Monday, January 2, 2012

ബഹുജന മിത്രം മാസിക

ബഹുജന മിത്രം എന്ന പേരിൽ ഒരു മലയാള മാസിക പ്രസിദ്ധീകരണം ആരംഭിച്ചിരിക്കുന്നതായി അഡ്വ. സജി കെ. ചേരമൻ അറിയിക്കുന്നു. അദ്ദേഹമാണ് പത്രാധിപർ.

ജനുവരി ഒന്നിന് കോട്ടയത്ത് സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് ആദ്യ ലക്കം പ്രകാശനം ചെയ്യപ്പെട്ടു.

ബാബാസാഹിബ് അംബേദ്കറുടേയും ദാദാസാഹിബ് കാൻഷിറാമിന്റെയും സന്ദേശങ്ങൾ കേരളത്തിലെ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയാണ് മാസികയുടെ ലക്ഷ്യമെന്ന് പത്രാധിപർ പറയുന്നു.

ലോകമെമ്പാടുമുള്ള സുഹൃത്തുക്കൾ വാർത്തയും ലേഖനങ്ങളും അയച്ചുകൊടുത്ത് കേരളത്തിലെ ഉറങ്ങുന്ന ബഹുജനങ്ങളെ ഉണർത്താൻ സഹായിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

അഡ്വ. സജി കെ. ചേരമൻ ആവശ്യപ്പെട്ടതനുസരിച്ച് മാസികയുടെ പ്രകാശനവേളയിൽ ഞാൻ അയച്ചുകൊടുത്ത സന്ദേശത്തിന്റെ പൂർണ്ണരൂപം ചുവടെ കൊടുക്കുന്നു:

“കപടമുദ്രാവാക്യങ്ങളുയർത്തി പല നൂറ്റാണ്ടുകാലം ആധിപത്യം പുലർത്തിയ പാരമ്പര്യമാണ് ഇന്ത്യയിലെ ഭരണവർഗ്ഗത്തിന്റേത്. ലോകാസമസ്താ സുഖിനോ ഭവന്തു, വാസുദൈവ കുടുംബകം എന്നിങ്ങനെയുള്ള വാക്യങ്ങളിലൂടെ സമത്വസുന്ദരമായ വ്യവസ്ഥ എന്ന സങ്കല്പത്തെ ഉയർത്തിപ്പിടിക്കുകയും അതേസമയം ഭൂരിപക്ഷം ജനങ്ങളെയും അജ്ഞതയിലും അടിമത്വത്തിലും തളച്ചിടുകയും ചെയ്യുന്ന സമീപനം പിന്തുടർന്നുകൊണ്ട് അവർ ‘വിഭജിച്ചു ഭരിക്കുക’ എന്ന തത്വം ലോകത്തിലാദ്യമായി ഈ ഉപഭൂഖണ്ഡത്തിൽ വിജയകരമായി നടപ്പിലാക്കി. അതിന്റെ ഫലമായി സമൂഹം ദുർബലമാവുകയും വിദേശീയാക്രമണങ്ങളെ ചെറുക്കാനുള്ള കരുത്ത് അതിന് ഇല്ലാതാവുകയും ചെയ്തു. വെള്ളക്കാരുടെ കീഴിൽ അവരും വിവേചനത്തിന് വിധേയരായപ്പോൾ ബഹുജനങ്ങളെ തങ്ങളോടൊപ്പം നിർത്തേണ്ടതിന്റെ ആവശ്യകത ഉപരിവർഗ്ഗം മനസിലാക്കി.

“സ്വാതന്ത്ര്യപ്രാപ്തിക്കുശേഷമുള്ള 65 കൊല്ലത്തെ സംഭവവികാസങ്ങൾ പരിശോധിക്കുമ്പോൾ ചരിത്രത്തിന്റെ ആവർത്തനം വ്യക്തമായി കാണാം. ഒരു ജനാധിപത്യവ്യവസ്ഥക്കു രൂപം നൽകിക്കൊണ്ടും സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ അത്യുന്നതമായ സങ്കല്പങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ടും ഭൂരിപക്ഷം ജനവിഭാഗങ്ങളെയും അധികാരത്തിന്റെ അകത്തളത്തിനു പുറത്ത് തളച്ചിടുന്ന സമീപനമാണ് ഉപരിവർഗ്ഗം സ്വീകരിച്ചിട്ടുള്ളത്.

“ഭരണഘടന നിലവിൽ വന്ന്‌ ആറര പതിറ്റാണ്ടുകൾക്കുശേഷവും അത് വാഗ്ദാനം ചെയ്യുന്ന സാമൂഹിക സാമ്പത്തിക രാഷ്ട്രീയ നീതി ഒരു മരീചികയായി തുടരുന്നു. സാമൂഹികമായി പിന്തള്ളപ്പെട്ടവരെ ഉയർത്തിക്കൊണ്ടുവന്ന് തുല്യതയും തുല്യാവസരങ്ങളും ഉറപ്പിക്കാനായി വിഭാവനം ചെയ്യപ്പെട്ട സംവരണ സംവിധാനം അട്ടിമറിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു.

“സംവരണവിരോധികൾ നിരന്തരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: ഇത് എത്രകാലം തുടരും? ആ ചോദ്യത്തിന് ലളിതമായ ഉത്തരം കൊടുക്കാവുന്നതാണ്: തുല്യതയും തുല്യാവസരങ്ങളും യാഥാർത്ഥ്യമാകും വരെ.

“തുല്യതയും തുല്യാവസരങ്ങളും ഇന്നും ലഭിക്കാത്ത ഭൂരിപക്ഷം ജനത സംവരണവിരോധികളോടും ഒരു ചോദ്യം ചോദിക്കുന്നുണ്ട്: ആറര പതിറ്റാണ്ടുകൾക്കു ശേഷവും ഞങ്ങൾക്ക് തുല്യത ലഭിക്കാത്തതെന്താണ്? ഈ ചോദ്യത്തിനും ലളിതമായ ഉത്തരമുണ്ട്: ഉപരിവർഗ്ഗത്തിന് ആധിപത്യമുള്ള രാഷ്ട്രീയ സാമ്പത്തിക സമൂഹിക സംവിധാനങ്ങൾ സംവരണത്തെ പരാജയപ്പെടുത്താൻ നിരന്തരം ശ്രച്ചുകൊണ്ടിരിക്കുന്നു.

“ജനനസാഹചര്യങ്ങൾ ചിലർക്ക് അനുകൂലമായ അവസ്ഥ സൃഷ്ടിക്കുന്നു. ചിലർക്ക് പ്രതികൂലമായ അവസ്ഥയും. പ്രതികൂല സാഹചര്യങ്ങളിൽ ജനിച്ചവർ അവയുടെ കെടുതികളിൽ നിന്ന് മോചനം തേടാൻ ശ്രമിക്കുന്നത് സ്വാഭാവികമാണ്. അനുകൂല സാഹചര്യങ്ങളിൽ ജനിച്ചവർ അവ പ്രദാനം ചെയ്യുന്ന ഗുണങ്ങൾ നിലനിർത്താൻ ശ്രമിക്കുന്നതും അതുപോലെതന്നെ സ്വാഭാവികമാണ്. പക്ഷെ രണ്ടും തമ്മിൽ ഒരു വലിയ വ്യത്യാസമുണ്ട്. ആദ്യത്തേത് തുല്യതക്കുവേണ്ടിയുള്ള, സാമൂഹ്യ നീതിക്കുവേണ്ടിയുള്ള ശ്രമമാണ്. രണ്ടാമത്തേത് തുല്യത നിഷേധിക്കാനുള്ള, സാമൂഹ്യനീതി നിഷേധിക്കാനുള്ള ശ്രമമാണ്.

“സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന നിങ്ങൾക്ക് എന്റെ അഭിവാദ്യങ്ങൾ.”