Thursday, February 4, 2010

മലയാളം നമ്മുടെ അഭിമാനം

സാഹിത്യ അക്കാദമിയും മറ്റ് സാംസ്കാരിക സംഘടനകളും ചേർന്ന് സംഘടിപ്പിച്ചിട്ടുള്ള സാംസ്കാരികയാത്ര ഇന്ന് തലസ്ഥാന നഗരത്തിൽ പ്രവേശിച്ചു. “മലയാളം നമ്മുടെ അഭിമാനം” എന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് ഈ സംരഭത്തിന്റെ പ്രധാന ലക്ഷ്യം.

യാത്രയുടെ ഭാഗമായി ഇന്നലെ കഴക്കൂട്ടത്ത് നടന്ന പരിപാടി ഉത്ഘാടനം ചെയ്ത കവി ഏഴാച്ചേരി രാമചന്ദ്രൻ പ്രൌഡോജ്ജ്വലമായ പ്രഭാഷണത്തിൽ തമിഴ് ക്ലാസിക്കുകളായ ചിലപ്പതികാരത്തിന്റെയും മണിമേഖലയുടെയും കർത്താക്കളുടെ കേരളബന്ധം പരാമർശിച്ചുകൊണ്ട് മലയാളത്തിന്റെ പൈതൃകം അവരുടെ കാലത്ത് തുടങ്ങുന്നതാണെന്ന് സമർത്ഥിച്ചു.

തമിഴിനെയും കന്നടയെയും തെലുങ്കിനെയും ക്ലാസിക്കൽ ഭാഷകളായി പ്രഖ്യാപിച്ച ഇന്ത്യാ ഗവണ്മെന്റ് മലയാളത്തിന് ആ പദവി നൽകാത്തതിലുള്ള അമർഷം അദ്ദേഹം ശക്തമായ ഭാഷയിൽ പ്രകടിപ്പിച്ചു. ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ നിരാശ പങ്കു വെയ്ക്കാൻ എനിക്ക് പ്രയാസമില്ല. എന്നാൽ ഉത്തരേന്ത്യാക്കാർക്ക് മലയാളികളോട് എന്തൊ വിരോധമുള്ളതുകൊണ്ട് നമ്മുടെ ഭാഷ തഴയപ്പെടുകയാണെന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിക്കാനാവില്ല.

ഇന്ത്യാ ഗവണ്മെന്റ് 2004 ആണ് ചില ഭാഷകൾക്ക് ക്ലാസിക്കൽ പദവി നൽകാൻ തീരുമാനിച്ചത്. തമിഴിനാണ് അക്കൊല്ലം തന്നെ ആ പദവി നൽകി. അടുത്ത കൊല്ലം സംസ്കൃതത്തിനും 2008ൽ കന്നടയ്ക്കും തെലുങ്കിനും അത് നൽകപ്പെട്ടു. ഉത്തനേന്ത്യാക്കാർക്ക് മറ്റ് തെക്കേ ഇന്ത്യാക്കാരോടില്ലാത്ത വിദ്വേഷം മലയാളികളോടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

ഒരു ഉത്തരേന്ത്യൻ ഭാഷയ്ക്കും ഇതുവരെ ക്ലാസിക്കൽ പദവി നൽകിയിട്ടില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

രാജ്യ സഭയിൽ ഒരു ചോദ്യത്തിന് ഉത്തരം നൽകുമ്പോൾ മന്ത്രി അംബികാ സോണി ക്ലാസിക്കൽ പദവി നൽകുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ വെളിപ്പെടുത്തുകയുണ്ടായി. അവ ഇപ്രകാരമാണ്: ഭാഷയ്ക്ക് 1,500—2,000 കൊല്ലത്തെ പഴക്കമുണ്ടാകണം. പല തലമുറകൾ വിലപ്പെട്ട പൈതൃകമായി കരുതുന്ന പ്രാചീന കൃതികളുണ്ടാകണം. സാഹിത്യപരമായ പാരമ്പര്യം മൌലികമായിരിക്കണം, മറ്റ് ഭാഷകളിൽ നിന്ന് കടം കൊണ്ടതാകരുത്.

മലയാളം ഇന്ന് നേരിടുന്ന പ്രശ്നം അതിന് ക്ലാസിക്കൽ ഭാഷയെന്ന പദവി ഇല്ലെന്നതല്ല, അത് മലയാളി ജീവിതത്തിൽനിന്ന് അകന്നുകൊണ്ടിരിക്കുന്നെന്നതാണ്. മലയാളത്തിൽ പഠിച്ചാൽ മക്കൾക്ക് ഗതിയുണ്ടാവില്ലെന്ന ചിന്തമൂലമാണ് മാതാപിതാക്കൾ വലിയ ത്യാഗം സഹിച്ചും അവരെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ അയക്കുന്നത്. മലയാള ചാനലുകളിലെ പരിപാടികളുടെ പേരുകൾ ശ്രദ്ധിക്കുക. പലതും ഇംഗ്ലീഷിലാണ്. ‘റീയാലിറ്റി ഷോ’യിലെ ജഡ്ജിമാർക്ക് ഇംഗ്ലീഷിന്റെ സഹായം കൂടാതെ പാട്ട് നന്നായെന്നൊ ഇല്ലെന്നൊ പറയാൻ കഴിയുന്നില്ല.

ഏറ്റവും വലിയ പ്രശ്നം അറിവ് തേടുന്നതിന് മലയാളം അപര്യാപ്തമാണെന്നതാണ്. ഏത് വിഷയത്തിലുള്ള ഏറ്റവും പുതിയ അറിവും ഇന്ന് കമ്പ്യൂട്ടറിൽ ലഭ്യമാണ്. അത് ഇംഗ്ലീഷിലായിരിക്കുമെന്ന് മാത്രം. യൂറോപ്യനും ജപ്പാൻ‌കാരനും ചൈനാക്കാരനും കൊറിയാക്കാരനുമൊന്നും ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. കാരണം ഇംഗ്ലീഷിലുള്ള വിവരം അവരുടെ ഭാഷകളിലേക്ക് ഉടനടി പരിഭാഷപ്പെടുത്താനുള്ള സംവിധാനം കമ്പ്യൂട്ടറിൽതന്നെയുണ്ട്. എന്നാൽ ഏതെങ്കിലും ഇന്ത്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്താനുള്ള സൌകര്യമില്ല. മലയാളം നിലനിൽക്കണമെങ്കിൽ അതിലൂടെ അറിവ് നേടാനും ഉപജീവനം നടത്താനും കഴിയണം.

6 comments:

Loser said...

well said sir.Our education system is biggest problem.But for getting job English became a essential thing.so students and parents going to that way.I feel Malayalam should make compulsory in schools and colleges.

chithrakaran:ചിത്രകാരന്‍ said...

ഇംഗ്ലീഷ് ഉടനടി പരിഭാഷയിലൂടെ മലയാളമാക്കുന്ന
ഒരു സോഫ്റ്റ്വെയര്‍ ഉണ്ടായിരുന്നെങ്കില്‍
എത്രമാത്രം സൌകര്യപ്രദമായിരുന്നു !!!
ആദ്യം നമ്മുടെ രാഷ്ട്രീയക്കാരുടെ
സാങ്കേതിക നിരക്ഷരത മാറ്റാന്‍ ഒരു യജ്ഞം
തുടങ്ങിയാലേ രക്ഷയുള്ളു.

B.R.P.Bhaskar said...

ഇക്കാര്യത്തിൽ രാഷ്ട്രീയക്കാരെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയാവില്ല, ചിത്രകാരൻ. സർവകലാശാലാ അധികൃതർ, ഭാഷാപണ്ഡിതന്മാർ തുടങ്ങിയവരുമൊക്കെ ഈവക കാര്യങ്ങളിൽ ഒരു താല്പര്യവുമെടുക്കുന്നില്ലെന്നതാണ് വാസ്തവം. മലയാളം മരിക്കുന്നെന്ന് വിലപിക്കുന്ന എഴുത്തുകാർക്ക് ഭാഷയെ രക്ഷിക്കാൻ എന്ത് ക്രിയാത്മക പരിപാടിയാണുള്ളത്?

കാക്കര - kaakkara said...

മലയാള ഭാഷ നേരിടുന്ന ഭീഷണിക്ക്‌ പരിഹാരമായി 80 കളിൽ കണ്ട ഇംഗ്ലീഷ്‌ മീഡിയത്തിനെതിരെ സമരം ചെയ്യലല്ല പ്രതിവിധി. മലയാളം മീഡിയം വിദ്യാലയങ്ങളിൽ ഇംഗ്ലിഷ്‌ പഠിപ്പിക്കാൻ അറിയുന്ന അദ്ധ്യപകരെ നിയമിക്കലായിരുന്നു. കുറച്ച്‌ കാലം മുൻപ്‌ വരെ വിദ്യാലയങ്ങളിൽ ഇംഗ്ലീഷ്‌ പഠിപ്പിച്ചിരുന്നത്‌ ഇംഗ്ലീഷിൽ നാലാം ക്ലാസ്സും ഗുസ്തിയുമുള്ളവരായിരുന്നു. ഇംഗ്ലിഷിലുള്ള ഉന്നത വിദ്യാഭസത്തിൽ സ്വന്തം കുട്ടികൾ പിന്നോക്കം പോകുന്ന കണ്ട സാധാരണക്കാർ ഇംഗ്ലിഷ്‌ മീഡിയം തേടി നടന്നു. ഇപ്പോൾ മലയാള മീഡിയത്തിൽപോലും ഇംഗ്ലീഷ്‌ മീഡിയം ഡിവിഷനുകൾ ആരംഭിച്ചു തുടങ്ങി! ഭാഷയെ നിലനിറുതേണ്ടത്‌ പട്ടിണിക്കാരുടെ മാത്രം കടമയലല്ലോ?

ഭൂമിപുത്രി said...

മാതൃഭാഷ ഒരു വികാരമായി കൊണ്ടുനടക്കുന്ന ശീലമില്ല മലയാളിയ്ക്ക്,അല്ലേ സർ?
വികാരാവേശം കൂടിയാൽ കുഴപ്പമാണ്,
കുറഞ്ഞാലും കുഴപ്പംതന്നെ.

Jomy Jose said...

മാതൃഭാഷയായ മലയാളം പഠിക്കാതെ തന്നെ ഒരാള്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും ജോലി നേടാനും കഴിയുമെന്ന സ്ഥിതി കേരളത്തില്‍ മാത്രമാണുള്ളള്ളത് .തമിഴ്‌നാടും കര്‍ണാടകയും ആന്ധ്രയും ഉള്‍പ്പടെ എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സ്‌കൂള്‍ പഠനകാലത്ത് മാതൃഭാഷ നിര്‍ബന്ധിതമാണ്.സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ഔദ്യോഗികവും സാമൂഹികവും ഭരണപരവും സാമ്പത്തികവുമായ എല്ലാ ഇടപാടുകളിലും മലയാളത്തിന്റെ ഉപയോഗം നിര്‍ബന്ധിതമായിരിക്കാനുള്ള അവകാശം  ഓരോ മലയാളിയുടെയും ജന്മവകാശമാണ് .മലയാള ഭാഷയിൽ പരിജ്ഞാനം ഇല്ലാത്തവർക്കും ഇനി സർക്കാർ സർവീസിൽ എത്താം എന്ന തീരുമാനം തികച്ചും അനവസരത്തിലുള്ളതായി പോയി.ഭരണ ഭാഷ മലയാള ഭാഷ ആചരിക്കുന്ന വർഷം തന്നെയാണ് ഇത്തരത്തിലുള്ള തെറ്റായ തീരുമാനം ഉണ്ടായിരിക്കുന്നത്. ഇത്തരത്തിലുള്ള നിയമങ്ങളും ഉത്തരവുകളും ഇറക്കുന്നതിന്റെ പിന്നിൽ കേരളത്തിൽ ഒരു ഇംഗ്ലീഷ് അധിനിവേശ ലോബി ഉണ്ടെന്നുള്ളത് വാസ്തവമാണ്.അത് കൊണ്ടാണല്ലോ മലയാളം ഭാഷ യുടെ നിലനില്പിനായി പോരാടേണ്ടി വരുന്നത്. കോടതി ഭാഷ മലയാളമാക്കുന്നതിനെതിരെ ഒരു കൂട്ടം ആളുകള വേറെയും. മലയാളം നന്നായി എഴുതാനും വായിക്കാനും അറിയാത്തവർ എങ്ങനെയാണു സാധാരണ ജനങ്ങളോട് ഇടപെഴുകുന്നത്?പൊതു ജനത്തെ ഭരണത്തിൽ നിന്ന് അകറ്റി നിർത്താനുള്ള എളുപ്പ മാർഗമാണ് ഇംഗ്ലീഷിൽ ഉള്ള ഉത്തരവുകളും ഭരണവും. ഭരണഭാഷ മലയാളമാക്കി മാറ്റിയ സാഹചര്യത്തില്‍, മലയാളം പഠിക്കാത്തവര്‍ സര്‍ക്കാര്‍ സര്‍വീസില്‍ എത്തിയാല്‍ ഫയലുകളില്‍ മലയാളത്തില്‍ കുറിപ്പ് എഴുതാനോ, മലയാളത്തിലെഴുതിയ കാര്യങ്ങള്‍ വായിച്ചു മനസിലാക്കാനോ പോലും കഴിയാതെ വരും.മലയാളം ഭരണ ഭാഷ എന്ന നിലയിലേക്ക് ഉയർത്തപെട്ടു കഴിഞ്ഞു.എന്നാൽ തീരുമാനം നടപ്പാക്കേണ്ട ഉദ്യോഗ വർഗ്ഗം ഇംഗ്ലീഷ് ഭരണം വിടാൻ മടിച്ചു നില്ക്കുകയാണ്.ഇംഗ്ലീഷിൽ എഴുതുന്നതും സംസാരിക്കുന്നതും ഇപ്പൊഴുമൊരു ദുരഭിമാനമായി കൊണ്ട് നടക്കുന്നു.ഭാരതീയരെ അടിമകളെന്നും ഭാരതീയ ഭാഷകളെ അടിമകളുടെ ഭാഷയെന്നും മുദ്ര കുത്തിയ ബ്രിറ്റിഷുകാരുടെ കാൽകീഴിൽ കിടക്കാനാണ് ചിലർക്ക് താല്പര്യം.ഈ കുട്ടി സായിപ്പുമാരുടെ ദേശ സ്നേഹം ഭയങ്കരം തന്നെ.കേരളത്തില്‍ 96 ശതമാനത്തിലധികംപേര്‍ മലയാളം മാതൃഭാഷയായുള്ളവരാണ്. കര്‍ണാടകത്തില്‍ 75 ഉം ആന്ധ്രയില്‍ 89 ഉം തമിഴ്‌നാട്ടില്‍ 83 ഉമാണ് അതത് സംസ്ഥാനഭാഷ മാതൃഭാഷയായുള്ളവര്‍. എന്നിട്ടും ഈ സംസ്ഥാനങ്ങിലൊക്കെ അതത് ഭാഷകള്‍ അറിഞ്ഞാലേ സര്‍ക്കാര്‍ ജോലി ലഭിക്കൂവെന്നാണ് നിയമം. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാഭ്യാസ കച്ചവടക്കാരുടെ ലോബിയുടെ സമ്മര്‍ദവും സര്‍ക്കാരിന്റെ തലതിരിഞ്ഞ ഈ തീരുമാനത്തിനു പിന്നില്‍ ഉള്ളതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.ഇത് തികച്ചും തെറ്റായ നടപടിയാണ്.പ്രതികരിക്കുക,പ്രതിഷേധിക്കുക
malayalatthanima.blogspot.in