മറ്റ് പല ആധുനിക സംവിധാനങ്ങളെയും പോലെ മാധ്യമങ്ങളും വിദേശികളില്‍നിന്ന് നമുക്ക് കിട്ടിയതാണ്. പത്രരംഗത്തു പൊതുവിലും, പത്രപ്രവര്‍ത്തനശൈലിയില്‍ പ്രത്യേകിച്ചും, കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകാലത്തുണ്ടായ നല്ലതും ചീത്തയുമായ മാറ്റങ്ങള്‍ക്കെല്ലാം നാം വിദേശികള്‍ക്ക് കടപ്പെട്ടിരിക്കുന്നു. മാധ്യമ വിചാരണ എന്ന പ്രതിഭാസവും ജനിച്ചത് വിദേശത്തുതന്നെ. മാധ്യമങ്ങളുടെ ഇടപെടലുകള്‍ മാധ്യമ വിചാരണകളായി മാറുന്നെന്ന ആക്ഷേപം പാശ്ചാത്യ രാജ്യങ്ങളില്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് കേട്ടുതുടങ്ങിയതാണ്. ഇവിടെ ഈയിടെ മാത്രമാണ് അത് കേട്ടുതുടങ്ങിയത്. അത് ചില ഗുരുതരമായ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. മാധ്യമരംഗത്ത് സമീപകാലത്തുണ്ടായ മാറ്റങ്ങളുടെ വെളിച്ചത്തിലാണ് അവ പരിശോധിക്കപ്പെടേണ്ടത്.
നമ്മുടെ ഭരണഘടനയില്‍ പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് പരാമര്‍ശമില്ല. ഭരണഘടന രൂപീകരിക്കുന്ന വേളയില്‍ അംഗങ്ങള്‍ ഇക്കാര്യം ഉയര്‍ത്തിയപ്പോള്‍ പത്രസ്വാതന്ത്ര്യം പൌരന്മാരുടെ അഭിപ്രായ ആവിഷ്കാര സ്വാതന്ത്ര്യങ്ങളുടെ ഭാഗമാണെന്നും അത് പ്രത്യേകം ഏടുത്തുപറയേണ്ട കാര്യമില്ലെന്നുമുള്ള നിലപാടാണ് ഡോ. ബി. ആര്. അംബേദ്കര്‍ എടുത്തത്. പിന്നീട് സുപ്രീം കോടതിയും നിരവധി വിധികളില്‍ ഇതേ നിലപാട് സ്വീകരിച്ചു. ഇതില്‍നിന്ന് മനസ്സിലാക്കേണ്ട ഒരു വസ്തുത ഇന്ത്യയിലെ പൌരന്മാര്‍ക്കില്ലാത്ത ഒരു സ്വാതന്ത്ര്യവും അവകാശവും മാധ്യമങ്ങള്ക്കില്ലെന്നതാണ്. സ്വാതന്ത്ര്യത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ അധികാരികളെ അലോസരപ്പെടുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനത്തില്‍ നിന്ന് പത്രങ്ങള്‍ വിട്ടുനിന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് സെന്‍സര്‍ഷിപ്പ് നിയന്ത്രണങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ സ്വയംനിയന്ത്രണം പാലിക്കാന്‍ കഴിവുള്ളവരായിരുന്നു. രാജ്യം വര്‍ഗ്ഗീയ കലാപം, സായുധ വിപ്ലവം തുടങ്ങിയവ നേരിടുന്ന സാഹചര്യത്തില്‍ അവര്‍ മൃദുസമീപനം സ്വീകരിക്കാന്‍ തയ്യാറായി.
അടിയന്തിരാവസ്ഥ പത്രപ്രവര്‍ത്തകര്‍ക്ക് പത്രസ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കി കൊടുത്തു. അതോടെ സ്വാതന്ത്ര്യം ഉപയോഗിക്കാന്‍ അവര്‍ സന്നദ്ധരായി. രാജീവ് ഗാന്ധി കേന്ദ്രത്തിലും ജഗന്നാഥ് മിശ്ര ബീഹാറിലും പില്ക്കാലത്ത് പത്രങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളുണ്ടാക്കാന്‍ നടത്തിയ ശ്രമങ്ങളെ അവര്‍ ചെറുത്തു തോല്പിച്ചു. ഇന്ന് പത്രങ്ങള്‍ മാത്രമല്ല പൊതുജനങ്ങളും പത്രസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന ഒരു നിയമവും അംഗീകരിക്കാന്‍ തായ്യാറാവില്ല.
സ്വകാര്യ ദൃശ്യചാനലുകളൂടെ വരവോടെ മാധ്യമ രംഗത്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടു കാലത്ത് വലിയ മാറ്റങ്ങളുണ്ടായി. ഒരു ചുരുങ്ങിയ കാലയളവില്‍ രാജ്യത്ത് 300ല്‍ പരം ചാനലുകളുണ്ടായി. ഇന്ന് വന്‍നഗരങ്ങളില്‍ മാത്രമല്ല കേരളം പോലെയുള്ള പല സംസ്ഥാനങ്ങളിലും മുഖ്യ സംഭവവികാസങ്ങളെക്കുറിച്ച് ജനങ്ങള്‍ ആദ്യം അറിയുന്നത് ടെലിവിഷനിലൂടെയാണ്. എന്നാല്‍ പത്രങ്ങളുടെ പ്രാധാന്യം കുറഞ്ഞിട്ടില്ല. അവ ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്നു. പുതിയ പത്രങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഈ പത്രങ്ങളുടെയും ചാനലുകളുടെയും നടത്തിപ്പിനാവശ്യമായത്ര പരിശീലനം ലഭിച്ച മാധ്യമ പ്രവര്‍ത്തകര്‍ രാജ്യത്തുണ്ടായിരുന്നില്ല. മാധ്യമരംഗത്തിന്റെ വളര്ച്ചയ്ക്കൊത്ത് മാധ്യമപ്രവര്‍ത്തകരെ പരിശീലിപ്പിക്കാനുള്ള സംവിധാനങ്ങള്‍ വികസിച്ചില്ല. ഇതിന്റെ ഫലമായി അപക്വമായ നേതൃത്വത്തിന് കീഴില്‍ വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ സ്ഥാപനങ്ങള്‍ നടത്തുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്.
ഇതേ കാലയളവില്‍ മാധ്യമ ഉടമകളുടെ സമീപനത്തില്‍ ഒരു വലിയ മാറ്റവുമുണ്ടായി. ഒരു വലിയ പത്രസ്ഥാപനത്തിന്റെ ഉടമ പത്രം തനിക്ക് ഒരുല്പന്നം മാത്രമാണെന്നും പത്രവ്യവസായം മറ്റേതൊരു വ്യവസായവും പോലെ ലാഭമുണ്ടാക്കാനുള്ളതാനെന്നും പ്രഖ്യാപിച്ചുകൊണ്ട് പത്രാധിപരെ തരം താഴ്ത്തുകയും പരസ്യം ശേഖരിച്ച് പത്രത്തിന് ലാഭമുണ്ടാക്കി കൊടുക്കുന്ന അഡ്വര്‍ട്ടൈസിങ് മാനേജരെ അദ്ദേഹത്തിനു മുകളില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. വായനക്കാരനെ പ്രലോഭിപ്പിച്ച് ആകര്‍ഷിക്കുന്ന രീതി പത്രലോകത്ത് സാര്‍വത്രികമായി. ടെലിവിഷന്‍ ചാനലുകള്‍ വിജ്ഞാനത്തേക്കാള്‍ ലാഭകരമായ വിനോദത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. വാര്‍ത്താ ചാനലുകളിലും ഇതിന് അനുസൃതമായ മാറ്റങ്ങളുണ്ടായി.
ഈ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ മാധ്യമ ഇടപെടലുകള്‍ വിചാരണകളായി പരിണമിക്കുന്നത് മാധ്യമങ്ങള്‍ വാണിജ്യവത്കരിക്കപ്പെടുകയും അവയുടെ പ്രൊഫഷനല്‍ അടിത്തറ ദുര്‍ബലമാവുകയും ചെയ്തതുകൊണ്ടാണെന്ന് കാണാനാവും. അതിനുള്ള ശരിയായ പരിഹാരം പ്രൊഫഷനലിസം ശക്തിപ്പെടുത്തുകയെന്നതാണ്. അപ്പോഴും ബോധപൂര്‍വമുള്ള തെറ്റായ ഇടപെടലുകള്‍ ഉണ്ടായെന്നിരിക്കും. അതിന് നിയമപരമായി പരിഹാരം തേടേണ്ടിയും വന്നേക്കും. ഈ അടിസ്ഥാനത്തിലാണ് വിചാരണകളായി മാറുന്ന ഇടപെടലുകളെ കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ലാ കമ്മിഷന് മൂന്ന് കൊല്ലം മുമ്പ് നിര്‍ദ്ദേശിച്ചത്. അതിനായി ഒരു കരട് നിയമം അത് സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു.
കേസ് കോടതിയിലെത്തുമ്പോള്‍ വിഷയം ‘സബ് ജൂഡിസ്’ ആകുന്നു. അതിനുശേഷം നീതിപൂര്‍വകമായ വിചാരണക്ക് തടസമാകാവുന്ന എന്തെങ്കിലും പ്രസിദ്ധീകരിച്ചാല്‍ അത് കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരും. ഇക്കാര്യം അറിയാവുന്നതുകൊണ്ട് ഉത്തരവാദിത്വബോധമുള്ള മാധ്യമങ്ങള്‍ അത് ചെയ്യാറില്ല. എന്നാല്‍ അന്വേഷണം നടക്കുന്ന ഘട്ടത്തില്‍, അതായത് കേസ് കോടതിയിലെത്തുന്നതിനു മുമ്പ്, മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് കോടതിയലക്ഷ്യ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. ആ ഘട്ടത്തില്‍ നീതിപൂര്‍വകമായ വിചാരണക്ക് തടസമാകുന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രത്യ്ക്ഷപ്പെടാറുണ്ട്. അവ ചിലപ്പോള്‍ പൊലീസ് പിടികൂടിയവരെ കുറ്റവാളികളായൊ നിരപരാധികളായൊ ചിത്രീകരിക്കാറുമുണ്ട്. ഇത് നീതിപൂര്‍വമായ വിചാരണയ്ക്ക് തടസമാകുന്നു. ഇത്തരം ഇടപെടല്‍ ഒഴിവാക്കാനായി, കേസ് സജീവം (ആക്ടീവ്) ആകുന്ന ഘട്ടത്തില്‍തന്നെ അത് സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കുന്നതിന് ഹൈക്കോടതിക്ക് അധികാരം നല്കുന്ന വ്യവസ്ഥ ലാ കമ്മിഷന് തയ്യാറാക്കിയ കരട് നിയമത്തിലുണ്ട്. വിലക്ക് ഒരാഴ്ചത്തേക്കാവും. ഈ കാലയളവില്‍ ബന്ധപ്പെട്ട മാധ്യമത്തിന് കോടതിയെ സമീപിച്ച് വിലക്ക് നീക്കണമെന്ന് ആവശ്യപ്പെടാം. അപ്രകാരം നീക്കപ്പെടുന്നില്ലെങ്കില് ഏഴ് ദിവസത്തിനുശേഷവും വില്ക്ക് തുടരും. വിലക്ക് ലംഘിച്ചാല്‍ സ്വാഭാവികമായും കോടതിയലക്ഷ്യത്തിന് നടപടിയുണ്ടാകും.
പ്രത്യക്ഷത്തില്‍ കരട് നിയമം വിഭാവന ചെയ്യുന്നത് തികച്ചും യുക്തിസഹമായ നിയന്ത്രണമാണെന്ന് തോന്നാം. വിലക്കുത്തരവിന് കാലാവധി നിശ്ചയിച്ചിട്ടുള്ളതു കൊണ്ട് സെന്‍സര്‍ഷിപ്പിന്റെ സ്വഭാവമില്ലെന്ന് വാദിക്കാവുന്നതാണ്. എന്നാല്‍ ഏത് സാഹചര്യങ്ങളിലാകും കോടതി വിലക്ക് ഏര്പ്പെടുത്തുകയെന്നാലോചിക്കുമ്പോള് ഇത് അത്ര നല്ല നീക്കമല്ലെന്ന് കാണാനാകും. കേരളത്തില്‍ സമീപകാലത്ത് ജനശ്രദ്ധ ആകര്‍ഷിച്ച രണ്ട് കേസുകളാണ് പോള്‍ മുത്തൂറ്റ് വധക്കേസും വര്‍ക്കല ശിവപ്രസാദ് കൊലക്കേസും. ആദ്യത്തേതില്‍ കൊല്ലപ്പെട്ടത് ഒരു വലിയ വ്യവസായിയാണ്. അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ പ്രതിപ്പട്ടികയില്‍ വി.ഐ.പി. ബന്ധങ്ങളുണ്ടെന്ന് കരുതപ്പെടുന്ന ഗൂണ്ടകളുണ്ടായേക്കുമെന്ന സൂചനകളുണ്ടായിരുന്നു. . രണ്ടാമത്തേതില്‍ കൊല്ലപ്പെട്ടത് ഒരു സാധാരണ മനുഷ്യനായിരുന്നു. സംശയത്തിന്റെ നിഴലിലുണ്ടായിരുന്നത് അറിയപ്പെടുന്ന ബന്ധങ്ങളൊന്നുമില്ലാത്ത ഏതാനും ദലിത യുവാക്കളും. രണ്ടിലും കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് കുറ്റം തെളിഞ്ഞതായി അവകാശപ്പെട്ടു. പൊലീസിന്റെ സമീപനത്തെക്കുറിച്ച് സംശയങ്ങള്‍ ജനിപ്പിക്കുന്ന സാഹചര്യങ്ങള്‍ ര്ണ്ടു കേസുജക്കിലും ഉണ്ടായിരുന്നു. എന്നാല്‍ മാധ്യമ വിചാരണയുടെ പരിധിയില്‍ കൊണ്ടുവരാവുന്ന തരത്തിലുള്ള റിപ്പോര്‍ട്ടിങ് ആദ്യ കേസില്‍ മാത്രമെ ഉണ്ടായുള്ളൂ. രണ്ടാമത്തേതില്‍ മാധ്യമങ്ങള്‍ പൊലീസ് ഭാഷ്യം അപ്പാടെ സ്വീകരിച്ചു. അധികാരവും സമ്പത്തുമുള്ളവര്‍ ഇരകളൊ പ്രതികളൊ ആകുമ്പോഴാണ് സാധാരണയായി മാധ്യമങ്ങള്‍ ഇടപെടുന്നതും അന്വേഷണത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതുമെന്ന് ഇതില്‍ നിന്ന് വായിച്ചെടുക്കാവുന്നതാണ്.
നമ്മുടെ നീതിന്യായ വ്യവസ്ഥ ധാരാളം സമയവും പണവും ആവശ്യപ്പെടുന്നതാണ്. അതുകൊണ്ടുതന്നെ അധികാരവും സമ്പത്തുമുള്ളയാള്‍ക്ക് അവയില്ലാത്തയാളേക്കാള് അനുകൂലമായ സാഹചര്യം അത് നല്കുന്നു. ഹൈക്കോടതി വെള്ളിയാഴ്ച ജയില്‍ ശിക്ഷ നല്കിയ വ്യവസായി തിങ്കളാഴ്ച കോടതി കൂടുന്നതുവരെ ജയിലില്‍ കഴിയുന്നത് ഒഴിവാക്കാനായി രണ്ട് ജഡ്ജിമാര്‍ അത്താഴത്തിനുശേഷം അതിലൊരാളുടെ വീട്ടിലിരുന്ന് അപ്പീല്‍ കേട്ട ചരിത്രം നമ്മുടെ സുപ്രീം കോടതിക്കുണ്ട്. എന്നാല്‍ വീട്ടില്‍ നിന്ന് രാത്രി ആട്ടിയോടിപ്പിക്കപ്പെടുന്ന ഒരു ദലിതന് ജഡ്ജിയുടെ വാതിലില്‍ മുട്ടി നീതി ആവശ്യപ്പെടാനാകില്ല. ലാ കമ്മിഷന് നിര്‍ദ്ദേശിച്ചതുപോലെ ഹൈക്കോടതികള്‍ക്ക് മാധ്യമങ്ങള്‍ക്ക് വില്ക്കു കല്പിക്കാനുള്ള അധികാരം നല്കിയാല് തടയപ്പെടുന്നത് രാഷ്ട്രീയസ്വാധീനവും സാമ്പത്തികശേഷിയുമുള്ള വ്യക്തികളെ പ്രതികൂലമാായി ബാധിക്കാനിടയുള്ള വാര്‍ത്തകളാകും. അതിനെ നീതിന്യായവ്യവസ്ഥയുടെ വിജയമായി കാണാനാവില്ല.
യഥാര്‍ത്ഥത്തില്‍ മാധ്യമ വിചാരണയില്‍ അടങ്ങിയിരിക്കുന്ന പ്രശ്നം വ്യത്യസ്ത അവകാശങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണ്. സ്വകാര്യത നിലനിര്‍ത്താനുള്ള അവകാശവും അറിയുവാനുള്ള അവകാശവും തമ്മില്‍ സംഘട്ടനമുണ്ടാകുന്ന ഘട്ടങ്ങളുണ്ട്. ഒന്ന് വ്യക്തിയുടെ അവകാശവും മറ്റേത് സമൂഹത്തിന്റെ പൊതുവായ അവകാശവുമാണ്. ഈ വസ്തുത തിരിച്ചറിഞ്ഞുകൊണ്ടുവേണം അതിന് പരിഹാരം കാണാന്‍. ഒരു അവകാശവും പരമവും നിരുപാധികവുമല്ല. സ്വകാര്യത നിലനിര്‍ത്താനുള്ള അവകാശം എല്ലാ വ്യക്തികള്‍ക്കും ഒരുപോലെ അവകാശപ്പെടാന്‍ കഴിയില്ല. ആരോരുമറിയാതെ എവിടെയൊ സ്വസ്ഥമായി ജീവിതം തള്ളിനീക്കുന്ന ഒരു ബാലകൃഷ്ണനുള്ള സ്വകാര്യത കോടിയേരി ബാലകൃഷ്ണന് അവകാശപ്പെടാനാവില്ല. കാരണം അദ്ദേഹം പൊതുമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ അദ്ദേഹം വഹിക്കുന്ന സ്ഥാനങ്ങള്‍ക്ക് യോജിച്ചതാണോയെന്ന് പരിശോധിക്കാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ട്. പൊതുജനങ്ങള്‍ക്കുള്ള അവകാശം മാധ്യമങ്ങള്‍ക്കുമുണ്ട്.
മാധ്യമങ്ങള്‍ കുറ്റവിചാരണ നടത്തുന്നെന്ന ആക്ഷേപം ഉന്നയിക്കുന്നവര്‍ പ്രശ്നത്തെ നീതിപൂര്‍വകമായ വിചാരണക്കുള്ള കുറ്റാരോപിതനായ വ്യക്തിയുടെ അവകാശവും വിവരങ്ങള്‍ ശേഖരിക്കാനും വിതരണം ചെയ്യാനുമുള്ള മാധ്യമങ്ങളുടെ അവകാശവും. തമ്മില്‍ സംഘട്ടനമായാവാം കാണുന്നത്. എന്നാല്‍ നീതിപൂര്‍വകമായ വിചാരണ എന്നത് പ്രതിയുടെ മാത്രം ആവശ്യമല്ല, സമൂഹത്തിന്റെ പൊതുവായ ആവശ്യമാണ്. മാധ്യമപ്രവര്‍ത്തകരുടെ മനസുകളിലും ഉണ്ടാകേണ്ട ഒന്നാണത്. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കാണുമ്പോള്‍ അത് തുറന്നു കാട്ടുന്ന മാധ്യമം സമൂഹതാല്പര്യം മുന്‍നിര്‍ത്തി പൊതുധര്‍മ്മം നിര്‍വഹിക്കുകയാണ് ചെയ്യുന്നത്.
ദേശീയതലത്തിലും സംസ്ഥാനതലത്തിലും സമീപകാലത്ത് മാധ്യമ ഇടപെടലുകളുടെ ഫലമായി കുറ്റാന്വേഷണത്തിന്റെ ഗതിയില്‍ മാറ്റമുണ്ടായ സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ അവയുടെ പ്രവര്‍ത്തനം പലപ്പോഴും ഗുണപരമായിരുന്നെന്ന് സമ്മതിക്കേണ്ടി വരും. അന്വേഷണത്തിലെ വീഴ്ചകള്‍ മൂലം കൊലക്കേസുകളില്‍ നിന്ന് വിചാരണ കൂടാതെ രക്ഷപ്പെടുമായിരുന്ന സ്വാധീനശേഷിയുള്ള പലരെയും കോടതിയിലെത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മറിച്ചുള്ള അനുഭവങ്ങളും തീര്‍ച്ചയായും ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തില്‍ തൊഴില്‍പരമായ ദൌര്‍ബല്യങ്ങളുടെ ഫലമായുണ്ടായ വീഴ്ചകളുണ്ട്. തൊഴില്മൂല്യങ്ങള് ശക്തിപ്പെടുത്താനായാല്‍ അത്തരം സംഭവങ്ങള്‍ ഒഴിവാക്കാനാവും. മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ഒരിക്കലും ദുരുദ്ദേശ്യത്തോടെ ഇടപെടല്‍ നടത്തില്ലെന്ന്. പറയാനാവില്ല. പക്ഷെ ഏത് സ്ഥാപനത്തെക്കുറിച്ചാണ് അങ്ങനെ പറയാനാകുന്നത്? അധികാരം കയ്യാളുന്ന രാഷ്ട്രീയ കക്ഷികളെക്കുറിച്ചും അവരുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പൊലീസിനെക്കുറിച്ചും തീര്‍ച്ചയായും അങ്ങനെ പറയാനാകില്ല. കോടതിയലെത്തും മുമ്പ് കോടതിയലക്ഷ്യഭീഷണി ഉയര്‍ത്തി മാധ്യമങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം തടസപ്പെടുത്തുന്നത് ഗുണത്തേക്കാളേറെ ദോഷമാവും ചെയ്യുക. കാരണം അത് അന്വേഷണ ഏജന്‍സികളുടെ വഴിപിഴച്ച നീക്കങ്ങള്‍ക്ക് യഥാകാലം തടയിടാനുള്ള അവസരം നഷ്ടമാക്കും.
കേരള സർവകലാശാലാ നിയമ വകുപ്പ് 2009 ഡിസംബർ 1ന് സംഘടിപ്പിച്ച ചർച്ച ഉത്ഘാടനം ചെയ്തുകൊണ്ട് ചെയതുകൊണ്ട് നടത്തിയ പ്രസംഗത്തെ ആസ്പദമാക്കി തയ്യാറാക്കിയതാണ് ഈ ലേഖനം
എന്റെ മറ്റു ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍
BHASKAR
Educational institutions held to ransom
The blessing and curse of real estate boom
How relevant are Gandhi's teachings today?
Modi begins US visit with a PR victory
More stimulus but still not enoughel
KERALA LETTER
A Dalit poet in English, based in Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
No comments:
Post a Comment