Saturday, January 23, 2010

ഉടൻ ആവശ്യമുണ്ട് 10,000 സ്ത്രീകളെ

ബി.ആര്‍.പി.ഭാസ്കര്‍

ഒരു പത്രത്തിലും നിങ്ങള്‍ ഇങ്ങനെയൊരു പരസ്യം കാണില്ല: “ഉടന്‍ ആവശ്യമുണ്ട്. 10,000 സ്ത്രീകളെ”. തൊഴിലന്വേഷിച്ചു നടക്കുന്നവര്‍ പ്രതീക്ഷയോടെ വായിക്കുന്ന പ്രസിദ്ധീകരണങ്ങളില്‍ വാര്‍ത്തയായും ഈ വിവരമുണ്ടാണ്ടാകില്ല. പക്ഷെ ഇത് സത്യമാണ്. രാഷ്ട്രീയ കേരളത്തിന് അടിയന്തിരമായി പതിനായിരത്തില്‍‌പരം സ്ത്രീകളെ ആവശ്യമുണ്ട്. സാമാന്യം നല്ല സേവന വേതന വ്യവസ്ഥകള്‍ ലഭ്യമാണ്. യോഗ്യതാ മാനദണ്ഡം വളരെ ലളിതവും. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായമുണ്ടാവണം. അത്രതന്നെ.

ഇന്ത്യയില്‍ ആണുങ്ങളേക്കാള്‍ കൂടുതല്‍ പെണ്ണുങ്ങളുള്ള ഒരേ ഒരു സംസ്ഥാനം കേരളമാണ്. ഇവിടെ തൊഴിലന്വേഷിച്ചു നടക്കുന്നവരിലും സ്ത്രീകളാണ് കൂടുതല്‍. ഈ വര്‍ഷം സര്‍ക്കാര്‍ നിയമസഭയില്‍ വെച്ച സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്തെ എം‌പ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്ന 39.53 ലക്ഷം പേരില്‍ 23.08 ലക്ഷം-– 58 ശതമാനം —സ്ത്രീകളാണ്. എല്ലാ ജില്ലകളിലും തൊഴില്‍തേടുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്.

അടുത്ത കൊല്ലം നടക്കാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് സ്ത്രീകള്‍ക്ക് 10,000ല്‍ പരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത്. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീപ്രാതിനിധ്യം 33 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്താനുള്ള കേന്ദ്ര തീരുമാനമാണ് ഇത് സാധ്യമാക്കിയിട്ടുള്ളത്. ഈ തീരുമാനം നടപ്പാക്കാനാവശ്യമായ നിയമ ഭേദഗതി കേരള നിയമസഭ പാസാക്കി ക്കഴിഞ്ഞു.

സംസ്ഥാനത്ത് ഏകദേശം 1,000 ഗ്രാമ പഞ്ചായത്തുകളും 150ല്‍ പരം ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തുകളുമാണുള്ളത്. (പുനര്‍നിര്‍ണ്ണയ പ്രക്രിയയുടെ ഫലമായി സ്ഥാപനങ്ങളുടെയും വാര്‍ഡുകളുടെയും എണ്ണത്തില്‍ മാറ്റമുണ്ടാകുമെന്നതു കൊണ്ടാണ് കൃത്യമായ എണ്ണം പറയാതെ ഏകദേശ കണക്കുകള്‍ നല്‍കുന്നത്.) കൂടാതെ 50ല്‍ പരം മുനിസിപ്പാലിറ്റികളും അഞ്ച് കോര്‍പ്പറേഷനുകളുമുണ്ട്. എല്ലാറ്റിലും കൂടി 22,000ല്‍ പരം അംഗങ്ങള്‍. അതായത് സംവരണം ചെയ്യപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കാന്‍ 11,000ല്‍ പരം സ്തീകളെ വേണം. ഏകദേശം 500 പേരെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആകാനും അത്രതന്നെ പേരെ വൈസ് പ്രസിഡന്റ് ആകാനും, 75ല്‍ പരം പേരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആകാനും, ഏഴ് പേരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആകാനും 26 പേരെ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ആകാനും മൂന്നു പേരെ സിറ്റി മേയര്‍ ആകാനും വേണം.

ഇതൊരു പുതിയ സാഹചര്യമല്ല. പഞ്ചായത്തിന്റെ മൂന്നു തലങ്ങളിലും സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം ഏര്‍പ്പെടുത്തിയപ്പോഴും ഇതുപോലൊരു സാഹചര്യം നാം നേരിടുകയുണ്ടായി. അതിനുമുമ്പ് ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മത്സരിക്കാന്‍ ഒരു പാര്‍ട്ടിക്ക് ഒന്നൊ രണ്ടൊ സ്ത്രീകള്‍ മതിയായിരുന്നു. സ്ത്രീയിലൂടെ കുടുംബസ്വത്ത് കൈമാറുന്ന മരുമക്കത്തായ സമ്പ്രദായം പല നൂറ്റാണ്ടുകാലം നിലനിന്ന നാടായതുകൊണ്ട് ഇവിടെ സ്ത്രീകള്‍ക്ക് മറ്റ് പ്രദേശങ്ങളിലേതിനേക്കാള്‍ മെച്ചപ്പെട്ട പദവിയുണ്ടായിരുന്നു. അതുകൊണ്ട് ഒന്നൊ രണ്ടൊ സ്ത്രീകളെ കണ്ടെത്തുന്നത് പ്രയാസമുള്ള കാര്യമായിരുന്നില്ല. പക്ഷെ മൂന്നിലൊന്ന് സംവരണം വന്നപ്പൊഴേക്കും മരുമക്കത്തായ വ്യവസ്ഥയുടെ സ്വാധീനം തുടച്ചുനീക്കി പൂര്‍ണ്ണ പുരുഷാധിപത്യം സ്ഥാപിക്കപ്പെടുകയും അതിന്റെ ഫലമായി പൊതുരംഗത്തു നിന്ന് സ്ത്രീകള്‍ നിഷ്ക്രമിച്ചു തുടങ്ങുകയും ചെയ്തിരുന്നു. അതോടെ അക്കമ്മ ചെറിയാനെയും എ. വി. കുട്ടിമാളു അമ്മയെയും സൃഷ്ടിച്ച കോണ്‍ഗ്രസിനും കെ. ആര്‍. ഗൌരിയെയും റോസമ്മ പുന്നൂസിനെയും വളര്‍ത്തിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും നേതൃഗുണമുള്ള സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്തു. ഇന്ന് ഏറ്റവും വലിയ കക്ഷിക്കും, ഏറിയാല്‍, ഒരു പി.കെ.ശ്രീമതിയെ സൃഷ്ടിക്കാനുള്ള കഴിവേയുള്ളു. കുറേ കാലമായി സംസ്ഥാനത്ത് മാറിയും തിരിഞ്ഞും അധികാരത്തിലേറുന്ന മുന്നണികളിലെ മറ്റ് ഘടക കക്ഷികളുടെ കാര്യം അതിലും പരിതാപകരമാണ്. അവരുടെ നിയമസഭാ കക്ഷികളില്‍ സ്ത്രീവേഷമേയില്ല.

നേതാക്കന്മാരുടെ ഭാര്യമാരെയും മക്കളെയും മത്സരരംഗത്തിറക്കിയാണ് പാര്‍ട്ടികള്‍ പഞ്ചായത്തുകളിലെ മൂന്നിലൊന്ന് സ്ഥാനങ്ങള്‍ നിറയ്ക്കാനാവശ്യമായ സ്ത്രീകളെ കണ്ടെത്തിയത്. കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ആവശ്യമായ വലിയ കക്ഷികള്‍ക്ക് നേതൃകുടുംബങ്ങള്‍ക്കു പുറത്തു നിന്നും സ്ഥാനാര്‍ത്ഥികളെ കണ്ടെത്തേണ്ടി വന്നു. അവര്‍ യുവജന-വിദ്യാര്‍ത്ഥി പോഷക സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നവരെ കൂടി അണിനിരത്തി. ഏറ്റവും വിജയകരമായി ഇത് ചെയ്തത് സി.പി.എം. ആണ്. വനിതാ സംവരണ സീറ്റുകളിലെ മികച്ച പ്രകടനം ത്രിതല പഞ്ചായത്തുകളില്‍ വലിയ വിജയം കൈവരിക്കാന്‍ അതിനെ സഹായിച്ചു.

കൂടുതല്‍ സ്ഥാനാര്‍ത്ഥിനികള്‍ ആവശ്യമായ സാഹചര്യത്തില്‍ വലിയ കക്ഷികള്‍ അവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സി.പി.എമ്മില്‍ ഇപ്പോള്‍ പല തലങ്ങളിലുള്ള ഘടകങ്ങള്‍ ഈ പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇന്‍ഡ്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ അടുത്തിടെ ചേര്‍ന്ന സംസ്ഥാന നേതൃയോഗം പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആവശ്യം മുന്നില്‍കണ്ടുകൊണ്ട് വനിതാ വിഭാഗത്തിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്താന്‍ തീരുമാനിക്കുകയുണ്ടായി. വനിതാ ലീഗ് ശക്തിപ്പെടുത്തുന്നതിന് പ്രേരകമായി ലീഗ് നേതൃത്വം ചൂണ്ടിക്കാണിച്ച ഒരു വസ്തുത ജമാത്തെ ഇസ്ലാമിയുടെ മഹിളാ വിഭാഗം ഈയിടെ കൂടുതല്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ടെന്നതാണ്. ഇത് രണ്ടും കൂട്ടിവായിക്കുമ്പോള്‍ ഇസ്ലാമിക സമൂഹത്തിലെ വിഭാഗീയശക്തികള്‍ വ്യാപകമായ ബലപരീക്ഷണത്തിന് തയ്യാറെടുക്കുകയാണെന്ന സൂചനയാണ് ലഭിക്കുന്നത്. മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പു വേളയില്‍ ഇത് പ്രകടമാകുമെന്ന് കരുതാം. അതോടെ കക്ഷിരാഷ്ട്രീയം മലീമസമാക്കിക്കഴിഞ്ഞ പ്രാദേശിക സ്വയംഭരണ തെരഞ്ഞെടുപ്പ് രംഗത്ത്, സംസ്ഥാന ദേശീയ തെരഞ്ഞെടുപ്പ് രംഗങ്ങളിലെന്ന പോലെ, ജാതിമത വിഭാഗീയതകള്‍ അവശേഷിപ്പിക്കുന്ന മാലിന്യങ്ങളും പ്രത്യക്ഷപ്പെടും.

വനിതാ സംവരണത്തിന്റെ ഫലമായുണ്ടായ മാറ്റങ്ങള്‍ വിലയിരുത്തുന്ന നിരവധി പഠനങ്ങള്‍ ഉതിനകം ഉണ്ടായിട്ടുണ്ട്. സംവരണം ഏര്‍പ്പെടുത്തിയ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ വിജയിച്ച നിരവധി സ്ത്രീകള്‍ തങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥികളാകാന്‍ തീരെ താല്പര്യമുണ്ടായിരുന്നില്ലെന്ന് ഒരു ഗവേഷകയോട് പറയുകയുണ്ടായി. പാര്‍ട്ടി പറഞ്ഞതുകൊണ്ടാണ് നിന്നതെന്ന് ചിലര്‍ വ്യക്തമാക്കി. തന്നോട് സമ്മതം പോലും ചോദിക്കാതെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതെന്ന് ഒരാള്‍പറഞ്ഞു. സജീവരാഷ്ട്രീയത്തിലുള്ള അച്ഛന്‍ പറഞ്ഞതുകൊണ്ട് താന്‍ നിന്നു എന്നാണ് ഒരു യുവതി പറഞ്ഞത്.

പഞ്ചായത്തംഗങ്ങളായ പല സ്ത്രീകളും വീണ്ടും മത്സരിക്കാന്‍ താല്പര്യമില്ലെന്ന് പറഞ്ഞതായി 2002ല്‍ പുറത്തു വന്ന ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പുരുഷമേധാവിത്വവുമായുള്ള ഇടപെടലുകളിലെ തിക്താനുഭങ്ങളാണ് അവരെ അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്. തന്റേടത്തോടെ പ്രവര്‍ത്തിച്ച ചിലര്‍ തങ്ങള്‍ക്ക് അവഹേളനവും അപഖ്യാതിയും നേരിടേണ്ടി വന്നതായി വെളിപ്പെടുത്തി. കാലക്രമത്തില്‍ സ്ഥിതി അല്പം മെച്ചപ്പെട്ടതായും തങ്ങള്‍ പറയുന്നത് കേള്‍ക്കാനുള്ള സന്മനസ് പുരുഷന്മാര്‍ കാട്ടി തുടങ്ങിയതായും ചില സ്ത്രീകള്‍ പറഞ്ഞു.

ഒരു വനിതാ അംഗത്തിന് നല്‍കുന്ന സ്വാതന്ത്ര്യം കൂടുതല്‍ അധികാരങ്ങളുള്ള വനിതാ പഞ്ചായത്ത് പ്രസിഡന്റിന് നല്‍കാന്‍ ഒരു പാര്‍ട്ടിയും തയ്യാറില്ലെന്നതാണ് വാസ്തവം. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ച പ്രസിഡന്റുമാര്‍ക്ക് കടിഞ്ഞാണിടാന്‍ ഏതറ്റം വരെ പോകാനും കക്ഷികള്‍ക്ക് മടിയില്ല. കാസര്‍കോട് ജില്ലയിലെ പുതിഗെയില്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഫാത്തിമ സുഹ്രയുടെ വീട് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തീയിട്ട് നശിപ്പിച്ചതായി 1997ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈയിടെ തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അലോഷി അലക്സിനെ സ്വന്തം പാര്‍ട്ടി അവിശ്വാസപ്രമേയത്തിലൂടെ നീക്കിയിട്ട് മറ്റൊരാളെ അവരോധിച്ചു. പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തിന്റെ കല്പനകള്‍ നിരസിച്ചതിനാണ് ഇരുവരും ശിക്ഷിക്കപ്പെട്ടത്. അലോഷി അലക്സിനെ പ്രതിരോധിക്കാന്‍ സ്ഥലവാസികള്‍ ഒരു വിഫലശ്രമം നടത്തി. പഞ്ചായത്ത് ആപ്പീസ് ഉപരോധിച്ചുകൊണ്ട് അവര്‍ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനുള്ള യോഗം തടഞ്ഞു. കൂട്ടം കൂടുന്നത് നിരോധിച്ചുകൊണ്ട് മജിസ്ട്രേട്ട് ഉത്തരവ് പുറപ്പെടുവിച്ച ശേഷം പഞ്ചായത്ത് രണ്ടാമതും യോഗം വിളിച്ചു. നിരോധനാജ്ഞ ലംഘിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ വലിയ പൊലീസ് സംഘവും നിയോഗിക്കെപ്പെട്ടു.

പുരുഷാധിപത്യം സ്ത്രീയുടെ പൊതുമണ്ഡലം പരിമിതപ്പെടുത്തുന്ന സാഹചര്യം സംസ്ഥാനത്ത് നിലനില്‍ക്കുന്നതായി 2006നും 2008നുമിടയ്ക്ക് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിലെ എസ്. ഇരുദയരാജനും ജെ. ദേവികയും വിലയിരുത്തുകയുണ്ടായി. അതേസമയം അവര്‍ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയ കക്ഷികളിലെ അധികാരശൃംഖല ദുര്‍ബലമാകുന്നതോടെ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്ന വിശ്വാസമാണ് ശുഭപ്രതീക്ഷയുടെ അടിസ്ഥാനം. എന്നാല്‍ ഏറ്റവും കൂടുതല്‍ വനിതാ പഞ്ചായത്ത് പ്രസിഡന്റുമാരുള്ള കക്ഷിയില്‍ അധികാരശൃംഖല ദുര്‍ബലപ്പെടുന്നതിന്റെ ലക്ഷണമൊന്നും കാണാനില്ല. . പോളിറ്റ്ബ്യൂറോതലം വരെ ഉയര്‍ന്ന മുഖ്യമന്ത്രിയെ താഴ്ത്തിക്കെട്ടി കൂച്ചുവിലങ്ങിടാന്‍ കഴിവുള്ള കക്ഷിയാണത്. ഒരു പഞ്ചായത്ത് അധ്യക്ഷക്ക് എന്ത് പ്രവര്‍ത്തന സ്വാതന്ത്ര്യമാണ് അത് നല്‍കുക? അധികാരശൃംഖല ദുര്‍ബലപ്പെട്ടാല്‍ തന്നെയും അതിന്റെ പ്രയോജനം സ്ത്രീകള്‍ക്ക് ലഭിക്കുമെന്ന് കരുതാന്‍ ന്യായമില്ല. പൊതുമണ്ഡലത്തില്‍ സ്ത്രീയുടെ സ്ഥാനം പരിമിതപ്പെടുത്തുന്ന പ്രധാന ഘടകം പുരുഷാധിപത്യമാണ്. അതില്‍ അയവുണ്ടാകാത്തിടത്തോളം നില മെച്ചപ്പെടില്ല.

പാര്‍ട്ടികള്‍ക്ക് പോഷക സംഘടനകളില്‍ നിന്ന് കിട്ടിയ പല സ്ഥാനാര്‍ത്ഥികളും സര്‍ക്കാര്‍ ജോലിക്ക് അപേക്ഷ കൊടുത്തിട്ട് കാത്തിരിക്കുന്നവരായിരുന്നു. നിയമനം ലഭിച്ചപ്പോള്‍ അവര്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനം ഉപേക്ഷിച്ച് സ്ഥിരതയുള്ള സര്‍ക്കാര്‍ ജോലി സ്വീകരിച്ചു. ഒരു സ്ത്രീ പഞ്ചായത്ത് അദ്ധ്യക്ഷ പദവി അതേ പഞ്ചായത്തിന്റെ കീഴില്‍ തൂപ്പുകാരിയായി ജോലി സ്വീകരിച്ചതായി ഏതാനും കൊല്ലം മുമ്പ് വാര്‍ത്തയുണ്ടായിരുന്നു. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടാണ് പഞ്ചായത്തുകളില്‍ വനിതാ സംവരണം ഏര്‍പ്പെടുത്തിയത്. ലക്ഷ്യം നിറവേറ്റുന്നതില്‍ വിജയിക്കുന്നെന്ന വിശ്വാസമാകണം പ്രാതിനിധ്യം 33ല്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ പ്രേരിപ്പിച്ചത്. ശാക്തീകരണം നടക്കുന്നെങ്കില്‍ ഒരു സ്ത്രീ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ച് തൂപ്പുകാരിയാകുമോ? രാഷ്ട്രീയരംഗത്ത് പുരുഷാധിപത്യം തുടരുന്നിടത്തോളം സംവരണത്തിന് സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കാനല്ലാതെ ശാക്തീകരണം ഉറപ്പാക്കാന്‍ കഴിയുകയില്ല. സംവരണത്തോത് ഉയര്‍ത്തുമ്പോള്‍ പ്രാതിനിധ്യം ഉയരും. പക്ഷെ അത് ശാക്തീകരണത്തിലേക്ക് നയിക്കുകയില്ല. പാര്‍ട്ടി അച്ചടക്ക സംവിധാനം ഉപയോഗിച്ചും സാമദാനഭേദദണ്ഡമുറകള്‍ പ്രയോഗിച്ചും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്ന സ്ത്രീകളെ പാര്‍ട്ടികള്‍ തുടര്‍ന്നും അടിമപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പ്രദായിക കക്ഷിരാഷ്ട്രീയ സംവിധാനങ്ങള്‍ക്കു പുറത്ത് സ്ത്രീകള്‍ക്ക് ശക്തി സംഭരിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ സ്ത്രീശാക്തീകരണം യാഥാര്‍ത്ഥ്യമാകൂ. പഞ്ചായത്തുകളിലെ ഉയര്‍ന്ന സ്ത്രീപ്രാതിനിധ്യം അതിനുള്ള അവസരം തുറക്കുന്നുണ്ട്. അത് പ്രയോജനപ്പെടുത്താന്‍ കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമല്ലാത്ത സ്ത്രീസംഘടനകള്‍ക്കാകുമൊ എന്നതാണ് പ്രശ്നം. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജനുവരി 17, 2010)

5 comments:

ഹരിത് said...

ഒരു സംസ്ഥാനത്തിലും കൂടെ സ്ത്രീകള്‍ കൂടുതലാണെന്നറിയുന്നു ബീ ആര്‍ പീ സര്‍,- ഛത്തീസ്ഗഡ്..

poor-me/പാവം-ഞാന്‍ said...

Read in Mathru bhumi.Political parties (such as Muslim leauge) have to start picking up of talented women from society They have to develop their public speaking skill ,interaction with mass, ability in identifying and solving local problems.Then I hope every thing will be OK.

chithrakaran:ചിത്രകാരന്‍ said...

പുരുഷന്മാര്‍ ഏതാണ്ട് നശിച്ചുകഴിഞ്ഞു... ഇനി സ്ത്രീകളെക്കൂടി നശിപ്പിച്ചു തീര്‍ത്താല്‍
എല്ലാ പുളിപ്പും മാറിക്കിട്ടും !
ഭീകരമാണ് നമ്മുടെ സാംസ്ക്കാരിക ജീര്‍ണ്ണത.
സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ ഒരു സയന്‍സ് ഗ്രൂപ്പാണു വേണ്ടത്. നമ്മുടെ സാംസ്ക്കാരികതക്കും,രാഷ്ട്രീയത്തിനും ശുദ്ധിപകരാന്‍ നല്ലൊരു മാധ്യമ പിന്തുണയും.

കാട്ടിപ്പരുത്തി said...

ഉണ്ണിത്താന്മാര്‍ ഒരു കളികളിക്കും- എന്നിട്ട് ജനാധിപത്യം വിജയിക്കും

Unknown said...

ഉണ്ണിത്താനെ കുറിച്ചു മിണ്ടരുത്. പ്രത്യേകിച്ചു ഈ ബ്ളോഗില്‍.
അദ്ദേഹം പലരുടെയും ചാനല്‍ "ചര്‍ച്ചാ മേറ്റ്" ആണ്.
അവരാണ് കേരളം -ഇന്ന് ഇന്നലെ നാളെ- കഴുകി അയയില്‍ ഇട്ടു ഉണക്കി ഇസ്തിരി ഇട്ടു ജനത്തിനു
ദിനവും അണിഞ്ഞൊരുങ്ങാന്‍ കൊടുക്കുന്നത്.ജനത്തെ പ്രബുദ്ധരാക്കുന്നത്.
മാദ്ധ്യമങ്ങളിലൂടെ - ചാനലുകളിലൂടെ.