Tuesday, April 29, 2008

ധാന്യ വില എന്തുകൊണ്ട് വര്‍ദ്ധിക്കുന്നു?

ആവശ്യത്തിനുള്ള അരി ഉല്പാദിപ്പിക്കാത്ത നാടാണ്‌ നമ്മുടേത്. ധാന്യ വിലയിലുണ്ടാകുന്ന വര്‍ദ്ധന നമ്മെ ഗുരുതരമായി ബാധിക്കുന്നു.

ഇന്ത്യ ആവശ്യത്തിനുള്ള ധാന്യങ്ങള്‍ ഉല്പാദിപ്പിക്കുന്ന രാജ്യമാണ്. എന്തുകൊണ്ടാണ്‌ ഇവിടെ ഇപ്പോള്‍ ധാന്യ വില വര്‍ദ്ധിക്കുന്നത്? ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ശ്രമിക്കുന്നു മുകേഷ് റെ. അദ്ദേഹത്തിന്റെ ലേഖനം countercurrents.org സൈറ്റില്‍.

Thursday, April 24, 2008

ഹിമാലയത്തില്‍ വസന്തത്തിന്‍റെ ഇടിമുഴക്കം

നേപാളില്‍ മാവോയിസ്റ്റുകള്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ എത്തിയതാണ് കേരള കൌമുദിയിലെ നേര്‍ക്കാഴ്ച പംക്തിയില്‍ ഈയാഴ്ച ചര്‍ച്ച ചെയ്യുന്നത്.

ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍

പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍

ഏകദേശ ഇംഗ്ലീഷ് പരിഭാഷ Kerala Letter ബ്ലോഗില്‍

Wednesday, April 23, 2008

പാര്‍വതിയുടെ സ്തോത്രങ്ങള്‍ പുസ്തകമായും സി.ഡിയായും

ടെലിവിഷന്‍ അവതാരകയെന്ന നിലയില്‍ റ്റി. പാര്‍വതി മലയാളികള്‍ക്ക് സുപരിചിതയാണ്. അടുത്ത കാലത്ത് പരമ്പരയിലും മുഖം കാണിച്ചു. വിദ്യാഭ്യാസംകൊണ്ടും പരിശീലനംകൊണ്ടും പാര്‍വതി ഒരു മന:ശാസ്ത്രജ്ഞയാണ്. ഇന്നു പാര്‍വതി ദേവീസ്തോത്രങ്ങളുടെ രചയിതാവായി പ്രത്യക്ഷപ്പെട്ടു.

വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ വെച്ചു പാര്‍വതി രചിച്ച 27 ദെവീസ്തുതികള്‍ അടങ്ങുന്ന 'മയൂരഗീതങ്ങള്‍' എന്ന പുസ്തകം വിഷ്ണുനാരായണന്‍ നമ്പൂതിരി പ്രകാശനം ചെയ്തു. സത്യന്‍ അന്തിക്കാട് പുസ്തകം സ്വീകരിച്ചു. പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഏതാനും സ്തോത്രങ്ങള്‍ അടങ്ങുന്ന ശ്രീപ്രസാദം എന്ന സംഗീത ആല്‍ബം സുഗതകുമാരി പ്രകാശനം ചെയ്തു. കാവാലം ശ്രീകുമാര്‍ ആണ് സംഗീതം നല്‍കിയിട്ടുള്ളത്.
ആലാപനം: സൈന്ധവി, ശ്രീനിവാസ്, ശ്വേത, മധു ബാലകൃഷ്ണന്‍, ഗായത്രി, നവീന്‍ അയ്യര്‍, എം. ജയചന്ദ്രന്‍, മഞ്ജരി, ശ്രീദേവി ആര്‍. കൃഷ്ണ, കാവാലം ശ്രീകുമാര്‍.

ഡോ. നീന പ്രസാദിന്‍റെ ശിഷ്യയായ വിദ്യ ഒരു സ്തോത്രം ഭരതനാട്യം ശൈലിയില്‍ അവതരിപ്പിച്ചു. നീന പ്രസാദ് തന്നെയാണ് നൃത്തം ചിട്ടപ്പെടുത്തിയത്.

ബി. ഹൃദയകുമാരി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

തനിക്ക് വരദാനമായി ലഭിച്ച ആത്മപ്രചോദനത്താലാണ് സ്തോത്രങ്ങള്‍ രചിച്ചതെന്നു പാര്‍വതി പറയുന്നു.

ഗ്രീന്‍ ബുക്സ്, മംഗളോദയം പബ്ലിക്കേഷന്‍സ്, തൃശ്ശൂര്‍ ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സംഗീത ആല്‍ബം വിതരണം ചെയ്യുന്നതും അവര്‍ തന്നെ.

Thursday, April 17, 2008

പണമുണ്ടെങ്കിലും ദാരിദ്ര്യം

കേരളത്തിന്‍റെ പ്രധാന പ്രശ്നം പണമില്ലെന്നതല്ല, ഉള്ള പണം നല്ല രീതിയില്‍ വിനിയോഗിക്കപ്പെടുന്നില്ല എന്നതാണ്. കേരള കൌമുദിയിലെ നേര്‍ക്കാഴ്ച പംക്തിയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നു.

പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍

ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍

ഏകദേശ ഇംഗ്ലീഷ് പരിഭാഷ Kerala Letter ബ്ലോഗില്‍

Wednesday, April 16, 2008

തടവുകാരുടെ പത്രം

ഒന്നരാടന്‍ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള വിശേഷാല്‍ പ്രതിക്ക് പല സവിശേഷതകളുണ്ട്. ഒന്നു, അത് തടവുകാരുടെ പത്രം എന്ന് അവകാശപ്പെടുന്നു. രണ്ട്, അത് single issue publication ആണെന്ന് പ്രഖ്യാപിക്കുന്നു. മൂന്നു, വധശിക്ഷാവിരുദ്ധ സമിതി എന്ന കൂട്ടായ്മയാണ് പ്രസാധകര്‍.

'ജീവപര്യന്തത്തടവുകാരുടെ 14കൊല്ല കടമ്പ' എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയല്‍ സുപ്രീം കോടതി വിധി വന്നശേഷവും കേരള സര്‍ക്കാര്‍ നയം മാറ്റിയിട്ടില്ലെന്നു ചൂണ്ടിക്കാണിക്കുന്നു. 'അങ്കമാലി മാതൃക' എന്ന ശീര്‍ഷകത്തിലുള്ള പത്രാധിപക്കുറിപ്പ് പറയുന്നു:"'തലയ്ജ്ഞു വിലയിട്ടിട്ടുള്ള' മല്ലരാജ റെഡ്ഢിയും സഹപ്രവര്‍ത്തകയും ഇന്നു ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും ജനങ്ങള്‍ക്കുള്ളതാണ്."

ലേഖനങ്ങളില്‍ ചിലത്:
'ജയില്‍ എന്‍റെ സര്‍വകലാശാല' --സിവിക് ചന്ദ്രന്‍ ( കോഴിക്കോട് നടന്ന കരിനിയമ വിരുദ്ധ കണ്‍വെന്‍ഷനിലെ ഉല്‍ഘാടന പ്രസംഗം)

ക്രിമിനല്‍ നടപടി നിയമത്തില്‍ ഡോക്ടര്‍ -- ഡോ. ഷേര്‍ളി വാസു (കണ്‍വെന്‍ഷനില്‍ ചെയ്ത പ്രസംഗം)

പ്രൈവറ്റ് പോസ്റ്റ്മോര്‍ട്ടം -- അന്വേഷണം/അഭിമുഖം, കെ. രാജ്മോഹന്‍, കെ. വിനോദ്കുമാര്‍

അതിജീവനത്തിനായുള്ള സമരവും മനുഷ്യാവകാശത്തിനായുള്ള സമരവും -- ഒ. പി. രവീന്ദ്രന്‍ (ദലിതരുടെ ഭൂമിസ്വന്തമാക്കല്‍ സമരത്തെപ്പറ്റി)

കസ്ടഡി നിയമ ഭേദഗതി -- കെ. ഗിരീഷ്കുമാര്‍

അഫ്സല്‍ ഗുരുവിന്റെ വിധി --കെ. ജി. രാജ്

കവിതകള്‍:
അപരാധികള്‍ -- കല്‍പറ്റ നാരായണന്‍
കരയുഗ്മം -- ആര്‍. പി. ബിജുലാല്‍ (ഇത് ഒരു തടവറ കവിതയാണ്)

വില 15 രൂപ
എഡിറ്റര്‍, പ്രിന്‍റര്‍, പബ്ലിഷര്‍ -- കെ. ഗിരീഷ്കുമാര്‍
ഓണററി എഡിറ്റര്‍ -- കെ. രാജ്മോഹന്‍

മേല്‍വിലാസം:
ഗിരിജ ഭവന്‍, കരിവെള്ളൂര്‍ പി.ഒ., കണ്ണൂര്‍ 670 521

Sunday, April 13, 2008

പാഠഭേദം പുതിയ ലക്കത്തില്‍

കടമ്മനിട്ടയ്ക്കും കെ. ടി. മുഹമ്മദിനും പാഠഭേദം മാര്‍ച്ച്-ഏപ്രില്‍ ലക്കത്തില്‍ വിട പറയുന്നു. കടമ്മനിട്ടയുടെ 'ക്യാ' എന്ന കവിത 'സ്റ്റോപ്പ് പ്രസ്സ്‌' ആയി ചേര്‍ത്തിരിക്കുന്നു. ഇതാണ് കടമ്മനിട്ട അവസാനമായി എഴുതിയ കവിതയെന്നു കുറിപ്പ് പറയുന്നു. കെ. ടി. മുഹമ്മദ് എന്തുകൊണ്ട് രാഷ്ട്രീയ നാടകം എഴുതിയില്ല എന്ന് ചോദിക്കുന്നു ആമുഖ ലേഖനം.

ജനാധിപത്യ സോഷ്യലിസം ഈ ലക്കത്തില്‍ ചര്ച്ച ചെയ്യപ്പെടുന്നു. ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ യൂറോപ്യന്‍ അമേരിക്കന്‍ പഠന വിഭാഗം മേധാവിയായിരുന്ന ഡോ. ബി. വിവേകാനന്ദനുമായി സ്കാന്ടിനേവിയന്‍ രാജ്യങ്ങളുടെ അനുഭവത്തെക്കുറിച്ച് പ്രശാന്ത് മിത്രന്‍ സംസാരിക്കുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാട് ആ രാജ്യങ്ങളില്‍ നടത്തിയ യാത്രകള്‍ ഓര്‍മ്മിക്കുന്നു.

ടോമി മാത്യു സിവില്‍ സമൂഹത്തിന്‍റെ രാഷ്ട്രീയം തിരിച്ചുപിടിക്കുന്നതിനെക്കുറിച്ച് ഡോ. ടി. ടി. ശ്രീകുമാറിന്‍റെ പുസ്തകത്തെ മുന്‍നിര്‍ത്തി എഴുതുന്നു. സണ്ണി കപിക്കാട് ദലിത് ഭൂസമരത്തിന്‍റെ രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്നു. കൈരളിയുടെ ചൂലും ചാണകവുമാണ് വെങ്കിടിയുടെ വിഷയം. മറ്റു പ്രധാന ലേഖനങ്ങള്‍: സിവിക് ചന്ദ്രന്‍ --കണ്ണൂര്‍ രാഷ്ട്രീയം, ചുരികത്തുമ്പത്തൊരു തുമ്പി; എ. പി. കുഞ്ഞാമു -- മുസ്ലിംകള്‍ കസ്തൂരിമാനോ?; വടക്കേടത്ത് പത്മനാഭന്‍ -- പുതിയ കേരളത്തിന് എരയാംകുടിയിലെ വിത്തോ?

മുഖപ്രസംഗം: അഞ്ചക്ക ശമ്പളം വാങ്ങുന്നവര്‍ വായിച്ചറിയാന്‍

വരിസംഖ്യ അയച്ചിട്ടില്ലാത്തവര്‍ക്ക് പാഠഭേദം ടീമിന്‍റെ ഒരു ഓര്‍മ്മക്കുറിപ്പ് ഈ ലക്കത്തിലുണ്ട്: "നമുക്കു കുറച്ചു പേര്‍ക്ക് പിണങ്ങാനും വഴക്കിടാനും വര്‍ത്തമാനം പറയാനും വേണ്ടി പാഠഭേദം തുടരുന്നു. ഇടയ്ക്ക് കുറച്ച് കാശയച്ചു തരൂ. കടലാസിനും അച്ചടിമഷിക്കും സ്റ്റാമ്പിനും മറ്റുമായി ഇവിടെ ഏറെ ചിലവുകളുണ്ടല്ലോ...."

Friday, April 11, 2008

ബിനായക് സെന്നിന്‍റെ ഏകാന്ത തടവ് അവസാനിപ്പിക്കുക

ഛത്തിസ്ഗഢിലെ പ്രശസ്ത ശിശുരോഗ വിദഗ്ദ്ധ‌നും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡോ. ബിനായക് സെന്നിനെ തീവ്രവാദികളെ സഹായിച്ചെന്ന ആരോപണം ചുമത്തി അറസ്റ്റ് ചെയ്തിട്ട് 11 മാസമാകുന്നു. വിചാരണ കൂടാതെയും ജാമ്യം നിഷേധിച്ചും ഇത്രകാലവും അദ്ദേഹം തട‌ങ്ങലില്‍ കഴിയുകയായിരുന്നു. ഇപ്പോള്‍ തികച്ചും അന്യായമായി പൊലീസ് അദ്ദേഹത്തെ ഏകാന്ത ത‌ടവിലാക്കിയിരിക്കുന്നതായി അദ്ദേഹത്തിന്‍റെ ഭാര്യ എലീന അറിയിച്ചിരിക്കുന്നു. (ഇതു സംബന്ധിച്ച് മറ്റൊരു ബ്ളോഗില്‍ ഞാന്‍ നേരത്തെ നല്കിയിരുന്ന വിവരം കാണുക. )

ഡോ. സെന്നിന്‍റെ ഏകാന്ത ത‌ടവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു ഓണ്‍ ലൈന്‍ ഹര്‍ജി തയ്യാറായി വരുന്നു. ഈ ആവശ്യത്തോട് യോജിക്കുന്ന സുഹൃത്തുക്കള്‍ക്ക് ഈ വെബ് സൈറ്റ് സന്ദര്ശിച്ച് ഒപ്പ് രേഖപ്പെടുത്താവുന്നതാണ്.

Thursday, April 10, 2008

ഭീമനെ നേരിടുമ്പോള്‍

ചില്ലറ വ്യാപാര മേഖലയില്‍ ദേശീയ വിദേശീയ കമ്പനികളുടെ കടന്നു കയറ്റം ഈ ആഴ്ച കേരള കൌമുദിയിലെ നേര്‍ക്കാഴ്ച പംക്തിയില്‍ ചര്‍ച്ച ചെയ്യുന്നു. സി. പി. എം കേന്ദ്ര നേതൃത്വം നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങളില്‍നിന്നു വ്യത്യസ്തമായ സമീപനമാണ് സംസ്ഥാന പാര്‍ട്ടിയും സര്‍ക്കാരും സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നു.

പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍

ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍ 'ഭീമനെ നേരിടുമ്പോള്‍'

ഇംഗ്ലീഷ് പരിഭാഷ Kerala Letter ബ്ലോഗില്‍

Saturday, April 5, 2008

ജനമൈത്രി സുരക്ഷാ പദ്ധതി

പോലീസും ജനങ്ങളും തമ്മില്‍ നല്ല ബന്ധം സ്ഥാപിച്ച് പരസ്പര വിശ്വാസം സാധ്യമാക്കുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള ജനമൈത്രി സുരക്ഷാ പദ്ധതി കഴിഞ്ഞ മാസം അവസാനമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇപ്പോള്‍ പൈലറ്റ് പ്രോജക്റ്റ് എണ്ണ നിലയില്‍ തെരഞ്ഞെടുക്കപ്പെട്ട ചില നഗരപ്രദേശങ്ങളിലാണ്‌ അത് നടപ്പിലാക്കിയിട്ടുള്ളത്.

പദ്ധതിയുടെ കാതലായ അംശം ബീറ്റ് സമ്പ്രദായമാണ്. ഓരോ പോലീസ് സ്റ്റേഷനിലെയും കോണ്‍സ്റ്റബിള്‍മാര്‍ അതിന്‍റെ പരിധിയില്‍പെടുന്ന വീടുകള്‍ സന്ദര്‍ശിക്കുകയും അങ്ങനെ സ്ഥലവാസികളുമായി നിര്‍ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നതാണ്. ഈ രീതിയിലുള്ള പ്രവര്‍ത്തനം പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും അനോന്യം അറിയുന്നതിനും പരസ്പര വിശ്വാസം നേടുന്നതിനും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതകര്‍.

അഡീഷണല്‍ ഡി.ജി.പി. ജേക്കബ് പുന്നൂസ്, പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ കൂടിയായ ഐ.ജി. ബി. സന്ധ്യ, ഐ.ജി. എ. ഹേമചന്ദ്രന്‍, ഫ്രാറ്റ് പ്രസിഡന്‍റ് ടി. കെ. ഭാസ്കര പണിക്കര്‍, വൈ.എം.സി.എ. പ്രസിഡന്‍റ് കെ.ജെ.പുന്നൂസ് എന്നിവര്‍ പങ്കെടുത്ത ഒരു സെമിനാര്‍ ഇന്നു വൈ.എം.സി.എ.യില്‍ നടന്നു. പദ്ധതി ആവിഷ്കരിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ച ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജെ. മാത്യു ഉദ്ഘാടനം ചെയ്തു. ഞാന്‍ മോഡറേറ്റര്‍ ആയിരുന്നു.

പദ്ധതി നടപ്പിലാക്കിയ പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ടത്തില്‍ നിന്നു അത് നല്ല പ്രതികരണം ഉണ്ടാക്കിയെന്ന് മനസ്സിലാക്കാമെന്നു ഡോ. സന്ധ്യ പറഞ്ഞു.

ഒന്നര നൂറ്റാണ്ടു മുമ്പ് ജന്‍മം കൊണ്ട പോലീസ് സേനയുടെ ഫ്യൂഡല്‍ കൊളോണിയല്‍ പാരമ്പര്യം അതിനെ പിന്നോട്ട് വലിക്കുന്ന ഘടകമാണ്. ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമുള്ള പോലീസുകാരും ജനങ്ങളുമുള്ള സാഹചര്യത്തില്‍ ജനസൌഹൃദ പോലീസ് എന്ന സങ്കല്‍പം ഏതെങ്കിലും സംസ്ഥാനത്ത് യാഥാര്‍ത്ഥ്യം ആക്കാന്‍ കഴിയുമെങ്കില്‍ അത് ഇവിടെയാണ്.

Friday, April 4, 2008

ചെങ്ങറ സമരഭൂമിയില്‍ നിന്നു

ചെങ്ങറ ഭൂസമരം സംബന്ധിച്ച ചില ദൃശ്യങ്ങള്‍ യൂട്യൂബില്‍ ലഭ്യമാണെന്ന് അനില്‍ തറയത്ത് വര്‍ഗീസ് (Anil Tharayath Varghese ) അറിയിക്കുന്നു.

ഈ ലിങ്കുകള്‍ കാണുക:
http://www.youtube.com/watch?v=NI-TP6Rikog
http://www.youtube.com/watch?v=_k3fOoZMnwY

Thursday, April 3, 2008

ബദല്‍ നിര്‍ദ്ദേശം

ദേശീയതലത്തില്‍ മൂന്നാം ബദലിനു വേണ്ടി പ്രവര്‍ത്തിക്കാനുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തീരുമാനം കേരള കൌമുദിയിലെ 'നേര്‍ക്കാഴ്ച്ച പംക്തിയില്‍ ചര്‍ച്ച ചെയ്യുന്നു.

ഓണ്‍ലൈന്‍ എഡിഷനില്‍ ‍ഫീച്ചര്‍ വിഭാഗത്തില്‍ http://www.keralakaumudi.com/news/040308M/feature.shtml
പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍
ഇംഗ്ലീഷ് പരിഭാഷ BHASKAR ബ്ലോഗില്‍

Wednesday, April 2, 2008

ജനകീയ ട്രിബുനല്‍ പോലീസ് പീഡനക്കേസുകള്‍ അന്വേഷിക്കുന്നു

പംക്തികാരനെന്ന നിലയിലുള്ള ചുമതലകളും ചില പൊതുപരിപാടികളും കാരണം കഴിഞ്ഞ ദിവസങ്ങളില്‍ ഈ ബ്ലോഗ് ശ്രദ്ധിക്കാനായില്ല. പോതുപരിപാടികളെല്ലാം മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച്ചവയയിരുന്നു. ഒന്ന് ലോര്‍ഡ് ബുദ്ധ യൂണിവേഴ്സല്‍ സൊസൈറ്റി സംഘടിപ്പിച്ച തിബത്ത് ഐക്യദാര്‍ഢ്യ സമ്മേളനം, മറ്റൊന്ന് കടയ്ക്കലെ സി. എം. പി. പ്രവര്‍ത്തകന്‍ പ്രവീണ്‍ ദാസിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണയ്ക്കിടയില്‍ ബാഹ്യപ്രേരണയില്‍ സാക്ഷികള്‍ കൂറുമാറുന്ന സാഹചര്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാന്‍ യു. ഡി. എഫ്. ജില്ലാ കമ്മിറ്റി കൊല്ലത്ത് സംഘടിപ്പിച്ച പൌരാവകാശ സമ്മേളനം. ഇനിയൊന്നു പീപ്പിള്‍സ്‌ വാച്ച് സംഘടിപ്പിച്ച പീപ്പിള്‍സ്‌ ട്രിബുനലിന്റെ ഉദ്ഘാടനം. ആദ്യത്തെ രണ്ടും വ്യക്തമായും രാഷ്ട്രീയ സ്വഭാവമുള്ള പരിപാടികളായിരുന്നു. മനുഷ്യാവകാശ പ്രശ്നങ്ങളെ രാഷ്ട്രീയത്തിനതീതമായി കണ്ടുകൊണ്ട് പീഡിതരുടെ ഭാഗത്ത് നില്‍ക്കുകയെന്നതാണ് എന്‍റെ സമീപനം.

തിബത്ത് ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിച്ചത് ഒരു നവബുദ്ധ (ദലിത്) സംഘടനയാണ്. രണ്ട് ബുദ്ധഭിക്ഷുക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു. തങ്ങളുടെ ജാതിയിലും മതത്തിലും പെടുന്നവര്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ആളുകള്‍ അതിനെതിരെ ശബ്ദമുയര്‍ത്തുന്നത് സ്വാഭാവികമാണ്. പക്ഷെ നീമുള്ളറുടെ അനുഭവകഥ പഠിപ്പിക്കുനതുപോലെ ഏതൊരു മനുഷ്യനെതിരായ പീഡനത്തെയും എതിര്‍ക്കാന്‍ നമുക്ക് ചുമതലയുണ്ട്. ബ്രിട്ടീഷുകാര്‍ തിബത്തിനെ ഇന്ത്യക്കും ചൈനയ്ക്കും ഇടയില്‍ ഒരു ബഫര്‍ സ്റ്റേറ്റ് ആയി നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ചൈനയിലെ ചക്രവര്‍ത്തിമാര്‍ ശക്തരായിരുന്ന കാലത്തൊക്കെ തിബത്തിനുമേല്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. സാര്‍ ചക്രവര്‍ത്തിയുടെ സാമ്രാജ്യം മുഴുവനും ലെനിന്‍ ഏറ്റെടുത്ത് സോവിയറ്റ് യൂണിയന്‍ ആക്കിയതുപോലെ പഴയ ചൈന സാമ്രാജ്യം മുഴുവനും മാവോ കമ്മ്യൂണിസ്റ്റ് ചൈനയുടെ ഭാഗമാക്കി. സ്വതന്ത്ര ഇന്ത്യ തിബത്തിനെ ചൈനയുടെ അവിഭാജ്യ ഘടകമായി അംഗീകരിച്ചു. ആ നിലയ്ക്ക് സ്വതന്ത്ര തിബത്ത് എന്ന ആശയത്തെ ഇന്ത്യ പിന്തുണയ്ക്കുന്നില്ല. അതേസമയം തിബത്തിനെ സ്വയം ഭരണാവകാശമുള്ള ന്യൂനപക്ഷ പ്രദേശമായി അംഗീകരിച്ചിട്ടുള്ള സാഹചര്യത്തില്‍ തിബത്തന്‍ ജനതയ്ക്ക് മതവും ഭാഷയും സംസ്കാരവും നിലനിര്‍ത്താനുള്ള അവകാശമുണ്ട്. അവ ലംഘിക്കപ്പെടാന്‍ പാടില്ല.

പീപ്പിള്‍സ്‌ വാച്ച് സംഘടിപ്പിച്ചിട്ടുള്ള ജനകീയ ട്രിബുനല്‍ കേരളത്തിലെ മനുഷ്യാവകാശ സംരക്ഷണ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമാണെന്ന് ഉദ്ഘാടനച്ചടങ്ങിലെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ഞാന്‍ പറഞ്ഞു. ഒരു ദേശീയ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ നാല് ജില്ലകളില്‍ കഴിഞ്ഞ രണ്ടു കൊല്ലക്കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോലീസ് പീഡന സംഭവങ്ങള്‍ പീപ്പിള്‍സ്‌ വാച്ച് പഠനവിധേയമാക്കിയിരുന്നു. ആ സംഭവങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പീഡിപ്പിക്കപ്പെട്ടവരും ട്രിബുനല്‍ മുമ്പാകെ മൊഴി നല്കും. പീഡിപ്പിച്ചവര്‍ക്ക് അവരുടെ ഭാഗം പറയാനും അവസരം നല്കും. മൊഴിയുടെ അടിസ്ഥാനത്തില്‍ ട്രിബുനല്‍ തീര്‍പ്പ്‌ കല്പിക്കും.

ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി എച്ച്. സുരേഷ് അദ്ധ്യക്ഷനായുള്ള ട്രിബുനലിലെ മറ്റു അംഗങ്ങള്‍ ഇവരാണ്: ഡോ. എസ്. ബലരാമന്‍, ഡോ. കല്പന കണ്ണബീരന്‍, ഡോ. എന്‍. എ. കരിം, ഡോ. എ. കെ. രാമകൃഷ്ണന്‍, ജാതവേദന്‍ നമ്പൂതിരി (മുന്‍ ഐ. പി. എസ്. ഉദ്യോഗസ്ഥന്‍), സിവിക് ചന്ദ്രന്‍, സജി തോമസ്.
പീപ്പിള്‍സ്‌ വാച്ചിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് അതിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.