Friday, October 14, 2011

പത്മനാഭസ്വാമി ക്ഷേത്രനിധി: മോഹചിന്തയിൽ മുങ്ങുന്ന ചരിത്രം

ബി.ആർ.പി. ഭാസ്കർ

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യശേഖരം പൊതുസ്വത്തല്ലെന്ന് സ്ഥാപിക്കാനായി എം.ജി.ശശിഭൂഷൺ എഴുതിയ ലേഖനത്തിൽ ചരിത്രവസ്തുതകൾ മോഹചിന്തയിൽ മുങ്ങുന്ന കാഴ്ചയാണ് നാം കാണുന്നത്. ചരിത്ര ഗവേഷകനെന്നതിനേക്കാൾ രാജഭക്തിയുടെ സ്വാധീനത്തിൽ നിന്ന് ഇനിയും വിടുതൽ കിട്ടിയിട്ടില്ലാത്ത തിരുവിതാംകൂർകാരനായാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്.

ക്ഷേത്രചരിത്രം രേഖപ്പെടുത്തിയിട്ടുള്ള മതിലകം രേഖകളിലൊരിടത്തും അവിടെയുള്ള അമൂല്യ ശേഖരം പൊതുസ്വത്താണെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വാദത്തെ സാധൂകരിക്കുന്ന ഒരു വരിപോലുമില്ലെന്ന് അദ്ദേഹം പറയുന്നു. അതേസമയം അതൊക്കെ പൊതുസ്വത്തല്ലെന്ന സ്വന്തം നിലപാട് സാധൂകരിക്കാൻ പോരുന്ന ഒരു വരിയും രേഖകളിൽ നിന്ന് എടുത്തു കാണിക്കാൻ അദ്ദേഹത്തിന് ആവുന്നുമില്ല.

കേവലം 700 കൊല്ലത്തെ ചരിത്രം മാത്രം പറയുന്ന മതിലകം രേഖകളുടെ അടിസ്ഥാനത്തിൽ 2000 വർഷം പഴക്കമുള്ളതെന്ന് കരുതപ്പെടുന്ന സംഘ കൃതികളിൽ പരാമർശിക്കപ്പെടുന്ന ആരധനാലയത്തെ സംബന്ധിച്ച് തീർപ്പ് കല്പിക്കുന്നതിന്റെ അനൌചിത്യം അദ്ദേഹതെ അലട്ടുന്നതായി കാണുന്നില്ല. അവിടെ ദേവൻ സ്വർണ്ണ കൂമ്പാരത്തിൻമേൽ ഇരിക്കുന്നതായാണ് ഒരു സംഘ കവി രേഖപ്പെടുത്തിയിട്ടുള്ളത്. അതായത് 14ആം നൂറ്റാണ്ടിൽ മതിലകം രേഖകൾ എഴുതി തുടങ്ങുന്നതിനു എത്രയൊ മുൻപു തന്നെ അവിടെ വലിയ സമ്പദ് ശേഖരം ഉണ്ടായിരുന്നു. അത് തിരുവിതാംകൂർ രാജവംശത്തിന്റെ കൈകളിലെത്തിയത് 18ആം നൂറ്റാണ്ടിൽ മാർത്താണ്ഡവർമ്മ മഹാരാജാവ് ആധിപത്യ സ്ഥാപിച്ചതോടെയാണ്.

മതിലകം രേഖകളെ ആശ്രയിക്കുമ്പോൾ ഒരു ചരിത്രഗവേഷകൻ അവശ്യം ഓർക്കേണ്ട ചില വസ്തുതകളുണ്ട്. അതിലൊന്ന് അവ പൂർണ്ണമല്ലെന്നതാണ്. അവയുടെ ഒരു ഭാഗം മാത്രമാണ് ഇപ്പോഴും പൊതുജനങ്ങൾക്ക് പ്രാപ്യമായിട്ടുള്ളത്. ബാക്കി മുൻ‌രാജകുടുംബത്തിന്റെ നിയന്ത്രണത്തിലാണ്. പതിന്നാലാം നൂറ്റാണ്ടു മുതലുള്ള രേഖകൾ വൈദിക ബ്രാഹ്മണർ ആധിപത്യം സ്ഥാപിച്ചശേഷം നിലവിൽ വന്ന വ്യവസ്ഥയുടെ താല്പര്യങ്ങൾക്ക് അനുസൃതമായി എഴുതപ്പെട്ടവയാണെന്നതും ഓർക്കേണ്ടതുണ്ട്. ആ താല്പര്യങ്ങൾക്ക് അനുസൃതമല്ലാത്തതുകൊണ്ടു കൂടിയാവണം അതിനു മുമ്പുള്ള പല നൂറ്റാണ്ടുകാലത്തെ ചരിത്രം സംബന്ധിച്ച രേഖകൾ ലഭ്യമല്ലാത്തത്. ബ്രാഹ്മണാധിപത്യത്തിൻ കീഴിൽ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് ചില ആചാരങ്ങളിൽ അനുവദിച്ചിട്ടുള്ള പങ്ക് അവർക്ക് ഈ ക്ഷേത്രവുമായി പൂർവബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നു.

വേണാട് രാജകുടുംബം പല ശാഖകളായി പിരിഞ്ഞശേഷം തായ്‌വഴികൾ മത്സരിച്ച് കാഴ്ചവെച്ച വസ്തുക്കളാണ് ക്ഷേത്രസ്വത്തിന്റെ 90 ശതമാനവുമെന്ന് ഒരു തെളിവിന്റെയും പിൻബലമില്ലാതെ ശശിഭൂഷൺ അഭിപ്രായെപ്പെടുന്നു. രാജാക്കന്മാരുടെ പ്രധാന വരുമാനം കുരുമുളകിൽ നിന്നുള്ള ആദായമായിരുന്നെന്നും അദ്ദേഹം പറയുന്നു. അക്കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ അടിമച്ചന്ത പ്രവർത്തിച്ചിരുന്നത് ഇവിടെയാണ്. രാജാക്കന്മാർക്ക് വരുമാനമുണ്ടാക്കിക്കൊടുത്ത ഒന്നായിരുന്നു അത്. മുലക്കരം, തലക്കരം തുടങ്ങി ലോകത്തെങ്ങും കേട്ടുകേൾവി പോലുമില്ലാത്ത നീച വരുമാനമാർഗ്ഗങ്ങളും അവർക്കുണ്ടായിരുന്നു. ഇതൊക്കെ അവഗണിച്ചുകൊണ്ട് അദ്ദേഹം കുരുമുളകിലേക്ക് നമ്മുടെ ശ്രദ്ധ തിരിച്ചുവിടുന്നത് ക്ഷേത്രത്തിൽ കാണിക്ക അർപ്പിച്ച രാജാക്കന്മാരുടെ ഫ്യൂഡൽ. പാരമ്പര്യത്തെ വെള്ളപൂശാനാണ്. സ്വാതി തിരുനാളിന്റെ കാലത്ത് ആരാധനാവകാശമുള്ള ആറു ലക്ഷം പേരുണ്ടായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹം നൽകുന്ന വിവരത്തിൽ നിന്നുതന്നെ കൃസ്ത്യാനികളും മുസ്ലിംകളും ഉൾ‌പ്പെടെ നാനാമതസ്ഥരും ക്ഷേത്രത്തിന് സംഭാവന നൽകിയതായി തെളിയുന്നുണ്ട്. അപ്പോൾ ആരാധനാവകാശമുള്ളവരുടെ എണ്ണത്തിന് എന്ത് പ്രസക്തിയാണുള്ളത്?

നിരവധി നൂറ്റാണ്ടുകാലം ക്ഷേത്രനിധി ഭദ്രമായി സൂക്ഷിച്ചതുകൊണ്ട് അതിന്റെ ഉടമസ്ഥാവകാശമൊ, കുറഞ്ഞപക്ഷം ഭരണാവകാശമൊ. മുൻ‌രാജകുടുംബത്തിനു വിട്ടുകൊടുക്കണമെന്നാണ് ശശിഭൂഷണും മറ്റ് രാജഭക്തന്മാരും പറയുന്നത്. ക്ഷേത്രത്തിൽ നിന്ന് സ്വർണ്ണം കടത്തിക്കൊണ്ടു പോയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം വിശ്വസനീയമായ തെളിവിന്റെ അഭാവത്തിൽ തള്ളിക്കളയാവുന്നതാണ്. എന്നാൽ ക്ഷേത്ര സ്വത്തുക്കൾ ഇക്കാലമത്രയും ഭദ്രമായിരുന്നെന്ന വാദം എത്രമാത്രം ശരിയാണെന്ന് അറിയുവാൻ ഇപ്പോൾ നടക്കുന്ന കണക്കെടുപ്പ് പൂർത്തിയാവുകയും അതിൽ നിന്ന് ലഭിക്കുന്ന വിവരം മുമ്പെടുത്ത കണക്കിലെ വിവരവുമായി ഒത്തുനോക്കുകയും ചെയ്യേണ്ടതുണ്ട്. ക്ഷേത്രത്തിനു പുറത്തുള്ള സ്വത്തുക്കൾ ഭദ്രമായി സൂക്ഷിക്കാനായോ എന്നും പരിശോധിക്കേണ്ടതാണ്. തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി, തിരുനൽ‌വേലി ജില്ലകളിലായി ഒരു കാലത്ത് 30,000 ഏക്കർ ഭൂമി ക്ഷേത്രത്തിനുണ്ടായിരുന്നതായി ശശിഭൂഷൺ പറയുന്നു. തിരുനെൽ‌വേലി ഒരുകാലത്തും തിരുവിതാംകൂറിന്റെ ഭാഗമയിരുന്നില്ല. അവിടെ ക്ഷേത്രത്തിനു ഭൂമിയുണ്ടായിരുന്നെന്ന വിവരം തിരുവിതാംകൂർ രാജാവ് ക്ഷേത്രം കയ്യടക്കുന്നതിനു മുമ്പുള്ള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ്. തമിഴ്‌നാട്ടിലുണ്ടായിരുന്ന ധാരാളം ഭൂമി അവിടത്തെ സർക്കാർ ഏറ്റെടുത്തെന്നും പ്രതിഫലമായി ഒരു വലിയ തുക ഒറോ കൊല്ലവും ലഭിച്ചിരുന്നെന്നും ശശിഭൂഷൺ സാക്ഷ്യപ്പെടുത്തുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഭൂമി ഇപ്പോഴും ക്ഷേത്രത്തിന്റെ കൈവശമാണ്ടോയെന്ന് അദ്ദേഹം വ്യക്തമാക്കുന്നില്ല. ഇല്ലെങ്കിൽ അതില്ലാതായ സാഹചര്യം പരിശോധിക്കപ്പെടേണ്ടതാണ്.

ക്ഷേത്രസ്വത്തിന്റെ ഉടമസ്ഥാവകാശവും ഭരണാവകാശവുമൊക്കെ നിശ്ചയിക്കുന്നിടത്ത് മഹാരാജാക്കന്മാർ അത് എങ്ങനെ കൈകാര്യം ചെയ്തുവെന്നതിന് പരിമിതമായ പ്രസക്തിയേയുള്ളു. കാരണം അത് അടിസ്ഥാനപരമായി ഒരു നിയമപ്രശ്നമാണ്. ആ നിലയ്ക്കാണ് വിഷയം കോടതിയുടെ മുന്നിലെത്തിയത്. അതുണ്ടായ സാഹചര്യം മറക്കാവുന്നതല്ല.

മാർത്താണ്ഡവർമ്മ മഹരാജാവ് അയൽ‌രാജ്യങ്ങൾ വെട്ടിപ്പിടിച്ച് തിരുവിതാംകൂർ രാജ്യമുണ്ടാക്കിയപ്പോൾ പ്രദേശത്തെ പ്രധാന ക്ഷേത്രങ്ങളൊക്കെയും തന്റെ നിയന്ത്രണത്തിലാക്കി. ബ്രിട്ടീഷ് റസിഡന്റായിരുന്ന മൺ‌റൊ ദിവാൻപദം കൂടി ഏറ്റെടുത്ത ഘട്ടത്തിൽ സർക്കാർ വരുമാനം കൂട്ടുന്നതിനുള്ള നടപടികളുടെ ഭാഗമായി ശ്രീപത്മനാഭസ്വാമി ക്ഷേത്രമൊഴികെയുള്ളവ ഗവണ്മെന്റിന്റെ കീഴിലാക്കി. തിരുവിതാംകൂറും കൊച്ചിയും ഇന്ത്യൻ യൂണിയനിൽ ലയിക്കുകയും അവയെ സംയോജിപ്പിച്ച് ഒറ്റസംസ്ഥാനമാക്കുകയും ചെയ്തപ്പോൾ രണ്ട് രാജ്യങ്ങളിലും സർക്കാരിന്റെ കീഴിലുണ്ടായിരുന്ന ക്ഷേത്രങ്ങളുടെ ഭരണത്തിനായി ദേവസ്വം ബോർഡുകൾ രൂപീകരിക്കപ്പെട്ടു. മതനിരപേക്ഷ സർക്കാർ അമ്പലങ്ങൾ ഭരിക്കുന്നത് ശരിയല്ലെന്നതുകൊണ്ടാണ് ബോർഡുകളുണ്ടാക്കിയത്. തിരുവിതാംകൂർ രാജാക്കന്മാർക്ക് ശ്രീപത്മനാഭസ്വാമിക്ഷേത്രവുമായുള്ള പ്രത്യേക ബന്ധം പരിഗണിച്ച് അതിന്റെ നിയന്ത്രണം തുടർന്നും തന്റെ കീഴിലാകണമെന്ന ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ അഭ്യർത്ഥന കേന്ദ്രം സ്വീകരിച്ചു.

ശ്രീചിത്തിര തിരുനാൾ 1991 ജൂലൈ 19ന് അന്തരിച്ചു. മഹാരാജപദവി അതിനകം ഇല്ലാതായിരുന്നു. അദ്ദേഹത്തിന്റെ സഹോദരൻ മാർത്താണ്ഡവർമ്മ കുടുംബത്തിന്റെ തലവനായി. അദ്ദേഹം പരമ്പരാഗതമായ ചടങ്ങുകൾ നടത്തി അനന്തരാവകാശിയെന്ന നിലയിൽ ശ്രീപത്മനാഭദാസൻ എന്ന പദവി ഏറ്റെടുത്തു. തിരുവിതാംകൂർ രാജാവിന്റെ നിയമപരമായ പിന്തുടർച്ചക്കാരെന്ന നിലയിൽ അമ്പലത്തിന്റെ നിയന്ത്രണം കേരള സർക്കാരിൽ എത്തിച്ചേർന്നിരുന്നു. എന്നാൽ അവസാന മഹാരാജാവ് മരിക്കുന്നതിന് നാലാഴ്ച മുൻപു മാത്രം അധികാരത്തിലേറിയ യു.ഡി.എഫൊ പ്രതിപക്ഷത്തായിരുന്ന എൽ.ഡി.എഫൊ ഇതേക്കുറിച്ച് ബോധവാന്മാരായിരുന്നില്ല. ശ്രീപത്മഭദാസൻ എന്ന പദവിയുടെ ബലത്തിൽ മാർത്താണ്ഡവർമ്മ ക്ഷേത്രത്തിന്റെ ഭരണച്ചുമതല ഏറ്റെടുത്തു.

സർക്കാരിൽ നിന്നൊ രാജഭക്ത്ന്മാരിൽ നിന്നൊ എതിർപ്പൊന്നും കൂടാതെ ക്ഷേത്രഭരണം നടത്തിക്കൊണ്ടിരുന്ന മാർത്താണ്ഡവർമ്മ നിലവറകൾ തുറന്ന് അമൂല്യ വസ്തുക്കളുടെ ഫോട്ടൊയെടുക്കാൻ തീരുമാനിച്ചതായി ഒരു പത്രലേഖകനോട് പറഞ്ഞു. അത് തിരുവനന്തപുരത്തെ ചില മനുഷ്യരിൽ ആശങ്കയുയർത്തി. അവർ അത് തടയണമെന്നാവശ്യപ്പെട്ടു സിവിൽ കോടതികളെ സമീപിച്ചു. ഒരു കോടതി നിലവറ തുറക്കുന്നത് തടഞ്ഞു. അതിനെതിരെ ഹൈക്കോടതിയെ സമീപിച്ച മാർത്താണ്ഡവർമ്മ ക്ഷേത്രം തന്റെ കുടുംബത്തിന്റെ വകയാണെന്ന് അവകാശപ്പെട്ടു. തിരുവിതാംകൂർ രാജാവെന്ന പദവിയില്ലാത്തതിനാൽ നിയമപരമായി അദ്ദേഹത്തിന് ക്ഷേത്രഭരണം ഏറ്റെടുക്കാൻ അർഹതയുണ്ടായിരുന്നില്ലെന്ന് കോടതി വിധിച്ചു. ശ്രീചിത്തിര തിരുനാൾ ക്ഷേത്രം തനിക്കൊ കുടുംബത്തിനൊ അവകാശപ്പെട്ടതാണെന്ന് ഒരിക്കലും പറഞ്ഞിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തിരുവിതാകൂർ രാജാവെന്ന നിലയിലാണ് അദ്ദേഹം ക്ഷേത്രഭരണം നടത്തിയിരുന്നത്. രാജാവ് ഇല്ലാതായതോടെ രാജാവിൽ നിക്ഷിപ്തമായിരുന്ന അധികാരം കേരള സർക്കാരിൽ ചെന്നു ചേർന്നുവെന്നും മതനിരപേക്ഷ സർക്കാർ അമ്പലം ഭരിക്കുന്നത് ശരിയല്ലാത്തതുകൊണ്ട് ഗുരുവായൂർ, കൂടൽമാണിക്യം ക്ഷേത്രങ്ങളുടേതിന് സമാനപായ രീതിയിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് ഭരണസംവിധാനമുണ്ടാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ശ്രീചിത്തിര തിരുനാൾ ട്രസ്റ്റിയെന്ന നിലയിലാണ് ക്ഷേത്രഭരണം നടത്തിയിരുന്നതെന്നും എല്ലാ ഗുണഭോക്താക്കളുടെയും താല്പര്യം മുൻ‌നിർത്തിയാണ് ട്രസ്റ്റി പ്രവർത്തിക്കേണ്ടതെന്നും ഭക്തജനങ്ങളും മറ്റെല്ലാ ജനങ്ങളും ഗുണഭോക്താക്കളിൽ പെടുമെന്നും കോടതി പറഞ്ഞിട്ടുണ്ട്. ഇത് അംഗീകരിക്കാൻ ചിലർക്ക് കഴിയാത്തത് അവരിൽ അവശേഷിക്കുന്ന രാജഭക്തി ശ്രീപത്മനാഭഭക്തിയേക്കാൾ ശക്തമായതുകൊണ്ടാണ്. (കേരളശബ്ദം, ഒക്ടോബർ 23, 2011 - പ്രസിദ്ധീകരണത്തീയതി 9-10-2011)

No comments: