ബി.ആർ.പി. ഭാസ്കർ
നാലു പതിറ്റാണ്ടു കാലം കേരളത്തിലെ കോൺഗ്രസ് കെ. കരുണാകരനെയും എ.കെ.
ആന്റണിയെയും ചുറ്റിക്കറങ്ങുകയായിരുന്നു. ഇണക്കത്തിനും പിണക്കത്തിനുമിടയിൽ ഇരുവരും പല
രാഷ്ട്രീയ കസർത്തുകളും നടത്തി. ദേശീയതലത്തിൽ കോൺഗ്രസ് പിളർന്നപ്പോൾ സിണ്ടിക്കേറ്റ്
നേതാക്കൾ സംഘടന മൊത്തത്തിൽ കൊണ്ടുപോയെങ്കിലും അണികളിലേറെയും ഇന്ദിരാ ഗാന്ധിക്കൊപ്പമായിരുന്നു.
എന്നാൽ പുതിയ സംഘടനാ സംവിധാനം കെട്ടിപ്പടുക്കുന്നതിനു പകരം നാമനിർദ്ദേശം ചെയ്യുന്ന
നേതാക്കളെ ഉപയോഗിച്ച് പാർട്ടി നടത്തിക്കൊണ്ടു പോകാനാണ് അവർ ശ്രമിച്ചത്. ഇതിന്റെ ഫലമായി
മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസ് നേതാക്കന്മാർ മാത്രമുള്ള, അണികളില്ലാത്ത പാർട്ടിയായി.
കരുണാകരനും ആന്റണിക്കും സ്വന്തം അണികൾ ഉണ്ടായിരുന്നതുകൊണ്ട് കേരളത്തിലെ കോൺഗ്രസ് അങ്ങനെയൊരവസ്ഥ
നേരിട്ടില്ല. എന്നാൽ രണ്ട് ഗ്രൂപ്പുകളും പാർട്ടി ഘടകങ്ങൾ കൈപ്പിടിയിലൊതുക്കാനായി മത്സരിച്ച്
വ്യാജ അംഗങ്ങളെ ചേർത്തപ്പോൾ സംഘടനാ തെരഞ്ഞെടുപ്പുകൾ നടത്താൻ കഴിയാത്ത സാഹചര്യമുണ്ടായി.
കരുണാകരനും ആന്റണിയും നയിച്ച ഗ്രൂപ്പുകളുടെ അനന്തരാവകാശികളായി തീർന്ന
രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഏതാണ്ട് ഒരു പതിറ്റാണ്ടായി സംയുക്തമായി പാർട്ടിയെ
നയിക്കുകയായിരുന്നു. ചെന്നിത്തല എട്ടു കൊല്ലത്തിലധികം തുടർച്ചയായി പ്രദേശ് കോൺഗ്രസ്
അദ്ധ്യക്ഷന്റെ കസേരയിലിരുന്നു. ഉമ്മൻ ചാണ്ടി പാർട്ടിക്കു അധികാരം കിട്ടുമ്പോൾ മുഖ്യമന്ത്രിയും
അല്ലാത്തപ്പോൾ പ്രതിപക്ഷ നേതാവുമായി. ഇരുവരും ഡൽഹിയിൽ ഒരേ ആവശ്യങ്ങളുമായി ചെല്ലുകയും
അവിടെയുള്ള രക്ഷാധികാരികൾ അതെല്ലാം സോണിയാ ഗാന്ധിയെക്കൊണ്ട് സാധിപ്പിച്ചുകൊടുക്കുകയും
ചെയ്തു. അങ്ങനെ അവർ സസുഖം വാഴുമ്പോൾ എൻ.എസ്.
എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് ഒരുൾവിളിയുണ്ടായി. താക്കോൽ ഉമ്മൻ ചാണ്ടിയുടെ
കയ്യിലാണെന്ന് അദ്ദേഹം കണ്ടെത്തി. ചെന്നിത്തലയ്ക്ക് താക്കോൽ സ്ഥാനം നൽകണമെന്ന് അദ്ദേഹം
ആവശ്യപ്പെട്ടു. കൂട്ടിക്കെട്ടിയ എ-ഐ ഗ്രൂപ്പിൽ തന്റെ സ്ഥാനം ജൂനിയർ പങ്കാളിയുടേതാണന്ന
ചിന്ത ഇതിനകം ചെന്നിത്തലയുടെ മനസിൽ കടന്നു കൂടിയിരുന്നെങ്കിലും പെരുന്നയിൽ നിന്ന് പരസ്യമായി
അങ്ങനെയൊരാവശ്യം വന്നത് അദ്ദേഹത്തിനിഷ്ടപ്പെട്ടില്ല.
മന്ത്രിസഭയിലെ സ്ഥാനത്തെയും പദവിയെയും ചൊല്ലി തടസങ്ങളുണ്ടായെങ്കിലും ഒടുവിൽ ചെന്നിത്തല ആഭ്യന്തരമന്ത്രിയാകണമെന്ന് ഹൈക്കമാൻഡിൽ നിന്നു നിർദ്ദേശം വന്നു. കേന്ദ്ര നേതൃത്വത്തിന്റെ യഥാർത്ഥ ലക്ഷ്യം ചെന്നിത്തലയെയൊ സുകുമാരൻ നായരെയൊ സുഖിപ്പിക്കുകയായിരുന്നില്ല, പി.സി.സി. കസേര ഒഴിപ്പിക്കുകയായിരുന്നു. ഹൈക്കമാൻഡ് ഗ്രൂപ്പുകളിക്കിടയിൽ ഒതുക്കപ്പെട്ട വി.എം. സുധീരനെ അദ്ധ്യക്ഷനാക്കാനുള്ള താല്പര്യം അറിയിച്ചപ്പോൾ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അത് തടയാൻ യോജിച്ചു. ഏതെങ്കിലും ഗ്രൂപ്പിലൂടെയല്ലാതെ ഒരാൾക്ക് സ്ഥാനങ്ങൾ നേടാൻ കഴിയുമെന്നു വന്നാൽ പിന്നെ ഗ്രൂപ്പ് നേതാക്കൾക്ക് ആരെങ്കിലും വില കല്പിക്കുമോ? അവർ ഒന്നിച്ച് ഒരു ബദൽ നിർദ്ദേശം വെച്ചു: സുധീരനെപ്പോലെ ഗ്രൂപ്പു പ്രവർത്തനത്തിൽ നിന്ന് വിട്ടു നിൽക്കുന്ന ജി. കാർത്തികേയനെ അദ്ധ്യക്ഷനാക്കുക. പക്ഷെ അവർ ഇച്ഛിച്ചതല്ല ഹൈക്കമാൻഡ് കല്പിച്ചത്. ലോക് സഭ തെരഞ്ഞെടുപ്പു സ്ഥാനാർത്ഥിനിർണ്ണയത്തിൽ ഇതുപോലെ തഴയപ്പെടുമെന്ന് ഭയപ്പെടുന്ന ഉമ്മൻ ചാണ്ടി പരസ്യമായി നീരസം പ്രകടിപ്പിച്ചു.
മന്ത്രിസഭയിലെ സ്ഥാനത്തെയും പദവിയെയും ചൊല്ലി തടസങ്ങളുണ്ടായെങ്കിലും ഒടുവിൽ ചെന്നിത്തല ആഭ്യന്തരമന്ത്രിയാകണമെന്ന് ഹൈക്കമാൻഡിൽ നിന്നു നിർദ്ദേശം വന്നു. കേന്ദ്ര നേതൃത്വത്തിന്റെ യഥാർത്ഥ ലക്ഷ്യം ചെന്നിത്തലയെയൊ സുകുമാരൻ നായരെയൊ സുഖിപ്പിക്കുകയായിരുന്നില്ല, പി.സി.സി. കസേര ഒഴിപ്പിക്കുകയായിരുന്നു. ഹൈക്കമാൻഡ് ഗ്രൂപ്പുകളിക്കിടയിൽ ഒതുക്കപ്പെട്ട വി.എം. സുധീരനെ അദ്ധ്യക്ഷനാക്കാനുള്ള താല്പര്യം അറിയിച്ചപ്പോൾ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അത് തടയാൻ യോജിച്ചു. ഏതെങ്കിലും ഗ്രൂപ്പിലൂടെയല്ലാതെ ഒരാൾക്ക് സ്ഥാനങ്ങൾ നേടാൻ കഴിയുമെന്നു വന്നാൽ പിന്നെ ഗ്രൂപ്പ് നേതാക്കൾക്ക് ആരെങ്കിലും വില കല്പിക്കുമോ? അവർ ഒന്നിച്ച് ഒരു ബദൽ നിർദ്ദേശം വെച്ചു: സുധീരനെപ്പോലെ ഗ്രൂപ്പു പ്രവർത്തനത്തിൽ നിന്ന് വിട്ടു നിൽക്കുന്ന ജി. കാർത്തികേയനെ അദ്ധ്യക്ഷനാക്കുക. പക്ഷെ അവർ ഇച്ഛിച്ചതല്ല ഹൈക്കമാൻഡ് കല്പിച്ചത്. ലോക് സഭ തെരഞ്ഞെടുപ്പു സ്ഥാനാർത്ഥിനിർണ്ണയത്തിൽ ഇതുപോലെ തഴയപ്പെടുമെന്ന് ഭയപ്പെടുന്ന ഉമ്മൻ ചാണ്ടി പരസ്യമായി നീരസം പ്രകടിപ്പിച്ചു.
ലോക് സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ കോൺഗ്രസിൽ നടക്കുന്ന
മാറ്റങ്ങൾ പാർട്ടിയുടെ നിയന്ത്രണം സോണിയാ ഗാന്ധിയിൽ നിന്ന് രാഹുൽ ഗാന്ധിയിലേക്കു മാറുന്നതിന്റെ
സൂചനകളാണ്. പക്ഷെ ഈ ഘട്ടത്തിൽ രാഹുൽ ഗാന്ധിക്ക് ചെയ്യാൻ കഴിയുന്നതിന് പരിമിതികളുണ്ട്.
അദ്ദേഹത്തിന്റെ ഒരു നിർദ്ദേശം സ്ത്രീകൾക്ക് 30 ശതമാനം സീറ്റുകൾ നൽകണമെന്നതാണ്. കേരളത്തിലെ
കോൺഗ്രസിന്റെ നേതൃനിരയിൽ സ്ത്രീസാന്നിധ്യമുണ്ടെങ്കിലും വിജയസാധ്യതയുള്ള ആറു പേരെ
കണ്ടെത്താൻ എളുപ്പമല്ല. സ്വന്തം കക്ഷിയിൽപെട്ട സ്ത്രീപീഡനമുൾപ്പെടെയുള്ള ആരോപണങ്ങൾ
നേരിടുന്നവരെ ചാനൽ ചർച്ചകളിൽ കൂസൽ കൂടാതെ ന്യായീകരിക്കുന്ന മഹിളാമണികളോട് വോട്ടർമാർക്ക്
വലിയ പ്രതിപത്തിയുണ്ടാകാനിടയില്ല. യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്നതാണ്
രാഹുൽ ഗാന്ധിയുടെ മറ്റൊരു നിർദ്ദേശം. കോൺഗ്രസിന്റെ ഇന്നത്തെ നേതാക്കളിൽ പലരും നന്നെ
ചെറുപ്പത്തിൽ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ സ്ഥാനം ലഭിച്ചവരാണ്. ആദ്യകാല ഗ്രൂപ്പു നേതാക്കൾ
യുവാക്കൾക്കു അവസരം നൽകാൻ തയ്യാറായതുകൊണ്ടാണ് അത് സാദ്ധ്യമായത്. എന്നാൽ ഇന്ന് യുവാക്കളെ
തേടുമ്പോൾ നേതാക്കളുടെ പെട്ടി തൂക്കി നടന്നതിനപ്പുറം രാഷ്ട്രീയ അനുഭവമുള്ള ഏറെപേരെ
കണ്ടെത്താനാകില്ല.
രണ്ട് മുന്നണികളെ നയിക്കുന്ന കക്ഷികൾക്കും ഇക്കൊല്ലത്തെ ലോക് സഭാ തെരഞ്ഞെടുപ്പ്
നിർണ്ണായകമാണ്. ഏത് വശത്തേക്കും നീങ്ങാവുന്ന സംസ്ഥാനമാണ് കേരളം: 2004ൽ കോൺഗ്രസിനെ പൂർണ്ണമായും തള്ളിക്കളഞ്ഞു, പക്ഷെ 2009ൽ പുനരധിവസിപ്പിച്ചു. സംസ്ഥാനം കണ്ടതിൽ വെച്ച് ഏറ്റവും
മോശമായ സർക്കാരാണ് ഇപ്പോഴത്തേത്. മുഖ്യമന്ത്രിയുടെ ആപ്പീസ് തട്ടിപ്പുകാരുടെ താവളമാണെന്ന്
വ്യക്തമായതിനെ തുടർന്ന് പേഴ്സണൽ സ്റ്റാഫിൽ പെട്ട ചിലരെ പുറത്താക്കാൻ ഉമ്മൻ ചാണ്ടി നിർബന്ധിതനായി.
നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന് മുഖ്യമന്ത്രി പല തവണ പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ
ആപ്പീസ് ദുർഗന്ധപൂരിതമാക്കിയവർക്കെതിരായ നിയമനടപടികൾ ശരിയായി മുന്നോട്ടു പോകുന്നെന്ന്
വിശ്വസിക്കാൻ കഴിയുന്ന സാഹചര്യം ഇപ്പോഴുമില്ല. വിശ്വസ്തരുടെ വഴിവിട്ട പ്രവൃത്തിയുടെ
ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്തു മുഖ്യമന്ത്രി രാജിവെക്കേണ്ടതായിരുന്നു. പശ്ചിമഘട്ട
സംരക്ഷണം, ആറന്മുള വിമാനത്താവള പദ്ധതി തുടങ്ങി നിരവധി വിഷയങ്ങളിൽ സർക്കാർ വഞ്ചനാപരവും
വിശാല ജനതാല്പര്യങ്ങൾക്ക് വിരുദ്ധവുമായ നിലപാടുകളാണെടുത്തിട്ടുള്ളത്. ഇതോടൊപ്പം പത്ത്
കൊല്ലമായി കേന്ദ്രം ഭരിക്കുന്ന മൻമോഹൻ സിങ് സർക്കാരിന്റെ ജനദ്രോഹ നടപടികളും വിലക്കയറ്റവും
കൂടിയാകുമ്പോൾ കോൺഗ്രസിന്റെ മുന്നിൽ പ്രതിബന്ധങ്ങളേറെയാണ്. അതേസമയം ഉമ്മൻ ചാണ്ടി സർക്കാരിനെ താഴെയിറക്കാൻ
നടത്തിയ സമരങ്ങൾ വിജയം കണ്ടില്ലെന്നത് കോൺഗ്രസിന്റെ അവസ്ഥ പ്രയോജനപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ കഴിവിനെ
കുറിച്ച് സംശയങ്ങളുയർത്തുന്നുണ്ട്.
അധികാരത്തിനുവേണ്ടി മത്സരിക്കുന്ന കക്ഷികളാണ് ജനാധിപത്യ വ്യവസ്ഥയെ നിലനിർത്തുന്നത്. പക്ഷെ പാർട്ടികൾക്ക് തെരഞ്ഞെടുപ്പു
വിജയത്തിനപ്പുറം രാജ്യത്തിന്റെ ഭാവിയെ കുറിച്ച് കൃത്യമായ ധാരണയുമുണ്ടാകണം. വോട്ടർമാർക്കും
അതുണ്ടാകണം. പ്രത്യേകിച്ചും ഫാസിസ്റ്റ് പ്രവണതകൾ പ്രകടമാക്കുന്ന കക്ഷികൾ ശക്തമായ വെല്ലുവിളി ഉയർത്തുമ്പോൾ.(ജനയുഗം, ഫെബ്രുവരി 19, 2014)
No comments:
Post a Comment