Sunday, January 29, 2012

ഇത് ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധത

ബി.ആർ.പി. ഭാസ്കർ

മുസ്ലിം ലീഗുകാരും പത്രപ്രവർത്തകരുമടക്കം 258 മുസ്ലിംകളുടെ ഇമെയിൽ ഐ.ഡി. പരിശോധിക്കാനും സർവീസ് ദാതാക്കളിൽ നിന്നും ലോഗ്-ഇൻ വിവരങ്ങളും മറ്റും ശേഖരിക്കാനും പൊലീസിന്റെ ഇന്റലിജൻസ് വിഭാഗം ഏതാനും മാസം മുമ്പ് സ്പെഷ്യൽ ബ്രാഞ്ചിനോട് ആവശ്യപ്പെട്ടെന്ന വിജു വി. നായരുടെ റിപ്പോർട്ട് ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ആ റിപ്പോർട്ട് അടങ്ങിയ മാധ്യമം ആഴ്ചപ്പതിപ്പും ദിനപത്രവും പുറത്തുവന്ന ദിവസം അത് സത്യമല്ലെന്ന് പറയാൻ സർക്കാരിന് കഴിഞ്ഞില്ല. മുഖ്യമന്ത്രി വാർത്തയെക്കുറിച്ച് അന്വേഷിക്കുവാൻ ഉത്തരവിട്ടെന്നു മാത്രമാണ് അന്ന് പുറപ്പെടുവിച്ച പത്രക്കുറിപ്പ് പറഞ്ഞത്. പൊലീസ് ഇമെയിൽ ചോർത്തുന്നെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും “ആരുടെയെങ്കിലും ഇമയിൽ ചോർത്തുകയൊ ചോർത്താൻ ഏതെങ്കിലും ഏജൻസിക്ക് സർക്കാരൊ പൊലീസൊ നിർദ്ദേശം നൽകുകയൊ ചെയ്തിട്ടില്ല” എന്നും പറഞ്ഞുകൊണ്ട് അടുത്ത ദിവസമാണ് ഡി.ജി.പി. പത്രക്കുറിപ്പിറക്കിയത്.

മാധ്യമം റിപ്പോർട്ടിലെ വെളിപ്പെടുത്തൽ ശരിയാണൊ അല്ലയൊ എന്നന്വേഷിക്കാൻ മറ്റ് പ്രമുഖ പത്രങ്ങൾ കൂട്ടാക്കിയില്ല. സെൻസേഷണലിസത്തിൽ അഭിരമിക്കുന്ന പത്രമുത്തശ്ശി ഈ വാർത്തയിൽ നിറഞ്ഞുനിന്ന സംഭ്രമജനക സാധ്യതകൾ പാടെ അവഗണിച്ചു. അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടെന്ന വിവരം പോലും എളുപ്പം വായനക്കാരന്റെ ശ്രദ്ധയിൽ പെടാത്ത തരത്തിലാണ് മുഖ്യധാരാ പത്രങ്ങൾ നൽകിയത്. ഡി.ജി.പിയുടെ ഔപചാരികനിഷേധം കിട്ടിയപ്പോൾ മുത്തശ്ശിയുടെ ശങ്ക അല്പം ശമിക്കുകയും വിഷയം ഒന്നാം പേജിലെത്തുകയും ചെയ്തു. ചാനലുകളിലും ശങ്ക പ്രകടമായിരുന്നു. ആദ്യ ദിവസം ഒരു ചാനൽ മാത്രമാണ് വിഷയം ചർച്ചക്കെടുത്തത്. ആടുത്ത ദിവസം കൂടുതൽ പേർ അതിന് തയ്യാറായി.

യു.ഡി.എഫ്. സർക്കാരിനെ ആക്രമിക്കാൻ ലഭിക്കുന്ന അവസരം ഒരിക്കലും പാഴാക്കാത്ത എൽ.ഡി.എഫും അതിനെ നയിക്കുന്ന സി.പി.എമ്മും നിശ്ശബ്ദത പാലിച്ചു. വിജു വി. നായർ റിപ്പോർട്ട് ചെയ്ത പൊലീസ് നടപടി യു.ഡി.എഫ്. കാലത്ത് നടന്നതാണെങ്കിലും സമാന സംഭവങ്ങൾ മുൻഭരണകൂടത്തിന്റെ കാലത്തും നടന്നിരുന്നതുകൊണ്ടാവണം അതിനെക്കുറിച്ച് ഒന്നും പറയാൻ അവർക്ക് കഴിയാഞ്ഞത്. രണ്ടാം ദിവസം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ഇമെയിൽ ചോർത്തലിനെ അപലപിച്ചു. ലാവ്‌ലിൻ കരാർ ഉൾപ്പെടെ പല കാര്യങ്ങളിലും തന്റെ അറിവോടെ പാർട്ടി എടുത്ത പല തീരുമാനങ്ങളെയും അദ്ദേഹം തള്ളിപ്പറഞ്ഞിട്ടുള്ളതുകൊണ്ട് അദ്ദേഹത്തിന്റെ അഭിപ്രായം പാർട്ടിയുറ്റേതാണെന്ന് ഉരപ്പാക്കാനാവില്ല. .

വാർത്തയിലെ അടിസ്ഥാന വസ്തുത -- 250ൽ‌പരം മുസ്ലിംകളുടെ ഇമെയിൽ ഐ.ഡിയും ലോഗ്-ഇൻ വിവരങ്ങളും ശേഖരിക്കാൻ ഇന്റലിജൻസ് വിഭാഗം നൽകിയ നിർദ്ദേശം -- ഡി.ജി.പി യുടെ പത്രക്കുറിപ്പും നിഷേധിക്കുന്നില്ല. അതിന്റെ അടിസ്ഥാനത്തിൽ ഇമെയിൽ ചോർത്തുകയൊ ചോർത്താൻ ആരോടെങ്കിലും ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നെ അദ്ദേഹം പറയുന്നുള്ളു. ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് വ്യക്തികളുടെ ഇമെയിൽ കത്തിടപാടുകൾ പരിശോധിക്കാൻ മാത്രമല്ല അവരുടെ പേരിൽ മറ്റുള്ളവർക്ക് സന്ദേശങ്ങൾ അയക്കുവാനും പൊലീസിന് കഴിയുമെന്ന് വിജു വി. നായർ ചൂണ്ടിക്കാട്ടിയിരുന്നു. അങ്ങനെയുള്ള പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും തികച്ചും നിർദ്ദോഷമായ പതിവ് അന്വേഷണം മാത്രമാണ് നടക്കുന്നതെന്നും സ്ഥാപിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

പൊലീസ് മനസ് പ്രവർത്തിക്കുന്നതെങ്ങനെയാണെന്നറിയുന്നവർക്ക് ഡി.ജി.പിയുടെ വിശദീകരണം മുഖവിലയ്ക്കെടുക്കാൻ കഴിയില്ല. ഈ വിഷയത്തിലുള്ള ഒരു അനുഭവം രേഖപ്പെടുത്തട്ടെ. ഞാൻ 1952ൽ മദിരാശിയിലെത്തി ഹിന്ദുവിൽ പത്രപ്രവർത്തനജീവിതം ആരംഭിച്ചപ്പോൾ കോളെജിൽ ഒപ്പമുണ്ടായിരുന്ന ഒരു സ്നേഹിതനും അവിടെയെത്തി --കേന്ദ്ര ഇന്റലിജൻസ് ഏജൻസിയിലെ ഉദ്യോഗസ്ഥനായി. ഒരു ദിവസം അദ്ദേഹം സഹായാഭ്യർത്ഥനയുമായി എന്നെ വന്നുകണ്ടു. വിദേശ ക്രൈസ്തവ മിഷനറിമാരുടെ വരവ് തടയാനുള്ള നീക്കത്തെ എതിർക്കുന്ന ഒരു കത്ത് മെയിൽ പത്രം ഏതാനും ദിവസം മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. എഴുതിയയാളിന്റെ പേര് കൊടുത്തിരുന്നില്ല. സ്ഥലപ്പേര് കൊടുത്തിരുന്നതുകൊണ്ട് ആൾ നെല്ലൂരിലാണെന്ന് മാത്രം അറിയാം. കത്തെഴുതിയത് ആരാണെന്ന് കണ്ടുപിടിക്കാൻ ഡൽഹിയിലുള്ള മേലാവ് മദ്രാസ് ആപ്പീസിനോടാവശ്യപ്പെട്ടു. മദ്രാസിലെ മേലാവ് ദൌത്യം എന്റെ സ്നേഹിതനെ ഏല്പിച്ചു.

എഴുതിയ ആൾ ആവശ്യപ്പെടുമ്പോൾ പേര് രഹസ്യമായി സൂക്ഷിക്കാനുള്ള ബാധ്യത പത്രത്തിനുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഈ ദൌത്യം നിർവഹിക്കാനായില്ലെങ്കിൽ ഏജൻസിയിലെ തന്റെ ഭാവി ഇരുളടഞ്ഞതാകുമെന്ന് അദ്ദേഹവും പറഞ്ഞു. മെയിൽ പത്രത്തിലെ ആരെയെങ്കിലും പരിചയപ്പെടുത്തിക്കൊടുക്കണമെന്ന ആവശ്യം ഞാൻ നിരസിച്ചപ്പോൾ അദ്ദേഹത്തിന്റെ പൊലീസ് മനസ് മറ്റൊരു വഴിക്ക് സഞ്ചരിച്ചു. കത്തെഴുതിയ ആളുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നെന്നും താല്പര്യമുണ്ടെങ്കിൽ ഇങ്ങോട്ട് ബന്ധപ്പെടാനായി തന്റെ മേൽ‌വിലാസം അദ്ദേഹത്തിന് അയച്ചു കൊടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മെയിൽ പത്രാധിപർക്ക് എഴുതിയാലോ എന്ന് അദ്ദേഹം ചോദിച്ചു. പത്രാധിപർ തന്റെ കത്ത് അയാൾക്ക് അയച്ചുകൊടുക്കും. അപ്പോൾ മൌണ്ട് റോഡ് പോസ്റ്റ് ആപ്പിസിന്റെ സഹായത്തോടെ നെല്ലൂരേക്കുള്ള എല്ലാ കത്തുകളും പരിശോധിച്ച് അയാളുടെ പേരും മേൽ‌വിലാസവും കണ്ടെത്താനാകും.

ഇപ്പോൾ ആന്ധ്ര പ്രദേശിന്റെ ഭാഗമായ നെല്ലൂർ അന്ന് മദ്രാസ് സംസ്ഥാനത്തിലായിരുന്നു. മദ്രാസ് പട്ടണത്തിന്റെ തൊട്ടു വടക്കുള്ള ജില്ലയുടെ ആസ്ഥാനമാണ് നെല്ലൂർ. അവിടെ നിന്നുള്ള ധാരാളം ആളുകൾ മദ്രാസിലുണ്ടാകും. വിദേശ മിഷനറിമാരോട് അനുഭാവമുള്ള നെല്ലൂർകാരൻ ആരാണെന്നറിയാൻ പൊലീസുകാർ പോസ്റ്റ് ആപ്പിസിലിരുന്ന് അങ്ങോട്ടേക്കുള്ള എല്ലാ കത്തുകളും പൊട്ടിച്ചുവായിക്കുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. “എന്ത് ഭ്രാന്താണിത്?” ഞാൻ പൊട്ടിത്തെറിച്ചു. “എനിക്കത് ചെയ്യാം,” സ്നേഹിതൻ പറഞ്ഞു: മറ്റാരോ മുഖേന മെയിൽ പത്രത്തിന്റെ ന്യൂസ് എഡിറ്ററുമായി ബന്ധം സ്ഥാപിച്ച് കത്തെഴുതിയ ആളിന്റെ പേരും മേൽ‌വിലാസവും മനസിലാക്കാൻ കഴിഞ്ഞതുകൊണ്ട് അദ്ദേഹം നെല്ലൂർ ബന്ധമുള്ള ലക്ഷക്കണക്കിനാളുകളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയില്ല.

പൊലീസിന്റെ നോട്ടപ്പുള്ളികളായ 268 പേരിൽ 258ഉം മുസ്ലിംകളാണെന്നതും അക്കൂട്ടത്തിൽ എം.പി.യും ലീഗ് നേതാക്കളും പത്രപ്രവർത്തകരുമുണ്ടെന്നതും ചിലരെ അസ്വസ്ഥരാക്കുകയും മറ്റ് ചിലരെ ഒരുപക്ഷെ സന്തുഷ്ടരാക്കുകയും ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു. നിരോധിക്കപ്പെട്ട സിമി എന്ന മുസ്ലിം യുവജന സംഘടനയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് നോട്ടപ്പുള്ളികളുടെ ലിസ്റ്റ് ഉണ്ടായതെന്ന് ഒരു വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു. ഇത് ശരിയാണെങ്കിൽ ലിസ്റ്റിലെ ബഹുഭൂരിപക്ഷം പേരും മുസ്ലിംകളായത് സ്വാഭാവികമാണ്. അപ്പോൾ അതിന്റെ മാത്രം അടിസ്ഥാനത്തിൽ പൊലീസ് നടപടിയെ മുസ്ലിംവിരുദ്ധനീക്കമായി വ്യാഖ്യാനിക്കാനാകില്ല. മുസ്ലിം ലീഗിന് നിർണ്ണായക സ്വാധീനമുള്ള യു.ഡി.എഫ്. സർക്കാരിൽ എങ്ങനെയാണ് മുസ്ലിംവിരുദ്ധത ആരോപിക്കാനാവുക? പക്ഷെ ലീഗിന് അനഭിമതരായ മുസ്ലിം സംഘടനകളുണ്ട്. അവർക്കെതിരെ നീക്കങ്ങളുണ്ടാകുന്ന സാഹചര്യം പൂർണ്ണമായും തള്ളിക്കളയാനാവില്ല. പൊലീസിന്റെ അന്വേഷണത്തിലുള്ള ഒരു വ്യക്തിയിൽ നിന്ന് ലഭിച്ച 268 ഇമെയിൽ ഐ.ഡികളാണ് ലിസ്റ്റിലുള്ളതെന്ന് ഡി.ജി.പി.വെളിപ്പെടുത്തിയ സ്ഥിതിക്ക് അതിൽ വി.ഐ.പി.കൾ ഉൾപ്പെടുന്നതിനെ കുറ്റപ്പെടുത്താനാവില്ല. ഒരാൾ കുറ്റകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി വിവരം ലഭിച്ചാൽ എം.പി.യൊ ഭരണകക്ഷി അംഗമൊ ആണെന്നതുകൊണ്ട് അയാളെ അന്വേഷണപരിധിയിൽ നിന്ന് ഒഴിവാക്കാൻ പാടില്ലല്ലൊ.. .

ലിസ്റ്റിലുള്ളവരുടെ ഇമെയിൽ ഐ.ഡിയും ലോഗ്-ഇൻ വിവരങ്ങളും തേടിയിറങ്ങുമ്പോൾ അവർ കുറ്റകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നുവെന്ന് ന്യായമായി സംശയിക്കാൻ പോരുന്ന വസ്തുതകൾ പൊലീസിന്റെ പക്കലുണ്ടായിരുന്നൊ എന്നതാണ് പരിഗണനയർഹിക്കുന്ന വിഷയം. അന്വേഷണത്തിലിരിക്കുന്ന ഒരാൾ ഇമെയിൽ ബന്ധം പുലർത്തിയിരുന്നുവെന്നതിന്റെ മാത്രം അടിസ്ഥാനത്തിൽ പൊലീസ് വലിയൊരു വല വിരിക്കുന്നത് നന്നെ ചെറുപ്പത്തിൽ കൈവന്ന, അഥവാ കൈവന്നെന്ന് കരുതിയ, അധികാരത്തിന്റെ അഹന്തയിൽ എന്റെ സ്നേഹിതൻ 60 കൊല്ലം മുമ്പ് ആവിഷ്കരിച്ചതുപോലെയുള്ള ഒരു ഭ്രാന്തൻ പദ്ധതിയാണ്. ലാഘവബുദ്ധിയോടെ ജനങ്ങളുടെ സ്വകാര്യതയിൽ നുഴഞ്ഞുകയറാൻ ജനാധിപത്യ വ്യവസ്ഥയിൽ പൊലീസിന് അധികാരമില്ല...

സിമിക്കെതിരായ ആരോപണങ്ങൾ തീർച്ചയായും ഗുരുതരമായവയാണ്. പക്ഷെ അവയുടെ അടിസ്ഥാനത്തിലുള്ള പൊലീസ് നടപടികൾ വിലയിരുത്തുമ്പോൾ മറ്റ് ചില വസ്തുതകളും ഓർക്കേണ്ടതുണ്ട്. അമേരിക്കയിൽ 2001ലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ലോകമൊട്ടുക്ക് തീവ്രവാദവിരുദ്ധവികാരം ഉയർന്ന ഘട്ടത്തിൽ കേന്ദ്ര സർക്കാർ നിരോധിച്ച സംഘടനയാണ് സിമി. അന്നു മുതൽ ഇന്നുവരെ ഓരോ രണ്ട് കൊല്ലത്തിലും നിരോധനം പുതുക്കിവരുന്നു. നിരോധനം ചോദ്യം ചെയ്തുകൊണ്ട് അതിന്റെ അദ്ധ്യക്ഷൻ നൽകിയ ഹർജി പത്ത് കൊല്ലം കഴിഞ്ഞിട്ടും തീർപ്പാകാതെ സുപ്രീം കോടതിയിൽ കിടക്കുകയാണ്. നിരോധന ഉത്തരവിന്റെ സാധുത പരിശോധിക്കാൻ ഹൈക്കോടതി ജഡ്ജിയുടെ അദ്ധ്യക്ഷതയിലുള്ള സമിതിയുണ്ട്. നാലാമത്തെ സിമി നിരോധന ഉത്തരവ് പരിശോധിച്ച ഡൽഹി ജഡ്ജി നിരോധനം സാധൂകരിക്കാൻ മതിയായ തെളിവുകൾ ഹാജരാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് 2008ൽ അത് റദ്ദാക്കി. കേന്ദ്ര സർക്കാർ ഉടൻ തന്നെ സുപ്രീം കോടതിയെ സമീപിച്ച് സമ്പാദിച്ച സ്റ്റേയുടെ ബലത്തിലാണ് ഇപ്പോൾ നിരോധനം തുടരുന്നത്. പാകിസ്ഥാൻ ചാര സംഘടനയായ ഐ.എസ്.ഐ, ബിൽ ലാഡന്റെ അൽ ഖ്വൈദ, രാജ്യത്തു നടന്ന പല സ്ഫോടനങ്ങളുടെയും പിന്നിലുള്ളതെന്ന് പറയപ്പെടുന്ന ഇൻഡ്യൻ മുജാഹിദീൻ എന്നിവയുമായൊക്കെ സിമിക്ക് ബന്ധമുണ്ടെന്ന് കേന്ദ്ര സർക്കാർ ആരോപിക്കുന്നു. എന്നാൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കുറ്റം ചുമത്തി കോടതികളിലെത്തിച്ച അറുപതിൽ‌ പരം സിമി പ്രവർത്തകർ, തെളിവിന്റെ അഭാവത്തിൽ, ഇതിനകം കുറ്റവിമുക്തരാക്കപ്പെട്ടിട്ടുണ്ട്. ചുരുക്കത്തിൽ ആരോപണങ്ങൾ നിരത്താനല്ലാതെ അവ കോടതികളിൽ തെളിയിക്കാൻ പൊലീസിന്`കഴിയുന്നില്ല.

വിവരം ശേഖരിക്കാൻ ഉത്തരവു നൽകിയതല്ലാതെ, ഡി.ജി.പി. അവകാശപ്പെടുന്നതുപോലെ ഇമെയിൽ ചോർത്തുകയൊ ചോർത്താൻ ആവശ്യപ്പെടുകയൊ ചെയ്തിട്ടില്ലെങ്കിൽകൂടി പൊലീസ് നടപടി അപലപനീയവും അപകടകരവുമാണ്. കാരണം രാഷ്ട്രീയനേതൃത്വത്തെ പ്രീണിപ്പിക്കാൻ അധികാരം ദുർവിനിയോഗം ചെയ്യാൻ മടിയില്ലാത്ത ഉദ്യോഗസ്ഥന്മാർ പൊലീസിലുണ്ട്. ഇന്റർനെറ്റിലൂടെ തെറ്റായ വിവരം പ്രചരിപ്പിച്ചതിന്റെ പേരിൽ വിദേശത്ത് ജോലി ചെയ്യുന്ന ഒരാളെ വിക്രമിയായ പൊലീസുദ്യോഗസ്ഥൻ നാട്ടിൽ കൊണ്ടു വന്ന കഥ നമുക്കറിവുള്ളതാണ്. രാജ്യത്തിന്റെ സുരക്ഷ അപകടപ്പെടുത്താനിടയുള്ള എന്തെങ്കിലും പ്രവർത്തനത്തിൽ ഏർപ്പെട്ടതിന്റെ പേരിലായിരുന്നില്ല അത്. പിണറായി വിജയന്റേതെന്ന് പറഞ്ഞു മറ്റാരുടെയൊ വീടിന്റെ പടം ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ചതാണ് അയാൾ ചെയ്ത ഭീകരകൃത്യം.

ഇന്റലിജൻസ് വിഭാഗം വിവരം തേടിയ 268 ഇമെയിൽ വിലാസങ്ങളിൽ മുസ്ലിംകളുടേതൊ മുസ്ലിംകളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടേതൊ ആയ 258 എണ്ണം വെളിപ്പെടുത്തിയ മാധ്യമം മറ്റ് പത്ത് വിലാസങ്ങൾ വെളിപ്പെടുത്താതിരുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടനൽകിയതായും ഇതേക്കുറിച്ച് വിശദമായ അന്വേഷണത്തിന് നിർദ്ദേശം നൽകിയതായും ഡി.ജി.പി. പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു. അടുത്ത ദിവസം മുഖ്യമന്ത്രി ഒരുപടികൂടി മുന്നോട്ടു പോയി സാമുദായികസ്പർദ്ധ വളർത്താൻ മാധ്യമം ശ്രമിച്ചതായി കുറ്റപ്പെടുത്തി. വ്യക്തികൾക്കെന്നപോലെ പാർട്ടികൾക്കും മാധ്യമങ്ങൾക്കും ജാതിയും മതവുമുള്ള നാടാണിത്. സാമുദായിക താല്പര്യങ്ങൾ അവയുടെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കും. പ്രസിദ്ധീകരിക്കുന്ന 258 മുസ്ലിം വിലാസങ്ങൾ കൂടാതെ 10 വിലാസങ്ങൽ കൂടി പൊലീസ് പട്ടികയിലുണ്ടെന്ന് മാധ്യമം റിപ്പോർട്ട് വ്യക്തമായി പറയുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ആരോപണം തീരെ ദുർബലമായ തലത്തിലാണ് നിൽക്കുന്നത്. (മാധ്യമം ആഴ്ചപ്പതിപ്പ്,ലക്കം 728, ജനുവരി 30, 2012)

3 comments:

ഞാന്‍ പുണ്യവാളന്‍ said...

രാജ്യസുരക്ഷയുമായി ബന്ധപ്പെടുമ്പോള്‍ ഇത്തരം വിവര ശേഖരണം ഒരു തെറ്റായി പോയി എന്ന് കണകാക്കാന്‍ ആവില്ല പക്ഷെ വ്യക്തമായ സൂചനകള്‍ ഇല്ലാതെ കടലില്‍ തോട്ട പൊട്ടിച്ചു മീന്‍ പിടിക്കുന്നത്‌ പോലെ കാട് അടച്ചു വെടി വച്ച് കുറ്റാന്വഷണം അപകടകരമായ പ്രവണതയാണ് ,

വളരെ നല്ല ലേഖനം സ്നേഹാശംസകളോടെ @പുണ്യാളന്‍

എന്റെ ലേഖനങ്ങള്‍ :ഞാന്‍ പുണ്യവാളന്‍

chithrakaran:ചിത്രകാരന്‍ said...

നമ്മുടെ രാഷ്ട്രീയക്കാരും മന്ത്രിമാരും ഭരണയന്ത്രവും പോലീസും കോടതിയും എല്ലാം കരുതുന്നത്... ഇവറ്റകള്‍ ജനങ്ങളെ അടക്കി ഭരിക്കാന്‍ പ്രത്യെക അവകാശം ലഭിച്ച മാടമ്പികളാണെന്നാണ്. ഈ “ചൂലുകളെല്ലാം” ജനങ്ങളുടെ കേവലം വേലക്കാര്‍ മാത്രമാണെന്ന ജനാധിപത്യബോധം പൊതുജനത്തിനിടയില്‍ വേണ്ടവിധം പ്രചരിക്കാത്തതിന്റെ ഫലമായുണ്ടാകുന്ന അടിമത്വമാണ് നാം അനുഭവിക്കുന്നതെന്നു പറയാം.
ജനങ്ങളെ തൊന്നുമ്പൊലെ പൊട്ടന്‍ കളിപ്പിച്ച് തങ്ങള്‍ക്ക് അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുകയും ജനങ്ങളുടെ വ്യക്തി ജീവിതത്തിലെക്കുപോലും അനുവാദമില്ലാതെ കയറിച്ചെന്ന് ഏതെങ്കിലും പരട്ട നിയമം ഉപയോഗിച്ച് അയാളെ കുറ്റക്കാരനെന്ന് സ്ഥാപിച്ച് പൌരന്മാരെ കുറ്റവാളികളും അടിമകളുമായി പരിമിതപ്പെടുത്തി
ഒരു മന്ദബുദ്ധിരാജ്യം സമാധാനപൂര്‍വ്വം നടത്തിക്കോണ്ടുപൊകാം എന്ന സ്വാര്‍ത്ഥലക്ഷ്യമാണ് വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്.
(ഏത് സത്യസന്ധനെയും, നിരപരാധിയേയും തങ്ങള്‍ക്ക് ആവശ്യമെങ്കില്‍ കുറ്റവാളിയാക്കാനുള്ള നിയമവും വകുപ്പും നിയമം പഠിച്ചവര്‍ക്ക് അറിയാവുന്നതാണല്ലൊ. ഭരണ നേതൃത്വം പിന്തൂണക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ നിയമവും വകുപ്പുമെല്ലാം റെഡി !!! അതെ പോലെ ഏതു കൊടും കുറ്റവാളിയേയും നിരപരാധിയായും സത്യസന്ധനായും മന്ത്രിയായിപ്പോലും ചുമന്നു നടക്കണോ വേണ്ടയോ എന്ന് ജനാധിപത്യത്തിന്റെ പേരിലുള്ള മാടമ്പി വ്യവസ്ഥിതിയില്‍ ഭരണ നേതൃത്വവും സാമ്പത്തിക ശക്തികളുമാണ് തീരുമാനിക്കുക !!!)

മുസാഫിര്‍ said...

ഈ 268 പേരിൽ ആർക്കെങ്കിലും തീവ്രവാദ ബന്ധമുണ്ടോ എന്നു എന്നെങ്കിലും ജനം അറിയുമോ , കേരള പോലീസ് വഴി സംശയമാണു.എന്നെങ്കിലും എൻ ഐ യെയുടേയൊ മറ്റോ വലയിൽ പെടുമ്പോൾ അറിയാമായിരിക്കാം.