ബി.ആർ.പി. ഭാസ്കർ
സ്വന്തം അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയാൻ മടിയില്ലാത്തയാളാണ് പ്രസ് കൗൺസിൽ ചെയർമാനായ ജസ്റ്റിസ് മാർകണ്ഡേയ കട്ജു. സുപ്രീം കോടതി ജഡ്ജിയായിരിക്കെ നേരത്തേ അഭിഭാഷകനായും ജഡ്ജിയായും സേവനമനുഷ്ഠിച്ചിരുന്ന അലഹബാദ് ഹൈകോടതിയിൽ എന്തോ ചീഞ്ഞുനാറുന്നതായി അദ്ദേഹം പറയുകയുണ്ടായി. സാമൂഹികപ്രതിബദ്ധതയുള്ള ഒരു ന്യായാധിപനായാണ് അദ്ദേഹം അറിയപ്പെടുന്നത്.ഈ പശ്ചാത്തലം ഓർക്കുമ്പോൾ മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും കുറിച്ച് അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനങ്ങളിൽ അത്ഭുതത്തിനു വകയില്ല. എങ്കിലും, അച്ചടിമാധ്യമങ്ങൾക്കെതിരായ പരാതികൾ പരിശോധിക്കാൻ അധികാരമുള്ള കൗൺസിലിന്റെ അധ്യക്ഷൻ ഭൂരിപക്ഷം മാധ്യമങ്ങളുടെയും പ്രവർത്തനം മോശമാണെന്ന തരത്തിൽ പരസ്യപ്രസ്താവന നടത്തുന്നത് അദ്ദേഹം പ്രശ്നങ്ങളെ മുന്‍വിധിയോടെ സമീപിക്കുമെന്ന ആശങ്കക്ക് ഇടം കൊടുക്കുകയില്ലേ എന്ന ചോദ്യം അസ്ഥാനത്തല്ല. പ്രഫഷനലിസത്തിൽ വിശ്വാസമുണ്ടെങ്കിൽ അത്തരത്തിലുള്ള ആശങ്കക്ക് വകയില്ല. ജഡ്ജിമാർ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ ഇല്ലാത്തവരല്ല. അവയെ മറികടന്നുകൊണ്ട് നീതിപൂർവം തീരുമാനങ്ങൾ എടുക്കാൻ അവരെ പ്രാപ്തരാക്കുന്നത് പ്രഫഷനൽ പരിശീലനമാണ്.
ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിങ് ജേണലിസ്റ്റ്സ് ആവശ്യപ്പെട്ടതനുസരിച്ച് ജവഹർലാൽ നെഹ്റുവിന്‍െറ സർക്കാർ നിയമിച്ച ഒന്നാം പ്രസ് കമീഷന്‍െറ ശിപാർശപ്രകാരമാണ് 1966ൽ, ഇന്ദിരഗാന്ധിയുടെ കാലത്ത്, ആദ്യ പ്രസ് കൌകൗൺസിൽ രൂപവത്കരിക്കപ്പെട്ടത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സെൻസർഷിപ് ഏർപ്പെടുത്തി സ്വതന്ത്ര പത്രപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തപ്പോൾ ഇന്ദിരഗാന്ധിതന്നെ ആ സംവിധാനം ഇല്ലാതാക്കുകയും ചെയ്തു. തുടർന്ന് അധികാരത്തിൽ വന്ന ജനതാ ഗവൺമെന്റ് പ്രസ് കൈണ്‍സിലിനെ പുനരുജ്ജീവിപ്പിച്ചു.
പ്രസ് കൗൺസിൽ സംവിധാനം ആദ്യം മുതൽ തന്നെ പലതരം വിമർശങ്ങളും വിളിച്ചുവരുത്തിയിരുന്നു. ബ്രിട്ടനിൽ അക്കാലത്ത് പ്രവർത്തിച്ചിരുന്ന, പ്രഫഷനൽ പത്രപ്രവർത്തകർ അംഗങ്ങളായുള്ള കൗൺസിലിനെയാണ് വർക്കിങ് ജേണലിസ്റ്റുകൾ മാതൃകയായി കണ്ടത്. എന്നാൽ, അതിൽനിന്ന് വ്യത്യസ്തമായി പാർലമെന്റംഗങ്ങളും മറ്റു ചില മേഖലകളിൽ നിന്നുള്ളവരുംകൂടി ഉൾപ്പെടുന്നതും ഒരു മുൻ സുപ്രീം കോടതി ജഡ്ജി അധ്യക്ഷനായുള്ളതുമായ സമിതിക്കാണ് നിയമം വ്യവസ്ഥ ചെയ്തത്. പത്രങ്ങളിൽ നിന്ന് പത്ര ഉടമകൾ, വാർത്താ ഏജൻസി മാനേജ്‌മെന്റുകൾ, പത്രാധിപന്മാർ, വർക്കിങ് ജേണലിസ്റ്റുകൾ എന്നീ വിഭാഗങ്ങൾക്ക് അതിൽ പ്രാതിനിധ്യം നൽകപ്പെട്ടു. സമൂഹതാൽപര്യങ്ങൾ സംരക്ഷിക്കേണ്ടതുള്ളതുകൊണ്ടാണ് പ്രസ് കൗൺസിലിൽ മറ്റ് മേഖലകളിൽ നിന്നുള്ളവരെ കൂടി ഉൾപ്പെടുത്തിയത്.
പത്രങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങൾ പത്രപ്രവർത്തകർക്കു മാത്രമായി വിട്ടുകൊടുക്കാനാവില്ലെന്ന വാദം പൂർണമായി തള്ളിക്കളയാനാവില്ല. എന്നാൽ, മെഡിക്കൽ കൗൺസിലും ബാർ കൗൺസിലുംപോലെ ബന്ധപ്പെട്ട തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ മാത്രമടങ്ങുന്ന സമിതിയെക്കുറിച്ച് നിയമനിർമാതാക്കൾക്ക് ചിന്തിക്കാനാവാത്തത് പത്രപ്രവര്‍ത്തനത്തിന് വൈദ്യശാസ്ത്രം, നിയമം എന്നീ മേഖലകളെപ്പോലെ ഒരു പ്രഫഷനായി ഇനിയും അംഗീകാരം നേടാനായിട്ടില്ലാത്തതുകൊണ്ടാണ്.
പ്രസ് കൗൺസിൽ സംവിധാനത്തെക്കുറിച്ചുള്ള പ്രധാന ആക്ഷേപം അതിന് പല്ലില്ലെന്നതാണ്. പത്രമോ പത്രപ്രവർത്തകനോ അരുതാത്തത് ചെയ്തതായി ബോധ്യപ്പെട്ടാൽ അത് തെറ്റായിരുന്നെന്ന് പറയാനല്ലാതെ ശിക്ഷിക്കാനുള്ള അധികാരം അതിനില്ല. ആദ്യകാലത്ത് തെറ്റു ചെയ്ത പത്രങ്ങളോട് കൗൺസിൽ അതിന്റെ തീരുമാനം പ്രാധാന്യം നൽകി പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെടുകയും പത്രങ്ങൾ ആ നിർദേശം പാലിക്കുകയും ചെയ്തിരുന്നു. പിന്നീട് പല പത്രങ്ങളും അത്തരം നിർദേശങ്ങൾ അവഗണിക്കാൻ തുടങ്ങി.
ഇന്ദിരഗാന്ധി അവസാനശ്വാസംവരെയും അടിയന്തരാവസ്ഥയെ ന്യായീകരിച്ചെങ്കിലും അന്ന് പത്രങ്ങളുടെ മേൽ നിയന്ത്രണമേർപ്പെടുത്തിയത് തെറ്റായിരുന്നെന്നും സെൻസർഷിപ് ഏർപ്പെടുത്തിയതുകൊണ്ട് രാജ്യത്ത് നടക്കുന്ന കാര്യങ്ങളെപ്പറ്റി തനിക്ക് കൃത്യമായി അറിയാൻ കഴിഞ്ഞിരുന്നില്ലെന്നും ഏറ്റുപറഞ്ഞിരുന്നു. അടിയന്തരാവസ്ഥക്കു മുമ്പ് ജനങ്ങൾക്കും പത്രപ്രവർത്തകർക്കുതന്നെയും പത്രസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വേണ്ടത്ര ബോധമുണ്ടായിരുന്നില്ല. അതിനുശേഷം സ്ഥിതി മാറി. പത്രങ്ങളുടെ മേൽ നിയന്ത്രണം ഏർപ്പെടുത്താൻ നിയമനിർമാണത്തിന് രാജീവ്ഗാന്ധി ദേശീയതലത്തിലും മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ബിഹാറിലും നടത്തിയ ശ്രമങ്ങളെ ശക്തമായ പൊതുജനാഭിപ്രായം പരാജയപ്പെടുത്തി. അവർ കൊണ്ടുവരാനുദ്ദേശിച്ചതരത്തിലുള്ള ഒരു നിയമം തമിഴ് നാട്ടിൽ നിലവിലുണ്ടായിരുന്നു. പത്രങ്ങളിൽ വർധിച്ചുകൊണ്ടിരുന്ന അശ്ളീലത്തിന്റെ തള്ളിക്കയറ്റം തടയാൻ പത്രപ്രവർത്തക സംഘടനയുടെ പൂർണ പിന്തുണയോടെ കെ. കാമരാജ് 1950കളിൽ കൊണ്ടുവന്ന ആ നിയമം ഇപ്പോഴും നിലവിലുണ്ട്.
പ്രസ് കൗൺസിൽ സംവിധാനം നിലവിൽ വരുമ്പോൾ സർക്കാർ മേഖലക്കു പുറത്ത് അച്ചടി മാധ്യമങ്ങൾന്റെമാത്രമാണുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ, അവയെ മാത്രമേ അതിന്റെ അധികാരപരിധിയിൽ ഉൾപ്പെടുത്തിയിരുന്നുള്ളൂ. മാധ്യമരംഗത്തിന്റെ സ്വഭാവം അതിനുശേഷം ഏറെ മാറി. വളരെക്കാലം കേന്ദ്ര സർക്കാറിന്റെ കുത്തകയായിരുന്ന ശ്രവണ-ദൃശ്യ മാധ്യമരംഗങ്ങളിൽ സ്വകാര്യ സംരംഭകർ പ്രവേശിക്കുകയും പ്രാമുഖ്യം നേടുകയും ചെയ്തിരിക്കുന്നു. രാഷ്ട്രാതിർത്തികളെ അപ്രസക്തമാക്കുന്ന നവമാധ്യമങ്ങൾ വളരുകയും വൻ ചലനങ്ങൾ സൃഷ്ടിക്കാനുള്ള കഴിവ് തെളിയിക്കുകയും ചെയ്തിരിക്കുന്നു.അവ അരുതാത്തതു ചെയ്താല്‍ ഇടപെട്ട് നടപടിയെടുക്കാന്‍ പൊലീസിന് അധികാരം നല്‍കുന്ന ഒരു സൈബർ നിയമം നിലവിലുണ്ട്. ഇന്ന് രാജ്യത്ത് അച്ചടിമാധ്യമങ്ങളെക്കാളും നവമാധ്യങ്ങളെക്കാളും ജനങ്ങളെ സ്വാധീനിക്കാനുള്ള കഴിവ് ഇലക്ട്രോണിക് മാധ്യമങ്ങൾക്കുണ്ട്. അവയുടെ പ്രവർത്തനത്തെക്കുറിച്ച് ധാരാളം ആക്ഷേപങ്ങൾ ഉയര്‍ന്നിട്ടുമുണ്ട്. എന്നാൽ അവ അരുതാത്തതു ചെയ്താൽ പരിശോധിച്ച് നടപടിയെടുക്കാൻ അധികാരമുള്ള ഒൗദ്യോഗിക സംവിധാനവുമില്ല. പ്രസ് കൗൺസിലിനെ മീഡിയാ കൗൺസിലാക്കി മാറ്റിക്കൊണ്ട് ഇലക്ട്രോണിക് മാധ്യമങ്ങളെ അതിന്റെ പരിധിയിൽ കൊണ്ടുവരുകയോ അവക്കായി ഒരു പുതിയ സംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്യേണ്ടതിന്‍െറ ആവശ്യകത പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാർ അതിനായി നിയമനിർമാണം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി വാർത്ത വന്നപ്പോൾ അത് തടയാനായി ചാനൽ മേധാവികൾ സ്വയം നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചു. ടെലിവിഷൻ കമ്പനികൾ ദൽഹി ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് എ.പി. ഷാ അധ്യക്ഷനായി ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ഫെഡറേഷൻ എന്ന പേരിലും വാർത്താ ചാനലുകൾ മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. വർമയുടെ അധ്യക്ഷതയിൽ ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡേര്‍ഡ്സ് അതോറിറ്റി എന്ന പേരിലും സ്ഥാപനങ്ങളുണ്ടാക്കി.
സ്വയംനിയന്ത്രണം നിയന്ത്രണമല്ലെന്നും പ്രസ് കൗൺസിലിനെ മീഡിയാ കൗൺസിൽ ആക്കിക്കൊണ്ട് ഇലക്ട്രോണിക് മാധ്യമങ്ങളെ അതിന്റെ പരിധിയിൽ കൊണ്ടുവരണമെന്നുമുള്ള ജ. കട്ജുവിന്‍െറ അഭിപ്രായം മാധ്യമമേലാളന്മാരെ ചൊടിപ്പിച്ചു. പത്രഉടമകളുടെ സംഘടനയായ ഇന്ത്യൻ ന്യൂസ്പേപ്പേഴ്സ് സൊസൈറ്റി, പത്രാധിപന്മാരുടെ സംഘടനയായ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, പത്രപ്രവര്‍ത്തക സംഘടനയായ ഇന്ത്യൻ ജേണലിസ്റ്റ്സ് അസോസിയേഷൻ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രസ്താവനയെ ശക്തിയായി എതിര്‍ത്തു. ജ. വർമയും വിയോജിപ്പ് രേഖപ്പെടുത്തി.
വിമർശങ്ങളെ തുടർന്ന് ജ. കട്ജു നല്‍കിയ വിശദീകരണത്തിൽ ചാനലുകൾ തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചതായി കുറ്റപ്പെടുത്തി. ഭൂരിപക്ഷം മാധ്യമങ്ങളുടെയും പ്രവർത്തനം മോശമാണന്ന് താൻ പറഞ്ഞതിനെ എല്ലാ മാധ്യമങ്ങളുടെയും പ്രവർത്തനം മോശമാണെന്ന് പറഞ്ഞതായി ചില മാധ്യമങ്ങൾ ചിത്രീകരിച്ചു. ഭൂരിപക്ഷം മാധ്യമപ്രവർത്തകരും ബൗദ്ധിക നിലവാരം കുറഞ്ഞവരാണെന്ന് പറഞ്ഞതിനെ എല്ലാ മാധ്യമപ്രവർത്തകരും വിദ്യാവിഹീനരും നിരക്ഷരരുമാണെന്ന് പറഞ്ഞതായി അവർ ചിത്രീകരിച്ചു.
പുനഃസംഘടിപ്പിക്കപ്പെട്ട പ്രസ് കൗൺസിലിന്റെ ആദ്യ യോഗത്തിൽ പത്ര ഉടമകളുടെ പ്രതിനിധികൾ ജ. കട്ജു വിവാദ പ്രസ്താവനക്ക് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം ആ ആവശ്യം തള്ളിയപ്പോൾ അവർ ഇറങ്ങിപ്പോയി. പത്ര-ചാനൽ ഉടമകൾ അദ്ദേഹത്തെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമവുമായി മുന്നോട്ടുപോകുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.അതേസമയം, ചില മുതിർന്ന പത്രപ്രവർത്തകർ അദ്ദേഹം ഉന്നയിച്ച പ്രശ്നങ്ങൾ പ്രസക്തമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, പ്രസ്താവനയെ തുടർന്നുണ്ടായ വിവാദം സൃഷ്ടിച്ചിട്ടുള്ള സാഹചര്യം ആ പ്രശ്നങ്ങൾ സത്യസന്ധമായി പരിശോധിക്കാനുതകുന്നതല്ല. ഇത് നിർഭാഗ്യകരമാണ്.
മാധ്യമപ്രവര്‍ത്തനത്തിലെ ദുഷ്പ്രവണതകൾ സമൂഹത്തെ മൊത്തത്തിൽ പ്രതികൂലമായി ബാധിക്കുന്നവയാണ്. ആ നിലക്ക് ഈ വിഷയത്തിൽ പൊതുസമൂഹം സജീവമായി ഇടപെടേണ്ടതുണ്ട്. ഫേസ്ബുക്കിൽ ജ. കട്ജുവിന് പിന്തുണ രേഖപ്പെടുത്താൻ ആരോ തുടങ്ങിയ പേജ് വളരെ കുറച്ചുപേരേ ശ്രദ്ധിച്ചിട്ടുള്ളൂ. മാധ്യമങ്ങൾ, പ്രത്യേകിച്ചും ഇലക്ട്രോണിക് മാധ്യമങ്ങൾ, രാജ്യത്തെ 80 ശതമാനം ജനങ്ങളുടെയും കടുത്ത ദാരിദ്ര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം, വൈദ്യസഹായത്തിന്റെയും വിദ്യാഭ്യാസ സൗകര്യങ്ങളുടെയും അഭാവം, ദുരഭിമാനക്കൊല, സ്ത്രീധനക്കൊല, ജാതിപീഡനം, മതവിദ്വേഷം തുടങ്ങിയ വിഷയങ്ങളെ ഗൗരവപൂര്‍വം അഭിസംബോധന ചെയ്യാതെ 90 ശതമാനം സമയവും സിനിമാതാരങ്ങളുടെ ജീവിതം, ഫാഷൻ പരേഡ്, പോപ്പ് സംഗീതം, ഡിസ്കോ ഡാൻസ്, ക്രിക്കറ്റ്, ജ്യോതിഷം തുടങ്ങിയ വിനോദങ്ങൾക്കായി നീക്കിവെക്കുന്നുവെന്ന ജ.കട്ജുവിന്റെ വിമർശം തങ്ങളുടെ താല്‍പര്യം മുൻനിർത്തിയുള്ളതാണെന്ന് ജനങ്ങൾ തിരിച്ചറിയണം.അതുപോലെതന്നെ ഒരു സ്ഫോടനമുണ്ടായാലുടൻ അത് ഏതോ മുസ്ലിം സംഘടനയുടെ പണിയാണെന്ന് പ്രഖ്യാപിക്കുകവഴി മാധ്യമങ്ങൾ ജനങ്ങളെ ഭിന്നിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷേ, ഈവക പ്രശ്നങ്ങൾ പ്രസ് കൗൺസിൽപോലെയുള്ള സംവിധാനത്തിലൂടെ പരിഹരിക്കാവുന്നതല്ല. സർക്കാറിന് നിയമത്തിലൂടെയോ പ്രസ് കൗൺസിലിന് ഉത്തരവുകളിലൂടെയോ മാധ്യമങ്ങൾ എത്ര സ്ഥലവും സമയവും ജനകീയപ്രശ്നങ്ങൾക്ക് നീക്കിവെക്കണമെന്ന് നിർദേശിക്കാനാവില്ല.സ്വതന്ത്ര മാധ്യമപ്രവർത്തനമെന്നാൽ നിയന്ത്രണമില്ലാത്ത പ്രവർത്തനമെന്നല്ല അര്‍ഥം. സ്ഥാപിത താല്‍പര്യങ്ങൾക്കു വഴങ്ങാതെ സമൂഹത്തിന്റെ വിശാല താല്‍പര്യങ്ങൾക്കും അംഗീകൃത മാധ്യമധർമത്തിന് അനുയോജ്യവുമായ പ്രവർത്തനമാണ് സ്വതന്ത്ര മാധ്യമപ്രവർത്തനം ആവശ്യപ്പെടുന്നത്. അതുറപ്പാക്കുന്നതിന് ഉയർന്ന നിലവാരത്തിലുള്ള മാധ്യമ പരിശീലനം ആവശ്യമാണ്.അതിനു പരിമിതമായ സൗകര്യങ്ങളേ ഇന്നുള്ളൂ. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നതുപോലുള്ള അപകടകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ഉചിതമായ ശിക്ഷാനടപടികൾ എടുക്കാനും കഴിയണം.മാധ്യമ പ്രഫഷനലുകൾക്ക് മുൻകൈയുള്ളതും നിയമത്തിന്റെ പിൻബലമുള്ളതുമായ ഒരു സംവിധാനമാണ് ഈവക കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത്. (മാധ്യമം, നവംബർ 22, 2011.)
എന്റെ മറ്റു ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍
BHASKAR
Educational institutions held to ransom
The blessing and curse of real estate boom
How relevant are Gandhi's teachings today?
Modi begins US visit with a PR victory
More stimulus but still not enoughel
KERALA LETTER
A Dalit poet in English, based in Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
Tuesday, November 22, 2011
സ്വതന്ത്ര മാധ്യമപ്രവർത്തനമെന്നാൽ..
Subscribe to:
Post Comments (Atom)
No comments:
Post a Comment