Wednesday, February 3, 2016

രാഷ്ട്രീയകക്ഷികൾ രാഷ്ട്രീയം പറയണം

ബി ആർ പി ഭാസ്കർ

തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും പ്രചാരണം പൊടിപൊടിക്കുകയാണ്‌. ഇപ്പോൾ നടക്കുന്ന യാത്രകൾ അതിന്റെ ഭാഗമാണ്‌. യാത്രകൾക്ക്‌ തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കാനുള്ള കഴിവുണ്ടെന്ന്‌ വിശ്വസിക്കാൻ തെളിവില്ല. അതിന്റെ അർഥം അവ പ്രയോജനം ചെയ്യില്ലെന്നല്ല. നിർജ്ജീവരായ അണികളെ തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിന്‌ സജ്ജമാക്കാൻ അവ തീർച്ചയായും സഹായിക്കും. പാർട്ടികൾ അവയെ രാഷ്ട്രീയ വിദ്യാഭ്യാസം നൽകുന്നതിനുള്ള അവസരമായും കാണണം. അതിന്‌ അവർ രാഷ്ട്രീയം സംസാരിക്കണം.

രാജ്യത്ത്‌ അരാഷ്ട്രീയത വളരുന്നതായി രാഷ്ട്രീയ കക്ഷികൾ കുറച്ചു കാലമായി പറയുന്നുണ്ട്‌. പല കക്ഷികൾക്കും പഴയപോലെ യുവാക്കളെ ആകർഷിക്കാൻ കഴിയാത്തതു ഈ ആക്ഷേപത്തിൽ സത്യത്തിന്റെ അംശമുണ്ടെന്ന്‌ സൂചിപ്പിക്കുന്നു. ഈ സാഹചര്യം മറികടക്കാൻ പാർട്ടികൾ പല തന്ത്രങ്ങളും പ്രയോഗിക്കുന്നുണ്ട്‌. യുവദശ വലിച്ചു നീട്ടുന്നതാണ്‌ ഇതിലൊന്ന്‌. ജീവിതകാലം നീളുകയും വാർദ്ധക്യദശ വൈകുകയും ചെയുന്നതിനാൽ യൗവനകാലം നീട്ടുന്നതിൽ തെറ്റില്ലെന്ന്‌ വേണമെങ്കിൽ വാദിക്കാം. മത്സരപ്പരീക്ഷയുടെ ഉത്തരക്കടലാസുകൾ മുക്കി ഒരു പാർട്ടിയിൽ പെട്ടവർ കുറേ ചെറുപ്പക്കാർക്ക്‌ ജോലി തരപ്പെടുത്തി അവരുടെയും കുടുംബങ്ങളുടെയും കൂറു നിലനിർത്താൻ നടത്തിയ ശ്രമം സംബന്ധിച്ച വിവരങ്ങൾ പൊതുമണ്ഡലത്തിലുണ്ട്‌. ഇത്തരം കുത്സിതശ്രമങ്ങൾ അർഹതയുള്ളവരുടെ താൽപര്യങ്ങൾ ഹനിക്കുമെന്നത്‌ പാർട്ടി നേതാക്കളെ അലട്ടുന്നതേയില്ല. ഇത്തരം പ്രവൃത്തികൾ രാഷ്ട്രീയത്തിന്റെ ഭാഗമാകുമ്പോൾ ആദർശങ്ങളാൽ പ്രേരിതരാകുന്ന യുവാക്കൾ രാഷ്ട്രീയത്തിൽ നിന്നകലുന്നതിൽ അത്ഭുതപ്പെടാനുണ്ടോ?

കേരളത്തിൽ അരാഷ്ട്രീയത വളരുന്നുണ്ടെങ്കിൽ അതിനുത്തരവാദികൾ കക്ഷിരാഷ്ട്രീയത്തിനു പുറത്തു നിൽക്കുന്നവരല്ല, മൗലിക രാഷ്ട്രീയ വിഷയങ്ങളെയും ജനജീവിതം ദുസഹമാക്കുന്ന പ്രശ്നങ്ങളെയും അവഗണിച്ചുകൊണ്ട്‌ വ്യക്തിപരമോ വിഭാഗീയമോ വാണിജ്യപരമോ ആയ താൽപര്യങ്ങൾ പിന്തുടരുന്ന നേതാക്കളാണ്‌. സോളാറും ബാർ കോഴയും ലാവ്ലിനുമൊക്കെ തെരഞ്ഞെടുപ്പു രംഗം കൊഴുപ്പിക്കാൻ കൊള്ളാവുന്ന വിഷയങ്ങൾ തന്നെ. എന്നാൽ അവയിലേക്ക്‌ ചുരുങ്ങുന്ന തെരഞ്ഞെടുപ്പു പ്രചാരണം രാഷ്ട്രീയത്തേക്കാൾ പരദൂഷണമാണ്‌ പ്രസരിപ്പിക്കുന്നത്‌.

അഴിമതിക്ക്‌ തെരഞ്ഞെടുപ്പു വിഷയമെന്ന നിലയിൽ പ്രസക്തിയുണ്ട്‌. അതേസമയം മുന്നു നാലു പതിറ്റാണ്ടുകളായി രണ്ട്‌ മുന്നണികൾ മാറിമാറി ഭരിക്കുന്ന സംസ്ഥാനത്ത്‌ ഒരു അഴിമതിക്കേസ്‌ ദൈനംദിന വിചാരണയുടെ ഘട്ടം പോലുമെത്താതെ ദീർഘകാലം കിടക്കുമ്പോൾ അതിന്‌ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള കഴിവില്ലെന്ന്‌ വരുന്നു. പുതിയ കേസുകളെ പ്രചാരണായുധമാക്കുമ്പോൾ തികഞ്ഞ രാഷ്ട്രീയബോധത്തോടെ വിഷയം കൈകാര്യം ചെയ്യാൻ ഇടതുപക്ഷത്തിന്‌ കഴിയണം. ഏതായാലും സ്വന്തം താൽപര്യങ്ങൾ മുൻനിർത്തി ഇൻസ്റ്റാൾമെന്റ്‌ അടിസ്ഥാനത്തിൽ വെളിപ്പെടുത്തലുകൾ നടത്തുന്നവരിൽ അമിതപ്രതീക്ഷ വെച്ചുപുലർത്തുന്നത്‌ അപകടകരമാണ്‌.

രാഷ്ട്രീയ കക്ഷികൾ, മുദ്രാവാക്യങ്ങളുയർത്തുന്നതിനപ്പുറം, നയപരിപാടികൾ വ്യക്തമാക്കി ജനപിന്തുണ ഉറപ്പാക്കേണ്ട സമയമാണിത്‌. നയപരിപാടികളിൽ രണ്ട്‌ മുന്നണികളും തമ്മിലുള്ള വ്യത്യാസം ക്രമേണ ലോപിച്ച്‌ ഏറെക്കുറെ ഇല്ലാതായെന്ന ധാരണ വ്യാപിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തിൽ ഇടതു നയങ്ങൾ സുവ്യക്തമായി പുനർനിർവചിക്കാൻ ഇടതു മുന്നണി ഈ അവസരം ഉപയോഗിക്കണം.

അധികാരത്തിൽ വന്നാൽ ചർച്ചകൾ നടത്തി പുതിയ മദ്യ നയം രൂപീകരിക്കുമെന്ന ഇടതുപക്ഷ നേതാക്കളുടെ പ്രസ്താവന തെരഞ്ഞെടുപ്പിനു മുമ്പ്‌ മദ്യനയം വ്യക്തമാക്കാൻ മുന്നണിക്ക്‌ മടിയുണ്ടെന്ന സംശയത്തിന്‌ ഇട നൽകുന്നുണ്ട്‌. മദ്യലോബിയും സിപിഐ(എം)ഉം തമ്മിൽ ചങ്ങാത്തം സ്ഥാപിച്ചിരിക്കുന്നെന്ന യുഡിഎഫിന്റെ ആരോപണത്തിൽ കഴമ്പുണ്ടെന്ന ധാരണ പരത്താൻ ഇതിടയാക്കും. മദ്യനിരോധനമല്ല മദ്യവർജ്ജനമാണ്‌ അഭികാമ്യമെന്ന്‌ എൽഡിഎഫ്‌ പറഞ്ഞിട്ടുണ്ട്‌. മദ്യവർജ്ജനം പ്രോത്സാഹിപ്പിക്കുന്നതിന്‌ സ്വീകരിക്കാവുന്ന നടപടികൾ ഇപ്പോൾ തന്നെ ആലോചിച്ച്‌ തീരുമാനിച്ച്‌ തെരഞ്ഞെടുപ്പ്‌ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിക്കൊണ്ട്‌ ഈ ആരോപണത്തെ മറികടക്കാൻ മുന്നണി ശ്രമിക്കണം.

യുഡിഎഫ്‌ സർക്കാർ സംഘടിപ്പിച്ച ഗ്ലോബൽ എജ്യോൂക്കേഷൻ മീറ്റിനോട്‌ ഇടതു പക്ഷം തത്വത്തിൽ എതിർപ്പ്‌ പ്രകടിപ്പിച്ചിരുന്നു. ഹയർ എജ്യോൂക്കേഷൻ കൗൺസിൽ വൈസ്‌ ചെയർമാൻ ടി പി ശ്രീനിവാസനു നേരെ ഒരു എസ്‌എഫ്‌ഐ നേതാവ്‌ നടത്തിയ കൈയേറ്റം ഒരു അരാഷ്ട്രീയ പ്രതികരണമായിരുന്നു. ആ സംഭവത്തെ ഒരു ചെറുപ്പക്കാരന്റെ അവിവേകമായി എഴുതിത്തള്ളാനാകുമായിരുന്നു. എന്നാൽ അത്‌ പൊതുസമൂഹത്തിൽ അവമതിപ്പ്‌ ഉണ്ടാക്കാൻ പോരുന്നതാണെന്ന്‌ തിരിച്ചറിയാൻ സിപിഐ (എം) സമയമെടുത്തതുകൊണ്ട്‌ അതിനുള്ള അവസരം നഷ്ടപ്പെട്ടു.
പ്രതിപക്ഷത്തായിരുന്നപ്പോൾ എതിർത്ത നയങ്ങൾ അധികാരത്തിലേറിയപ്പോൾ പിന്തുടർന്ന ചരിത്രം ഇടതിനുണ്ട്‌. വിദേശീയർക്ക്‌ വിദ്യാഭ്യാസ മേഖല തുറന്നു കൊടുക്കാനുള്ള യുഡിഎഫ്‌ നീക്കത്തിന്റെ കാര്യത്തിലും ചരിത്രം ആവർത്തിക്കുമെന്ന ആശങ്ക പൊതുസമൂഹത്തിനുണ്ട്‌.

നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുരുതരമായ പ്രശ്നങ്ങൾ നിലനിൽക്കുന്നെന്ന കാര്യത്തിൽ സംശയമില്ല. വിദ്യാഭ്യാസ കച്ചവടക്കാർക്ക്‌ വാതിൽ തുറന്നു കൊടുത്തത്‌ യുഡിഎഫ്‌ ആണ്‌. തുടർന്നു വന്ന എൽഡിഎഫ്‌ സർക്കാർ ആ തെറ്റു തിരുത്തിയില്ല. ഇവിടത്തെ വിദ്യാഭ്യാസ കച്ചവടക്കാരുണ്ടാക്കിയ പ്രശ്നങ്ങൾ വിദേശത്തു നിന്നുള്ള കച്ചവടക്കാരെ വിളിച്ചുവരുത്തി പരിഹരിക്കാവുന്നതല്ല. നമ്മുടെ യുവാക്കൾക്ക്‌ നല്ല ഭാവി ഉറപ്പാക്കാനുതകുന്ന വിധത്തിൽ ഉന്നത വിദ്യാഭ്യാസ രംഗം പരിഷ്കരിക്കേണ്ടതുണ്ട്‌. അതിനുള്ള പരിപാടികളെ കുറിച്ച്‌ ഇടതു മുന്നണി ചിന്തിക്കണം.
കൃഷി ചെയ്തു ഉപജീവനം നടത്താനാഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം ഭൂരഹിതർ ഇവിടെയുണ്ട്‌. അവരുടെ കാര്യത്തിൽ യുഡിഎഫിന്റേതിൽ നിന്ന്‌ വ്യത്യസ്തമായ സമീപനം സ്വീകരിക്കാനും ഉചിതമായ നയപരിപാടികൾ രൂപീകരിക്കാനും എൽഡിഎഫിന്‌ കഴിയുന്നില്ലെങ്കിൽ എങ്ങനെയാണ്‌ ഇടതുപക്ഷം വലതുപക്ഷത്തിൽ നിന്ന്‌ വ്യത്യസ്തമാകുന്നത്‌?

സെക്രട്ടേറിയറ്റ്‌ പടിക്കൽ ചെന്നാൽ ചില സമകാലിക പ്രശ്നങ്ങൾ മനസിലാക്കാൻ കഴിയും. അവിടെ ഇപ്പോൾ സമരത്തിലേർപ്പെട്ടിരിക്കുന്നവരിലേറെയും ഏതെങ്കിലും പുതിയ ആവശ്യം ഉയർത്തുന്നവരല്ല. നേരത്തെ നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്നതാണ്‌ അവരുടെ ആവശ്യം. ഇപ്പോൾ അധികാരത്തിലിരിക്കുന്നവരെന്ന നിലയിൽ പ്രതിസ്ഥാനത്തു നിൽക്കുന്നത്‌ യുഡിഎഫ്‌ സർക്കാരാണ്‌. പക്ഷെ ഏറെക്കാലമായി അധികാരത്തിന്റെ ഭാഗമായവരെന്ന നിലയിൽ പല പ്രശ്നങ്ങളിലും യുഡിഎഫിനൊപ്പം ഉത്തരവാദിത്തം എൽഡിഎഫിനുമുണ്ട്‌. കാസർകോട്ടെ എൻഡോസൾഫാൻ പീഡിതരുടെ പ്രശ്നം ഒരുദാഹരണമാണ്‌. അവർ സമരം ഉദ്ഘാടനം ചെയ്യാൻ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദനെ ക്ഷണിച്ചപ്പോൾ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹം അവർക്കുവേണ്ടി എന്തു ചെയ്തുവെന്ന ചോദ്യവുമായി മുന്നോട്ടു വന്നു. ഒരു ജനതയുടെ ദുരന്തംവച്ച്‌ ഇങ്ങനെ രാഷ്ട്രീയം കളിക്കാൻ കക്ഷികൾക്കും നേതാക്കൾക്കും അവകാശമില്ല.

പയ്യന്നൂരിൽ നിന്നുള്ള ചിത്രലേഖ എന്ന ദളിത്‌ യുവതിയും സെക്രട്ടേറിയറ്റ്‌ പടിക്കലുണ്ട്‌. ഓട്ടോ ഓടിച്ച്‌ ഉപജീവനം നടത്താൻ ശ്രമിച്ച അവരെ ഓട്ടോ തൊഴിലാളികൾ ബഹിഷ്കരിച്ചു വരികയാണ്‌. അവരുടെ ജീവിതം വഴിമുട്ടിക്കാനായി അവരുടെ ഓട്ടോയ്ക്ക്‌ തീയിട്ടു. സ്വതന്ത്രമായി  പണിയെടുത്തു ജീവിക്കാനുള്ള അവസരം മാത്രമാണ്‌ അവർക്ക്‌ വേണ്ടത്‌. ഇടതുപക്ഷം പ്രശ്നത്തിന്റെ ഭാഗമാകാതെ പരിഹാരത്തിന്റെ ഭാഗമാകണം.(ജനയുഗം, ഫെബ്രുവരി 3, 2016)

No comments: