Wednesday, April 23, 2008

പാര്‍വതിയുടെ സ്തോത്രങ്ങള്‍ പുസ്തകമായും സി.ഡിയായും

ടെലിവിഷന്‍ അവതാരകയെന്ന നിലയില്‍ റ്റി. പാര്‍വതി മലയാളികള്‍ക്ക് സുപരിചിതയാണ്. അടുത്ത കാലത്ത് പരമ്പരയിലും മുഖം കാണിച്ചു. വിദ്യാഭ്യാസംകൊണ്ടും പരിശീലനംകൊണ്ടും പാര്‍വതി ഒരു മന:ശാസ്ത്രജ്ഞയാണ്. ഇന്നു പാര്‍വതി ദേവീസ്തോത്രങ്ങളുടെ രചയിതാവായി പ്രത്യക്ഷപ്പെട്ടു.

വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ വെച്ചു പാര്‍വതി രചിച്ച 27 ദെവീസ്തുതികള്‍ അടങ്ങുന്ന 'മയൂരഗീതങ്ങള്‍' എന്ന പുസ്തകം വിഷ്ണുനാരായണന്‍ നമ്പൂതിരി പ്രകാശനം ചെയ്തു. സത്യന്‍ അന്തിക്കാട് പുസ്തകം സ്വീകരിച്ചു. പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഏതാനും സ്തോത്രങ്ങള്‍ അടങ്ങുന്ന ശ്രീപ്രസാദം എന്ന സംഗീത ആല്‍ബം സുഗതകുമാരി പ്രകാശനം ചെയ്തു. കാവാലം ശ്രീകുമാര്‍ ആണ് സംഗീതം നല്‍കിയിട്ടുള്ളത്.
ആലാപനം: സൈന്ധവി, ശ്രീനിവാസ്, ശ്വേത, മധു ബാലകൃഷ്ണന്‍, ഗായത്രി, നവീന്‍ അയ്യര്‍, എം. ജയചന്ദ്രന്‍, മഞ്ജരി, ശ്രീദേവി ആര്‍. കൃഷ്ണ, കാവാലം ശ്രീകുമാര്‍.

ഡോ. നീന പ്രസാദിന്‍റെ ശിഷ്യയായ വിദ്യ ഒരു സ്തോത്രം ഭരതനാട്യം ശൈലിയില്‍ അവതരിപ്പിച്ചു. നീന പ്രസാദ് തന്നെയാണ് നൃത്തം ചിട്ടപ്പെടുത്തിയത്.

ബി. ഹൃദയകുമാരി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

തനിക്ക് വരദാനമായി ലഭിച്ച ആത്മപ്രചോദനത്താലാണ് സ്തോത്രങ്ങള്‍ രചിച്ചതെന്നു പാര്‍വതി പറയുന്നു.

ഗ്രീന്‍ ബുക്സ്, മംഗളോദയം പബ്ലിക്കേഷന്‍സ്, തൃശ്ശൂര്‍ ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സംഗീത ആല്‍ബം വിതരണം ചെയ്യുന്നതും അവര്‍ തന്നെ.

1 comment:

Anonymous said...

ഈ പോസ്റ്റ് ഈ ബ്ലോഗിന്റെ സ്വഭാവവുമായി ചേര്‍ന്നുപോകുന്നില്ല എന്നു പറയട്ടെ.എന്നും limelight-ല്‍ നില്ക്കാന്‍ വെമ്പുന്നവരെ സംബന്ധിച്ച വാര്‍ത്തകള്‍ക്കു് ഇത്ര പ്രാധാന്യം ഉണ്ടോ?