Saturday, October 15, 2011

അധികാരത്തിലേക്കുള്ള വർഗീയ പാത

ബി.ആർ.പി. ഭാസ്കർ
മാധ്യമം

സുപ്രീംകോടതി പരിസരത്തുള്ള അഡ്വ. പ്രശാന്ത് ഭൂഷണിന്‍െറ ആപ്പീസില്‍ കടന്നുചെന്ന്, ചലിക്കുന്ന ടെലിവിഷന്‍ കാമറയുടെ സാന്നിധ്യം അവഗണിച്ചുകൊണ്ട് (അതോ അതില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ടുകൊണ്ടോ?) ഒരു ചെറിയ സംഘം നടത്തിയ ആക്രമണം ഭരണകൂടത്തെയും നിയമസംവിധാനത്തെയും ഒരു കൂസലും കൂടാതെ വെല്ലുവിളിക്കാനുള്ള വര്‍ഗീയശക്തികളുടെ കഴിവ് വ്യക്തമാക്കുന്നു.

കശ്മീരിനെ കുറിച്ച് പ്രശാന്ത് ഭൂഷണ്‍ നടത്തിയ അഭിപ്രായപ്രകടനമാണത്രെ അക്രമത്തിന് കാരണമായത്. അവിടെ ഈയിടെ കണ്ടെത്തിയ ശവക്കുഴികളെ സംബന്ധിച്ച് സത്യസന്ധമായ അന്വേഷണം അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കൂടാതെ, പട്ടാളത്തിന് അമിതാധികാരം നല്‍കുന്ന ആംഡ് ഫോഴ്സസ് സ്പെഷ്യല്‍ പവേഴ്സ് ആക്ട് പിന്‍വലിക്കണമെന്നും ആവശ്യമെങ്കില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യാ ഗവണ്‍മെന്‍റ് വാഗ്ദാനം ചെയ്ത ഹിതപരിശോധന നടത്താവുന്നതാണെന്നും അദ്ദേഹം പറയുകയും ചെയ്തു.

അക്രമിസംഘത്തിലെ ഒരാളെ പ്രശാന്ത് ഭൂഷണിന്‍െറ സഹായികള്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയുണ്ടായി. അയാള്‍ ശ്രീരാം സേനയുടെ ദല്‍ഹി യൂനിറ്റ് അധ്യക്ഷനായ ഇന്ദര്‍വര്‍മയാണെന്നാണ് പൊലീസ് പറയുന്നത്. ബംഗളൂരുവിലും മംഗലാപുരത്തും ആണ്‍കുട്ടികള്‍ക്കൊപ്പം കണ്ട പെണ്‍കുട്ടികളെ ആക്രമിച്ചുകൊണ്ട് കുപ്രസിദ്ധി നേടിയ ഗുണ്ടാസംഘമാണ് ശ്രീരാം സേന. അതിന്‍െറ ദല്‍ഹി രംഗപ്രവേശത്തെ, പ്രവര്‍ത്തനം രാജ്യവ്യാപകമാക്കാന്‍ ശ്രമം നടക്കുന്നതിന്‍െറ സൂചനയായി കാണാവുന്നതാണ്.

അക്രമം നടന്ന് അധികം കഴിയുന്നതിനു മുമ്പുതന്നെ ഭഗത്സിങ് ക്രാന്തി സേന എന്നൊരു സംഘടന ഇന്‍റര്‍നെറ്റിലൂടെ അതിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്തു. തന്നോടൊപ്പമുണ്ടായിരുന്ന ഒരാള്‍ ഈ സേനയുടെ അധ്യക്ഷനായ തേജിന്ദര്‍പാല്‍ സിങ് ബഗ്ഗയാണെന്ന് ഇന്ദര്‍വര്‍മ പൊലീസിനോട് പറഞ്ഞു. ഏതാണ്ട് നാലുമാസം മുമ്പ് ഇന്‍റര്‍നെറ്റില്‍ അവതരിച്ച സംഘടനയാണ് ക്രാന്തിസേന. നേരത്തേ അരുന്ധതി റോയ്, സ്വാമി അഗ്നിവേശ്, സയ്യിദ് അലി ഷാ ഗീലാനി എന്നിവര്‍ക്കുനേരെ നടന്ന അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് ബഗ്ഗ.
ഹിന്ദുത്വചേരിയുടെ മുദ്രാവാക്യങ്ങളിലും പ്രചാരണസാഹിത്യത്തിലും കാണാവുന്നതും ചരിത്രത്തിന്‍െറ ദുര്‍വായനയിലധിഷ്ഠിതവുമായ അപകര്‍ഷബോധം ക്രാന്തിസേനയുടെ മാനിഫെസ്റ്റോയിലുമുണ്ട്.‘ആയിരം വര്‍ഷങ്ങളായി നാം മരിച്ചുകൊണ്ടിരിക്കുന്നു. ആദ്യം മുഗളന്മാര്‍ നമ്മളെ കൊന്നു. പിന്നീട് ബ്രിട്ടീഷുകാര്‍ നമ്മളെ കൊന്നു. ഇപ്പോള്‍ രാജ്യത്തിനകത്തെ രാജ്യദ്രോഹികള്‍ നമ്മളെ കൊല്ലുന്നു. ഇനി നാം മരിക്കില്ല. നാം മരിച്ചാല്‍ രാജ്യദ്രോഹികളെയും ദേശദ്രോഹികളെയും ശരിക്ക് കൈകാര്യം ചെയ്യാന്‍ ആരുണ്ട്..’ അങ്ങനെ പോകുന്നു ക്രാന്തിസേനയുടെ വെറിപ്രകടനം. ജനാധിപത്യത്തിലും നിയമവാഴ്ചയിലും നേരിയ വിശ്വാസംപോലും സംഘടനക്കില്ളെന്ന് വ്യക്തം.

ചെറിയ അക്രമപ്രവര്‍ത്തനങ്ങളിലൂടെ മാധ്യമശ്രദ്ധ പിടിച്ചുപറ്റാനായെങ്കിലും ശ്രീരാം സേനക്കും ഭഗത്സിങ് ക്രാന്തി സേനക്കും കാര്യമായ വളര്‍ച്ചനേടാന്‍ കഴിഞ്ഞതിന്‍െറ ലക്ഷണമൊന്നുമില്ല. പക്ഷേ, അവയുടെ അപകടകരമായ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ ഇതില്‍ ആശ്വാസത്തിന് വകയില്ല. നഞ്ചെന്തിന് നാലു നാഴി?

തീവ്രഹിന്ദുത്വത്തിന്‍െറ പ്രഭവകേന്ദ്രമായ ആര്‍.എസ്.എസിന്‍െറ നിയന്ത്രണത്തിലുള്ള സംഘ്പരിവാര്‍ രണ്ടായിരത്തില്‍പരം സംഘടനകളുള്ള കൂറ്റന്‍പ്രസ്ഥാനമാണ്. വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ കാലത്ത് അതിന്‍െറ രാഷ്ട്രീയ വാഹനമായിരുന്ന ജനസംഘത്തിന് ഏറെ മുന്നോട്ടുപോകാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ദിരഗാന്ധിയുടെ അടിയന്തരാവസ്ഥക്കെതിരായ രഹസ്യ പ്രവര്‍ത്തനങ്ങളില്‍ ആര്‍.എസ്.എസ് സജീവമായ പങ്ക് വഹിക്കുകയുണ്ടായി. ഇന്ദിരഗാന്ധി തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിക്കുകയും ജയപ്രകാശ് നാരായണ്‍ കോണ്‍ഗ്രസിനെ നേരിടാന്‍ ജനതാ പാര്‍ട്ടി രൂപവത്കരിക്കുകയും ചെയ്തപ്പോള്‍ ജനസംഘം അതില്‍ ലയിച്ചു. ആര്‍.എസ്.എസ് ബന്ധത്തിനെതിരെ മുഖ്യ സോഷ്യലിസ്റ്റ് നേതാക്കളെടുത്ത ശക്തമായ നിലപാട് വളരെവേഗം ജനതാ സര്‍ക്കാറിന്‍െറ പതനത്തിലും ജനതാ പാര്‍ട്ടിയുടെ പിളര്‍പ്പിലും കലാശിച്ചു. ഭാരതീയ ജനതാ പാര്‍ട്ടി എന്ന പേരില്‍ ജനസംഘം പുനര്‍ജനിച്ചപ്പോള്‍ മുമ്പ് സംഘത്തിന്‍െറ ഭാഗമല്ലാതിരുന്ന ചിലരും ഒപ്പം കൂടി.

പിന്നീട് ബി.ജെ.പിക്കുണ്ടായ വളര്‍ച്ച സാധ്യമാക്കിയ സാഹചര്യങ്ങള്‍ പ്രത്യേകശ്രദ്ധ അര്‍ഹിക്കുന്നു. കോണ്‍ഗ്രസ് തളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. അതിന്‍െറ നേതാക്കള്‍ക്ക് വര്‍ഗീയതക്കെതിരെ ഉറച്ച നിലപാടെടുക്കാനുള്ള കഴിവില്ലാതായി. മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ചുകൊണ്ട് ഹിന്ദു പിന്തുണ നിലനിര്‍ത്താമെന്ന് അവര്‍ കരുതി. ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിങ്ങനെ ചിലയിടങ്ങളില്‍ കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് ധാരകളിലൂടെ ജനതാ പാര്‍ട്ടിയിലെത്തിയവരടങ്ങുന്ന ജനതാദളിന് ഒരു ബദല്‍ശക്തിയായി ഉയരാന്‍ കഴിഞ്ഞെങ്കിലും രണ്ട് ദൗര്‍ബല്യങ്ങള്‍ -ഇടുങ്ങിയ ജാതീയ അടിത്തറയും അഴിമതിയും- അതിന്‍െറ വളര്‍ച്ച പരിമിതപ്പെടുത്തി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യമുയര്‍ത്തി സംഘ്പരിവാര്‍ നടത്തിയ പ്രക്ഷോഭം ഹിന്ദുത്വ വോട്ട് ബാങ്കുണ്ടാക്കി ജാതീയതയെ മറികടക്കാന്‍ ബി. ജെ.പിയെ സഹായിച്ചു. എന്നാല്‍, താരതമ്യേന പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് അതിന് വിജയം കാണാനായത്.

വര്‍ഗീയകക്ഷിയെന്നറിയപ്പെട്ടിരുന്ന ജനസംഘവും ബി.ജെ.പിയുമായി കൂട്ടുകൂടാനുള്ള മതനിരപേക്ഷ കക്ഷികളുടെ വൈമുഖ്യമാണ് സംഘ്പരിവാറിന്‍െറ രാഷ്ട്രീയമോഹത്തിന് വളരെക്കാലം തടയായിനിന്നത്. കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്ന് ഒഴിച്ചുനിര്‍ത്താനായി ആര്‍.എസ്.എസ് ബന്ധം അവഗണിച്ചുകൊണ്ട് ബി.ജെ.പിയുമായി പരസ്യമായും രഹസ്യമായും കൈകോര്‍ക്കാന്‍ ഇടതുപക്ഷം ഉള്‍പ്പെടെയുള്ളവര്‍ തയാറായതോടെ ബി.ജെ.പിക്ക് മാന്യതലഭിക്കുകയും കോണ്‍ഗ്രസിനെതിരായ ദേശീയ ബദലായി അത് വളരുകയും ചെയ്തു. 1999ഓടെ നിരവധി പ്രാദേശിക കക്ഷികളടങ്ങുന്ന എന്‍.ഡി.എ സഖ്യമുണ്ടാക്കി കേന്ദ്രത്തില്‍ അധികാരത്തിലേറാന്‍ അതിന് കഴിഞ്ഞു.
മതനിരപേക്ഷതയുടെ പേരില്‍ ആണയിടുന്ന കക്ഷികളും തെരഞ്ഞെടുപ്പില്‍ ജയിക്കാനായി ജാതിമതശക്തികളെ പ്രീണിപ്പിക്കുമ്പോള്‍ ബി.ജെ.പിയുടെ ഹിന്ദു വോട്ട് ബാങ്ക് നിര്‍മിതിയെ ഒരു വലിയ അപരാധമായി കാണേണ്ടതുണ്ടോ എന്ന ചോദ്യം അപ്രസക്തമല്ല. എന്നാല്‍, അധികാരത്തിലേറിയശേഷവും സങ്കുചിത വര്‍ഗീയതയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അതിനായില്ളെന്നത് ലഘുവായി കാണാവുന്ന കാര്യമല്ല. പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്പേയിക്ക് ഹിന്ദുത്വചേരിക്ക് പുറത്ത് സ്വീകാര്യതനേടാന്‍ കഴിഞ്ഞെങ്കിലും ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ അകറ്റാന്‍ അദ്ദേഹം ശ്രമിച്ചില്ല. സംഘ്പരിവാര്‍ അതിന് അനുവദിച്ചില്ളെന്ന് പറയുന്നതാവും ശരി. നരേന്ദ്ര മോഡിയുടെ മൗനാനുവാദത്തോടെ ഗുജറാത്തില്‍ വംശഹത്യ നടന്നപ്പോള്‍ ചെറുവിരലനക്കാന്‍പോലും അദ്ദേഹത്തിനായില്ല.

അഞ്ചുകൊല്ലത്തിലധികം അധികാരത്തിലിരുന്നശേഷം ‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യവുമായി 2004ലെ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. നില അല്‍പം മെച്ചപ്പെടുത്തിയ കോണ്‍ഗ്രസിന് കൂടുതല്‍ പ്രാദേശിക കക്ഷികളുടെ പിന്തുണ നേടിക്കൊണ്ട് അധികാരത്തിലേറാനായി. അധികാരത്തിലിരിക്കുന്ന കക്ഷിയെന്ന ബാധ്യതയോടെ കോണ്‍ഗ്രസ് 2009ലെ തെരഞ്ഞെടുപ്പ് നേരിട്ടപ്പോള്‍ ദേശീയ ബദല്‍ എന്ന നിലയില്‍ ബി.ജെ.പി വിജയപ്രതീക്ഷ വെച്ചുപുലര്‍ത്തിയെങ്കിലും വീണ്ടും പരാജയപ്പെട്ടു.
ഈ പശ്ചാത്തലത്തില്‍ തിരിച്ചുവരവിനുള്ള സാധ്യതകള്‍ ആരായുകയാണ് ബി.ജെ.പിയും അതിന്‍െറ പിന്നിലെ ചാലകശക്തിയായ സംഘ്പരിവാറും. കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ സഖ്യക്കാര്‍ ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് നേരിടുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അഴിമതിയില്‍ ഒട്ടും പിറകിലല്ളെങ്കിലും കോണ്‍ഗ്രസിന്‍െറ ദുരവസ്ഥ സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍ വീണ്ടും പ്രതീക്ഷയുണര്‍ത്തിയിട്ടുണ്ട്. എന്നാല്‍, ഇന്ത്യയുടെ വൈവിധ്യം അംഗീകരിച്ചുകൊണ്ട്, എല്ലാ വിഭാഗങ്ങള്‍ക്കിടയിലും സ്വീകാര്യത നേടിക്കൊണ്ട് വളരാന്‍ ബി.ജെ.പിയെ അനുവദിക്കാന്‍ അത് തയാറില്ല. വര്‍ഗീയതയെ അത് ഇപ്പോഴും അധികാരത്തിലേക്കുള്ള രാജപാതയായി കാണുന്നു. എല്‍.കെ. അദ്വാനിയുടെ രഥയാത്രയും ദല്‍ഹിയിലെ ഗുണ്ടാ വിളയാട്ടവും വര്‍ഗീയ താപമാനം ഉയര്‍ത്തിയും എതിരാളികളെ അടിച്ചൊതുക്കിയും ലക്ഷ്യംനേടാനുള്ള ശ്രമത്തിന്‍െറ ഭാഗമായി കാണാവുന്നതാണ്.

തമ്മില്‍ മത്സരിച്ച് വളര്‍ന്നുകൊണ്ടിരിക്കുന്ന ജാതിമതശക്തികള്‍ നമ്മുടെ ജനാധിപത്യ മതനിരപേക്ഷ വ്യവസ്ഥയെ അപകടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഭരണഘടനയില്‍ എഴുതിവെച്ചതുകൊണ്ടുമാത്രം ജനാധിപത്യവും മതനിരപേക്ഷതയും യാഥാര്‍ഥ്യമാവില്ല. താല്‍ക്കാലിക ലാഭം മുന്‍നിര്‍ത്തി വര്‍ഗീയതയുമായി സമരസപ്പെടാന്‍ തയാറുള്ള രാഷ്ട്രീയ കക്ഷികള്‍ക്ക് ജനാധിപത്യത്തിന്‍െറയും മതനിരപേക്ഷതയുടെയും സംരക്ഷകരാകാനാവില്ല.

No comments: