Wednesday, February 17, 2016

ഹിന്ദുത്വത്തിന്റെ സമഗ്രാധിപത്യ പദ്ധതി

ബി ആർ പി ഭാസ്കർ
ജനയുഗം

രോഹിത്‌ വെമുലയുടെ മരണത്തിൽ കലാശിച്ച ഹൈദരാബാദ്‌ കേന്ദ്ര സർവകലാശാലയിലെ സംഭവങ്ങളെപ്പോലെ, ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി യൂണിയൻ പ്രസിഡന്റ്‌. കനയ്യ കുമാറിന്റെയും സഹപ്രവർത്തകരുടെയും അറസ്റ്റിലേക്ക്‌ നയിച്ച സംഭവങ്ങളും യാദൃശ്ചികമല്ല. പുരോഗമനോന്മുഖരായ അധ്യാപകരും വിദ്യാർഥികളുമുള്ള ക്യാമ്പസുകളെ പിടിച്ചടക്കാനുള്ള സംഘ പരിവാറിന്റെ ശ്രമത്തിന്റെ ഭാഗമാണവ.

ഡൽഹി സർവകലാശാല ഏറെ കാലമായി സംഘപരിവാറിന്റെ നിയന്ത്രണത്തിലാണ്‌. പ്രശസ്ത ആംഗലേയ കവിയും ഭാഷാപണ്ഡിതനുമായ എ കെ രാമാനുജന്റെ ‘മുന്നൂറ്‌ രാമായണങ്ങൾ’ എന്ന ഉപന്യാസം ബി എ (ഓണേഴ്സ്‌) ചരിത്ര വിദ്യാർത്ഥികളുടെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയപ്പോൾ ബിജെപിയുടെ വിദ്യാർഥി സംഘടനയായ അഖില ഭാരതീയ വിദ്യാർഥി പരിഷത്തിനെ (എബിവിപി) അവർ അതിനെതിരെ ഇളക്കിവിട്ടിരുന്നു. തുടർന്ന്‌ ചരിത്ര വിഭാഗത്തിന്റെ എതിർപ്പ്‌ അവഗണിച്ചുകൊണ്ട്‌ അക്കാദമിക കൗൺസിൽ ആ ഉപന്യാസം പാഠ്യപദ്ധതിയിൽ നിന്ന്‌ ഒഴിവാക്കി. കൗൺസിലിലെ 120 അംഗങ്ങളിൽ ഒൻപതു പേർ മാത്രമാണ്‌ തീരുമാനത്തെ എതിർത്തത്‌.

ഡൽഹി സർവകലാശാലയ്ക്കു മേലുള്ളതുപോലത്തെ ആധിപത്യം രാജ്യമൊട്ടുക്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമേൽ സ്ഥാപിക്കാൻ ആർഎസ്‌എസ്‌ ആഗ്രഹിക്കുന്നു. നരേന്ദ്രമോഡിയെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കുന്നതിനും ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കുന്നതിനും കഠിന പ്രയത്നം നടത്തിയ ആ സംഘടനയാണ്‌ ഇന്ന്‌ ഫലത്തിൽ മാനവവിഭവവികസന വകുപ്പ്‌ ഭരിക്കുന്നത്‌. വിദ്യാഭ്യാസനയം രൂപീകരിക്കുകയും നടപ്പാക്കുകയും ചെയ്യേണ്ട ആ വകുപ്പിന്റെ ചുമതല പ്രധാനമന്ത്രി ഏൽപിച്ചത്‌ പ്രത്യക്ഷത്തിൽ അതിനുള്ള ഒരു യോഗ്യതയുമില്ലാത്ത സ്മൃതി ഇറാനിയെയാണ്‌. അതിലൂടെ അദ്ദേഹം ആർഎസ്‌എസിന്‌ പിൻസീറ്റ്‌ ഡ്രൈവിങ്‌ നടത്താനുള്ള അവസരം സൃഷ്ടിച്ചു.
ആർഎസ്‌എസ്‌ വിദ്യാഭ്യാസരംഗത്ത്‌ പ്രവർത്തിക്കുന്ന പതിനൊന്ന്‌ പോഷക സംഘടനകളുടെ പ്രതിനിധികൾ അടങ്ങുന്ന ‘ശിക്ഷാ സമൂഹി’നെ ഇറാനിയെ ഉപദേശിക്കാൻ നിയോഗിച്ചു. മോഡി സർക്കാരിന്റെ ആദ്യ ആറുമാസക്കാലത്ത്‌ സമൂഹ്‌ സ്മൃതി ഇറാനിയുമായി ആറു തവണ ചർച്ച നടത്തിയതായി 2014 നവംബറിൽ ഇൻഡ്യൻ എക്സ്പ്രസ്‌ റിപ്പോർട്ടു ചെയ്തു. മന്ത്രി വേഗം നടപടികളെടുക്കുന്നില്ലെന്ന സംഘടനയുടെ പരാതിയെ തുടർന്ന്‌ മോഡി ദീർഘകാലം ആർഎസ്‌എസ്‌ പ്രചാരകനായിരുന്ന രാം ശങ്കർ കത്തേരിയയെ വകുപ്പിൽ സഹമന്ത്രിയായി നിയമിച്ചു. തെരഞ്ഞെടുപ്പു സമയത്ത്‌ സമർപ്പിച്ച സത്യവാങ്മൂലമനുസരിച്ച്‌ ഇരുപതിലധികം ക്രിമിനൽ കേസുകൾ നേരിടുന്നയാളാണു ഈ കത്തേരിയ. ആഗ്രാ സർവകലാശാലയിൽ ജോലി നേടാനായി ബി എ, എം എ പരീക്ഷകളുടെ വ്യാജ മാർക്കുഷീറ്റുകളുണ്ടാക്കിയെന്നതാണ്‌ രണ്ട്‌ കേസുകളിലെ ആരോപണം.

മാനവവിഭവവികസന വകുപ്പ്‌ നേരിട്ടു നിയന്ത്രിക്കുന്ന നാഷണൽ കൗൺസിൽ ഫോർ എജ്യോൂക്കേഷനൽ റിസർച്ച്‌ ആൻഡ്‌ ട്രെയിനിങ്‌ (എൻസിഇആർടി), സെൻട്രൽ ബോർഡ്‌ ഓഫ്‌ സെക്കൻഡറി എജുക്കേഷൻ (സിബിഎസ്‌ഇ) എന്നിവയിലൂടെയാണ്‌ സ്കൂൾ വിദ്യാഭ്യാസത്തിന്റെ മേൽ ആർഎസ്‌എസ്‌ പിടിമുറുക്കിയിട്ടുള്ളത്‌. തങ്ങൾക്കു സ്വീകാര്യമായവരെ തലപ്പത്ത്‌ പ്രതിഷ്ഠിച്ചുകൊണ്ടാണ്‌ സ്വയംഭരണാവകാശമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ പദ്ധതിയിട്ടിട്ടുള്ളത്‌.
മദ്രാസ്‌ ഐഐടി, ഹൈദരാബാദ്‌ സെൻട്രൽ യൂണിവേഴ്സിറ്റി, ജെഎൻയു എന്നിവിടങ്ങളിലെ സംഭവങ്ങളിലെ പൊതുഘടകങ്ങൾ ശ്രദ്ധിക്കപ്പെടണം. എബിവിപി മറ്റ്‌ വിദ്യാർഥി സംഘടനകൾക്കെതിരെ പരാതിയുമായി കേന്ദ്ര സർക്കാരിനെ സമീപിക്കുന്നതോടെയാണ്‌ സംഭവങ്ങളുടെ തുടക്കം. പരാതിയുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ സ്ഥാപന മേധാവിയുടെ മേലും പൊലീസിന്റെ മേലും സമ്മർദ്ദം ചെലുത്തുന്നു. മദ്രാസ്‌ ഐഐടിയിലും ഹൈദരാബാദ്‌ സർവകലാശാലയിലും അംബേദ്കറുടെ ആശയങ്ങളെ മുൻനിർത്തി പ്രവർത്തിക്കുന്ന സംഘടനകളെയാണ്‌ എബിവിപി ലക്ഷ്യമിട്ടത്‌. ജെഎൻയുവിൽ ഇടതുപക്ഷ വിദ്യാർഥി സംഘടനകളെയും.

പാർലമെന്റ്‌ ആക്രമണക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന്‌ തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരുവിന്റെ ചരമവാർഷികത്തിൽ വിദ്യാർഥികൾ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയെന്നതാണ്‌ ജെഎൻയു യൂണിയൻ പ്രസിഡന്റ്‌ കനയ്യ കുമാറിനെയും മറ്റും രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തതിന്‌ മോഡി സർക്കാർ നൽകുന്ന ന്യായീകരണം. രാജ്യത്തെ പ്രമുഖ നിയമജ്ഞന്മാരുൾപ്പെടെ പലരും അഫ്സൽ ഗുരുവിന്റെ വധശിക്ഷയ്ക്ക്‌ നീതീകരണമില്ലെന്നു പരസ്യമായി പറഞ്ഞിട്ടുണ്ട്‌. അത്‌ രാജ്യദ്രോഹമല്ലെങ്കിൽ വിദ്യാർഥികൾ അതേറ്റു പറയുന്നത്‌ എങ്ങനെ രാജ്യദ്രോഹമാകും? ഏതായാലും കനയ്യ കുമാറിന്റെ പ്രസംഗത്തിൽ രാജ്യദ്രോഹപരമായ ഒന്നുമുണ്ടായിരുന്നില്ലെന്ന്‌ വ്യാപകമായി പ്രചരിച്ചിട്ടുള്ള വീഡിയോയിൽ നിന്ന്‌ വ്യക്തമാണ്‌. ജെഎൻയുവിൽ എബിവിപിക്കാർ ‘പാകിസ്ഥാൻ സിന്ദാബാദ്‌’ മുദ്രാവാക്യം ഉയർത്തുന്ന ചിത്രങ്ങളും പൊതുമണ്ഡലത്തിലുണ്ട്‌.
അഫ്സൽ ഗുരുവിന്റെ ചരമവാർഷികത്തിനു മുമ്പുതന്നെ ജെഎൻയു, ഐഐടി തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങൾക്കെതിരെ നീങ്ങാൻ ആർഎസ്‌എസ്‌ തയ്യാറെടുപ്പു തുടങ്ങിയിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ പൂനെയിലെ ഫിലിം ആൻഡ്‌ ടെലിവിഷൻ ഇൻസ്റ്റിറ്റിയൂട്ടിലെ വിദ്യാർഥികൾ ഗജേന്ദ്ര ചൗഹാൻ എന്ന സീരിയൽ നടനെ സ്ഥാപനത്തിന്റെ തലപ്പത്ത്‌ വച്ചതിനെതിരെ സമരം ചെയ്യുമ്പോൾ ആർഎസ്‌എസ്‌ മുഖപത്രമായ ഓർഗനൈസർ അതിനെ ഹിന്ദുവിരുദ്ധ പ്രക്ഷോഭമായി ചിത്രീകരിക്കുകയുണ്ടായി. അന്ന്‌ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ഐഐടികളും ഇന്ത്യാവിരുദ്ധവും ഹിന്ദുവിരുദ്ധവുമായ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായി മാറുന്നതായി അത്‌ കുറ്റപ്പെടുത്തി. ഐഐടികളും ഐഐഎമ്മുകളും പ്രത്യയശാസ്ത്രപരമായ നിയന്ത്രണത്തിന്റെ ആശാന്മാരായ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും നിയന്ത്രണത്തിലാണെന്നും അത്‌ നിരീക്ഷിച്ചു. ആണവശാസ്ത്രജ്ഞനും ബോംബേ ഐഐടിയുടെ ബോർഡ്‌ ഓഫ്‌ ഗവർണേഴ്സ്‌ അധ്യക്ഷനുമായ അനിൽ കകോധ്കറും അഹമ്മദാബാദ്‌ ഐഐഎം ചെയർമാൻ എ എം നായിക്കും മാനവവിഭവ വികസന മന്ത്രാലയത്തിന്റെ ചില നടപടികളെ വിമർശിച്ചതിലെ അമർഷവും ലേഖനത്തിൽ പ്രതിഫലിച്ചു.

ആർഎസ്‌എസിന്റെ മറ്റൊരു ജിഹ്വയായ പാഞ്ചജന്യ നവംബറിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ജെഎൻയു ഇന്ത്യയെ ശിഥിലമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വലിയ ദേശദ്രോഹ കേന്ദ്രമാണെന്ന്‌ പറഞ്ഞിരുന്നു. ആരോപണത്തിന്‌ തെളിവായി 2010ൽ നക്സലൈറ്റുകൾ ഛത്തിസ്ഗഢിൽ 75 അർദ്ധസൈനിക സേനാംഗങ്ങളെ കൊന്നപ്പോൾ നക്സലൈറ്റ്‌ ആഭിമുഖ്യമുള്ള ജെഎൻയു വിദ്യാർഥികൾ അതാഘോഷിച്ചതായി ലേഖകൻ ആരോപിച്ചു. സോഷ്യലിസ്റ്റ്‌ ആശയങ്ങൾക്ക്‌ ബൗദ്ധിക സംഭാവന നൽകാനായി ജവഹർലാൽ നെഹ്രുവും ഇന്ദിരാഗാന്ധിയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഗവേഷണ കേന്ദ്രങ്ങളെയും പ്രോത്സാഹിപ്പിച്ചെന്നും ലേഖകൻ എഴുതി.
ആർഎസ്‌എസ്‌ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഹിന്ദുത്വ അജൻഡ നടപ്പാക്കുന്നതിന്‌ തടസം നിൽക്കുന്നവയായാണ്‌ കാണുന്നതെന്ന്‌ ഈ ലേഖനങ്ങൾ വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തിൽ വീക്ഷിക്കുമ്പോൾ അവിടെയുണ്ടായ സംഭവങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ച്‌ അരങ്ങേറിയവയാണെന്ന്‌ കാണാം.

ലഷ്കർ ഇ ത്വയ്ബ നേതാവ്‌ ഹാഫിസ്‌ സയ്യദിന്റെ വ്യാജ ട്വിറ്റർ പ്രൊഫീലിൽ ജെഎൻയുവിലെ വിദ്യാർഥിസമരത്തെ അനുകൂലിച്ചു കൊണ്ടുള്ള ഒരു കുറിപ്പ്‌ പ്രത്യക്ഷപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ്‌ ഉടൻ തന്നെ അതുപയോഗിച്ച്‌ ജെഎൻയു സംഭവങ്ങൾക്ക്‌ പാകിസ്ഥാൻ ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചു. ഹാഫിസ്‌ സയ്യദിന്റെ വ്യാജ പ്രൊഫീലിലെ വിവരം പകർത്തി പ്രചരിപ്പിക്കാൻ ഡൽഹി പൊലീസ്‌ പരസ്യമായി ആഹ്വാനം ചെയ്തു. അത്‌ വ്യാജ പ്രൊഫീൽ ആണെന്ന വസ്തുത പുറത്തായതിനു പിന്നാലെ അത്‌ ട്വിറ്ററിൽ നിന്ന്‌ അപ്രത്യക്ഷമായി. അതിനെ ആസ്പദമാക്കിയല്ല, രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ മന്ത്രി പാക്‌ ബന്ധത്തെ കുറിച്ചു പറഞ്ഞതെന്ന്‌ വിശദീകരിച്ചുകൊണ്ട്‌ തടിയൂരാനായിരുന്നു പിന്നെ ശ്രമം.

സർക്കാരിനകത്തോ പുറത്തോ ഇരുന്നു ചിലർ രാഷ്ട്രീയ ദുഷ്ടലാക്കോടെ ഹീനതന്ത്രങ്ങൾ മെനയുകയാണെന്ന്‌ ഇതെല്ലാം സൂചിപ്പിക്കുന്നു. അവരുടെ ലക്ഷ്യം ദേശരക്ഷയല്ല, സമഗ്രാധിപത്യമാണ്‌. ക്യാമ്പസുകളിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന സാഹചര്യം ഇല്ലാതാക്കി വർഗീയ അജൻഡ നടപ്പാക്കാനുതകുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ്‌ അവരുടെ ലക്ഷ്യം. കനയ്യ കുമാറിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ വിദ്യാർഥികളെയും അധ്യാപകരെയും മാധ്യമപ്രവർത്തകരെയും മറ്റും തല്ലിയൊതുക്കാൻ ആർഎസ്‌എസ്‌ സംഘടനയോടാഭിമുഖ്യമുള്ള അഭിഭാഷകരെ തന്നെ രംഗത്തിറക്കി. കോടതി വളപ്പിലും കോടതിക്കുള്ളിലും നടന്ന അക്രമം നടന്നപ്പോൾ കേന്ദ്ര സർക്കാർ നേരിട്ടു നിയന്ത്രിക്കുന്ന ഡൽഹി പൊലീസ്‌ നോക്കിനിൽക്കുകയാണ്‌ ചെയ്തത്‌. സമഗ്രാധിപത്യ പദ്ധതിയുടെ ഫാസിസ്റ്റ്‌ സ്വഭാവം ഇത്‌ വെളിപ്പെടുത്തുന്നു. (ജനയുഗം, ഫെബ്രുവരി 17, 2016)

Sunday, February 7, 2016

ഒരു നോവലിസ്റ്റിന്റെ പിറവിവഴികൾ അവസാനിക്കുന്നില്ല (നോവൽ): കല്ലിയൂർ ഗോപകുമാർ, ഗ്രീൻ ബുക്സ്, തൃശ്ശൂർ, 250 രൂപ.

ഒരു പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയുടെ പ്രതിനിധിയായാണ് ഞാൻ കല്ലിയൂർ ഗോപകുമാറിനെ ആദ്യം അറിഞ്ഞത്. പിന്നീട് ഒരു അഭിഭാഷകനായി കണ്ടു. ഇപ്പോൾ ഒരു നോവലിസ്റ്റായി അദ്ദേഹം എത്തിയിരിക്കുന്നു. 

“വഴികൾ അവസാനിക്കുന്നില്ല“ എന്ന നോവൽ വായിക്കുന്ന ആരും അദ്ദേഹം സാഹിത്യലോകത്ത് ഒരു തുടക്കക്കാരനാണെന്ന്  വിശ്വസിക്കാൻ മടിക്കും. തഴക്കവും പഴക്കവുമുള്ള ഒരു നോവലിസ്റ്റിന്റെ കൈവിരുത് ഈ കൃതിയിലുടനീളമുണ്ട്.

തിന്മകൾ പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു കാലഘട്ടമാണിത്. ആ തിന്മകളെല്ലാം കല്ലിയൂർ ഗോപകുമാർ നമുക്ക് പരിചയപ്പെടുത്തി തരുന്ന, നഗരത്തിൽ നിന്ന് അകലെയല്ലാത്ത മുകുന്ദപുരം ഗ്രാമത്തിലുണ്ട്. അവയെ നിർഭയമായും സത്യസന്ധമായും അഭിമുഖീകരിക്കാനും മറികടക്കാനും സേതുമാധവൻ ഗ്രാമീണരെ പ്രാപ്തരാക്കുന്നു. 

ഇങ്ങനെയൊക്കെ ലോകത്തെ മാറ്റിമറിക്കാൻ പറ്റുമോയെന്ന് വായനക്കാർ ആശങ്കപ്പെട്ടേക്കാമെന്ന് അവതാരികയിൽ പ്രശസ്ത കഥാകൃത്ത് പെരുമ്പടവം ശ്രീധരൻ നിരീക്ഷിക്കുന്നു. അതിനുള്ള ഉത്തരം ഒരു മറുചോദ്യത്തിന്റെ രൂപത്തിൽ അദ്ദേഹം നൽകുകയും ചെയ്യുന്നു. ഇങ്ങനെയല്ലെങ്കിൽ പിന്നെ എങ്ങനെയാണ് ലോകം മാറുന്നത്?

മനുഷ്യജീവിതത്തിലെ നന്മയുടെയും തിന്മയുടെയും വഴികൾ അവസാനിക്കുന്നില്ലെന്ന് നോവലിസ്റ്റ് മുഖ്യ കഥാപാത്രത്തിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്നു. കർമ്മഫലമിച്ഛിക്കാതെ നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കാമെന്നതാണ്  നോവൽ നൽകുന്ന സന്ദേശം. കാലിക പ്രസക്തിയുള്ള ഒരു സന്ദേശമാണത്.

കുരീപ്പുഴ ശ്രീകുമാറും സുഹൃത്തുക്കളും നടത്തുന്ന മതാതീത സാംസ്കാരിക യാത്രക്ക് അഭിവാദ്യങ്ങൾ കവി കുരീപ്പുഴ ശ്രീകുമാർ എഴുതുന്നു:

സങ്കടങ്ങളിൽ നിന്നും ഒരു സാംസ്കാരികസഞ്ചാരം തുടങ്ങുകയാണ്. കേരളത്തിൽ ഇക്കാലത്ത്‌ ജീവിക്കുന്ന ഒരാൾക്ക്‌ നേരിടേണ്ടി വരുന്ന സാസ്കാരിക പ്രതിസന്ധികളിൽ പ്രധാനം, സ്നേഹത്തിന്റെ സ്ഥാനത്ത് സ്നേഹരഹിതമായ ജാതിയും മതവും തിരിച്ചു വരുന്നു എന്നതാണല്ലൊ. നവോത്ഥാനനായകർ ജീവിതം കൊടുത്തു നേടിത്തന്ന എല്ലാ സാംസ്കാരിക മുന്നേറ്റങ്ങളെയും പരാജയപ്പെടുത്തുവാനുള്ള പരിശ്രമങ്ങൾ മുന്നേറിക്കൊണ്ടിരിക്കുമ്പോൾ അധികാരമോഹത്തിനപ്പുറം നിന്ന് നമ്മൾക്ക്‌ പ്രതികരിക്കേണ്ടതുണ്ട്‌. വർഗ്ഗീയശക്തികൾ ജനപ്രതിനിധിസഭകളിൽ മാത്രമല്ല,ആരോഗ്യ മേഖലയിലും വിദ്യാഭ്യാസരംഗത്തും കലാസാഹിത്യസാംസ്കാരിക വേദികളിലുമെല്ലാം സാന്നിധ്യമറിയിച്ചു കഴിഞ്ഞു.

ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, വാഴക്കുല, പ്രേമലേഖനം, പാട്ടബാക്കി, അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്‌, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, കൂട്ടുകൃഷി, ജ്ജ്‌ നല്ല മനിസനാകാൻ നോക്ക്‌, സംഗമം തുടങ്ങി മാറ്റത്തിന്റെ വിളക്ക്‌ കൊളുത്തിയ രചനകളെ അപ്രസക്തമാക്കിക്കൊണ്ട്‌ ജാതിമതമൂലധന ശക്തികൾ കേരളത്തെ പിന്നെയും ഭ്രാന്താലയമാക്കുന്നു. ഇത്തരം സങ്കടങ്ങൾ ഞങ്ങളെ അസ്വസ്ഥരാക്കിയപ്പോഴാണു, ജാതിയും മതവുമല്ല ജീവിതമാണു പ്രധാനമെന്ന് കേരളീയരെ ഓർമ്മിപ്പിക്കാൻ വേണ്ടി മതാതീത സാംസ്കാരികയാത്ര നടത്താൻ ഞങ്ങൾ തീരുമാനിച്ചത്.

സാംസ്കാരികപ്രവർത്തകരുടെ പത്തംഗസംഘമാണു സഞ്ചരിക്കുന്നത്‌. ഞാൻ ഒപ്പമുണ്ട്. 2016 ഫെബ്രുവരി 20 നു മഞ്ചേശ്വരത്ത്‌ രാഷ്ട്രകവി ഗോവിന്ദപൈയുടെ ഭവനത്തിൽ നിന്നും യാത്ര തുടങ്ങും. മാർച്ച്‌ 4നു, ജാതിഭേദം മതദ്വേഷം, ഏതുമില്ലാതെ സർവ്വരും,സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്‌ എന്ന് കേരളത്തെ ലക്ഷ്യം വച്ചുകൊണ്ട്‌ നാരായണഗുരു കുറിച്ചിട്ട അരുവിപ്പുറത്ത്‌ അവസാനിക്കും.

യാത്രക്കുശേഷം വരവുചെലവുകൾ ജനങ്ങളെ അറിയിച്ചിട്ട്‌ സ്വന്തം സാംസ്കാരിക ജീവിതത്തിലേക്ക്‌ മടങ്ങിപ്പോകും.

ഒരു സംഘടനയുടെയും ബാനറില്ലാത്ത ഈ യാത്രക്ക്‌, കേരളം മാതൃകാസ്ഥാനമാകണമെന്ന് താൽപര്യമുള്ള താങ്കൾ താങ്ങും തണലുമായി ഒപ്പം ഉണ്ടാകുമല്ലൊ. കാവ്യാഭിവാദനങ്ങളോടെ 
കുരീപ്പുഴ ശ്രീകുമാർ                                           

---------------------------------------------
ബന്ധപ്പെടേണ്ട നംബറുകൾ ചാലക്കോടൻ -- 97 47 87 46 57 വിനോദ്‌ വെള്ളായണി – 94 95 59 1000 ഷിബു ചെറുവക്കൽ -- 9446 300 308

Saturday, February 6, 2016

ഇത് തിരിച്ചുപോക്കിന്റെ കാലം

ബി.ആർ.പി. ഭാസ്കർ

ഈ നൂറ്റാണ്ട് പിറക്കുമ്പോൾ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ. ആയിരുന്നു രാജ്യം ഭരിച്ചിരുന്നത്. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. പത്തു കൊല്ലം ഭരിച്ചശേഷം ബി.ജെ.പി. വീണ്ടും അധികാരത്തിലേറിയിരിക്കുന്നു. എ.ബി. വാജ്പേയ് നയിച്ച എൻ.ഡി.എ സർക്കാരിൽ നിന്നും തികച്ചും വ്യത്യസ്തമാണ് മോദി നയിക്കുന്നത്. ജനാധിപത്യമൂല്യങ്ങൾ മനസിലാക്കുകയും മാനിക്കുകയും ചെയ്ത പ്രധാനമന്ത്രിയായിരുന്നു വാജ്പേയ്. ഇന്ത്യയിൽ ജനാധിപത്യത്തിന്റെ അടിത്തറ പാകിയ ജവഹർലാൽ നെഹ്രുവിന്റെ സംഭാവനകളെ അദ്ദേഹം വിലമതിച്ചു. ബംഗ്ലാദേശിന്റെ രൂപീകരണത്തിൽ കലാശിച്ച ഇന്ത്യാ-പാകിസ്ഥാൻ യുദ്ധകാലത്ത് രാജ്യത്തെ നയിച്ച ഇന്ദിരാ ഗാന്ധിയെ അദ്ദേഹം ദുർഗ്ഗ എന്ന് വിശേഷിപ്പിച്ചു. ഹിന്ദുത്വത്തിന്റെ വളർച്ചയെ ദീർഘകാലം തടഞ്ഞു നിർത്തിയ നെഹ്രുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും ഓർമ്മയെ ഭയക്കുന്ന മോദി അവരെ വിസ്മൃതിയിലാഴ്ത്തിയും ഒരിക്കലും ഹിന്ദുവർഗീയതയുടെ ഭാഗമ്ല്ലായിരുന്ന വല്ലഭ്ഭായ് പട്ടേൽ, ബി.ആർ. അംബേദ്കർ, ശ്രീനാരായണഗുരു, അയ്യൻ‌കാളി തുടങ്ങിയവരെ ഹിന്ദുത്വദേവഗണത്തിൽ പെടുത്തിയും ഹിന്ദുരാഷ്ട്ര പദ്ധതി മുന്നോട്ടു കൊണ്ടു പോകാനുള്ള ശ്രമത്തിലാണ്. ഗുജറാത്തിലും അയോധ്യയിലുമെന്ന പോലെ, ദേശീയതലത്തിലും രണ്ട് തലങ്ങളിലായാണ് ഈ ശ്രമം നടക്കുന്നത്. ഭരണയന്ത്രം ഉപയോഗിച്ചു ചെയ്യാനാകാത്തതിനെ സ്വകാര്യ സേനകളെ ഉപയോഗിച്ചു ചെയ്യുന്നു. വർഗ്ഗീയതക്ക് --  ന്യൂനപക്ഷ വർഗ്ഗീയതയായാലും ഭൂരിപക്ഷ വർഗ്ഗീയതയായാലും -- താൽക്കാലിക വിജയം നേടാനാകുമെങ്കിലും ഒടുവിൽ ഇന്ത്യയുടെ മഹത്തായ മതനിരപേക്ഷ പാരമ്പര്യം അതിനെ തോല്പിക്കുക തന്നെ ചെയ്യും.

ഇരുപതാം നൂറ്റാണ്ട് പിറക്കുമ്പോൾ കേരളം, പ്രത്യേകിച്ച് നാട്ടുരാജ്യങ്ങളായ തിരുവിതാംകൂ‍റും കൊച്ചിയും, ഇന്ന് നാം നവോത്ഥാനമെന്ന് വിവക്ഷിക്കുന്ന നവീകരണ പ്രസ്ഥാനങ്ങളുടെ സ്വാധീനത്തിൽ ഇന്ത്യയുടെ ഇതര പ്രദേശങ്ങളെ പിന്നിട്ടുകൊണ്ട് സാമൂഹികമായി മുന്നേറുകയായിരുന്നു. അതിന്റെ പ്രതിഫലനം പല മേഖലങ്ങളിലും ഇപ്പോഴും കാണാമെങ്കിലും, ഈ നൂറ്റാണ്ട് പിറക്കുമ്പോൾ കേരളം തിരിച്ചുപോക്കിന്റെ പാതയിലായിരുന്നു. അധികാരത്തിനായി മത്സരിക്കുന്ന കക്ഷികൾ തെരഞ്ഞെടുപ്പിൽ ജയിക്കാനായി എല്ലാത്തരം  പ്രതിലോമതകളുമായി നിരന്തരം നടത്തുന്ന ഒത്തുതീർപ്പുകളുടെ ഫലമായി നവോത്ഥാന മൂല്യങ്ങൾ കൈമോശം വന്നിരിക്കുന്നു. പല രാഷ്ട്രീയ നേതാക്കളും കേരള സമൂഹം ജീർണ്ണാവസ്ഥയിലാണെന്ന് ഇപ്പോൾ സമ്മതിക്കുന്നുണ്ട്. എന്നാൽ നിർണ്ണായകമായ സാമൂഹ്യ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴി തെളിക്കാൻ കഴിവുള്ള ഒരു നേതൃത്വം ഒരു പാർട്ടിയിലും ഇതുവരെ ഉയർന്നുവന്നിട്ടില്ല.

ദേശീയതലത്തിൽ ഭാവിയെ കുറിച്ച് പ്രതീക്ഷക്കു വക നൽകുന്ന ചില മാറ്റങ്ങൾ ഇക്കൊല്ലം (2015ൽ) ഉണ്ടായി. എന്നാൽ കേരളം ഇപ്പോഴും എതിർദിശയിലാണ് സഞ്ചരിക്കുന്നത്. അതിനാൽ ഒരുപക്ഷെ സ്ഥിതിഗതികൾ കൂടുതൽ വഷളായശേഷമെ ഗുണകരമായ മാറ്റം പ്രതീക്ഷിക്കാനാകൂ.  (മലയാളം വാരിക, ഫെബ്രുവരി 5, 2016)

 ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ ഞാൻ എഡിറ്റ് ചെയ്യുമ്പോൾ' എന്ന വിഷയത്തിൽ 2000 മുതൽ 2015 വരെയുള്ള കാലത്ത് രാഷ്ട്രീയഭാവ തലങ്ങളിൽ വന്ന വ്യത്യാസം ഉൾപ്പെടുത്തി ഒരു ലേഖനം എഴുതണമെന്ന്
മലയാളം വാരിക പത്രാധിപർ ആവശ്യപ്പെട്ട്ടതനുസരിച്ച എഴുതിയ കുറിപ്പാണിത്.)

Wednesday, February 3, 2016

രാഷ്ട്രീയകക്ഷികൾ രാഷ്ട്രീയം പറയണം

ബി ആർ പി ഭാസ്കർ

തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും പ്രചാരണം പൊടിപൊടിക്കുകയാണ്‌. ഇപ്പോൾ നടക്കുന്ന യാത്രകൾ അതിന്റെ ഭാഗമാണ്‌. യാത്രകൾക്ക്‌ തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കാനുള്ള കഴിവുണ്ടെന്ന്‌ വിശ്വസിക്കാൻ തെളിവില്ല. അതിന്റെ അർഥം അവ പ്രയോജനം ചെയ്യില്ലെന്നല്ല. നിർജ്ജീവരായ അണികളെ തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിന്‌ സജ്ജമാക്കാൻ അവ തീർച്ചയായും സഹായിക്കും. പാർട്ടികൾ അവയെ രാഷ്ട്രീയ വിദ്യാഭ്യാസം നൽകുന്നതിനുള്ള അവസരമായും കാണണം. അതിന്‌ അവർ രാഷ്ട്രീയം സംസാരിക്കണം.

രാജ്യത്ത്‌ അരാഷ്ട്രീയത വളരുന്നതായി രാഷ്ട്രീയ കക്ഷികൾ കുറച്ചു കാലമായി പറയുന്നുണ്ട്‌. പല കക്ഷികൾക്കും പഴയപോലെ യുവാക്കളെ ആകർഷിക്കാൻ കഴിയാത്തതു ഈ ആക്ഷേപത്തിൽ സത്യത്തിന്റെ അംശമുണ്ടെന്ന്‌ സൂചിപ്പിക്കുന്നു. ഈ സാഹചര്യം മറികടക്കാൻ പാർട്ടികൾ പല തന്ത്രങ്ങളും പ്രയോഗിക്കുന്നുണ്ട്‌. യുവദശ വലിച്ചു നീട്ടുന്നതാണ്‌ ഇതിലൊന്ന്‌. ജീവിതകാലം നീളുകയും വാർദ്ധക്യദശ വൈകുകയും ചെയുന്നതിനാൽ യൗവനകാലം നീട്ടുന്നതിൽ തെറ്റില്ലെന്ന്‌ വേണമെങ്കിൽ വാദിക്കാം. മത്സരപ്പരീക്ഷയുടെ ഉത്തരക്കടലാസുകൾ മുക്കി ഒരു പാർട്ടിയിൽ പെട്ടവർ കുറേ ചെറുപ്പക്കാർക്ക്‌ ജോലി തരപ്പെടുത്തി അവരുടെയും കുടുംബങ്ങളുടെയും കൂറു നിലനിർത്താൻ നടത്തിയ ശ്രമം സംബന്ധിച്ച വിവരങ്ങൾ പൊതുമണ്ഡലത്തിലുണ്ട്‌. ഇത്തരം കുത്സിതശ്രമങ്ങൾ അർഹതയുള്ളവരുടെ താൽപര്യങ്ങൾ ഹനിക്കുമെന്നത്‌ പാർട്ടി നേതാക്കളെ അലട്ടുന്നതേയില്ല. ഇത്തരം പ്രവൃത്തികൾ രാഷ്ട്രീയത്തിന്റെ ഭാഗമാകുമ്പോൾ ആദർശങ്ങളാൽ പ്രേരിതരാകുന്ന യുവാക്കൾ രാഷ്ട്രീയത്തിൽ നിന്നകലുന്നതിൽ അത്ഭുതപ്പെടാനുണ്ടോ?

കേരളത്തിൽ അരാഷ്ട്രീയത വളരുന്നുണ്ടെങ്കിൽ അതിനുത്തരവാദികൾ കക്ഷിരാഷ്ട്രീയത്തിനു പുറത്തു നിൽക്കുന്നവരല്ല, മൗലിക രാഷ്ട്രീയ വിഷയങ്ങളെയും ജനജീവിതം ദുസഹമാക്കുന്ന പ്രശ്നങ്ങളെയും അവഗണിച്ചുകൊണ്ട്‌ വ്യക്തിപരമോ വിഭാഗീയമോ വാണിജ്യപരമോ ആയ താൽപര്യങ്ങൾ പിന്തുടരുന്ന നേതാക്കളാണ്‌. സോളാറും ബാർ കോഴയും ലാവ്ലിനുമൊക്കെ തെരഞ്ഞെടുപ്പു രംഗം കൊഴുപ്പിക്കാൻ കൊള്ളാവുന്ന വിഷയങ്ങൾ തന്നെ. എന്നാൽ അവയിലേക്ക്‌ ചുരുങ്ങുന്ന തെരഞ്ഞെടുപ്പു പ്രചാരണം രാഷ്ട്രീയത്തേക്കാൾ പരദൂഷണമാണ്‌ പ്രസരിപ്പിക്കുന്നത്‌.

അഴിമതിക്ക്‌ തെരഞ്ഞെടുപ്പു വിഷയമെന്ന നിലയിൽ പ്രസക്തിയുണ്ട്‌. അതേസമയം മുന്നു നാലു പതിറ്റാണ്ടുകളായി രണ്ട്‌ മുന്നണികൾ മാറിമാറി ഭരിക്കുന്ന സംസ്ഥാനത്ത്‌ ഒരു അഴിമതിക്കേസ്‌ ദൈനംദിന വിചാരണയുടെ ഘട്ടം പോലുമെത്താതെ ദീർഘകാലം കിടക്കുമ്പോൾ അതിന്‌ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള കഴിവില്ലെന്ന്‌ വരുന്നു. പുതിയ കേസുകളെ പ്രചാരണായുധമാക്കുമ്പോൾ തികഞ്ഞ രാഷ്ട്രീയബോധത്തോടെ വിഷയം കൈകാര്യം ചെയ്യാൻ ഇടതുപക്ഷത്തിന്‌ കഴിയണം. ഏതായാലും സ്വന്തം താൽപര്യങ്ങൾ മുൻനിർത്തി ഇൻസ്റ്റാൾമെന്റ്‌ അടിസ്ഥാനത്തിൽ വെളിപ്പെടുത്തലുകൾ നടത്തുന്നവരിൽ അമിതപ്രതീക്ഷ വെച്ചുപുലർത്തുന്നത്‌ അപകടകരമാണ്‌.

രാഷ്ട്രീയ കക്ഷികൾ, മുദ്രാവാക്യങ്ങളുയർത്തുന്നതിനപ്പുറം, നയപരിപാടികൾ വ്യക്തമാക്കി ജനപിന്തുണ ഉറപ്പാക്കേണ്ട സമയമാണിത്‌. നയപരിപാടികളിൽ രണ്ട്‌ മുന്നണികളും തമ്മിലുള്ള വ്യത്യാസം ക്രമേണ ലോപിച്ച്‌ ഏറെക്കുറെ ഇല്ലാതായെന്ന ധാരണ വ്യാപിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തിൽ ഇടതു നയങ്ങൾ സുവ്യക്തമായി പുനർനിർവചിക്കാൻ ഇടതു മുന്നണി ഈ അവസരം ഉപയോഗിക്കണം.

അധികാരത്തിൽ വന്നാൽ ചർച്ചകൾ നടത്തി പുതിയ മദ്യ നയം രൂപീകരിക്കുമെന്ന ഇടതുപക്ഷ നേതാക്കളുടെ പ്രസ്താവന തെരഞ്ഞെടുപ്പിനു മുമ്പ്‌ മദ്യനയം വ്യക്തമാക്കാൻ മുന്നണിക്ക്‌ മടിയുണ്ടെന്ന സംശയത്തിന്‌ ഇട നൽകുന്നുണ്ട്‌. മദ്യലോബിയും സിപിഐ(എം)ഉം തമ്മിൽ ചങ്ങാത്തം സ്ഥാപിച്ചിരിക്കുന്നെന്ന യുഡിഎഫിന്റെ ആരോപണത്തിൽ കഴമ്പുണ്ടെന്ന ധാരണ പരത്താൻ ഇതിടയാക്കും. മദ്യനിരോധനമല്ല മദ്യവർജ്ജനമാണ്‌ അഭികാമ്യമെന്ന്‌ എൽഡിഎഫ്‌ പറഞ്ഞിട്ടുണ്ട്‌. മദ്യവർജ്ജനം പ്രോത്സാഹിപ്പിക്കുന്നതിന്‌ സ്വീകരിക്കാവുന്ന നടപടികൾ ഇപ്പോൾ തന്നെ ആലോചിച്ച്‌ തീരുമാനിച്ച്‌ തെരഞ്ഞെടുപ്പ്‌ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിക്കൊണ്ട്‌ ഈ ആരോപണത്തെ മറികടക്കാൻ മുന്നണി ശ്രമിക്കണം.

യുഡിഎഫ്‌ സർക്കാർ സംഘടിപ്പിച്ച ഗ്ലോബൽ എജ്യോൂക്കേഷൻ മീറ്റിനോട്‌ ഇടതു പക്ഷം തത്വത്തിൽ എതിർപ്പ്‌ പ്രകടിപ്പിച്ചിരുന്നു. ഹയർ എജ്യോൂക്കേഷൻ കൗൺസിൽ വൈസ്‌ ചെയർമാൻ ടി പി ശ്രീനിവാസനു നേരെ ഒരു എസ്‌എഫ്‌ഐ നേതാവ്‌ നടത്തിയ കൈയേറ്റം ഒരു അരാഷ്ട്രീയ പ്രതികരണമായിരുന്നു. ആ സംഭവത്തെ ഒരു ചെറുപ്പക്കാരന്റെ അവിവേകമായി എഴുതിത്തള്ളാനാകുമായിരുന്നു. എന്നാൽ അത്‌ പൊതുസമൂഹത്തിൽ അവമതിപ്പ്‌ ഉണ്ടാക്കാൻ പോരുന്നതാണെന്ന്‌ തിരിച്ചറിയാൻ സിപിഐ (എം) സമയമെടുത്തതുകൊണ്ട്‌ അതിനുള്ള അവസരം നഷ്ടപ്പെട്ടു.
പ്രതിപക്ഷത്തായിരുന്നപ്പോൾ എതിർത്ത നയങ്ങൾ അധികാരത്തിലേറിയപ്പോൾ പിന്തുടർന്ന ചരിത്രം ഇടതിനുണ്ട്‌. വിദേശീയർക്ക്‌ വിദ്യാഭ്യാസ മേഖല തുറന്നു കൊടുക്കാനുള്ള യുഡിഎഫ്‌ നീക്കത്തിന്റെ കാര്യത്തിലും ചരിത്രം ആവർത്തിക്കുമെന്ന ആശങ്ക പൊതുസമൂഹത്തിനുണ്ട്‌.

നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുരുതരമായ പ്രശ്നങ്ങൾ നിലനിൽക്കുന്നെന്ന കാര്യത്തിൽ സംശയമില്ല. വിദ്യാഭ്യാസ കച്ചവടക്കാർക്ക്‌ വാതിൽ തുറന്നു കൊടുത്തത്‌ യുഡിഎഫ്‌ ആണ്‌. തുടർന്നു വന്ന എൽഡിഎഫ്‌ സർക്കാർ ആ തെറ്റു തിരുത്തിയില്ല. ഇവിടത്തെ വിദ്യാഭ്യാസ കച്ചവടക്കാരുണ്ടാക്കിയ പ്രശ്നങ്ങൾ വിദേശത്തു നിന്നുള്ള കച്ചവടക്കാരെ വിളിച്ചുവരുത്തി പരിഹരിക്കാവുന്നതല്ല. നമ്മുടെ യുവാക്കൾക്ക്‌ നല്ല ഭാവി ഉറപ്പാക്കാനുതകുന്ന വിധത്തിൽ ഉന്നത വിദ്യാഭ്യാസ രംഗം പരിഷ്കരിക്കേണ്ടതുണ്ട്‌. അതിനുള്ള പരിപാടികളെ കുറിച്ച്‌ ഇടതു മുന്നണി ചിന്തിക്കണം.
കൃഷി ചെയ്തു ഉപജീവനം നടത്താനാഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം ഭൂരഹിതർ ഇവിടെയുണ്ട്‌. അവരുടെ കാര്യത്തിൽ യുഡിഎഫിന്റേതിൽ നിന്ന്‌ വ്യത്യസ്തമായ സമീപനം സ്വീകരിക്കാനും ഉചിതമായ നയപരിപാടികൾ രൂപീകരിക്കാനും എൽഡിഎഫിന്‌ കഴിയുന്നില്ലെങ്കിൽ എങ്ങനെയാണ്‌ ഇടതുപക്ഷം വലതുപക്ഷത്തിൽ നിന്ന്‌ വ്യത്യസ്തമാകുന്നത്‌?

സെക്രട്ടേറിയറ്റ്‌ പടിക്കൽ ചെന്നാൽ ചില സമകാലിക പ്രശ്നങ്ങൾ മനസിലാക്കാൻ കഴിയും. അവിടെ ഇപ്പോൾ സമരത്തിലേർപ്പെട്ടിരിക്കുന്നവരിലേറെയും ഏതെങ്കിലും പുതിയ ആവശ്യം ഉയർത്തുന്നവരല്ല. നേരത്തെ നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്നതാണ്‌ അവരുടെ ആവശ്യം. ഇപ്പോൾ അധികാരത്തിലിരിക്കുന്നവരെന്ന നിലയിൽ പ്രതിസ്ഥാനത്തു നിൽക്കുന്നത്‌ യുഡിഎഫ്‌ സർക്കാരാണ്‌. പക്ഷെ ഏറെക്കാലമായി അധികാരത്തിന്റെ ഭാഗമായവരെന്ന നിലയിൽ പല പ്രശ്നങ്ങളിലും യുഡിഎഫിനൊപ്പം ഉത്തരവാദിത്തം എൽഡിഎഫിനുമുണ്ട്‌. കാസർകോട്ടെ എൻഡോസൾഫാൻ പീഡിതരുടെ പ്രശ്നം ഒരുദാഹരണമാണ്‌. അവർ സമരം ഉദ്ഘാടനം ചെയ്യാൻ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദനെ ക്ഷണിച്ചപ്പോൾ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹം അവർക്കുവേണ്ടി എന്തു ചെയ്തുവെന്ന ചോദ്യവുമായി മുന്നോട്ടു വന്നു. ഒരു ജനതയുടെ ദുരന്തംവച്ച്‌ ഇങ്ങനെ രാഷ്ട്രീയം കളിക്കാൻ കക്ഷികൾക്കും നേതാക്കൾക്കും അവകാശമില്ല.

പയ്യന്നൂരിൽ നിന്നുള്ള ചിത്രലേഖ എന്ന ദളിത്‌ യുവതിയും സെക്രട്ടേറിയറ്റ്‌ പടിക്കലുണ്ട്‌. ഓട്ടോ ഓടിച്ച്‌ ഉപജീവനം നടത്താൻ ശ്രമിച്ച അവരെ ഓട്ടോ തൊഴിലാളികൾ ബഹിഷ്കരിച്ചു വരികയാണ്‌. അവരുടെ ജീവിതം വഴിമുട്ടിക്കാനായി അവരുടെ ഓട്ടോയ്ക്ക്‌ തീയിട്ടു. സ്വതന്ത്രമായി  പണിയെടുത്തു ജീവിക്കാനുള്ള അവസരം മാത്രമാണ്‌ അവർക്ക്‌ വേണ്ടത്‌. ഇടതുപക്ഷം പ്രശ്നത്തിന്റെ ഭാഗമാകാതെ പരിഹാരത്തിന്റെ ഭാഗമാകണം.(ജനയുഗം, ഫെബ്രുവരി 3, 2016)