Wednesday, December 28, 2011

നവമാധ്യമങ്ങളുടെ ഉയർച്ച

നവമാധ്യമങ്ങൾ, പ്രത്യേകിച്ച് സാമൂഹ്യ ശൃംഖലകൾ, വലിയ മാറ്റങ്ങൾക്ക് ചാലകശക്തിയാകാനുള്ള കഴിവ് തങ്ങൾക്കുണ്ടെന്ന് ഇക്കൊല്ലം തെളിയിക്കുകയുണ്ടായി. ഈജിപ്ത്, ടുനിഷ്യ തുടങ്ങി ചിലയിടങ്ങളിൽ അവ ഭരണമാറ്റത്തിനു കാരണമായി. ആഗോള സാമ്പത്തിക ക്രമത്തിന്റെ മുഖ്യ പ്രയോക്താക്കളും ഗുണഭോക്താക്കളുമായ അമേരിക്കയിലെ കൂറ്റൻ കമ്പനികളെ അല്പം വിറപ്പിക്കാനും അവയ്ക്ക് കഴിഞ്ഞു. പക്ഷെ അവയുടെ സ്വാധീനം ഇനിയും കൃത്യമായി വിലയിരുത്തപ്പെട്ടിട്ടില്ല. അവയിൽ പതിയിയിക്കുന്ന അപകടസാധ്യത തിരിച്ചറിഞ്ഞ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം പല നിയന്ത്രണങ്ങളും ഏർപ്പെടുത്തിക്കഴിഞ്ഞു. ജനാധിപത്യക്രമത്തിൽ എങ്ങനെ അവയെ അടക്കി നിർത്താമെന്ന അന്വേഷണത്തിലാണ് നമ്മുടെ ഭരണാധികാരികൾ. അവർ നവമാധ്യമങ്ങളുടെ സാധ്യതകളെ ഭയപ്പെടുന്നെങ്കിൽ മറ്റ് ചിലർ അവയുടെ സ്വാധീനം പെരുപ്പിച്ചുകാണിക്കുന്നു.

സാമൂഹ്യശൃംഖലകൾ ഉള്ളതുകൊണ്ടുമാത്രം മാറ്റങ്ങളുണ്ടാവില്ല. ഈജിപ്തിൽ മാറ്റം അനിവാര്യമാക്കിയത് അവയിലൂടെ കൈമാറപ്പെട്ട സന്ദേശങ്ങളല്ല, ആ സന്ദേശങ്ങൾ ചെവിക്കൊണ്ടുകൊണ്ട് പൊതുസ്ഥലത്ത് സമ്മേളിച്ച് സമാധാനപരമായി പ്രതിഷേധം രേഖപ്പെടുത്തിയ ജനങ്ങളുടെ നിശ്ചയദാർഢ്യമാണ്. ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും പ്രാദേശികതയുടെയും പ്രത്യയശാസ്ത്രത്തിന്റെയുമൊക്കെ അടിസ്ഥാനത്തിൽ വിഭജിച്ചു നിൽക്കുന്ന നമ്മുടെ രാജ്യത്ത് സമാനമായ സാഹചര്യം സൃഷ്ടിക്കാൻ എളുപ്പമല്ല. നവമാധ്യമങ്ങളുടെ സാധ്യതയോടൊപ്പം പരിമിതിയും ഈജിപ്തിൽ വെളിപ്പെടുകയുണ്ടായി. മുല്ലപ്പൂവിപ്ലവം അധികാരം പട്ടാളത്തിന്റെ കൈകളിലാണ് എത്തിച്ചത്. തെരഞ്ഞെടുപ്പ് നടന്നപ്പോഴാകട്ടെ മതനിരപേക്ഷ പാരമ്പര്യം നിലനിന്നിരുന്ന രാജ്യത്ത് മതാധിഷ്ഠിത കക്ഷിക്ക് മേൽകൈ ലഭിച്ചു.

ബി.ആർ.പി. ഭാസ്കർ

(കേരളകൌമുദി)

Sunday, December 25, 2011

പരാജയപ്പെടുന്ന ഭരണസംവിധാനം

ബി.ആർ.പി. ഭാസ്കർ

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സംസ്ഥാനമാകെ ഓടിനടന്ന് ജനസമ്പർക്ക പരിപാടി നടത്തി ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം പകർന്നുകൊണ്ടിരുന്നപ്പോൾ ചിലയിടങ്ങളിൽ കടബാധ്യതമൂലം കർഷകർ ആത്മഹത്യ ചെയ്യുകയായിരുന്നു. ഒരു മാസത്തിൽ എട്ട് പേർ ആത്മഹത്യ ചെയ്തു. മുഖ്യമന്ത്രിയുടെ ജനസമ്പർക്കവും ഈ ആത്മഹത്യകളും തമ്മിൽ പ്രത്യക്ഷത്തിൽ ബന്ധമില്ലെങ്കിലും ഒരു പൊതുഘടകം അവയെ ബന്ധിപ്പിക്കുന്നുണ്ട്. രണ്ടും ഭരണസംവിധാനത്തിന്റെ പരാജയത്തെ സൂചിപ്പിക്കുന്നു.

കൊച്ചിയിലെ ജനസമ്പർക്ക പരിപാടിക്ക് 10 മിനിട്ട് വൈകിയെത്തിയ ഉമ്മൻ ചാണ്ടി അവസാനത്തെ പരാതിക്കാരനും പോയശേഷമെ മടങ്ങൂവെന്ന് പ്രഖ്യാപിച്ചപ്പോൾ നിലക്കാത്ത കൈയടിയുണ്ടായി. ഇത് പരിപാടിയുടെ ജനപ്രിയ സ്വഭാവം വ്യക്തമാക്കുന്നു. ശാരീരികമായ അവശതകളുള്ള ചിലർ ആംബുലൻസുകളിലാണെത്തിയത്. അവരുടെ അടുത്തെത്തി മുഖ്യമന്ത്രി പരാതികൾ കേട്ടശേഷം തീരുമാനങ്ങളെടുത്തു. മരത്തിൽ നിന്ന് വീണ് 16 വർഷം മുമ്പ് കിടപ്പിലായ ആലുവാക്കാരന് ധനസഹായവും ഇത്രകാലവും ശുശ്രൂഷിച്ച അച്ഛനും അമ്മയ്ക്കും ആശ്രിത പെൻഷനും. 13 കൊല്ലമായി തളർന്നു കിടക്കുന്ന മൂവാറ്റുപുഴക്കാരന് ചികിത്സക്കായി 25,000 രൂപയും വീട് വെയ്ക്കാൻ സ്ഥലവും. 10 വർഷമായി തളർന്നു കിടക്കുന്ന മറ്റൊരാൾക്ക് 25,000 രൂപയും അമ്മയ്ക്ക് ആശ്രിത പെൻഷനും.

ദുരിതമനുഭവിക്കുന്നവർക്ക് മുഖ്യമന്ത്രി ഇങ്ങനെ ആശ്വ്വാസം പകരുമ്പോൾ വില്ലേജ് ആഫീസർ ചെയ്യേണ്ട പണിയാണ് ഉമ്മൻ ചാണ്ടി ചെയ്യുന്നതെന്ന്‌ കോടിയേരി ബാലകൃഷ്ണൻ പരിഹസിച്ചു. ഇ.കെ. നായനാരും എ.കെ. ആന്റണിയും വി.എസ്. അച്യുതാനന്ദനും മുഖ്യമന്ത്രിയായിരുന്ന കാലത്ത് വില്ലേജ് ആഫീസർമാരും മറ്റ് ഉദ്യോഗസ്ഥരും ചെയ്യാനുള്ള ജോലി കൃത്യമായി ചെയ്തിരുന്നെങ്കിൽ ഒരുപക്ഷെ ആളുകൾക്ക് പരാതികളുമായി ജനസമ്പർക്ക പരിപാടിക്ക് പോകേണ്ടിവരില്ലായിരുന്നു. ആലുവായിലെ അൻസാറിന്, ശാപമോക്ഷത്തിനായി ശ്രീരാമനെ കാത്തുകിടന്ന അഹല്യയെപ്പോലെ, ഉമ്മൻ ചാണ്ടിയെ കാത്ത് 18 കൊല്ലം കിടക്കേണ്ടി വരില്ലായിരുന്നു. ഉമ്മൻ ചാണ്ടി തന്നെയും മുമ്പും എട്ടൊമ്പത് മാസം മുഖ്യമന്ത്രിയായിരുന്നു. അന്നും അൻസാറിന് സഹായം കിട്ടിയില്ല. ജനസമ്പർക്ക പരിപാടിയില്ലായിരുന്നെങ്കിൽ അൻസാറിന് ഒരുപക്ഷെ സർക്കാർ സഹായം കൂടാതെ ശിഷ്ടജീവിതം കഴിക്കേണ്ടിവന്നേനെ.

കൊച്ചിയിൽ ഉമ്മൻ ചാണ്ടിയിൽ നിന്ന് സഹായം തേടിയ ഒരാൾ രണ്ട് കൊല്ലം മുമ്പ് വീണതിനെ തുടർന്നു കിടപ്പിലായ ഒരു 83കാരനാണ്. അപകടമുണ്ടായി ഏറെ കഴിയും മുമ്പ് ആ വൃദ്ധന് എൽ.ഡി.എഫ്. സർക്കാർ ഒന്നേകാൽ ലക്ഷം രൂപ അനുവദിച്ചു. ഏതെങ്കിലും ഭരണമുന്നണി നേതാവ് ഇടപെട്ടതു കൊണ്ടാവണം സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. പക്ഷെ പണം കൈയിൽ കിട്ടിയില്ല. ആർക്കൊ പ്രതീക്ഷിച്ചത് കിട്ടാതിരുന്നതു കൊണ്ടാവണം അനുവദിച്ച പണം കൊടുക്കാതിരുന്നത്. മുൻസർക്കാർ അനുവദിച്ച തുക നൽകാൻ ഉമ്മൻ ചാണ്ടി ഉത്തരവിട്ടു. കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് ആ മനുഷ്യൻ സഹായത്തിന് സർക്കാരിനെ സമീപിച്ചതും ഉത്തരവു നേടിയതും. ജനസമ്പർക്കം കഴിഞ്ഞിട്ടും വിഷയം ഉത്തരവ് ഘട്ടത്തിൽ നിൽക്കുന്നതേയുള്ളു. ഭരണ സംവിധാനം ഇന്നത്തെപ്പോലെ തുടരുകയാണെങ്കിൽ കോടിയേരി മുഖ്യമന്ത്രിയാകുന്ന കാലത്ത് ഈ ഹർജിക്കാരനുവേണ്ടി ഒരുത്തരവ് പുറപ്പെടുവിക്കാനുള്ള അവസരം അദ്ദേഹത്തിനും കിട്ടിയേക്കും.

ജനസമ്പർക്ക പരിപാടിയിൽ പങ്കെടുക്കാൻ മലപ്പുറം ജില്ലയിൽ 40,000ൽ‌പരം പേരും വയനാട് ജില്ലയിൽ 30,000ൽ പരം പേരും എത്തിയിരുന്നതായി റിപ്പോർട്ടുകളിൽ കാണുന്നു. സംസ്ഥാനമൊട്ടുക്ക് പരാതികളുമായെത്തിയവരുടെ എണ്ണം ലക്ഷങ്ങളിലാവണം. പലയിടങ്ങളിലും നിശ്ചിത ദിവസം മുഖ്യമന്ത്രിക്ക് എല്ലാ പരാതികളിലും തീർപ്പ് കല്പിക്കാനായില്ല. അവശേഷിക്കുന്ന പരാതികളിൽ തീരുമാനമെടുക്കാൻ ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകിയിട്ട് പോവുകയാണ് അദ്ദേഹം ചെയ്തത്. അങ്ങനെ പരാതിക്കാർ വീണ്ടും ഉദ്യോഗസ്ഥരുടെ കാരുണ്യം കാത്തുകിടക്കേണ്ടി വരുന്നു. പരാതിയുള്ള എല്ലാവർക്കും യാത്ര ചെയ്ത് മുഖ്യമന്ത്രിയുടെ അടുത്തെത്താൻ കഴിയുന്നുണ്ടാവില്ല. അവർക്ക് ആര് ശാപമോക്ഷം നൽകും?

പരാതിയുമായെത്തുന്ന എല്ലാവരും ശരിയായ വിവരങ്ങളാണ് നൽകുന്നതെന്ന് ഉറപ്പു വരുത്താൻ മുഖ്യമന്ത്രിക്ക് കഴിയില്ല. ആ സ്ഥിതിക്ക് സഹായം ലഭിക്കുന്ന എല്ലാവരും അതർഹിക്കുന്നവരാകണമെന്നില്ല. ജനസമ്പർക്ക പരിപാടികളിൽ ചട്ടപ്രകാരമല്ല തീരുമാനമെടുക്കുന്നതെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടിയതായും മുഖ്യമന്ത്രി എതിർപ്പ് തള്ളിക്കളഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

യഥാർത്ഥത്തിൽ ജനസമ്പർക്ക പരിപാടി ആശ്വാസ നടപടിയാണ്. ഭരണസംവിധാനം ശരിയായി പ്രവർത്തിക്കാത്തതിന്റെ ഫലമായി കുമിഞ്ഞുകൂടുന്ന പ്രശ്നങ്ങളാണ് അവിടെ ഉന്നയിക്കപ്പെടുന്നത്. സംവിധാനം ശരിയായി പ്രവർത്തിച്ചാൽ ദുരിതമനുഭവിക്കുന്നവർക്ക് വേഗം ആശ്വാസമെത്തിക്കാൻ മാത്രമല്ല, ചിലപ്പോൾ ദുരിതം ഒഴിവാക്കാൻ തന്നെയും കഴിയും. കടക്കെണിയിൽ പെടുന്ന കർഷകരുടെ പ്രശ്നം ഇക്കൂട്ടത്തിൽ പെടുന്നു. അതിവിപുലമായ ഔദ്യോഗിക സംവിധാനമാണ് നമ്മുടേത്. ഗ്രാമങ്ങളിലും ഘടകങ്ങളുള്ള രാഷ്ട്രീയ സംഘടനകളും നമുക്കുണ്ട്. എന്നിട്ടും കർഷകരുടെ സ്ഥിതി വഷളാകുന്നത് മനസിലാക്കാനും ഉചിതമായ പ്രതിവിധികൾ യഥാസമയം കൈക്കൊള്ളുന്നതിനും ഭരണകൂടത്തിന് കഴിയുന്നില്ല. ദുരന്തം സംഭവിക്കുമ്പോഴാകട്ടെ ഭരണ-പ്രതിപക്ഷ കക്ഷികൾ അന്യോന്യം പഴിചാരി രാഷ്ട്രീയനേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നു. വയനാട്ടിൽ നേരത്തെ ആത്മഹത്യാ പരമ്പരയുണ്ടായപ്പോൾ തങ്ങളുടെ സർക്കാർ സത്വര നടപടികൾ കൈക്കൊണ്ട് അത് അവസാനിപ്പിച്ചെന്ന് എൽ.ഡി.എഫ്. അവകാശപ്പെടുമ്പോൾ എൽ.ഡി.എഫ്. സർക്കാർ പ്രഖ്യാപിച്ച പരിപാടികൾ നടപ്പിലാക്കാഞ്ഞതുകൊണ്ടാണ് വീണ്ടും ആത്മഹത്യകളുണ്ടായതെന്ന് യു.ഡി.എഫ്. ആരോപിക്കുന്നു.

ഭരണ സംവിധാനം ശരിയായി പ്രവർത്തിക്കാത്തതിന്റെ ഒരു കാരണം അഴിമതിയാണ്. പല രാജ്യങ്ങളിലും എന്തെങ്കിലും ആനുകൂല്യം കാണിക്കുന്നതിനു മാത്രമാണ് കൈക്കൂലി കൊടുക്കേണ്ടത്. ഇവിടെ അർഹതപ്പെട്ടത് കിട്ടുന്നതിനും പലപ്പോഴും കാശ് കൊടുക്കേണ്ടിവരുന്നു. ചില സർക്കാർ ജീവനക്കാർ അവർ ചെയ്യാൻ ബാധ്യസ്ഥമായത് ചെയ്യുന്നതിന് ശമ്പളം കൂടാതെ കിമ്പളവും പ്രതീക്ഷിക്കുന്നു. ഭരണസംവിധാനം മെച്ചപ്പെടുത്തിയാൽ അഴിമതി ഒരളവുവരെ നിയന്ത്രിക്കാനാകും. എന്നാൽ അധികാരത്തിലിരിക്കെ യു.ഡി.എഫൊ. എൽ.ഡി.എഫൊ ഇതുവരെ അതിനായി ആത്മാർത്ഥമായി ശ്രമിച്ചിട്ടില്ല. ഇത് ഉദ്യോഗസ്ഥന്മാർക്കെന്ന പോലെ രാഷ്ട്രീയ കക്ഷികൾക്കും സംവിധാനം ഇന്നത്തെപ്പോലെ തുടരുന്നതിൽ സ്ഥാപിത താല്പര്യമുള്ളതുകൊണ്ടാണ്. സംവിധാനം നേരേ ചൊവ്വേ പ്രവർത്തിച്ചാൽ രാഷ്ട്രീയ ഇടനിലക്കാരുടെ വില ഇടിയുമെന്ന ഭയമാണ് ഭരണാധികാരികളെ സ്ഥിതിഗതികൾ മെച്ചപ്പെടുത്തുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. ഇ.എം.എസ്. നമ്പൂതിരിപ്പാട്, ഇ.കെ. നായനാർ, എ. കെ. ആന്റണി തുടങ്ങി സത്യസന്ധരായ നിരവധി ഭരണകർത്താക്കൾ ഉണ്ടായിട്ടുണ്ട്. അവരിലാരും അഴിമതിക്കെതിരെ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിച്ചില്ല. ഔദ്യോഗികരംഗത്തും ധാരാളം സത്യസന്ധരുണ്ട്. നേതാക്കന്മാരെപ്പോലെ, അഴിമതിക്കാരുടെ ശത്രുത സമ്പാദിക്കാതെ, വ്യക്തിഗത സംശുദ്ധി നിലനിർത്തി സേവന ജീവിതം പൂർത്തിയാക്കാനാണ് അവരും ശ്രമിക്കുന്നത്.

ഭരണസംവിധാനം മെച്ചപ്പെടുത്താൻ കേരള സർക്കാർ ഏഷ്യൻ ഡവലപ്‌മെന്റ് ബാങ്കിന്റെ (എ.ഡി.ബി) സഹായത്തോടെ പത്തു കൊല്ലം മുമ്പ് ഒരു ശ്രമം നടത്തുകയുണ്ടായി. ഭരണത്തിന്റെ ആധുനികവത്കരണം ലക്ഷ്യമിട്ടുള്ള ആ പദ്ധതിക്കായി ഡിസംബർ 2002നും മാർച്ച് 2005നുമിടയ്ക്ക് 25 കോടി ഡോളർ ഇവിടെ എത്തി. പദ്ധതി തൃപ്തികരമായി നടപ്പിലാക്കിയതായി എ.ഡി.ബി. പിന്നീട് വിലയിരുത്തുകയുണ്ടായി. അത് സത്യസന്ധമായ വിലയിരുത്തലല്ലെന്ന് അവലോകന റിപ്പോർട്ടിലെ ചില പരാമർശങ്ങൾ തന്നെ വ്യക്തമാക്കുന്നുണ്ട്. ഏതായാലും ഭരണ സംവിധാനം ഇന്ന് 2002നേക്കാൾ ആധുനികവും കാര്യക്ഷമാവുമാണെന്ന് പറയാനാവില്ല.

ആ ആധുനികവത്കരണ പദ്ധതിയിൽ രണ്ട് അംശങ്ങളുണ്ടായിരുന്നു. സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം സൂക്ഷ്മമായി പരിശോധിച്ച് പുന:സംഘടിപ്പിക്കുകയെന്നതായിരുന്നു ഒന്ന്. സാമ്പത്തിക പരിഷ്കരണം നടപ്പിലാക്കുകയെന്നതായിരുന്നു മറ്റേത് . ആദ്യത്തേത് സൂക്ഷ്മപരിശോധന രൂപകല്പന ചെയ്യുന്നതിനപ്പുറം പോയില്ലെന്ന് അവലോകന റിപ്പോർട്ട് പറയുന്നു. അതായത് സൂക്ഷ്മപരിശോധനയും പുന:സംഘടനയും നടന്നില്ല. ജീവനക്കാരുടെ ശക്തമായ എതിർപ്പാണ് പദ്ധതിയുടെ ഈ അംശം പരാജയപ്പെടുത്തിയത്. സർക്കാർ അതുമായി മുന്നോട്ടുപോയാൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കപ്പെടുമെന്ന ഭയമായിരുന്നു അവരുടെ എതിർപ്പിനു പിന്നിലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക പരിഷ്കരണ പരിപാടി വിജയകരമായിരുന്നെന്ന് അവകാശപ്പെടുന്നതോടൊപ്പം തന്നെ ലക്ഷ്യങ്ങൾ പൂർത്തിയായില്ലെന്ന സൂചനയും റിപ്പോർട്ട് നൽകുന്നു. ചട്ടങ്ങളിൽ അധിഷ്ഠിതവും പുരോഗമനപരവുമായ സാമ്പത്തിക മാനേജ്‌മെന്റ് ചട്ടക്കൂട് തയ്യാറാക്കിയെങ്കിലും നികുതി വരുമാനവും സംസ്ഥാന ആന്തരിക വിഭവവും തമ്മിലുള്ള അനുപാതത്തിൽ ഗണ്യമായ വർദ്ധന ഉണ്ടാക്കാനായില്ല. സേവനങ്ങൾക്ക് കൂലി ഏർപ്പെടുത്താനുള്ള സർക്കാരിന്റെ വൈമുഖ്യം കാരണം നികുതിയിതര വരുമാനം കുറവാണെന്ന് റിപ്പോർട്ട് നിരീക്ഷിക്കുന്നു. സേവനദാനത്തിന്റെ കാര്യത്തിൽ സ്ഥാപനപരവും നയപരവുപായ പോരായ്മകൾ നിലനിൽക്കുന്നു. എന്നാൽ സംവിധാനം മെച്ചപ്പെടുത്താൻ ഒന്നും ചെയ്യാനായില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തിലാണെങ്കിൽ, പ്രശ്നത്തിന്റെ വലിപ്പം കണക്കാക്കുമ്പോൾ, അതിന്റെ അറ്റം തൊടാൻ മാത്രമെ കഴിഞ്ഞിട്ടുള്ളുവെന്നും റിപ്പോർട്ട് പറയുന്നു. ചുരുക്കത്തിൽ 25 കോടി ഡോളർ പാഴാക്കി.

ആധുനികവത്കരണ പദ്ധതി ഗുണം ചെയ്യുമെന്ന പ്രതീക്ഷ തനിക്കില്ലെന്ന് സെന്റർ ഫൊർ ഡവലപ്‌മെന്റ് സ്റ്റഡീസിലെ സാമ്പത്തിക ശാസ്ത്രജ്ഞനും എ.ഡി.ബി. കൺസൽട്ടന്റുമായിരുന്ന പരേതനായ കെ.കെ. സുബ്രഹ്മണ്യം നേരത്തെ തന്നെ പറഞ്ഞിരുന്നു. “ഗണ്യമായ മാറ്റമുണ്ടാകണമെങ്കിൽ രാഷ്ട്രീയ-ഔദ്യോഗിക സംവിധാനത്തിന്റെ ചിന്താഗതിയിൽ വലിയ മാറ്റമുണ്ടാകണം,“ ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. “കേരളത്തിൽ ഒരു പുതിയ തൊഴിൽ സംസ്കാരമുണ്ടാകാതെ, എത്ര പരിഷ്കരണ രേഖകളുണ്ടാക്കിയിട്ടും കാര്യമില്ല.”

ഇത് ഭരണകർത്താക്കൾക്ക് അറിവില്ലാത്ത കാര്യമല്ല. ഇതിന്റെ വെളിച്ചത്തിൽ നടപടിയെടുക്കാനുള്ള ധാർമ്മികശക്തി അവർക്കില്ലെന്നതാണ് പ്രശ്നം. സി.പി.എമ്മിന്റെ കരുത്തനായ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ നോക്കുകൂലി അധാർമ്മികമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചെങ്കിലും അതിന്റെ അടിസ്ഥാനത്തിൽ പാർട്ടിയൊ അതിന്റെ നിയന്ത്രണത്തിലുള്ള തൊഴിലാളി സംഘടനകളൊ ഒരു നടപടിയും എടുത്തതായി അറിയില്ല. സർക്കാർ ഇത് നോക്കുകൂലിരഹിത പ്രദേശമാണെന്ന് വിളംബരം ചെയ്തശേഷമാണ് ഈയിടെ കോൺഗ്രസിന്റെ നിയന്ത്രണത്തിലുള്ള ഒരു തൊഴിലാളി സംഘടന ഒരു സർക്കാർ സ്ഥാപനത്തിൽ നിന്ന് ചെയ്യാത്ത ജോലിക്ക് ഒരു ലക്ഷത്തിലധികം രൂപ ഈടാക്കിയത്.

നായനാർ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ജീവനക്കാർ ആഫീസ് സമയത്ത് അവിടെയുണ്ടെന്നുറപ്പു വരുത്താനായി വരുന്ന സമയവും പോകുന്ന സമയവും രേഖപ്പെടുത്താൻ സെക്രട്ടേറിയറ്റിൽ യന്ത്രങ്ങൾ സ്ഥാപിച്ചു. അവ വളരെക്കാലം പ്രവർത്തിച്ചില്ല. അഥവാ അവയെ പ്രവർത്തിക്കാൻ ജീവനക്കാർ അനുവദിച്ചില്ല. ഭരണ-പ്രതിപക്ഷ കക്ഷികളുടെ നിയന്ത്രണത്തിലുള്ള ജീവനക്കാരുള്ളയിടത്താണ് ഇത് നടന്നത്. പരിപാടി പരാജയപ്പെട്ടത് നായനാരെ അലോസരപ്പെടുത്തിയതേയില്ല.

ഭരണസംവിധാനത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഇച്ഛാശക്തിയോടെ പ്രവർത്തിക്കാൻ കഴിയാത്തവർ എന്തിനാണ് എ.ഡി.ബി.യുമായി ചേർന്ന് 1,000 കോടി രൂപയുടെ ആധുനികവത്കരണ പദ്ധതിയുണ്ടാക്കിയത്? എന്തിനാണ് സമയം രേഖപ്പെടുത്താനുള്ള യന്ത്രങ്ങൾ വാങ്ങി സ്ഥാപിച്ചത്? ഈ ചോദ്യങ്ങൾക്ക് ലളിതമായ ഒരുത്തരമുണ്ട്. ഭരണാധികാരികളെ സംബന്ധിച്ചിടത്തോളം പദ്ധതികൾ ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗമല്ല, ലക്ഷ്യം തന്നെയാണ്. പദ്ധതികളുടെ പേരിൽ ചെലവാക്കുന്ന പണം ഗുണഭോക്താക്കൾക്ക് ഉദ്ദ്യേശിച്ച ഫലം നൽകിയില്ലെങ്കിലും ഇടനിലക്കാർക്ക് ഗുണം ചെയ്യും. (സമകാലിക മലയാളം വാരിക, ഡിസംബർ 23, 2011)

Monday, December 5, 2011

പത്രം വായിക്കേണ്ടതെങ്ങനെ? ടെലിവിഷൻ കാണേണ്ടതെങ്ങനെ?

മാധ്യമങ്ങൾ ശീലങ്ങളാണ്. അതുകൊണ്ടാണ് പത്രം പതിവായി വായിക്കുന്നവർക്കും ചാനൽ പരിപാടികൾ പതിവായി കാണുന്നവർക്കും അവ ഒഴിവക്കാനാവാത്തവയായി തീരുന്നത്. ഒന്നിലധികം പത്രം പതിവായി വാങ്ങുന്നവരുണ്ട്. സാധാരണഗതിയിൽ അവർ എന്നും ആദ്യം കൈയിലെടുക്കുക ഒരു പത്രം തന്നെയാകും. ആ പത്രം മറ്റുള്ളവയേക്കാൾ ഉറച്ച ശീലമായി മാറിയെന്നാണ് അതിന്റെ അർത്ഥം. അതുപോലെതന്നെ ടെലിവിഷൻ സെറ്റിന്റെ മുന്നിൽ ഇരിക്കുമ്പോൾ റിമോട്ടു വെച്ചു ചാടിക്കളിച്ചുകൊണ്ടിരിക്കുമെങ്കിലും ഒരു പ്രത്യേക ചാനലാവും കൂടുതലായി കാണുക. ആ ചാനൽ മറ്റുള്ളവയേക്കാൾ ഉറച്ച ശീലമായെന്നർത്ഥം. മാധ്യമങ്ങൾ ഈവിധത്തിൽ ശീലങ്ങളായി മാറുന്നതുകൊണ്ട് അവയിൽ ഒരോന്നിന്റെയും സ്വഭാവത്തെ കുറിച്ചും അവ തങ്ങളെ എങ്ങനെയാണ് സ്വാധീനിക്കുന്നതെന്നിനെ കുറിച്ചും ജനങ്ങൾ ബോധവാന്മാരും ബോധവതികളും ആകേണ്ടതുണ്ട്.

ദുർഗ്രഹമെന്ന് പേരുകേട്ട കൃതിയാണ് അമേരിക്കൻ എഴുത്തുകാരനായ ഹെർമൻ മെൽ‌വില്ലിന്റെ മോബി ഡിക്ക് എന്ന പ്രശസ്തമായ നോവൽ. “How to Read Moby Dick” എന്ന പേരിൽ പത്തമ്പതു കൊല്ലം മുമ്പ് ആരൊ ഒരു പുസ്തകം തന്നെ എഴുതി. ആദ്യമായി ആ പുസ്തകം വായിക്കുന്നവർക്ക് മാർഗ്ഗനിർദ്ദേശം നൽകുന്ന ഒരു വെബ്‌സൈറ്റും (http://www.blogger.com/img/blank.gif) ഇപ്പോഴുണ്ട്. സങ്കീർണ്ണമായ നമ്മുടെ മാധ്യമരംഗം വീക്ഷിക്കുമ്പോൾ “എങ്ങനെയാണ് പത്രം വായിക്കേണ്ടത്“, “എങ്ങനെയാണ് ടെലിവിഷൻ കാണേണ്ടത്” “എങ്ങനെയാണ് ഇന്റർനെറ്റ് ഉപയോഗിക്കേണ്ടത്” എന്നിങ്ങനെ കുറെ പുസ്തകങ്ങൾ ആവശ്യമാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. മാധ്യമചർച്ചകളിൽ അക്കാര്യം പറയുകയും ചെയ്തിട്ടുണ്ട്. അത്തരത്തിലൂള്ള പുസ്തകങ്ങളുടെ കുറവ് ഒരളവുവരെ പരിഹരിക്കാൻ പോരുന്ന ഒരു കൃതി ഇപ്പോൾ എന്റെ മുന്നിളൂണ്ട്: ഫാ. ഫ്രാൻസിസ് കാരയ്ക്കാട്ട് രചിച്ച മീഡിയ ഗൈഡ്.

കണ്ണൂർ ഇരിട്ടിയിലെ ഡോൺ ബോസ്കൊ കോളെജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ പ്രിൻസിപ്പലാണ് ഫാ. ഫ്രാൻസിസ് കാരയ്ക്കാട്ട്. കോഴിക്കോട് സർവകലാശാലയിൽ നിന്ന് പ്രശസ്തമായ നിലയിൽ ജേർണലിസത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള അദ്ദേഹം ഏറെക്കാലം അതേ കോളെജിലെ ജേർണലിസം വകുപ്പ് മേധാവിയും ഡോൺ ബോസ്കൊ വൈദിക സമൂഹം പ്രസിദ്ധീകരിക്കുന്ന മാസികയുടെ പത്രാധിപരുമായിരുന്നു. ഏകദേശം 20 പുസ്തകങ്ങളുടെ രചയിതാവുമാണദ്ദേഹം. ടെലിവിഷനും ഇന്റർനെറ്റും മൊബൈൽ ഫോണും വരും തലമുറ പ്രയോജനപ്പെടുത്തേണ്ട രീതി മാതാപിതാക്കൾക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അനാവരണം ചെയ്യുന്ന ഒരാധികാരിക ഗ്രന്ഥമായാണ് ‘മീഡിയ ഗൈഡ്’ വിഭാവന ചെയ്യപ്പെട്ടിട്ടുള്ളത്.

ഫാ. ഫ്രാൻസിസ് കാരയ്ക്കാട്ട് എഴുതുന്നു: “നമുക്ക് ചുറ്റും അലതല്ലുകയാണ് മാധ്യമ സമുദ്രം. അവയുടെ തിരമാലകളാൽ നം വലിച്ചുകൊണ്ടുപോകപ്പെടുന്നു. അത് ഒഴിവാക്കിക്കോണ്ടുള്ള ജീവിതം അസാധ്യമാണ്.” കേരള സമൂഹത്തിലെ മാധ്യമ സ്വാധീനം അദ്ദേഹം ഇങ്ങനെ വിലയിരുത്തുന്നു: “മാധ്യമങ്ങളാണ് ഇന്ന് മലയാളികളുടെ ജീവിതശൈലി നിയന്ത്രിക്കുന്നത്. ചിന്തകൾ, തീരുമാനങ്ങൾ, വസ്ത്രം, വിശ്രമം, വായന, ഉറക്കം, ജോലി, സമയം, പ്രാർത്ഥന, കുടുംബാംഗങ്ങളുമായുള്ള സമ്പർക്കം, അതിഥികളോടുള്ള ആതിതേയത്വം, എല്ലാത്തിന്റെയും, എല്ലാത്തിന്റെയും നിയന്താവ്വ് ഇപ്പോൾ മാധ്യമങ്ങളാണ്.”

ടെലിവിഷന്റെ ദു:സ്വാധീനത്തെയോർത്ത് അതിനെ വിഡ്ഡിപ്പെട്ടിയെന്ന് വിളിച്ച് അകറ്റിനിർത്തുന്നതല്ല ശരിയായ വഴി എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. യാഥർത്ഥ്യബോധത്തോടെ അതിന്റെ അനിവാര്യത അംഗീകരിച്ചുകൊണ്ട് കൊള്ളേണ്ടത് കൊള്ളുകയും തള്ളേണ്ടത് തള്ളുകയും ചെയ്യണമെന്ന് അദ്ദേഹം ഉപദേശിക്കുന്നു. ടെലിവിഷനല്ല തിന്മയുടെ ഉറവിടം. എല്ലാ അസാന്മാർഗ്ഗികതയും പുറപ്പെടുന്നത് നമ്മുടെ ഉള്ളിൽ നിന്നാണ്. അതുകൊണ്ട് ഉള്ള് ശരിയാക്കുകയാണ് വേണ്ടത്. ടെലിവിഷൻ അടിമയാകണം. അതിനെ ഉടമയാകാൻ അനുവദിക്കരുത്.

ചില മലയാള ടെലിവിഷൻ സീരിയലുകളുടെ ഉള്ളടക്കം അപഗ്രഥിച്ചുകൊണ്ട് അവ നൽകുന്ന തെറ്റായ ജീവിതവീക്ഷണത്തിനെതിരെ ജാഗ്രത പുലർത്താൻ പ്രേക്ഷകരെ ഉത്ബോധിപ്പിക്കുന്നതോടൊപ്പം ഫാ. ഫ്രാൻസിസ് കാരയ്ക്കാട്ട് പ്രതികാരത്തിന്റെ സ്ഥാനത്ത് സ്നേഹത്തിന്റെയും വിട്ടുവീഴ്ചയുടെയും സന്ദേശം പാകർന്നുകൊടുക്കുന്നതും സമ്പത്തിനേക്കാളേറെ സമ്പർക്കത്തിനും സമർപ്പണത്തിനും വില കല്പിക്കുന്നതുമായ ഒരു ടെലിവിഷൻ സംസ്കാരം വളരേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു.

പരസ്യം കേവലം ജാലവിദ്യയാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. അത് ആവശ്യബോധം കൃത്രിമമായി സൃഷ്ടിച്ച് ജനങ്ങളെ ഉപഭോക്താക്കളാക്കി മാറ്റുന്നു. ആവശ്യമുള്ളതേത്, അല്ലാത്തതേത് എന്ന് വിവേചനബുദ്ധി ഉപയോഗിച്ച് തിരിച്ചറിഞ്ഞാണ് അതിനെ മറികടക്കേണ്ടത്.

സ്വകാര്യ സമ്പർക്ക ഉപകരണമായ മൊബൈൽ ഫോൺ ജീവിതയാഥാർത്ഥ്യങ്ങളെയും ഉത്തേഅവാദിത്തങ്ങളെയും അവഗണിക്കുന്നവരുടെ തലയ്ക്കു മുകളിൽ തൂങ്ങുന്ന ഡെമോക്ലിസിന്റെ വാളാണെന്ന് ഫാ. ഫ്രാൻസിസ് കാരയ്ക്കാട്ട് നിരീക്ഷിക്കുന്നു. ഇന്റർനെറ്റ് വിവേകപൂർവം ഉപയോഗിച്ചില്ലെങ്കിൽ ഊർജ്ജസ്വലതയും പ്രസരിപ്പും പ്രതികരണശേഷിയും മൂല്യബോധവുമില്ലാത്ത ഒരു തലമുറ വളർന്നു വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
മാധ്യമങ്ങളുടെ പ്രതിബദ്ധത ആരോടാണെന്ന പ്രസക്തമായ ചോദ്യവും അദ്ദേഹം ചോദിക്കുന്നുണ്ട്,

വില: 100 രൂപ.

Publishers:
Don Bosco Publications,
NH Bypass, Near EMC,
Kochi 682028, Kerala
Phone: 0484-2805876, 2806411

Thursday, December 1, 2011

എഴുത്തച്ഛൻ: ഒരു വ്യത്യസ്ത വിലയിരുത്തൽ

ആരായിരുന്നു എഴുത്തച്ഛൻ? പേരുപോലും നിശ്ചയമില്ലെങ്കിലും നമ്മുടെ ഭാഷയുടെ പിതാവായി അവരോധിക്കപ്പെട്ട കവിയെ കുറിച്ച് പ്രൊഫ. കെ.കെ.ശിവരാമൻ നടത്തിയ അന്വേഷണത്തിന്റെ ഫലമാണ് “എഴുത്തച്ഛൻ ഭ്രാന്താലയത്തിന്റെ രാജശില്പി” എന്ന ഗ്രന്ഥം.

കോളെജ് അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചയാളാണദ്ദേഹം. എഴുത്തച്ഛനെ കുറിച്ച് വായനക്കാരിൽ കുത്തിനിറച്ചിട്ടുള്ള അഭിപ്രായങ്ങളിൽ പലതും വസ്തുതാവിരുദ്ധമാണെന്ന് വിദ്യാർത്ഥിയായിരുന്ന കാലത്തു തന്നെ തോന്നിയിരുന്നതായി അദ്ദേഹം ആമുഖക്കുറിപ്പിൽ പറയുന്നു. ജോലിയിൽ നിന്ന് വിരമിച്ചശേഷം ഒരു ലേഖനമെഴുതി. മാതൃഭൂമി അത് പ്രസിദ്ധീകരിച്ചില്ല. ജനയുഗം വാരിക “വളരെ വിവാദങ്ങൾക്ക് വിഷയമാകുന്ന ഒരു ലേഖനമാണിത്” എന്ന പത്രാധിപരുടെ കുറിപ്പോടെ അത് പ്രസിദ്ധീകരിച്ചു. പ്രതീക്ഷിച്ചപോലെ വിവാദങ്ങളുണ്ടായി.

അതിനുശേഷമാണ് കേരള സർക്കാർ എഴുത്തച്ഛൻ പുരസ്കാരം ഏർപ്പെടുത്തിയത്. ഭക്തിയുടെ പേരിൽ മനുഷ്യത്വഹീനമായ ആശയങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേല്പിച്ച കവിയുടെ പേരിൽ പുരസ്കാരം ഏർപ്പെടുത്തുന്നത് നല്ല സംസ്കാരത്തിന് ചേരുന്ന നടപടിയല്ലെന്ന് കാണിച്ച് ശിവരാമൻ എഴുതിയ കത്ത് കേരള കൌമുദി പ്രസിദ്ധീകരിച്ചില്ല. കാരണം അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി കേരളീയർ ആരാധിക്കുന്ന കവിയെപ്പറ്റി അങ്ങനെയൊരു കത്ത് പ്രസിദ്ധീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ്. ഫാ. അലോഷ്യസ് ഫെർണാൻഡസിന്റെ പത്രാധിപത്യത്തിലുള്ള ഓറാ മാസിക ആ കത്ത് പ്രസിദ്ധീകരിക്കുകയും ചില പ്രമുഖരുടെ പ്രതികരണം തേടുകയും ചെയ്തു. എഴുത്തച്ഛന്റെ സംഭാവന വിലമതിക്കുകയും അദ്ദേഹത്തെ ആദരിക്കുകയും ചെയ്യണമെന്ന് ഇ.എം.എസ്.നമ്പൂതിരിപ്പാട് പറഞ്ഞു. എഴുത്തച്ഛൻ ബ്രാഹ്മണഭക്തനായിരുന്നതുകൊണ്ട് ബഹുമാനിക്കരുതെന്ന് പറയുന്നത് അച്ഛൻ ഷർട്ടിടാത്തതുകൊണ്ട് മാന്യനല്ലെന്ന് പറയുന്നതുപോലെയാണെന്ന് എസ്. ഗുപ്തൻ നായർ അഭിപ്രായപ്പെട്ടു. “വലിയ പോഴത്തം എഴുന്നള്ളിക്കുന്ന കടലാസ്” എന്ന് പി. ഗോവിന്ദപ്പിള്ള പുച്ഛിച്ചു. ഈ പ്രതികരണങ്ങൾ തന്റെ നിഗമനങ്ങൾ, പ്രസിദ്ധീകരിക്കാനായില്ലെങ്കിലും, പുസ്തകരൂപത്തിലാക്കണമെന്ന തീരുമാനത്തിലേക്ക് ശിവരാമനെ എത്തിച്ചു.

അവതാരികയിൽ ജി. സുശീലൻ എഴുതുന്നു: “കിളിപ്പാട്ടുകളെ തുടർന്ന് മൂന്ന് നൂറ്റാണ്ടില്പരം കവിതയ്ക്കുണ്ടായ അധോഗതി, എഴുത്തച്ഛൻ അരക്കിട്ടുറപ്പിച്ച തത്ത്വശാസ്ത്രത്തിനും സാമൂഹിക ദുരാചാരങ്ങൾക്കും എതിരായി നാട്ടിലുടനീളം നീണ്ടുനിന്ന ബഹുജനപ്രക്ഷോഭങ്ങൾ, നമ്പൂതിരി സമുദായത്തിൽ പോലും ശക്തിപ്പെട്ട വിമതപ്രസ്ഥാനം എന്നിങ്ങനെ പലതും എഴുത്തച്ഛന്റെ മഹത്ത്വത്തെക്കുറിച്ചുള്ള വാദങ്ങളുടെ മുനയൊടിക്കുന്ന ചരിതസത്യങ്ങളാണ്. ഈവക യാഥാർത്ഥ്യങ്ങളെങ്കിലും കണക്കിലെടുക്കാതെ കിളിപ്പാട്ടു കർത്താവിനു കനകസിംഹാസനം ഒരുക്കുന്നത് അപഹാസ്യമായ പരിപാടിയായി മാറുന്നു.”

സംസ്കൃതത്തിൽ മാത്രം ലഭ്യമായിരുന്ന വിശിഷ്ടഗ്രന്ഥങ്ങൾ പരിഭാഷയിലൂടെ മലയാളികൾക്ക് എത്തിച്ചതാണ് എഴുത്തച്ഛന്റെ മഹത്തായ സംഭാവന എന്ന വാദത്തെ കിളിപ്പാട്ടുകൾ ഉണ്ടാകും മുമ്പെ പരിഭാഷകൾ ഉണ്ടായതായി ചൂണ്ടിക്കാട്ടി ശിവരാമൻ ഖണ്ഡിക്കുന്നു. ഉദാഹരണങ്ങളായി അദ്ദേഹം ഒരാജ്ഞാതനാമാവിന്റെ ‘രാമചരിത‘വും കണ്ണശ്ശന്മാരുടെ കൃതികളും എടുത്തുകാട്ടുന്നു. എഴുത്തച്ഛന്റെ ഇതിഹാസ പരിഭാഷകളുടെ വൈശിഷ്ട്യത്തെ കുറിച്ചുള്ള വാദങ്ങളും അദ്ദേഹം ചോദ്യം ചെയ്യുന്നു. മറ്റ് പ്രദേശങ്ങളിലെ ശ്രേഷ്ഠകവികൾ വാൽമീകിരാമായണം പരിഭാഷപ്പെടുത്തി അതിന്റെ ഉദാത്തഭാവത്താൽ ജനതയെ സാംസ്കാരികമായി ഉയർത്താൻ ശ്രമിച്ചപ്പോൾ പരക്കെ അവഗണിക്കപ്പെട്ടിരുന്ന അദ്ധ്യാത്മരാമായണമാണ് എഴുത്തച്ഛൻ മലയാളത്തിലാക്കിയത്.

എഴുത്തച്ഛൻ എന്ന പേരിലെഴുതിയത് ഒരു നമ്പൂതിരി ആയിരുന്നെന്നും ഐതിഹ്യങ്ങളിൽ പറയുന്നതുപോലെ ഒരു ചക്കാലനായിരുന്നില്ലെന്നും ശിവരാമൻ സമർത്ഥിക്കുന്നു. ബ്രാഹ്മണാധിപത്യത്തിനു ശക്തിപകരാൻ വാൽമീകി രാമായണത്തേക്കാൾ നല്ലത് അദ്ധ്യാത്മരാമായണമായതുകൊണ്ടാണ് കവി പരിഭാഷക്ക് അത് തെരഞ്ഞെടുത്തത്. കേരളത്തിൽ മാത്രം നിലനിന്നിരുന്ന സംബന്ധ വ്യവസ്ഥയെ മഹത്ത്വവത്കരിക്കുന്ന വരികൾ പരിഭാഷയിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച അവസ്ഥയിലേക്ക് കേരളത്തെ നയിച്ചത് എഴുത്തച്ഛന്റെ ഭക്തിപ്രസ്ഥാനമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അദ്ദേഹം തുടരുന്നു: “എഴുത്തച്ഛൻ കേരളത്തെ പ്രാകൃതയുഗത്തിലേക്ക് തിരിച്ചുവിട്ടു എന്നു മാത്രമല്ല, പിൽക്കാലത്ത് നവോത്ഥാനത്തിന്റെ ആവിർഭാവത്തിനു ഏറ്റവും (വലിയ) വിലങ്ങുതടിയായി നിന്നത് എഴുത്തച്ഛൻ സൃഷ്ടിച്ചുവച്ച അന്ധവിശ്വാസങ്ങളും കരിനിയമങ്ങളുമായിരുന്നു.”

പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു മുമ്പു തന്നെ ശിവരാമന് ഒരാളുടെ സമീപനത്തിൽ മാറ്റമുണ്ടാക്കാൻ കഴിഞ്ഞു. ആ ആൾ പുസ്തകത്തിന്റെ പ്രസാധകനായ കാവാലം ബാലചന്ദ്രൻ (ബി. ബുക്സ്) ആണ്. അദ്ദേഹം എഴുതുന്നു: “എഴുത്തച്ഛൻ ബ്രാഹ്മണരെ ചോദ്യം ചെയ്തിരുന്നതായി ഹരിനാമകീർത്തനത്തിലെ വരികൾ ഉദ്ധരിച്ചുകൊണ്ട് ഒരിക്കൽ ഞാൻ എഴുതിയിരുന്നു.... അത് തിരുത്തണം തിരുത്തിയേ തീരൂ....മുൻപ് പറ്റിപ്പോയ തെറ്റ് തിരുത്താനും കുറച്ചെങ്കിലും എനിക്ക് കൂട്ടുവന്നിരുന്ന ആന്ധ്യത്തെ അകറ്റി നിർത്താനും എന്നെ പ്രാപ്തനാക്കിയത് പ്രൊഫ. ശിവരാമനാണെന്ന് പറയാൻ എനിക്ക് തെല്ലും സങ്കോചമില്ല.”

ബാലചന്ദ്രൻ ശ്രദ്ധേയമായ ഒരു നിരീക്ഷണവും നടത്തുന്നു: “ഭാഷയ്ക്ക് ഒരു പിതാവ് എന്നത് മലയാളിക്കു മാത്രം എത്തിച്ചേരാൻ കഴിഞ്ഞിട്ടുള്ള മൂഢപരികല്പനയാണ്”.

വില 125 രൂപ

പ്രസാധകർ:
B. Books,
P.K. Memorial Library,
Ambalapuzha
PIN 688561
Kerala
Phone: 9496302843

Rge authir, Prof. K. K. Sivaraman can be contacted at 9447056531

Tuesday, November 22, 2011

സ്വതന്ത്ര മാധ്യമപ്രവർത്തനമെന്നാൽ..

ബി.ആർ.പി. ഭാസ്കർ

സ്വന്തം അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയാൻ മടിയില്ലാത്തയാളാണ് പ്രസ് കൗൺസിൽ ചെയർമാനായ ജസ്റ്റിസ് മാർകണ്ഡേയ കട്ജു. സുപ്രീം കോടതി ജഡ്ജിയായിരിക്കെ നേരത്തേ അഭിഭാഷകനായും ജഡ്ജിയായും സേവനമനുഷ്ഠിച്ചിരുന്ന അലഹബാദ് ഹൈകോടതിയിൽ എന്തോ ചീഞ്ഞുനാറുന്നതായി അദ്ദേഹം പറയുകയുണ്ടായി. സാമൂഹികപ്രതിബദ്ധതയുള്ള ഒരു ന്യായാധിപനായാണ് അദ്ദേഹം അറിയപ്പെടുന്നത്.ഈ പശ്ചാത്തലം ഓർക്കുമ്പോൾ മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും കുറിച്ച് അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനങ്ങളിൽ അത്ഭുതത്തിനു വകയില്ല. എങ്കിലും, അച്ചടിമാധ്യമങ്ങൾക്കെതിരായ പരാതികൾ പരിശോധിക്കാൻ അധികാരമുള്ള കൗൺസിലിന്റെ അധ്യക്ഷൻ ഭൂരിപക്ഷം മാധ്യമങ്ങളുടെയും പ്രവർത്തനം മോശമാണെന്ന തരത്തിൽ പരസ്യപ്രസ്താവന നടത്തുന്നത് അദ്ദേഹം പ്രശ്നങ്ങളെ മുന്‍വിധിയോടെ സമീപിക്കുമെന്ന ആശങ്കക്ക് ഇടം കൊടുക്കുകയില്ലേ എന്ന ചോദ്യം അസ്ഥാനത്തല്ല. പ്രഫഷനലിസത്തിൽ വിശ്വാസമുണ്ടെങ്കിൽ അത്തരത്തിലുള്ള ആശങ്കക്ക് വകയില്ല. ജഡ്ജിമാർ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ ഇല്ലാത്തവരല്ല. അവയെ മറികടന്നുകൊണ്ട് നീതിപൂർവം തീരുമാനങ്ങൾ എടുക്കാൻ അവരെ പ്രാപ്തരാക്കുന്നത് പ്രഫഷനൽ പരിശീലനമാണ്.

ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിങ് ജേണലിസ്റ്റ്സ് ആവശ്യപ്പെട്ടതനുസരിച്ച് ജവഹർലാൽ നെഹ്റുവിന്‍െറ സർക്കാർ നിയമിച്ച ഒന്നാം പ്രസ് കമീഷന്‍െറ ശിപാർശപ്രകാരമാണ് 1966ൽ, ഇന്ദിരഗാന്ധിയുടെ കാലത്ത്, ആദ്യ പ്രസ് കൌകൗൺസിൽ രൂപവത്കരിക്കപ്പെട്ടത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സെൻസർഷിപ് ഏർപ്പെടുത്തി സ്വതന്ത്ര പത്രപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തപ്പോൾ ഇന്ദിരഗാന്ധിതന്നെ ആ സംവിധാനം ഇല്ലാതാക്കുകയും ചെയ്തു. തുടർന്ന് അധികാരത്തിൽ വന്ന ജനതാ ഗവൺമെന്റ് പ്രസ് കൈണ്‍സിലിനെ പുനരുജ്ജീവിപ്പിച്ചു.

പ്രസ് കൗൺസിൽ സംവിധാനം ആദ്യം മുതൽ തന്നെ പലതരം വിമർശങ്ങളും വിളിച്ചുവരുത്തിയിരുന്നു. ബ്രിട്ടനിൽ അക്കാലത്ത് പ്രവർത്തിച്ചിരുന്ന, പ്രഫഷനൽ പത്രപ്രവർത്തകർ അംഗങ്ങളായുള്ള കൗൺസിലിനെയാണ് വർക്കിങ് ജേണലിസ്റ്റുകൾ മാതൃകയായി കണ്ടത്. എന്നാൽ, അതിൽനിന്ന് വ്യത്യസ്തമായി പാർലമെന്റംഗങ്ങളും മറ്റു ചില മേഖലകളിൽ നിന്നുള്ളവരുംകൂടി ഉൾപ്പെടുന്നതും ഒരു മുൻ സുപ്രീം കോടതി ജഡ്ജി അധ്യക്ഷനായുള്ളതുമായ സമിതിക്കാണ് നിയമം വ്യവസ്ഥ ചെയ്തത്. പത്രങ്ങളിൽ നിന്ന് പത്ര ഉടമകൾ, വാർത്താ ഏജൻസി മാനേജ്‌മെന്റുകൾ, പത്രാധിപന്മാർ, വർക്കിങ് ജേണലിസ്റ്റുകൾ എന്നീ വിഭാഗങ്ങൾക്ക് അതിൽ പ്രാതിനിധ്യം നൽകപ്പെട്ടു. സമൂഹതാൽപര്യങ്ങൾ സംരക്ഷിക്കേണ്ടതുള്ളതുകൊണ്ടാണ് പ്രസ് കൗൺസിലിൽ മറ്റ് മേഖലകളിൽ നിന്നുള്ളവരെ കൂടി ഉൾപ്പെടുത്തിയത്.

പത്രങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങൾ പത്രപ്രവർത്തകർക്കു മാത്രമായി വിട്ടുകൊടുക്കാനാവില്ലെന്ന വാദം പൂർണമായി തള്ളിക്കളയാനാവില്ല. എന്നാൽ, മെഡിക്കൽ കൗൺസിലും ബാർ കൗൺസിലുംപോലെ ബന്ധപ്പെട്ട തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ മാത്രമടങ്ങുന്ന സമിതിയെക്കുറിച്ച് നിയമനിർമാതാക്കൾക്ക് ചിന്തിക്കാനാവാത്തത് പത്രപ്രവര്‍ത്തനത്തിന് വൈദ്യശാസ്ത്രം, നിയമം എന്നീ മേഖലകളെപ്പോലെ ഒരു പ്രഫഷനായി ഇനിയും അംഗീകാരം നേടാനായിട്ടില്ലാത്തതുകൊണ്ടാണ്.

പ്രസ് കൗൺസിൽ സംവിധാനത്തെക്കുറിച്ചുള്ള പ്രധാന ആക്ഷേപം അതിന് പല്ലില്ലെന്നതാണ്. പത്രമോ പത്രപ്രവർത്തകനോ അരുതാത്തത് ചെയ്തതായി ബോധ്യപ്പെട്ടാൽ അത് തെറ്റായിരുന്നെന്ന് പറയാനല്ലാതെ ശിക്ഷിക്കാനുള്ള അധികാരം അതിനില്ല. ആദ്യകാലത്ത് തെറ്റു ചെയ്ത പത്രങ്ങളോട് കൗൺസിൽ അതിന്റെ തീരുമാനം പ്രാധാന്യം നൽകി പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെടുകയും പത്രങ്ങൾ ആ നിർദേശം പാലിക്കുകയും ചെയ്തിരുന്നു. പിന്നീട് പല പത്രങ്ങളും അത്തരം നിർദേശങ്ങൾ അവഗണിക്കാൻ തുടങ്ങി.

ഇന്ദിരഗാന്ധി അവസാനശ്വാസംവരെയും അടിയന്തരാവസ്ഥയെ ന്യായീകരിച്ചെങ്കിലും അന്ന് പത്രങ്ങളുടെ മേൽ നിയന്ത്രണമേർപ്പെടുത്തിയത് തെറ്റായിരുന്നെന്നും സെൻസർഷിപ് ഏർപ്പെടുത്തിയതുകൊണ്ട് രാജ്യത്ത് നടക്കുന്ന കാര്യങ്ങളെപ്പറ്റി തനിക്ക് കൃത്യമായി അറിയാൻ കഴിഞ്ഞിരുന്നില്ലെന്നും ഏറ്റുപറഞ്ഞിരുന്നു. അടിയന്തരാവസ്ഥക്കു മുമ്പ് ജനങ്ങൾക്കും പത്രപ്രവർത്തകർക്കുതന്നെയും പത്രസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വേണ്ടത്ര ബോധമുണ്ടായിരുന്നില്ല. അതിനുശേഷം സ്ഥിതി മാറി. പത്രങ്ങളുടെ മേൽ നിയന്ത്രണം ഏർപ്പെടുത്താൻ നിയമനിർമാണത്തിന് രാജീവ്ഗാന്ധി ദേശീയതലത്തിലും മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ബിഹാറിലും നടത്തിയ ശ്രമങ്ങളെ ശക്തമായ പൊതുജനാഭിപ്രായം പരാജയപ്പെടുത്തി. അവർ കൊണ്ടുവരാനുദ്ദേശിച്ചതരത്തിലുള്ള ഒരു നിയമം തമിഴ് നാട്ടിൽ നിലവിലുണ്ടായിരുന്നു. പത്രങ്ങളിൽ വർധിച്ചുകൊണ്ടിരുന്ന അശ്ളീലത്തിന്റെ തള്ളിക്കയറ്റം തടയാൻ പത്രപ്രവർത്തക സംഘടനയുടെ പൂർണ പിന്തുണയോടെ കെ. കാമരാജ് 1950കളിൽ കൊണ്ടുവന്ന ആ നിയമം ഇപ്പോഴും നിലവിലുണ്ട്.

പ്രസ് കൗൺസിൽ സംവിധാനം നിലവിൽ വരുമ്പോൾ സർക്കാർ മേഖലക്കു പുറത്ത് അച്ചടി മാധ്യമങ്ങൾന്റെമാത്രമാണുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ, അവയെ മാത്രമേ അതിന്റെ അധികാരപരിധിയിൽ ഉൾപ്പെടുത്തിയിരുന്നുള്ളൂ. മാധ്യമരംഗത്തിന്റെ സ്വഭാവം അതിനുശേഷം ഏറെ മാറി. വളരെക്കാലം കേന്ദ്ര സർക്കാറിന്റെ കുത്തകയായിരുന്ന ശ്രവണ-ദൃശ്യ മാധ്യമരംഗങ്ങളിൽ സ്വകാര്യ സംരംഭകർ പ്രവേശിക്കുകയും പ്രാമുഖ്യം നേടുകയും ചെയ്തിരിക്കുന്നു. രാഷ്ട്രാതിർത്തികളെ അപ്രസക്തമാക്കുന്ന നവമാധ്യമങ്ങൾ വളരുകയും വൻ ചലനങ്ങൾ സൃഷ്ടിക്കാനുള്ള കഴിവ് തെളിയിക്കുകയും ചെയ്തിരിക്കുന്നു.അവ അരുതാത്തതു ചെയ്താല്‍ ഇടപെട്ട് നടപടിയെടുക്കാന്‍ പൊലീസിന് അധികാരം നല്‍കുന്ന ഒരു സൈബർ നിയമം നിലവിലുണ്ട്. ഇന്ന് രാജ്യത്ത് അച്ചടിമാധ്യമങ്ങളെക്കാളും നവമാധ്യങ്ങളെക്കാളും ജനങ്ങളെ സ്വാധീനിക്കാനുള്ള കഴിവ് ഇലക്ട്രോണിക് മാധ്യമങ്ങൾക്കുണ്ട്. അവയുടെ പ്രവർത്തനത്തെക്കുറിച്ച് ധാരാളം ആക്ഷേപങ്ങൾ ഉയര്‍ന്നിട്ടുമുണ്ട്. എന്നാൽ അവ അരുതാത്തതു ചെയ്താൽ പരിശോധിച്ച് നടപടിയെടുക്കാൻ അധികാരമുള്ള ഒൗദ്യോഗിക സംവിധാനവുമില്ല. പ്രസ് കൗൺസിലിനെ മീഡിയാ കൗൺസിലാക്കി മാറ്റിക്കൊണ്ട് ഇലക്ട്രോണിക് മാധ്യമങ്ങളെ അതിന്റെ പരിധിയിൽ കൊണ്ടുവരുകയോ അവക്കായി ഒരു പുതിയ സംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്യേണ്ടതിന്‍െറ ആവശ്യകത പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാർ അതിനായി നിയമനിർമാണം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി വാർത്ത വന്നപ്പോൾ അത് തടയാനായി ചാനൽ മേധാവികൾ സ്വയം നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചു. ടെലിവിഷൻ കമ്പനികൾ ദൽഹി ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് എ.പി. ഷാ അധ്യക്ഷനായി ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ഫെഡറേഷൻ എന്ന പേരിലും വാർത്താ ചാനലുകൾ മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. വർമയുടെ അധ്യക്ഷതയിൽ ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡേര്‍ഡ്സ് അതോറിറ്റി എന്ന പേരിലും സ്ഥാപനങ്ങളുണ്ടാക്കി.

സ്വയംനിയന്ത്രണം നിയന്ത്രണമല്ലെന്നും പ്രസ് കൗൺസിലിനെ മീഡിയാ കൗൺസിൽ ആക്കിക്കൊണ്ട് ഇലക്ട്രോണിക് മാധ്യമങ്ങളെ അതിന്റെ പരിധിയിൽ കൊണ്ടുവരണമെന്നുമുള്ള ജ. കട്ജുവിന്‍െറ അഭിപ്രായം മാധ്യമമേലാളന്മാരെ ചൊടിപ്പിച്ചു. പത്രഉടമകളുടെ സംഘടനയായ ഇന്ത്യൻ ന്യൂസ്പേപ്പേഴ്സ് സൊസൈറ്റി, പത്രാധിപന്മാരുടെ സംഘടനയായ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, പത്രപ്രവര്‍ത്തക സംഘടനയായ ഇന്ത്യൻ ജേണലിസ്റ്റ്സ് അസോസിയേഷൻ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രസ്താവനയെ ശക്തിയായി എതിര്‍ത്തു. ജ. വർമയും വിയോജിപ്പ് രേഖപ്പെടുത്തി.

വിമർശങ്ങളെ തുടർന്ന് ജ. കട്ജു നല്‍കിയ വിശദീകരണത്തിൽ ചാനലുകൾ തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചതായി കുറ്റപ്പെടുത്തി. ഭൂരിപക്ഷം മാധ്യമങ്ങളുടെയും പ്രവർത്തനം മോശമാണന്ന് താൻ പറഞ്ഞതിനെ എല്ലാ മാധ്യമങ്ങളുടെയും പ്രവർത്തനം മോശമാണെന്ന് പറഞ്ഞതായി ചില മാധ്യമങ്ങൾ ചിത്രീകരിച്ചു. ഭൂരിപക്ഷം മാധ്യമപ്രവർത്തകരും ബൗദ്ധിക നിലവാരം കുറഞ്ഞവരാണെന്ന് പറഞ്ഞതിനെ എല്ലാ മാധ്യമപ്രവർത്തകരും വിദ്യാവിഹീനരും നിരക്ഷരരുമാണെന്ന് പറഞ്ഞതായി അവർ ചിത്രീകരിച്ചു.

പുനഃസംഘടിപ്പിക്കപ്പെട്ട പ്രസ് കൗൺസിലിന്റെ ആദ്യ യോഗത്തിൽ പത്ര ഉടമകളുടെ പ്രതിനിധികൾ ജ. കട്ജു വിവാദ പ്രസ്താവനക്ക് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം ആ ആവശ്യം തള്ളിയപ്പോൾ അവർ ഇറങ്ങിപ്പോയി. പത്ര-ചാനൽ ഉടമകൾ അദ്ദേഹത്തെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമവുമായി മുന്നോട്ടുപോകുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.അതേസമയം, ചില മുതിർന്ന പത്രപ്രവർത്തകർ അദ്ദേഹം ഉന്നയിച്ച പ്രശ്നങ്ങൾ പ്രസക്തമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, പ്രസ്താവനയെ തുടർന്നുണ്ടായ വിവാദം സൃഷ്ടിച്ചിട്ടുള്ള സാഹചര്യം ആ പ്രശ്നങ്ങൾ സത്യസന്ധമായി പരിശോധിക്കാനുതകുന്നതല്ല. ഇത് നിർഭാഗ്യകരമാണ്.

മാധ്യമപ്രവര്‍ത്തനത്തിലെ ദുഷ്പ്രവണതകൾ സമൂഹത്തെ മൊത്തത്തിൽ പ്രതികൂലമായി ബാധിക്കുന്നവയാണ്. ആ നിലക്ക് ഈ വിഷയത്തിൽ പൊതുസമൂഹം സജീവമായി ഇടപെടേണ്ടതുണ്ട്. ഫേസ്ബുക്കിൽ ജ. കട്ജുവിന് പിന്തുണ രേഖപ്പെടുത്താൻ ആരോ തുടങ്ങിയ പേജ് വളരെ കുറച്ചുപേരേ ശ്രദ്ധിച്ചിട്ടുള്ളൂ. മാധ്യമങ്ങൾ, പ്രത്യേകിച്ചും ഇലക്ട്രോണിക് മാധ്യമങ്ങൾ, രാജ്യത്തെ 80 ശതമാനം ജനങ്ങളുടെയും കടുത്ത ദാരിദ്ര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം, വൈദ്യസഹായത്തിന്റെയും വിദ്യാഭ്യാസ സൗകര്യങ്ങളുടെയും അഭാവം, ദുരഭിമാനക്കൊല, സ്ത്രീധനക്കൊല, ജാതിപീഡനം, മതവിദ്വേഷം തുടങ്ങിയ വിഷയങ്ങളെ ഗൗരവപൂര്‍വം അഭിസംബോധന ചെയ്യാതെ 90 ശതമാനം സമയവും സിനിമാതാരങ്ങളുടെ ജീവിതം, ഫാഷൻ പരേഡ്, പോപ്പ് സംഗീതം, ഡിസ്കോ ഡാൻസ്, ക്രിക്കറ്റ്, ജ്യോതിഷം തുടങ്ങിയ വിനോദങ്ങൾക്കായി നീക്കിവെക്കുന്നുവെന്ന ജ.കട്ജുവിന്റെ വിമർശം തങ്ങളുടെ താല്‍പര്യം മുൻനിർത്തിയുള്ളതാണെന്ന് ജനങ്ങൾ തിരിച്ചറിയണം.അതുപോലെതന്നെ ഒരു സ്ഫോടനമുണ്ടായാലുടൻ അത് ഏതോ മുസ്ലിം സംഘടനയുടെ പണിയാണെന്ന് പ്രഖ്യാപിക്കുകവഴി മാധ്യമങ്ങൾ ജനങ്ങളെ ഭിന്നിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷേ, ഈവക പ്രശ്നങ്ങൾ പ്രസ് കൗൺസിൽപോലെയുള്ള സംവിധാനത്തിലൂടെ പരിഹരിക്കാവുന്നതല്ല. സർക്കാറിന് നിയമത്തിലൂടെയോ പ്രസ് കൗൺസിലിന് ഉത്തരവുകളിലൂടെയോ മാധ്യമങ്ങൾ എത്ര സ്ഥലവും സമയവും ജനകീയപ്രശ്നങ്ങൾക്ക് നീക്കിവെക്കണമെന്ന് നിർദേശിക്കാനാവില്ല.സ്വതന്ത്ര മാധ്യമപ്രവർത്തനമെന്നാൽ നിയന്ത്രണമില്ലാത്ത പ്രവർത്തനമെന്നല്ല അര്‍ഥം. സ്ഥാപിത താല്‍പര്യങ്ങൾക്കു വഴങ്ങാതെ സമൂഹത്തിന്റെ വിശാല താല്‍പര്യങ്ങൾക്കും അംഗീകൃത മാധ്യമധർമത്തിന് അനുയോജ്യവുമായ പ്രവർത്തനമാണ് സ്വതന്ത്ര മാധ്യമപ്രവർത്തനം ആവശ്യപ്പെടുന്നത്. അതുറപ്പാക്കുന്നതിന് ഉയർന്ന നിലവാരത്തിലുള്ള മാധ്യമ പരിശീലനം ആവശ്യമാണ്.അതിനു പരിമിതമായ സൗകര്യങ്ങളേ ഇന്നുള്ളൂ. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നതുപോലുള്ള അപകടകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ഉചിതമായ ശിക്ഷാനടപടികൾ എടുക്കാനും കഴിയണം.മാധ്യമ പ്രഫഷനലുകൾക്ക് മുൻകൈയുള്ളതും നിയമത്തിന്റെ പിൻബലമുള്ളതുമായ ഒരു സംവിധാനമാണ് ഈവക കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത്. (മാധ്യമം, നവംബർ 22, 2011.)

Tuesday, November 15, 2011

ആഭാസങ്ങൾ ഏറ്റുമുട്ടുന്ന രാഷ്ട്രീയച്ചന്ത

ബി.ആർ.പി. ഭാസ്കർ

പത്രപ്രവർത്തകനെന്ന നിലയിലുള്ള തന്റെ ദീർഘകാലത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ എഴുതിയ പുസ്തകത്തിന് കെ. സി. ജോൺ നൽകിയ പേര് “കേരള രാഷ്ട്രീയം - ഒരു അസംബന്ധ നാടകം” എന്നായിരുന്നു. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹം ആ വിശേഷണം “ഒരു ആഭാസ നാടകം” എന്ന് തിരുത്തുമായിരുന്നു.
മന്ത്രി കെ.ബി. ഗണേശ് കുമാറിന്റെയും ഭരണ മുന്നണി ചീഫ് വിപ്പ് പി.സി.ജോർജിന്റെയും പത്തനാപുരത്തെ ആഭാസകരമായ പ്രസംഗങ്ങൾ ഉയർത്തിയ കൊടുങ്കാറ്റ് ഇനിയും അടങ്ങിയിട്ടില്ല. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരെ അതിരൂക്ഷമായ പ്രയോഗങ്ങൾ നടത്തിയ മന്ത്രിയെക്കൊണ്ട് അടുത്ത പ്രഭാതത്തിൽ തന്നെ പരസ്യമായി മാപ്പ് പറയിക്കാൻ മുഖ്യമന്ത്രിക്കായി. സർക്കാരിനുവേണ്ടി അദ്ദേഹം തന്നെ നിയമസഭയിൽ ഖേദം പ്രകടിപ്പിച്ചു. ഗണേശ് കുമാറിന്റെ മാപ്പ് ആത്മാർത്ഥമല്ലെന്ന് പറഞ്ഞുകൊണ്ട് സഭയിൽ പ്രതിഷേധം തുടർന്ന പ്രതിപക്ഷം പിന്നീട് അദ്ദേഹത്തെ ഒഴിവാക്കിക്കൊണ്ട് ജോർജിൽ ആക്രമണം കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. ഖേദപ്രകടനങ്ങളെ അവഗണിക്കുന്ന പ്രതിപക്ഷ സമീപനം രാഷ്ട്രീയപ്രേരിതമാകയാൽ അതിനെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്ന് ഭരണപക്ഷം വ്യക്തമാക്കിയ സാഹചര്യത്തിൽ വിഷയം വേഗം ഒഴിഞ്ഞുപോക്കാനിടയില്ല.

വാർത്താ അവതാരകർ ചായമിട്ട് ഒമ്പതു മണി ചർച്ചയ്ക്ക് സ്റ്റുഡിയോവിലേക്ക് കടക്കുമ്പോഴാണ് ചാനലുകൾക്ക് ഗണേശ് കുമാറിന്റെ പത്തനാപുരം പ്രസംഗത്തിന്റെ ദൃശ്യങ്ങൾ കിട്ടിയത്. മിക്കവരും നിമിഷങ്ങൾക്കകം വിഷയം ചർച്ച ചെയ്യാൻ ആളുകളെ കണ്ടെത്തി. അതിനു കഴിയാതെ വന്ന ഒരു ചാനൽ മറ്റൊരു വിഷയത്തെക്കുറിച്ച് സംസാരിക്കാനായി ക്ഷണിച്ച നേതാക്കളോട് ആദ്യം ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ ആവശ്യപ്പെട്ടു. തങ്ങളുടെ ഭാഗത്തുള്ളവരുടെ പ്രവൃത്തികളെ അന്ധമായി ന്യായീകരിക്കുന്ന പതിവ് രീതി ഇക്കാര്യത്തിൽ സ്വീകരിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ് മിക്ക യു.ഡി.എഫ് നേതാക്കളും ഉടൻ തന്നെ ഗണേശ് കുമാറിന്റെ പ്രസംഗത്തെ അപലപിച്ചു. അത്രത്തോളം പോകാൻ കഴിയാത്ത ചിലർ പ്രസംഗത്തെ തള്ളിപ്പറയുന്നതോടൊപ്പം അതിന് പരോക്ഷമായ ബ്യായീകരണം നൽകാനും ശ്രമിച്ചു.

ജോർജിന്റെ പ്രസംഗം രാത്രി ചർച്ച കഴിഞ്ഞശേഷം എത്തിയതുകൊണ്ട് പ്രതികരണവും വൈകി. താരതമ്യേന മയമുള്ള പ്രയോഗങ്ങളാണ് ജോർജ് നടത്തിയതെങ്കിലും പ്രതിപക്ഷം അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചത് അതിലെ സ്ത്രീ പട്ടികജാതി ഘടകങ്ങൾ കൂടുതൽ ലാഭകരമായി പ്രയോജനപ്പെടുത്താമെന്ന കണക്കുകൂട്ടലിലാകണം.
ഗണേശ് കുമാറിന്റെയും ജോർജിന്റെയും ആഭാസ പ്രയോഗങ്ങൾ കേൾവിക്കാരായ കേരളാ കോൺഗ്രസ് അണികളെ ആവേശഭരിതരാക്കിയെന്ന് പത്തനാപുരത്തു നിന്നുള്ള ചാനൽ ദൃശ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഉച്ചഭാഷിണി വന്ന കാലം മുതൽ അത് പ്രാസംഗികരിൽ ആവേശം ജനിപ്പിക്കുകയും അവർ അത് തങ്ങൾക്ക് കഴിയുന്ന വിധത്തിൽ ശ്രോതാക്കൾക്ക് പകരുകയും ചെയ്തുപോരുന്നുണ്ട്. ചാനൽ മൈക്രോഫോണും തത്സമയ സംപ്രേഷണവും കൂടി വന്നതോടെ ആവേശത്തിന്റെ ഒഴുക്ക് പല മടങ്ങ് വർദ്ധിച്ചു. ആ പ്രക്രിയ ഇപ്പോഴും തുടരുകയാണെന്ന് തോന്നുന്നു. അങ്ങനെയെങ്കിൽ പൂരപ്പാട്ടുകൾ ആവർത്തിച്ചുകൊണ്ടേയിരിക്കും.

നേതാക്കൾ വാ തുറക്കുമ്പോൾ പുറത്തേക്കൊഴുകുന്നത് രാഷ്ട്രീയം ഉല്പാദിപ്പിക്കുന്ന ആഭാസമാണ്. മൂന്ന് പതിറ്റാണ്ടു കാലമായി കാതലായ മാറ്റ്ം കൂടാതെ നിലനിൽക്കുന്ന ഇരുമുന്നണി സംവിധാനത്തിന്റെ കോട്ടങ്ങളുടെ പട്ടികയിൽ ആഭാസോല്പാദനം ഉയർന്ന സ്ഥാനമർഹിക്കുന്നു. പലപ്പോഴും ആഭാസം പ്രകടമാകുന്നത് ഭാഷയിലാണ്. എഴുത്തുകാർ ആവശ്യത്തിനൊത്ത് ഭാഷ രൂപപ്പെടുത്തുന്നതിന് സി.വി. രാമൻപിള്ള മുതൽ ഒ.വി.വിജയനും കാക്കനാടനും വരെ നിരവധി ഉദാഹരണങ്ങൾ നിരത്താനാവും. അതുപോലെതന്നെ രാഷ്ട്രീയ നേതാക്കളും അവരവരുടെ ആവശ്യത്തിനൊത്ത ഭാഷ രൂപപ്പെടുത്തുന്നുണ്ട്. ജീവിതത്തിൽ ഗാന്ധിയുടെ ലാളിത്യം പാലിച്ചയാളാണ് ഇ. എം. എസ്. നമ്പൂതിരിപ്പാട്. അദ്ദേഹത്തിന്റെ ഭാഷ ഗാന്ധിയുടേതായിരുന്നില്ല. മറ്റ് കക്ഷികളിൽ നിന്ന് വ്യത്യസ്തമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ ആവശ്യത്തിനൊത്ത ഭാഷ രൂപപ്പെടുത്തുന്നതിൽ ആദ്യകാലത്ത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതിന്റെ ഫലമായി ‘മൂരാച്ചി’ പോലെയുള്ള ചില അസുലഭ പദങ്ങൾ നമുക്ക് ലഭിച്ചിട്ടുണ്ട്. ആക്ഷേപകരമല്ലാത്ത വാക്കുകളുപയോഗിച്ച് ആക്ഷേപകരമായ സാഹചര്യം സൃഷ്ടിക്കാൻ ഇ.എം.എസിന് കഴിഞ്ഞിരുന്നു. (‘ആന്റണികരുണാകരപ്രഭൃതികൾ’ എന്നെഴുതിക്കൊണ്ട് അദ്ദേഹം വായനക്കാരിൽ ആ നേതാക്കൾ മോശക്കാരാണെന്ന ധാരണയുണ്ടാക്കിയത് കൌതുകകരമായി തോന്നിയ ഈ ലേഖകൻ ഒന്നൊ രണ്ടൊ അവസരങ്ങളിൽ അദ്ദേഹത്തിന്റെ പ്രഭൃതിപ്രയോഗം അനുകരിക്കുകയുണ്ടായി.) അദ്ദേഹത്തിന്റെ ഭാഷയിൽ ആഭാസത്തിന്റെ അംശം ലവലേശമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പിൻമുറക്കാർ വ്യത്യസ്തമായ ഭാഷ രൂപപ്പെടുത്തിറ്യിരിക്കുന്നു.

ഗണേശ് കുമാറിന്റെയും പി.സി. ജോർജിന്റെയും പത്തനാപുരം പ്രസംഗത്തിലും ശരീരഭാഷയിലും മാടമ്പിത്തത്തിന്റെ അംശങ്ങളുണ്ടായിരുന്നു. ആ നിലയ്ക്ക് അവരുടേ വാക്കുകളെ ഫ്യൂഡൽകാല അശ്ലീല-ദ്വയാർത്ഥപ്രയോഗങ്ങളുടെ തുടർച്ചയായിട്ടാണ് കാണേണ്ടത്. എന്നാൽ തനിക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയ വനിതയെക്കുറിച്ച് മുനവെച്ച പദപ്രയോഗം നടത്തിയത് മാടമ്പിത്ത പാരമ്പര്യം ആരോപിക്കാനാവാത്ത വി.എസ്. അച്യുതാനന്ദനാണ്. ആഭാസം അശ്ലീലത്തിന്റെ രൂപത്തിൽ മാത്രമല്ല വെളിപ്പെടുന്നത്. അധികാര രാഷ്ട്രീയം പകർന്നു നൽകുന്ന അഹങ്കാരത്തിന്റെ രൂപത്തിലും അത് പ്രകടമാകാറുണ്ട്. എസ്.എഫ്.ഐ. നേതാവ് പല്ലടിച്ച് കൊഴിക്കുമെന്ന് ഭീഷണി മുഴക്കുമ്പോൾ അതിനെ ചെറുപ്പക്കാരന്റെ ചോരത്തിളപ്പായൊ മന്ത്രിയാകാനുമുള്ള തത്രപ്പാടായൊ കാണാവുന്നതാണ്. വിദ്യാർത്ഥികളുടെ നേർക്ക് കൈത്തോക്കുപയോഗിച്ച പൊലീസുദ്യോഗസ്ഥന്റെയും ആ മനുഷ്യനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെയും നടപടികൾ ന്യായീകരിക്കാവുന്നതല്ല. കോഴിക്കോട്ട് വിദ്യാർത്ഥികളും പൊലീസും ഏറ്റുമുട്ടിയതിനുശേഷം തെക്കെവിടെയോ ഉള്ള ആ പൊലീസുദ്യോഗസ്ഥന്റെ വീടിനു നേരെയും മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വീടിനു നേരേയും നടന്ന അക്രമങ്ങളും അതുപോലെ തന്നെ ന്യായീകരണമില്ലാത്തവയാണ്. തോക്കുപയോഗിച്ച പൊലീസുദ്യോഗസ്ഥനെ യൂണിഫോമിലല്ലാതെ കണ്ടാൽ തല്ലാൻ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്ത മുതിർന്ന നേതാവും യൂണിഫോമിൽ കണ്ടാലും തല്ലാമെന്ന് പറഞ്ഞ അതിലും മുതിർന്ന നേതാവും ആഭാസരാഷ്ട്രീയത്തിന്റെ ആൾരൂപങ്ങളാണ്. അക്രമത്തേക്കാൾ വലിയ ആഭാസമില്ല.

കേരളം ഇന്ന് വ്യത്യസ്ത ആഭാസങ്ങൾ ഏറ്റുമുട്ടുന്ന രാഷ്ട്രീയച്ചന്തയാണ്. എന്നാൽ രാഷ്ട്രീയ കക്ഷികളിൽ നിന്ന് മാത്രമല്ല ആഭാസപ്രകടനങ്ങളുണ്ടാകുന്നത്. ഒരു ക്രൈസ്തവ സഭയുടെ നേതാക്കളാണ് അടുത്ത കാലത്ത് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ നേർക്ക് നടന്ന അക്രമത്തിനു പിന്നിലുണ്ടായിരുന്നതെന്ന് ആർക്കാണറിയാത്തത്?

പൊതുമണ്ഡലത്തിൽ ശക്തിപ്പെട്ടിട്ടുള്ള ആഭാസരാഷ്ട്രീയം നിയമസഭയിൽ പ്രതിഫലിക്കുന്ന കാഴ്ചകൾക്ക് നാമിപ്പോൾ നിത്യേബ്ന സാക്ഷ്യം വഹിക്കുകയാണ്. സുരക്ഷാ ജീവനക്കാരെ തള്ളിമാറ്റി അധ്യക്ഷവേദിയിലേക്ക് ചാടിക്കയറാൻ ശ്രമിച്ച പ്രതിപക്ഷാംഗങ്ങളും ജീവനക്കാരി വീഴുന്നതുകണ്ട് സ്ത്രീപീഡനം എന്ന് മുറവിളി കൂട്ടിയ ഭരണപക്ഷാംഗങ്ങളും, ഇറങ്ങിവാടാ എന്ന് ആക്രോശിച്ച പ്രതിപക്ഷാംഗങ്ങളും അതുകേട്ട് മേശയ്ക്ക് മുകളിലൂടെ ചാടിയിറങ്ങി അവരെ നേരിടാൻ മുതിർന്ന മന്ത്രിയുടെയുമൊക്കെ പ്രകടനങ്ങൾ ആഭാസത്തിന്റെ പരിധിയിൽ പെടും. മന്ത്രിയുടെ മുണ്ട് നീക്കത്തെപ്പറ്റിയുള്ള പ്രതിപക്ഷ നേതാവിന്റെ വിവരണം സഭാനടപടികളെ ‘എ’ സർട്ടിഫിക്കറ്റ് സിനിമയുടെ തലത്തിലെത്തിച്ചു. ചാനൽ ക്യാമറകൾ എല്ലാം ഉടനുടൻ നമ്മുടെ വീടുകളിലെത്തിച്ചു. സംഭവങ്ങൾക്ക് വാർത്താ പ്രാധാന്യമുണ്ടെന്ന കാര്യത്തിൽ സംശയമില്ല. പരമ്പരാഗത മാധ്യമപ്രവർത്തനത്തിൽ വിവരങ്ങൾ ശേഖരിക്കൽ (gathering), തയ്യാറാക്കൽ (processing) വിതരണം ചെയ്യൽ (dissemination) എന്നിങ്ങനെ മൂന്ന് ഘടകങ്ങൾ അടങ്ങിയിരുന്നു. തൽസമയ സംപ്രേഷണ കാലത്ത് രണ്ടാമത്തെ പ്രക്രിയയുടെ പ്രസക്തി കുറയുകയും അത് അപ്രത്യക്ഷമാവുകയും ചെയ്യുന്നു. എന്താണ് വാർത്ത, ആരൊക്കെയാണ് വാർത്താസ്രോതസുകൾ, അവരിൽ നിന്ന് എന്തൊക്കെയാണ് സ്വീകരിക്കാവുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങൾ വിവേചനബുദ്ധിയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനാവാത്ത സാഹചര്യം സംജാതമായിരിക്കുന്നു. സൌമ്യ വധക്കേസിൽ വിചാരണക്കോടതി തീർപ്പു കല്പിച്ച ദിവസം ഒരു ചാനൽ ആ യുവതിയുടെ അമ്മയുടെ പ്രതികരണം തേടി. “എന്റെ മകളെ പിച്ചിച്ചീന്തിയെപോലെ അയാളെ പിച്ചിച്ചീന്തണം“ എന്ന അവരുടെ അഭിപ്രായം സത്യസന്ധമായി അത് പ്രേക്ഷകരിലെത്തിച്ചു. ഈ തോതിലുള്ള സത്യസന്ധത ആഭാസത്തിന് പ്രചാരം നൽകുകയും ഒരളവു വരെ അതിന് കേരള സമൂഹത്തിൽ അംഗീകാരം നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.

രാഷ്ട്രീയത്തെയും മാധ്യമപ്രവർത്തനത്തെയും ആഭാസത്തിൽ നിന്ന് എങ്ങനെ കരകയറ്റാമെന്ന് ഈ മേഖലകളിൽ പ്രവർത്തിക്കുന്നവർ ചിന്തിച്ചു തുടങ്ങേണ്ട കാലമായി. സമൂഹത്തിനു ഗുണകരമായ പ്രവർത്തനങ്ങൾ ചെയ്യാനുള്ള സമയമാണ് ആഭാസം കയ്യടക്കുന്നത്. അതുകൊണ്ട് പൊതുസമൂഹത്തിന് ഇതിനെ ബന്ധപ്പെട്ട മേഖലകളിലുള്ളവർ പരിഹാരം കാണേണ്ട ഒരു പ്രശ്നമായി കണ്ടുകൊണ്ട് വിട്ടുനിൽക്കാനാവില്ല. (മാധ്യമം ആഴ്ചപ്പതിപ്പ്, ലക്കം 717, നവംബർ 14, 2011)

Sunday, November 6, 2011

സമൂഹത്തെ പിന്നോട്ടുവലിക്കുന്നവരെ അസ്വസ്ഥരാക്കുന്ന അയ്യൻ‌കാളി

ബി.ആർ.പി. ഭാസ്കർ

വി.പി. സിങ്ങ് പ്രധാന മന്ത്രിയായിരുന്നപ്പോൾ ബി.ആർ. അംബേദ്കറുടെ ജന്മശതാബ്ദി രാജ്യവ്യാപകമായി ആഘോഷിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയുണ്ടായി. അന്തരിച്ച് 36 വർഷങ്ങൾക്കുശേഷം അദ്ദേഹത്തിന് ഭാരത് രത്നം ബഹുമതി നൽകപ്പെട്ടു. ഒരു കൊല്ലം നീണ്ട ആഘോഷ പരിപാടികൾ അവസാനിക്കുന്നതിനു മുമ്പ് ഭരണമാറ്റമുണ്ടായി. തുടർന്ന് അധികാരമേറ്റ കോൺഗ്രസ് സർക്കർ 1991ൽ നിയമനിർമ്മാണ സഭകൾക്കു മുന്നിൽ ഭരണഘടനാ ശില്പിയായ അംബേദ്കറുടെ പ്രതിമ സ്ഥാപിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും നിർദ്ദേശിക്കുകയും അതിനായി പണം വകയിരുത്തുകയും ചെയ്തു. അങ്ങനെ കേരള നിയമസഭയ്ക്ക് മുന്നിൽ സ്ഥാപിക്കാൻ അംബേദ്കറുടെ പ്രതിമ ഉണ്ടാക്കാൻ സംസ്ഥാന സർക്കാർ എം.ആർ.ഡി. ദത്തനെ ചുമതലപ്പെടുത്തി. ശില്പി പ്രതിമ തയ്യാറാക്കിയപ്പോൾ അതേറ്റെടുക്കാൻ ആരും ചെന്നില്ല. പത്ത് കൊല്ലം പ്രതിമ കെട്ടിപ്പൊതിഞ്ഞ നിലയിൽ കിടന്നു.

ആ കാലയളവിൽ ഭരണകൂടത്തെ നയിച്ച കോൺഗ്രസൊ സി.പി.എമ്മൊ അംബേദ്കറെ പുതുതായി നിർമ്മിച്ച നിയമഭാ സമുച്ചയത്തിന്റെ തിരുമുറ്റത്ത് നിൽക്കാൻ യോഗ്യതയുള്ളയാളായി കണ്ടില്ല. നായനാർ സർക്കാരിന്റെ കണ്ണിൽ അതിന് യോഗ്യതയുള്ള ഏക വ്യക്തി ഇ.എം.എസ്. നമ്പൂതിരിപ്പാടായിരുന്നു. അംബേദ്കർക്ക് ബേക്കറി ജങ്ഷനിൽ സ്ഥലം കൊടുത്തു കൊണ്ട് ഇ.എം.എസിനെ അവിടെ കുടിയിരുത്താൻ അത് നീക്കം തുടങ്ങി. ദലിത് സംഘടനകൾ അതിനെതിരെ രംഗത്തു വന്നു. ഒരു ദിവസം ചിലർ നിയമസഭയ്കുള്ളിൽ കടന്ന് പ്രകടനം നടത്തി. സ്പീക്കറായിരുന്ന എം. വിജയകുമാറിന്റെ വീട്ടിനു മുന്നിലും പ്രകടനമുണ്ടായി. ദലിത് സംഘടനകളുടെ പ്രക്ഷോഭവും എതിർമുന്നണിയുടെ സഹായകകരമല്ലാത്ത നിലപാടും മൂലം എൽ.ഡി.എഫ്. സർക്കാർ ഇ.എം,എസ്. പ്രതിമയ്ക്ക് നിയമസഭാ മന്ദിരത്തിനടുത്ത് മറ്റൊരു സ്ഥലം കണ്ടെത്തി. അംബേദ്കർ പ്രതിമ ഗോഡൌണിൽ തന്നെ കിടന്നു.

പിന്നീട് വന്ന യു.ഡി.എഫ്. സർക്കാർ അംബേദ്കർ പ്രതിമയുടെ കാര്യത്തിൽ ഒരു തീരുമാനവുമെടുക്കാതെ മൂന്ന് കൊല്ലം തള്ളി നീക്കി. ഉടൻ തീരുമാനമുണ്ടായില്ലെങ്കിൽ വീണ്ടും പ്രക്ഷോഭം തുടങ്ങുമെന്ന് ദലിത് ആദിവാസി നേതാക്കൾ പ്രഖ്യാപിച്ചപ്പോൾ ഗാന്ധി, നെഹ്രു എന്നിവരുടെ പ്രതിമകൾക്കൊപ്പം അംബേദ്കറുടേതും ഒരു കൊല്ലത്തിനകം നിയമസഭാ പരിസരത്ത് സ്ഥാപിക്കുമെന്ന് സ്പീക്കർ വക്കം പുരുഷോത്തമൻ പ്രസ്താവിച്ചു. പ്രതിമാ പ്രശ്നത്തിൽ ദലിത് നേതാക്കളുടെ നിലപാടിന് അനുകൂലമായ അഭിപ്രായം പൊതുമണ്ഡലത്തിൽ അതിനകം രൂപപ്പെട്ടിരുന്നു. നിയമസഭാ പരിസരത്ത് അംബേദ്കർ പ്രതിമ എന്ന ആശയം ഓടുവിൽ ഉമ്മൻ ചാണ്ടിയുടെ ആദ്യ സർക്കാരിന്റെ കാലത്ത് യാഥാർത്ഥ്യമായി.

അംബേദ്കർ പ്രതിമയുടെ ചരിത്രം ഇപ്പോൾ ഓർക്കാനുള്ള കാരണം തലസ്ഥാന വീഥിയിൽ മൂന്ന് പതിറ്റാണ്ടായി നിൽക്കുന്ന അയ്യൻ‌കാളി പ്രതിമക്ക് അയിത്തം കല്പിക്കാൻ നടക്കുന്ന ശ്രമങ്ങളാണ്. “ബംഗാൾ ഇന്ന് ചിന്തിക്കുന്നത് ഇന്ത്യ നാളെ ചിന്തിക്കുന്നു” എന്ന് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഗോപാലകൃഷ്ണ ഗോഖലെ പറയുകയുണ്ടായി. രണ്ടര നൂറ്റാണ്ടു കാലത്തെ ബ്രിട്ടീഷ് ആധിപത്യത്തിനിടയിൽ ഇംഗ്ളീഷ് വിദ്യാഭ്യാസത്തിലൂടെ നേടിയ മേൽകൈയാണ് ഭാരതീയ നവോത്ഥാനത്തിന് തുടക്കം കുറിക്കാൻ ബംഗാളിനെ സഹായിച്ചത്. ഗോഖലെ ആ പ്രസ്താവം നടത്തുന്ന കാലത്ത്, ക്രൈസ്തവ മിഷണറിമാരുടെ വിദ്യാഭ്യാസരംഗത്തെ പ്രവർത്തനവും പാശ്ചാത്യസ്വാധീനം കൂടാതെ വൈകുണ്ഠസ്വാമി, ശ്രീനാരായണഗുരു തുടങ്ങിയവർ നയിച്ച പ്രസ്ഥാനങ്ങളും കേരളത്തിൽ, പ്രത്യേകിച്ച് തിരുവിതാംകൂർ, കൊച്ചി പ്രദേശങ്ങളിൽ, വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. നേരത്തെ മേൽകൈ ലഭിച്ചിട്ടും മൂന്ന് പതിറ്റാണ്ടു കാലം ഇടതു ഭരണത്തിൻ കീഴിൽ കഴിഞ്ഞിട്ടും ബംഗാളിന്റെ സ്ഥാനം ഇന്ന് കേരളത്തിനു വളരെ പിന്നിലാണ്. ആ സംസ്ഥാനത്തെ ദലിത് പിന്നാക്ക വിഭാഗങ്ങളുടെ അവസ്ഥ ഇവിടത്തേക്കാൾ പരിതാപകരവുമാണ്. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന് ബംഗാളിലേതിനേക്കാൾ ആഴവും പരപ്പും ഉണ്ടായിരുന്നെന്ന് ഇത് തെളിയിക്കുന്നു.

ബംഗാൾ ഉൾപ്പെടെയുള്ള എല്ലാ പ്രദേശങ്ങളെയും പിന്തള്ളിക്കൊണ്ടുള്ള കേരളത്തിന്റെ മുന്നേറ്റത്തിൽ അത്ഭുതാവഹമായ പങ്ക് വഹിച്ച നേതാവാണ് അയ്യൻ‌കാളി. അടിച്ചമർത്തപ്പെട്ട ദലിതരുടെ മോചനത്തിനായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ വിപ്ളവകരമായിരുന്നു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കിയ അദ്ദേഹം അവർക്ക് സ്കൂൾ പ്രവേശനം നൽകണമെന്ന ആവശ്യവുമായി തിരുവിതാംകൂർ ഭരണകൂടത്തെ സമീപിച്ചു. ജാതി-ജന്മി മേധാവിത്വത്തിന്റെ എതിർപ്പ് മറികടന്ന് അനുകൂല തീരുമാനമെടുക്കാനുള്ള കഴിവ് അതിനില്ലെന്ന് അറിയാമായിരുന്ന അദ്ദേഹം കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിക്കുന്നതുവരെ പാടത്ത് പണിയെടുക്കുന്നതിൽ നിന്ന് വിട്ടു നിൽക്കാൻ ദലിതരോട് ആവശ്യപ്പെട്ടു. അങ്ങനെ 1907-08 കാലത്ത് കൃഷി മുടങ്ങി. മാർക്സിനെയൊ അദ്ദേഹത്തിന്റെ സിദ്ധാന്തത്തെയൊ കുറിച്ച് അറിവ് കൂടാതെയാണ് അയ്യൻ‌കാളി കർഷകത്തൊഴിലാളി സമരം സംഘടിപ്പിച്ചത്. പൊതുവീഥികളിലൂടെ അന്തസ്സോടെ യാത്ര ചെയ്യാനുള്ള അവകാശം സ്ഥാപിക്കാനായി അദ്ദേഹം വില്ലുവണ്ടിയിൽ സവാരി നടത്തി. ജാതിക്കോമരങ്ങൾ അക്രമത്തിലൂടെ ദലിത് മുന്നേറ്റം തടയാൻ ശ്രമിച്ചപ്പോൾ കായികബലത്തെ കായികബലം കൊണ്ട് നേരിടാൻ അദ്ദേഹം തയ്യാറായി. അദ്ദേഹത്തിന്റെ കാലിക പ്രസക്തി തിരിച്ചറിഞ്ഞ ഭരണകൂടം അദ്ദേഹത്തെ ശ്രീമൂലം പ്രജാസഭയിലേലേക്ക് നോമിനേറ്റ് ചെയ്തു.

പ്രമുഖ രാഷ്ട്രീയ കക്ഷികൾക്ക് വളരെക്കാലം അയ്യൻ‌കാളിയുടെ സംഭാവന ശരിയായ വിധത്തിൽ വിലയിരുത്താനായില്ല. ഈ അവസ്ഥയിൽ മാറ്റമുണ്ടായത് 1970കളിലാണ്. തുടർന്ന് പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായിരിക്കെ തലസ്ഥാന നഗരിയിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചു. ഇടതുപക്ഷ ഐക്യം സാധ്യമാക്കാനായി സി.പി..ഐ. കോൺഗ്രസുമായുള്ള സഖ്യം ഉപേക്ഷിച്ചു പോയശേഷം മുഖ്യമന്ത്രിയായ എ.കെ. ആന്റണി അതിനാവശ്യമായ തുക അനുവദിച്ചു. 1980 നവംബർ 10ന്, ആദ്യ നായനാർ സർക്കാരിന്റെ കാലത്ത്, പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വെള്ളയമ്പലം ജങ്ഷനിൽ അയ്യൻ‌കാളിപ്രതിമ അനാച്ഛാദനം ചെയ്തു. തിരുവനന്തപുരം കോർപ്പറേഷൻ ആ സ്ഥലത്തിന് അയ്യൻ‌കാളി സ്ക്വയർ എന്ന പേരു നൽകി. സ്ക്വയറും പ്രതിമയും നഗരസഭ സംരക്ഷിക്കുമെന്ന് സി.പി.എം മേയർ എം.പി. പത്മനാഭൻ പ്രഖ്യാപിച്ചു.

സംസ്ഥാനം അയ്യൻ‌കാളിയെ ഈവിധത്തിൽ ആദരിക്കുമ്പോൾ എല്ലാ പ്രമുഖ കക്ഷികളും ആ പ്രക്രിയയിൽ പങ്കാളികളായിരുന്നുവെന്നത് ശ്രദ്ധിക്കുക. ദലിത് ആദിവാസി പ്രശ്നങ്ങളിൽ ഇന്നും അവർ പലപ്പോഴും ഒന്നിക്കാറുണ്ട്. പക്ഷെ അത് പലപ്പോഴും ആ ദുർബല വിഭാഗങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനല്ല, ഹനിക്കാനാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടു കാലത്തിനിടയിലുണ്ടായ ഈ മാറ്റത്തിനു പിന്നിലുള്ളത് പ്രബല ജാതിമത വിഭാഗങ്ങളിലെ പ്രതിലോമശക്തികളെ പ്രീണിപ്പിച്ച് അധികാരം നേടാനും നിലനിർത്താനുമുള്ള വ്യഗ്രതയാണ്. ഈ പശ്ചാത്തലത്തിൽ അയ്യൻ‌കാളി സ്ക്വയർ ഇല്ലാതാക്കാനും അയ്യൻ‌കാളി പ്രതിമ മാറ്റി സ്ഥാപിക്കാനും സർക്കാർ തയ്യാറാക്കിയിട്ടുള്ള പദ്ധതി നിഷ്കളങ്കമായും സത്യസന്ധതയോടെയും ആവിഷ്കരിച്ചതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

റോഡ് വികസനത്തിന്റെ ഭാഗമായാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. നഗരത്തിന്റെ വളർച്ചയും വാഹനങ്ങളുടെ പെരുപ്പവും കണക്കിലെടുക്കുമ്പോൾ റോഡ് വികസനം അടിയന്തിരശ്രദ്ധ ആവശ്യപ്പെടുന്ന വിഷയമാണെന്ന കാര്യത്തിൽ രണ്ട് അഭിപ്രായത്തിന് വകയില്ല. അതേസമയം ആ പ്രദേശത്തെ വാഹന ഗതാഗതം സുഗമമാക്കാൻ പ്രതിമയും സ്ക്വയറും പോകണമെന്ന അധികൃതരുടെ നിലപാട് ചോദ്യം ചെയ്യപ്പെടാവുന്നതാണ്. മ്യൂസീയം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾക്ക് സ്ക്വയർ (യഥാർത്ഥത്തിൽ അത് സ്ക്വയറല്ല, സർക്കിൾ ആണ്) ചുറ്റാതെ ശാസ്തമംഗലം ഭാഗത്തേക്ക് പോകാനുതകുന്ന വിധത്തിലാണ് പ്ളാൻ തയ്യാറാക്കിയിട്ടുള്ളത്. ഹൈവേകളിൽ നിന്ന് വ്യത്യസ്തമായി നഗരപാതകൾ സന്ധിക്കുന്നിടത്ത് സർക്കിളൊ, റൌണ്ട്‌എബൌട്ടൊ സ്ക്വയറൊ ഉണ്ടാകുന്നതിനെ തടസമായി കാണേണ്ടതില്ല. കാരണം അവിടെ വാഹനങ്ങൾക്ക് കുറഞ്ഞ വേഗതയെ അനുവദിക്കപ്പെട്ടിട്ടുള്ളു.. ലോകത്തെ പല വൻ‌നഗരങ്ങളിലും സാംസ്കാരികമൊ ചരിത്രപരമൊ ആയ പ്രാധാന്യമുള്ള കെട്ടിടങ്ങളെ നിലനിർത്തിക്കൊണ്ടാണ് ഗതാഗത സംവിധാനങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്. വലുതും ചെറുതുമായ ഒരു ഡസൻ പാതകളിലൂടെ വരുന്ന വാഹനങ്ങൾ പാരീസ് നഗരത്തിലെ വിജയകമാനം (Arc de Triomphe) ചുറ്റി പോകുന്നു. അത് നിൽക്കുന്ന സ്ഥലം യുദ്ധകാല നേതാവും മുൻപ്രസിഡന്റുമായ ചാൾ‌സ് ഡി ഗാളിന്റെ പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. ജങ്ഷനുകളിൽ സിഗ്നൽ ലൈറ്റുകളുടെ സഹായത്തോടെ ഗതാഗതം നിയന്ത്രിക്കുന്നതിനേക്കാൾ നല്ലത് സിഗ്നൽ ലൈറ്റുകളില്ലാത്ത റൌണ്ട്എബൌട്ടുകൾ (roundabouts) ആണെന്നാണ് അമേരിക്കയിലെ ഗതാഗത വിദഗ്ദ്ധർ കണ്ടെത്തിയിരിക്കുന്നത്. അപകടങ്ങളും അപകടമരണങ്ങളും പരിക്കുകളും കുറയ്ക്കാനും ഗതാഗതശേഷി വർദ്ധിപ്പിക്കാനും വൈദ്യുതി ഉപയോഗം കുറയ്ക്കാനും ഉതകുന്ന റൌണ്ട്‌എബൌട്ട് അവർ രൂപകല്പന ചെയ്തിട്ടുണ്ട്. നിരവധി സ്മാരകങ്ങളും
നാഷനൽ ഗാലറി പോലുള്ള സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ലണ്ടനിലെ ചരിത്രപ്രസിദ്ധമായ ട്രഫാൾഗർ സ്ക്വയറിനു മുന്നൂറോളം കൊല്ലത്തെ പഴക്കമുണ്ട്. അതിനു ചുറ്റുമുള്ള പാതകളിലെ ഗതാഗതകുരുക്കിന് പരിഹാരം കാണാൻ സമീപകാലത്ത് ചില പരിഷ്കാരങ്ങൾ നടപ്പിലാക്കുകയുണ്ടായി. അതിന്റെ ഭാഗമായി ഒരു പാതയിൽ വാഹനങ്ങൾ പൂർണ്ണമായി ഒഴിവാക്കി കാൽനടക്കാർക്കായി മാറ്റിവെച്ചിട്ടുണ്ട്. അധികൃതർ ശാസ്ത്രീയമായ പഠനങ്ങളിലൂടെ ഗതാഗത ആവശ്യങ്ങൾ കൃത്യമായി വിലയിരുത്തി അതിന്റെ വെളിച്ചത്തിൽ ഉചിതമായ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഉദാഹരണങ്ങളാണിവ.

അയ്യൻ‌കാളിയെ നിഷ്കാസനം ചെയ്യുകയെന്ന ഗൂഢലക്ഷ്യത്തോടെ വേണ്ടത്ര പഠനം കൂടാതെ വെള്ളയമ്പലം റോഡ് വികസന പദ്ധതി ആവിഷ്കരിക്കുകയായിരുന്നെന്ന സംശയം ദലിത് സംഘടനകൾ പ്രകടിപ്പിച്ചിട്ടുണ്ട്. അതിനെ ചെറുക്കുവാനായി അവർ അയ്യൻ‌കാളി സ്ക്വയർ സംരക്ഷണ സമിതി രൂപീകരിച്ചിട്ടുമുണ്ട്. മുപ്പതു കൊല്ലം മുമ്പ് നഗരപിതാവ് നൽകിയ വാഗ്ദാനം പാലിക്കാൻ സമീപകാല മാതാപിതാക്കൾ കൂട്ടാക്കിയിട്ടില്ലെന്ന് അവിടേയ്ക്ക് കണ്ണോടിച്ചാൽ മനസിലാകും. സംരക്ഷണ സമിതി ഈയിടെ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിൽ സംസാരിച്ച നേതാക്കളെല്ലാം തന്നെ ഈ അവഗണനയെ അയിത്തമനോഭാവത്തിന്റെ തുടർച്ചയായാണ് കണ്ടത്. കവടിയാറിൽ നിന്ന് വെള്ളയമ്പലം വഴി ദിവസേന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് പോയിരുന്ന മുൻ‌രാജകുടുംബാംഗങ്ങൾ ഇപ്പോൾ അയ്യൻ‌കാളി സ്ക്വയർ ഒഴിവാക്കി നന്തൻ‌കോട് വഴിയാണ് പോകുന്നതെന്ന് ഒരു പ്രാസംഗികൻ പറഞ്ഞു. ഇത് ശരിയാണെങ്കിൽ അവർ അയ്യൻ‌കാളിയെ മാത്രമല്ല അദ്ദേഹത്തെ പ്രജാ സഭയിലേക്ക് നോമിനേറ്റ് ചെയ്ത ശ്രീമൂലം തിരുനാൾ, ദേവദാസി സമ്പ്രദായവും മൃഗക്കുരുതിയും അവസാനിപ്പിക്കുകയും സാമൂഹിക പരിഷ്കർത്താക്കളുടെ പല ആവശ്യങ്ങളും അംഗീകരിക്കുകയും ചെയ്ത റീജന്റ് സേതുലക്ഷിബായി, ക്ഷേത്രങ്ങൾ എല്ലാ ഹിന്ദുക്കാൾക്കും തുറന്നു കൊടുത്ത ശ്രീചിത്തിര തിരുനാൾ എന്നീ പൂർവികരെയും നിന്ദിക്കുകയാണെന്ന് പറയേണ്ടിവരും. ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച കേസിൽ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ കോടതിയിൽ സമർപ്പിച്ച ഒരു സത്യവാങ്മൂലത്തിൽ താൻ തിരുവിതാംകൂർ മഹാരാജാവാണെന്നും ക്ഷേത്രപ്രവേശന വിളംബരം ഒരു രാഷ്ട്രീയ തീരുമാനമായിരുന്നെന്നും അത് പാലിക്കാനുള്ള ബാധ്യത തനിക്കില്ലെന്നുമൊക്കെയുള്ള, ചരിത്രത്തിനും ഭരണഘടനയ്ക്കും നിരക്കാത്ത, അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നുവെന്നതും ഇവിടെ ഓർക്കേണ്ടതുണ്ട്. പത്മനാഭസ്വാമിക്ഷേത്രം സംബന്ധിച്ച കാര്യങ്ങളിലുള്ള കേരള സർക്കാരിന്റെ സമീപനം അതിന്റെമേൽ ജാതിക്കോമരങ്ങളുടെ സ്വാധീനം എത്ര വലുതാണെന്ന് കാണിക്കുന്നു.

ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി തുടങ്ങിയവരോടൊപ്പം ധീരമായ നേതൃത്വം നൽകി കേരളത്തെ മുന്നോട്ടു കൊണ്ടുപോയ നവോത്ഥാന നായകനായ അയ്യൻ‌കാളി ഒരു നൂറ്റാണ്ടിനുശേഷം ചിലരെ അസ്വസ്ഥരാക്കുന്നതിന്റെ കാരണം നവോത്ഥാനമൂല്യങ്ങളുടെ നിരാസമാണ്. ഈ സ്ഥിതിവിശേഷം സൃഷ്ടിക്കുന്നതിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും മാധ്യമങ്ങൾക്കും പങ്കുണ്ട്. ദീർഘകാലം ആധിപത്യം നിലനിർത്തിയ വിഭാഗങ്ങൾക്ക് സംഖ്യാബലവും സംഘടനാശേഷിയും ഉപയോഗിച്ച് സ്വന്തം ശക്തിയുടെ അടിസ്ഥാനത്തിൽ അധികാരത്തിൽ വരാൻ കഴിവില്ലാത്ത രാഷ്ട്രീയ കക്ഷികളെ സ്വാധീനിക്കാനാകുന്നു. ആ സ്വാധീനത്തെ മറികടക്കാനുള്ള ശേഷി ദലിതർക്കില്ല.


ദലിത് സംഘടനകളുടെ പരിപാടികൾ റിപ്പോർട്ട് ചെയ്യാൻ ദിനപത്രങ്ങളും ചാനലുകളും സാധാരണഗതിയിൽ പ്രതിനിധികളെ നിയോഗിക്കാറില്ല. ഇതിൽ അസ്പൃശ്യതാ മനോഭാവത്തിന്റെ പ്രതിഫലനമില്ലേ?. സംഘാടകർ എഴുതി നൽകുന്ന റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാനുള്ള സന്മനസ് ചിലപ്പോൾ പത്രങ്ങൾ കാട്ടാറുണ്ടെന്ന് മാത്രം.


അയ്യൻ‌കാളി പ്രതിമാ പ്രശ്നം രാഷ്ട്രീയസാമൂഹ്യ നിലപാടുകളുടെ ഉരകല്ലാണ്. ആ പ്രതിമയോളം പ്രതീകാത്മക പ്രാധാന്യം അവകാശപ്പെടാവുന്ന വളരെയൊന്നും തലസ്ഥാന നഗരിയിലില്ല. അത് നിലനിൽക്കണമെന്നത് തങ്ങളുടെ ആവശ്യമാണെന്ന് നവോത്ഥാനമൂല്യങ്ങൾ നിലനിർത്തണമെന്നാഗ്രഹിക്കുന്ന എല്ലാവരും തിരിച്ചറിയണം. റോഡ് വികസനത്തിന് അത് മാറ്റിസ്ഥാപിച്ചേ മതിയാകൂവെങ്കിൽ അക്കാര്യത്തെക്കുറിച്ച് ബഹുജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിയണം. (Kalakaumudi, November 6, 2011)

Thursday, October 27, 2011

ഭൂമിക്കുവേണ്ടിയുള്ള ഭാരതയാത്ര

ഏക് താ പരിഷത് ദേശീയ നേതാവ് പി.വി. രാജഗോപാൽ ഒക്ടോബർ 2ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരതയാത്ര ഇപ്പോൾ തമിഴ് നാടിട്ടിലൂടെ കടന്നുപോവുകയാണ്.

ഭൂമിക്കുവേണ്ടിയുള്ള ഗ്രാമീണരുടേ സമരത്തിന്റെ ഭാഗമാണ് ഈ യാത്ര. ഒരു വർഷത്തിലേറെയെടുത്ത് 80,000 കിലോമീറ്റർ സഞ്ചരിച്ചശേഷം 2012 നവംബർ 5ന് രാജഗോപാൽ ഡൽഹിയിലെത്തി സമഗ്ര ഭൂപരിഷ്കരണം നടപ്പക്കാക്കുക എന്ന ആവശ്യം കേന്ദ്ര സർക്കാരിന്റെ മുന്നിൽ വെയ്ക്കുന്നതാണ്.

ഡൽഹി റാലിയിൽ ഒരു ലക്ഷത്തിലേറെ ഭൂരഹിതരായ ആദിവാസികളെയും ദലിതരെയും പങ്കെടുപ്പിക്കാനാണ് സംഘാടകർ ഉദ്ദേശിക്കുന്നത്. ഇന്ത്യയിലെ ഗ്രാമങ്ങൾ തലസ്ഥാനമായ ഡൽഹിയെ വളയുന്ന ജനകീയ പ്രക്ഷോഭമായാണ് പരിപാടി ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്.

ഈ പരിപാടിയെക്കുറിച്ച് പരിമിതമായ വിവരങ്ങളെ മുഖ്യധാരാ മാധ്യമങ്ങൾ നൽകിയിട്ടുള്ളു. കൂടുതൽ അറിയാൻ താല്പര്യമുള്ളവർ കൊച്ചിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗോത്രഭൂമി മാസികയുടെ ഒക്ടോബർ ലക്കം വായിക്കുക. ഭൂപ്രശ്നം സംബന്ധിച്ചുള്ള ഒരു വിശേഷാൽ പ്രതിയാണത്.

ഉള്ളടക്കം:
പി.വി. രാജഗോപാൽ 2007ൽ നടത്തിയ ജനാദേശ് സമരം റിപ്പോർട്ട് ചെയ്ത മലയാള മനോരമ ലേഖകൻ വ്. ജയദേവുമായി ഗോത്രഭൂമി പത്രാധിപർ രാജേന്ദ്ര പ്രസാദ് നടത്തിയ സംഭാഷണം.

ഭൂമിയുടെ രാഷ്ട്രീയത്തെക്കുറിച്ച് രാജഗോപാലുമായി രാജേന്ദ്ര പ്രസദ് നടത്തിയ അഭിമുഖത്തിന്റെ പുന:പ്രസിദ്ധീകരണം.

സമഗ്രഭൂപരിഷ്കരണം: ചൂണ്ടുഫലകം – അനീഷ് തില്ലങ്കേരി

വനാവകാശ നിയമത്തിന് 5 വയസ് – രാജേന്ദ്ര പ്രസാദ്

വർഗ്ഗസമരവും ജാതീയ മർദ്ദനവും – സീതാറാം യെച്ചൂരി

സാംസ്കാരികമായ അന്യാധീനപ്പെടൽ ഉയർത്തുന്ന വെല്ലുവിളി – കെ.എസ്.

ബഹുമാനപ്പെട്ട പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി അറിയാൻ -- കെ.ടി. രാമചന്ദ്രൻ

ഏഴു വർഷം മുമ്പാണ് ഗോത്രഭൂമി പ്രസിദ്ധീകരണം ആരംഭിച്ചത്. ഒറ്റപ്രതി വില 10 രൂപ

മാനേജിങ് എഡിറ്റർ: കെ. വി. വള്ളി
എഡിറ്റർ: രാജേന്ദ്ര പ്രസാദ്
എക്സിക്യൂട്ടീവ് എഡിറ്റർ: വൈക്കം മധു

മേൽവിലാസം: http://www.blogger.com/img/blank.gif
Gothrabhoomi,
Sastha Temple Road,
Kaloor,
Kochi 682017

Telephone 0484-2539784 9447139784 Fax 0484-2409229

ഗോത്രഭൂമി ഓൺലൈനിൽ വായിക്കാൻ സന്ദർശിക്കുക: http://www.gothrabhoomi.com

Monday, October 24, 2011

ഉമ്മൻ ചാണ്ടി സർക്കാർ: വ്യത്യസ്തമായ വിലയിരുത്തലുകൾ

അഞ്ചു മാസം പ്രായമായ ഉമ്മൻ ചാണ്ടി സർക്കാരിനെ വിലയിരുത്തുവാൻ പത്രം ദ്വൈവാരിക രാഷ്ട്രീയ സാമൂഹിക രംഗങ്ങളെ നിരീക്ഷിക്കുന്ന നിരവധി പേരോട് ആവശ്യപ്പെട്ടു. സ്വാഭാവികമായും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. അവ ഇപ്പോൾ വില്പനയിലുള്ള ലക്കത്തിൽ (നവംബർ 1, 2011) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ബാബു പോൾ മുഖ്യമന്ത്രിയുടെ പ്രവർത്തനത്തെ പ്രശംസിക്കുന്നു: “സി. അച്യുതമേനോനെ അനുസ്മരിപ്പിക്കുന്ന പ്രവർത്തന മികവ് ഉമ്മൻ ചാണ്ടി പ്രകടിപ്പിക്കുന്നു. ഈ നിലയിൽ മുന്നോട്ടു പോയാൽ അച്യുതമേനോനോളം നല്ല മുഖ്യമന്ത്രി എന്ന പേര് ഉമ്മൻ ചാണ്ടിക്ക് നേടിയെടുക്കാനാകും.“
സർക്കാരിന്റെ സ്ഥിരതയെക്കുറിച്ച് യു.ഡി.എഫിന് ആശക വേണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. “”അഞ്ചു വർഷം ഭരിക്കാനുള്ള ജനവിധിയുമായി അധികാരത്തിലേറിയ മന്ത്രിസഭയെ മറിച്ചിട്ട് അച്യുതാനന്ദനെ മുഖ്യമന്ത്രിയായി വാഴിക്കാൻ പിണറായി പക്ഷം തയ്യാറാവുമെന്ന് തോന്നുന്നില്ല.”

മുന്നണിയിലും പാർട്ടിയിലും ഉമ്മൻ ചാണ്ടിക്ക് അപ്രമാദിത്തവും സ്വീകാര്യതയുമിണ്ടെന്ന് ബാബു പോൾ പറയുമ്പോൾ ലക്ഷ്യബോധത്തോടെ മന്ത്രിസഭയെ മുന്നോട്ടു നയിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടിരിക്കുന്നുവെന്ന് മറ്റൊരു മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനായ സി.പി. നായർ വിലയിരുത്തുന്നു.

മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് പണ്ടത്തേക്കാൾ പതിന്മടങ്ങ് മ്മോശമായെന്ന് സി.പി. നായർ പറയുന്നു. “തോക്കെടുത്ത് വിദ്യാർത്ഥികളെ വെടിവെക്കുന്ന ഉദ്യോഗസ്ഥർക്കുപോലും വകുപ്പിൽ നിന്ന് സംരക്ഷണം ലഭിക്കും.” മറ്റ് ചില മന്ത്രിമരെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിലയിരുത്തൽ ഇങ്ങനെ: കെ.സി.ജോസഫ് പ്രവർത്തനം കൊണ്ട് നല്ല മന്ത്രിയെന്ന് തെളിയിച്ചു. നല്ല വകുപ്പുകൾ ഇല്ലാഞ്ഞിട്ടും എം.കെ.മുനീർ ഭേദപ്പെട്ട ഭരണം കാഴ്ച വെക്കാൻ ശ്രമിക്കുന്നു. പുതുമുഖമായ പി.കെ.ജയലക്ഷി വിജയമാണ്. ഏറ്റവും മോശപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. മന്ത്രിയുണ്ടോയെന്ന് സംശയിക്കത്തക്ക വിധം നിഷ്ക്രിയമാണ് പൊതുമരാമത്ത് വകുപ്പ്.

കെ.എ,. റോയ്: വെറും നാല് വോട്ടിന്റെ ഭൂരിപക്ഷം മാത്രമുള്ള ഉമ്മൻ ചാണ്ടിക്ക് ഘടകകക്ഷികളെ പ്രീണിപ്പിച്ചു നിർത്തിക്കൊണ്ടു മാത്രമെ ഭർണം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കൂ. ഒരു രൂപായ്ക്ക് അരിയും മറ്റ് നൂറു ദിന പരിപാടികളും ഉണർവ്വുണ്ടാക്കിയിട്ടുണ്ടെങ്കിലും വിദ്യാഭ്യാസരംഗത്തെ അഴിമതികൾക്ക് തടയിടാൻ ധീരമായ ഒരു നടപടിയും കൈകൊള്ളാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.

സി.പി. ജോൺ: കേരളത്തിലെ ഭരണ ചരിത്രത്തിലെ അത്ഭുതമാണ് ഈ സർക്കാരിന്റെ നൂറു ദിവസത്തെ കർമ്മപരിപാടികൾ.

കെ. അജിത: കടുത്ത മനുഷ്യാവകാശലംഘനങ്ങൾ ചെയ്യുന്നവരെ കൈകാര്യം ചെയ്യാനുള്ള പ്രാപ്തിപോലും സർക്കാരിനില്ല. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് സർക്കാർ ഉയരുന്നില്ലെന്ന് തറപ്പിച്ചു പറയാൻ കഴിയും.

ആർ.വി.ജി. മേനോൻ: കഴിഞ്ഞ സർക്കാർ ചെയ്ത എല്ലാ കാര്യങ്ങളും പാടെ നിരാകരിക്കുന്ന സമീപനം ശരിയല്ല. നിർമ്മൽ മാധവ് പ്രശ്നം കൈകാര്യം ചെയ്തത് ശരിയായ രീതിയിലല്ല.

ഇ.എം.നജീബ്: സദ്ഭരണത്തിന് തുറക്കമിട്ടു. വികസന താല്പര്യങ്ങൾ മുൻനിർത്തി ചിന്തിക്കുന്ന എല്ലാവർക്കും ഒരു പുത്തനുണർവ് നൽകാൻ കഴിഞ്ഞു. ശക്തമായൊരു പ്രതിപക്ഷം ഭരണം നിയന്ത്രിക്കാൻ ഉള്ളതുകൊണ്ട് ഭരണം കൂടുതൽ കുറ്റമറ്റതായി.

കെ.കെ.ഷൈലജ: ജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ സമ്പൂർണ്ണ പരാജയം.

പത്രം എന്റെ അഭിപ്രായവും ആരാഞ്ഞിരുന്നു. ഞ്ഞാൻ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം: നേരിയ ഭൂരിപക്ഷത്തിൽ നിലനിൽക്കുന്നതിനാൽ സഖ്യ കക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങാൻ മുഖ്യമന്ത്രി നിർബന്ധിതനാകുന്നു. ചെയ്യേണ്ടത് ചെയ്യാനുള്ള ആർജ്ജവമില്ലായ്മ പ്രകടമാകുന്നു. പല സംഭവങ്ങളിലുമുള്ള പൊലീസ് അന്വേഷണം ഈ വഴിക്ക് വിരൽ ചൂണ്ടുന്നു. കോഴിക്കോട്ട് വിദ്യാർത്ഥികൾക്കു നേരെ വെടിവെച്ച ഉദ്യോഗസ്ഥനെ മാറ്റിനിർത്തി അന്വേഷണം നടത്താൻ കഴിയാഞ്ഞതിനെ ധാർമ്മിക ഭീരുത്വം എന്നാണ് വിശേഷിപ്പിക്കേണ്ടത്.

Friday, October 21, 2011

സ്ത്രീപീഡന കേസുകളെക്കുറിച്ച് ഒരു സമഗ്രാന്വേഷണം

ഇന്നത്തെ കേരളത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ഒഴിവാക്കാനാവാത്ത വിഷയമാണ് സ്ത്രീപീഡനം. പുതിയ പുതിയ പെൺ‌വാണിഭ കഥകൾ അടിയ്ക്കടി പുറത്തു വന്നുകൊണ്ടിരിക്കുന്നു. മാധ്യമങ്ങൾ അവയെ സ്ഥലനാമങ്ങൾ ഉപയോഗിച്ച് അടയാളപ്പെടുത്തുന്നു. അങ്ങനെ സ്ത്രീപീഡന ഭൂമിശാത്രം വികസിച്ചുകൊണ്ടിരിക്കുന്നു.

മാധ്യമശ്രദ്ധയുടെ ഫലമായി സ്ത്രീപീഡനങ്ങൾ കുറയുന്ന ലക്ഷണമൊന്നുമില്ല. ചാനലുകളും പത്രങ്ങളും മത്സരിച്ച് വിവരങ്ങൾ പുറത്തുകൊണ്ടു വന്നിട്ടും – ‘ആഘോഷിച്ചിട്ടും‘ എന്ന് പറയാമെങ്കിലും ആ വാക്ക് ഞാൻ ഒഴിവാക്കുന്നു – സ്ഥിതി മെച്ചപ്പെടാത്തതെന്തുകൊണ്ടാണ്? മാധ്യമ നേതൃത്വം ഇതേക്കുറിച്ച് ഗൌരവപൂർവം ചിന്തിക്കണം. തങ്ങൾ വിഷയം കൈകാര്യം ചെയ്യുന്ന രീതി ജനങ്ങളിൽ ദുഷ്പ്രവണതകൾക്കെതിരായ വികാരം ജനിപ്പിക്കുന്നതിനു പകരം സൂക്ഷസംവേദനശേഷി കുറച്ചുകൊണ്ട് അവയുമായി സമരസപ്പെടാൻ അവരെ പ്രേരിപ്പിക്കുന്നുണ്ടോയെന്നും അവർ പരിശോധിക്കണം.

കോളെജ് അദ്ധ്യാപികയും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഗീത രചിച്ച “അന്യായങ്ങൾ” എന്ന പുസ്തകം കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി നമ്മുടെ മുന്നിലുള്ള ഒരു ഡസൻ സ്ത്രീപീഡന കേസുകളെക്കുറിച്ചുള്ള ഒരു സമഗ്രമായ അന്വേഷണമാണ്. കിളിരൂർ കേസിലെ ഇരയായ ശാരിയുടെ അച്ഛനും അമ്മയും ചേർന്ന് ഈ പുസ്തകം ബുധനാഴ്ച തിരുവനന്തപുരം പ്രസ് ക്ളബ്ബിൽ വെച്ച് പ്രകാശനം ചെയ്തു.

ആമുഖമായി ഗീത പറയുന്നു: “ഉപയോഗിക്കാനും വിൽക്കാനും ലാഭമുണ്ടാക്കാനുമുള്ള കച്ചവടച്ചരക്കല്ല പെണ്ണിന്റെയും കുട്ടിയുടെയും ശരീരം. എല്ലാവർക്കും ഇതറിയാം. എന്നിട്ടും ഭരണകൂടത്തിന്റെ എല്ലാ സംവിധാനങ്ങളും എല്ലാവിധവും വെറും വസ്തുവെന്ന് നടിച്ച് കുട്ടികളുടെ ശരീരം വിറ്റു കാശാക്കിക്കൊണ്ടിരിക്കുന്നു. ഏറ്റവും നികൃഷ്ടമായ ഈ മനുഷ്യാവകാശലംഘനം കാണാനും കേൾക്കാനും തയ്യാറാകാത്ത ഒരു വ്യവസ്ഥയോടാണ് പ്രതിരോധം വേണ്ടിവരുന്നത്. പക്ഷെ അങ്ങനെയാണെങ്കിലും ഈ പ്രതിരോധത്തിനുള്ള ഒരിത്തിരി ഇടം കേരളത്തിന്റെ പൊതുമണ്ഡലത്തിൽ നിലനിൽക്കുന്നുവെന്നതാണ് പ്രധാനം.”

ഫേബിയൻ ബുകസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. വില 230 രൂപ

മേൽവിലാസം:
Fabian Books, ‘Gulmohar” Park Junction, Mavelikara 1, Kerala.
e-mail: fabian.books@gmail.com

Monday, October 17, 2011

രാമകൃഷ്ണപിള്ളയും രാജഗോപാലാചാരിയും പുനർവായനയ്ക്ക് വിധേയമാകുമ്പോൾ

ബി.ആർ.പി. ഭാസ്കർ

ചരിത്രം പുനർവായനയ്ക്ക് വിധേയമാണ്. ചരിത്രപുരുഷന്മാരും. ചിലപ്പോൾ പുതിയ വസ്തുതകൾ പുനർവായന ആവശ്യമാക്കുന്നു. ചിലപ്പോൾ, പുതിയ വസ്തുതകൾ ഇല്ലെങ്കിൽ കൂടി, പഴയ വസ്തുതകളെ പുതിയ വീക്ഷണകോണുകളിൽ കൂടി പരിശോധിക്കാൻ നമുക്കാകുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരത്തിലുള്ള പുരാണേതിഹാസങ്ങളിലെ വീരനായകന്മാരും പ്രതിനായകന്മാരും പുനർവായനയിലൂടെയും പുനരാഖ്യാനത്തിലൂടെയും രൂപഭേദം സംഭവിച്ച മുൻകാല നേതാക്കളാണെന്ന് കരുതാൻ ന്യായമുണ്ട്. കേരള നവോത്ഥാനം എന്ന് വിവക്ഷിക്കപ്പെടുന്ന പരിഷ്കരണ പ്രസ്ഥാനങ്ങൾക്ക് അപചയം സംഭവിക്കുകയും വ്യത്യസ്ത വിഭാഗങ്ങൾ അവയുടെ നേട്ടങ്ങളും കോട്ടങ്ങളും താന്താങ്ങളുടേ താല്പര്യങ്ങളുടെ വെളിച്ചത്തിൽ വിലയിരുത്തുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ വ്യാപകമായ തോതിൽ പുനർവായനയുണ്ടാകുന്നത് സ്വാഭാവികമാണ്.

സമീപകാലത്ത് ഏറെ പരിശോധനയ്ക്ക് വിധേയനായിട്ടുള്ള ഒരു വ്യക്തിയാണ് സ്വദേശാഭിമാനി പത്രാധിപരായിരുന്ന കെ. രാമകൃഷ്ണപിള്ള. അദ്ദേഹത്തെ തിരുവിതാംകൂറിൽ നിന്ന് നാടുകടത്തിയതിന്റെ 101ആം വാർഷികത്തിൽ നേരത്തെ പ്രചാരം നേടിയ ചില കാര്യങ്ങൾ വസ്തുതാപരമാണോ എന്ന സംശയം ഉയർത്തുന്ന ഒരു ലേഖനം കേരള സർക്കാരിന്റെ പുരാരേഖശേഖരത്തിലുള്ള നിരവധി സാമൂഹിക പരിഷ്കരണകാല രേഖകൾ പരിശോധിച്ച.ചെറായി രാമദാസ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതുകയുണ്ടായി. പത്രത്തിന്റെ ഉടമ വക്കം അബ്ദുൾ ഖാദർ മൌലവിയും രാമകൃഷ്ണപിള്ളയും തമ്മിൽ മാതൃകാപരമായ ബന്ധമാണുണ്ടായിരുന്നതെന്ന വിശ്വാസം ചോദ്യം ചെയ്യാനുതകുന്ന ചില വസ്തുതകൾ ആ ലേഖനത്തിലുണ്ട്. പത്രം തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചപ്പോൾ രാമകൃഷ്ണപിള്ള അതിന്റെ പ്രസാധകൻ കൂടിയായിരുന്നതുകൊണ്ട് മറ്റാരുടെയും അനുമതി കൂടാതെ തനിക്ക് ഇഷ്ടമുള്ളത് അച്ചടിക്കാൻ കഴിയുമായിരുന്നെന്ന് രാമദാസ് പറയുന്നു.

“എന്റെ പത്രാധിപരെക്കൂടാതെ എനിക്ക് പത്രമെന്തിന്, അച്ചുക്കൂടമെന്തിന്?“ എന്ന് മൌലവി തന്നോട് പറഞ്ഞതായി രാമകൃഷ്ണപിള്ളയുടെ ഭാര്യ വർഷങ്ങൾക്കുശേഷം എഴുതിയതിന്റെ അടിസ്ഥാനത്തിൽ ജീവചരിത്രകാരനായ ടി. വേണുഗോപാലൻ അദ്ദേഹത്തെ “പത്രാധിപർ നഷ്ടപ്പെട്ടതിൽമാത്രം നിസ്വനായി വിലപിച്ച, പത്രാധിപരെ കൂടാതെ മറ്റെല്ലാം തിരിച്ചുകിട്ടിയിട്ടും എന്ത്കാര്യം എന്ന് ശഠിച്ച” ഉടമയായി ചിത്രീകരിച്ചിരുന്നു പരിശോധിച്ച രേഖകളിൽ നിന്ന് വ്യക്തമാകുന്ന മൂന്ന് വസ്തുതകൾ ചൂണ്ടിക്കാട്ടി രാനദാസ് മൌലവിയുടെ പ്രസ്താവത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നു. പത്രാധിപർ നഷ്ടപ്പെട്ടശേഷം കണ്ടുകെട്ടിയ അച്ചുക്കൂടം വീണ്ടെടുക്കാൻ മൌലവി ശ്രമിക്കുകയുണ്ടായി. അതിനായി നൽകിയ അപേക്ഷയിൽ അദ്ദേഹം രാമകൃഷ്ണപിള്ളയെ തള്ളിപ്പറഞ്ഞു. അപേക്ഷ നൽകിയ വിവരം രാമകൃഷ്ണപിള്ളയെ അറിയിച്ചതുമില്ല.

ഉടമയും പത്രാധിപരും തമ്മിലുള്ള ബന്ധം വിലയിരുത്തുന്നിടത്ത് ഈ വസ്തുതകൾക്ക് എത്രമാത്രം പ്രാധാന്യം കല്പിക്കേണം?

രാമകൃഷ്ണപിള്ള പ്രസാധകസ്ഥാനം വഹിച്ചിരുന്നെങ്കിലും അച്ചുക്കൂടത്തിന്റെ (പത്രത്തിന്റെയും) ഉടമസ്ഥാവകാശം മൌലവി അദ്ദേഹത്തിന് കൈമാറിയതായി കാണുന്നില്ല. ആ നിലയ്ക്ക് അദ്ദേഹത്തിന് പത്രാധിപരുടെ പ്രവർത്തനം അസ്വീകാര്യമായിരുന്നെങ്കിൽ ഇടപെട്ട് തടയാൻ തീർച്ചയായും കഴിയുമായിരുന്നു. തിരുവിതാകൂർ ഭരണകൂടം നാടുകടത്തലിന് വുവസ്ഥ ചെയ്യുന്ന ചട്ടങ്ങൾ രൂപീകരിക്കുന്നതായും അതിന്റെ ലക്ഷ്യം രാമകൃഷ്ണപിള്ളയാണെന്നും മലബാറിൽ നിന്നുള്ള രണ്ട് പ്രസിദ്ധീകരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തിരുവനന്തപുരത്ത് ചിലർക്കെങ്കിലും അറിവുണ്ടായിരുന്ന ഈ വിവരം മൌലവി അറിഞ്ഞിരുന്നില്ലെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. ആ ഘട്ടത്തിൽ രാമകൃഷ്ണപിള്ളയിൽ നിന്ന് പത്രവും അച്ചുക്കൂടവും തിരിച്ചെടുക്കാൻ മൌലവി ശ്രമിച്ചതിന് തെളിവുകളില്ലാത്ത സാഹചര്യത്തിൽ അദ്ദേഹത്തെ പത്രാധിപർക്ക് പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യം നൽകിയ ഉടമയായി തുടർന്നും കാണാവുന്നതാണ്.

നാടുകടത്തൽ വാർഷികാചരണ വേളയിൽ രാമകൃഷ്ണപിള്ളയെ ഭരണകൂടത്തിനെതിരെ ധീരമായ നിലപാടെടുത്ത പത്രാധിപർ എന്ന നിലയിൽ പ്രകീർത്തിച്ച പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ അദ്ദേഹത്തെ പത്രപ്രവർത്തകർക്ക് ഉത്തമ മാതൃകയായി എടുത്തുകാട്ടുകയും ചെയ്തിരുന്നു. പത്രപ്രവർത്തനത്തിന്റെ അടിസ്ഥാന തത്വങ്ങളെ കുറിച്ച് ആദ്യമായി മലയാളത്തിൽ എഴുതിയ പത്രാധിപരാണ് രാമകൃഷ്ണപിള്ള. എന്നാൽ അദ്ദേഹത്തിന്റെ പത്രപ്രവർത്തന ശൈലി അവയ്ക്ക് അനുസൃതമായിരുന്നില്ല. ദിവാൻ പി. രാജഗോപാലാചാരിയുടെ ജാരബന്ധങ്ങളെ സൂചിപ്പിക്കാനായി അദ്ദേഹത്തിന്റെ പേര് സ്വദേശാഭിമാനി ജാരഗോപാലാചാരി എന്ന് അച്ചടിക്കുകയുണ്ടായി. ഓരോ അച്ചും കൈകൊണ്ട് പെറുക്കി നിരത്തിയിരുന്ന അക്കാലത്ത് അതൊരു കൈപ്പിഴയാണെന്നല്ലെ തോന്നുകയുള്ളു? മഞ്ഞപത്രങ്ങൾക്ക് മാത്രം സ്വീകരിക്കാവുന്ന മാതൃകയാണിത്

രാമകൃഷ്ണപിള്ളയെ രാജഗോപാലാചാരിക്കെതിരെ തിരിച്ചത് ഉയർന്ന സാന്മാർഗിക സങ്കല്പമാണെന്ന് കരുതാനാവില്ല. അദ്ദേഹം ദിവാനായിരുന്ന 1907-14 കാലത്ത് തിരുവിതാംകൂടിൽ സാമൂഹ്യപ്രസ്ഥാനങ്ങൾ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ജാതിഭേദവും മതദ്വേഷവുമില്ലാത്ത മാതൃകാസ്ഥാനമെന്ന ആശയം സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞിരുന്നു. എന്നാൽ സമൂഹത്തിന്റെ ഫ്യൂഡൽ സ്വഭാവം അപ്പോഴും ശക്തമായിരുന്നു. തകഴിയുടെ ‘കയറി‘ൽ നിന്ന് ലഭിക്കുന്ന ചിത്രം വിശ്വസനീയമാണെങ്കിൽ --അല്ലെന്ന് കരുതാൻ കാരണം കാണുന്നില്ല -- വൈദിക സമൂഹം സൃഷ്ടിച്ച ലൈംഗിക കോളനിയിൽ നിന്ന് കേരളം പൂർണ്ണ മോചനം നേടിയിരുന്നില്ല. സ്വജാതീയ വിവാഹം എന്ന ആശയം നമ്പൂതിരി സമുദായത്തിലെ ഇളം‌മുറക്കാരുടെ മനസ്സിൽ രൂപപ്പെട്ടിരുന്നില്ല. നിരവധി കുടുംബങ്ങൾ ബ്രാഹ്മണ ബന്ധം കാംക്ഷിക്കുക്കയും ബ്രാഹ്മണന് ഒന്നിലധികം സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നതിന് തടസ്സമില്ലാതിരിക്കുകയും ചെയ്ത അക്കാലത്ത് ദിവാന്റെ മുന്നിൽ പല വാതിലുകളും തുറന്നെങ്കിൽ അത്ഭുതപ്പെടാനില്ല. അന്നത്തെ സംഭവങ്ങൾ വിലയിരുത്തേണ്ടത് ഇന്നത്തെ സ്ത്രീപീഡന സങ്കല്പത്തിന്റെ അടിസ്ഥാനത്തിലല്ല.

രാമകൃഷ്ണപിള്ളയുടെ കലഹം ദുഷിച്ച സാമൂഹ്യ വ്യവസ്ഥയോടായിരുന്നില്ല, രാജഗോപാലാചാരിയോടായിരുന്നു. മഹാരാജാവ് ഉൾപ്പെടെ പല പ്രമാണിമാരുടെയും ലീലകൾ തിരുവനന്തപുരത്ത് അങ്ങാടിപ്പാട്ടായിരുന്നു. പക്ഷെ ദിവാന്റെ പരസ്ത്രീഗമനം മാത്രമാണ് രാമകൃഷ്ണപിള്ളക്ക് വിഷയമായത്.

നാടുകടത്തപ്പെട്ട രാമകൃഷ്ണപിള്ളയ്ക്ക് അനുകൂലമായി സംസാരിക്കാൻ രാജഭക്തരായ തിരുവിതാംകൂറിറുകാർ ധൈര്യം നേടിയത് സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം മാത്രമാണ്. തുടർന്ന് അവർ രാമകൃഷ്ണപിള്ളയെ നായകനും രാജഗോപാലാചാരിയെ പ്രതിനായകനുമാക്കി രാഷ്ട്രീയ പുരാണം മെനഞ്ഞെടുത്തു. രാമകൃഷ്ണപിള്ളയുടെ രക്തസാക്ഷിത്വ വിപണനം അദ്ദേഹത്തിന്റെ ദേവഭാവം തുടർച്ചയായി ഉയർത്തുകയും അതിനൊത്ത് രാജഗോപാലാചാരിയുടെ ആസുരഭാവം വളരുകയും ചെയ്തു.

തിരുവിതാംകൂറിൽ വരുന്നതിനു മുമ്പ്, 1897 മുതൽ 1901 വരെ, രാജഗോപാലാചാരി കൊച്ചി ദിവാനായിരുന്നു. അവിടത്തെ അദ്ദേഹംത്തിന്റെ പ്രവർത്തനം പരക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നതായി അദ്ദേഹത്തെ പുനർവായനയ്ക്ക് വിധേയമാക്കിയ ഡോ. എസ്. ഷാജി പറയുന്നു. എസ്.എൻ.ഡി.പി. യോഗത്തിന്റെ ഉടമസ്ഥതയിലുള്ള ‘യോഗനാദ’ത്തിന്റെ രണ്ട് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച “തെറ്റിദ്ധരിപ്പിക്കപ്പെട്ട സർ രാജഗോപാലാചാരി” എന്ന ലേഖനത്തിൽ അദ്ദേഹം എഴുതുന്നു: “കൊച്ചി ദിവാനായിരുന്ന രാജഗോപാലാചാരിയെപ്പറ്റി കെ. രാമകൃഷ്ണപിള്ളക്കു പോലും വളരെ മതിപ്പായിരുന്നു. ‘പരിഷ്കൃതമായ ഭരണനീതിബോധമുള്ള’, ‘ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ആദരവ് അർഹിച്ചിരുന്ന്‘, ‘തീഷ്ണബുദ്ധി‘യായ, ‘ഉത്തമനായ മന്ത്രി’ എന്നൊക്കെയായിരുന്നു രാജഗോപാലാചാരിയെ രാമകൃഷ്ണപിള്ള വിലയിരുത്തിയത്.” കൊച്ചിയിൽ ഉത്തമനായിരുന്ന രാജഗോപാലാചാരി തിരുവിതാംകൂറിൽ എത്തിയപ്പോൾ രാമകൃഷ്ണപിള്ളയുടെ കണ്ണുകളിൽ മറ്റൊരാളായെങ്കിൽ അതിന്റെ കാരണം അന്വേഷിക്കേണ്ടത് തിരുവിതാംകൂറിൽ അദ്ദേഹം കൈക്കൊണ്ട നടപടികളുടെ കൂടി അടിസ്ഥാനത്തിലാണ്.

കൊച്ചി ദിവാനെന്ന നിലയിൽ രാജഗോപാലാചാരി അവിടത്തെ ഭരണസംവിധാനം നവീകരിക്കുകയും അതിനെ മുന്നോട്ടു നയിക്കുകയും ചെയ്ത ഘട്ടത്തിൽ തിരുവിതാംകൂർ ഭരണകൂടം ഫ്യൂഡൽ സമീപനത്തിൽ അയവു വരുത്താനുള്ള സമ്മർദ്ദം ചെറുക്കുകയായിരുന്നു. മദിരാശിയിൽനിന്ന് മെഡിക്കൽ ഡിപ്ലോമ സമ്പാദിച്ചശേഷം സർക്കാർ ജോലിക്ക് അപേക്ഷിച്ച ഡോ. പി. പല്പുവിനു നൽകിയ മറുപടി അദ്ദേഹത്തിന്റെ ജാതിയിൽ പെട്ടവർക്ക് ജോലി നൽകാറില്ലെന്നായിരുന്നു. പരദേശ ബ്രാഹ്മണർ കയ്യടക്കി വെച്ചിരുന്ന ഉന്നത തസ്തികകൾ വിട്ടുകിട്ടാൻ വേണ്ടി നായർ സമുദായം നടത്തിയ നീക്കത്തിന്റെ ഭാഗമായി പതിനായിരത്തിൽ പരം ഒപ്പുകളോടെ 1891ൽ മഹാരാജാവിന് മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ടു. അതിലുമേറെ ഒപ്പുകളോടെ 1895ൽ ഡോ. പല്പു ഈഴവ മെമ്മോറിയൽ സമർപ്പിച്ചു. അതിലെ പ്രധാന ആവശ്യങ്ങൾ നിയമസഭാ പ്രാതിനിധ്യവും സർക്കാർ ജോലിയുമായിരുന്നു. ദിവാൻ എസ്. ശങ്കരസുബ്ബയ്യർ (1882-98) അതിന് മറുപടിപോലും നൽകിയില്ല. അദ്ദേഹം വിരമിച്ചശേഷമാണ് ഈഴവ പ്രാതിനിധ്യത്തിനായി എസ്.എൻ.ഡി.പി. യോഗം ജനറൽ സെകട്ടറി കൂടിയായിരുന്ന മഹാകവി കുമരനാശാൻ നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്. രാജഗോപാലാചാരി കൂടുതൽ മുന്നോട്ടുപോകാൻ തയ്യാറായി. അദ്ദേഹം ദലിത് കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് അവസരം നൽകണമെന്ന അയ്യൻ‌കാളിയുടെ ആവശ്യം അംഗീകരിച്ചു. അയ്യൻ‌കാളിയെ നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്യുകയും ചെയ്തു.

പൊതുവിദ്യാലയങ്ങൾ ദലിത് കുട്ടികൾക്കായി തുറന്നുകൊടുത്തപ്പോൾ നായർ സമുദായത്തിൽ നിന്നും ശക്തമായ എതിർപ്പുണ്ടായി. അല്പം മുമ്പ് മാത്രം സ്കൂൾ പ്രവേശനത്തിന് അർഹത നേടിയ ഈഴവരും ചില സ്ഥലങ്ങളിൽ നായന്മാരോടൊപ്പം കൂടി. അവർ തങ്ങളുടെ കുട്ടികളെ പിൻ‌വലിക്കുമെന്ന് ഭീഷണിപ്പെടുത്തി. പുലയക്കുട്ടികൾക്ക് പ്രവേശനം നൽകിയ ചില സ്കൂളുകൾ തീവെയ്ക്കപ്പെട്ടു. നായർ രോഷം ശക്തിയായി പ്രകടമായ ഒരിടം രാമകൃഷ്ണപിള്ളയുടെ നാടായ നെയ്യാറ്റിങ്കരയായിരുന്നു. രാമാകൃഷ്ണപിള്ള തന്നെയും പുലയക്കുട്ടികളെ മറ്റ് കുട്ടികൾക്കൊപ്പമിരുത്തി പഠിപ്പിക്കുന്നതിനെ അതിശക്തമായി എതിർത്തു. ഇരുവിഭാഗങ്ങളുടെയും മാനസിക വികാസത്തിൽ വലിയ വ്യത്യാസമുണ്ടെന്നും അവരെ ഒന്നിച്ചിരുത്തി പഠിപ്പിക്കുന്നത് കാളയെയും പോത്തിനെയും ഒരേ നുകത്തിൽ കെട്ടി പാടത്തിറക്കുന്നതു പോലെയാണെന്നും അദ്ദേഹം സമർത്ഥിച്ചു. രാജഗോപാലാചാരി ഇത്തരം വാദങ്ങൾ ചെവിക്കൊണ്ടില്ല. ഒരു സ്കൂളിൽ പുലയക്കുട്ടികളെ പ്രവേശിപ്പിച്ചതിനെ തുടർന്ന് മറ്റ് ജാതികളിൽ പെട്ട കുട്ടികളും ചില അദ്ധ്യാപകരും വിട്ടുപോയതായി വിവരം ലഭിച്ചപ്പോൾ, മറ്റ് കുട്ടികളില്ലെങ്കിൽ പുലയക്കുട്ടികളെ മാത്രം വെച്ചു പഠിപ്പിക്കണെമെന്ന് അദ്ദേഹം നിഷ്കർഷിച്ചതായി ഡോ. ഷാജി രേഖപ്പെടുത്തുന്നു. ദിവാന്റെ ഉറച്ച നിലപാട് വെളിപ്പെട്ടപ്പോൾ വിട്ടുനിന്ന അദ്ധ്യാപകരും കുട്ടികളും തിരിച്ചെത്തി.

കേരള സമൂഹത്തിൽ പതിറ്റാണ്ടുകൾക്കു മുമ്പ് ആരംഭിച്ച സാമൂഹ്യ നവീകരണ പ്രസ്ഥാനങ്ങളുടെ സാംഗത്യം മനസിലാക്കി രാജഗോപാലാചാരി സ്വീകരിച്ച സമീപനം മാറ്റങ്ങളുടെ വേഗത കൂട്ടി. നായർ സമുദായത്തിലെ പരിഷ്കരണവാദികളുടെ പ്രധാന ആവശ്യങ്ങൾ സംബന്ധ-മരുമക്കത്തായ വ്യവസ്ഥകൾ പരിഷ്കരിക്കണമെന്നതായിരുന്നു. രാജഗോപാലാചാരി അതിനോട് അനുഭാവപൂർവം പ്രതികരിച്ചു. അദ്ദേഹത്തിന്റെ കാലത്ത് നിലവിൽ വന്ന നായർ റെഗുലേഷൻ സംബന്ധത്തിന് നിയമസാധുത നൽക്കുകയും മരുമക്കത്തായം നിർത്തലാക്കാനുള്ള പ്രക്രിയക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഈഴവ ക്രൈസ്തവ സമൂഹങ്ങളുടെ പിന്തുടർച്ചാവകാശം സംബന്ധിക്കുന്ന നിയമങ്ങളും പരിഷ്കരിക്കപ്പെട്ടു.

കേരളത്തിൽ ഇപ്പോൾ പ്രകടമായിക്കൊണ്ടൊരിക്കുന്ന പ്രതിലോമ പ്രവണതകൾ തടയാൻ നമുക്കാകണമെങ്കിൽ കൂടുതൽ പുനർവായന ആവശ്യമാണ്. അത് ശരിയായ രീതിയിൽ ആവുകയും വേണം. തെറ്റായ രീതിയിലുള്ള പുനർവായന ഇതിനകം തന്നെ ദുഷ്പ്രവണതകൾക്ക് ശക്തി പകർന്നിട്ടുണ്ട്.

വേണ്ടുവോളം സുരന്മാരെയും അസുരന്മാരെയും മുൻ‌തലമുറകൾ നമുക്ക് സൃഷ്ടിച്ചുതന്നിട്ടുണ്ട്. ആ നിലയ്ക്ക് ഓരോ തലമുറയും മുൻ‌തലമുറകളിൽ‌പെട്ടവരെ വിലയിരുത്തുമ്പോൾ അവരെ ശക്തികളും ദൌർബല്യങ്ങളുമുള്ള മനുഷ്യരായി നിലനിർത്താൻ ശ്രദ്ധിക്കേണ്ടതാണ്.

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഒക്ടോബർ 16-22, 2011 ലക്കത്തിൽ “സ്വദേശാഭിമനി: പുനർവായനയിലെ അനീതി” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തിന്റെ മൂലരൂപം

Saturday, October 15, 2011

അധികാരത്തിലേക്കുള്ള വർഗീയ പാത

ബി.ആർ.പി. ഭാസ്കർ
മാധ്യമം

സുപ്രീംകോടതി പരിസരത്തുള്ള അഡ്വ. പ്രശാന്ത് ഭൂഷണിന്‍െറ ആപ്പീസില്‍ കടന്നുചെന്ന്, ചലിക്കുന്ന ടെലിവിഷന്‍ കാമറയുടെ സാന്നിധ്യം അവഗണിച്ചുകൊണ്ട് (അതോ അതില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ടുകൊണ്ടോ?) ഒരു ചെറിയ സംഘം നടത്തിയ ആക്രമണം ഭരണകൂടത്തെയും നിയമസംവിധാനത്തെയും ഒരു കൂസലും കൂടാതെ വെല്ലുവിളിക്കാനുള്ള വര്‍ഗീയശക്തികളുടെ കഴിവ് വ്യക്തമാക്കുന്നു.

കശ്മീരിനെ കുറിച്ച് പ്രശാന്ത് ഭൂഷണ്‍ നടത്തിയ അഭിപ്രായപ്രകടനമാണത്രെ അക്രമത്തിന് കാരണമായത്. അവിടെ ഈയിടെ കണ്ടെത്തിയ ശവക്കുഴികളെ സംബന്ധിച്ച് സത്യസന്ധമായ അന്വേഷണം അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കൂടാതെ, പട്ടാളത്തിന് അമിതാധികാരം നല്‍കുന്ന ആംഡ് ഫോഴ്സസ് സ്പെഷ്യല്‍ പവേഴ്സ് ആക്ട് പിന്‍വലിക്കണമെന്നും ആവശ്യമെങ്കില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യാ ഗവണ്‍മെന്‍റ് വാഗ്ദാനം ചെയ്ത ഹിതപരിശോധന നടത്താവുന്നതാണെന്നും അദ്ദേഹം പറയുകയും ചെയ്തു.

അക്രമിസംഘത്തിലെ ഒരാളെ പ്രശാന്ത് ഭൂഷണിന്‍െറ സഹായികള്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയുണ്ടായി. അയാള്‍ ശ്രീരാം സേനയുടെ ദല്‍ഹി യൂനിറ്റ് അധ്യക്ഷനായ ഇന്ദര്‍വര്‍മയാണെന്നാണ് പൊലീസ് പറയുന്നത്. ബംഗളൂരുവിലും മംഗലാപുരത്തും ആണ്‍കുട്ടികള്‍ക്കൊപ്പം കണ്ട പെണ്‍കുട്ടികളെ ആക്രമിച്ചുകൊണ്ട് കുപ്രസിദ്ധി നേടിയ ഗുണ്ടാസംഘമാണ് ശ്രീരാം സേന. അതിന്‍െറ ദല്‍ഹി രംഗപ്രവേശത്തെ, പ്രവര്‍ത്തനം രാജ്യവ്യാപകമാക്കാന്‍ ശ്രമം നടക്കുന്നതിന്‍െറ സൂചനയായി കാണാവുന്നതാണ്.

അക്രമം നടന്ന് അധികം കഴിയുന്നതിനു മുമ്പുതന്നെ ഭഗത്സിങ് ക്രാന്തി സേന എന്നൊരു സംഘടന ഇന്‍റര്‍നെറ്റിലൂടെ അതിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്തു. തന്നോടൊപ്പമുണ്ടായിരുന്ന ഒരാള്‍ ഈ സേനയുടെ അധ്യക്ഷനായ തേജിന്ദര്‍പാല്‍ സിങ് ബഗ്ഗയാണെന്ന് ഇന്ദര്‍വര്‍മ പൊലീസിനോട് പറഞ്ഞു. ഏതാണ്ട് നാലുമാസം മുമ്പ് ഇന്‍റര്‍നെറ്റില്‍ അവതരിച്ച സംഘടനയാണ് ക്രാന്തിസേന. നേരത്തേ അരുന്ധതി റോയ്, സ്വാമി അഗ്നിവേശ്, സയ്യിദ് അലി ഷാ ഗീലാനി എന്നിവര്‍ക്കുനേരെ നടന്ന അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് ബഗ്ഗ.
ഹിന്ദുത്വചേരിയുടെ മുദ്രാവാക്യങ്ങളിലും പ്രചാരണസാഹിത്യത്തിലും കാണാവുന്നതും ചരിത്രത്തിന്‍െറ ദുര്‍വായനയിലധിഷ്ഠിതവുമായ അപകര്‍ഷബോധം ക്രാന്തിസേനയുടെ മാനിഫെസ്റ്റോയിലുമുണ്ട്.‘ആയിരം വര്‍ഷങ്ങളായി നാം മരിച്ചുകൊണ്ടിരിക്കുന്നു. ആദ്യം മുഗളന്മാര്‍ നമ്മളെ കൊന്നു. പിന്നീട് ബ്രിട്ടീഷുകാര്‍ നമ്മളെ കൊന്നു. ഇപ്പോള്‍ രാജ്യത്തിനകത്തെ രാജ്യദ്രോഹികള്‍ നമ്മളെ കൊല്ലുന്നു. ഇനി നാം മരിക്കില്ല. നാം മരിച്ചാല്‍ രാജ്യദ്രോഹികളെയും ദേശദ്രോഹികളെയും ശരിക്ക് കൈകാര്യം ചെയ്യാന്‍ ആരുണ്ട്..’ അങ്ങനെ പോകുന്നു ക്രാന്തിസേനയുടെ വെറിപ്രകടനം. ജനാധിപത്യത്തിലും നിയമവാഴ്ചയിലും നേരിയ വിശ്വാസംപോലും സംഘടനക്കില്ളെന്ന് വ്യക്തം.

ചെറിയ അക്രമപ്രവര്‍ത്തനങ്ങളിലൂടെ മാധ്യമശ്രദ്ധ പിടിച്ചുപറ്റാനായെങ്കിലും ശ്രീരാം സേനക്കും ഭഗത്സിങ് ക്രാന്തി സേനക്കും കാര്യമായ വളര്‍ച്ചനേടാന്‍ കഴിഞ്ഞതിന്‍െറ ലക്ഷണമൊന്നുമില്ല. പക്ഷേ, അവയുടെ അപകടകരമായ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ ഇതില്‍ ആശ്വാസത്തിന് വകയില്ല. നഞ്ചെന്തിന് നാലു നാഴി?

തീവ്രഹിന്ദുത്വത്തിന്‍െറ പ്രഭവകേന്ദ്രമായ ആര്‍.എസ്.എസിന്‍െറ നിയന്ത്രണത്തിലുള്ള സംഘ്പരിവാര്‍ രണ്ടായിരത്തില്‍പരം സംഘടനകളുള്ള കൂറ്റന്‍പ്രസ്ഥാനമാണ്. വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ കാലത്ത് അതിന്‍െറ രാഷ്ട്രീയ വാഹനമായിരുന്ന ജനസംഘത്തിന് ഏറെ മുന്നോട്ടുപോകാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ദിരഗാന്ധിയുടെ അടിയന്തരാവസ്ഥക്കെതിരായ രഹസ്യ പ്രവര്‍ത്തനങ്ങളില്‍ ആര്‍.എസ്.എസ് സജീവമായ പങ്ക് വഹിക്കുകയുണ്ടായി. ഇന്ദിരഗാന്ധി തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിക്കുകയും ജയപ്രകാശ് നാരായണ്‍ കോണ്‍ഗ്രസിനെ നേരിടാന്‍ ജനതാ പാര്‍ട്ടി രൂപവത്കരിക്കുകയും ചെയ്തപ്പോള്‍ ജനസംഘം അതില്‍ ലയിച്ചു. ആര്‍.എസ്.എസ് ബന്ധത്തിനെതിരെ മുഖ്യ സോഷ്യലിസ്റ്റ് നേതാക്കളെടുത്ത ശക്തമായ നിലപാട് വളരെവേഗം ജനതാ സര്‍ക്കാറിന്‍െറ പതനത്തിലും ജനതാ പാര്‍ട്ടിയുടെ പിളര്‍പ്പിലും കലാശിച്ചു. ഭാരതീയ ജനതാ പാര്‍ട്ടി എന്ന പേരില്‍ ജനസംഘം പുനര്‍ജനിച്ചപ്പോള്‍ മുമ്പ് സംഘത്തിന്‍െറ ഭാഗമല്ലാതിരുന്ന ചിലരും ഒപ്പം കൂടി.

പിന്നീട് ബി.ജെ.പിക്കുണ്ടായ വളര്‍ച്ച സാധ്യമാക്കിയ സാഹചര്യങ്ങള്‍ പ്രത്യേകശ്രദ്ധ അര്‍ഹിക്കുന്നു. കോണ്‍ഗ്രസ് തളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. അതിന്‍െറ നേതാക്കള്‍ക്ക് വര്‍ഗീയതക്കെതിരെ ഉറച്ച നിലപാടെടുക്കാനുള്ള കഴിവില്ലാതായി. മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ചുകൊണ്ട് ഹിന്ദു പിന്തുണ നിലനിര്‍ത്താമെന്ന് അവര്‍ കരുതി. ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിങ്ങനെ ചിലയിടങ്ങളില്‍ കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് ധാരകളിലൂടെ ജനതാ പാര്‍ട്ടിയിലെത്തിയവരടങ്ങുന്ന ജനതാദളിന് ഒരു ബദല്‍ശക്തിയായി ഉയരാന്‍ കഴിഞ്ഞെങ്കിലും രണ്ട് ദൗര്‍ബല്യങ്ങള്‍ -ഇടുങ്ങിയ ജാതീയ അടിത്തറയും അഴിമതിയും- അതിന്‍െറ വളര്‍ച്ച പരിമിതപ്പെടുത്തി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യമുയര്‍ത്തി സംഘ്പരിവാര്‍ നടത്തിയ പ്രക്ഷോഭം ഹിന്ദുത്വ വോട്ട് ബാങ്കുണ്ടാക്കി ജാതീയതയെ മറികടക്കാന്‍ ബി. ജെ.പിയെ സഹായിച്ചു. എന്നാല്‍, താരതമ്യേന പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് അതിന് വിജയം കാണാനായത്.

വര്‍ഗീയകക്ഷിയെന്നറിയപ്പെട്ടിരുന്ന ജനസംഘവും ബി.ജെ.പിയുമായി കൂട്ടുകൂടാനുള്ള മതനിരപേക്ഷ കക്ഷികളുടെ വൈമുഖ്യമാണ് സംഘ്പരിവാറിന്‍െറ രാഷ്ട്രീയമോഹത്തിന് വളരെക്കാലം തടയായിനിന്നത്. കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്ന് ഒഴിച്ചുനിര്‍ത്താനായി ആര്‍.എസ്.എസ് ബന്ധം അവഗണിച്ചുകൊണ്ട് ബി.ജെ.പിയുമായി പരസ്യമായും രഹസ്യമായും കൈകോര്‍ക്കാന്‍ ഇടതുപക്ഷം ഉള്‍പ്പെടെയുള്ളവര്‍ തയാറായതോടെ ബി.ജെ.പിക്ക് മാന്യതലഭിക്കുകയും കോണ്‍ഗ്രസിനെതിരായ ദേശീയ ബദലായി അത് വളരുകയും ചെയ്തു. 1999ഓടെ നിരവധി പ്രാദേശിക കക്ഷികളടങ്ങുന്ന എന്‍.ഡി.എ സഖ്യമുണ്ടാക്കി കേന്ദ്രത്തില്‍ അധികാരത്തിലേറാന്‍ അതിന് കഴിഞ്ഞു.
മതനിരപേക്ഷതയുടെ പേരില്‍ ആണയിടുന്ന കക്ഷികളും തെരഞ്ഞെടുപ്പില്‍ ജയിക്കാനായി ജാതിമതശക്തികളെ പ്രീണിപ്പിക്കുമ്പോള്‍ ബി.ജെ.പിയുടെ ഹിന്ദു വോട്ട് ബാങ്ക് നിര്‍മിതിയെ ഒരു വലിയ അപരാധമായി കാണേണ്ടതുണ്ടോ എന്ന ചോദ്യം അപ്രസക്തമല്ല. എന്നാല്‍, അധികാരത്തിലേറിയശേഷവും സങ്കുചിത വര്‍ഗീയതയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അതിനായില്ളെന്നത് ലഘുവായി കാണാവുന്ന കാര്യമല്ല. പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്പേയിക്ക് ഹിന്ദുത്വചേരിക്ക് പുറത്ത് സ്വീകാര്യതനേടാന്‍ കഴിഞ്ഞെങ്കിലും ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ അകറ്റാന്‍ അദ്ദേഹം ശ്രമിച്ചില്ല. സംഘ്പരിവാര്‍ അതിന് അനുവദിച്ചില്ളെന്ന് പറയുന്നതാവും ശരി. നരേന്ദ്ര മോഡിയുടെ മൗനാനുവാദത്തോടെ ഗുജറാത്തില്‍ വംശഹത്യ നടന്നപ്പോള്‍ ചെറുവിരലനക്കാന്‍പോലും അദ്ദേഹത്തിനായില്ല.

അഞ്ചുകൊല്ലത്തിലധികം അധികാരത്തിലിരുന്നശേഷം ‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യവുമായി 2004ലെ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. നില അല്‍പം മെച്ചപ്പെടുത്തിയ കോണ്‍ഗ്രസിന് കൂടുതല്‍ പ്രാദേശിക കക്ഷികളുടെ പിന്തുണ നേടിക്കൊണ്ട് അധികാരത്തിലേറാനായി. അധികാരത്തിലിരിക്കുന്ന കക്ഷിയെന്ന ബാധ്യതയോടെ കോണ്‍ഗ്രസ് 2009ലെ തെരഞ്ഞെടുപ്പ് നേരിട്ടപ്പോള്‍ ദേശീയ ബദല്‍ എന്ന നിലയില്‍ ബി.ജെ.പി വിജയപ്രതീക്ഷ വെച്ചുപുലര്‍ത്തിയെങ്കിലും വീണ്ടും പരാജയപ്പെട്ടു.
ഈ പശ്ചാത്തലത്തില്‍ തിരിച്ചുവരവിനുള്ള സാധ്യതകള്‍ ആരായുകയാണ് ബി.ജെ.പിയും അതിന്‍െറ പിന്നിലെ ചാലകശക്തിയായ സംഘ്പരിവാറും. കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ സഖ്യക്കാര്‍ ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് നേരിടുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അഴിമതിയില്‍ ഒട്ടും പിറകിലല്ളെങ്കിലും കോണ്‍ഗ്രസിന്‍െറ ദുരവസ്ഥ സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍ വീണ്ടും പ്രതീക്ഷയുണര്‍ത്തിയിട്ടുണ്ട്. എന്നാല്‍, ഇന്ത്യയുടെ വൈവിധ്യം അംഗീകരിച്ചുകൊണ്ട്, എല്ലാ വിഭാഗങ്ങള്‍ക്കിടയിലും സ്വീകാര്യത നേടിക്കൊണ്ട് വളരാന്‍ ബി.ജെ.പിയെ അനുവദിക്കാന്‍ അത് തയാറില്ല. വര്‍ഗീയതയെ അത് ഇപ്പോഴും അധികാരത്തിലേക്കുള്ള രാജപാതയായി കാണുന്നു. എല്‍.കെ. അദ്വാനിയുടെ രഥയാത്രയും ദല്‍ഹിയിലെ ഗുണ്ടാ വിളയാട്ടവും വര്‍ഗീയ താപമാനം ഉയര്‍ത്തിയും എതിരാളികളെ അടിച്ചൊതുക്കിയും ലക്ഷ്യംനേടാനുള്ള ശ്രമത്തിന്‍െറ ഭാഗമായി കാണാവുന്നതാണ്.

തമ്മില്‍ മത്സരിച്ച് വളര്‍ന്നുകൊണ്ടിരിക്കുന്ന ജാതിമതശക്തികള്‍ നമ്മുടെ ജനാധിപത്യ മതനിരപേക്ഷ വ്യവസ്ഥയെ അപകടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഭരണഘടനയില്‍ എഴുതിവെച്ചതുകൊണ്ടുമാത്രം ജനാധിപത്യവും മതനിരപേക്ഷതയും യാഥാര്‍ഥ്യമാവില്ല. താല്‍ക്കാലിക ലാഭം മുന്‍നിര്‍ത്തി വര്‍ഗീയതയുമായി സമരസപ്പെടാന്‍ തയാറുള്ള രാഷ്ട്രീയ കക്ഷികള്‍ക്ക് ജനാധിപത്യത്തിന്‍െറയും മതനിരപേക്ഷതയുടെയും സംരക്ഷകരാകാനാവില്ല.

Friday, October 14, 2011

പത്മനാഭസ്വാമി ക്ഷേത്രനിധി: മോഹചിന്തയിൽ മുങ്ങുന്ന ചരിത്രം

ബി.ആർ.പി. ഭാസ്കർ

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യശേഖരം പൊതുസ്വത്തല്ലെന്ന് സ്ഥാപിക്കാനായി എം.ജി.ശശിഭൂഷൺ എഴുതിയ ലേഖനത്തിൽ ചരിത്രവസ്തുതകൾ മോഹചിന്തയിൽ മുങ്ങുന്ന കാഴ്ചയാണ് നാം കാണുന്നത്. ചരിത്ര ഗവേഷകനെന്നതിനേക്കാൾ രാജഭക്തിയുടെ സ്വാധീനത്തിൽ നിന്ന് ഇനിയും വിടുതൽ കിട്ടിയിട്ടില്ലാത്ത തിരുവിതാംകൂർകാരനായാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്.

ക്ഷേത്രചരിത്രം രേഖപ്പെടുത്തിയിട്ടുള്ള മതിലകം രേഖകളിലൊരിടത്തും അവിടെയുള്ള അമൂല്യ ശേഖരം പൊതുസ്വത്താണെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വാദത്തെ സാധൂകരിക്കുന്ന ഒരു വരിപോലുമില്ലെന്ന് അദ്ദേഹം പറയുന്നു. അതേസമയം അതൊക്കെ പൊതുസ്വത്തല്ലെന്ന സ്വന്തം നിലപാട് സാധൂകരിക്കാൻ പോരുന്ന ഒരു വരിയും രേഖകളിൽ നിന്ന് എടുത്തു കാണിക്കാൻ അദ്ദേഹത്തിന് ആവുന്നുമില്ല.

കേവലം 700 കൊല്ലത്തെ ചരിത്രം മാത്രം പറയുന്ന മതിലകം രേഖകളുടെ അടിസ്ഥാനത്തിൽ 2000 വർഷം പഴക്കമുള്ളതെന്ന് കരുതപ്പെടുന്ന സംഘ കൃതികളിൽ പരാമർശിക്കപ്പെടുന്ന ആരധനാലയത്തെ സംബന്ധിച്ച് തീർപ്പ് കല്പിക്കുന്നതിന്റെ അനൌചിത്യം അദ്ദേഹതെ അലട്ടുന്നതായി കാണുന്നില്ല. അവിടെ ദേവൻ സ്വർണ്ണ കൂമ്പാരത്തിൻമേൽ ഇരിക്കുന്നതായാണ് ഒരു സംഘ കവി രേഖപ്പെടുത്തിയിട്ടുള്ളത്. അതായത് 14ആം നൂറ്റാണ്ടിൽ മതിലകം രേഖകൾ എഴുതി തുടങ്ങുന്നതിനു എത്രയൊ മുൻപു തന്നെ അവിടെ വലിയ സമ്പദ് ശേഖരം ഉണ്ടായിരുന്നു. അത് തിരുവിതാംകൂർ രാജവംശത്തിന്റെ കൈകളിലെത്തിയത് 18ആം നൂറ്റാണ്ടിൽ മാർത്താണ്ഡവർമ്മ മഹാരാജാവ് ആധിപത്യ സ്ഥാപിച്ചതോടെയാണ്.

മതിലകം രേഖകളെ ആശ്രയിക്കുമ്പോൾ ഒരു ചരിത്രഗവേഷകൻ അവശ്യം ഓർക്കേണ്ട ചില വസ്തുതകളുണ്ട്. അതിലൊന്ന് അവ പൂർണ്ണമല്ലെന്നതാണ്. അവയുടെ ഒരു ഭാഗം മാത്രമാണ് ഇപ്പോഴും പൊതുജനങ്ങൾക്ക് പ്രാപ്യമായിട്ടുള്ളത്. ബാക്കി മുൻ‌രാജകുടുംബത്തിന്റെ നിയന്ത്രണത്തിലാണ്. പതിന്നാലാം നൂറ്റാണ്ടു മുതലുള്ള രേഖകൾ വൈദിക ബ്രാഹ്മണർ ആധിപത്യം സ്ഥാപിച്ചശേഷം നിലവിൽ വന്ന വ്യവസ്ഥയുടെ താല്പര്യങ്ങൾക്ക് അനുസൃതമായി എഴുതപ്പെട്ടവയാണെന്നതും ഓർക്കേണ്ടതുണ്ട്. ആ താല്പര്യങ്ങൾക്ക് അനുസൃതമല്ലാത്തതുകൊണ്ടു കൂടിയാവണം അതിനു മുമ്പുള്ള പല നൂറ്റാണ്ടുകാലത്തെ ചരിത്രം സംബന്ധിച്ച രേഖകൾ ലഭ്യമല്ലാത്തത്. ബ്രാഹ്മണാധിപത്യത്തിൻ കീഴിൽ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് ചില ആചാരങ്ങളിൽ അനുവദിച്ചിട്ടുള്ള പങ്ക് അവർക്ക് ഈ ക്ഷേത്രവുമായി പൂർവബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നു.

വേണാട് രാജകുടുംബം പല ശാഖകളായി പിരിഞ്ഞശേഷം തായ്‌വഴികൾ മത്സരിച്ച് കാഴ്ചവെച്ച വസ്തുക്കളാണ് ക്ഷേത്രസ്വത്തിന്റെ 90 ശതമാനവുമെന്ന് ഒരു തെളിവിന്റെയും പിൻബലമില്ലാതെ ശശിഭൂഷൺ അഭിപ്രായെപ്പെടുന്നു. രാജാക്കന്മാരുടെ പ്രധാന വരുമാനം കുരുമുളകിൽ നിന്നുള്ള ആദായമായിരുന്നെന്നും അദ്ദേഹം പറയുന്നു. അക്കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ അടിമച്ചന്ത പ്രവർത്തിച്ചിരുന്നത് ഇവിടെയാണ്. രാജാക്കന്മാർക്ക് വരുമാനമുണ്ടാക്കിക്കൊടുത്ത ഒന്നായിരുന്നു അത്. മുലക്കരം, തലക്കരം തുടങ്ങി ലോകത്തെങ്ങും കേട്ടുകേൾവി പോലുമില്ലാത്ത നീച വരുമാനമാർഗ്ഗങ്ങളും അവർക്കുണ്ടായിരുന്നു. ഇതൊക്കെ അവഗണിച്ചുകൊണ്ട് അദ്ദേഹം കുരുമുളകിലേക്ക് നമ്മുടെ ശ്രദ്ധ തിരിച്ചുവിടുന്നത് ക്ഷേത്രത്തിൽ കാണിക്ക അർപ്പിച്ച രാജാക്കന്മാരുടെ ഫ്യൂഡൽ. പാരമ്പര്യത്തെ വെള്ളപൂശാനാണ്. സ്വാതി തിരുനാളിന്റെ കാലത്ത് ആരാധനാവകാശമുള്ള ആറു ലക്ഷം പേരുണ്ടായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹം നൽകുന്ന വിവരത്തിൽ നിന്നുതന്നെ കൃസ്ത്യാനികളും മുസ്ലിംകളും ഉൾ‌പ്പെടെ നാനാമതസ്ഥരും ക്ഷേത്രത്തിന് സംഭാവന നൽകിയതായി തെളിയുന്നുണ്ട്. അപ്പോൾ ആരാധനാവകാശമുള്ളവരുടെ എണ്ണത്തിന് എന്ത് പ്രസക്തിയാണുള്ളത്?

നിരവധി നൂറ്റാണ്ടുകാലം ക്ഷേത്രനിധി ഭദ്രമായി സൂക്ഷിച്ചതുകൊണ്ട് അതിന്റെ ഉടമസ്ഥാവകാശമൊ, കുറഞ്ഞപക്ഷം ഭരണാവകാശമൊ. മുൻ‌രാജകുടുംബത്തിനു വിട്ടുകൊടുക്കണമെന്നാണ് ശശിഭൂഷണും മറ്റ് രാജഭക്തന്മാരും പറയുന്നത്. ക്ഷേത്രത്തിൽ നിന്ന് സ്വർണ്ണം കടത്തിക്കൊണ്ടു പോയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം വിശ്വസനീയമായ തെളിവിന്റെ അഭാവത്തിൽ തള്ളിക്കളയാവുന്നതാണ്. എന്നാൽ ക്ഷേത്ര സ്വത്തുക്കൾ ഇക്കാലമത്രയും ഭദ്രമായിരുന്നെന്ന വാദം എത്രമാത്രം ശരിയാണെന്ന് അറിയുവാൻ ഇപ്പോൾ നടക്കുന്ന കണക്കെടുപ്പ് പൂർത്തിയാവുകയും അതിൽ നിന്ന് ലഭിക്കുന്ന വിവരം മുമ്പെടുത്ത കണക്കിലെ വിവരവുമായി ഒത്തുനോക്കുകയും ചെയ്യേണ്ടതുണ്ട്. ക്ഷേത്രത്തിനു പുറത്തുള്ള സ്വത്തുക്കൾ ഭദ്രമായി സൂക്ഷിക്കാനായോ എന്നും പരിശോധിക്കേണ്ടതാണ്. തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി, തിരുനൽ‌വേലി ജില്ലകളിലായി ഒരു കാലത്ത് 30,000 ഏക്കർ ഭൂമി ക്ഷേത്രത്തിനുണ്ടായിരുന്നതായി ശശിഭൂഷൺ പറയുന്നു. തിരുനെൽ‌വേലി ഒരുകാലത്തും തിരുവിതാംകൂറിന്റെ ഭാഗമയിരുന്നില്ല. അവിടെ ക്ഷേത്രത്തിനു ഭൂമിയുണ്ടായിരുന്നെന്ന വിവരം തിരുവിതാംകൂർ രാജാവ് ക്ഷേത്രം കയ്യടക്കുന്നതിനു മുമ്പുള്ള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ്. തമിഴ്‌നാട്ടിലുണ്ടായിരുന്ന ധാരാളം ഭൂമി അവിടത്തെ സർക്കാർ ഏറ്റെടുത്തെന്നും പ്രതിഫലമായി ഒരു വലിയ തുക ഒറോ കൊല്ലവും ലഭിച്ചിരുന്നെന്നും ശശിഭൂഷൺ സാക്ഷ്യപ്പെടുത്തുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഭൂമി ഇപ്പോഴും ക്ഷേത്രത്തിന്റെ കൈവശമാണ്ടോയെന്ന് അദ്ദേഹം വ്യക്തമാക്കുന്നില്ല. ഇല്ലെങ്കിൽ അതില്ലാതായ സാഹചര്യം പരിശോധിക്കപ്പെടേണ്ടതാണ്.

ക്ഷേത്രസ്വത്തിന്റെ ഉടമസ്ഥാവകാശവും ഭരണാവകാശവുമൊക്കെ നിശ്ചയിക്കുന്നിടത്ത് മഹാരാജാക്കന്മാർ അത് എങ്ങനെ കൈകാര്യം ചെയ്തുവെന്നതിന് പരിമിതമായ പ്രസക്തിയേയുള്ളു. കാരണം അത് അടിസ്ഥാനപരമായി ഒരു നിയമപ്രശ്നമാണ്. ആ നിലയ്ക്കാണ് വിഷയം കോടതിയുടെ മുന്നിലെത്തിയത്. അതുണ്ടായ സാഹചര്യം മറക്കാവുന്നതല്ല.

മാർത്താണ്ഡവർമ്മ മഹരാജാവ് അയൽ‌രാജ്യങ്ങൾ വെട്ടിപ്പിടിച്ച് തിരുവിതാംകൂർ രാജ്യമുണ്ടാക്കിയപ്പോൾ പ്രദേശത്തെ പ്രധാന ക്ഷേത്രങ്ങളൊക്കെയും തന്റെ നിയന്ത്രണത്തിലാക്കി. ബ്രിട്ടീഷ് റസിഡന്റായിരുന്ന മൺ‌റൊ ദിവാൻപദം കൂടി ഏറ്റെടുത്ത ഘട്ടത്തിൽ സർക്കാർ വരുമാനം കൂട്ടുന്നതിനുള്ള നടപടികളുടെ ഭാഗമായി ശ്രീപത്മനാഭസ്വാമി ക്ഷേത്രമൊഴികെയുള്ളവ ഗവണ്മെന്റിന്റെ കീഴിലാക്കി. തിരുവിതാംകൂറും കൊച്ചിയും ഇന്ത്യൻ യൂണിയനിൽ ലയിക്കുകയും അവയെ സംയോജിപ്പിച്ച് ഒറ്റസംസ്ഥാനമാക്കുകയും ചെയ്തപ്പോൾ രണ്ട് രാജ്യങ്ങളിലും സർക്കാരിന്റെ കീഴിലുണ്ടായിരുന്ന ക്ഷേത്രങ്ങളുടെ ഭരണത്തിനായി ദേവസ്വം ബോർഡുകൾ രൂപീകരിക്കപ്പെട്ടു. മതനിരപേക്ഷ സർക്കാർ അമ്പലങ്ങൾ ഭരിക്കുന്നത് ശരിയല്ലെന്നതുകൊണ്ടാണ് ബോർഡുകളുണ്ടാക്കിയത്. തിരുവിതാംകൂർ രാജാക്കന്മാർക്ക് ശ്രീപത്മനാഭസ്വാമിക്ഷേത്രവുമായുള്ള പ്രത്യേക ബന്ധം പരിഗണിച്ച് അതിന്റെ നിയന്ത്രണം തുടർന്നും തന്റെ കീഴിലാകണമെന്ന ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ അഭ്യർത്ഥന കേന്ദ്രം സ്വീകരിച്ചു.

ശ്രീചിത്തിര തിരുനാൾ 1991 ജൂലൈ 19ന് അന്തരിച്ചു. മഹാരാജപദവി അതിനകം ഇല്ലാതായിരുന്നു. അദ്ദേഹത്തിന്റെ സഹോദരൻ മാർത്താണ്ഡവർമ്മ കുടുംബത്തിന്റെ തലവനായി. അദ്ദേഹം പരമ്പരാഗതമായ ചടങ്ങുകൾ നടത്തി അനന്തരാവകാശിയെന്ന നിലയിൽ ശ്രീപത്മനാഭദാസൻ എന്ന പദവി ഏറ്റെടുത്തു. തിരുവിതാംകൂർ രാജാവിന്റെ നിയമപരമായ പിന്തുടർച്ചക്കാരെന്ന നിലയിൽ അമ്പലത്തിന്റെ നിയന്ത്രണം കേരള സർക്കാരിൽ എത്തിച്ചേർന്നിരുന്നു. എന്നാൽ അവസാന മഹാരാജാവ് മരിക്കുന്നതിന് നാലാഴ്ച മുൻപു മാത്രം അധികാരത്തിലേറിയ യു.ഡി.എഫൊ പ്രതിപക്ഷത്തായിരുന്ന എൽ.ഡി.എഫൊ ഇതേക്കുറിച്ച് ബോധവാന്മാരായിരുന്നില്ല. ശ്രീപത്മഭദാസൻ എന്ന പദവിയുടെ ബലത്തിൽ മാർത്താണ്ഡവർമ്മ ക്ഷേത്രത്തിന്റെ ഭരണച്ചുമതല ഏറ്റെടുത്തു.

സർക്കാരിൽ നിന്നൊ രാജഭക്ത്ന്മാരിൽ നിന്നൊ എതിർപ്പൊന്നും കൂടാതെ ക്ഷേത്രഭരണം നടത്തിക്കൊണ്ടിരുന്ന മാർത്താണ്ഡവർമ്മ നിലവറകൾ തുറന്ന് അമൂല്യ വസ്തുക്കളുടെ ഫോട്ടൊയെടുക്കാൻ തീരുമാനിച്ചതായി ഒരു പത്രലേഖകനോട് പറഞ്ഞു. അത് തിരുവനന്തപുരത്തെ ചില മനുഷ്യരിൽ ആശങ്കയുയർത്തി. അവർ അത് തടയണമെന്നാവശ്യപ്പെട്ടു സിവിൽ കോടതികളെ സമീപിച്ചു. ഒരു കോടതി നിലവറ തുറക്കുന്നത് തടഞ്ഞു. അതിനെതിരെ ഹൈക്കോടതിയെ സമീപിച്ച മാർത്താണ്ഡവർമ്മ ക്ഷേത്രം തന്റെ കുടുംബത്തിന്റെ വകയാണെന്ന് അവകാശപ്പെട്ടു. തിരുവിതാംകൂർ രാജാവെന്ന പദവിയില്ലാത്തതിനാൽ നിയമപരമായി അദ്ദേഹത്തിന് ക്ഷേത്രഭരണം ഏറ്റെടുക്കാൻ അർഹതയുണ്ടായിരുന്നില്ലെന്ന് കോടതി വിധിച്ചു. ശ്രീചിത്തിര തിരുനാൾ ക്ഷേത്രം തനിക്കൊ കുടുംബത്തിനൊ അവകാശപ്പെട്ടതാണെന്ന് ഒരിക്കലും പറഞ്ഞിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തിരുവിതാകൂർ രാജാവെന്ന നിലയിലാണ് അദ്ദേഹം ക്ഷേത്രഭരണം നടത്തിയിരുന്നത്. രാജാവ് ഇല്ലാതായതോടെ രാജാവിൽ നിക്ഷിപ്തമായിരുന്ന അധികാരം കേരള സർക്കാരിൽ ചെന്നു ചേർന്നുവെന്നും മതനിരപേക്ഷ സർക്കാർ അമ്പലം ഭരിക്കുന്നത് ശരിയല്ലാത്തതുകൊണ്ട് ഗുരുവായൂർ, കൂടൽമാണിക്യം ക്ഷേത്രങ്ങളുടേതിന് സമാനപായ രീതിയിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് ഭരണസംവിധാനമുണ്ടാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ശ്രീചിത്തിര തിരുനാൾ ട്രസ്റ്റിയെന്ന നിലയിലാണ് ക്ഷേത്രഭരണം നടത്തിയിരുന്നതെന്നും എല്ലാ ഗുണഭോക്താക്കളുടെയും താല്പര്യം മുൻ‌നിർത്തിയാണ് ട്രസ്റ്റി പ്രവർത്തിക്കേണ്ടതെന്നും ഭക്തജനങ്ങളും മറ്റെല്ലാ ജനങ്ങളും ഗുണഭോക്താക്കളിൽ പെടുമെന്നും കോടതി പറഞ്ഞിട്ടുണ്ട്. ഇത് അംഗീകരിക്കാൻ ചിലർക്ക് കഴിയാത്തത് അവരിൽ അവശേഷിക്കുന്ന രാജഭക്തി ശ്രീപത്മനാഭഭക്തിയേക്കാൾ ശക്തമായതുകൊണ്ടാണ്. (കേരളശബ്ദം, ഒക്ടോബർ 23, 2011 - പ്രസിദ്ധീകരണത്തീയതി 9-10-2011)

Wednesday, September 21, 2011

ടിയെൻ ജോയ് എഴുതിക്കൊണ്ടിരിക്കുന്നു

മുസിരിസിൽ ടിയെൻ ജോയ് എഴുതിക്കൊണ്ടേയിരിക്കുന്നു. സമീപകാല രചനകൾ “ലഘുലേഖ 2011– ഇടപെടലുകളുടെ പ്രതിസ്വനം” എന്ന പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നു.

കമ്മ്യൂണിസ്റ്റുകാരുടെ ലയനം എന്ന ആദ്യ ലേഖനത്തിൽ ജോയ് എഴുതുന്നു:

തൊഴിലാളിവർഗ്ഗ പ്രത്യയശാസ്ത്രം എന്ന പോരിമയിൽ തുടർന്നുപോകുന്ന രാഷ്ട്രീയ ജീവിതങ്ങൾ കയ്യൊഴിക്കേണ്ട ജഡഭാരങ്ങളിൽ രണ്ടെണ്ണത്തെക്കുറിച്ച് തുടക്കത്തിലെ സൂചിപ്പിക്കേണ്ടതുണ്ട്.

1) കമ്മ്യൂണിസ്റ്റ് ലയനത്തെക്കുറിച്ചുള്ള ചർച്ചയിലെ അച്ചടക്കനൊയമനിർഭരത.
2) എല്ലാം അറിയപ്പെട്ടിരിക്കുന്നു, ഉന്നതാധികാര സമിതിയുടെ പ്രമേയങ്ങളിൽ ശർകളല്ലാതെ ഒന്നും, ഉദ്ധരിക്കാൻ പറ്റാത്തതായ യാതൊന്നും ഇല്ല, ഇമ്മട്ടിലുള്ള ശാഠ്യം.

ഇത് ജനങ്ങളുടെ താൽ‌പ്പര്യത്തിന് ഇണങ്ങുന്നതാണോ?

അല്ല എന്ന തോന്നലാണ് ഈ കുറിപ്പുകൾക്ക് ആധാരം


ഫേസ്‌ബുക്കിലും (http://www.facebook.com/tnjoyi) കഫിലയിലും (http://kafila.org/)ഇംഗ്ലീഷിൽ എഴുതിയ കുറിപ്പുകളും ഇതിലുണ്ട്.
പുറംചട്ടയിൽ ആലങ്കോട് ലീലാകൃഷ്ണൻ, ദേശാഭിമനി കൺസൾട്ടിങ്ങ് എഡിറ്റർ എൻ. മാധവൻ‌കുട്ടി, പി.എൻ.ദോപീകൃഷ്ണൻ എന്നിവരുടെ സാക്ഷ്യപ്പെടുത്തലുകളുണ്ട്. മാധവൻ‌കുട്ടി പറയുന്നു: “ടിയെൻ ജോയിയുടെ വിണ്ട് കീറുന്ന വാക്കുകളെ അവഗണിക്കണമെങ്കിൽ നിങ്ങൾ ഒരു കള്ളനായിരിക്കണം”

വില 50 രൂപ

Publishers:
Bhoomika
Kodungallur
Phone 0480-2807273 Mobile 9847517273

ഒരു സംശയം: മുസിരിസ് വിദേശികൾ ഉപയോഗിച്ച പേരല്ലേ? Cranganore ഉപേക്ഷിച്ചതുപോലെ നമുക്ക് അതുപേക്ഷിച്ച് മൂലരൂപത്തിലേക്ക് മടങ്ങരുതൊ?

Thursday, August 18, 2011

സ്‌നേഹത്തിന്റെ പൂമരമായി തമ്പി കാക്കനാടൻ


കുരീപ്പുഴ ശ്രീകുമാർ

ചിന്ത രവിയുടെ മരണം പോലെതന്നെ വേദനിപ്പിക്കുന്നതാണ്‌ തമ്പി കാക്കനാടന്റെ മരണവും. ഇരുവരും ഹൃദയപക്ഷത്ത്‌ നിലയുറപ്പിച്ചുകൊണ്ട് അനന്തവിഹായസ്സിലേയ്‌ക്ക്‌ കൈകളുയര്ത്തി, ജീവിതത്തെ അന്വേഷണങ്ങളുടെയും അമ്പരപ്പുകളുടെയും ആഘോഷമാക്കി. കൊല്ലം എസ് എൻ കോളജിലെ വിദ്യാര്ഥിയായിരുന്ന കാലത്ത്‌ തമ്പി കാക്കനാടന്‍ കോളജ് പ്രതിഭകളായിരുന്ന വി സാംബശിവന്റെയും കുരീപ്പുഴ നടരാജന്റെയും പെരുമ്പുഴ ഗോപാലകൃഷ്‌ണന്റെയും സതീർഥ്യനായിരുന്നു. മൂവരുടെയും പാതകൾ വിട്ട് സ്വാതന്ത്ര്യത്തിന്റെ ചുവപ്പന്‍ പാതയിലേയ്‌ക്കു നടന്നുപോയ തമ്പി കാക്കനാടന്‍ സ്റ്റുഡന്റ്സ് ഫെഡറേഷൻ പ്രവർത്തന കാലത്തെക്കുറിച്ച് എന്നും ആയിരം നാവോടെ വിശദീകരിക്കുമായിരുന്നു. കോളജിലെ സാഹിത്യമത്സരവേദികളിൽ ഇവർ മൂന്നു പേരും സമ്മാനിതരുമായിരുന്നു.

കാക്കനാടന്‍ സഹോരന്മാഇർ കേരളത്തെ വിസ്‌മയപ്പെടുത്തിയ പ്രതിഭാസംഗമമാണ്. അവരുടെ താവളങ്ങൾ പരിധിയില്ലാത്ത സ്വാതന്ത്ര്യത്തിന്റെ ആവാസകേന്ദ്രങ്ങളാണ്‌. ഒന്നിച്ചുള്ള മദ്യപാനവും കമ്മ്യൂണിസ്റ്റ് ചർച്ചനകളും അവർ ഉത്സാഹവേളകളാക്കി. അവരുടെ സംഗമസ്ഥലികളിൽ ലോകവിജ്ഞാനം നഗ്നമായി നിന്നു. മലയാളികളുടെ പ്രിയപ്പെട്ട കഥാകാരൻ ജോർജ് വർഗീസ് എന്ന കാക്കനാടന്‍, അകാലത്തില്‍ വിട്ടുപിരിഞ്ഞ രാജന്‍ കാക്കനാടന്, ഇപ്പോൾ നമ്മെ വേർപിഎരിഞ്ഞ തമ്പി കാക്കനാടന്‍. ഇവർക്കെല്ലാം മുകളിൽ ലോഹമുഴക്കവും ഉത്തുംഗ ചിന്തയുമായി ഇഗ്നേഷ്യസ്‌ കാക്കനാടന്‍. ഓരോരുത്തരും എണ്ണം പറഞ്ഞ പ്രതിഭകൾ. എസ്‌തപ്പാൻ എന്ന അരവിന്ദൻ സിനിമയിലൂടെയും ചിത്രകലയിലൂടെയും കഥകളിലൂടെയും അസാധാരണ യാത്രാനുഭവങ്ങളിലൂടെയും
ശ്രദ്ധേയനായ രാജന്‍ കാക്കനാടനാണ്‌ ആദ്യം വേർപിരിഞ്ഞത്‌. കൊല്ലത്തെ പോളയത്തോട്‌ ശ്‌മശാനത്തിൽ രാജൻ കാക്കനാടനെ സംസ്‌കരിച്ചപ്പോൾ തമ്പിച്ചായൻ പോക്കറ്റിൽ തിരുകിവച്ചത്‌ സ്വന്തം പേന തന്നെയായിരുന്നു.
സഹോദരനെ പേന കൊടുത്തു യാത്രയാക്കിയ അസാധാരണ മനുഷ്യനായിരുന്നു തമ്പി കാക്കനാടന്‍.

കവിതയോട്‌ തമ്പി കാക്കനാടന്‌ അതിരറ്റ ആസക്തിയായിരുന്നു. കടമ്മനിട്ട രാമകൃഷ്‌ണനും ഡി വിനയചന്ദ്രനും എ അയ്യപ്പനും ബാലചന്ദ്രൻ ചുള്ളിക്കാടും പ്രശസ്‌തരും അപ്രശസ്‌തരുമായ യുവകവികളും സ്വന്തം കവിതകൾകൊണ്ട്‌ തമ്പി കാക്കനാടനെ ലഹരിപിടിപ്പിച്ചവരായിരുന്നു.

ലാളിത്യത്തിന്റെ പ്രതീകമായിരുന്നു തമ്പി കാക്കനാടന്‍. ഏതു പ്രായത്തിലുംപെട്ട സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ സമ്പത്തായിരുന്നു. ഇന്ത്യൻ എയർലൈൻസിൽ സമുന്നത ഉദ്യോഗസ്ഥനായിരുന്ന തമ്പി കാക്കനാടന്‍, അവിടെനിന്നും ഇറങ്ങിപ്പോന്നത്‌ ചൈനയെക്കുറിച്ചെഴുതിയ ലേഖനം മാപ്പാക്കണമെന്ന്‌ രേഖപ്പെടുത്തിക്കൊടുക്കുവാൻ അധികൃതർ ആവശ്യപ്പെട്ടപ്പോഴാണ്‌. ക്ഷമാപണ കത്തിനു പകരം തമ്പി കാക്കനാടൻ നല്കിയത്‌ രാജിക്കത്ത്. കാക്കനാടന്മാര്ക്ക് ‌ഉന്നത ജോലിസ്ഥിരത ഒരിക്കലും ഒരു പ്രശ്‌നമായിരുന്നില്ല. ആ സഹോദരന്മാരെല്ലാവരും വലിയ സന്ദർഭങ്ങളെ പലപ്പോഴും വേണ്ടെന്നുവച്ചവരാണ്‌.

തമ്പി കാക്കനാടന്‍ രചിച്ച “ഒരു കലാപത്തിന്റെ ഓർമ്മയ്‌ക്ക്‌“ എന്ന നോവലിന്റെ പ്രകാശനവും അദ്ദേഹത്തിന്റെ ചിന്തപോലെതന്നെ വ്യത്യസ്‌തമായിരുന്നു. ആലപ്പുഴയിലെ ചെത്തുതൊഴിലാളി യൂണിയന്‍ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പ്രകാശനച്ചടങ്ങിൽ അദ്ദേഹത്തിന്റെ സൂഹൃത്തുക്കൾ ആ നോവൽ മുഴുവൻ വായിച്ചവതരിപ്പിക്കുകയായിരുന്നു. ആരുടെ കാലുപിടിച്ചായാലും വേണ്ടില്ല വിപ്ലവം സംഘടിപ്പിക്കുകതന്നെ ചെയ്യും എന്ന അതിസാഹസികരുടെ തീവ്രവാദ സംഭാഷണങ്ങളും പായസത്തിൽ വീണുള്ള മധുര മരണവുമൊക്കെ ആസ്വദിക്കാൻ ചിത്രകാരന്മാരും കവികളുമൊക്കെയടങ്ങിയ സമ്പന്നമായ ഒരു സദസ്സുമുണ്ടായിരുന്നു. `പൂർത്തീകരിക്കാൻ കഴിയാത്ത ഒരു സിനിമയുടെ കഥ' എന്ന ലഘുചിത്രത്തിൽ തമ്പി കാക്കനാടന്‍ അഭിനയിച്ചിട്ടുണ്ട്. ‘തകരച്ചെണ്ട‘യിലൂടെ പിന്നീട്‌ ശ്രദ്ധേയനായ അവിരാ റബേക്കയാണ്‌ ആ സിനിമയുടെ രചനയും സാക്ഷാത്‌കാരവും നിർ‌വഹിച്ചത്‌. മരിച്ചുപോയ ഒരു പട്ടാളക്കാരന്റെ ഉടുപ്പലക്കുമ്പോൾ കിട്ടുന്ന കത്തിൽ നിന്നാണ്‌ ആ സിനിമയുടെ ചുരുൾ നിവര്ന്നത്‌. അലക്കുകാരനായി വേഷമിട്ടത്‌ സാക്ഷാൽ തമ്പി കാക്കനാടൻ. അവിരാ റബേക്കയും ആ ഹ്രസ്വചിത്രത്തിൽ അഭിനയിച്ചിരുന്നു. ഇരുവരും ചേർന്ന് ‌ ‘ചിത്രത്തിൽ ആലപിച്ച ഭഗവാനു `പണമെന്തിനാ, നിനയ്‌ക്കുമ്പം
നിനയ്‌ക്കുമ്പം പണമില്ലയോടീ' എന്ന പഴയ പാട്ട്‌ സിനിമാസ്വാദകരെ വല്ലാതെ രസിപ്പിച്ചിരുന്നു.

പണത്തിന് തമ്പി കാക്കനാടൻ, ജീവിതത്തിലൊരിക്കൽ പോലും അമിതവില കൽപ്പിച്ചിരുന്നില്ല. ആവശ്യം വരുമ്പോൾ അദ്ദേഹത്തിന്റെ കൈകളിലേയ്‌ക്ക്‌ പണം വന്നുവീഴുകയായിരുന്നു. സൗഹൃദങ്ങൾക്കും സൽക്കാരങ്ങൾക്കും അമിത പ്രാധാന്യമാണ്‌ തമ്പി കാക്കനാടൻകാട്ടിയിരുന്നത്‌. ലോകോത്തര കൃതികളുടെ വായനയും സംവാദവും അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ അരങ്ങേറിയിരുന്നത്‌ യുവ സമൂഹത്തിന്‌ ദിശാബോധം നല്കാൻ പര്യാപ്‌തമായിരുന്നു. ആ സാഹസിക യാത്രികന്റെ ഓർമയ്ക്കു മുന്നിൽ ശിരസു നമിക്കുന്നു.

Friday, July 1, 2011

ക്രിമിനലുകള്‍ കൈകോര്‍ക്കുമ്പോള്‍

പൊലീസും ക്രിമിനലിസവും

ബി.ആർ.പി.ഭാസ്കർ

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പൊലീസില്‍ നിന്നൊഴിവാക്കണമെന്ന ഹൈകോടതി നിര്‍ദേശം ഒരോര്‍മപ്പെടുത്തലാണ്. സര്‍ക്കാര്‍ സ്വയമേവ ചെയ്യേണ്ട കാര്യമാണത്. പൊലീസ് പാരമ്പര്യത്തിന്റെ ഭാഗമായ കസ്റ്റഡി പീഡനം പോലുള്ള കുറ്റകൃത്യങ്ങളില്‍ മാത്രമല്ല ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊല നടത്തുന്നതു പോലുള്ള പുതുതലമുറ കുറ്റകൃത്യങ്ങളിലും പൊലീസുദ്യോഗസ്ഥന്മാരുടെ പേരുകള്‍ അടിക്കടി ഉയര്‍ന്നുവരുന്ന സാഹചര്യം ഈ ഓര്‍മപ്പെടുത്തല്‍ സമയോചിതമാക്കുന്നു.

പൊലീസ് പാരമ്പര്യവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ വ്യക്തികളുടെ ദോഷത്തേക്കാള്‍ സ്ഥാപനത്തിന്റെ ദോഷമാണ് പ്രതിഫലിക്കുന്നത്. നാടക-സിനിമാ പ്രവര്‍ത്തകനെന്ന നിലയില്‍ സത്യനെ അറിഞ്ഞിരുന്നവര്‍ അദ്ദേഹത്തെ ഓര്‍ക്കുന്നത് ഒരു നല്ല നടനും നല്ല മനുഷ്യനുമായാണ്. അതുകൊണ്ട്, ആലപ്പുഴയില്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറായിരിക്കെ അദ്ദേഹം ഒരു പ്രതിയെ വഴിനീളെ തല്ലുന്നതു കണ്ടതായി കെ.പി. അപ്പന്‍ എഴുതിയപ്പോള്‍ എനിക്ക് അതുള്‍ക്കൊള്ളാനായില്ല. സബ് ഇന്‍സ്‌പെക്ടറായിരുന്ന സത്യന്റെ ചെയ്തിയെ പൊലീസിന്റെ പാരമ്പര്യവുമായി ബന്ധപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ബുദ്ധിമുട്ട് മാറിക്കിട്ടി. പുതുതലമുറ കുറ്റങ്ങള്‍ പൊലീസ് പാരമ്പര്യത്തിന്റെ ഭാഗമല്ല. അവ വ്യക്തിയുടെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു.

പൊലീസുകാര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയരുമ്പോള്‍ കേരളത്തിലെ പൊലീസാണ് രാജ്യത്തെ ഏറ്റവും മികച്ചതെന്ന് വിലയിരുത്തുന്ന പഠനങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാറും പൊലീസ് സംഘടനകളും അവയെ ചെറുക്കാറുണ്ട്. തീര്‍ത്തും ദുരുപദിഷ്ടമായ സമീപനമാണിത്. നമ്മുടെ പൊലീസ് താരതമ്യേന മെച്ചപ്പെട്ടതാണെന്നതുകൊണ്ട് അതിലെ അംഗങ്ങളുടെ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറച്ചു കണ്ടുകൂടാ. നേരെമറിച്ച്, അവയെ കൂടുതല്‍ ഗൗരവത്തോടെ കാണാന്‍ അത് നമ്മെ പ്രേരിപ്പിക്കേണ്ടതാണ്.

പ്രശ്‌നം ലഘൂകരിക്കാനായി സേനയില്‍ ക്രിമിനലുകളുടെ എണ്ണം കുറവാണെന്ന വാദവും ചിലര്‍ ഉന്നയിക്കാറുണ്ട്. ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിലനിര്‍ത്തുന്ന സംവിധാനത്തില്‍ കുറ്റവാസനയുള്ള ഒരു വ്യക്തിയുടെ സാന്നിധ്യം പോലും അനുവദനീയമല്ല. കാക്കി യൂനിഫോം ധരിക്കുന്നയാള്‍ കുറ്റവാസനയുള്ള മറ്റാളുകളേക്കാള്‍ അപകടകാരിയാണ്.

നാഷനല്‍ െ്രെകം റികോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടനുസരിച്ച് ഹീന കുറ്റങ്ങളില്‍ കേരളം മുന്നിലാണ്. ഏറ്റവും നല്ല പൊലീസുള്ള സംസ്ഥാനത്ത് ഏറ്റവുമധികം ഹീനകുറ്റങ്ങള്‍ നടക്കുന്നതിലെ വിരോധാഭാസം നാം തിരിച്ചറിയണം.

കേരളത്തില്‍ 2007ല്‍ 860 പൊലീസുകാര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിരുന്നതായി സംസ്ഥാന പൊലീസ് തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആകെയുള്ള 40,000ന് താഴെ സേനാംഗങ്ങളില്‍ രണ്ട് ശതമാനത്തിലധികം നടപടികള്‍ നേരിടുകയായിരുന്നെന്നര്‍ഥം. ശക്തമായ അച്ചടക്ക സംവിധാനം ആവശ്യപ്പെടുന്ന ഒരു വിഭാഗത്തെ സംബന്ധിച്ചിടത്തോളം ഇത് ചെറുതല്ല. കുറ്റവാളികളായ സഹപ്രവര്‍ത്തകരെ സംരക്ഷിക്കാനുള്ള സഹജമായ വാസന കണക്കിലെടുക്കുമ്പോള്‍ പൊലീസിലെ ക്രിമിനലുകളുടെ ശതമാനം ഇതിലും കൂടുതലാണെന്ന് കരുതണം.

പൊലീസുകാര്‍ക്കെതിരായ കേസുകളില്‍ ഇന്ത്യന്‍ പീനല്‍ കോഡില്‍പെടുന്ന ബലാത്സംഗം, കൊലപാതകം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ക്കു പുറമെ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും സൂക്ഷിച്ചതിന് ആംസ് ആക്ട്, എക്‌സ്‌പ്ലോസിവ്‌സ് ആക്ട് എന്നിവ പ്രകാരമുള്ളവയും ഉള്‍പ്പെട്ടിരുന്നു. പൊലീസുകാര്‍ പ്രതികളായ കേസുകളില്‍ പതിവിലധികം കാലതാമസം ഉണ്ടാകാറുണ്ട്. പലപ്പോഴും വൈകിയാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അന്വേഷണവും മെല്ലെത്തന്നെ. അന്വേഷണവും വിചാരണയും നടക്കുന്നതിനിടയില്‍ ഡിവൈ.എസ്.പി പടവുകല്‍ കയറി ഐ.ജിയും ഡി.ജി.പിയും ഒക്കെ ആയ കഥകളും പൊലീസിന്റെ ചരിത്രത്തിലുണ്ട്. ക്രിമിനല്‍ കേസുണ്ടെന്ന് അറിയുമ്പോള്‍ പൊലീസുകാര്‍ ഒളിവില്‍ പോകുന്നത് അപൂര്‍വമല്ല. നിയമത്തിന് കീഴടങ്ങാതെ ഒളിച്ചു നടക്കുന്നയാള്‍ പൊലീസില്‍ തുടരാന്‍ യോഗ്യനാണോ? സഹപ്രവര്‍ത്തകരുടെ സഹായവും സഹകരണവും കൂടാതെ ഒരു പൊലീസുകാരനും ഒളിവില്‍ കഴിയാനാവില്ല. ഒളിവില്‍പോകാന്‍ സഹായിക്കുന്നവരെ നിയമവ്യവസ്ഥയോട് പ്രതിബദ്ധതയുള്ളവരായി കാണാനാവില്ല.

പൊലീസുകാരുടെ വര്‍ഗബോധം മാര്‍ക്‌സിസം പഠിച്ചുണ്ടാകുന്നതല്ല, ഫ്യൂഡല്‍ പാരമ്പര്യത്തില്‍ നിന്ന് വരുന്നതാണ്. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുന്നത് മനോബലത്തെ പ്രതികൂലമായി ബാധിക്കുമെന്നു പറഞ്ഞുകൊണ്ട് മേലധികാരികളും നിസ്സംഗത പാലിക്കാറുണ്ട്.

അവരുടെ സമീപനം മനസ്സിലാക്കാന്‍ സേനയുടെ ഭൂതകാലം ഓര്‍മയിലുണ്ടാകണം. ഒന്നര നൂറ്റാണ്ടു മുമ്പ് ബ്രിട്ടീഷുകാരും നാട്ടുരാജാക്കന്മാരും കൊളോണിയല്‍ ഫ്യൂഡല്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉണ്ടാക്കിയ സംവിധാനത്തിന്റെ നേര്‍ തുടര്‍ച്ചയാണ് ഇന്നത്തെ പൊലീസ്. ആയുധബലം കൊണ്ട് അധികാരം നേടുകയും നിലനിര്‍ത്തുകയും ചെയ്തവര്‍ക്ക് സേനയുടെ മനോവീര്യത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കേണ്ടത് ആവശ്യമായിരുന്നു. അതേ സമീപനം ജനാധിപത്യ വ്യവസ്ഥയിലും തുടരുന്നത് ഭരണാധികാരികള്‍ നിലനില്‍പിന് ഇപ്പോഴും ജനപിന്തുണയേക്കാള്‍ സായുധസേനയെ ആശ്രയിക്കുന്നതുകൊണ്ടാണ്.

പതിറ്റാണ്ടുകള്‍ക്കു മുമ്പുണ്ടായ എസ്.ഐ. സോമന്‍ വധക്കേസ് മുതല്‍ ഇപ്പോള്‍ ഇഴഞ്ഞുനീങ്ങിക്കൊണ്ടിരിക്കുന്ന ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ് വരെയുള്ള കേസുകളുടെ ചരിത്രം പരിശോധിച്ചാല്‍ കീഴ്‌കോടതിയില്‍ വിചാരണ നടക്കുമ്പോള്‍ തന്നെ പ്രതികള്‍ പ്രാരംഭപ്രശ്‌നങ്ങളുമായി സുപ്രീംകോടതി വരെ പോയതായി കാണാം. വ്യവഹാരങ്ങളുടെ ഭാരിച്ച ചെലവ് വഹിക്കാന്‍ പൊലീസുകാര്‍ പിരിവ് നടത്താറുണ്ട്.

പണമില്ലാത്തതുകൊണ്ട് പ്രതികള്‍ക്ക് ഉയര്‍ന്ന കോടതികളെ സമീപിക്കാന്‍ കഴിയാത്ത സാഹചര്യം തീര്‍ച്ചയായും അഭികാമ്യമല്ല. അതേസമയം, പൊലീസുകാര്‍ അഭിലഷണീയമായ മാര്‍ഗങ്ങളിലൂടെയാണ് പണം സമാഹരിക്കുന്നതെന്ന് ഉറപ്പാക്കേണ്ടതുണ്ട്. പൊലീസിന് വലിയ സാമ്പത്തിക സഹായം നല്‍കാന്‍ തയാറാകുന്നവര്‍ സത്യസന്ധമായ ജീവിതം നയിക്കുന്നവരാകാനുള്ള സാധ്യത കുറവാണ്.

നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് തുടങ്ങിയ പ്രക്രിയയുടെ ഫലമായി ഒരു ചെറിയ കാലയളവില്‍ പൊലീസ് സേനയുടെ അംഗബലം ഇരട്ടിയായി. സേനയുടെ പ്രകടമായ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാതെ വിപുലീകരണം നടത്തിയതുകൊണ്ട് ദുഷിച്ച ചെറിയ പൊലീസിന്റെ സ്ഥാനത്ത് ദുഷിച്ച വലിയ പൊലീസ് ഉണ്ടായി. ജനമൈത്രിപോലുള്ള പദ്ധതികള്‍ കൊണ്ട് അതിന്റെ ജീര്‍ണത മറച്ചു വെക്കാനാവില്ല.

ഇപ്പോള്‍ ഹൈകോടതിയുടെ മുന്നിലുള്ളത് സേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ നിയമനം വൈകുന്നവരുടെ പ്രശ്‌നമാണ്. രാഷ്്രടീയ ബന്ധമുള്ളവരുടെ നിയമനവും ഇതോടൊപ്പം പരിഗണിക്കേണ്ടതാണ്. പൊലീസ് സേനയുടെ വികസനം നടന്ന കാലവും സാഹചര്യവും ഇവിടെ പ്രസക്തമാകുന്നു. അനുയായികളെ ഏതുവിധേനയും സര്‍വീസില്‍ കടത്തണമെന്ന ഉദ്ദേശ്യമുള്ള കക്ഷികള്‍ ഭരണത്തിലിരിക്കുമ്പോള്‍ അവര്‍ക്ക് താല്‍പര്യമുള്ളവര്‍ കൂടുതലായി തെരഞ്ഞെടുക്കപ്പെടും. കമ്യൂണിസ്റ്റ് പാര്‍ട്ടി അക്രമപാതയിലായിരുന്ന ഘട്ടത്തില്‍ അതുമായുള്ള ബന്ധം സര്‍ക്കാര്‍ ജോലിക്ക് അയോഗ്യതയായി കണക്കാക്കിയിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പാര്‍ലമെന്ററി പ്രക്രിയയില്‍ പങ്കെടുക്കുകയും അധികാരത്തില്‍ പങ്കാളികളാവുകയും ചെയ്യുന്ന ഇക്കാലത്ത് അവയുമായുള്ള ബന്ധം സര്‍ക്കാര്‍ നിയമനത്തിന് തടസ്സമാകേണ്ട കാര്യമില്ല.

ക്രിമിനല്‍ നടപടികള്‍ നേരിടുന്ന അപേക്ഷകരില്‍ ചിലരെങ്കിലും രാഷ്ട്രീയ കക്ഷികളുടെ പ്രക്ഷോഭ പരിപാടികളില്‍ പങ്കെടുത്തതിന്റെ ഫലമായാവും കേസുകളില്‍ പെട്ടത്. അത്തരം സാഹചര്യങ്ങളില്‍ കേസില്‍പെടുന്നതും രണ്ടു കൊല്ലത്തില്‍ കുറവായ ജയില്‍ശിക്ഷ ലംഘിക്കുന്നതും എം.എല്‍.എയും മന്ത്രിയും ആകുന്നതിന് തടസ്സമല്ല. ആ സ്ഥിതിക്ക് അതിന്റെ പേരില്‍ സര്‍ക്കാര്‍ ജോലി നിഷേധിക്കേണ്ടതില്ല.

എന്നാല്‍, പൊലീസ് സേനയുടെ സവിശേഷ സ്വഭാവം കണക്കിലെടുത്തുകൊണ്ട് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരെ കേസുകള്‍ രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുത്തതിന്റെ ഫലമായി ഉണ്ടായവയാണെങ്കില്‍ പോലും അതില്‍ നിന്നൊഴിവാക്കുന്നതില്‍ തെറ്റില്ല. ക്വട്ടേഷന്‍ സംഘങ്ങള്‍ അടുത്തകാലത്ത് ഉയര്‍ന്നുവന്നിട്ടുള്ള ഒരു വിഭാഗമാണ്. അവയെ നയിക്കുന്നവരില്‍ പലരും പാര്‍ട്ടികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചശേഷം അവയുടെ അച്ചടക്ക നിയന്ത്രണത്തിനു പുറത്തുകടന്ന് കരാറുകാരായി മാറിയവരാണ്.

പൊലീസും അത്തരം സംഘങ്ങളും തമ്മിലുള്ള ബന്ധത്തില്‍ രാഷ്ട്രീയക്കാരും കണ്ണി ചേരാറുണ്ട്. കാക്കിധാരികളും അല്ലാത്തവരുമായ ക്രിമിനലുകള്‍ കൈകോര്‍ക്കുന്നത് നിയമവാഴ്ചയുടെ തകര്‍ച്ചയിലേക്കാണ് നയിക്കുക.

പൊലീസ് സേനയുടെ പ്രധാന പ്രശ്‌നം നീതിബോധത്തിന്റെ കുറവാണ്. സി.ആര്‍.പി.എഫ് മുന്‍ കോണ്‍സ്റ്റബ്ള്‍ പി. രാമചന്ദ്രന്‍ നായരുടെ ഉയര്‍ന്ന നീതിബോധമാണ് തിരുനെല്ലി കാട്ടില്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് പൊലീസ് നടത്തിയ അറുകൊലയുടെ ചുരുളഴിച്ചത്. മേലുദ്യോഗസ്ഥരുടെ ഭീഷണിക്കു വഴങ്ങി നക്‌സലൈറ്റ് നേതാവ് വര്‍ഗീസിനെ വെടിവെച്ചു കൊന്ന രാമചന്ദ്രന്‍ നായര്‍ അക്കാലത്തുതന്നെ വിവരം ഗ്രോ വാസുവിനെ അറിയിച്ചിരുന്നു. അന്നത്തെ സാഹചര്യങ്ങളില്‍ വാസുവിന് ആ വിവരം പ്രയോജനപ്പെടുത്താനായില്ല. സാഹചര്യങ്ങള്‍ മാറിയശേഷം, സര്‍വീസില്‍നിന്ന് റിട്ടയര്‍ചെയ്ത രാമചന്ദ്രന്‍ നായര്‍, ചെയ്ത കുറ്റത്തിന് ശിക്ഷ ഏറ്റുവാങ്ങാന്‍ തയാറായി വീണ്ടും മുന്നോട്ടു വന്നതിന്റെ ഫലമായി, ഐ.ജി പദവി വരെ എത്തിയ ഒരു മുന്‍ ഉദ്യോഗസ്ഥന് കോടതി ജീവപര്യന്തം തടവ് വിധിച്ചു. മരണം രാമചന്ദ്രന്‍ നായരെ ശിക്ഷയില്‍നിന്ന് രക്ഷിച്ചു. നിയമവാഴ്ചയില്‍ ആ സാധാരണ പൊലീസുകാരനുണ്ടായിരുന്നത്ര വിശ്വാസമുള്ള എത്ര ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുണ്ട്?
(മാധ്യമം, ജൂലൈ 1, 2011)

Sunday, June 26, 2011

മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്: സ്വാശ്രയപ്രശ്നം ഇക്കൊല്ലം തന്നെ പരിഹരിക്കണം

ശ്രീ. ഉമ്മൻ ചാണ്ടി,
ബഹുമാനപ്പെട്ട മുഖ്യമന്ത്രി.

ആദരണീയനായ മുഖ്യമന്ത്രി,

പത്തു കൊല്ലമായി കേരളത്തിന്റെ മുന്നിൽ കീറാമുട്ടിയായി നിൽക്കുന്ന സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നത്തിന് ഇക്കൊല്ലം തന്നെ ശാശ്വത പരിഹാരം കാണണമെന്ന് അഭ്യർത്ഥിക്കാനാണ് ഈ കത്ത്.

അഞ്ചു കൊല്ലം യു.ഡി.എഫും അഞ്ചു കൊല്ലം എൽ.ഡി.എഫും ഭരണത്തിലിരുന്നുകൊണ്ട് ഈ പ്രശ്നവുമായി മല്ലടിച്ചു. അഞ്ചു കൊല്ലം വീതം ഇരുമുന്നണികളും (പ്രധാനമായും വിദ്യാർത്ഥി സംഘടനകളെ ഉപയോഗിച്ച്) പ്രതിപക്ഷത്തിരുന്നുകൊണ്ടും മല്ലടിച്ചു. കൂടാതെ ഹൈക്കോടതിയും സുപ്രീം കോടതിയും ഇക്കാലമത്രയും മല്ലടിച്ചു. പക്ഷെ വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ.

എ.കെ. ആന്റണിയാണ് 2001ൽ 12 സ്വകാര്യ പ്രൊഫഷനൽ കോളെജുകൾക്ക് അനുമതി നൽകിക്കൊണ്ട് കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് സ്വാശ്രയ ഘട്ടത്തിന് തുടക്കം കുറിച്ചത്. സംസ്ഥാനത്തു നിന്നുള്ള ധാരാളം കുട്ടികൾ ഓരോ കൊല്ലവും വൻതുകകൾ തലവരിയായി നൽകി അയൽ സംസ്ഥാനങ്ങളിൽ പ്രവേശനം നേടുന്നുണ്ടായിരുന്നു. പുറത്തേക്ക് ഒഴുകുന്ന പണം ഇവിടെ പ്രയോജനപ്പെടുത്താമെന്ന ചിന്തയാണ് ഇടതുപക്ഷത്തിന്റെ ശക്തമായ എതിർപ്പ് അവഗണിച്ചുകൊണ്ട് ആ തീരുമാനം എടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

സ്വാശ്രയ സ്ഥാപനങ്ങൾ പകുതി സീറ്റുകളിലേക്ക് സർക്കാരിന്റെ മെറിറ്റ് ലിസ്റ്റിൽ നിന്ന് പ്രവേശനം നടത്തണമെന്നും അങ്ങനെ പ്രവേശനം ലഭിക്കുന്നവരിൽ നിന്ന് സർക്കാർ കോളെജുകളിൽ നിലവിലുള്ള ഫീസ് മാത്രമെ വാങ്ങാവൂ എന്നും ആന്റണി നിർദ്ദേശിച്ചു. അതിന്റെ അടിസ്ഥാനത്തിൽ “രണ്ട് സ്വകാര്യ കോളെജുകൾ സമം ഒരു സർക്കാർ കോളെജ്“ എന്ന സുന്ദരമായ സമവാക്യവും അദ്ദേഹം രൂപപ്പെടുത്തി. എന്നാൽ മാനേജ്മെന്റുകളെ ഈ നിബന്ധനകൾ പാലിക്കുന്നതിന് നിർബന്ധിക്കുന്ന നിയമമൊ ചട്ടമൊ സർക്കാർ ഉണ്ടാക്കിയില്ല: സാമ്പത്തികശേഷിയുള്ള പല വിഭാഗങ്ങളും പ്രൊഫഷണൽ കോളെജുകൾ തുടങ്ങാൻ അനുമതി നേടുകയും മുഴുവൻ സീറ്റുകളും കിട്ടാവുന്ന വിലയ്ക്ക് വിൽക്കുകയും ചെയ്തു തുടങ്ങി. ഈ സ്ഥിതി നിയന്ത്രിക്കാൻ സർക്കാരിനൊ കോടതികൾക്കൊ കഴിയാത്തത് ലജ്ജാകരമാണ്.

ഓരോ കോളെജ് വർഷം തുടങ്ങുമ്പോഴും മാനേജ്മെന്റുകളുമായി സർക്കാർ ചർച്ച തുടങ്ങും. ക്ലാസുകൾ തുടങ്ങേണ്ട സമയമാകുമ്പൊഴേക്കും സർക്കാർ പൂർണ്ണമായൊ ഭാഗികമായൊ കീഴടങ്ങിക്കൊണ്ട് ചർച്ച അവസാനിക്കും. അതോടൊപ്പം അടുത്ത അധ്യയന വർഷം ശാശ്വതപരിഹാരം കണ്ടെത്തുമെന്ന പ്രഖ്യാപനവുമുണ്ടാകും. അടുത്ത കൊല്ലവും ഇതേ നാടകം അരങ്ങേറും.

സർക്കാരിനു പുറത്തും നാടകങ്ങളുണ്ടാകും. വിദ്യാർത്ഥി സംഘടനകൾ സ്വാശ്രയ കോളെജുകളിലേക്ക് മാർച്ച് നടത്തും, നേതാക്കൾ തീപ്പൊരി പ്രസംഗങ്ങൾ നടത്തും. പിന്നെ അടിച്ചുതകർക്കൽ, കല്ലേറ്, ലാത്തിച്ചാർജ്, വെള്ളംചീറ്റൽ തുടങ്ങിയ പരിപാടികളുണ്ടാകും. അനന്തരം ഒരു കൊല്ലത്തേക്ക് എല്ലാം ശാന്തം.

ഇപ്പോൾ മനേജ്മെന്റൂകളുമായി സർക്കാർ നടത്തുന്ന ചർച്ചയും ജൂലൈ 15 മുതൽ പ്രക്ഷോഭം തുടങ്ങുമെന്ന പ്രതിപക്ഷത്തിന്റെ അറിയിപ്പും ചാക്രിക പരിപാടികളുടെ തുടർച്ചയെ സൂചിപ്പിക്കുന്നു.

ഇരുഭാഗത്തെയും യോദ്ധാക്കളെ സംബന്ധിച്ചിടത്തോളം ഈ വാർഷിക പരിപാടികൾ ഗുണകരമാണ്. മാനേജ്മെന്റുകൾക്ക് തുടർന്നും തന്നിഷ്ടപ്രകാരം പ്രവേശനം നടത്താനാകുന്നു. വിദ്യാർത്ഥി നേതാക്കൾക്ക് കഴിവ് തെളിയിച്ച് രാഷ്ട്രീയ ഭാവി ഉറപ്പാക്കാൻ കഴിയുന്നു. കക്ഷിനേതാക്കൾക്ക് ബന്ധുക്കൾക്ക് മാനേജ്മെന്റ് ക്വോട്ടയിൽ പ്രവേശനം നേടാനാകുന്നു. രാഷ്ട്രീയ സ്വാധീനമൊ സാമ്പത്തികശേഷിയൊ ഇല്ലാത്ത കുടുംബങ്ങളിലെ കുട്ടികൾക്ക് മാത്രം അത് ദോഷം ചെയ്യുന്നു.

തികച്ചും യാദൃശ്ചികമായി ഇക്കൊല്ലം ഒരു കോൺ‌ഗ്രസ് നേതാവും ഒരു മുസ്ലിം ലീഗ് നേതാവും (ഇരുവരും അപ്പോൾ മന്ത്രിപദം കാത്തിരിക്കുകയായിരുന്നു) ഒരു സി.പി.എം. നേതാവും പണം കൊടുത്ത് മക്കൾക്ക് സ്വാശ്രയ മെഡിക്കൽ കോളെജുകളിൽ പ്രവേശനം നേടിയ വസ്തുത പുറത്തു വരികയും മൂവരും സീറ്റുകൾ ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയും ചെയ്തു. ഇതിൽ രണ്ട് സീറ്റുകൾ വിറ്റത് പരിയാരം മെഡിക്കൽ കോളെജിന്റെ ഭരണം നിയന്ത്രിക്കുന്ന സി.പി.എമ്മിന്റെ ഉന്നത നേതാവായ എം.വി.ജയരാജനാണ്. എല്ലാം നിയമപരമായാണ് ചെയ്തതെന്ന് ജയരാജൻ പറയുന്നു. അതു ശരിയാണു താനും. കാരണം ഇന്ന് നിയമതടസം കൂടാതെ സ്വാശ്രയ കോളെജുകൾക്ക് സീറ്റ് വിൽക്കാനും കാശുള്ളവർക്ക് അവ വാങ്ങാനും കഴിയും. എന്നിട്ടും മൂന്നു പേർക്ക് വങ്ങിയ സീറ്റ് തിരിച്ചു നൽകേണ്ടി വന്നത് ഇടപാടുകളിൽ പണത്തിന്റെ സ്വാധീനം കൂടാതെ രാഷ്ട്രീയ സ്വാധീനവും അടങ്ങിയിരുന്നതുകൊണ്ടാണ്.

സർക്കാരുകൾ പത്തു കൊല്ലം നടത്തിയ ശ്രമങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടെന്ന് പറയാനാവില്ല. രണ്ട് വിഷയങ്ങളാണ് പ്രശ്നത്തിൽ അടങ്ങിയിരിക്കുന്നത്. ഒന്ന് ഫീസ് നിരക്കുകളെ സംബന്ധിക്കുന്നത്. മറ്റേത് സീറ്റുകളെ സംബന്ധിക്കുന്നത്. ഈ രണ്ട് കാര്യങ്ങളിലും ചില മാനേജ്മെന്റുകളുടെ സമീപനത്തിൽ അല്പം മാറ്റം ഉണ്ടായിട്ടുണ്ട്.

ഫീസ് നിരക്കുകൾ നിശ്ചയിക്കാൻ ഒരു മുൻ ജഡ്ജിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി നിലവിലുണ്ട്. മാനേജ്മെന്റുകൾ അതിന്റെ തീരുമാനങ്ങൾ ചോദ്യം ചെയ്തപ്പോൾ കോടതി അവ റദ്ദാക്കുകയും സ്വന്തം തീരുമാനം നൽകുകയും ചെയ്തു. കമ്മിറ്റി അതിനെതിരെ അപ്പീൽ നൽകിയപ്പോൾ അതിനുള്ള അധികാരമുണ്ടോ എന്ന് കോടതി ചോദിച്ചു. നിലവിലുള്ള സമിതിക്ക് നിയമപരമായി നിലനിൽക്കുന്ന തീരുമാനങ്ങൾ എടുക്കാനാവുന്നില്ലെങ്കിൽ അതിനെ പിരിച്ചുവിട്ട് മറ്റൊന്നിനെ നിയോഗിക്കാൻ സർക്കാർ തയ്യാറാകണം.

സീറ്റുകളെ കാര്യത്തിൽ 50:50 ഫോർമുല ഭൂരിപക്ഷം സ്വകാര്യ കോളെജുകളും തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ക്രൈസ്തവ മാനേജ്മെന്റുകളുടെ സംഘടന മാത്രമാണ് അത് അംഗീകരിക്കാത്തത്. കെ.എം. മാണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതി ഇന്റർചർച്ച് കൌൺസിൽ പ്രതിനിധികളുമായി സംഭാഷണം നടത്തിയശേഷം ഇക്കൊല്ലം മുഴുവൻ സീറ്റുകളിലും സ്വന്തമായി പ്രവേശനം നടത്താൻ ക്രൈസ്തവ മാനേജ്മെന്റുകളെ അനുവദിച്ചതായും അടുത്ത കൊല്ലം ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് പറഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒരു സഭയുടെ വിശ്വസ്ത വിധേയനായി കരുതപ്പെടുന്ന മാണിയെ കൌൺസിലുമായുള്ള ചർച്ചയെ നയിക്കാൻ മന്ത്രിസഭ ചുമതലപ്പെടുത്തിയത് ഭീമമായ അബദ്ധമായിരുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ താല്പര്യത്തിന് വിരുദ്ധമായി മാണി കമ്മിറ്റി ഇന്റർചർച്ച് കൌൺസിലുമായുണ്ടാക്കിയ ധാരണ മറ്റ് സ്വകാര്യ മാനേജ്മെന്റുകളെ നേരത്തെ അംഗീകരിച്ച 50:50 ഫോർമുലയിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിച്ചിരിക്കുകയാണ്. അങ്ങനെ ഇതിനകം ഉണ്ടായ നേട്ടം അത് അപകടത്തിലാക്കിയിരിക്കുന്നു. ഇത് തടഞ്ഞെ മതിയാകൂ.

കോൺ‌ഗ്രസും സി.പി.എമ്മും ഉൾ‌പ്പെടെ മിക്ക രാഷ്ട്രീയ കക്ഷികളും 50:50 ഫോർമുല അംഗീകരിച്ചിട്ടുണ്ട്. എസ്.എഫ്.ഐയും കെ.എസ്.യു.വും എ. ഐ.എസ്.എഫും ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളും അതിനെ അനുകൂലിക്കുന്നു. കക്ഷികളും വിദ്യാർത്ഥി സംഘടനകളും ഒന്നിച്ചു നിൽക്കാതെ താത്കാലിക രാഷ്രീയ ലാഭം നോക്കി പ്രവർത്തിക്കുന്നതുകൊണ്ടാണ് സ്വകാര്യ മാനേജ്മെന്റുകൾക്ക് ബഹുജനതാല്പര്യങ്ങൾ ധാർഷ്ട്യപൂർവം അവഗണിക്കാൻ കഴിയുന്നത്.

ഇന്റർചർച്ച് കൌൺസിലിന്റെ കീഴിൽ അമല (തൃശ്ശൂർ), ജൂബിലി മിഷൻ (തൃശ്ശൂർ), മലങ്കര ഓർത്തൊഡോക്സ് സിറിയൻ (കോലഞ്ചേരി), പുഷ്പഗിരി (തിരുവല്ല) എന്നിങ്ങനെ നാല് മെഡിക്കൽ കോളെജുകളാണുള്ളത്. നാലും നിരവധി വിദ്യാർത്ഥി പ്രകടനങ്ങൾക്ക് വേദിയായിട്ടുണ്ട്. സമരങ്ങൾ വിഭാഗീയാടിസ്ഥാനത്തിലുള്ളവയും അക്രമസ്വഭാവം മൂലം അവയ്ക്ക് വേണ്ടത്ര ജനപിന്തുണയില്ലാത്തവയും ആയതു കൊണ്ടാണ് മാനേജ്മെന്റുകൾക്ക് അവയെ മറികടക്കാനാകുന്നത്. അവരുടെ നയം മൂലം അവസരങ്ങൾ നഷ്ടപ്പെടുന്ന ബഹുജനങ്ങൾ മുന്നോട്ടു വന്ന് സമാധാനപരമായി ഉപരോധം തീർത്താൽ അതിനെ മറികടക്കാൻ അവർക്കാകില്ല. അങ്ങനെയൊരു ജനമുന്നേറ്റം ഒഴിവാക്കാനുള്ള അവസാന അവസരം ഇതാണ്. സ്വാശ്രയപ്രശ്നത്തിന് ശാശ്വതപരിഹാരം ഇക്കൊല്ലം തന്നെ ഉണ്ടാകണമെന്ന ഉറച്ച നിലപാട് എടുത്തുകൊണ്ട് ഈ മെഡിക്കൽ കോളെജുകളെയും ഡീംഡ് യൂണിവേഴ്സിറ്റി പദവിയുടെ ബലത്തിൽ സർക്കാർ മെറിറ്റ് ലിസ്റ്റ് അവഗണിക്കുന്ന അമൃതയുടെയും മാനേജ്മെന്റുകളെ ശരിയായ പാതയിലേക്ക് കൊണ്ടുവരാൻ മുഖ്യമന്ത്രി മുൻ‌കൈ എടുക്കണം. വലിയ തോതിൽ കച്ചവടം നടക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായാൽ മറ്റ് രംഗങ്ങളുടെ ശുദ്ധീകരണം എളുപ്പമാകും.

ഇക്കാര്യത്തിൽ അടിയന്തിരമായ ശ്രദ്ധ പതിയുമെന്ന പ്രതീക്ഷയോടെ,

ബി.ആർ.പി.ഭാസ്കർ
ജൂൺ 21, 2011

(കേരളശബ്ദം)