Saturday, February 22, 2014

മുന്നണികളെ വിറങ്ങലിപ്പിച്ച അഞ്ചു ദിനങ്ങൾ

ബി.ആർ.പി. ഭാസ്കർ

 ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിലേക്ക് നയിച്ച ഗൂഢാലോചന പുറത്തുകൊണ്ടു വരുന്നതിനായി സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ കെ.കെ. രമ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ നിരാഹാരസമരം കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത ഒന്നാണ്. ഗൂഢാലോചനക്കേസ് സി.ബി.ഐക്കു വിടാൻ സന്നദ്ധമാണെന്ന് യു.ഡി.എഫ് സർക്കാരിലെ ഉന്നതർ പല തവണ പറഞ്ഞിരുന്നു. ആ നിലയ്ക്ക് നിരാഹാരസമരം ആവശ്യമുണ്ടോയെന്ന സംശയം പലർക്കുമുണ്ടായിരുന്നു. സി.ബി.ഐ. അന്വേഷണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാകയാൽ സമരം സർക്കാരിനെതിരെയായിരുന്നെങ്കിലും അതിന്റെ ആത്യന്തിക ലക്ഷ്യം ചന്ദ്രശേഖരന്റെ വധത്തിൽ സി.പി.എം നേതാക്കളുടെ പങ്ക് കണ്ടെത്തുകയെന്നതാകയാൽ ജനമനസുകളിൽ അത് സി.പി.എമ്മിനെതിരായ സമരമായി. സി.ബി.ഐ. അന്വേഷണത്തോടുള്ള പാർട്ടിയുടെ ശക്തമായ എതിർപ്പ് ആ വിലയിരുത്തൽ ശരിവെച്ചു. അങ്ങനെ ഭർത്താവിനെ നഷ്ടപ്പെട്ട സ്ത്രീയുടെയും നേതാവിനെ നഷ്ടപ്പെട്ട റവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടിയുടെയും നീതിക്കു വേണ്ടിയുള്ള സമരത്തിനപ്പുറം അത് കേരള രാഷ്ട്രീയത്തെ ഗ്രസിച്ചിരിക്കുന്ന ജീർണ്ണതയുടെ അതിരൂക്ഷഭാവമായ കൊലപാതക രാഷ്ട്രീയത്തിനെതിരായ സമരമായി മാറി. ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ട സമയത്ത് സംസ്ഥാനം കണ്ട ജനവികാരം വീണ്ടും അതെ അളവിൽ പ്രകടമായി.

കേരളം മാറിമാറി ഭരിക്കുന്ന രണ്ട് മുന്നണികളുടെയും എതിർപ്പുകളെ അതിജീവിച്ചുകൊണ്ട് സമീപകാലത്ത് നിരവധി ജനകീയ സമരങ്ങൾ ഭാഗികമായെങ്കിലും വിജയിച്ചിട്ടുണ്ട്. കാസർകോട്, പ്ലാച്ചിമട, മൂലമ്പള്ളി, ചെങ്ങറ, വിളപ്പിൽശാല തുടങ്ങിയ സ്ഥലനാമങ്ങൾ അവയെ ഭൂമിശാസ്ത്രപരമായി അടയാളപ്പെടുത്തുന്നു. അവയ്ക്കൊപ്പം എഴുതിച്ചേർക്കേണ്ട ഒന്നാണ് രമയുടെ നിരാഹാരസമരം. അതിനെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്ന ഒരു സുപ്രധാന ഘടകമുണ്ട്. അത് രമയുടേത് പ്രത്യക്ഷത്തിൽ തന്നെ ഒരു രാഷ്ട്രീയ സമരമായിരുന്നെന്നതാണ്. സമരം ചെയ്യുന്ന ജനങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ച സർക്കാരുകൾ ഒത്തുതീർപ്പു വ്യവസ്ഥകൾ സത്യസന്ധമായി നടപ്പിലാക്കാഞ്ഞതിനാൽ പലയിടങ്ങളിലും പ്രശ്നങ്ങൾ അവശേഷിക്കുന്നതുകൊണ്ടാണ് വിജയങ്ങൾ ഭാഗികമായിരുന്നെന്ന് മുകളിൽ സൂചിപ്പിച്ചത്. ഇരുമുന്നണി സംവിധാനം വികസിപ്പിച്ചിട്ടുള്ള രാഷ്ട്രീയ സംസ്കാരം സത്യസന്ധതക്ക് വില കല്പിക്കാത്ത ഒന്നാണ്. സി.ബി.ഐ. അന്വേഷണം തത്വത്തിൽ അംഗീകരിക്കുന്നെന്ന പ്രഖ്യാപനത്തിന്റെ കാര്യത്തിലും സർക്കാർ പിന്നോട്ടു പോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
നിരാഹാരസമരത്തിന്റെ അഞ്ചു ദിവസവും രാപകലന്യെ ഐക്യദാർഢ്യം രേഖപ്പെടുത്താൻ സമരപ്പന്തലിലേക്ക് ഒഴുകിയെത്തിയത് ഭരണ-പ്രതിപക്ഷ മുന്നണികൾ വിറങ്ങലോടെയാണ് വീക്ഷിച്ചത്. മുന്നണി നേതാക്കളുടെ പ്രതികരണങ്ങളിൽ അത് നിഴലിച്ചു. സമരപ്പന്തലിൽ എത്തിയവരിൽ ഒരു വലിയ പങ്ക് സ്ത്രീകളായിരുന്നു. ഇടതു മുന്നണിക്കു പുറത്തുള്ള വലുതും ചെറുതുമായ കക്ഷികളുടെ നിരവധി നേതാക്കൾ രമയെ സന്ദർശിച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. കേരള രക്ഷാ മാർച്ചിലായിരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ അഞ്ചു ദിവസവും പ്രസംഗങ്ങളിൽ രമയെ നിശിതമായി വിമർശിച്ചത് സമരം സി.പി.എമ്മിനെ വല്ലാതെ അലോസരപ്പെടുത്തുന്നെന്ന് വ്യക്തമാക്കി. വിചാരണ പൂർത്തിയാക്കി ചില പ്രതികളെ ശിക്ഷിച്ച കേസിൽ സി.ബി.ഐ വീണ്ടും അന്വേഷണം നടത്തുന്നത് നിയമവിരുദ്ധമാണെന്നും രമയുടെ സമരം യു.ഡി.എഫും ആർ.എം.പിയും ഒത്തുചേർന്നു നടത്തുന്ന നാടകമാണെന്നും അദ്ദേഹം നിത്യവും ആവർത്തിച്ചു. പാർട്ടി പത്രവും ചാനലും പതിവു ശൈലിയിൽ പ്രചാരണം അഴിച്ചുവിട്ടു. ആർ.എം.പി രണ്ടു ദിവസത്തേക്കു മാത്രമാണ് ഹോട്ടൽ മുറി എടുത്തിട്ടുള്ളതെന്നും മുന്നു ദിവസത്തിൽ ഒത്തുതീർപ്പുണ്ടാക്കാമെന്ന്‌ യു.ഡി.എഫുമായി ധാരണയുണ്ടെന്നും അവർ പറഞ്ഞുപരത്തി. ഡൽഹിയിൽ മണൽമാഫിയക്കെതിരെ സമരം നടത്തിയശേഷം കൊച്ചിയിലെത്തിയ ജസീറയെ പൊലീസ് മർദ്ദിച്ചതായ വാർത്ത വന്നപ്പോൾ കൈരളി ചാനൽ ആവേശം പൂണ്ട് തലക്കെട്ട് നിരത്തി: ജസീറക്ക് മർദ്ദനം, രമക്ക് ലാളനം.   

സമരം മുന്നാം ദിവസത്തിലേക്ക് പ്രവേശിച്ചപ്പോൾ കോൺഗ്രസും ആർ.എം.പിയും ഒത്തുകളിക്കുകയാണെന്ന സി.പി.എമ്മിന്റെ ആരോപണം പൊളിഞ്ഞുവീണു. നാലു കൊല്ലം മുമ്പ് രജിസ്റ്റർ ചെയ്ത ഗൂഢാലോചനക്കേസ് നിലവിലുണ്ടെങ്കിലും പഴുതുകളടച്ചുള്ള അന്വേഷണത്തിന് പുതിയ കേസ് ആവശ്യമാണെന്നു പറഞ്ഞുകൊണ്ട് രമ നേരത്തെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഒരു പുതിയ കേസ് രജിസ്റ്റർ ചെയ്തു. അതിനുശേഷം അന്വേഷണം സി.ബി.ഐക്ക് കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രണ്ടാഴ്ച വേണമെന്നും അതിനാൽ സമരം അവസാനിപ്പിക്കണമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആർ.എം.പിയും രമയും ആ ആവശ്യം കയ്യോടെ തള്ളുകയും സമരം തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കേസ് സി.ബി.ഐക്ക് കൈമാറാമെന്നു പറഞ്ഞിട്ടില്ലെന്നും രണ്ടാഴ്ചത്തെ സാവകാശം ആവശ്യപ്പെട്ടിട്ടില്ലെന്നും അടുത്ത ദിവസം രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന്റെ മലക്കം മറിയൽ രമയുടെ സമരത്തെ മുൻ‌നിർത്തി യു.ഡി.എഫും എൽ.ഡി.എഫും പുതിയ ഒത്തുകളിക്ക് ശ്രമിക്കുകയാണെന്ന സംശയത്തിന് വഴിതെളിച്ചു. ആർ.എം.പിയാകട്ടെ കോൺഗ്രസും സി.പി.എമ്മും ഒത്തുകളിക്കുകയാണെന്ന പ്രത്യാരോപണവും ഉന്നയിച്ചു. ആ ഘട്ടത്തിൽ സമരം നീണ്ടുപോയാൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നു ഭയന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സി.ബി.ഐ അന്വേഷണം തത്വത്തിൽ അംഗീകരിക്കുന്നെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് സമരം അവസാനിപ്പിക്കുന്നതിന് കളമൊരുക്കി.

രമയുടെ സമരം രണ്ട് മുന്നണികൾക്കുള്ളിലും വിള്ളലുകളുണ്ടാക്കി. രമയും ആർ.എം.പിയും  സമര തീരുമാനം പ്രഖ്യാപിച്ചപ്പോൾ യു.ഡി.എഫ്. സർക്കാർ അതൊഴിവാക്കാൻ ഒരു ശ്രമവും നടത്തിയില്ല. ആ ഘട്ടത്തിൽ വിഷയം ഗൌരവപൂർവം പരിഗണിച്ചിരുന്നെങ്കിൽ സി.ബി.ഐ. അന്വേഷണത്തിനുള്ള നടപടിക്രമം സംബന്ധിച്ച പ്രശ്നങ്ങൾ നേരത്തെ കണ്ടെത്താനും സർക്കാരിന്റെ ആത്മാർത്ഥതയെ സംബന്ധിച്ച സംശയങ്ങൾ ഒഴിവക്കാനും കഴിയുമായിരുന്നു. സമരത്തെ സ്വന്തം രാഷ്ട്രീയ താല്പര്യങ്ങൾക്ക് ഉപയോഗിക്കാനാകുമെന്ന ചിന്തയാകാം പാർട്ടിയെ നയിച്ചത്. ‌ ആഭ്യന്തരമന്ത്രിയെന്ന നിലയിൽ ടി.പി. വധക്കേസ് സംബന്ധിച്ച കാര്യങ്ങൾ നേരത്തെ കൈകാര്യം ചെയ്തിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെ പല കോൺഗ്രസ് നേതാക്കളും രമയെ സമരപ്പന്തലിൽ സന്ദർശിച്ചെങ്കിലും അത്തരത്തിലുള്ള അനുഭാവപ്രകടനത്തോട് വിയോജിപ്പുള്ളവരും പാർട്ടിയിലുണ്ടായിരുന്നു. പാർട്ടിയിലെ ഈ ചേരിതിരിവിൽ ഒരളവു വരെ ഗ്രൂപ്പ് താല്പര്യങ്ങൾ പ്രതിഫലിച്ചു. ഘടക കക്ഷികൾ കോൺഗ്രസിനുമേൽ ഏതെങ്കിലും വിധത്തിലുള്ള സമ്മർദ്ദം ചെലുത്തിയതിന് ഒരു തെളിവുമില്ല.

വി.എസ്. അച്യുതാനന്ദൻ മനസുകൊണ്ട് തന്നോടൊപ്പമുണ്ടെന്ന് സമരം തുടങ്ങുന്നതിനു മുമ്പ് രമ അവകാശപ്പെട്ടിരുന്നു. ആർ.എം.പി. കേന്ദ്രങ്ങൾ അദ്ദേഹം സമരപ്പന്തലിലെത്തുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. വി.എസിന് നേരിട്ട് നിരോധനാജ്ഞ നൽകിക്കൊണ്ട് പാർട്ടി സംസ്ഥാന നേതൃത്വം അദ്ദേഹം പോകില്ലെന്ന് ഉറപ്പാക്കി. എന്നാൽ പ്രത്യക്ഷത്തിൽ പാർട്ടി നിർദ്ദേശം ലംഘിക്കാതെ വി.എസ് അദ്ദേഹത്തിന്റേതായ രീതിയിൽ പ്രശ്നത്തിൽ ഇടപെട്ടു. സി.ബി.ഐ. അന്വേഷണം എന്ന ആവശ്യം സർക്കാർ അംഗീകരിക്കുന്നതിനു മുമ്പ് രമയെ പിന്തുണച്ചുകൊമ്മ്ടും ടി.പി. വധക്കേസ് പ്രതികളുടെ രാജ്യാന്തര ബന്ധങ്ങളെ കൂടി പരാമർശിച്ചുകൊണ്ടും അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തെഴുതി. പാർട്ടി നിയോഗിച്ച പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ ഒഴിവാക്കിക്കൊണ്ട് കത്ത് തയ്യാറാക്കിയതിനാൽ നേതൃത്വത്തിന് അതിനെതിരെ നിരോധനാജ്ഞ നൽകാനായില്ല. പാർട്ടിക്കുള്ളിൽ വി.എസ്. ദീഘകാലമായി നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമെന്ന നിലയിൽ കത്ത് വലിയ വാർത്തയായി. അതേസമയം പിണറായി വിജയൻ രമക്കെതിരെ നടത്തിയ രൂക്ഷപരാമർശങ്ങൾ ഏറ്റുപറയാൻ കണ്ണുരിലെ ജയരാജന്മാരും കോടിയേരി ബാലകൃഷ്ണനും എം.എം. മണിയുമൊഴികെയുള്ള നേതാക്കൾ കൂട്ടാക്കിയില്ലെന്നത് മാധ്യമശ്രദ്ധ നേടിയില്ല. അണികളും അവരുടേതായ രീതികളിൽ വികാരം പ്രകടിപ്പിച്ചു. കേരള രക്ഷാ മാർച്ചുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച യോഗത്തിനെത്തിയ നിരവധി പാർട്ടിപ്രവർത്തകർ പിണറായി വിജയൻ പ്രസംഗം തുടങ്ങിയപ്പോൾ സ്ഥലംവിട്ടു. സമരപ്പന്തലിലെ സന്ദർശക പുസ്തകത്തിൽ പേരെഴുതി ഐക്യദാർഢ്യം പ്രകടിപ്പിച്ചവരിൽ സി.പി.എം. അംഗങ്ങളുമുണ്ടായിരുന്നു. പലരും അവർ ഏത് പാർട്ടി ഘടകത്തിൽ പെട്ടവരാണെന്നു അതിൽ രേഖപ്പെടുത്തുകയും ചെയ്തു.
എൽ.ഡി.എഫിലെ സി.പി.ഐ. ഉൾ‌പ്പെടെയുള്ള ഘടകകക്ഷികൾ നിശ്ശബ്ദത പാലിച്ചു. പ്രതിപക്ഷ നേതാവായ വി.എസിന്റെ കത്തിലെ നിർദ്ദേശത്തെ പ്രതിപക്ഷത്തിന്റെ ആവശ്യമായി പരിഗണിച്ചുകൊണ്ടു കൂടിയാണ് സി.ബി.ഐ. അന്വേഷണം സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെന്ന് ആഭ്യന്തരമന്ത്രി പറയുകയുണ്ടായി. കത്ത് പാർട്ടി തീരുമാനത്തിന് വിരുദ്ധമാണെന്നു സി.പി.എം പറഞ്ഞെങ്കിലും ഒരു ഘടക കക്ഷിയും വി.എസിനെയൊ കത്തിനെയൊ തള്ളിപ്പറഞ്ഞില്ല.

ടി.പി.യുടെ വധത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന സി.പി.എം. നിലപാടുമായി നിരക്കാത്ത  പല നടപടികളും പാർട്ടി കൈക്കൊണ്ടിട്ടുണ്ട്. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് മറ്റാരൊ നടത്തിയ കൊലയിൽ യു.ഡി.എഫും കോൺഗ്രസും ചേർന്ന് പാർട്ടി നേതാക്കളെ കുടുക്കാൻ ശ്രമിക്കുകയാണെന്ന നിലപാടാണ് ഇപ്പോഴും പാർട്ടി പരസ്യമായി എടുക്കുന്നത്. കൊല നടത്തിയവർ വാടക കൊലയാളികളാണെന്ന് പൊലീസും പറഞ്ഞിരുന്നു. വിചാരണ കോടതി അവർ ഉപകരണങ്ങൾ മാത്രമായിരുന്നെന്ന് വിധിയിൽ നിരീക്ഷിച്ചിട്ടുമുണ്ട്. അവർ കൊല നടത്താൻ വാടകക്ക് എടുത്തവരായിരുന്നെങ്കിൽ ആരോ പണം നൽകിയിരിക്കണം. എന്നാൽ ആരെങ്കിലും അവർക്ക് പണം നൽകിയതായി പൊലീസ് കണ്ടെത്തിയില്ല. അതേ സമയം കൊല നടത്തിയശേഷം അവരെ സംരക്ഷിക്കുന്നതിൽ പാർട്ടിയുടെ പ്രാദേശിക നേതാക്കൾ പങ്കു വഹിച്ചതായി വ്യക്തമായി. കൊലക്കുശേഷം പാർട്ടിയുടെ സംരക്ഷണത്തിലായിരുന്ന പ്രതികളെ ഏറെ പ്രതിബന്ധങ്ങൾ മറികടന്നാണ് അന്വേഷണ സംഘം പിടികൂടിയത്. സംഘത്തിന്റെ നീക്കങ്ങൾ പൊലീസിലുള്ള പാർട്ടി അനുഭാവികൾ (ഒരുപക്ഷെ അവർ പാർട്ടി അംഗങ്ങളുമാകാം) ചോർത്തിക്കൊടുത്തിരുന്നതായി അക്കാലത് റിപ്പോർട്ടുണ്ടായിരുന്നു. അന്വേഷണം മുകളിലേക്ക് വ്യാപിക്കുമെന്നായപ്പോൾ സംസ്ഥാനതല നേതാക്കൾ പൊലീസ് സ്റ്റേഷനുകളിലെത്തി തടസം സൃഷ്ടിക്കുകയും ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തു. അന്വേഷണ സംഘത്തിലെ ചില അംഗങ്ങളുടെ വീടുകൾക്കു നേരെ കല്ലേറുണ്ടായി. ഒരുദ്യോഗസ്ഥന്റെ കായംകുളത്തെ തറവാട്ടിലും കല്ലുകൾ വീണു. കണ്ണൂരിന്റെ കൈകൾ എത്രദൂരമാണ് നീളുന്നത്!
വി.എസ്. അച്യുതാനന്ദനും രമയുടെ സമരപ്പന്തൽ സന്ദർശിച്ച സി.പി.എം. അംഗങ്ങളും ഗൂഢാലോചനയെക്കുറിച്ച് ബാഹ്യ ഏജൻസി അന്വേഷിക്കണമെന്ന ആവശ്യത്തെ പിന്തുണക്കുന്നത് ടി.പി. വധം സംബന്ധിച്ച് സംസ്ഥാന നേതൃത്വം എടുത്തിട്ടുള്ളതും (പാർട്ടി നടത്തുന്നെന്നു പറയപ്പെടുന്ന അന്വേഷണത്തിന്റെ ഫലം കാത്തിരിക്കാതെ) കേന്ദ്ര നേതൃത്വം അംഗീകരിച്ചതുമായ നിലപാട് അവർക്ക് ബോധ്യപ്പെട്ടിട്ടില്ലാത്തതുകൊണ്ടാണ്. കേസിൽ ഉൾപ്പെട്ട പ്രാദേശിക നേതാക്കൾക്കു മാത്രമാണ് പാർട്ടി നിയമസഹയം നൽകുന്നതെന്നാണ് കണ്ണൂർ നേതാക്കൾ പറയുന്നതെങ്കിലും കൊലയാളി സംഘാംഗങ്ങൾക്കു വേണ്ടി കോടതിയിൽ ഹാജരാകുന്ന വലിയ ഫീസ് ഈടാക്കുന്ന അഭിഭാഷകർ പാർട്ടി നിയോഗിച്ചവരാണെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. രമയുടെ സമരം നടക്കുമ്പോൾ ശിക്ഷിക്കപ്പെട്ടശേഷം വിയ്യൂർ ജയിലിലേക്ക് മാറ്റപ്പെട്ട കൊലയാളി സംഘാംഗങ്ങളെ കാണാൻ പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ എം.എൽ.എമാരുടെ സംഘം എത്തിയതും അവരുടെ ബന്ധുക്കൾക്ക് ധർണ്ണ നടത്താൻ വേണ്ട ഏർപ്പാടുകൾ പാർട്ടി ചെയ്തതും സംസ്ഥാന നേതൃത്വവുമായി അവർക്കുള്ള ബന്ധം ആഴത്തിലുള്ളതാണെന്ന് സൂചിപ്പിക്കുന്നു. ജയിലിൽ പോയത് തടവുകാരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവം വിശ്വാസയോഗ്യമല്ല. അദ്ദേഹം ടി.പിയുടെ കൊലയാളികളുടെ മനുഷ്യാവകാശങ്ങളിൽ താല്പര്യമെടുക്കുമ്പോൾ ആഭ്യന്തരമന്ത്രിയായിരിക്കെ ടി.പിയെ  വധിക്കാൻ ശ്രമങ്ങൾ നടക്കുന്നെന്ന വിവരമടങ്ങിയ അഞ്ചു ഇന്റലിജൻസ് റിപ്പോർട്ടുകളിൽ ഫലപ്രദമായി നടപടി എടുക്കാതിരുന്നത് യാദൃശ്ചികമാണോ എന്ന ചോദ്യം ഉയരുന്നുണ്ട്.

ടി.പി. കൊലചെയ്യപ്പെട്ടപ്പോൾ അത് അവസാന രാഷ്ട്രീയ കൊലപാതകമാകണെമെന്ന പൊതുവികാരം കേരളത്തിൽ ഉയരുകയുണ്ടായി. ആ ആഗ്രഹം സാക്ഷാത്കരിക്കാൻ കൊലക്ക് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്. അതിനുള്ള ശ്രമത്തിൽ സി.പി.എമ്മിൽനിന്നു മാത്രമല്ല കോൺഗ്രസിൽനിന്നും ഇനിയും പ്രതിബന്ധങ്ങൾ  ഉയർന്നുവരാം. എന്തെന്നാൽ നിലവിലുള്ള സംവിധാനത്തിൽ സ്ഥാപിത താല്പര്യമുള്ളവർ ഇരു ഭാഗത്തുമുണ്ട്. (മാധ്യമം ആഴ്ചപ്പതിപ്പ്, ഫെബ്രുവരി 17, 2014).

No comments: