെ വിധിയെ സ്വാധീനിക്കാനാകുമെന്ന പഠന റിപ്പോർട്ട് ആം ആദ്മി നേതൃത്വത്തിന് പ്രചോദനമായിട്ടുണ്ട്. അത് ഉയർത്തിക്കാട്ടിയ അഴിമതിയും നഗര സൌകര്യങ്ങളുടെ അപര്യാപ്തതയും മദ്ധ്യവർഗ്ഗ പിന്തുണ ആർജ്ജിക്കാൻ മതിയായ വിഷയങ്ങളാണ്. ഗ്രാമീണരെയും അടിസ്ഥാനവർഗ്ഗങ്ങളെയും ആകർഷിക്കാൻ അതുമാത്രം പോരാ. അവരെ സംബന്ധിച്ചിടത്തോളം അവരുടെ അതിജീവന പ്രശ്നങ്ങൾ പ്രധാനമാണ്. അത്തരം പ്രശ്നങ്ങളെയും ജനപക്ഷത്തു നിന്ന് സമീപിക്കാനുള്ള കഴിവ് അതിനുണ്ടോ എന്നാവും അവർ നോക്കുക.

ഡൽഹിയിൽ കോൺഗ്രസിനെയും ചെറിയ കക്ഷികളെയും എളുപ്പത്തിൽ കീഴ്പ്പെടുത്തിയ ആം ആദ്മി പാർട്ടിക്ക് ബി.ജെ.പിക്കുമേൽ വലിയ പ്രഹരമേല്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ വസ്തുതയുടെ വെളിച്ചത്തിൽ കാഡർസ്വഭാവമുള്ള കക്ഷികളെ കടത്തിവെട്ടാൻ ആം ആദ്മി പാർട്ടിക്കു കഴിയുമോയെന്ന് സംശയിക്കുന്നവരുണ്ട്. ബി.ജെ.പിയുടെ വോട്ടു വിഹിതത്തിൽ രണ്ട് ശതമാനത്തിന്റെ കുറവെ ഉണ്ടായുള്ളെങ്കിലും അതിനെ മറികടന്ന് അധികാരത്തിലേറാൻ ആം ആദ്മിക്ക് കഴിഞ്ഞത് രാഷ്ട്രീയ കളിയുടെ സ്വഭാവം മാറിയിരിക്കുന്നെന്ന് വ്യക്തമാക്കുന്നു. പുതിയ സാഹചര്യത്തെ ലളിത സമവാക്യത്തിലൂടെ വിശദീകരിക്കാനാവില്ല. പശ്ചിമ ബംഗാളിൽ ഉറച്ച കാഡർ പാർട്ടിയായ സി.പി.എമ്മിനെ വീഴ്ത്തിയത് കോൺഗ്രസിനോളം പോലും കെട്ടുറപ്പില്ലാത്ത തൃണമൂൽ കോൺഗ്രസാണന്നതും ഇവിടെ ഓർക്കേണ്ടതുണ്ട്.

കേരളത്തിൽ ആം ആദ്മിക്ക് ആകർഷിക്കാൻ കഴിഞ്ഞിട്ടുള്ള ഏറ്റവും പ്രമുഖ വ്യക്തിയായ സാറാ ജോസഫ് ഇന്ന് ആ പാർട്ടിയിൽ ചേരുന്നത് പണ്ട് സ്വാതന്ത്ര്യസമരപോരാളിയും  ആദ്യകാല കമ്മ്യൂണിസ്റ്റും ആകുന്നതിനു തുല്യമാണെന്ന് പറയുന്നു. ആ നിരീക്ഷണത്തിന്റെ പ്രസക്തി മനസിലാക്കാൻ ആ കാലഘട്ടങ്ങൾ ഓർക്കുന്നവർക്കാകും. എന്നാൽ കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടികളും തമ്മിലുള്ള അധികാര രാഷ്ട്രീയ മത്സരം മാത്രം കണ്ടു വളർന്ന യുവതലമുറയ്ക്ക് അത് മനസിലാക്കാൻ കഴിഞ്ഞെന്നുവരില്ല. നല്ല ഭാവി ഉറപ്പാക്കാൻ വലിയ വില കൊടുക്കേണ്ടി വരുമെന്നറിഞ്ഞുകൊണ്ടാണ് ആദ്യകാലത്ത് ആ പാർട്ടികളിൽ യുവാക്കൾ ചേർന്നത്. ഇന്ന് ആ പാർട്ടികൾ ആകർഷിക്കുന്നവരിൽ ഒരു വലിയ വിഭാഗം അത്തരത്തിൽ വില കൊടുക്കാൻ വരുന്നവരല്ല, കിട്ടാവുന്നത് വാങ്ങാൻ വരുന്നവരാണ്. ആം ആദ്മി പാർട്ടി യുവാക്കളെ ആകർഷിക്കുന്നതും നല്ല ഭാവി വാഗ്ദാനം ചെയ്യുന്നതുകൊണ്ടു തന്നെ. എന്നാൽ അതിവേഗം അധികാര രാഷ്ട്രീയത്തിൽ സ്ഥാനം നേടിയ ഒരു കക്ഷിയാണത്. അതുകൊണ്ടു അതിലേക്ക് ചേക്കേറുന്നവർ ആദ്യകാല കോൺഗ്രസുകാരെയും കമ്മ്യൂണിസ്റ്റുകാരെയും പോലെ ത്യാഗസന്നദ്ധതയും സേവനമനോഭാവവും ഉള്ളവരാകണമെന്നില്ല.

പൂർ‌വകാലം പരിശോധനക്ക് വിധേയമാക്കാതെ ആവശ്യപ്പെടുന്നവർക്കെല്ലാം അംഗത്വം നൽകുകയാണ് ആം ആദ്മി ഇപ്പോൾ ചെയ്യുന്നത്. അണ്ണാ ഹസാരെയുടെ സമരകാലത്ത് അനുയായികൾ ഇന്റർനെറ്റ് സംവിധാനം ഉപയോഗപ്പെടുത്തി രാജ്യവ്യാപകമായി പിന്തുണ സംഘടിപ്പിക്കാൻ ശ്രമിച്ചിരുന്നു. അങ്ങനെ എത്തിയവരാണ് രാജ്യമൊട്ടുക്ക് ആം ആദ്മിയുടെ സംഘാടകരായി മാറിയിരിക്കുന്നത്. മറ്റ് കക്ഷികൾ ഇന്റർനെറ്റ് സാമ്പ്രദായിക രീതിയിലുള്ള പ്രവർത്തനത്തിന് ഉപയോഗിക്കുമ്പോൾ ആം ആദ്മി സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ പൂർണ്ണമായും പ്രയോജനപ്പെടുത്തുന്ന പുതിയ പ്രവർത്തനരീതി സ്വീകരിച്ചിരിക്കുകയാണ്. പാർട്ടിയെ കൈപ്പിടിയിൽ ഒതുക്കി നിർത്തുന്ന പാരമ്പര്യമുള്ള കക്ഷി നേതാക്കൾക്ക് ഇത്തരം പുതിയ രീതികളെ കുറിച്ച് ചിന്തിക്കാനേ കഴിയില്ല. തള്ളിക്കയറുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്ന ഒരു കക്ഷിയെ ആൾക്കൂട്ടത്തിന്റെ സ്വഭാവമുള്ള ഒന്നായാകും അവർ കാണുക. ആം ആദ്മിക്ക് അത് ചെയ്യാൻ കഴിയുന്നത് ശ്രേണീബദ്ധസ്വഭാവം ഇല്ലാത്തതുകൊണ്ടാണ്. സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന ഘട്ടത്തിൽ മാത്രം ഓരോരുത്തരുടെയും പൂർവ്വചരിത്രം ചികഞ്ഞുനോക്കിയാൽ മതിയെന്ന നിലപാടാണ് അത് സ്വീകരിച്ചിട്ടുള്ളത്. ആ ഘട്ടത്തിൽ പുറന്തള്ളപ്പെടുമ്പോൾ സ്ഥാനാർത്ഥിത്വം മോഹിച്ചു മാത്രം വന്നവർ പാർട്ടി വിട്ടുപോയേക്കും. അതൊരു നഷ്ടമല്ല. കാരണം അവരുടെ വേർപാടോടെ പാർട്ടി ശുദ്ധീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. ജനസമ്മതിയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിനും ആം ആദ്മി പാർട്ടിക്ക് ഇന്റർനെറ്റ് സംവിധാനം പ്രയോജനപ്പെടുത്താനാകും. സാമ്പ്രദായിക കക്ഷികൾക്ക് അത് ചെയ്യാനാകില്ല.

പല പാർട്ടികളും സ്ഥാനാർത്ഥികളാകാൻ താല്പര്യപ്പെടുന്നവരിൽനിന്ന് അപേക്ഷകൾ എഴുതി വാങ്ങുന്ന രീതി സ്വീകരിച്ചിട്ടുണ്ട്. അവരിൽ നിന്ന് ഭാരിച്ച പ്രവേശന ഫീസ് ഈടാക്കുകയും ചെയ്യുന്നുണ്ട്. ചില സ്വാശ്രയ കോളെജുകൾ ചെയ്യുന്നതുപോലെ ഓരോരുത്തരും എത്ര പണം നൽകാൻ തയ്യാറാണെന്ന് ഈ പരിപാടിയിലൂടെ കണ്ടെത്താനാകും. എന്നാൽ നല്ല സ്ഥാനാർത്ഥികൾ അപേക്ഷയുമായി ക്യൂവിൽ നിൽക്കാൻ തയ്യാറാകില്ല. അവരെ മത്സരരംഗത്തിറങ്ങാൻ പ്രേരിപ്പിക്കേണ്ടതായി വരും. രാഷ്ടീയ പരിചയമില്ലാത്തവരെ അങ്ങോട്ടു ചെന്ന് ക്ഷണിച്ചു സ്ഥാനാർത്ഥികളാക്കി അവരുടെ പ്രതിച്ഛായയും സ്വാധീനവും മുതലാക്കുന്നതിൽ മിടുക്ക് കാട്ടിയിട്ടുള്ള കക്ഷിയാണ് ബി.ജെ.പി. സിനിമാ-സീരിയൽ താരങ്ങൾ, പെൻഷൻ പറ്റിയ സിവിൽ മിലിട്ടറി ഉദ്യോഗസ്ഥന്മാർ തുടങ്ങിയവരെ അത് പാർട്ടിയിലേക്ക് കൊണ്ടുവരികയും തെരഞ്ഞെടുപ്പിൽ നിർത്തി വിജയം കാണുകയും ചെയ്തിട്ടുണ്ട്. ഈയിടെ അത് ആകർഷിച്ച ഒരാൾ കഴിഞ്ഞ കൊല്ലം കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി റിട്ടയർ ചെയ്ത ആർ.കെ. സിങ് എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. പാകിസ്ഥാനിൽ കഴിയുന്ന മുംബായ് മാഫിയാ തലവൻ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഒരു ബിസിനസുകാരനെ ഐ.പി.എൽ വാതുവെയ്പ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ ആഭ്യന്തര മന്ത്രി സുശീൽ കുമാർ ഷിൻഡെ ഡൽഹി പൊലീസിനെ അനുവദിച്ചില്ലെന്ന് ഡിസംബറിൽ ബി.ജെ.പി. അംഗത്വമെടുത്ത സിങ് മാദ്ധ്യമങ്ങളോട് പറയുകയുണ്ടായി. മന്ത്രിയുടെ ആപ്പീസിൽ നിന്ന് ഡൽഹിയിലെ ഓരോ പൊലീസ് സ്റ്റേഷനിലും ആരെ നിയോഗിക്കണമെന്ന് കാണിച്ച് കുറിപ്പുകൾ കിട്ടിയിരുന്നെന്നും പണം വാങ്ങിയാണ് നിയമനങ്ങൾ നടത്തിയിരുന്നതെന്നും കൂടി അദ്ദേഹം പറഞ്ഞു. സിങ് പറഞ്ഞത് സത്യമാകാം. അതേസമയം സെക്രട്ടറിയെന്ന നിലയിൽ കൊള്ളരുതായ്മകൾക്ക് കൂട്ടുനിന്ന ശേഷം പ്രതിപക്ഷ കക്ഷിയിൽ ചേക്കേറിയിട്ട് അത് വിളിച്ചു പറയുന്ന ഉദ്യോഗസ്ഥന്റെ ഉദ്ദേശ്യ ശുദ്ധി സംശയാസ്പദമാണ്. ബി.ജെ.പിയിൽ ചേർന്നത് ദേശീയസുരക്ഷയെ സംബന്ധിച്ച ആ കക്ഷിയുടെ നയങ്ങളോട് യോജിപ്പുള്ളതുകൊണ്ടാണെന്ന് സിങ് പറയുന്നു. ആ യോജിപ്പു വിരമിച്ചതിനുശേഷം ഉണ്ടായതാകില്ലല്ലൊ. ഈ പശ്ചാത്തലത്തിൽ സിങ് വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കാലത്ത് അതിന്റെ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസ് സംസ്ഥാനത്തിനു പുറത്തു നടത്തിയ ചില പ്രവർത്തനങ്ങൾ സംശയം ജനിപ്പിക്കുന്നു. ജമ്മു കശ്മീർ സർക്കാരിന്റെ പദ്ധതിപ്രകാരം സംസ്ഥാന പൊലീസിന് കീഴടങ്ങാനായി പാകിസ്ഥനിൽ നിന്ന് നേപാൾ വഴി കുടുംബ സമേതം ഇന്ത്യയിലേക്ക് വന്ന ഒരു മുൻഭീകരപ്രവർത്തകനെ ഡൽഹി പൊലീസ് തലസ്ഥാന നഗരിയിൽ ബോംബ് വെക്കാൻ പരിപാടിയിട്ടെന്ന കുറ്റം ചുമത്തി യു.പിയിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നു.  

ആം ആദ്മി പ്രവേശിക്കുമ്പോൾ ഡൽഹി രാഷ്ട്രീയരംഗം കോൺഗ്രസിനും ബി.ജെ.പിക്കും മേധാവിത്വമുള്ള ഒന്നായിരുന്നു. ദേശീയ രാഷ്ട്രീയരംഗം തികച്ചും വ്യത്യസ്തമായ ഒന്നാണ്. അത് ശിഥിലമാണ്. തെരഞ്ഞെടുപ്പ് കമ്മിഷൻ ഏഴ് പാർട്ടികളെ ദേശീയ കക്ഷികളായി അംഗീകരിച്ചിട്ടുണ്ട്: കോൺഗ്രസ്, ബി.എസ്.പി, ബഹുജൻ സമാജ് പാർട്ടി, സി.പി.എം, നാഷനൽ കോൺഗ്രസ് പാർട്ടി, സി.പി.ഐ., രാഷ്ട്രീയ ജനതാ ദൾ. കോൺഗ്രസിനും  ബി.ജി.പിക്കും മാത്രമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലോക് സഭയിൽ മൂന്നക്ക അംഗബലം നേടാൻ കഴിഞ്ഞത്. തെരഞ്ഞെടുപ്പു കമ്മിഷൻ അത്യുദാരമായ സമീപനം സ്വീകരിച്ചിട്ടുള്ളതു കൊണ്ട് 10 ശതമാനം വോട്ടു പോലും കിട്ടാത്ത പാർട്ടികൾക്കും ദേശീയ പദവിയുണ്ട്. കോൺഗ്രസ് (206 സീറ്റ്, 28.55 ശതമാനം വോട്ട്), ബി.ജെ.പി. (116 സീറ്റ്, 18.80 ശതമാനം വോട്ട്) എന്നിവ കഴിഞ്ഞാൽ ഏറ്റവുമധികം സീറ്റ് നേടിയത് ഒരു സംസ്ഥാന കക്ഷി മാത്രമായ സമാജ്‌വാദി പാർട്ടി (22 സീറ്റ്) ആണ്. മുമ്പൊരിക്കൽ സംസ്ഥാന കക്ഷിയായ തെലുഗു ദേശം പാർട്ടി ആന്ധ്ര പ്രദേശത്തിൽ നിന്നു മാത്രം കിട്ടിയ 40 സീറ്റിന്റെ ബലത്തിൽ രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷി എന്ന പദവി നേടിയിരുന്നു. ഇന്റനെറ്റിലൂടെ നേട്ടം കൊയ്യാനാകുമെങ്കിൽ  ഇക്കൊല്ലത്തെ തെരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കി മൂന്നാം സ്ഥാനത്തെത്താമെന്ന് ആം ആദ്മി പാർട്ടി കരുതുന്നെങ്കിൽ അതിനെ അസംഭവ്യമെന്ന് പറഞ്ഞു തള്ളിക്കളയാനാവില്ല.

ഡൽഹിയിലെന്ന പോലെ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയവ അധികാരരാഷ്ട്രീയത്തിൽ പടർന്നിരിക്കുകയാണെന്ന വിശ്വാസം ശക്തമാണ്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന ഒരു കക്ഷിയേയും ബഹുഭൂരിപക്ഷം ജനങ്ങളും സംശുദ്ധവും നീതിപൂർവ്വകവുമായ ഭരണം കാഴ്ചവെക്കുന്ന ഒന്നായി കാണുന്നില്ല. നിലവിലുള്ള ബദലുകളിൽ നിന്ന് വ്യത്യസ്തമായ നയങ്ങളും സമീപനങ്ങളും പ്രതീക്ഷിക്കാമെന്ന വിശ്വാസവും അവർക്കില്ല. ‘മറ്റൊരു മാർഗ്ഗമില്ല’ എന്ന ചിന്തയിൽ, ഗുജറാത്തിലും മദ്ധ്യ പ്രദേശിലുമെന്ന പോലെ, ഭരണപക്ഷത്തെ തുടർന്നും നിലനിർത്തുകയൊ അല്ലെങ്കിൽ, കേരളത്തിലും തമിഴ് നാട്ടിലുമെന്ന പോലെ, അതിനെ താഴെയിറക്കി പ്രതിപക്ഷത്തിന് അവസരം നൽകുകയൊ ചെയ്യുന്ന രീതി അവർ പിന്തുടരുന്നു.

വ്യത്യസ്തമായ സമീപനങ്ങളുണ്ടെന്നതുകൊണ്ടു മാത്രം മറ്റൊരു കക്ഷിയെ പരീക്ഷിക്കാൻ അവർ തയ്യറാകില്ല. ആ കക്ഷിക്ക് വിശ്വാസയോഗ്യമായ നേതൃത്വമുണ്ടെന്നും വിജയിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും കൂടി ബോദ്ധ്യമായാലെ അവർ പരീക്ഷണത്തിനു തയ്യാറാകൂ. ലോക് സഭാ തെരഞ്ഞെടുപ്പിനു മുമ്പ് അങ്ങനെയൊരു ബോദ്ധ്യം എങ്ങനെ നൽകാനാകുമെന്നതാണ് ആം ആദ്മി പാർട്ടി നേരിടുന്ന വെല്ലുവിളി. ദേശീയ തലത്തിൽ അവതരിപ്പിക്കാൻ അരവിന്ദ് കേജ്രിവാൾ അല്ലാതെ മറ്റൊരു നേതാവ് ഇപ്പോൾ അതിനില്ല. അതിന്റെ വക്താവായി മുന്നോട്ടു വന്നിട്ടുള്ള പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സങ്കീർണ്ണമായ ജമ്മു കശ്മീർ പ്രശ്നത്തെ കുറിച്ച് ഈയിടെ നടത്തിയ ഒരു പരാമർശം പാർട്ടിയുടെ നയമല്ലെന്നു പറഞ്ഞുകൊണ്ട് കേജ്രിവാൾ തിരസ്കരിക്കുകയുണ്ടായി. ആം ആദ്മിയുടെ പ്രത്യയശാസ്ത്ര വിശാരദനായി അറിയപ്പെടുന്ന യോഗേന്ദ്ര യാദവ് തെരഞ്ഞെടുപ്പ് വിദഗ്ദ്ധനാണ്. ദീർഘകാലത്തെ പഠനങ്ങളിലൂടെ ആർജ്ജിച്ച അറിവിന്റെ വെളിച്ചത്തിൽ സാമൂഹിക ഘടകങ്ങൾ എങ്ങനെ തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കുന്നെന്ന് പറയാൻ കഴിയുന്ന ആളാണദ്ദേഹം. പക്ഷെ രാഷ്ട്രീയ നേതാവെന്ന പരിവേഷം അദ്ദേഹത്തിനില്ല. ഡൽഹിയിലെ വിജയത്തിനുശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആം ആദ്മി പാർട്ടി ആകർഷിച്ചിട്ടുള്ളവരിലും രാഷ്ട്രീയ പരിചയമുള്ളവർ ചുരുക്കമാണ്. ഇതിനൊരു നല്ല വശമുണ്ട്. അത് ദുഷ്പേർ സമ്പാദിച്ചവർ കൂട്ടത്തിലില്ലെന്നതാണ്. അതേസമയം ദേശീയ രാഷ്ടീയത്തിൽ ഇടം തേടുന്ന ഒരു കക്ഷിക്ക് ജനസമ്മതിയുള്ളവരുടെ അഭാവം വലിയ ദൌർബല്യമാണ്. ഇത് തിരിച്ചറിയുന്നതുകൊണ്ട് ലോക് സഭയിലേക്ക് മത്സരിക്കില്ലെന്ന മുൻ തീരുമാനം കേജ്രിവാൾ മാറ്റിക്കഴിഞ്ഞു. പക്ഷെ കേജ്രിവാൾ പാർലമെന്റിൽ എത്തുന്നതുകൊണ്ടു മാത്രം ആം ആദ്മിയുടെ ദേശീയതല നേതൃത്വ ദാരിദ്ര്യം പരിഹരിക്കപ്പെടുകയില്ല. കീഴ് തലങ്ങളിൽ ആം ആദ്മിയുടെ നേതൃനിരയിൽ നല്ല ജോലി ഉപേക്ഷിച്ച് സംശുദ്ധമായ പൊതുപ്രവർത്തനത്തിനായി ഇറങ്ങിത്തിരിച്ചവരുണ്ട്. അവർക്ക് ഉയർന്നുവരാൻ സമയം ആവശ്യമാണ്. ഈ സാഹചര്യത്തിൽ ലോക് സഭാ തെരഞ്ഞെടുപ്പിനു മുമ്പ് നേതൃനിര ശക്തിപ്പെടുത്താൻ ചില നടപടികൾ ആവശ്യമാണ്. രാഷ്ട്രീയേതര പ്രവർത്തനങ്ങളിലൂടെ നല്ല പ്രതിച്ഛായ നേടിയിട്ടുള്ളവരെ പാർട്ടിയിലേക്ക് കൊണ്ടുവരാനും തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാക്കാനും കഴിഞ്ഞാൽ ഇപ്പോഴത്തെ പോരായ്മ പരിഹരിക്കാനാകും. കോൺഗ്രസും ബി.ജെ.പി.യും ഉൾപ്പെടെയുള്ള പാർട്ടികൾ നേരത്തെ ചെയ്തതുപോലെ പളുങ്കു നടീനടന്മാരെ തേടാതെ വിവിധ തുറകളിൽ പ്രവർത്തിച്ച്  സമൂഹത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയവരും കൂടുതൽ സംഭാവനകൾ നൽകാൻ കഴിവുള്ളവരുമായവരെ കണ്ടെത്തി പൊതുരംഗത്തേക്ക് കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. അത് രാഷ്ട്രീയത്തെ ഉപജീവനമാർഗ്ഗമാക്കിയിട്ടുള്ളവരിൽ നിന്ന് ആ മേഖലയെ മോചിപ്പിക്കാൻ സഹായിക്കും.

ഡൽഹിയിലെ ഭരണകക്ഷിയെന്ന നിലയിൽ ഇതിനകം തന്നെ ആം ആദ്മി പാർട്ടിക്ക് ചില കാര്യങ്ങളിൽ പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്. സ്വന്തംനിലയിൽ മയക്കു മരുന്നു വേട്ടയ്ക്ക് നേതൃത്വം നൽകാനിറങ്ങിയ അഭിഭാഷകൻ കൂടിയായ മന്ത്രി സോംനാഥ് ഭാരതി ഏതാനും ആഫ്രിക്കൻ വനിതകളോട് നിന്ദ്യമായ രീതിയിൽ പെരുമാറിയെന്ന ആരോപണം ഗൌരവപൂർവ്വം കാണേണ്ട ഒന്നാണ്. തിന്മകൾ ഉന്മൂലനം ചെയ്യാനാണെങ്കിൽ പോലും നിയമം കയ്യിലെടുക്കാനും മനുഷ്യാവകാശങ്ങൾ ലംഘിക്കാനും ഒരു മന്ത്രിക്കും അധികാരമില്ല.  കേജ്രിവാളിനെതിരെയും ആക്ഷേപം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. തമിഴ്നാട് കൺസ്യൂമർ പ്രോട്ടക്ഷൻ കൌൺസിൽ സെക്രട്ടറി എസ്. പുഷ്പവനം ഒരു ലേഖനത്തിൽ ഇൻ‌കം ടാക്സ് ഉദ്യോഗസ്ഥനായിരിക്കെ വിദേശപഠനത്തിനു പോയപ്പോൾ സർക്കാരിനു ഒപ്പിട്ടു നൽകിയ ബോണ്ടിലെ വ്യവസ്ഥ ലംഘിച്ചതു മുതൽ മുഖ്യമന്ത്രിയെന്ന നിലയിൽ നടത്തിയ ചില പ്രഖ്യാപനങ്ങൾ വരെ ചൂണ്ടിക്കാണിച്ചുകൊണ്ട് കേജ്രിവാളും അവസാന അഭയമെന്ന നിലയിൽ രാഷ്ട്രീയത്തിലെത്തിയ മറ്റൊരാൾ മാത്രമാണെന്ന് സമർത്ഥിക്കുകയുണ്ടായി. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് കുറ്റാരോപണമെങ്കിലും ഒരു വലിയ വിഭാഗം ജനങ്ങൾ കേജ്രിവാളിനെ രാഷ്ട്രീയമാറ്റത്തിന്റെ പ്രതീകമായി കാണുന്നതുകൊണ്ട് ഈ ഘട്ടത്തിൽ അത് അദ്ദേഹത്തിനു വലിയ ദോഷം ചെയ്യാനിടയില്ല. എന്നാൽ അദ്ദേഹം വാഗ്ദാനം ചെയ്യുന്ന മാറ്റം ഉണ്ടാകുന്ന ലക്ഷണമില്ലെങ്കിൽ സ്ഥിതി തീർച്ചയായും മാറും. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഫെബ്രുവരി 2, 2014)