Wednesday, April 2, 2008

ജനകീയ ട്രിബുനല്‍ പോലീസ് പീഡനക്കേസുകള്‍ അന്വേഷിക്കുന്നു

പംക്തികാരനെന്ന നിലയിലുള്ള ചുമതലകളും ചില പൊതുപരിപാടികളും കാരണം കഴിഞ്ഞ ദിവസങ്ങളില്‍ ഈ ബ്ലോഗ് ശ്രദ്ധിക്കാനായില്ല. പോതുപരിപാടികളെല്ലാം മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച്ചവയയിരുന്നു. ഒന്ന് ലോര്‍ഡ് ബുദ്ധ യൂണിവേഴ്സല്‍ സൊസൈറ്റി സംഘടിപ്പിച്ച തിബത്ത് ഐക്യദാര്‍ഢ്യ സമ്മേളനം, മറ്റൊന്ന് കടയ്ക്കലെ സി. എം. പി. പ്രവര്‍ത്തകന്‍ പ്രവീണ്‍ ദാസിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണയ്ക്കിടയില്‍ ബാഹ്യപ്രേരണയില്‍ സാക്ഷികള്‍ കൂറുമാറുന്ന സാഹചര്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാന്‍ യു. ഡി. എഫ്. ജില്ലാ കമ്മിറ്റി കൊല്ലത്ത് സംഘടിപ്പിച്ച പൌരാവകാശ സമ്മേളനം. ഇനിയൊന്നു പീപ്പിള്‍സ്‌ വാച്ച് സംഘടിപ്പിച്ച പീപ്പിള്‍സ്‌ ട്രിബുനലിന്റെ ഉദ്ഘാടനം. ആദ്യത്തെ രണ്ടും വ്യക്തമായും രാഷ്ട്രീയ സ്വഭാവമുള്ള പരിപാടികളായിരുന്നു. മനുഷ്യാവകാശ പ്രശ്നങ്ങളെ രാഷ്ട്രീയത്തിനതീതമായി കണ്ടുകൊണ്ട് പീഡിതരുടെ ഭാഗത്ത് നില്‍ക്കുകയെന്നതാണ് എന്‍റെ സമീപനം.

തിബത്ത് ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിച്ചത് ഒരു നവബുദ്ധ (ദലിത്) സംഘടനയാണ്. രണ്ട് ബുദ്ധഭിക്ഷുക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു. തങ്ങളുടെ ജാതിയിലും മതത്തിലും പെടുന്നവര്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ആളുകള്‍ അതിനെതിരെ ശബ്ദമുയര്‍ത്തുന്നത് സ്വാഭാവികമാണ്. പക്ഷെ നീമുള്ളറുടെ അനുഭവകഥ പഠിപ്പിക്കുനതുപോലെ ഏതൊരു മനുഷ്യനെതിരായ പീഡനത്തെയും എതിര്‍ക്കാന്‍ നമുക്ക് ചുമതലയുണ്ട്. ബ്രിട്ടീഷുകാര്‍ തിബത്തിനെ ഇന്ത്യക്കും ചൈനയ്ക്കും ഇടയില്‍ ഒരു ബഫര്‍ സ്റ്റേറ്റ് ആയി നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ചൈനയിലെ ചക്രവര്‍ത്തിമാര്‍ ശക്തരായിരുന്ന കാലത്തൊക്കെ തിബത്തിനുമേല്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. സാര്‍ ചക്രവര്‍ത്തിയുടെ സാമ്രാജ്യം മുഴുവനും ലെനിന്‍ ഏറ്റെടുത്ത് സോവിയറ്റ് യൂണിയന്‍ ആക്കിയതുപോലെ പഴയ ചൈന സാമ്രാജ്യം മുഴുവനും മാവോ കമ്മ്യൂണിസ്റ്റ് ചൈനയുടെ ഭാഗമാക്കി. സ്വതന്ത്ര ഇന്ത്യ തിബത്തിനെ ചൈനയുടെ അവിഭാജ്യ ഘടകമായി അംഗീകരിച്ചു. ആ നിലയ്ക്ക് സ്വതന്ത്ര തിബത്ത് എന്ന ആശയത്തെ ഇന്ത്യ പിന്തുണയ്ക്കുന്നില്ല. അതേസമയം തിബത്തിനെ സ്വയം ഭരണാവകാശമുള്ള ന്യൂനപക്ഷ പ്രദേശമായി അംഗീകരിച്ചിട്ടുള്ള സാഹചര്യത്തില്‍ തിബത്തന്‍ ജനതയ്ക്ക് മതവും ഭാഷയും സംസ്കാരവും നിലനിര്‍ത്താനുള്ള അവകാശമുണ്ട്. അവ ലംഘിക്കപ്പെടാന്‍ പാടില്ല.

പീപ്പിള്‍സ്‌ വാച്ച് സംഘടിപ്പിച്ചിട്ടുള്ള ജനകീയ ട്രിബുനല്‍ കേരളത്തിലെ മനുഷ്യാവകാശ സംരക്ഷണ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമാണെന്ന് ഉദ്ഘാടനച്ചടങ്ങിലെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ഞാന്‍ പറഞ്ഞു. ഒരു ദേശീയ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ നാല് ജില്ലകളില്‍ കഴിഞ്ഞ രണ്ടു കൊല്ലക്കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോലീസ് പീഡന സംഭവങ്ങള്‍ പീപ്പിള്‍സ്‌ വാച്ച് പഠനവിധേയമാക്കിയിരുന്നു. ആ സംഭവങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പീഡിപ്പിക്കപ്പെട്ടവരും ട്രിബുനല്‍ മുമ്പാകെ മൊഴി നല്കും. പീഡിപ്പിച്ചവര്‍ക്ക് അവരുടെ ഭാഗം പറയാനും അവസരം നല്കും. മൊഴിയുടെ അടിസ്ഥാനത്തില്‍ ട്രിബുനല്‍ തീര്‍പ്പ്‌ കല്പിക്കും.

ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി എച്ച്. സുരേഷ് അദ്ധ്യക്ഷനായുള്ള ട്രിബുനലിലെ മറ്റു അംഗങ്ങള്‍ ഇവരാണ്: ഡോ. എസ്. ബലരാമന്‍, ഡോ. കല്പന കണ്ണബീരന്‍, ഡോ. എന്‍. എ. കരിം, ഡോ. എ. കെ. രാമകൃഷ്ണന്‍, ജാതവേദന്‍ നമ്പൂതിരി (മുന്‍ ഐ. പി. എസ്. ഉദ്യോഗസ്ഥന്‍), സിവിക് ചന്ദ്രന്‍, സജി തോമസ്.
പീപ്പിള്‍സ്‌ വാച്ചിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് അതിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

1 comment:

Anivar said...

ഈ ട്രിബ്യൂണലിനും അതിനു ശേഷമുള്ള കാമ്പൈനുകള്‍ക്കുമായി http://stoptorture.in എന്ന വെബ്സൈറ്റും അവര്‍ക്കുണ്ട്.