Wednesday, December 28, 2011

നവമാധ്യമങ്ങളുടെ ഉയർച്ച

നവമാധ്യമങ്ങൾ, പ്രത്യേകിച്ച് സാമൂഹ്യ ശൃംഖലകൾ, വലിയ മാറ്റങ്ങൾക്ക് ചാലകശക്തിയാകാനുള്ള കഴിവ് തങ്ങൾക്കുണ്ടെന്ന് ഇക്കൊല്ലം തെളിയിക്കുകയുണ്ടായി. ഈജിപ്ത്, ടുനിഷ്യ തുടങ്ങി ചിലയിടങ്ങളിൽ അവ ഭരണമാറ്റത്തിനു കാരണമായി. ആഗോള സാമ്പത്തിക ക്രമത്തിന്റെ മുഖ്യ പ്രയോക്താക്കളും ഗുണഭോക്താക്കളുമായ അമേരിക്കയിലെ കൂറ്റൻ കമ്പനികളെ അല്പം വിറപ്പിക്കാനും അവയ്ക്ക് കഴിഞ്ഞു. പക്ഷെ അവയുടെ സ്വാധീനം ഇനിയും കൃത്യമായി വിലയിരുത്തപ്പെട്ടിട്ടില്ല. അവയിൽ പതിയിയിക്കുന്ന അപകടസാധ്യത തിരിച്ചറിഞ്ഞ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം പല നിയന്ത്രണങ്ങളും ഏർപ്പെടുത്തിക്കഴിഞ്ഞു. ജനാധിപത്യക്രമത്തിൽ എങ്ങനെ അവയെ അടക്കി നിർത്താമെന്ന അന്വേഷണത്തിലാണ് നമ്മുടെ ഭരണാധികാരികൾ. അവർ നവമാധ്യമങ്ങളുടെ സാധ്യതകളെ ഭയപ്പെടുന്നെങ്കിൽ മറ്റ് ചിലർ അവയുടെ സ്വാധീനം പെരുപ്പിച്ചുകാണിക്കുന്നു.

സാമൂഹ്യശൃംഖലകൾ ഉള്ളതുകൊണ്ടുമാത്രം മാറ്റങ്ങളുണ്ടാവില്ല. ഈജിപ്തിൽ മാറ്റം അനിവാര്യമാക്കിയത് അവയിലൂടെ കൈമാറപ്പെട്ട സന്ദേശങ്ങളല്ല, ആ സന്ദേശങ്ങൾ ചെവിക്കൊണ്ടുകൊണ്ട് പൊതുസ്ഥലത്ത് സമ്മേളിച്ച് സമാധാനപരമായി പ്രതിഷേധം രേഖപ്പെടുത്തിയ ജനങ്ങളുടെ നിശ്ചയദാർഢ്യമാണ്. ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും പ്രാദേശികതയുടെയും പ്രത്യയശാസ്ത്രത്തിന്റെയുമൊക്കെ അടിസ്ഥാനത്തിൽ വിഭജിച്ചു നിൽക്കുന്ന നമ്മുടെ രാജ്യത്ത് സമാനമായ സാഹചര്യം സൃഷ്ടിക്കാൻ എളുപ്പമല്ല. നവമാധ്യമങ്ങളുടെ സാധ്യതയോടൊപ്പം പരിമിതിയും ഈജിപ്തിൽ വെളിപ്പെടുകയുണ്ടായി. മുല്ലപ്പൂവിപ്ലവം അധികാരം പട്ടാളത്തിന്റെ കൈകളിലാണ് എത്തിച്ചത്. തെരഞ്ഞെടുപ്പ് നടന്നപ്പോഴാകട്ടെ മതനിരപേക്ഷ പാരമ്പര്യം നിലനിന്നിരുന്ന രാജ്യത്ത് മതാധിഷ്ഠിത കക്ഷിക്ക് മേൽകൈ ലഭിച്ചു.

ബി.ആർ.പി. ഭാസ്കർ

(കേരളകൌമുദി)

1 comment:

Jagadees said...

നവമാധ്യമങ്ങളുടെ സാധ്യതയോടൊപ്പം പരിമിതിയും ഈജിപ്തിൽ വെളിപ്പെടുകയുണ്ടായി.
ശരിയാ.
നമ്മുടെ നാട്ടിലെ മൈക്ക് വിപ്ലവം നമ്മുക്ക് സ്വാതന്ത്ര്യം നേടിത്തന്നെങ്കിലും പരിമിതികള്‍ ധാരാളം ഉണ്ടായിരുന്നു. അതുപോലെ 1979 ല്‍ ഇറാനില്‍ നടന്ന കാസറ്റ് ടേപ്പ് വിപ്ലവവും പരിമിതികള്‍ പ്രകടമാക്കി. 1917 ലെ റഷ്യയിലെ ടെലഗ്രാഫ് വിപ്ലവത്തിന്റെ സ്ഥിതിയും മറ്റൊന്നല്ല. 1789 ല്‍ ഫ്രാന്‍സില്‍ നടന്ന അച്ചടി വിപ്ലവവും അതേ അവസ്ഥ കാണിച്ചുതരുന്നെങ്കില്‍ പ്രശ്നം സത്യത്തില്‍ ഈ സാങ്കേതിക വിദ്യകളുടേതല്ലെ?

സാങ്കേതികവിദ്യയാല്‍ അരാഷ്ട്രീയവത്കരിക്കുപ്പെടുന്ന സാമൂഹ്യമാറ്റങ്ങള്‍