Monday, February 6, 2017

അനുസരണ അടിച്ചുവാങ്ങേണ്ടതല്ല

ബി.ആര്‍.പി. ഭാസ്കര്‍

കേരളത്തിന്റെ ഭരണസിരാകേന്ദ്രത്തില്‍ എന്തോ ചീഞ്ഞുനാറുന്നു. അതിന്റെ ദുര്‍ഗന്ധം അവിടെയുള്ള ചില മന്ത്രിമാര്‍ക്കും അല്പം അകലെയുള്ള സി.പി.ഐ-എം ആസ്ഥാനത്തിരിക്കുന്ന ചില നേതാക്കള്‍ക്കും അനുഭവപ്പെടുന്നതായി അവരുടെ വാക്കുകളില്‍ നിന്ന്‍ മനസിലാക്കാം. സെക്രട്ടേറിയറ്റിലെ സി.പി.ഐ-എം അനുകൂല സംഘടന വിതരണം ചെയ്ത ലഘുലേഘയിലും അതിന്റെ സൂചനയുണ്ട്. പക്ഷെ എല്ലാവര്‍ക്കും മുകളിലുള്ള മുഖ്യമന്ത്രി പിണറായി വിജയന് അത് അനുഭവപ്പെടുന്നില്ല. എന്തോ പ്രശ്നമുണ്ടെന്നത് ചിലരുടെ മന:പായസമാണെന്ന് അദ്ദേഹം പറയുന്നു. നാം എന്ത് കാണുന്നുവെന്നത് എവിടെ നിന്ന്‍ നോക്കുന്നു എന്നതിനെ കൂടി ആശ്രയിച്ചാണല്ലോ ഇരിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് ഒരു പ്രശ്നവുമില്ലെന്നല്ല, സര്‍ക്കാരും ഐ.എ.എസ് ഉദ്യോഗസ്ഥരും തമ്മില്‍ പോരടിക്കുന്നില്ല എന്നാണ്. അത് ഒരര്‍ത്ഥത്തില്‍ ശരിയാണുതാനും. ഐ.എ.എസ് ഉദ്യോഗസ്ഥന്മാര്‍ പോരാട്ട പാമ്പര്യമുള്ളവരല്ല. കൂട്ട അവധിയുടെ രൂപത്തിലുള്ള ഒരു പ്രതിഷേധ പരിപാടി അവര്‍ ആസൂത്രണം ചെയ്തിരുന്നു. സംഘര്‍ഷ രാഷ്ട്രീയത്തിലൂടെ ഉയര്‍ന്നു വന്ന നേതാവിനു പ്രതിഷേധം പോരായോ അതിനുള്ള തയ്യാറെടുപ്പായൊ തോന്നാം. രാഷ്ട്രീയ താല്പര്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ ജീവനക്കാരെ സംഘടിപ്പിക്കുന്ന ചരിത്രമുള്ള കക്ഷിയാണ് സി.പി.ഐ-എം. സംസ്ഥാനങ്ങളില്‍ അധികാരത്തിലിരിക്കെ പോലീസ് സേനയിലേക്കും അത് സ്വാധീനം നീട്ടിയിട്ടുണ്ട്. കേരളത്തിലെ പാര്‍ട്ടി മെഡിക്കല്‍ കോളേജ് അധ്യാപകനായിരുന്ന ന്യൂറോസര്‍ജന്‍ ഡോ. ബി. ഇക്ബാല്‍, പൊതുമരാമത്തു വകുപ്പില്‍ അസിസ്റ്റന്റ്റ് എക്സിക്യൂട്ടീവ് ഇഞ്ചിനീയറായിരുന്ന കെ.സി. ഉമേഷ്ബാബു തുടങ്ങി പല സര്‍ക്കാര്‍ ജീവനക്കാരെയും അവരുടെ സേവനചട്ട വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി അംഗങ്ങളാക്കിയിരുന്നു. അവര്‍ പാര്‍ട്ടി അംഗങ്ങളാണെന്ന വിവരം പുറംലോകം അറിഞ്ഞത് നേതൃത്വത്തിനു ഇഷ്ടപ്പെടാഞ്ഞ എന്തോ ചെയ്തതിനെ തുടര്‍ന്നു ശിക്ഷാനടപടി എടുക്കുകയും ആ വിവരം പരസ്യപ്പെടുത്തുകയും ചെയ്തപ്പോഴാണ്. 

കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും കാലാകാലങ്ങളില്‍ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥന്മാര്‍ മുഖ്യമന്ത്രിയുടെയോ ഏതെങ്കിലും മന്ത്രിയുടെയോ കണ്ണിലുണ്ണികളായി അറിയപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേന്ദ്രത്തിലോ ഏതെങ്കിലും സംസ്ഥാനത്തോ അവര്‍ ഭരണകൂടത്തിനെതിരെ പോരടിച്ച ചരിത്രമില്ല, ഉണ്ടാവുകയുമില്ല. കാരണം അവര്‍ക്ക് നഷ്ടപ്പെടാന്‍ പലതുമുണ്ട്. സര്‍ക്കാരിന്റെ സംഹാരശേഷിയെ കുറിച്ച് അവര്‍ക്ക് അറിവുമുണ്ട്. അസുഖകരമായ സാഹചര്യങ്ങള്‍ തരണം ചെയ്യാന്‍ മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തിയിട്ടുള്ളവരാണവര്‍. അവധിയെടുക്കുക, കേന്ദ്ര ഡെപ്യൂട്ടേഷന് തേടുക, മുന്‍കൂട്ടി വിരമിക്കക എന്നിവ അക്കൂട്ടത്തില്‍ പെടുന്നു.

പ്രാധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും അധികാര പരിധി വലുതാണ്. അവര്‍ക്ക് ഇഷ്ടമുള്ള ഉദ്യോഗtസ്ഥന്മാരെ തെരഞ്ഞെടുക്കാം. ആരോടും ചോദിക്കാതെ ഇഷ്ടമില്ലാത്തവരെ ഒഴിവാക്കുകയും ചെയ്യാം. അതുകൊണ്ട് അവരും ഉദ്യോഗസ്ഥരും തമ്മില്‍ പ്രശ്നങ്ങളുളളതായി നാം കേള്‍ക്കാറില്ല. പതിനൊന്നാം വയസില്‍ വിദ്യാഭ്യാസം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായ കെ. കാമരാജ് 1954ല്‍ മദ്രാസില്‍ മുഖ്യമന്ത്രിയായപ്പോള്‍ വിദ്യാസമ്പന്നരായ ചില ഉദ്യോഗസ്ഥന്മാര്‍ മതിപ്പോടെയല്ല അദ്ദേഹത്തെ നോക്കിയത്. ഗവര്‍ണര്‍ ജനറല്‍ പദവി വരെ വഹിച്ചശേഷം വീണ്ടും മുഖ്യമന്ത്രിയായ സി. രാജഗോപാലാചാരിയുടെ പിന്‍ഗാമിയായാണ് അദ്ദേഹം വന്നതെന്നുകൂടി ഓര്‍ക്കണം. ആദ്യ ദിവസം ആപ്പീസില്‍ ഏതോ ജില്ലയില്‍ നിന്ന് വന്ന ഒരു കോണ്ഗ്രസ് നേതാവുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. സമയം അഞ്ചു മണിയാകുന്നു. ഒരു പ്രധാനപ്പെട്ട കടലാസ് ഒപ്പിട്ട് കിട്ടാന്‍ കാത്തിരിക്കുകയായിരുന്ന മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ മുറിയിലേക്ക് കടന്നു ചെന്നു അക്കാര്യം ഓര്‍മ്മപ്പെടുത്തി. “നിങ്ങളുടെ കൊച്ചുവര്ത്തമാനം അവിടെ നില്‍ക്കട്ടെ” എന്നോ മറ്റോ ഉള്ള മുഖവുരയോടെയാണ്‌ ഉദ്യോഗസ്ഥന്‍ വിഷയം അവതരിപ്പിച്ചത്. കാമരാജ് അദ്ദേഹത്തോട് പറഞ്ഞു: “നിങ്ങള്‍ മുറിയില്‍ പോയി ഇരിക്കുക. ഒപ്പിട്ടശേഷം ഫയല്‍      അവിടെയെത്തും.” സന്ദര്‍ശകന്‍ പോയശേഷം കാമരാജ് ഫയല് ഒപ്പിട്ടു കൊടുത്തയച്ചു. ഗവണ്‍മെന്റ് സെക്രട്ടറിയായ ഉദ്യോഗസ്ഥനെ  ചെങ്കല്പെട്ട് ജില്ലാ കളക്ടറായി സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവും അതോടോപ്പമുണ്ടായിരുന്നു.

സെക്രട്ടറിയും കളക്ടറും ഒരേ തലത്തിലുള്ള തസ്തികകളാകയാല്‍ ആ സ്ഥലംമാറ്റം ശിക്ഷയാണെന്ന് പരയാനാകുമായിരുന്നില്ല. . എന്നാല്‍ ചെങ്കല്പട്ടിലെ കളക്ടര്‍ സ്ഥാനം ഐ.എ.എസുകാര്‍ ഇഷ്ടപ്പെടാത്ത ഒന്നായിരുന്നു. കാരണം ചെന്നൈ വിമാനത്താവളം സ്ഥിതിചെയ്യുന്ന മീനംപാക്കം അന്ന്‍ ആ ജില്ലയിലായിരുന്നു. പ്രോട്ടോക്കോള്‍ അനുസരിച്ച് വിമാനത്തില്‍ ചെന്നൈയില്‍ വന്നിറങ്ങുന്ന വി.ഐ.പിമാരെ സ്വീകരിക്കാന്‍ കളക്ടര്‍ മീനംപാക്കത്ത് എത്തണം. മറ്റേതെങ്കിലും ജില്ലയില്‍ പോസ്റ്റ്ചെയ്യാന്‍ ആ ഉദ്യോഗസ്ഥന്‍ നേരിട്ടും മറ്റുള്ളവര്‍ വഴിയും അപേക്ഷിച്ചു. ആദ്യം അവിടെ പോയി ചുമതല ഏല്‍ക്കുക, അതിനുശേഷം മറ്റൊരിടത്തേക്ക് അയക്കുന്ന കാര്യം ആലോചിക്കാം എന്നായിരുന്നു കാമരാജിന്റെ മറുപടി. അദ്ദേഹം ഒരു ധീരകൃത്യം ചെയ്തെന്ന മട്ടില്‍ അതിനെ കുറിച്ച് പത്രപ്രവര്‍ത്തകരോട് സംസാരിച്ചില്ല. ഉദ്യോഗസ്ഥന്‍ പരസ്യമായി അവഹേളിക്കപ്പെട്ടില്ല. മുഖ്യമന്ത്രിയോട് ബഹുമാനപുരസരം പെരുമാറണമെന്ന്‍ എല്ലാവരും മനസിലാക്കി.

മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും തമ്മില്‍ അസ്വാരസ്യമുണ്ടാകുന്നത് അസാധാരണമല്ല. അത്തരം സാഹചര്യങ്ങളില്‍ മന്ത്രി തനിക്ക് ഇഷ്ടമില്ലാത്ത ഉദ്യോഗസ്ഥനെ മാറ്റണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും അദ്ദേഹം അതംഗീകരിക്കുകയും ചെയ്യുന്നു. ഇത് വലിയ പ്രചാരം കൊടുക്കാതെ ചെയ്യാവുന്ന കാര്യമാണ്. എന്നാല്‍ ചില മന്ത്രിമാര്‍ തങ്ങളുടെ ഔന്നത്യം സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥനുമായി പരസ്യമായി മല്ലടിച്ച ശേഷമാവും സ്ഥലം മാറ്റം ആവശ്യപ്പെടുന്നത്ഉദ്യോഗസ്ഥന്‍ പോയശേഷവും മന്ത്രി അധിക്ഷേപം തുടര്‍ന്ന ചരിത്രവുമുണ്ട്. കഴിഞ്ഞ എല്‍.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് ദേവസ്വം മന്ത്രി ജി. സുധാകരനും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇ.കെ. ഭാരത് ഭൂഷണും തമ്മിലുണ്ടായ പ്രശ്നം ഒരുദാഹരണം.

ദേവസ്വം ബോര്‍ഡിലെ അഴിമതികളെ കുറിച്ചു വിജിലന്‍സ് വകുപ്പ് നല്‍കിയ ഒരു റിപ്പോര്‍ട്ട് മന്ത്രി സെക്രട്ടറിയെ കാണിക്കാതെ കൈവശം വെച്ചതാണു അവര്‍ തമ്മിലുള്ള വഴക്കിന്റെ ഒരു കാരണമായി മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചത്. ചോദിച്ചിട്ടും റിപ്പോര്‍ട്ട്‌ കൊടുക്കാതിരുന്നപ്പോള്‍ ഭാരത്‌ ഭൂഷണ്‍ അതാവശ്യപ്പെട്ടുകൊണ്ട് മന്ത്രിക്കു കുറിപ്പ് കൊടുത്തു. പതിവുപോലെ ഉദ്യോഗസ്ഥനെ മാറ്റി പ്രശ്നം പരിഹരിക്കാന്‍ ശ്രമം നടന്നു. ഉദ്യോഗസ്ഥന്‍ ഡല്‍ഹിയില്‍ തസ്തിക കണ്ടെത്തി. പക്ഷെ പൂര്‍ണ്ണ പരിഹാരമായില്ല. പോകും മുമ്പേ ഭാരത്‌ ഭൂഷണ്‍  മന്ത്രിയുടെ ചെയ്തികളെ കുറിച്ച് പത്രക്കാരോട് പറഞ്ഞു. മന്ത്രി ഒരു പൊതുയോഗത്തില്‍ സംസാരിക്കവേ തന്റെ വകുപ്പിലെ മുന്‍ സെക്രട്ടറി ഒരു മാഫിയയുടെ ആളായിരുന്നെന്നും അയാള്‍ക്കെതിരെ ആഭ്യന്തര മന്ത്രി വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. മൂന്നു ദിവസത്തിനുശേഷം മറ്റൊരു പ്രസംഗത്തില്‍ അന്ന് ഉപയോഗിച്ച വാക്കുകള്‍ പരുക്കനായിരുന്നെന്നു ചിലര്‍ അഭിപ്രായപ്പെട്ടെന്നും തനിക്കും അങ്ങനെ തോന്നുന്നതുകൊണ്ട് പിന്‍വലിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. ഒപ്പം നേരത്തെ  പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നെന്ന്‍ ഒരു പ്രഖ്യാപനവും!

യു.ഡി.എഫ് കാലത്ത് ഭാരത്‌ ഭൂഷണ് ചീഫ് സെക്രട്ടറിയായി കേരളത്തില്‍ തിരിച്ചെത്തി. അന്ന്‍ ചില ഐ.എ.എസ് ഉദ്യോഗസ്ഥന്മാര്‍ അദ്ദേഹത്തിനെതിരെ പരാതികള്‍ ഉണയിച്ചു. അവ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്നിലെത്തിയെങ്കിലും അദ്ദേഹം ഇടപെട്ടില്ല. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഐ.എ.എസ് അസോസിയേഷനാണെന്ന് ഭാരത്‌ ഭൂഷണ്‍ ആരോപിച്ചു. ഇപ്പോഴത്തെ തര്‍ക്കങ്ങളിലും അസോസിയേഷന്റെ പേര് പൊങ്ങിവന്നിട്ടുണ്ട് താഴെത്തട്ടിലുള്ള സര്‍വീസ് സംഘടനകളുടെ കാര്യത്തിലെന്ന പോലെ ഇതിന്റെയും നേതൃതലതിലുള്ളവര്‍ ഇപ്പോഴും സംശുദ്ധിക്ക് പേരുകെട്ടവരാകില്ല. അവര്‍ എറ്റെടുക്കുന്ന പരാതികള്‍ സംശുദ്ധരുടെതാകണമെന്നുമില്ല.

അന്നത്തെ തര്‍ക്കങ്ങളില്‍ നിന്ന്‍ ഇപ്പോഴത്തേവയെ വ്യത്യസ്തമാക്കുന്ന പല ഘടകങ്ങളുണ്ട്. അതിലൊന്നു  മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പരസ്യമായി എതിര്‍ ചേരികളിലായി പക്ഷം ചേര്‍ന്നുവെന്നതാണ്. തലപ്പത്തിരിക്കുന്നവര്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ചുമതലപ്പെട്ടവരാണ്. അവര്‍ തര്‍ക്കത്തിന്റെ ഭാഗമാവുകയും എതിര്ചേരികളിലാവുകയും  ചെയ്യുമ്പോള്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. 

മാധ്യമങ്ങളില്‍ നിന്ന്‍ മനസിലാക്കാന്‍ കഴിയുന്നത് ചീഫ് സെക്രട്ടറിയുടെയും കൂട്ട അവധി എടുക്കാനിരുന്ന ഉദ്യോഗസ്ഥരുടെ പ്രതിനിധികളുടെയും മുന്നില്‍ മുഖ്യമന്ത്രി സിനിമയിലെ ആക്ഷന്‍ ഹീറോയുടെ ശൈലിയില്‍ ഒരു ഡയലോഗ് അടിച്ചെന്നും പിന്നീട് അക്കാര്യം പത്രക്കാരെ അറിയിച്ചു എന്നുമാണ്. അവധിയെടുത്താല്‍   വേറെ ആളെ വെക്കും, പിന്നെ ഇവിടെ ജോലിക്ക് വരേണ്ട എന്ന്‍ അദ്ദേഹം പറഞ്ഞത്രേ. സസ്പെന്‍ഷന്‍ മുതലായ താല്‍കാലിക നടപടികള്‍ എടുക്കാം എന്നല്ലാതെ സര്‍ക്കാരുദ്യോഗസ്ഥന്മാരെ രായ്ക്കുരാമാനം പുറത്താക്കിയിട്ടു ആ ഒഴിവുകളിലേക്ക് നിയമനം നടത്താന്‍ ഒരു മുഖ്യമന്ത്രിക്കെന്നല്ല, പ്രധാനമന്ത്രിക്കോ പ്രസിഡന്റിനു പോലുമോ അധികാരമില്ല. ഇതറിയാത്തവരല്ല ഐ.എ..എസ് ഉദ്യോഗസ്ഥന്മാര്‍. നിങ്ങള്‍ ഇത്തരത്തിലല്ല  പെരുമാറേണ്ടത്, പരാതികളുണ്ടെങ്കില്‍ പരിശോധിക്കാം എന്ന്‍ സൌമ്യമായി പറഞ്ഞിരുന്നെങ്കിലും അവര്‍ അവധി പരിപാടി ഉപേക്ഷിക്കുമായിരുന്നു. പക്ഷെ മുഖ്യമന്ത്രിക്ക് വേണ്ടിയിരുന്നത് കൂട്ട അവധി ഒഴിവാക്കുക മാത്രമായിരുന്നില്ല. ഇരട്ടച്ചന്കുള്ള നേതാവെന്ന പ്രതിച്ചായ വീണ്ടെടുക്കുകയും വേണമായിരുന്നു. ഇങ്ങനെയൊരു പ്രതിച്ചായാ പ്രശ്നം ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുണ്ട്. അത് അദ്ദേഹത്തെയും തെറ്റായ വഴികളിലേക്ക് നയിക്കുന്നുമുണ്ട്. 

ബന്ധുനിയമനത്തിന്റെ പേരില്‍ സ്ഥാനം നഷ്ടപ്പെട്ട മുന്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജനെതിരായ കേസില്‍ വകുപ്പ് സെക്രട്ടറി പോള്‍ ആന്റണിയെ പ്രതിചേര്‍ത്തതാണ് ഐ.എ.എസ് ഉദ്യോഗസ്ഥരെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചത്. മന്ത്രിമാരുടെ തീരുമാനങ്ങള്‍ ഉത്തരവായി ഇറക്കുന്നത് ഉദ്യോഗസ്ഥന്മാരാണ്. ഉത്തരവില്‍ ഒപ്പിട്ടത്തിന്റെ പേരില്‍ അവരെ പ്രതിയാക്കുന്നത് ഇതാദ്യമല്ല. കേസുകള്‍ അനന്തമായി നീളുകയാണു പതിവ്. ക്രിമിനല്‍ കേസ് നടപടികള്‍ നടക്കുന്നുവെന്നത് സ്ഥാനക്കയറ്റത്തിനു തടസമാകാത്തതുകൊണ്ട്  ഉദ്യോഗസ്ഥന്മാരെ അത് വളരെയൊന്നും ആലോസരപ്പെടുതിയിരുന്നില്ല. കെ. കരുണാകരനെതിരായ പാമൊലിന്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ പി.ജെ. തോമസിനെ മന്‍മോഹന്‍ സിംഗിന്റെ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രം ചീഫ് വിജിലന്‍സ് കമ്മിഷണറായി നിയമിച്ചിരുന്നു. അഴിമതി കേസില്‍ പ്രതിയായതിനാല്‍ അദ്ദേഹം ആ സ്ഥാനം വഹിക്കാന്‍ യോഗ്യനല്ലെന്നു സുപ്രീം കോടതി വിധിച്ചു. കുറ്റവാളിയാണെന്ന് വിചാരണയിലൂടെ കണ്ടെത്തും വരെ പ്രതി നിരപരാധിയാണെന്ന് കരുതണം എന്നാണു നമ്മുടെ നീതിശാസ്ത്രം പറയുന്നത്. അഴിമതിക്കാരന്‍ ഒരു സാഹചര്യത്തിലും അഴിമതിവിരുദ്ധ സംവിധാനത്തിന്റെ തലപ്പത്ത് വരാന്‍ പാടില്ലെന്നതുകൊണ്ട് കോടതി ആ തത്വം മറന്നത് പൊറുക്കാം. പക്ഷെ ആ ഉദ്യോഗസ്ഥന്‍ അഴിമതിയുടെ കരിനിഴലില്‍ തുടരുന്നതിന് നീതിന്യായ സംവിധാനവും ഉത്തരവാദിയാണ്. പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ഇടതു ജീവനക്കാരുടെ  സഹായത്തോടെ ചോര്‍ത്തിയെടുത്തു കൊടുത്ത ഫയലിന്റെ അടിസ്ഥാനത്തില്‍ ഒരു പത്രം പാമോലിന്‍ അഴിമതി പുറത്തുകൊണ്ടുവന്നിട്ടു 25 കൊല്ലമായി. അച്ചനമ്മമാരെ കൊന്ന ഒരാളോട് ശിക്ഷ വിധിക്കുന്നതിനു മുമ്പ് എന്തെകിലും പറയാനുണ്ടോ എന്ന്‍ ജഡ്ജി ചോദിച്ചപ്പോള്‍ താന്‍ അനാഥനാണ്, കരുണ കാട്ടണം എന്ന് പറഞ്ഞതായി ഒരു കഥയുണ്ട്. കോടതിയില്‍ തീര്‍പ്പാകാതെ കിടക്കുന്ന കേസിന്റെ പേരില്‍ തോമസ്‌ അയോഗ്യനാണെന്ന അത്യുന്നത കോടതിയുടെ നിലപാടും ഏതാണ്ട് അതെ തരത്തിലുള്ളതാണ്.

രാഷ്ട്രീയ മേലാളന്മാരുടെ ചെയ്തികള്‍ക്ക് നിയമത്തിന്റെ മുന്നില്‍ ഉദ്യോഗസ്ഥന്മാര്‍ മറുപടി പറയേണ്ട സാഹചര്യം ഈ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. കോടതി നടപടികളില്‍ സര്‍ക്കാരിനെ അല്ലെങ്കില്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നത് ചീഫ് സെക്രട്ടറിയോ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിയോ ആയിരിക്കും. ഒരിക്കല്‍ ഒരു സുപ്രീം കോടതി വിധി നടപ്പാക്കാഞ്ഞതിനു കര്‍ണ്ണാടക സര്‍ക്കാരിനെതിരെ കോര്ട്ടലക്ഷ്യക്കേസുണ്ടായി. സുപ്രീം കോടതി ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തി. മന്ത്രിസഭയുടെ തീരുമാനം കൂടാതെ ആ ഉദ്യോഗസ്ഥനു നടപടി എടുക്കാനാകുമായിരുന്നില്ല. മന്ത്രിസഭയെയോ മുഖ്യമന്ത്രിയയോ വിളിച്ചുവരുത്തി ശിക്ഷിക്കാന്‍  കഴിയാത്ത കോടതി ചീഫ് സെക്രട്ടറിയെ ശിക്ഷയായി അന്ന് മുഴുവന്‍ കോടതി മുറിയില്‍ നിര്‍ത്തി.

നയപരമായ തീരുമാനങ്ങള്‍ എടുക്കുകയാണു.മന്ത്രിയുടെ ജോലി. അവ നടപ്പാക്കുകയാണ് വകുപ്പുദ്യോഗസ്ഥന്മാരുടെ ജോലി. ഈ വസ്തുത മനസിലാക്കി ഇരുവരും പ്രവര്‍ത്തിക്കുകയാണെങ്കില്‍ വലിയ പ്രശ്നങ്ങളുണ്ടാകില്ല. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന കെ.ആര്‍. ഗൌരിയമ്മക്കൊപ്പം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥന്മാര്‍ അവര്‍ അത്തരത്തിലുള്ള ഒരു മന്ത്രിയായിരുന്നെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. പല മുഖ്യമന്ത്രിമാരും മന്ത്രിമാരും നയപരമായ തീരുമാനങ്ങളെടുക്കാനുള്ള അവസരം കൊണ്ട് തൃപ്തരാകാറില്ല.  ആരോഗ്യ വകുപ്പ് മന്ത്രിയായിരിക്കെ സ്ഥലംമാറ്റത്തില്‍ ഇടപെട്ടില്ലെന്ന സല്പേര് നേടിയവരാണ് ജെ. ചിത്തരഞ്ജന്‍ (സിപിഐ), വി,എം. സുധീരന്‍ (കോണ്ഗ്രസ്) എന്നിവര്‍. ആ പാത പിന്തുടര്‍ന്നവര്‍ വേറെയുമുണ്ടാകാം. സ്ഥലംമാറ്റത്തില്‍ സ്ഥിരമായി ഇടപെട്ടെന്ന ദുഷ്പേര് സമ്പാദിച്ചവരുമുണ്ട്.

പോലീസിലെ നിയമനങ്ങളില്‍ വകുപ്പ് മന്ത്രിക്ക് മാത്രമല്ല,  എം.എല്‍.എ. മാര്‍ക്കും താല്പര്യമുണ്ടാകും. സി.പി.ഐ-എം ഭരിക്കുമ്പോഴാണെങ്കില്‍ പ്രദേശത്തെ പാര്‍ട്ടി ഘടകവും താല്പര്യമെടുക്കും.. പിണറായി വിജയന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കുന്ന കാലത്ത് സേനയില്‍ പാര്‍ട്ടി അംഗത്വമുള്ളവരുണ്ടെന്ന വിവരം പുറത്തു വന്നിരുന്നു. രണ്ടിടങ്ങളില്‍ പാര്‍ട്ടി ആപ്പീസുകളില്‍ പോലീസുകാരുടെ യോഗം വിളിച്ചുചേര്‍ത്തതായും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു. പിണറായി വിജയന്‍ സെക്രട്ടറി ആയിരുന്നപ്പോള്‍ മുഖ്യമന്ത്രിയായ അച്യുതാനന്ദന് പോലീസിന്റെയും വിജിലന്സിന്റെയും ചുമതല  പാര്‍ട്ടി നിഷേധിച്ചിരുന്നു. മുഖ്യമന്ത്രി എന്ന നിലയിലുള്ള പിണറായി വിജയന്‍റെ ആദ്യ നടപടികളിലൊന്നു യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിതനായ പോലീസ് ഡിജിപി  ടി.പി. സെന്‍ കുമാറിനെ മാറ്റി ലോക നാഥ് ബെഹറയെ ആ സ്ഥാനത്ത് നിയമിച്ചതാണ്. വിജിലന്‍സ് തലപ്പത്തും ഇഷ്ടമുള്ള ഒരാളെ വെച്ചു. ബെഹറയുടെ കീഴില്‍ പോലീസ് മെച്ചപ്പെട്ട രീതിയില്‍ പ്രവര്ത്തിക്കുന്നെന്ന വിശ്വാസം അദ്ദേഹത്തിനുണ്ടോ എന്നറിയില്ല. എന്നാല്‍ കഴിഞ്ഞ ഒരു കൊല്ലത്തില്‍ പോലീസ് പ്രവര്‍ത്തനം വഷളാവുകയാണുണ്ടായത്. കൂടുതല്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പൊലീസിനെതിരെ ഉയര്‍ന്നിട്ടുള്ള നിഷ്ക്രിയത്വം മുതല്‍ വ്യാജ ഏറ്റുമുട്ടല്‍ വരെയുള്ള  ആരോപണങ്ങളെ നിസ്സാരമായി തള്ളിക്കളയാനാവില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പിന്തുണ നേടിയിട്ടുള്ള ജേക്കബ് തോമസിനെയാണ് പിണറായി വിജയന്‍ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത്. അദ്ദേഹത്തിന്റെ കീഴില്‍ വകുപ്പ്  പൊതുമണ്ഡലത്തിലുള്ള അഴിമതി ആരോപണങ്ങളില്‍ നടക്കുന്ന അന്വേഷണങ്ങള്‍ വേഗത്തില്‍ ഫലപ്രാപ്തിയിലെത്തിക്കുന്നതിനു പകരം  പുതിയ ഇരകള്‍ക്കുവേണ്ടി വലയെറിയുകയാണ്. ഐ.എ.എസിനും ഐ.പി.എസിനുമിടയിലും രണ്ടു സര്‍വീസുകളിലെയും ഉദ്യോഗസ്ഥര്‍ക്കിടയിലും നിലനില്‍ക്കുന്ന പിണക്കങ്ങളുടെ വെളിച്ചത്തില്‍ ഇതിനെ ആരോഗ്യകരമായ അവസ്ഥയായി കാണാനാവില്ല.
   .
ഏതൊരു സംവിധാനത്തിന്റെയും സുഗമമായ പ്രവര്‍ത്തനത്തിന് മുകളിലുള്ളവരും താഴെയുള്ളവരും തമ്മില്‍ നല്ല ബന്ധമുണ്ടാകണം. എന്നാല്‍ പലപ്പോഴും ഒരുവശം അച്ചടക്ക അധികാരവും മറുവശം സംഘടനാ ബലത്തെയും അമിതമായി ആശ്രയിക്കുന്നു. സര്‍ക്കാരിലായാലും സ്വകാര്യ സ്ഥാപനങ്ങളിലായാലും കാര്യക്ഷമതയുള്ള ഒരാള്‍ക്ക് സാധാരണഗതിയില്‍ സത്യസന്ധവും നീതിപൂര്‍വവുമായ സമീപനത്തിലൂടെ തന്നോടൊപ്പം പ്രവര്‍ത്തിക്കുന്നവരുടെ ആദരവും സഹകരണവും നേടാനാകും. അതിനു കഴിയാതെ വരുമ്പോഴാണു  ഭീഷണികള്‍ ഉയരുന്നതും അച്ചടക്ക വാളും സംഘടിതശക്തിയും പ്രാമുഖ്യം നേടുന്നതും. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജനുവരി 29, 2017)