ബി.ആർ.പി. ഭാസ്കർ
പത്രലോകത്ത് ശിശുമരണങ്ങൾ ഏറെയാണ്. ഒരോ കൊല്ലവും നമ്മുടെ രാജ്യത്ത് വിവിധ
ഭാഷകളിലായി ആയിരക്കണക്കിന് പുതിയ പ്രസിദ്ധീകരണങ്ങളുണ്ടാകുന്നു. ഇതിൽ ഒരു ചെറിയ ശതമാനത്തിനു
മാത്രമാണ് ബാലാരിഷ്ടതകൾ തരണം ചെയ്ത് മുന്നോട്ടുപോകാൻ കഴിയുന്നത്. നൂറു കൊല്ലം പൂർത്തിയാക്കിയ
മൂന്ന് മലയാള പത്രങ്ങളേയുള്ളു. ആ നിലയ്ക്ക് ഒരു ദിനപത്രം 25 കൊല്ലം പൂർത്തിയാക്കുന്നത്
ഒരു ചെറിയ കാര്യമല്ല. ഈ കാലയളവിൽ ഇന്ത്യയിലും വിദേശത്തുമായി നിരവധി എഡിഷനുകളുള്ള പത്രമായി
മാധ്യമത്തിന് വളരാനായതിൽ അതിന്റെ പ്രവർത്തകർക്ക് ആഹ്ലാദിക്കാം, അതിന്റെ സാരഥികൾക്ക്
അഭിമാനിക്കാം.
മാധ്യമം ദിനപത്രം പിന്നിട്ട കാൽ നൂറ്റാണ്ട് ലോക മാധ്യമ രംഗം വലിയ മാറ്റങ്ങൾക്ക്
സാക്ഷ്യം വഹിച്ച കാലമാണ്. അച്ചടിമാധ്യമം നേരത്തെ വികസിച്ച പാശ്ചാത്യരാജ്യങ്ങളിൽ ആദ്യം
ടെലിവിഷനുമായും പിന്നീട് ഇന്റർനെറ്റുമായുമുള്ള മത്സരത്തിൽ പിടിച്ചു നിൽക്കാനാകാതെ പത്രങ്ങൾ
അടച്ചുപൂട്ടപ്പെടുകയൊ പല തരം അതിജീവനതന്ത്രങ്ങൾ പരീക്ഷിക്കുകയൊ ചെയ്ത കാലഘട്ടമാണിത്.
ടെലിവിഷനുമായുള്ള മത്സരത്തിന്റെ ആദ്യഘട്ടത്തിൽ
പത്രങ്ങളുടെ പ്രചാരത്തിൽ ഇടിവുണ്ടായില്ലെന്നു തന്നെയല്ല, വളർച്ചയുണ്ടാവുകയും ചെയ്തു.
ടെലിവിഷൻ വിശ്വാസ്യത നേടുകയും വാർത്തകൾക്ക് ടെലിവിഷനെ മാത്രം ആശ്രയിക്കുന്ന ഒരു തലമുറ
വളർന്നുവരികയും ചെയതപ്പോഴാണ് പത്രങ്ങളുടെ പതനം ആരംഭിച്ചത്. മലയാളം ഉൾപ്പെടെ
ഇന്ത്യയിലെ
വിവിധ ഭാഷകളിലെ പത്രങ്ങളും ടെലിവിഷൻ ചാനലുകളും തമ്മിലുള്ള മത്സരം ഇപ്പോൾ ആദ്യ ഘട്ടത്തിലാണ്.
പത്രങ്ങളുടെ എണ്ണവും പ്രചാരവും ഇപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇന്റർനെറ്റ്
ഉപഭോക്താക്കളുടെ എണ്ണം കൂടുകയാണെങ്കിലും രാജ്യത്തെ ദിനപത്രങ്ങൾക്കൊ ചാനലുകൾക്കൊ ഇതുവരെ
അത് ഒരു ഭീഷണിയായിട്ടില്ല.
മത്സരം കടുത്തപ്പോൾ പാശ്ചാത്യ ദിനപത്രങ്ങൾ സ്വീകരിച്ച അതിജീവനതന്ത്രങ്ങളിൽ
രണ്ട് പ്രധാനപ്പെട്ട അംശങ്ങളുണ്ടായിരുന്നു. ഗുണമേന്മയുള്ള പത്രങ്ങൾ പ്രധാന സംഭവങ്ങൾ
ആദ്യം ജനങ്ങളിലെത്തിക്കാനുള്ള ടെലിവിഷന്റെ കഴിവ് മനസിലാക്കിക്കൊണ്ട് ഇലക്ട്രോണിക് മാധ്യമങ്ങളേക്കാൾ
അച്ചടി മാധ്യമങ്ങൾക്ക് കൂടുതൽ ഫലപ്രദമായി നിർവഹിക്കാവുന്ന ചുമതലകളിലേക്ക് ശ്രദ്ധ തിരിച്ചു.
അങ്ങനെ വിശകലനത്തിലും വ്യാഖ്യാനത്തിലും ഊന്നൽ കൊടുത്തുകൊണ്ടുള്ള പത്രപ്രവർത്തനശൈലി
വികസിച്ചു. ജനപ്രിയ പത്രങ്ങൾ പ്രാദേശികവത്കരണത്തിന്റെ പാത സ്വീകരിച്ചു. മലയാള പത്രങ്ങളാകട്ടെ
ടെലിവിഷന്റെ വരവിനു മുമ്പു തന്നെ പ്രാദേശികവത്കരണം ആരംഭിച്ചിരുന്നു. സി.ഐ.എ. ബന്ധമുണ്ടെന്ന്
നാഷനൽ ഹെറാൾഡ് പത്രാധിപർ എം. ചലപതി റാവു ആരോപിച്ച ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടും
അത് മുൻകൈയെടുത്ത് സ്ഥാപിച്ച പ്രസ് ഫൌണ്ടെഷൻ ഓഫ് ഏഷ്യ, പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
ഇൻഡ്യ എന്നീ സ്ഥാപനങ്ങളും സംഘടിപ്പിച്ച ശില്പശാലകളിലൂടെ പ്രചരിപ്പിക്കപ്പെട്ട വിജയമന്ത്രങ്ങളിൽ
പ്രാദേശികവത്കരണം കൂടാതെ വാർത്തയുടെ സ്തോഭവത്കരണവും (sensationalization) തൃണവത്കരണവും
(trivialization) ഉൾപ്പെട്ടിരുന്നു. ഒരു പത്രം ഈ പാതയിലൂടെ മുന്നേറുന്നത് കണ്ടപ്പോൾ
മറ്റ് പത്രങ്ങളും അത് പിന്തുടരാൻ തയ്യാറായി.
ഈ മാറ്റം നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് മാധ്യമം പ്രത്യക്ഷപ്പെട്ടത്.
പി.കെ. ബാലകൃഷ്ണന്റെ പത്രാധിപത്യവും വൈക്കം മുഹമ്മദ് ബഷീറിന്റെ അനുഗ്രഹവും കുൽദീപ്
നയ്യാറുടെ ഉദ്ഘാടകനായുള്ള സാന്നിധ്യവും അത് വ്യത്യസ്തത പുലർത്തുമെന്ന പ്രതീക്ഷ തുടക്കത്തിൽ
തന്നെ ഉയർത്തി. ഇതുവരെയുള്ള പ്രവർത്തനം വിലയിരുത്തുമ്പോൾ ആ പ്രതീക്ഷ ഒരളവു വരെ നിറവേറ്റാൻ
അതിന് കഴിഞ്ഞിട്ടുണ്ടെന്ന് കാണാം. സക്കറിയയുമൊത്ത് ഏഷ്യാനെറ്റിൽ പത്രവിശേഷം എന്ന പരിപാടി
അവതരിപ്പിച്ചിരുന്ന കാലത്ത് വലുതും ചെറുതുമായ മലയാളപത്രങ്ങൾ അതിസൂക്ഷ്മമായി പരിശോധിക്കാനുള്ള
അവസരം എനിക്ക് ലഭിക്കുകയുണ്ടായി. ആ പരിപാടിയിൽ ഏറ്റവുമധികം നല്ല പരാമർശങ്ങൾ നേടിയ പത്രം
മാധ്യമം ആയിരിക്കണം.
കേരളത്തിലെ
പത്രങ്ങൾക്ക് വലിയ ചികയൽ കൂടതെ തിരിച്ചറിയാൻ കഴിയുന്ന വിഭാഗീയമായ
അടിത്തറയുണ്ട്. അതിനെ മറികടക്കാൻ മിക്ക പത്രങ്ങളും ബോധപൂർവ്വം
ശ്രമിക്കുന്നുമുണ്ട്.
വിശാലസമൂഹം തന്നെ വിഭജിച്ചു നിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം ശ്രമങ്ങൾ
പരിമിതമായ തോതിൽ
മാത്രമെ വിജയിക്കുകയുള്ളു. സ്തോഭവത്കരണത്തെയും തൃണവത്കരണത്തെയും
ആശ്രയിക്കാതെ, മനുഷ്യാവകാശങ്ങൾ,
പരിസ്ഥിതി സംരക്ഷണം, പാർശ്വവത്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ മുതലായ
വിഷയങ്ങളിൽ ശ്രദ്ധ ചെലുത്തിക്കൊണ്ട് വിഭാഗീയതയെ മറികടക്കാനാണ് മാധ്യമം
ശ്രമിച്ചിട്ടുള്ളത്. സംശയാസ്പദമായ വാണിജ്യ സംരംഭങ്ങളുടെ പരസ്യങ്ങൾ
ഒഴിവാക്കിക്കൊണ്ടും
അവയുടെ പ്രവർത്തനങ്ങളെ തുറന്നു കാട്ടികൊണ്ടും മാധ്യമം മാതൃക
കാട്ടിയിട്ടുമുണ്ട്.
അച്ചടിമാധ്യമത്തിന്റെ ശക്തിദൌർബല്യങ്ങൾ തിരിച്ചറിഞ്ഞ്
ഉചിതമായ തന്ത്രങ്ങൾ മെനയുന്നതിനു പകരം ചില മലയാള പത്രങ്ങൾ ടെലിവിഷനെ അനുകരിക്കുകയാണ് ചെയ്യുന്നത്. മാധ്യമം
അതിന് തുനിഞ്ഞിട്ടില്ല. മത്സരത്തിന്റെ അടുത്ത ഘട്ടത്തിൽ പത്രങ്ങൾക്ക് കൂടുതൽ കടുത്ത
വെല്ലുവിളികൾ നേരിടേണ്ടി വരും. ആ ഘട്ടവും വിജയകരമായി തരണം ചെയ്യാൻ മാധ്യമത്തിന് കഴിയട്ടെ. (മാധ്യമം രജത ജൂബിലി പതിപ്പ്)
1 comment:
അച്ചടി മാധ്യമങ്ങള്‍ വളരട്ടെ... ബാബുജീ .. മാധ്യമങ്ങളുടെ (മാധ്യമത്തിന്റെ മാത്രമല്ല)കാര്യത്തില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ പലര്‍ക്കും ഉണ്ട്.എന്നാല്‍ വായനക്കാര്‍ക്ക് വേണ്ടി പലപ്പോഴും "പച്ചയായ" വാര്‍ത്തകളെ വളച്ചൊടിക്കുകയും,പാര്ശ്വവല്‍ക്കരിക്കലും ഒഴിവാക്കിയാല്‍ ഏതു "മാധ്യമവും" മലയാളികള്‍ നെഞ്ചിലേറ്റും എന്നത് സത്യമാണ്.രജത ജൂബിലി ആഘോഷിക്കുന്ന മാധ്യമത്തിനു ആശംസകള്‍.
Post a Comment