അഞ്ചു മാസം പ്രായമായ ഉമ്മൻ ചാണ്ടി സർക്കാരിനെ വിലയിരുത്തുവാൻ പത്രം ദ്വൈവാരിക രാഷ്ട്രീയ സാമൂഹിക രംഗങ്ങളെ നിരീക്ഷിക്കുന്ന നിരവധി പേരോട് ആവശ്യപ്പെട്ടു. സ്വാഭാവികമായും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. അവ ഇപ്പോൾ വില്പനയിലുള്ള ലക്കത്തിൽ (നവംബർ 1, 2011) പ്രസിദ്ധീകരിച്ചിട്ടുണ്ട്.മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ബാബു പോൾ മുഖ്യമന്ത്രിയുടെ പ്രവർത്തനത്തെ പ്രശംസിക്കുന്നു: “സി. അച്യുതമേനോനെ അനുസ്മരിപ്പിക്കുന്ന പ്രവർത്തന മികവ് ഉമ്മൻ ചാണ്ടി പ്രകടിപ്പിക്കുന്നു. ഈ നിലയിൽ മുന്നോട്ടു പോയാൽ അച്യുതമേനോനോളം നല്ല മുഖ്യമന്ത്രി എന്ന പേര് ഉമ്മൻ ചാണ്ടിക്ക് നേടിയെടുക്കാനാകും.“
സർക്കാരിന്റെ സ്ഥിരതയെക്കുറിച്ച് യു.ഡി.എഫിന് ആശക വേണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. “”അഞ്ചു വർഷം ഭരിക്കാനുള്ള ജനവിധിയുമായി അധികാരത്തിലേറിയ മന്ത്രിസഭയെ മറിച്ചിട്ട് അച്യുതാനന്ദനെ മുഖ്യമന്ത്രിയായി വാഴിക്കാൻ പിണറായി പക്ഷം തയ്യാറാവുമെന്ന് തോന്നുന്നില്ല.”
മുന്നണിയിലും പാർട്ടിയിലും ഉമ്മൻ ചാണ്ടിക്ക് അപ്രമാദിത്തവും സ്വീകാര്യതയുമിണ്ടെന്ന് ബാബു പോൾ പറയുമ്പോൾ ലക്ഷ്യബോധത്തോടെ മന്ത്രിസഭയെ മുന്നോട്ടു നയിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടിരിക്കുന്നുവെന്ന് മറ്റൊരു മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനായ സി.പി. നായർ വിലയിരുത്തുന്നു.
മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് പണ്ടത്തേക്കാൾ പതിന്മടങ്ങ് മ്മോശമായെന്ന് സി.പി. നായർ പറയുന്നു. “തോക്കെടുത്ത് വിദ്യാർത്ഥികളെ വെടിവെക്കുന്ന ഉദ്യോഗസ്ഥർക്കുപോലും വകുപ്പിൽ നിന്ന് സംരക്ഷണം ലഭിക്കും.” മറ്റ് ചില മന്ത്രിമരെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിലയിരുത്തൽ ഇങ്ങനെ: കെ.സി.ജോസഫ് പ്രവർത്തനം കൊണ്ട് നല്ല മന്ത്രിയെന്ന് തെളിയിച്ചു. നല്ല വകുപ്പുകൾ ഇല്ലാഞ്ഞിട്ടും എം.കെ.മുനീർ ഭേദപ്പെട്ട ഭരണം കാഴ്ച വെക്കാൻ ശ്രമിക്കുന്നു. പുതുമുഖമായ പി.കെ.ജയലക്ഷി വിജയമാണ്. ഏറ്റവും മോശപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. മന്ത്രിയുണ്ടോയെന്ന് സംശയിക്കത്തക്ക വിധം നിഷ്ക്രിയമാണ് പൊതുമരാമത്ത് വകുപ്പ്.
കെ.എ,. റോയ്: വെറും നാല് വോട്ടിന്റെ ഭൂരിപക്ഷം മാത്രമുള്ള ഉമ്മൻ ചാണ്ടിക്ക് ഘടകകക്ഷികളെ പ്രീണിപ്പിച്ചു നിർത്തിക്കൊണ്ടു മാത്രമെ ഭർണം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കൂ. ഒരു രൂപായ്ക്ക് അരിയും മറ്റ് നൂറു ദിന പരിപാടികളും ഉണർവ്വുണ്ടാക്കിയിട്ടുണ്ടെങ്കിലും വിദ്യാഭ്യാസരംഗത്തെ അഴിമതികൾക്ക് തടയിടാൻ ധീരമായ ഒരു നടപടിയും കൈകൊള്ളാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.
സി.പി. ജോൺ: കേരളത്തിലെ ഭരണ ചരിത്രത്തിലെ അത്ഭുതമാണ് ഈ സർക്കാരിന്റെ നൂറു ദിവസത്തെ കർമ്മപരിപാടികൾ.
കെ. അജിത: കടുത്ത മനുഷ്യാവകാശലംഘനങ്ങൾ ചെയ്യുന്നവരെ കൈകാര്യം ചെയ്യാനുള്ള പ്രാപ്തിപോലും സർക്കാരിനില്ല. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് സർക്കാർ ഉയരുന്നില്ലെന്ന് തറപ്പിച്ചു പറയാൻ കഴിയും.
ആർ.വി.ജി. മേനോൻ: കഴിഞ്ഞ സർക്കാർ ചെയ്ത എല്ലാ കാര്യങ്ങളും പാടെ നിരാകരിക്കുന്ന സമീപനം ശരിയല്ല. നിർമ്മൽ മാധവ് പ്രശ്നം കൈകാര്യം ചെയ്തത് ശരിയായ രീതിയിലല്ല.
ഇ.എം.നജീബ്: സദ്ഭരണത്തിന് തുറക്കമിട്ടു. വികസന താല്പര്യങ്ങൾ മുൻനിർത്തി ചിന്തിക്കുന്ന എല്ലാവർക്കും ഒരു പുത്തനുണർവ് നൽകാൻ കഴിഞ്ഞു. ശക്തമായൊരു പ്രതിപക്ഷം ഭരണം നിയന്ത്രിക്കാൻ ഉള്ളതുകൊണ്ട് ഭരണം കൂടുതൽ കുറ്റമറ്റതായി.
കെ.കെ.ഷൈലജ: ജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ സമ്പൂർണ്ണ പരാജയം.
പത്രം എന്റെ അഭിപ്രായവും ആരാഞ്ഞിരുന്നു. ഞ്ഞാൻ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം: നേരിയ ഭൂരിപക്ഷത്തിൽ നിലനിൽക്കുന്നതിനാൽ സഖ്യ കക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങാൻ മുഖ്യമന്ത്രി നിർബന്ധിതനാകുന്നു. ചെയ്യേണ്ടത് ചെയ്യാനുള്ള ആർജ്ജവമില്ലായ്മ പ്രകടമാകുന്നു. പല സംഭവങ്ങളിലുമുള്ള പൊലീസ് അന്വേഷണം ഈ വഴിക്ക് വിരൽ ചൂണ്ടുന്നു. കോഴിക്കോട്ട് വിദ്യാർത്ഥികൾക്കു നേരെ വെടിവെച്ച ഉദ്യോഗസ്ഥനെ മാറ്റിനിർത്തി അന്വേഷണം നടത്താൻ കഴിയാഞ്ഞതിനെ ധാർമ്മിക ഭീരുത്വം എന്നാണ് വിശേഷിപ്പിക്കേണ്ടത്.
No comments:
Post a Comment