Thursday, December 1, 2011

എഴുത്തച്ഛൻ: ഒരു വ്യത്യസ്ത വിലയിരുത്തൽ

ആരായിരുന്നു എഴുത്തച്ഛൻ? പേരുപോലും നിശ്ചയമില്ലെങ്കിലും നമ്മുടെ ഭാഷയുടെ പിതാവായി അവരോധിക്കപ്പെട്ട കവിയെ കുറിച്ച് പ്രൊഫ. കെ.കെ.ശിവരാമൻ നടത്തിയ അന്വേഷണത്തിന്റെ ഫലമാണ് “എഴുത്തച്ഛൻ ഭ്രാന്താലയത്തിന്റെ രാജശില്പി” എന്ന ഗ്രന്ഥം.

കോളെജ് അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചയാളാണദ്ദേഹം. എഴുത്തച്ഛനെ കുറിച്ച് വായനക്കാരിൽ കുത്തിനിറച്ചിട്ടുള്ള അഭിപ്രായങ്ങളിൽ പലതും വസ്തുതാവിരുദ്ധമാണെന്ന് വിദ്യാർത്ഥിയായിരുന്ന കാലത്തു തന്നെ തോന്നിയിരുന്നതായി അദ്ദേഹം ആമുഖക്കുറിപ്പിൽ പറയുന്നു. ജോലിയിൽ നിന്ന് വിരമിച്ചശേഷം ഒരു ലേഖനമെഴുതി. മാതൃഭൂമി അത് പ്രസിദ്ധീകരിച്ചില്ല. ജനയുഗം വാരിക “വളരെ വിവാദങ്ങൾക്ക് വിഷയമാകുന്ന ഒരു ലേഖനമാണിത്” എന്ന പത്രാധിപരുടെ കുറിപ്പോടെ അത് പ്രസിദ്ധീകരിച്ചു. പ്രതീക്ഷിച്ചപോലെ വിവാദങ്ങളുണ്ടായി.

അതിനുശേഷമാണ് കേരള സർക്കാർ എഴുത്തച്ഛൻ പുരസ്കാരം ഏർപ്പെടുത്തിയത്. ഭക്തിയുടെ പേരിൽ മനുഷ്യത്വഹീനമായ ആശയങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേല്പിച്ച കവിയുടെ പേരിൽ പുരസ്കാരം ഏർപ്പെടുത്തുന്നത് നല്ല സംസ്കാരത്തിന് ചേരുന്ന നടപടിയല്ലെന്ന് കാണിച്ച് ശിവരാമൻ എഴുതിയ കത്ത് കേരള കൌമുദി പ്രസിദ്ധീകരിച്ചില്ല. കാരണം അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി കേരളീയർ ആരാധിക്കുന്ന കവിയെപ്പറ്റി അങ്ങനെയൊരു കത്ത് പ്രസിദ്ധീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ്. ഫാ. അലോഷ്യസ് ഫെർണാൻഡസിന്റെ പത്രാധിപത്യത്തിലുള്ള ഓറാ മാസിക ആ കത്ത് പ്രസിദ്ധീകരിക്കുകയും ചില പ്രമുഖരുടെ പ്രതികരണം തേടുകയും ചെയ്തു. എഴുത്തച്ഛന്റെ സംഭാവന വിലമതിക്കുകയും അദ്ദേഹത്തെ ആദരിക്കുകയും ചെയ്യണമെന്ന് ഇ.എം.എസ്.നമ്പൂതിരിപ്പാട് പറഞ്ഞു. എഴുത്തച്ഛൻ ബ്രാഹ്മണഭക്തനായിരുന്നതുകൊണ്ട് ബഹുമാനിക്കരുതെന്ന് പറയുന്നത് അച്ഛൻ ഷർട്ടിടാത്തതുകൊണ്ട് മാന്യനല്ലെന്ന് പറയുന്നതുപോലെയാണെന്ന് എസ്. ഗുപ്തൻ നായർ അഭിപ്രായപ്പെട്ടു. “വലിയ പോഴത്തം എഴുന്നള്ളിക്കുന്ന കടലാസ്” എന്ന് പി. ഗോവിന്ദപ്പിള്ള പുച്ഛിച്ചു. ഈ പ്രതികരണങ്ങൾ തന്റെ നിഗമനങ്ങൾ, പ്രസിദ്ധീകരിക്കാനായില്ലെങ്കിലും, പുസ്തകരൂപത്തിലാക്കണമെന്ന തീരുമാനത്തിലേക്ക് ശിവരാമനെ എത്തിച്ചു.

അവതാരികയിൽ ജി. സുശീലൻ എഴുതുന്നു: “കിളിപ്പാട്ടുകളെ തുടർന്ന് മൂന്ന് നൂറ്റാണ്ടില്പരം കവിതയ്ക്കുണ്ടായ അധോഗതി, എഴുത്തച്ഛൻ അരക്കിട്ടുറപ്പിച്ച തത്ത്വശാസ്ത്രത്തിനും സാമൂഹിക ദുരാചാരങ്ങൾക്കും എതിരായി നാട്ടിലുടനീളം നീണ്ടുനിന്ന ബഹുജനപ്രക്ഷോഭങ്ങൾ, നമ്പൂതിരി സമുദായത്തിൽ പോലും ശക്തിപ്പെട്ട വിമതപ്രസ്ഥാനം എന്നിങ്ങനെ പലതും എഴുത്തച്ഛന്റെ മഹത്ത്വത്തെക്കുറിച്ചുള്ള വാദങ്ങളുടെ മുനയൊടിക്കുന്ന ചരിതസത്യങ്ങളാണ്. ഈവക യാഥാർത്ഥ്യങ്ങളെങ്കിലും കണക്കിലെടുക്കാതെ കിളിപ്പാട്ടു കർത്താവിനു കനകസിംഹാസനം ഒരുക്കുന്നത് അപഹാസ്യമായ പരിപാടിയായി മാറുന്നു.”

സംസ്കൃതത്തിൽ മാത്രം ലഭ്യമായിരുന്ന വിശിഷ്ടഗ്രന്ഥങ്ങൾ പരിഭാഷയിലൂടെ മലയാളികൾക്ക് എത്തിച്ചതാണ് എഴുത്തച്ഛന്റെ മഹത്തായ സംഭാവന എന്ന വാദത്തെ കിളിപ്പാട്ടുകൾ ഉണ്ടാകും മുമ്പെ പരിഭാഷകൾ ഉണ്ടായതായി ചൂണ്ടിക്കാട്ടി ശിവരാമൻ ഖണ്ഡിക്കുന്നു. ഉദാഹരണങ്ങളായി അദ്ദേഹം ഒരാജ്ഞാതനാമാവിന്റെ ‘രാമചരിത‘വും കണ്ണശ്ശന്മാരുടെ കൃതികളും എടുത്തുകാട്ടുന്നു. എഴുത്തച്ഛന്റെ ഇതിഹാസ പരിഭാഷകളുടെ വൈശിഷ്ട്യത്തെ കുറിച്ചുള്ള വാദങ്ങളും അദ്ദേഹം ചോദ്യം ചെയ്യുന്നു. മറ്റ് പ്രദേശങ്ങളിലെ ശ്രേഷ്ഠകവികൾ വാൽമീകിരാമായണം പരിഭാഷപ്പെടുത്തി അതിന്റെ ഉദാത്തഭാവത്താൽ ജനതയെ സാംസ്കാരികമായി ഉയർത്താൻ ശ്രമിച്ചപ്പോൾ പരക്കെ അവഗണിക്കപ്പെട്ടിരുന്ന അദ്ധ്യാത്മരാമായണമാണ് എഴുത്തച്ഛൻ മലയാളത്തിലാക്കിയത്.

എഴുത്തച്ഛൻ എന്ന പേരിലെഴുതിയത് ഒരു നമ്പൂതിരി ആയിരുന്നെന്നും ഐതിഹ്യങ്ങളിൽ പറയുന്നതുപോലെ ഒരു ചക്കാലനായിരുന്നില്ലെന്നും ശിവരാമൻ സമർത്ഥിക്കുന്നു. ബ്രാഹ്മണാധിപത്യത്തിനു ശക്തിപകരാൻ വാൽമീകി രാമായണത്തേക്കാൾ നല്ലത് അദ്ധ്യാത്മരാമായണമായതുകൊണ്ടാണ് കവി പരിഭാഷക്ക് അത് തെരഞ്ഞെടുത്തത്. കേരളത്തിൽ മാത്രം നിലനിന്നിരുന്ന സംബന്ധ വ്യവസ്ഥയെ മഹത്ത്വവത്കരിക്കുന്ന വരികൾ പരിഭാഷയിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച അവസ്ഥയിലേക്ക് കേരളത്തെ നയിച്ചത് എഴുത്തച്ഛന്റെ ഭക്തിപ്രസ്ഥാനമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അദ്ദേഹം തുടരുന്നു: “എഴുത്തച്ഛൻ കേരളത്തെ പ്രാകൃതയുഗത്തിലേക്ക് തിരിച്ചുവിട്ടു എന്നു മാത്രമല്ല, പിൽക്കാലത്ത് നവോത്ഥാനത്തിന്റെ ആവിർഭാവത്തിനു ഏറ്റവും (വലിയ) വിലങ്ങുതടിയായി നിന്നത് എഴുത്തച്ഛൻ സൃഷ്ടിച്ചുവച്ച അന്ധവിശ്വാസങ്ങളും കരിനിയമങ്ങളുമായിരുന്നു.”

പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു മുമ്പു തന്നെ ശിവരാമന് ഒരാളുടെ സമീപനത്തിൽ മാറ്റമുണ്ടാക്കാൻ കഴിഞ്ഞു. ആ ആൾ പുസ്തകത്തിന്റെ പ്രസാധകനായ കാവാലം ബാലചന്ദ്രൻ (ബി. ബുക്സ്) ആണ്. അദ്ദേഹം എഴുതുന്നു: “എഴുത്തച്ഛൻ ബ്രാഹ്മണരെ ചോദ്യം ചെയ്തിരുന്നതായി ഹരിനാമകീർത്തനത്തിലെ വരികൾ ഉദ്ധരിച്ചുകൊണ്ട് ഒരിക്കൽ ഞാൻ എഴുതിയിരുന്നു.... അത് തിരുത്തണം തിരുത്തിയേ തീരൂ....മുൻപ് പറ്റിപ്പോയ തെറ്റ് തിരുത്താനും കുറച്ചെങ്കിലും എനിക്ക് കൂട്ടുവന്നിരുന്ന ആന്ധ്യത്തെ അകറ്റി നിർത്താനും എന്നെ പ്രാപ്തനാക്കിയത് പ്രൊഫ. ശിവരാമനാണെന്ന് പറയാൻ എനിക്ക് തെല്ലും സങ്കോചമില്ല.”

ബാലചന്ദ്രൻ ശ്രദ്ധേയമായ ഒരു നിരീക്ഷണവും നടത്തുന്നു: “ഭാഷയ്ക്ക് ഒരു പിതാവ് എന്നത് മലയാളിക്കു മാത്രം എത്തിച്ചേരാൻ കഴിഞ്ഞിട്ടുള്ള മൂഢപരികല്പനയാണ്”.

വില 125 രൂപ

പ്രസാധകർ:
B. Books,
P.K. Memorial Library,
Ambalapuzha
PIN 688561
Kerala
Phone: 9496302843

Rge authir, Prof. K. K. Sivaraman can be contacted at 9447056531

2 comments:

നിസ്സഹായന്‍ said...

അദ്ധ്യാത്മരാമായണത്തിലെ ബാലകാണ്ഡത്തില്‍ കാണുന്ന ചില വരികള്‍ എഴുത്തച്ഛന്‍ ഒരു ബ്രാഹ്മണനല്ലെന്നും ശൂദ്രനോ ചക്കാലനായരോ മറ്റോ ആയിരിക്കാനാണു് സാധ്യതയെന്നും തെളിയിക്കുന്നു.

"പാദസേവകനായ ഭക്തനാം ദാസന്‍ ബ്രഹ്മ-
പാദജനജ്ഞാനിനാമാദ്യനായുള്ളോരു ഞാന്‍"
- 'ബ്രഹ്മപാദജനായ' അഥവാ ശൂദ്രനായ ഞാന്‍ എന്നു സ്വയം വിശേഷിപ്പിക്കുന്നതില്‍ നിന്നും, അതുപോലെ

"വേദശ്ശാസ്ത്രങ്ങള്‍ക്കധികാരിയല്ലെന്നതോര്‍ത്തു
ചേദസി സര്‍വ്വം ക്ഷമിച്ചീടുവിന്‍ കൃപയാലേ."
- ശൂദ്രനായ തനിക്കു് വേദശ്ശാസ്ത്രങ്ങള്‍ പഠിക്കാന്‍ അധികാരമില്ലാഞ്ഞിട്ടും രാമായണം വിവര്‍ത്തനം ചെയ്യാന്‍ ഒരുങ്ങുന്നതില്‍ ബ്രാഹ്മണര്‍ കൃപയോടെ ക്ഷമിച്ചീടണമെന്ന കരച്ചിലില്‍നിന്നും, അദ്ദേഹം ഒരിക്കലും ബ്രാഹ്മണനാകില്ലെന്നും ഒന്നാന്തരം ബ്രാഹ്മണസേവകനും ബ്രാഹ്മണഭക്തനുമായ അടിമയായിരുന്നെന്നും വെളിവാകുന്നു. അതിനു് സാധുവായ വരികളാണു് ഇത് :-

"കാരണഭൂതന്മാരാം ബ്രാഹ്മണരുടെ ചര-
ണാരുണാംബുജലീനപാംസുസഞ്ചയം മമ
ചേതോ ദര്‍പ്പണത്തിന്റെ മാലിന്യമെല്ലാം തീര്‍ത്തു
ശോധന ചെയ്തീടുവാനാവോളം വന്ദിക്കുന്നേന്‍."
ലോകത്തിന്റെ കാരണക്കാരായ അഥവാ ദൈവങ്ങള്‍ തന്നെയായ ബ്രാഹ്മണരുടെ പാദങ്ങളില്‍ പറ്റിയിരിക്കുന്ന ചുവന്ന പൊടി എന്റെ മനസ്സാകുന്ന കണ്ണാടിയുടെ മാലിന്യമെല്ലാം തീര്‍ത്തു തരട്ടെയെന്നു പറയുമ്പോള്‍ ഇയാളുടെ അടിമത്തഭാവം എങ്ങനെ വിവരിക്കാനാവും. ബ്രാഹ്മണരുടെ ചെരിപ്പു നക്കിയായതിനാലാണു് ജ്ഞാനാധികരാമില്ലാതിരുന്നിട്ടും ഈ ശൂദ്രനെ രാമായണമെഴുതി തങ്ങളെ വാഴ്ത്തിക്കൊണ്ട് വിലസാന്‍ അവര്‍ അനുവദിച്ചത്.

നിസ്സഹായന്‍ said...

>>>>"മറ്റ് പ്രദേശങ്ങളിലെ ശ്രേഷ്ഠകവികൾ വാൽമീകിരാമായണം പരിഭാഷപ്പെടുത്തി അതിന്റെ ഉദാത്തഭാവത്താൽ ജനതയെ സാംസ്കാരികമായി ഉയർത്താൻ ശ്രമിച്ചപ്പോൾ പരക്കെ അവഗണിക്കപ്പെട്ടിരുന്ന അദ്ധ്യാത്മരാമായണമാണ് എഴുത്തച്ഛൻ മലയാളത്തിലാക്കിയത്."<<<<

ഇതു മനസ്സിലാകുന്നില്ല. വാല്മീകീ രാമായണത്തിന്റെ ഉദാത്ത ഭാവത്തില്‍ ജനതയെ സാംസ്ക്കാരികമായി ഉയര്‍ത്താന്‍ മാത്രം എന്താണു് ഉള്ളതെന്നു് വിശദീകരിച്ചാല്‍ കൊള്ളാം