Sunday, December 25, 2011

പരാജയപ്പെടുന്ന ഭരണസംവിധാനം

ബി.ആർ.പി. ഭാസ്കർ

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സംസ്ഥാനമാകെ ഓടിനടന്ന് ജനസമ്പർക്ക പരിപാടി നടത്തി ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം പകർന്നുകൊണ്ടിരുന്നപ്പോൾ ചിലയിടങ്ങളിൽ കടബാധ്യതമൂലം കർഷകർ ആത്മഹത്യ ചെയ്യുകയായിരുന്നു. ഒരു മാസത്തിൽ എട്ട് പേർ ആത്മഹത്യ ചെയ്തു. മുഖ്യമന്ത്രിയുടെ ജനസമ്പർക്കവും ഈ ആത്മഹത്യകളും തമ്മിൽ പ്രത്യക്ഷത്തിൽ ബന്ധമില്ലെങ്കിലും ഒരു പൊതുഘടകം അവയെ ബന്ധിപ്പിക്കുന്നുണ്ട്. രണ്ടും ഭരണസംവിധാനത്തിന്റെ പരാജയത്തെ സൂചിപ്പിക്കുന്നു.

കൊച്ചിയിലെ ജനസമ്പർക്ക പരിപാടിക്ക് 10 മിനിട്ട് വൈകിയെത്തിയ ഉമ്മൻ ചാണ്ടി അവസാനത്തെ പരാതിക്കാരനും പോയശേഷമെ മടങ്ങൂവെന്ന് പ്രഖ്യാപിച്ചപ്പോൾ നിലക്കാത്ത കൈയടിയുണ്ടായി. ഇത് പരിപാടിയുടെ ജനപ്രിയ സ്വഭാവം വ്യക്തമാക്കുന്നു. ശാരീരികമായ അവശതകളുള്ള ചിലർ ആംബുലൻസുകളിലാണെത്തിയത്. അവരുടെ അടുത്തെത്തി മുഖ്യമന്ത്രി പരാതികൾ കേട്ടശേഷം തീരുമാനങ്ങളെടുത്തു. മരത്തിൽ നിന്ന് വീണ് 16 വർഷം മുമ്പ് കിടപ്പിലായ ആലുവാക്കാരന് ധനസഹായവും ഇത്രകാലവും ശുശ്രൂഷിച്ച അച്ഛനും അമ്മയ്ക്കും ആശ്രിത പെൻഷനും. 13 കൊല്ലമായി തളർന്നു കിടക്കുന്ന മൂവാറ്റുപുഴക്കാരന് ചികിത്സക്കായി 25,000 രൂപയും വീട് വെയ്ക്കാൻ സ്ഥലവും. 10 വർഷമായി തളർന്നു കിടക്കുന്ന മറ്റൊരാൾക്ക് 25,000 രൂപയും അമ്മയ്ക്ക് ആശ്രിത പെൻഷനും.

ദുരിതമനുഭവിക്കുന്നവർക്ക് മുഖ്യമന്ത്രി ഇങ്ങനെ ആശ്വ്വാസം പകരുമ്പോൾ വില്ലേജ് ആഫീസർ ചെയ്യേണ്ട പണിയാണ് ഉമ്മൻ ചാണ്ടി ചെയ്യുന്നതെന്ന്‌ കോടിയേരി ബാലകൃഷ്ണൻ പരിഹസിച്ചു. ഇ.കെ. നായനാരും എ.കെ. ആന്റണിയും വി.എസ്. അച്യുതാനന്ദനും മുഖ്യമന്ത്രിയായിരുന്ന കാലത്ത് വില്ലേജ് ആഫീസർമാരും മറ്റ് ഉദ്യോഗസ്ഥരും ചെയ്യാനുള്ള ജോലി കൃത്യമായി ചെയ്തിരുന്നെങ്കിൽ ഒരുപക്ഷെ ആളുകൾക്ക് പരാതികളുമായി ജനസമ്പർക്ക പരിപാടിക്ക് പോകേണ്ടിവരില്ലായിരുന്നു. ആലുവായിലെ അൻസാറിന്, ശാപമോക്ഷത്തിനായി ശ്രീരാമനെ കാത്തുകിടന്ന അഹല്യയെപ്പോലെ, ഉമ്മൻ ചാണ്ടിയെ കാത്ത് 18 കൊല്ലം കിടക്കേണ്ടി വരില്ലായിരുന്നു. ഉമ്മൻ ചാണ്ടി തന്നെയും മുമ്പും എട്ടൊമ്പത് മാസം മുഖ്യമന്ത്രിയായിരുന്നു. അന്നും അൻസാറിന് സഹായം കിട്ടിയില്ല. ജനസമ്പർക്ക പരിപാടിയില്ലായിരുന്നെങ്കിൽ അൻസാറിന് ഒരുപക്ഷെ സർക്കാർ സഹായം കൂടാതെ ശിഷ്ടജീവിതം കഴിക്കേണ്ടിവന്നേനെ.

കൊച്ചിയിൽ ഉമ്മൻ ചാണ്ടിയിൽ നിന്ന് സഹായം തേടിയ ഒരാൾ രണ്ട് കൊല്ലം മുമ്പ് വീണതിനെ തുടർന്നു കിടപ്പിലായ ഒരു 83കാരനാണ്. അപകടമുണ്ടായി ഏറെ കഴിയും മുമ്പ് ആ വൃദ്ധന് എൽ.ഡി.എഫ്. സർക്കാർ ഒന്നേകാൽ ലക്ഷം രൂപ അനുവദിച്ചു. ഏതെങ്കിലും ഭരണമുന്നണി നേതാവ് ഇടപെട്ടതു കൊണ്ടാവണം സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. പക്ഷെ പണം കൈയിൽ കിട്ടിയില്ല. ആർക്കൊ പ്രതീക്ഷിച്ചത് കിട്ടാതിരുന്നതു കൊണ്ടാവണം അനുവദിച്ച പണം കൊടുക്കാതിരുന്നത്. മുൻസർക്കാർ അനുവദിച്ച തുക നൽകാൻ ഉമ്മൻ ചാണ്ടി ഉത്തരവിട്ടു. കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് ആ മനുഷ്യൻ സഹായത്തിന് സർക്കാരിനെ സമീപിച്ചതും ഉത്തരവു നേടിയതും. ജനസമ്പർക്കം കഴിഞ്ഞിട്ടും വിഷയം ഉത്തരവ് ഘട്ടത്തിൽ നിൽക്കുന്നതേയുള്ളു. ഭരണ സംവിധാനം ഇന്നത്തെപ്പോലെ തുടരുകയാണെങ്കിൽ കോടിയേരി മുഖ്യമന്ത്രിയാകുന്ന കാലത്ത് ഈ ഹർജിക്കാരനുവേണ്ടി ഒരുത്തരവ് പുറപ്പെടുവിക്കാനുള്ള അവസരം അദ്ദേഹത്തിനും കിട്ടിയേക്കും.

ജനസമ്പർക്ക പരിപാടിയിൽ പങ്കെടുക്കാൻ മലപ്പുറം ജില്ലയിൽ 40,000ൽ‌പരം പേരും വയനാട് ജില്ലയിൽ 30,000ൽ പരം പേരും എത്തിയിരുന്നതായി റിപ്പോർട്ടുകളിൽ കാണുന്നു. സംസ്ഥാനമൊട്ടുക്ക് പരാതികളുമായെത്തിയവരുടെ എണ്ണം ലക്ഷങ്ങളിലാവണം. പലയിടങ്ങളിലും നിശ്ചിത ദിവസം മുഖ്യമന്ത്രിക്ക് എല്ലാ പരാതികളിലും തീർപ്പ് കല്പിക്കാനായില്ല. അവശേഷിക്കുന്ന പരാതികളിൽ തീരുമാനമെടുക്കാൻ ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകിയിട്ട് പോവുകയാണ് അദ്ദേഹം ചെയ്തത്. അങ്ങനെ പരാതിക്കാർ വീണ്ടും ഉദ്യോഗസ്ഥരുടെ കാരുണ്യം കാത്തുകിടക്കേണ്ടി വരുന്നു. പരാതിയുള്ള എല്ലാവർക്കും യാത്ര ചെയ്ത് മുഖ്യമന്ത്രിയുടെ അടുത്തെത്താൻ കഴിയുന്നുണ്ടാവില്ല. അവർക്ക് ആര് ശാപമോക്ഷം നൽകും?

പരാതിയുമായെത്തുന്ന എല്ലാവരും ശരിയായ വിവരങ്ങളാണ് നൽകുന്നതെന്ന് ഉറപ്പു വരുത്താൻ മുഖ്യമന്ത്രിക്ക് കഴിയില്ല. ആ സ്ഥിതിക്ക് സഹായം ലഭിക്കുന്ന എല്ലാവരും അതർഹിക്കുന്നവരാകണമെന്നില്ല. ജനസമ്പർക്ക പരിപാടികളിൽ ചട്ടപ്രകാരമല്ല തീരുമാനമെടുക്കുന്നതെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടിയതായും മുഖ്യമന്ത്രി എതിർപ്പ് തള്ളിക്കളഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

യഥാർത്ഥത്തിൽ ജനസമ്പർക്ക പരിപാടി ആശ്വാസ നടപടിയാണ്. ഭരണസംവിധാനം ശരിയായി പ്രവർത്തിക്കാത്തതിന്റെ ഫലമായി കുമിഞ്ഞുകൂടുന്ന പ്രശ്നങ്ങളാണ് അവിടെ ഉന്നയിക്കപ്പെടുന്നത്. സംവിധാനം ശരിയായി പ്രവർത്തിച്ചാൽ ദുരിതമനുഭവിക്കുന്നവർക്ക് വേഗം ആശ്വാസമെത്തിക്കാൻ മാത്രമല്ല, ചിലപ്പോൾ ദുരിതം ഒഴിവാക്കാൻ തന്നെയും കഴിയും. കടക്കെണിയിൽ പെടുന്ന കർഷകരുടെ പ്രശ്നം ഇക്കൂട്ടത്തിൽ പെടുന്നു. അതിവിപുലമായ ഔദ്യോഗിക സംവിധാനമാണ് നമ്മുടേത്. ഗ്രാമങ്ങളിലും ഘടകങ്ങളുള്ള രാഷ്ട്രീയ സംഘടനകളും നമുക്കുണ്ട്. എന്നിട്ടും കർഷകരുടെ സ്ഥിതി വഷളാകുന്നത് മനസിലാക്കാനും ഉചിതമായ പ്രതിവിധികൾ യഥാസമയം കൈക്കൊള്ളുന്നതിനും ഭരണകൂടത്തിന് കഴിയുന്നില്ല. ദുരന്തം സംഭവിക്കുമ്പോഴാകട്ടെ ഭരണ-പ്രതിപക്ഷ കക്ഷികൾ അന്യോന്യം പഴിചാരി രാഷ്ട്രീയനേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നു. വയനാട്ടിൽ നേരത്തെ ആത്മഹത്യാ പരമ്പരയുണ്ടായപ്പോൾ തങ്ങളുടെ സർക്കാർ സത്വര നടപടികൾ കൈക്കൊണ്ട് അത് അവസാനിപ്പിച്ചെന്ന് എൽ.ഡി.എഫ്. അവകാശപ്പെടുമ്പോൾ എൽ.ഡി.എഫ്. സർക്കാർ പ്രഖ്യാപിച്ച പരിപാടികൾ നടപ്പിലാക്കാഞ്ഞതുകൊണ്ടാണ് വീണ്ടും ആത്മഹത്യകളുണ്ടായതെന്ന് യു.ഡി.എഫ്. ആരോപിക്കുന്നു.

ഭരണ സംവിധാനം ശരിയായി പ്രവർത്തിക്കാത്തതിന്റെ ഒരു കാരണം അഴിമതിയാണ്. പല രാജ്യങ്ങളിലും എന്തെങ്കിലും ആനുകൂല്യം കാണിക്കുന്നതിനു മാത്രമാണ് കൈക്കൂലി കൊടുക്കേണ്ടത്. ഇവിടെ അർഹതപ്പെട്ടത് കിട്ടുന്നതിനും പലപ്പോഴും കാശ് കൊടുക്കേണ്ടിവരുന്നു. ചില സർക്കാർ ജീവനക്കാർ അവർ ചെയ്യാൻ ബാധ്യസ്ഥമായത് ചെയ്യുന്നതിന് ശമ്പളം കൂടാതെ കിമ്പളവും പ്രതീക്ഷിക്കുന്നു. ഭരണസംവിധാനം മെച്ചപ്പെടുത്തിയാൽ അഴിമതി ഒരളവുവരെ നിയന്ത്രിക്കാനാകും. എന്നാൽ അധികാരത്തിലിരിക്കെ യു.ഡി.എഫൊ. എൽ.ഡി.എഫൊ ഇതുവരെ അതിനായി ആത്മാർത്ഥമായി ശ്രമിച്ചിട്ടില്ല. ഇത് ഉദ്യോഗസ്ഥന്മാർക്കെന്ന പോലെ രാഷ്ട്രീയ കക്ഷികൾക്കും സംവിധാനം ഇന്നത്തെപ്പോലെ തുടരുന്നതിൽ സ്ഥാപിത താല്പര്യമുള്ളതുകൊണ്ടാണ്. സംവിധാനം നേരേ ചൊവ്വേ പ്രവർത്തിച്ചാൽ രാഷ്ട്രീയ ഇടനിലക്കാരുടെ വില ഇടിയുമെന്ന ഭയമാണ് ഭരണാധികാരികളെ സ്ഥിതിഗതികൾ മെച്ചപ്പെടുത്തുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. ഇ.എം.എസ്. നമ്പൂതിരിപ്പാട്, ഇ.കെ. നായനാർ, എ. കെ. ആന്റണി തുടങ്ങി സത്യസന്ധരായ നിരവധി ഭരണകർത്താക്കൾ ഉണ്ടായിട്ടുണ്ട്. അവരിലാരും അഴിമതിക്കെതിരെ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിച്ചില്ല. ഔദ്യോഗികരംഗത്തും ധാരാളം സത്യസന്ധരുണ്ട്. നേതാക്കന്മാരെപ്പോലെ, അഴിമതിക്കാരുടെ ശത്രുത സമ്പാദിക്കാതെ, വ്യക്തിഗത സംശുദ്ധി നിലനിർത്തി സേവന ജീവിതം പൂർത്തിയാക്കാനാണ് അവരും ശ്രമിക്കുന്നത്.

ഭരണസംവിധാനം മെച്ചപ്പെടുത്താൻ കേരള സർക്കാർ ഏഷ്യൻ ഡവലപ്‌മെന്റ് ബാങ്കിന്റെ (എ.ഡി.ബി) സഹായത്തോടെ പത്തു കൊല്ലം മുമ്പ് ഒരു ശ്രമം നടത്തുകയുണ്ടായി. ഭരണത്തിന്റെ ആധുനികവത്കരണം ലക്ഷ്യമിട്ടുള്ള ആ പദ്ധതിക്കായി ഡിസംബർ 2002നും മാർച്ച് 2005നുമിടയ്ക്ക് 25 കോടി ഡോളർ ഇവിടെ എത്തി. പദ്ധതി തൃപ്തികരമായി നടപ്പിലാക്കിയതായി എ.ഡി.ബി. പിന്നീട് വിലയിരുത്തുകയുണ്ടായി. അത് സത്യസന്ധമായ വിലയിരുത്തലല്ലെന്ന് അവലോകന റിപ്പോർട്ടിലെ ചില പരാമർശങ്ങൾ തന്നെ വ്യക്തമാക്കുന്നുണ്ട്. ഏതായാലും ഭരണ സംവിധാനം ഇന്ന് 2002നേക്കാൾ ആധുനികവും കാര്യക്ഷമാവുമാണെന്ന് പറയാനാവില്ല.

ആ ആധുനികവത്കരണ പദ്ധതിയിൽ രണ്ട് അംശങ്ങളുണ്ടായിരുന്നു. സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം സൂക്ഷ്മമായി പരിശോധിച്ച് പുന:സംഘടിപ്പിക്കുകയെന്നതായിരുന്നു ഒന്ന്. സാമ്പത്തിക പരിഷ്കരണം നടപ്പിലാക്കുകയെന്നതായിരുന്നു മറ്റേത് . ആദ്യത്തേത് സൂക്ഷ്മപരിശോധന രൂപകല്പന ചെയ്യുന്നതിനപ്പുറം പോയില്ലെന്ന് അവലോകന റിപ്പോർട്ട് പറയുന്നു. അതായത് സൂക്ഷ്മപരിശോധനയും പുന:സംഘടനയും നടന്നില്ല. ജീവനക്കാരുടെ ശക്തമായ എതിർപ്പാണ് പദ്ധതിയുടെ ഈ അംശം പരാജയപ്പെടുത്തിയത്. സർക്കാർ അതുമായി മുന്നോട്ടുപോയാൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കപ്പെടുമെന്ന ഭയമായിരുന്നു അവരുടെ എതിർപ്പിനു പിന്നിലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക പരിഷ്കരണ പരിപാടി വിജയകരമായിരുന്നെന്ന് അവകാശപ്പെടുന്നതോടൊപ്പം തന്നെ ലക്ഷ്യങ്ങൾ പൂർത്തിയായില്ലെന്ന സൂചനയും റിപ്പോർട്ട് നൽകുന്നു. ചട്ടങ്ങളിൽ അധിഷ്ഠിതവും പുരോഗമനപരവുമായ സാമ്പത്തിക മാനേജ്‌മെന്റ് ചട്ടക്കൂട് തയ്യാറാക്കിയെങ്കിലും നികുതി വരുമാനവും സംസ്ഥാന ആന്തരിക വിഭവവും തമ്മിലുള്ള അനുപാതത്തിൽ ഗണ്യമായ വർദ്ധന ഉണ്ടാക്കാനായില്ല. സേവനങ്ങൾക്ക് കൂലി ഏർപ്പെടുത്താനുള്ള സർക്കാരിന്റെ വൈമുഖ്യം കാരണം നികുതിയിതര വരുമാനം കുറവാണെന്ന് റിപ്പോർട്ട് നിരീക്ഷിക്കുന്നു. സേവനദാനത്തിന്റെ കാര്യത്തിൽ സ്ഥാപനപരവും നയപരവുപായ പോരായ്മകൾ നിലനിൽക്കുന്നു. എന്നാൽ സംവിധാനം മെച്ചപ്പെടുത്താൻ ഒന്നും ചെയ്യാനായില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തിലാണെങ്കിൽ, പ്രശ്നത്തിന്റെ വലിപ്പം കണക്കാക്കുമ്പോൾ, അതിന്റെ അറ്റം തൊടാൻ മാത്രമെ കഴിഞ്ഞിട്ടുള്ളുവെന്നും റിപ്പോർട്ട് പറയുന്നു. ചുരുക്കത്തിൽ 25 കോടി ഡോളർ പാഴാക്കി.

ആധുനികവത്കരണ പദ്ധതി ഗുണം ചെയ്യുമെന്ന പ്രതീക്ഷ തനിക്കില്ലെന്ന് സെന്റർ ഫൊർ ഡവലപ്‌മെന്റ് സ്റ്റഡീസിലെ സാമ്പത്തിക ശാസ്ത്രജ്ഞനും എ.ഡി.ബി. കൺസൽട്ടന്റുമായിരുന്ന പരേതനായ കെ.കെ. സുബ്രഹ്മണ്യം നേരത്തെ തന്നെ പറഞ്ഞിരുന്നു. “ഗണ്യമായ മാറ്റമുണ്ടാകണമെങ്കിൽ രാഷ്ട്രീയ-ഔദ്യോഗിക സംവിധാനത്തിന്റെ ചിന്താഗതിയിൽ വലിയ മാറ്റമുണ്ടാകണം,“ ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. “കേരളത്തിൽ ഒരു പുതിയ തൊഴിൽ സംസ്കാരമുണ്ടാകാതെ, എത്ര പരിഷ്കരണ രേഖകളുണ്ടാക്കിയിട്ടും കാര്യമില്ല.”

ഇത് ഭരണകർത്താക്കൾക്ക് അറിവില്ലാത്ത കാര്യമല്ല. ഇതിന്റെ വെളിച്ചത്തിൽ നടപടിയെടുക്കാനുള്ള ധാർമ്മികശക്തി അവർക്കില്ലെന്നതാണ് പ്രശ്നം. സി.പി.എമ്മിന്റെ കരുത്തനായ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ നോക്കുകൂലി അധാർമ്മികമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചെങ്കിലും അതിന്റെ അടിസ്ഥാനത്തിൽ പാർട്ടിയൊ അതിന്റെ നിയന്ത്രണത്തിലുള്ള തൊഴിലാളി സംഘടനകളൊ ഒരു നടപടിയും എടുത്തതായി അറിയില്ല. സർക്കാർ ഇത് നോക്കുകൂലിരഹിത പ്രദേശമാണെന്ന് വിളംബരം ചെയ്തശേഷമാണ് ഈയിടെ കോൺഗ്രസിന്റെ നിയന്ത്രണത്തിലുള്ള ഒരു തൊഴിലാളി സംഘടന ഒരു സർക്കാർ സ്ഥാപനത്തിൽ നിന്ന് ചെയ്യാത്ത ജോലിക്ക് ഒരു ലക്ഷത്തിലധികം രൂപ ഈടാക്കിയത്.

നായനാർ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ജീവനക്കാർ ആഫീസ് സമയത്ത് അവിടെയുണ്ടെന്നുറപ്പു വരുത്താനായി വരുന്ന സമയവും പോകുന്ന സമയവും രേഖപ്പെടുത്താൻ സെക്രട്ടേറിയറ്റിൽ യന്ത്രങ്ങൾ സ്ഥാപിച്ചു. അവ വളരെക്കാലം പ്രവർത്തിച്ചില്ല. അഥവാ അവയെ പ്രവർത്തിക്കാൻ ജീവനക്കാർ അനുവദിച്ചില്ല. ഭരണ-പ്രതിപക്ഷ കക്ഷികളുടെ നിയന്ത്രണത്തിലുള്ള ജീവനക്കാരുള്ളയിടത്താണ് ഇത് നടന്നത്. പരിപാടി പരാജയപ്പെട്ടത് നായനാരെ അലോസരപ്പെടുത്തിയതേയില്ല.

ഭരണസംവിധാനത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഇച്ഛാശക്തിയോടെ പ്രവർത്തിക്കാൻ കഴിയാത്തവർ എന്തിനാണ് എ.ഡി.ബി.യുമായി ചേർന്ന് 1,000 കോടി രൂപയുടെ ആധുനികവത്കരണ പദ്ധതിയുണ്ടാക്കിയത്? എന്തിനാണ് സമയം രേഖപ്പെടുത്താനുള്ള യന്ത്രങ്ങൾ വാങ്ങി സ്ഥാപിച്ചത്? ഈ ചോദ്യങ്ങൾക്ക് ലളിതമായ ഒരുത്തരമുണ്ട്. ഭരണാധികാരികളെ സംബന്ധിച്ചിടത്തോളം പദ്ധതികൾ ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗമല്ല, ലക്ഷ്യം തന്നെയാണ്. പദ്ധതികളുടെ പേരിൽ ചെലവാക്കുന്ന പണം ഗുണഭോക്താക്കൾക്ക് ഉദ്ദ്യേശിച്ച ഫലം നൽകിയില്ലെങ്കിലും ഇടനിലക്കാർക്ക് ഗുണം ചെയ്യും. (സമകാലിക മലയാളം വാരിക, ഡിസംബർ 23, 2011)

No comments: