Tuesday, February 2, 2010

ഒരു പത്രാധിപരുടെ പ്രദക്ഷിണവഴികളിലൂടെ

മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ഇന്ന് തിരുവനന്തപുരം കേസരി ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്ത എസ്. ജയചന്ദ്രൻ നായരുടെ “എന്റെ പ്രദക്ഷിണവഴികൾ” പത്രാധിപത്യ ജീവിതത്തിനിടയിൽ കണ്ടുമുട്ടിയ പ്രശസ്തരും അപ്രശസ്തരുമായ 150ൽ പരം വ്യക്തികളെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളാണ്.

ചുരുങ്ങിയ വാക്കുകളിൽ ഓരോരുത്തരുടെയും വ്യക്തിത്വത്തിന്റെ സവിശേഷതകൾ ജയചന്ദ്രൻ നായർ വായനക്കാർക്ക് മനസ്സിലാക്കിക്കൊടുക്കുന്നു. വി.ടി. ഭട്ടതിരിപ്പാടിനെ അദ്ദേഹം അവതരിപ്പിക്കുന്നതിങ്ങനെ: “കുറ്റിത്താടിയെ പ്രഭാപൂരമാക്കുന്ന മന്ദഹാസം”. വൈക്കം ചന്ദ്രശേഖരൻ നായരെ അദ്ദേഹം ഓർക്കുന്നത് “പ്രതിഭയെ ധൂർത്തടിച്ച എഴുത്തുക്കാരൻ” ആയാണ്.

ആരോടെങ്കിലുമൊക്കെ കണക്ക് തീർക്കാനാണ് പലരും ഓർമ്മകൾ ചികഞ്ഞെടുക്കുന്നത്. ജയചന്ദ്രൻ നായർ അവരിൽ നിന്ന് വേറിട്ട് നിൽക്കുന്നു. അദ്ദേഹം എല്ലാവരെക്കുറിച്ചും നല്ല കാര്യങ്ങൾ ഓർക്കാനാണാഗ്രഹിക്കുന്നത്. മറ്റ് വശങ്ങൾ അദ്ദേഹത്തിന് അറിയാഞ്ഞിട്ടല്ല. അവയിൽ അദ്ദേഹത്തിന് താല്പര്യമില്ല. കേരള കൌമുദിയുടെ പത്രാധിപരെക്കുറിച്ച് പറയുന്നത് കാണുക: “ഒരുപാട് ബലഹീനതകളും അതിനേക്കാൾ ശക്തിയും അദ്ദേഹത്തിനുണ്ടായിരുന്നു.”

രാഷ്ട്രീയം, സാഹിത്യം, സിനിമ, നാടകം എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞു. ഈ മേഖലകളിൽ പ്രവർത്തിച്ച നിരവധി പ്രമുഖരെ ഈ പുസ്തകത്തിൽ നാം കാണുന്നു. അവർ ഓരോരുത്തരായി കടന്നു പോകുമ്പോൾ ഒരു നീണ്ട സാംസ്കാരിക ഘോഷയത്രക്ക് സാക്ഷ്യം വഹിക്കുന്ന പ്രതീതിയുണ്ടാകുന്നു.

പ്രകാശനകർമ്മം നിർവഹിച്ച അച്യുതാനന്ദനും ആദ്യ കോപ്പി ഏറ്റുവാങ്ങിയ ഒ.എൻ.വി. കുറുപ്പും ആശംസകൾ അർപ്പിച്ച പി. ഗോവിന്ദപ്പിള്ളയും സമകാലിക മലയാളം വാരികയുടെ പത്രാധിപരായ ജയചന്ദ്രൻ നായരുടെ സംഭാവനകളെ പ്രകീർത്തിച്ചു.

പുസ്തകത്തിന്റെ പ്രസാധകർ സൈൻ ബുക്സ്, തിരുവനന്തപുരം, ആണ്.
ഇ-മെയ്ൽ: signbooks@gmail.com
വെബ്‌സൈറ്റ്: www.signbooks.com

വില 250 രൂപ.

No comments: