Showing posts with label Ayyankali. Show all posts
Showing posts with label Ayyankali. Show all posts

Sunday, November 6, 2011

സമൂഹത്തെ പിന്നോട്ടുവലിക്കുന്നവരെ അസ്വസ്ഥരാക്കുന്ന അയ്യൻ‌കാളി

ബി.ആർ.പി. ഭാസ്കർ

വി.പി. സിങ്ങ് പ്രധാന മന്ത്രിയായിരുന്നപ്പോൾ ബി.ആർ. അംബേദ്കറുടെ ജന്മശതാബ്ദി രാജ്യവ്യാപകമായി ആഘോഷിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയുണ്ടായി. അന്തരിച്ച് 36 വർഷങ്ങൾക്കുശേഷം അദ്ദേഹത്തിന് ഭാരത് രത്നം ബഹുമതി നൽകപ്പെട്ടു. ഒരു കൊല്ലം നീണ്ട ആഘോഷ പരിപാടികൾ അവസാനിക്കുന്നതിനു മുമ്പ് ഭരണമാറ്റമുണ്ടായി. തുടർന്ന് അധികാരമേറ്റ കോൺഗ്രസ് സർക്കർ 1991ൽ നിയമനിർമ്മാണ സഭകൾക്കു മുന്നിൽ ഭരണഘടനാ ശില്പിയായ അംബേദ്കറുടെ പ്രതിമ സ്ഥാപിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും നിർദ്ദേശിക്കുകയും അതിനായി പണം വകയിരുത്തുകയും ചെയ്തു. അങ്ങനെ കേരള നിയമസഭയ്ക്ക് മുന്നിൽ സ്ഥാപിക്കാൻ അംബേദ്കറുടെ പ്രതിമ ഉണ്ടാക്കാൻ സംസ്ഥാന സർക്കാർ എം.ആർ.ഡി. ദത്തനെ ചുമതലപ്പെടുത്തി. ശില്പി പ്രതിമ തയ്യാറാക്കിയപ്പോൾ അതേറ്റെടുക്കാൻ ആരും ചെന്നില്ല. പത്ത് കൊല്ലം പ്രതിമ കെട്ടിപ്പൊതിഞ്ഞ നിലയിൽ കിടന്നു.

ആ കാലയളവിൽ ഭരണകൂടത്തെ നയിച്ച കോൺഗ്രസൊ സി.പി.എമ്മൊ അംബേദ്കറെ പുതുതായി നിർമ്മിച്ച നിയമഭാ സമുച്ചയത്തിന്റെ തിരുമുറ്റത്ത് നിൽക്കാൻ യോഗ്യതയുള്ളയാളായി കണ്ടില്ല. നായനാർ സർക്കാരിന്റെ കണ്ണിൽ അതിന് യോഗ്യതയുള്ള ഏക വ്യക്തി ഇ.എം.എസ്. നമ്പൂതിരിപ്പാടായിരുന്നു. അംബേദ്കർക്ക് ബേക്കറി ജങ്ഷനിൽ സ്ഥലം കൊടുത്തു കൊണ്ട് ഇ.എം.എസിനെ അവിടെ കുടിയിരുത്താൻ അത് നീക്കം തുടങ്ങി. ദലിത് സംഘടനകൾ അതിനെതിരെ രംഗത്തു വന്നു. ഒരു ദിവസം ചിലർ നിയമസഭയ്കുള്ളിൽ കടന്ന് പ്രകടനം നടത്തി. സ്പീക്കറായിരുന്ന എം. വിജയകുമാറിന്റെ വീട്ടിനു മുന്നിലും പ്രകടനമുണ്ടായി. ദലിത് സംഘടനകളുടെ പ്രക്ഷോഭവും എതിർമുന്നണിയുടെ സഹായകകരമല്ലാത്ത നിലപാടും മൂലം എൽ.ഡി.എഫ്. സർക്കാർ ഇ.എം,എസ്. പ്രതിമയ്ക്ക് നിയമസഭാ മന്ദിരത്തിനടുത്ത് മറ്റൊരു സ്ഥലം കണ്ടെത്തി. അംബേദ്കർ പ്രതിമ ഗോഡൌണിൽ തന്നെ കിടന്നു.

പിന്നീട് വന്ന യു.ഡി.എഫ്. സർക്കാർ അംബേദ്കർ പ്രതിമയുടെ കാര്യത്തിൽ ഒരു തീരുമാനവുമെടുക്കാതെ മൂന്ന് കൊല്ലം തള്ളി നീക്കി. ഉടൻ തീരുമാനമുണ്ടായില്ലെങ്കിൽ വീണ്ടും പ്രക്ഷോഭം തുടങ്ങുമെന്ന് ദലിത് ആദിവാസി നേതാക്കൾ പ്രഖ്യാപിച്ചപ്പോൾ ഗാന്ധി, നെഹ്രു എന്നിവരുടെ പ്രതിമകൾക്കൊപ്പം അംബേദ്കറുടേതും ഒരു കൊല്ലത്തിനകം നിയമസഭാ പരിസരത്ത് സ്ഥാപിക്കുമെന്ന് സ്പീക്കർ വക്കം പുരുഷോത്തമൻ പ്രസ്താവിച്ചു. പ്രതിമാ പ്രശ്നത്തിൽ ദലിത് നേതാക്കളുടെ നിലപാടിന് അനുകൂലമായ അഭിപ്രായം പൊതുമണ്ഡലത്തിൽ അതിനകം രൂപപ്പെട്ടിരുന്നു. നിയമസഭാ പരിസരത്ത് അംബേദ്കർ പ്രതിമ എന്ന ആശയം ഓടുവിൽ ഉമ്മൻ ചാണ്ടിയുടെ ആദ്യ സർക്കാരിന്റെ കാലത്ത് യാഥാർത്ഥ്യമായി.

അംബേദ്കർ പ്രതിമയുടെ ചരിത്രം ഇപ്പോൾ ഓർക്കാനുള്ള കാരണം തലസ്ഥാന വീഥിയിൽ മൂന്ന് പതിറ്റാണ്ടായി നിൽക്കുന്ന അയ്യൻ‌കാളി പ്രതിമക്ക് അയിത്തം കല്പിക്കാൻ നടക്കുന്ന ശ്രമങ്ങളാണ്. “ബംഗാൾ ഇന്ന് ചിന്തിക്കുന്നത് ഇന്ത്യ നാളെ ചിന്തിക്കുന്നു” എന്ന് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഗോപാലകൃഷ്ണ ഗോഖലെ പറയുകയുണ്ടായി. രണ്ടര നൂറ്റാണ്ടു കാലത്തെ ബ്രിട്ടീഷ് ആധിപത്യത്തിനിടയിൽ ഇംഗ്ളീഷ് വിദ്യാഭ്യാസത്തിലൂടെ നേടിയ മേൽകൈയാണ് ഭാരതീയ നവോത്ഥാനത്തിന് തുടക്കം കുറിക്കാൻ ബംഗാളിനെ സഹായിച്ചത്. ഗോഖലെ ആ പ്രസ്താവം നടത്തുന്ന കാലത്ത്, ക്രൈസ്തവ മിഷണറിമാരുടെ വിദ്യാഭ്യാസരംഗത്തെ പ്രവർത്തനവും പാശ്ചാത്യസ്വാധീനം കൂടാതെ വൈകുണ്ഠസ്വാമി, ശ്രീനാരായണഗുരു തുടങ്ങിയവർ നയിച്ച പ്രസ്ഥാനങ്ങളും കേരളത്തിൽ, പ്രത്യേകിച്ച് തിരുവിതാംകൂർ, കൊച്ചി പ്രദേശങ്ങളിൽ, വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. നേരത്തെ മേൽകൈ ലഭിച്ചിട്ടും മൂന്ന് പതിറ്റാണ്ടു കാലം ഇടതു ഭരണത്തിൻ കീഴിൽ കഴിഞ്ഞിട്ടും ബംഗാളിന്റെ സ്ഥാനം ഇന്ന് കേരളത്തിനു വളരെ പിന്നിലാണ്. ആ സംസ്ഥാനത്തെ ദലിത് പിന്നാക്ക വിഭാഗങ്ങളുടെ അവസ്ഥ ഇവിടത്തേക്കാൾ പരിതാപകരവുമാണ്. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന് ബംഗാളിലേതിനേക്കാൾ ആഴവും പരപ്പും ഉണ്ടായിരുന്നെന്ന് ഇത് തെളിയിക്കുന്നു.

ബംഗാൾ ഉൾപ്പെടെയുള്ള എല്ലാ പ്രദേശങ്ങളെയും പിന്തള്ളിക്കൊണ്ടുള്ള കേരളത്തിന്റെ മുന്നേറ്റത്തിൽ അത്ഭുതാവഹമായ പങ്ക് വഹിച്ച നേതാവാണ് അയ്യൻ‌കാളി. അടിച്ചമർത്തപ്പെട്ട ദലിതരുടെ മോചനത്തിനായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ വിപ്ളവകരമായിരുന്നു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കിയ അദ്ദേഹം അവർക്ക് സ്കൂൾ പ്രവേശനം നൽകണമെന്ന ആവശ്യവുമായി തിരുവിതാംകൂർ ഭരണകൂടത്തെ സമീപിച്ചു. ജാതി-ജന്മി മേധാവിത്വത്തിന്റെ എതിർപ്പ് മറികടന്ന് അനുകൂല തീരുമാനമെടുക്കാനുള്ള കഴിവ് അതിനില്ലെന്ന് അറിയാമായിരുന്ന അദ്ദേഹം കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിക്കുന്നതുവരെ പാടത്ത് പണിയെടുക്കുന്നതിൽ നിന്ന് വിട്ടു നിൽക്കാൻ ദലിതരോട് ആവശ്യപ്പെട്ടു. അങ്ങനെ 1907-08 കാലത്ത് കൃഷി മുടങ്ങി. മാർക്സിനെയൊ അദ്ദേഹത്തിന്റെ സിദ്ധാന്തത്തെയൊ കുറിച്ച് അറിവ് കൂടാതെയാണ് അയ്യൻ‌കാളി കർഷകത്തൊഴിലാളി സമരം സംഘടിപ്പിച്ചത്. പൊതുവീഥികളിലൂടെ അന്തസ്സോടെ യാത്ര ചെയ്യാനുള്ള അവകാശം സ്ഥാപിക്കാനായി അദ്ദേഹം വില്ലുവണ്ടിയിൽ സവാരി നടത്തി. ജാതിക്കോമരങ്ങൾ അക്രമത്തിലൂടെ ദലിത് മുന്നേറ്റം തടയാൻ ശ്രമിച്ചപ്പോൾ കായികബലത്തെ കായികബലം കൊണ്ട് നേരിടാൻ അദ്ദേഹം തയ്യാറായി. അദ്ദേഹത്തിന്റെ കാലിക പ്രസക്തി തിരിച്ചറിഞ്ഞ ഭരണകൂടം അദ്ദേഹത്തെ ശ്രീമൂലം പ്രജാസഭയിലേലേക്ക് നോമിനേറ്റ് ചെയ്തു.

പ്രമുഖ രാഷ്ട്രീയ കക്ഷികൾക്ക് വളരെക്കാലം അയ്യൻ‌കാളിയുടെ സംഭാവന ശരിയായ വിധത്തിൽ വിലയിരുത്താനായില്ല. ഈ അവസ്ഥയിൽ മാറ്റമുണ്ടായത് 1970കളിലാണ്. തുടർന്ന് പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായിരിക്കെ തലസ്ഥാന നഗരിയിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചു. ഇടതുപക്ഷ ഐക്യം സാധ്യമാക്കാനായി സി.പി..ഐ. കോൺഗ്രസുമായുള്ള സഖ്യം ഉപേക്ഷിച്ചു പോയശേഷം മുഖ്യമന്ത്രിയായ എ.കെ. ആന്റണി അതിനാവശ്യമായ തുക അനുവദിച്ചു. 1980 നവംബർ 10ന്, ആദ്യ നായനാർ സർക്കാരിന്റെ കാലത്ത്, പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വെള്ളയമ്പലം ജങ്ഷനിൽ അയ്യൻ‌കാളിപ്രതിമ അനാച്ഛാദനം ചെയ്തു. തിരുവനന്തപുരം കോർപ്പറേഷൻ ആ സ്ഥലത്തിന് അയ്യൻ‌കാളി സ്ക്വയർ എന്ന പേരു നൽകി. സ്ക്വയറും പ്രതിമയും നഗരസഭ സംരക്ഷിക്കുമെന്ന് സി.പി.എം മേയർ എം.പി. പത്മനാഭൻ പ്രഖ്യാപിച്ചു.

സംസ്ഥാനം അയ്യൻ‌കാളിയെ ഈവിധത്തിൽ ആദരിക്കുമ്പോൾ എല്ലാ പ്രമുഖ കക്ഷികളും ആ പ്രക്രിയയിൽ പങ്കാളികളായിരുന്നുവെന്നത് ശ്രദ്ധിക്കുക. ദലിത് ആദിവാസി പ്രശ്നങ്ങളിൽ ഇന്നും അവർ പലപ്പോഴും ഒന്നിക്കാറുണ്ട്. പക്ഷെ അത് പലപ്പോഴും ആ ദുർബല വിഭാഗങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനല്ല, ഹനിക്കാനാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടു കാലത്തിനിടയിലുണ്ടായ ഈ മാറ്റത്തിനു പിന്നിലുള്ളത് പ്രബല ജാതിമത വിഭാഗങ്ങളിലെ പ്രതിലോമശക്തികളെ പ്രീണിപ്പിച്ച് അധികാരം നേടാനും നിലനിർത്താനുമുള്ള വ്യഗ്രതയാണ്. ഈ പശ്ചാത്തലത്തിൽ അയ്യൻ‌കാളി സ്ക്വയർ ഇല്ലാതാക്കാനും അയ്യൻ‌കാളി പ്രതിമ മാറ്റി സ്ഥാപിക്കാനും സർക്കാർ തയ്യാറാക്കിയിട്ടുള്ള പദ്ധതി നിഷ്കളങ്കമായും സത്യസന്ധതയോടെയും ആവിഷ്കരിച്ചതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

റോഡ് വികസനത്തിന്റെ ഭാഗമായാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. നഗരത്തിന്റെ വളർച്ചയും വാഹനങ്ങളുടെ പെരുപ്പവും കണക്കിലെടുക്കുമ്പോൾ റോഡ് വികസനം അടിയന്തിരശ്രദ്ധ ആവശ്യപ്പെടുന്ന വിഷയമാണെന്ന കാര്യത്തിൽ രണ്ട് അഭിപ്രായത്തിന് വകയില്ല. അതേസമയം ആ പ്രദേശത്തെ വാഹന ഗതാഗതം സുഗമമാക്കാൻ പ്രതിമയും സ്ക്വയറും പോകണമെന്ന അധികൃതരുടെ നിലപാട് ചോദ്യം ചെയ്യപ്പെടാവുന്നതാണ്. മ്യൂസീയം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾക്ക് സ്ക്വയർ (യഥാർത്ഥത്തിൽ അത് സ്ക്വയറല്ല, സർക്കിൾ ആണ്) ചുറ്റാതെ ശാസ്തമംഗലം ഭാഗത്തേക്ക് പോകാനുതകുന്ന വിധത്തിലാണ് പ്ളാൻ തയ്യാറാക്കിയിട്ടുള്ളത്. ഹൈവേകളിൽ നിന്ന് വ്യത്യസ്തമായി നഗരപാതകൾ സന്ധിക്കുന്നിടത്ത് സർക്കിളൊ, റൌണ്ട്‌എബൌട്ടൊ സ്ക്വയറൊ ഉണ്ടാകുന്നതിനെ തടസമായി കാണേണ്ടതില്ല. കാരണം അവിടെ വാഹനങ്ങൾക്ക് കുറഞ്ഞ വേഗതയെ അനുവദിക്കപ്പെട്ടിട്ടുള്ളു.. ലോകത്തെ പല വൻ‌നഗരങ്ങളിലും സാംസ്കാരികമൊ ചരിത്രപരമൊ ആയ പ്രാധാന്യമുള്ള കെട്ടിടങ്ങളെ നിലനിർത്തിക്കൊണ്ടാണ് ഗതാഗത സംവിധാനങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്. വലുതും ചെറുതുമായ ഒരു ഡസൻ പാതകളിലൂടെ വരുന്ന വാഹനങ്ങൾ പാരീസ് നഗരത്തിലെ വിജയകമാനം (Arc de Triomphe) ചുറ്റി പോകുന്നു. അത് നിൽക്കുന്ന സ്ഥലം യുദ്ധകാല നേതാവും മുൻപ്രസിഡന്റുമായ ചാൾ‌സ് ഡി ഗാളിന്റെ പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. ജങ്ഷനുകളിൽ സിഗ്നൽ ലൈറ്റുകളുടെ സഹായത്തോടെ ഗതാഗതം നിയന്ത്രിക്കുന്നതിനേക്കാൾ നല്ലത് സിഗ്നൽ ലൈറ്റുകളില്ലാത്ത റൌണ്ട്എബൌട്ടുകൾ (roundabouts) ആണെന്നാണ് അമേരിക്കയിലെ ഗതാഗത വിദഗ്ദ്ധർ കണ്ടെത്തിയിരിക്കുന്നത്. അപകടങ്ങളും അപകടമരണങ്ങളും പരിക്കുകളും കുറയ്ക്കാനും ഗതാഗതശേഷി വർദ്ധിപ്പിക്കാനും വൈദ്യുതി ഉപയോഗം കുറയ്ക്കാനും ഉതകുന്ന റൌണ്ട്‌എബൌട്ട് അവർ രൂപകല്പന ചെയ്തിട്ടുണ്ട്. നിരവധി സ്മാരകങ്ങളും
നാഷനൽ ഗാലറി പോലുള്ള സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ലണ്ടനിലെ ചരിത്രപ്രസിദ്ധമായ ട്രഫാൾഗർ സ്ക്വയറിനു മുന്നൂറോളം കൊല്ലത്തെ പഴക്കമുണ്ട്. അതിനു ചുറ്റുമുള്ള പാതകളിലെ ഗതാഗതകുരുക്കിന് പരിഹാരം കാണാൻ സമീപകാലത്ത് ചില പരിഷ്കാരങ്ങൾ നടപ്പിലാക്കുകയുണ്ടായി. അതിന്റെ ഭാഗമായി ഒരു പാതയിൽ വാഹനങ്ങൾ പൂർണ്ണമായി ഒഴിവാക്കി കാൽനടക്കാർക്കായി മാറ്റിവെച്ചിട്ടുണ്ട്. അധികൃതർ ശാസ്ത്രീയമായ പഠനങ്ങളിലൂടെ ഗതാഗത ആവശ്യങ്ങൾ കൃത്യമായി വിലയിരുത്തി അതിന്റെ വെളിച്ചത്തിൽ ഉചിതമായ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഉദാഹരണങ്ങളാണിവ.

അയ്യൻ‌കാളിയെ നിഷ്കാസനം ചെയ്യുകയെന്ന ഗൂഢലക്ഷ്യത്തോടെ വേണ്ടത്ര പഠനം കൂടാതെ വെള്ളയമ്പലം റോഡ് വികസന പദ്ധതി ആവിഷ്കരിക്കുകയായിരുന്നെന്ന സംശയം ദലിത് സംഘടനകൾ പ്രകടിപ്പിച്ചിട്ടുണ്ട്. അതിനെ ചെറുക്കുവാനായി അവർ അയ്യൻ‌കാളി സ്ക്വയർ സംരക്ഷണ സമിതി രൂപീകരിച്ചിട്ടുമുണ്ട്. മുപ്പതു കൊല്ലം മുമ്പ് നഗരപിതാവ് നൽകിയ വാഗ്ദാനം പാലിക്കാൻ സമീപകാല മാതാപിതാക്കൾ കൂട്ടാക്കിയിട്ടില്ലെന്ന് അവിടേയ്ക്ക് കണ്ണോടിച്ചാൽ മനസിലാകും. സംരക്ഷണ സമിതി ഈയിടെ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിൽ സംസാരിച്ച നേതാക്കളെല്ലാം തന്നെ ഈ അവഗണനയെ അയിത്തമനോഭാവത്തിന്റെ തുടർച്ചയായാണ് കണ്ടത്. കവടിയാറിൽ നിന്ന് വെള്ളയമ്പലം വഴി ദിവസേന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് പോയിരുന്ന മുൻ‌രാജകുടുംബാംഗങ്ങൾ ഇപ്പോൾ അയ്യൻ‌കാളി സ്ക്വയർ ഒഴിവാക്കി നന്തൻ‌കോട് വഴിയാണ് പോകുന്നതെന്ന് ഒരു പ്രാസംഗികൻ പറഞ്ഞു. ഇത് ശരിയാണെങ്കിൽ അവർ അയ്യൻ‌കാളിയെ മാത്രമല്ല അദ്ദേഹത്തെ പ്രജാ സഭയിലേക്ക് നോമിനേറ്റ് ചെയ്ത ശ്രീമൂലം തിരുനാൾ, ദേവദാസി സമ്പ്രദായവും മൃഗക്കുരുതിയും അവസാനിപ്പിക്കുകയും സാമൂഹിക പരിഷ്കർത്താക്കളുടെ പല ആവശ്യങ്ങളും അംഗീകരിക്കുകയും ചെയ്ത റീജന്റ് സേതുലക്ഷിബായി, ക്ഷേത്രങ്ങൾ എല്ലാ ഹിന്ദുക്കാൾക്കും തുറന്നു കൊടുത്ത ശ്രീചിത്തിര തിരുനാൾ എന്നീ പൂർവികരെയും നിന്ദിക്കുകയാണെന്ന് പറയേണ്ടിവരും. ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച കേസിൽ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ കോടതിയിൽ സമർപ്പിച്ച ഒരു സത്യവാങ്മൂലത്തിൽ താൻ തിരുവിതാംകൂർ മഹാരാജാവാണെന്നും ക്ഷേത്രപ്രവേശന വിളംബരം ഒരു രാഷ്ട്രീയ തീരുമാനമായിരുന്നെന്നും അത് പാലിക്കാനുള്ള ബാധ്യത തനിക്കില്ലെന്നുമൊക്കെയുള്ള, ചരിത്രത്തിനും ഭരണഘടനയ്ക്കും നിരക്കാത്ത, അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നുവെന്നതും ഇവിടെ ഓർക്കേണ്ടതുണ്ട്. പത്മനാഭസ്വാമിക്ഷേത്രം സംബന്ധിച്ച കാര്യങ്ങളിലുള്ള കേരള സർക്കാരിന്റെ സമീപനം അതിന്റെമേൽ ജാതിക്കോമരങ്ങളുടെ സ്വാധീനം എത്ര വലുതാണെന്ന് കാണിക്കുന്നു.

ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി തുടങ്ങിയവരോടൊപ്പം ധീരമായ നേതൃത്വം നൽകി കേരളത്തെ മുന്നോട്ടു കൊണ്ടുപോയ നവോത്ഥാന നായകനായ അയ്യൻ‌കാളി ഒരു നൂറ്റാണ്ടിനുശേഷം ചിലരെ അസ്വസ്ഥരാക്കുന്നതിന്റെ കാരണം നവോത്ഥാനമൂല്യങ്ങളുടെ നിരാസമാണ്. ഈ സ്ഥിതിവിശേഷം സൃഷ്ടിക്കുന്നതിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും മാധ്യമങ്ങൾക്കും പങ്കുണ്ട്. ദീർഘകാലം ആധിപത്യം നിലനിർത്തിയ വിഭാഗങ്ങൾക്ക് സംഖ്യാബലവും സംഘടനാശേഷിയും ഉപയോഗിച്ച് സ്വന്തം ശക്തിയുടെ അടിസ്ഥാനത്തിൽ അധികാരത്തിൽ വരാൻ കഴിവില്ലാത്ത രാഷ്ട്രീയ കക്ഷികളെ സ്വാധീനിക്കാനാകുന്നു. ആ സ്വാധീനത്തെ മറികടക്കാനുള്ള ശേഷി ദലിതർക്കില്ല.


ദലിത് സംഘടനകളുടെ പരിപാടികൾ റിപ്പോർട്ട് ചെയ്യാൻ ദിനപത്രങ്ങളും ചാനലുകളും സാധാരണഗതിയിൽ പ്രതിനിധികളെ നിയോഗിക്കാറില്ല. ഇതിൽ അസ്പൃശ്യതാ മനോഭാവത്തിന്റെ പ്രതിഫലനമില്ലേ?. സംഘാടകർ എഴുതി നൽകുന്ന റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാനുള്ള സന്മനസ് ചിലപ്പോൾ പത്രങ്ങൾ കാട്ടാറുണ്ടെന്ന് മാത്രം.


അയ്യൻ‌കാളി പ്രതിമാ പ്രശ്നം രാഷ്ട്രീയസാമൂഹ്യ നിലപാടുകളുടെ ഉരകല്ലാണ്. ആ പ്രതിമയോളം പ്രതീകാത്മക പ്രാധാന്യം അവകാശപ്പെടാവുന്ന വളരെയൊന്നും തലസ്ഥാന നഗരിയിലില്ല. അത് നിലനിൽക്കണമെന്നത് തങ്ങളുടെ ആവശ്യമാണെന്ന് നവോത്ഥാനമൂല്യങ്ങൾ നിലനിർത്തണമെന്നാഗ്രഹിക്കുന്ന എല്ലാവരും തിരിച്ചറിയണം. റോഡ് വികസനത്തിന് അത് മാറ്റിസ്ഥാപിച്ചേ മതിയാകൂവെങ്കിൽ അക്കാര്യത്തെക്കുറിച്ച് ബഹുജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിയണം. (Kalakaumudi, November 6, 2011)

Monday, October 17, 2011

രാമകൃഷ്ണപിള്ളയും രാജഗോപാലാചാരിയും പുനർവായനയ്ക്ക് വിധേയമാകുമ്പോൾ

ബി.ആർ.പി. ഭാസ്കർ

ചരിത്രം പുനർവായനയ്ക്ക് വിധേയമാണ്. ചരിത്രപുരുഷന്മാരും. ചിലപ്പോൾ പുതിയ വസ്തുതകൾ പുനർവായന ആവശ്യമാക്കുന്നു. ചിലപ്പോൾ, പുതിയ വസ്തുതകൾ ഇല്ലെങ്കിൽ കൂടി, പഴയ വസ്തുതകളെ പുതിയ വീക്ഷണകോണുകളിൽ കൂടി പരിശോധിക്കാൻ നമുക്കാകുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരത്തിലുള്ള പുരാണേതിഹാസങ്ങളിലെ വീരനായകന്മാരും പ്രതിനായകന്മാരും പുനർവായനയിലൂടെയും പുനരാഖ്യാനത്തിലൂടെയും രൂപഭേദം സംഭവിച്ച മുൻകാല നേതാക്കളാണെന്ന് കരുതാൻ ന്യായമുണ്ട്. കേരള നവോത്ഥാനം എന്ന് വിവക്ഷിക്കപ്പെടുന്ന പരിഷ്കരണ പ്രസ്ഥാനങ്ങൾക്ക് അപചയം സംഭവിക്കുകയും വ്യത്യസ്ത വിഭാഗങ്ങൾ അവയുടെ നേട്ടങ്ങളും കോട്ടങ്ങളും താന്താങ്ങളുടേ താല്പര്യങ്ങളുടെ വെളിച്ചത്തിൽ വിലയിരുത്തുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ വ്യാപകമായ തോതിൽ പുനർവായനയുണ്ടാകുന്നത് സ്വാഭാവികമാണ്.

സമീപകാലത്ത് ഏറെ പരിശോധനയ്ക്ക് വിധേയനായിട്ടുള്ള ഒരു വ്യക്തിയാണ് സ്വദേശാഭിമാനി പത്രാധിപരായിരുന്ന കെ. രാമകൃഷ്ണപിള്ള. അദ്ദേഹത്തെ തിരുവിതാംകൂറിൽ നിന്ന് നാടുകടത്തിയതിന്റെ 101ആം വാർഷികത്തിൽ നേരത്തെ പ്രചാരം നേടിയ ചില കാര്യങ്ങൾ വസ്തുതാപരമാണോ എന്ന സംശയം ഉയർത്തുന്ന ഒരു ലേഖനം കേരള സർക്കാരിന്റെ പുരാരേഖശേഖരത്തിലുള്ള നിരവധി സാമൂഹിക പരിഷ്കരണകാല രേഖകൾ പരിശോധിച്ച.ചെറായി രാമദാസ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതുകയുണ്ടായി. പത്രത്തിന്റെ ഉടമ വക്കം അബ്ദുൾ ഖാദർ മൌലവിയും രാമകൃഷ്ണപിള്ളയും തമ്മിൽ മാതൃകാപരമായ ബന്ധമാണുണ്ടായിരുന്നതെന്ന വിശ്വാസം ചോദ്യം ചെയ്യാനുതകുന്ന ചില വസ്തുതകൾ ആ ലേഖനത്തിലുണ്ട്. പത്രം തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചപ്പോൾ രാമകൃഷ്ണപിള്ള അതിന്റെ പ്രസാധകൻ കൂടിയായിരുന്നതുകൊണ്ട് മറ്റാരുടെയും അനുമതി കൂടാതെ തനിക്ക് ഇഷ്ടമുള്ളത് അച്ചടിക്കാൻ കഴിയുമായിരുന്നെന്ന് രാമദാസ് പറയുന്നു.

“എന്റെ പത്രാധിപരെക്കൂടാതെ എനിക്ക് പത്രമെന്തിന്, അച്ചുക്കൂടമെന്തിന്?“ എന്ന് മൌലവി തന്നോട് പറഞ്ഞതായി രാമകൃഷ്ണപിള്ളയുടെ ഭാര്യ വർഷങ്ങൾക്കുശേഷം എഴുതിയതിന്റെ അടിസ്ഥാനത്തിൽ ജീവചരിത്രകാരനായ ടി. വേണുഗോപാലൻ അദ്ദേഹത്തെ “പത്രാധിപർ നഷ്ടപ്പെട്ടതിൽമാത്രം നിസ്വനായി വിലപിച്ച, പത്രാധിപരെ കൂടാതെ മറ്റെല്ലാം തിരിച്ചുകിട്ടിയിട്ടും എന്ത്കാര്യം എന്ന് ശഠിച്ച” ഉടമയായി ചിത്രീകരിച്ചിരുന്നു പരിശോധിച്ച രേഖകളിൽ നിന്ന് വ്യക്തമാകുന്ന മൂന്ന് വസ്തുതകൾ ചൂണ്ടിക്കാട്ടി രാനദാസ് മൌലവിയുടെ പ്രസ്താവത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നു. പത്രാധിപർ നഷ്ടപ്പെട്ടശേഷം കണ്ടുകെട്ടിയ അച്ചുക്കൂടം വീണ്ടെടുക്കാൻ മൌലവി ശ്രമിക്കുകയുണ്ടായി. അതിനായി നൽകിയ അപേക്ഷയിൽ അദ്ദേഹം രാമകൃഷ്ണപിള്ളയെ തള്ളിപ്പറഞ്ഞു. അപേക്ഷ നൽകിയ വിവരം രാമകൃഷ്ണപിള്ളയെ അറിയിച്ചതുമില്ല.

ഉടമയും പത്രാധിപരും തമ്മിലുള്ള ബന്ധം വിലയിരുത്തുന്നിടത്ത് ഈ വസ്തുതകൾക്ക് എത്രമാത്രം പ്രാധാന്യം കല്പിക്കേണം?

രാമകൃഷ്ണപിള്ള പ്രസാധകസ്ഥാനം വഹിച്ചിരുന്നെങ്കിലും അച്ചുക്കൂടത്തിന്റെ (പത്രത്തിന്റെയും) ഉടമസ്ഥാവകാശം മൌലവി അദ്ദേഹത്തിന് കൈമാറിയതായി കാണുന്നില്ല. ആ നിലയ്ക്ക് അദ്ദേഹത്തിന് പത്രാധിപരുടെ പ്രവർത്തനം അസ്വീകാര്യമായിരുന്നെങ്കിൽ ഇടപെട്ട് തടയാൻ തീർച്ചയായും കഴിയുമായിരുന്നു. തിരുവിതാകൂർ ഭരണകൂടം നാടുകടത്തലിന് വുവസ്ഥ ചെയ്യുന്ന ചട്ടങ്ങൾ രൂപീകരിക്കുന്നതായും അതിന്റെ ലക്ഷ്യം രാമകൃഷ്ണപിള്ളയാണെന്നും മലബാറിൽ നിന്നുള്ള രണ്ട് പ്രസിദ്ധീകരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തിരുവനന്തപുരത്ത് ചിലർക്കെങ്കിലും അറിവുണ്ടായിരുന്ന ഈ വിവരം മൌലവി അറിഞ്ഞിരുന്നില്ലെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. ആ ഘട്ടത്തിൽ രാമകൃഷ്ണപിള്ളയിൽ നിന്ന് പത്രവും അച്ചുക്കൂടവും തിരിച്ചെടുക്കാൻ മൌലവി ശ്രമിച്ചതിന് തെളിവുകളില്ലാത്ത സാഹചര്യത്തിൽ അദ്ദേഹത്തെ പത്രാധിപർക്ക് പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യം നൽകിയ ഉടമയായി തുടർന്നും കാണാവുന്നതാണ്.

നാടുകടത്തൽ വാർഷികാചരണ വേളയിൽ രാമകൃഷ്ണപിള്ളയെ ഭരണകൂടത്തിനെതിരെ ധീരമായ നിലപാടെടുത്ത പത്രാധിപർ എന്ന നിലയിൽ പ്രകീർത്തിച്ച പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ അദ്ദേഹത്തെ പത്രപ്രവർത്തകർക്ക് ഉത്തമ മാതൃകയായി എടുത്തുകാട്ടുകയും ചെയ്തിരുന്നു. പത്രപ്രവർത്തനത്തിന്റെ അടിസ്ഥാന തത്വങ്ങളെ കുറിച്ച് ആദ്യമായി മലയാളത്തിൽ എഴുതിയ പത്രാധിപരാണ് രാമകൃഷ്ണപിള്ള. എന്നാൽ അദ്ദേഹത്തിന്റെ പത്രപ്രവർത്തന ശൈലി അവയ്ക്ക് അനുസൃതമായിരുന്നില്ല. ദിവാൻ പി. രാജഗോപാലാചാരിയുടെ ജാരബന്ധങ്ങളെ സൂചിപ്പിക്കാനായി അദ്ദേഹത്തിന്റെ പേര് സ്വദേശാഭിമാനി ജാരഗോപാലാചാരി എന്ന് അച്ചടിക്കുകയുണ്ടായി. ഓരോ അച്ചും കൈകൊണ്ട് പെറുക്കി നിരത്തിയിരുന്ന അക്കാലത്ത് അതൊരു കൈപ്പിഴയാണെന്നല്ലെ തോന്നുകയുള്ളു? മഞ്ഞപത്രങ്ങൾക്ക് മാത്രം സ്വീകരിക്കാവുന്ന മാതൃകയാണിത്

രാമകൃഷ്ണപിള്ളയെ രാജഗോപാലാചാരിക്കെതിരെ തിരിച്ചത് ഉയർന്ന സാന്മാർഗിക സങ്കല്പമാണെന്ന് കരുതാനാവില്ല. അദ്ദേഹം ദിവാനായിരുന്ന 1907-14 കാലത്ത് തിരുവിതാംകൂടിൽ സാമൂഹ്യപ്രസ്ഥാനങ്ങൾ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ജാതിഭേദവും മതദ്വേഷവുമില്ലാത്ത മാതൃകാസ്ഥാനമെന്ന ആശയം സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞിരുന്നു. എന്നാൽ സമൂഹത്തിന്റെ ഫ്യൂഡൽ സ്വഭാവം അപ്പോഴും ശക്തമായിരുന്നു. തകഴിയുടെ ‘കയറി‘ൽ നിന്ന് ലഭിക്കുന്ന ചിത്രം വിശ്വസനീയമാണെങ്കിൽ --അല്ലെന്ന് കരുതാൻ കാരണം കാണുന്നില്ല -- വൈദിക സമൂഹം സൃഷ്ടിച്ച ലൈംഗിക കോളനിയിൽ നിന്ന് കേരളം പൂർണ്ണ മോചനം നേടിയിരുന്നില്ല. സ്വജാതീയ വിവാഹം എന്ന ആശയം നമ്പൂതിരി സമുദായത്തിലെ ഇളം‌മുറക്കാരുടെ മനസ്സിൽ രൂപപ്പെട്ടിരുന്നില്ല. നിരവധി കുടുംബങ്ങൾ ബ്രാഹ്മണ ബന്ധം കാംക്ഷിക്കുക്കയും ബ്രാഹ്മണന് ഒന്നിലധികം സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നതിന് തടസ്സമില്ലാതിരിക്കുകയും ചെയ്ത അക്കാലത്ത് ദിവാന്റെ മുന്നിൽ പല വാതിലുകളും തുറന്നെങ്കിൽ അത്ഭുതപ്പെടാനില്ല. അന്നത്തെ സംഭവങ്ങൾ വിലയിരുത്തേണ്ടത് ഇന്നത്തെ സ്ത്രീപീഡന സങ്കല്പത്തിന്റെ അടിസ്ഥാനത്തിലല്ല.

രാമകൃഷ്ണപിള്ളയുടെ കലഹം ദുഷിച്ച സാമൂഹ്യ വ്യവസ്ഥയോടായിരുന്നില്ല, രാജഗോപാലാചാരിയോടായിരുന്നു. മഹാരാജാവ് ഉൾപ്പെടെ പല പ്രമാണിമാരുടെയും ലീലകൾ തിരുവനന്തപുരത്ത് അങ്ങാടിപ്പാട്ടായിരുന്നു. പക്ഷെ ദിവാന്റെ പരസ്ത്രീഗമനം മാത്രമാണ് രാമകൃഷ്ണപിള്ളക്ക് വിഷയമായത്.

നാടുകടത്തപ്പെട്ട രാമകൃഷ്ണപിള്ളയ്ക്ക് അനുകൂലമായി സംസാരിക്കാൻ രാജഭക്തരായ തിരുവിതാംകൂറിറുകാർ ധൈര്യം നേടിയത് സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം മാത്രമാണ്. തുടർന്ന് അവർ രാമകൃഷ്ണപിള്ളയെ നായകനും രാജഗോപാലാചാരിയെ പ്രതിനായകനുമാക്കി രാഷ്ട്രീയ പുരാണം മെനഞ്ഞെടുത്തു. രാമകൃഷ്ണപിള്ളയുടെ രക്തസാക്ഷിത്വ വിപണനം അദ്ദേഹത്തിന്റെ ദേവഭാവം തുടർച്ചയായി ഉയർത്തുകയും അതിനൊത്ത് രാജഗോപാലാചാരിയുടെ ആസുരഭാവം വളരുകയും ചെയ്തു.

തിരുവിതാംകൂറിൽ വരുന്നതിനു മുമ്പ്, 1897 മുതൽ 1901 വരെ, രാജഗോപാലാചാരി കൊച്ചി ദിവാനായിരുന്നു. അവിടത്തെ അദ്ദേഹംത്തിന്റെ പ്രവർത്തനം പരക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നതായി അദ്ദേഹത്തെ പുനർവായനയ്ക്ക് വിധേയമാക്കിയ ഡോ. എസ്. ഷാജി പറയുന്നു. എസ്.എൻ.ഡി.പി. യോഗത്തിന്റെ ഉടമസ്ഥതയിലുള്ള ‘യോഗനാദ’ത്തിന്റെ രണ്ട് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച “തെറ്റിദ്ധരിപ്പിക്കപ്പെട്ട സർ രാജഗോപാലാചാരി” എന്ന ലേഖനത്തിൽ അദ്ദേഹം എഴുതുന്നു: “കൊച്ചി ദിവാനായിരുന്ന രാജഗോപാലാചാരിയെപ്പറ്റി കെ. രാമകൃഷ്ണപിള്ളക്കു പോലും വളരെ മതിപ്പായിരുന്നു. ‘പരിഷ്കൃതമായ ഭരണനീതിബോധമുള്ള’, ‘ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ആദരവ് അർഹിച്ചിരുന്ന്‘, ‘തീഷ്ണബുദ്ധി‘യായ, ‘ഉത്തമനായ മന്ത്രി’ എന്നൊക്കെയായിരുന്നു രാജഗോപാലാചാരിയെ രാമകൃഷ്ണപിള്ള വിലയിരുത്തിയത്.” കൊച്ചിയിൽ ഉത്തമനായിരുന്ന രാജഗോപാലാചാരി തിരുവിതാംകൂറിൽ എത്തിയപ്പോൾ രാമകൃഷ്ണപിള്ളയുടെ കണ്ണുകളിൽ മറ്റൊരാളായെങ്കിൽ അതിന്റെ കാരണം അന്വേഷിക്കേണ്ടത് തിരുവിതാംകൂറിൽ അദ്ദേഹം കൈക്കൊണ്ട നടപടികളുടെ കൂടി അടിസ്ഥാനത്തിലാണ്.

കൊച്ചി ദിവാനെന്ന നിലയിൽ രാജഗോപാലാചാരി അവിടത്തെ ഭരണസംവിധാനം നവീകരിക്കുകയും അതിനെ മുന്നോട്ടു നയിക്കുകയും ചെയ്ത ഘട്ടത്തിൽ തിരുവിതാംകൂർ ഭരണകൂടം ഫ്യൂഡൽ സമീപനത്തിൽ അയവു വരുത്താനുള്ള സമ്മർദ്ദം ചെറുക്കുകയായിരുന്നു. മദിരാശിയിൽനിന്ന് മെഡിക്കൽ ഡിപ്ലോമ സമ്പാദിച്ചശേഷം സർക്കാർ ജോലിക്ക് അപേക്ഷിച്ച ഡോ. പി. പല്പുവിനു നൽകിയ മറുപടി അദ്ദേഹത്തിന്റെ ജാതിയിൽ പെട്ടവർക്ക് ജോലി നൽകാറില്ലെന്നായിരുന്നു. പരദേശ ബ്രാഹ്മണർ കയ്യടക്കി വെച്ചിരുന്ന ഉന്നത തസ്തികകൾ വിട്ടുകിട്ടാൻ വേണ്ടി നായർ സമുദായം നടത്തിയ നീക്കത്തിന്റെ ഭാഗമായി പതിനായിരത്തിൽ പരം ഒപ്പുകളോടെ 1891ൽ മഹാരാജാവിന് മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ടു. അതിലുമേറെ ഒപ്പുകളോടെ 1895ൽ ഡോ. പല്പു ഈഴവ മെമ്മോറിയൽ സമർപ്പിച്ചു. അതിലെ പ്രധാന ആവശ്യങ്ങൾ നിയമസഭാ പ്രാതിനിധ്യവും സർക്കാർ ജോലിയുമായിരുന്നു. ദിവാൻ എസ്. ശങ്കരസുബ്ബയ്യർ (1882-98) അതിന് മറുപടിപോലും നൽകിയില്ല. അദ്ദേഹം വിരമിച്ചശേഷമാണ് ഈഴവ പ്രാതിനിധ്യത്തിനായി എസ്.എൻ.ഡി.പി. യോഗം ജനറൽ സെകട്ടറി കൂടിയായിരുന്ന മഹാകവി കുമരനാശാൻ നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്. രാജഗോപാലാചാരി കൂടുതൽ മുന്നോട്ടുപോകാൻ തയ്യാറായി. അദ്ദേഹം ദലിത് കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് അവസരം നൽകണമെന്ന അയ്യൻ‌കാളിയുടെ ആവശ്യം അംഗീകരിച്ചു. അയ്യൻ‌കാളിയെ നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്യുകയും ചെയ്തു.

പൊതുവിദ്യാലയങ്ങൾ ദലിത് കുട്ടികൾക്കായി തുറന്നുകൊടുത്തപ്പോൾ നായർ സമുദായത്തിൽ നിന്നും ശക്തമായ എതിർപ്പുണ്ടായി. അല്പം മുമ്പ് മാത്രം സ്കൂൾ പ്രവേശനത്തിന് അർഹത നേടിയ ഈഴവരും ചില സ്ഥലങ്ങളിൽ നായന്മാരോടൊപ്പം കൂടി. അവർ തങ്ങളുടെ കുട്ടികളെ പിൻ‌വലിക്കുമെന്ന് ഭീഷണിപ്പെടുത്തി. പുലയക്കുട്ടികൾക്ക് പ്രവേശനം നൽകിയ ചില സ്കൂളുകൾ തീവെയ്ക്കപ്പെട്ടു. നായർ രോഷം ശക്തിയായി പ്രകടമായ ഒരിടം രാമകൃഷ്ണപിള്ളയുടെ നാടായ നെയ്യാറ്റിങ്കരയായിരുന്നു. രാമാകൃഷ്ണപിള്ള തന്നെയും പുലയക്കുട്ടികളെ മറ്റ് കുട്ടികൾക്കൊപ്പമിരുത്തി പഠിപ്പിക്കുന്നതിനെ അതിശക്തമായി എതിർത്തു. ഇരുവിഭാഗങ്ങളുടെയും മാനസിക വികാസത്തിൽ വലിയ വ്യത്യാസമുണ്ടെന്നും അവരെ ഒന്നിച്ചിരുത്തി പഠിപ്പിക്കുന്നത് കാളയെയും പോത്തിനെയും ഒരേ നുകത്തിൽ കെട്ടി പാടത്തിറക്കുന്നതു പോലെയാണെന്നും അദ്ദേഹം സമർത്ഥിച്ചു. രാജഗോപാലാചാരി ഇത്തരം വാദങ്ങൾ ചെവിക്കൊണ്ടില്ല. ഒരു സ്കൂളിൽ പുലയക്കുട്ടികളെ പ്രവേശിപ്പിച്ചതിനെ തുടർന്ന് മറ്റ് ജാതികളിൽ പെട്ട കുട്ടികളും ചില അദ്ധ്യാപകരും വിട്ടുപോയതായി വിവരം ലഭിച്ചപ്പോൾ, മറ്റ് കുട്ടികളില്ലെങ്കിൽ പുലയക്കുട്ടികളെ മാത്രം വെച്ചു പഠിപ്പിക്കണെമെന്ന് അദ്ദേഹം നിഷ്കർഷിച്ചതായി ഡോ. ഷാജി രേഖപ്പെടുത്തുന്നു. ദിവാന്റെ ഉറച്ച നിലപാട് വെളിപ്പെട്ടപ്പോൾ വിട്ടുനിന്ന അദ്ധ്യാപകരും കുട്ടികളും തിരിച്ചെത്തി.

കേരള സമൂഹത്തിൽ പതിറ്റാണ്ടുകൾക്കു മുമ്പ് ആരംഭിച്ച സാമൂഹ്യ നവീകരണ പ്രസ്ഥാനങ്ങളുടെ സാംഗത്യം മനസിലാക്കി രാജഗോപാലാചാരി സ്വീകരിച്ച സമീപനം മാറ്റങ്ങളുടെ വേഗത കൂട്ടി. നായർ സമുദായത്തിലെ പരിഷ്കരണവാദികളുടെ പ്രധാന ആവശ്യങ്ങൾ സംബന്ധ-മരുമക്കത്തായ വ്യവസ്ഥകൾ പരിഷ്കരിക്കണമെന്നതായിരുന്നു. രാജഗോപാലാചാരി അതിനോട് അനുഭാവപൂർവം പ്രതികരിച്ചു. അദ്ദേഹത്തിന്റെ കാലത്ത് നിലവിൽ വന്ന നായർ റെഗുലേഷൻ സംബന്ധത്തിന് നിയമസാധുത നൽക്കുകയും മരുമക്കത്തായം നിർത്തലാക്കാനുള്ള പ്രക്രിയക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഈഴവ ക്രൈസ്തവ സമൂഹങ്ങളുടെ പിന്തുടർച്ചാവകാശം സംബന്ധിക്കുന്ന നിയമങ്ങളും പരിഷ്കരിക്കപ്പെട്ടു.

കേരളത്തിൽ ഇപ്പോൾ പ്രകടമായിക്കൊണ്ടൊരിക്കുന്ന പ്രതിലോമ പ്രവണതകൾ തടയാൻ നമുക്കാകണമെങ്കിൽ കൂടുതൽ പുനർവായന ആവശ്യമാണ്. അത് ശരിയായ രീതിയിൽ ആവുകയും വേണം. തെറ്റായ രീതിയിലുള്ള പുനർവായന ഇതിനകം തന്നെ ദുഷ്പ്രവണതകൾക്ക് ശക്തി പകർന്നിട്ടുണ്ട്.

വേണ്ടുവോളം സുരന്മാരെയും അസുരന്മാരെയും മുൻ‌തലമുറകൾ നമുക്ക് സൃഷ്ടിച്ചുതന്നിട്ടുണ്ട്. ആ നിലയ്ക്ക് ഓരോ തലമുറയും മുൻ‌തലമുറകളിൽ‌പെട്ടവരെ വിലയിരുത്തുമ്പോൾ അവരെ ശക്തികളും ദൌർബല്യങ്ങളുമുള്ള മനുഷ്യരായി നിലനിർത്താൻ ശ്രദ്ധിക്കേണ്ടതാണ്.

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഒക്ടോബർ 16-22, 2011 ലക്കത്തിൽ “സ്വദേശാഭിമനി: പുനർവായനയിലെ അനീതി” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തിന്റെ മൂലരൂപം