Monday, January 18, 2010

മനുഷ്യാവകാശ അവബോധം കുറവായ കേരളം

ബി.ആർ.പി.ഭാസ്കർ

സമ്പൂർണ്ണ സാക്ഷരത, ഉയർന്ന സാമൂഹിക നിലവാരം, മികച്ച പൊതുപ്രവർത്തന പാരമ്പര്യം, ശക്തമായ രാഷ്ട്രീയ അവബോധം – ഇതെല്ലാമുള്ളിടത്ത് ഉയർന്ന മനുഷ്യാവകാശ അവബോധം പ്രതീക്ഷിക്കാവുന്നതാണ്. എന്നാൽ ഇതെല്ലാമുണ്ടായിട്ടും മനുഷ്യാവകാശ അവബോധം കുറവായ പ്രദേശമാണ് കേരളം. ഇത് തത്ത്വവും പ്രയോഗവും തമ്മിലുള്ള പൊരുത്തക്കേടിന്റെ പ്രശ്നം മാത്രമല്ല. അവകാശബോധവും അധികാരമോഹവും തമ്മിലുള്ള വൈരുദ്ധ്യവും ഇതിൽ അടങ്ങിയിരിക്കുന്നു.

അതിക്രൂരവും തികച്ചും വിവേചനപരവുമായ രീതിയിലാണ് കേരളത്തിൽ വർണ്ണ വ്യവസ്ഥ നടപ്പിലാക്കപ്പെട്ടത്. അത് പ്രയോഗപഥത്തിലെത്തിക്കുന്നതിൽ സഹകരിച്ച വിഭാഗത്തോടുപോലും ജാതിമേധാവിത്വം കരുണ കാട്ടിയില്ല. ആയുധധാരികളെന്ന നിലയിൽ ക്ഷത്രിയപദവിക്ക് അർഹരായിട്ടും അവരെ ശൂദ്രരായി നിലനിർത്തി. ക്ഷത്രിയൻ മാത്രമല്ല വൈശ്യനും വേണ്ടെന്നു ജാതിമേധാവിത്വം തീരുമാനിച്ചു. വ്യാപാര മേഖല അത് ഇതരമതസ്ഥർക്കു വിട്ടുകൊടുത്തു.

പത്തൊമ്പതാം നൂറ്റാണ്ടിൽ തുടങ്ങി കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യം വരെ തുടർന്ന വിവിധ പരിപാടികളിലൂടെ ഫ്യൂഡൽ കാലത്ത് രൂപപ്പെട്ട പല കൊടിയ മനുഷ്യാവകാശ ധ്വംസനങ്ങളും ഇല്ലാതാക്കാൻ കേരളത്തിന് കഴിഞ്ഞു. സാമൂഹ്യതലത്തിൽ ആരംഭിച്ച് രാഷ്ട്രീയതലത്തിലേക്ക് വ്യാപിച്ച പരിഷ്കരണപ്രസ്ഥാനങ്ങളാണ് അത് സാധ്യമാക്കിയത്. എല്ലാ പ്രസ്ഥാനങ്ങളും വിമോചനപരമായ പ്രവർത്തനങ്ങളാണ് നടത്തിയതെങ്കിലും എല്ലാവരുടേയും താല്പര്യം ഒരേ തരത്തിലുള്ളവയായിരുന്നില്ല. പഴയ വ്യവസ്ഥ ദുരിതം സമ്മാനിച്ചതിന്റെ ഫലമായി സമൂഹികമായ അവശതകൾ അനുഭവിച്ചിരുന്നവരുടെ ആവശ്യം തുല്യതയും തുല്യാവസരങ്ങളും ആയിരുന്നു. അവ ഉറപ്പാക്കാനായി അവർ വിദ്യാഭ്യാസ സൌകര്യങ്ങൾ തേടി. വ്യവസ്ഥയുടെ ഗുണം അനുഭവിച്ചവരെ പരിഷ്കരണത്തിന്റെ പാതയിലെത്തിച്ചത് ആധുനിക വിദ്യാഭ്യാസത്തിലൂടെ രൂപപ്പെടുന്ന സമൂഹത്തിൽ നിലവിലുള്ള ഉയർന്ന സ്ഥാനം നഷ്ടപ്പെടുമെന്ന ഭയമായിരുന്നു. എങ്ങനെ മേൽക്കോയ്മ നിലനിർത്താമെന്നാണ് അവർ ആലോചിച്ചത്. ആ വിഭാഗങ്ങളിലെ യുവാക്കളാണ് സമൂഹ്യ നവീകരണ പരിപാടികളുമായി മുന്നോട്ടുവന്നത്. മുതിർന്ന തലമുറയ്ക്ക് അതിൽ വലിയ താല്പര്യമുണ്ടായിരുന്നില്ല. ഒരു ഘട്ടം കഴിഞ്ഞപ്പോൾ യുവാക്കൾ സാമൂഹ്യതലത്തിൽ നിന്ന് പിൻ‌വാങ്ങുകയും രാഷ്ട്രീയ മാറ്റത്തിനായുള്ള ശ്രമത്തിൽ പങ്കാളികളാവുകയും ചെയ്തു. അതൊടെ അവരുടെ ലക്ഷ്യം പുതിയ സാമൂഹ്യക്രമം എന്നതിനു പകരം രാഷ്ട്രീയാധികാരമായി. അങ്ങനെ “ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേനെ വാഴുന്ന മാതൃകാസ്ഥാനം“ എന്ന ഉദാത്തമായ നവോത്ഥാന സങ്കല്പം സഫലമാകാതെ പോയി.

ആധുനിക വിദ്യാഭ്യാസം ഇന്ത്യയൊട്ടുക്ക് ഒരു മദ്ധ്യവർഗ്ഗ സമൂഹത്തെ രൂപപ്പെടുത്തി. മദ്ധ്യവർഗ്ഗത്തിനു മേൽകൈയുള്ള സംസ്ഥാനമാണ് ഇന്നത്തെ കേരളം. മാർക്സ് തന്റെ ചുറ്റും കണ്ട തരത്തിലുള്ള മുതലാളിവർഗ്ഗവും തൊഴിലാളിവർഗ്ഗവും ഇവിടെ ഒരിക്കലും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ വിദേശപ്പണവുമായെത്തുന്നവരടങ്ങുന്ന ഒരു പുതിയ മുതലാളിവർഗ്ഗം ഉയർന്നു വരുന്നുണ്ട്. മലയാളികൾക്ക് താല്പര്യമില്ലാത്ത താണ ജോലികൾ ചെയ്യാൻ പുറത്തുനിന്നു വരുന്നവരടങ്ങുന്ന ഒരു പുതിയ തൊഴിലാളി വർഗ്ഗവും ഉയർന്നു വരുന്നുണ്ട്. മദ്ധ്യവർഗ്ഗത്തെ നയിക്കുന്നത് സ്വാർത്ഥതാല്പര്യമാണ്. അവർക്ക് ലഭിക്കുന്ന വിദ്യാഭ്യാസം സ്വാർത്ഥതയെ മറികടക്കാൻ അവരെ പ്രാപ്തരാക്കുന്നില്ല. സ്വന്തം കാര്യം നോക്കാനാണ് അത് അവരെ പഠിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ മനുഷ്യാവകാശ അവബോധം കുറവായതിൽ അത്ഭുതപ്പെടാനില്ല.

ആരെല്ലാമാണ് കേരളത്തിലെ മദ്ധ്യവർഗ്ഗത്തിലുള്ളത്? പഴയ വ്യവസ്ഥയിലെ മേലാളർ ഏതാണ്ട് പൂർണ്ണമായും അതിലുണ്ട്. അതേസമയം കീഴാളർ ഏതാണ്ട് പൂർണ്ണമായും അതിനു പുറത്താണ്. പട്ടികജാതികളിൽ നിന്ന് തീരെ ചെറിയ ശതമാനത്തിനും പട്ടിക വർഗ്ഗങ്ങളിൽ നിന്ന് അതിലും ചെറിയ ശതമാനത്തിനും മാത്രമാണ് വിദ്യാഭ്യാസവും ഉദ്യോഗങ്ങളും നേടിക്കൊണ്ട് മദ്ധ്യവർഗ്ഗനിരയിലെത്താനായിട്ടുള്ളത്. പിന്നോക്ക വിഭാഗങ്ങളെന്ന് വിവക്ഷിക്കപ്പെടുന്നവരിൽ നിന്ന് കുറേക്കൂടി കൂടുതൽ പേർക്ക് മദ്ധ്യവർഗ്ഗ കൂട്ടായ്മയിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ അവരിലെയും ഭൂരിഭാഗം അതിനു പുറത്താണ്. വീടില്ലാത്തവരുടെയും ഭൂമിയില്ലാത്തവരുടെയും ദാരിദ്ര്യരേഖക്കു താഴെ കഴിയുന്നവരുടെയും കണക്കുകൾ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. പഴയ വ്യവസ്ഥയിൽ ഇല്ലായ്മ അനുഭവിച്ചവരിലേറെയും പുതിയ വ്യവസ്ഥയിലും ഇല്ലായമ അനുഭവിക്കുന്നു. നാം ഏറെ അഭിമാനം കൊള്ളുന്ന സാമൂഹ്യ പുരോഗതിയുടെ പരിമിതമായ സ്വഭാവം ഇത് വ്യക്തമാക്കുന്നു. ‘വിപ്ലവകര‘മെന്ന് അധികാരി വർഗ്ഗം അവകാശപ്പെടുന്ന ഭൂപരിഷ്കരണത്തിന്റെ പരിധിയിൽനിന്ന് കർഷകത്തൊഴിലാളികൾ -- ഇവരിലേറെയും ദലിതർ ആയിരുന്നെവെന്ന് ഓർക്കുക -- പൂർണ്ണമായും ഒഴിവാക്കപ്പെട്ടതുകൊണ്ട് അതും സാമൂഹികമാറ്റം ആവശ്യപ്പെട്ടില്ല.

കേരളത്തിലെ ശോചനീയമായ മനുഷ്യാവകാശ നിലവാരത്തിന് മറ്റൊരു കാരണം കൂടിയുണ്ട്. അത് അവകാശ സംരക്ഷകരാകേണ്ട പ്രസ്ഥാനങ്ങൾ അധികാരത്തിന്റെ ഭാഗമായെന്നതാണ്. ഒരു ആധുനിക ജനാധിപത്യ വ്യവസ്ഥയിൽ മനുഷ്യാവകാശ പോരാട്ടത്തിന്റെ മുൻ‌നിരയിലുണ്ടാകേണ്ടവർാണ് പൊലീസുകാർ. കാരണം അവർ ജനങ്ങൾക്ക് സംരക്ഷണം നൽകാനായി ആയുധം പേറുന്നവരാണ്. എന്നാൽ പൊലീസ് സേനയുടെ ഫ്യൂഡൽ-കൊളോണിയൽ പാരമ്പര്യം അവരെ മനുഷ്യാവകാശ ധ്വംസനത്തിന്റെ മുൻ‌നിരക്കാരാക്കിയിരിക്കുന്നു. സംഘടിതശക്തിയിലൂടെയാണ് പല വിഭാഗങ്ങളും അവശതകളിൽ നിന്ന് മോചനം നേടിയിട്ടുള്ളത്. എല്ലാ സംഘടിത ശക്തികളും സ്ഥാപനവത്കരിക്കപ്പെട്ടു കഴിയുമ്പോൾ മറ്റ് വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്ക് ഭീഷണിയാകുന്നു. കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും അവയുടെ നിയന്ത്രണത്തിലുള്ള വിദ്യാർത്ഥി, യുവജന, തൊഴിലാളി സംഘടനകളുടെയും പ്രവർത്തനങ്ങളിൽ ഇത്തരത്തിലുള്ള ഭാവമാറ്റം കാണാവുന്നതാണ്. എല്ലാറ്റിനേയും പാർട്ടി കൊടികൾക്കു കീഴിൽ കൊണ്ടുവരാനുള്ള ഒരു പ്രവണത നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുണ്ട്. അതിന്റെ ഫലമായി പൊതുസമൂഹത്തിന്റെ ഭാഗമാകേണ്ട പല സംഘടനകളും രാഷ്ട്രീയ കക്ഷികളുടെ ഉപകരണങ്ങളായി തീർന്നിട്ടുണ്ട്. ഈ സാഹചര്യങ്ങൾ മാറാതെ സാമൂഹിക വളർച്ചയ്ക്കനുസരിച്ചുള്ള മനുഷ്യാവകാശ അവബോധം പ്രതീക്ഷിക്കാവുന്നതല്ല. (ഭരണചക്രം മാസിക, ജനുവരി 2010)

No comments: