ബി.ആർ.പി.ഭാസ്കർ
ഇന്നത്തെ കേരളത്തിന്റെ നിർമ്മിതിയിൽ എഴുപതുകൾ നിർണ്ണായകമായ പങ്കാണ് വഹിച്ചത്. പക്ഷെ ചില രാഷ്ട്രീയ വക്താക്കൾ അവകാശപ്പെടുന്നതുപോലെ നമ്മുടെ സാമൂഹ്യ പുരോഗതിയുമായി അതിനു വലിയ ബന്ധമില്ല. വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിൽ കേരളം അതിനും മുമ്പെ മുന്നേറ്റം ആരംഭിച്ചിരുന്നെന്ന് സെൻസസ് റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നു. ദരിദ്ര കേരളം സമ്പന്ന സംസ്ഥാനമായി മാറാൻ തുടങ്ങിയതും എഴുപതുകളിലാണ്. ആ പ്രക്രിയയിൽ ഭരണകൂടത്തിനൊ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കൊ പ്രത്യക്ഷത്തിൽ പങ്കുണ്ടായിരുന്നില്ലെന്നത് മറ്റൊരു കാര്യം. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലുള്ള അവയുടെ പരാജയം പ്രവാസത്തിന് ആക്കം കൂട്ടുക വഴി പരോക്ഷമായി അതിനെ സഹായിച്ചെന്നു മാത്രം.
എഴുപതുകൾ കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിച്ചു. അത് ആശയ സംഘട്ടനത്തിന്റെ കാലമായിരുന്നു. ഇടിമുഴക്കവുമായി വന്ന വസന്തം പരാജയപ്പെട്ടു. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ കാലവും മാർഗ്ഗവും നിർണ്ണയിക്കുന്നതിൽ നക്സലൈറ്റ് പ്രസ്ഥാനത്തിന് പിഴവ് പറ്റിയെന്ന് കാണാം. പക്ഷെ തോറ്റവർ തെറ്റ് ചെയ്തവരും ജയിച്ചവർ ശരി ചെയ്തവരുമാകുന്നില്ല. യഥാർത്ഥത്തിൽ, അന്ന് ഞങ്ങൾ ചെയ്തതായിരുന്നു ശരിയെന്ന് സത്യസന്ധമായി പറയാൻ ആർക്കാണ് കഴിയുക? സ്വന്തം നിലനിൽപ്പിനുവേണ്ടി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ജനാധിപത്യത്തെ അപകടത്തിലാക്കിയ കോൺഗ്രസ്സിനോ? ആശയപരമായ ഭിന്നതകൾ അവഗണിച്ചു കൊണ്ട് എല്ലാ അസന്തുഷ്ട വിഭാഗങ്ങളെയും ഒന്നിപ്പിച്ച് രാജ്യത്ത് സമ്പൂർണ്ണ വിപ്ലഹം ഉണ്ടാക്കാമെന്ന് വ്യാമോഹിച്ച ജയപ്രകാശ് നാരായണനോ? അടിയന്തിരാവസ്ഥാ ഭരണകൂടത്തെ പിന്താങ്ങിയ സി.പി.ഐക്കോ? കോൺഗ്രസിനെ തോല്പിക്കാൻ വിവിധ വർഗ്ഗീയകക്ഷികളുമായി കൂട്ടുകൂടി അവയ്ക്ക് മാന്യത നേടിക്കൊടുക്കുകയും സംസ്ഥാനത്തും രാജ്യത്തും അവയെ വളരാൻ സഹായിക്കുകയും ചെയ്ത സി.പി.എമ്മിനോ? ഇന്ന് കേരളത്തിൽ പ്രകടമാകുന്ന എല്ലാ ജീർണ്ണതകളുടെയും അടിവേരുകൾ നീളുന്നത് അന്ന് ജയിച്ചവരുടെ മൂല്യനിരാസത്തിലേക്കാണ്. ഇപ്പോഴും അവശേഷിക്കുന്ന നന്മയുടെ തുരുത്തുകൾക്ക് നാം നന്ദി പറയേണ്ടത് മൂല്യങ്ങൾ ഉയർത്തിക്കാട്ടി തോറ്റവരോടാണ്.
മാധ്യമങ്ങളുടെ സമകാലികാവസ്ഥയെക്കുറിച്ചുള്ള അന്വേഷണം ആരംഭിക്കേണ്ടതും അതേ കാലഘട്ടത്തിൽ നിന്നു തന്നെ. ‘ഇൻഡ്യാസ് ന്യൂസ്‌പേപ്പർ റെവല്യൂഷൻ‘ എന്ന ഗവേഷണ ഗ്രന്ഥത്തിൽ --ഇത് മലയാളത്തിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്– റോബിൻ ജെഫ്രി മലയാള മനോരമയുടെ പുൽപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെയും തുടർന്നുള്ള സംഭവങ്ങളുടെയും റിപ്പോർട്ടിങ് മലയാള പത്രപ്രവർത്തനത്തിൽ പുതിയ ഘട്ടത്തിന്റെ തുടക്കം കുറിച്ചതായി പറയുന്നുണ്ട്. അതിൽ എല്ലാമുണ്ടായിരുന്നതായി ജെഫ്രി ചൂണ്ടിക്കാണിക്കുന്നു: കൊലപാതകം, ദുരൂഹത, പ്രാദേശിക ഉത്ഭവം, ദേശീയവും അന്താദ്ദേശീയവുമായ ബന്ധങ്ങൾ എല്ലാം. പോരെങ്കിൽ പെണ്ണും. കാൽ നൂറ്റാണ്ടിനുശേഷം ജെഫ്രി പഠനം നടത്തുമ്പോൾ മലബാറിൽ പത്രത്തിന്റെ വളർച്ചയ്ക്ക് സഹായിച്ച ഒരു വലിയ ഘടകം അതായിരുന്നുവെന്ന് മനോരമയുടെ പല തലങ്ങളിലുള്ള പ്രവർത്തകർ ഒരേ സ്വരത്തിൽ അദ്ദേഹത്തോട് പറഞ്ഞു. പത്രം വിൽക്കാൻ ഏതുതരം വാർത്തയാണ് വേണ്ടതെന്ന് അത് കാണിച്ചുതന്നെന്നാണ് ഒരു ലേഖകൻ പറഞ്ഞത്.
പുൽപ്പള്ളി ആക്രമണം തുടർക്കഥയായി മനോരമയിൽ നിറഞ്ഞത് 1968 നവംബർ-ഡിസംബറിലാണ്. (എഴുപതുകൾ നേരത്തേ പിറന്നെന്നർത്ഥം.) പത്രം തികച്ചും യാദൃശ്ചികമായി വിജയപാത കണ്ടെത്തുകയായിരുന്നില്ല. സി.ഐ.എ.യുടെ പ്രചോദനത്തിൽ സ്ഥാപിതമായതെന്ന് നാഷനൽ ഹെറാൾഡ് പത്രാധിപർ എം. ചലപതി റാവു ഒരു മുഖപ്രസംഗത്തിൽ വിശേഷിപ്പിച്ച ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.പി.ഐ) മുൻകൈയെടുത്ത് രൂപീകരിച്ച മനിലാ ആസ്ഥാനമായുള്ള പ്രസ് ഫൌണ്ടേഷൻ ഓഫ് ഏഷ്യയും ന്യൂ ഡൽഹി ആസ്ഥാനമായുള്ള പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡ്യയും പുതിയ പാശ്ചാത്യ ആശയങ്ങൾ നമ്മുടെ ഭൂഖണ്ഡത്തിൽ പ്രചരിപ്പിക്കാനായി 1960കളുടെ ആദ്യപാദത്തിൽ ശില്പശാലകൾ നടത്തുകയുണ്ടായി. പലിശീലനക്കളരികളിലേക്ക് ഐ.പി.ഐ. നിയോഗിച്ച വിദഗ്ദ്ധന്മാർ ജനപ്രിയ പത്രപ്രവർത്തനത്തിന്റെ (popular journalism) പ്രയോക്താക്കളായിരുന്നു. ഗുണമേന്മാ പത്രപ്രവർത്തനത്തിന്റെ (quality journalism) ഒരു വക്താവുപോലും അവരുടെ കൂട്ടത്തിലുണ്ടായിരുന്നില്ല. അവർ മുന്നോട്ടുവെച്ച പാശ്ചാത്യ ജനപ്രിയ മാതൃക ആദ്യം നെഞ്ചിലേറ്റിയ ഇന്ത്യൻ പത്രങ്ങളിലൊന്ന് മനോരമയായിരുന്നു. അത് വിജയം കണ്ടപ്പോൾ അതിന്റെ പിമ്പെ ഗമിച്ചു മലയാള മാധ്യമരംഗത്തെ ബഹുഗോക്കളെല്ലാം.
രണ്ടുമൂന്ന് നൂറ്റാണ്ടുകാലത്തെ പ്രവർത്തനത്തിനിടയിൽ ലോക പത്രരംഗത്ത് ചില തൊഴിൽ മൂല്യങ്ങൾ അംഗീകാരം നേടിയിരുന്നു. അതിലൊന്ന് വസ്തുതകളെ മാനിക്കാൻ പത്രങ്ങളും പത്രപ്രവർത്തകരും ബാധ്യസ്ഥരാണെന്നും അവയെ അഭിപ്രായവുമായി കൂട്ടിക്കുഴയ്ക്കാൻ പാടില്ലെന്നതുമാണ്. ദ് മാഞ്ചെസ്റ്റർ ഗാർഡിയൻ പത്രാധിപരായിരുന്ന സി.പി. സ്‌കോട്ട് ഈ ആശയത്തെ ഇങ്ങനെ അവതരിപ്പിച്ചു: ‘Facts are sacred; comment is free’ (വസ്തുതകൾ പാവനമാണ്; അഭിപ്രായം സ്വതന്ത്രവും). മറ്റൊന്ന് സങ്കുചിത താല്പര്യങ്ങൾക്കതീതമായുയരാനും സമൂഹത്തിന്റെ ഉത്തമ താല്പര്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കാനുമുള്ള ചുമതല പത്രങ്ങൾക്കും പത്രപ്രവർത്തകർക്കും ഉണ്ടെന്നതാണ്. വാണിജ്യതാല്പര്യങ്ങൾ പത്രരംഗത്ത് മേൽകൈ നേടിയതോടെ ഈ തത്വങ്ങൾ ബലികഴിക്കപ്പെട്ടു. പത്രങ്ങൾ പ്രബോധനത്തിന്റെ രീതി ഉപേക്ഷിച്ച് പ്രകമ്പനം കൊള്ളിക്കുന്ന ശൈലി സ്വീകരിച്ചു. വിവരത്തിനു മേൽ വിനോദം സ്ഥാനം പിടിച്ചു.
ദൃശ്യമാധ്യമങ്ങളുടെ വരവ് കച്ചവട താല്പര്യങ്ങൾക്ക് കൂടുതൽ ശക്തി പകർന്നു. കെടുകാര്യസ്ഥത പാപ്പരാക്കിയ കേരള സർക്കാരും ഇപ്പോൾ അവരുമായി പങ്ക് ചേർന്നിരിക്കുന്നു. പരമ്പരാഗത വ്യവസായങ്ങളെ സഹായിക്കാനെന്ന വ്യാജേന അവർ സ്വർണ്ണവ്യാപാരികളും സൂപ്പർ മാർക്കറ്റുകളുമായി ചേർന്ന്. ആഡംബര വസ്തുക്കളുടെ ഉപഭോഗം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്. വായനക്കാരെയും പ്രേക്ഷകരെയും ആകർഷിക്കാനായി വാണിജ്യസ്ഥാപനങ്ങളുടെ ചെലവിൽ മാധ്യമങ്ങൾ പരിപാടികൾ നടത്തുന്നു. റീയാലിറ്റി ഷോകൾ സ്‌പോൺസർ ചെയ്യാൻ മൊബൈൽ കമ്പനികൾ മത്സരിക്കുകയാണ്. ഷോകളിൽ പങ്കെടുക്കുന്നവരുടെ അഭ്യുദയകാംക്ഷികൾ അയക്കുന്ന എസ്.എം.എസുകൾക്ക് ഈ കമ്പനികൾ ഈടാക്കുന്നത് അവർ നൽകുന്ന സേവനവുമായി ഒരു ബന്ധവുമില്ലാത്ത നിരക്കാണ്. അത് ചെയ്യുന്നത് സുതാര്യമായല്ല താനും. വിദഗ്ദ്ധ ജഡ്ജിമാർ പ്രകടനം വിലയിരുത്തി നിശ്ചയിക്കുന്ന റാങ്ക് തകിടം മറിച്ചു കൊണ്ട് നന്നായി പാടാൻ കഴിഞ്ഞില്ലെന്ന് തുറന്നു സമ്മതിക്കുന്നയാളെ മുന്നിലെത്തിച്ച് ഈ സന്ദേശങ്ങൾ റീയാലിറ്റിയെ വികലമാക്കുന്നത് ‘നമുക്കും കിട്ടണം പണം’ എന്ന ഏക ഇന പരിപാടിയുമായി മുന്നോട്ടുപോകുന്ന ചാനലിനെയൊ മൊബൈൽ കമ്പനിയെയൊ അലോസരപ്പെടുത്തുന്നില്ല. ജഡ്ജിമാർ ധരിക്കുന്ന വസ്ത്രങ്ങൾ ഏത് തുണിക്കടകൾ നൽകിയതാണെന്ന് ചാനൽ വിളിച്ചുപറയുന്നു. ഇതെല്ലാം മാധ്യമങ്ങൾ വാണിജ്യ താല്പര്യങ്ങളുടെ കൂട്ടിക്കൊടുപ്പുകാരുടെ തലത്തിലേക്ക് താഴുന്നതിന്റെ സൂചനകളാണ്.
കേരളവിപണിയിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് ആഭരണക്കടകളും കാർ നിർമ്മാതാക്കളും മാത്രമല്ല. മാധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും അമ്പലങ്ങളും ആൾദൈവങ്ങളുമൊക്കെ അവിടെ വലയും വിരിച്ച് ഇരിക്കുകയാണ്. അവർ ഒന്നിച്ചും ഭിന്നിച്ചും ഉപഭോക്താക്കൾക്കായി മത്സരിക്കുന്നു. അവിടെ തൽക്കാലികാവശ്യങ്ങൾ മുൻനിർത്തിയുള്ള സഖ്യങ്ങളും ശത്രുതകളും കാലാകാലങ്ങളിൽ രൂപപ്പെടുന്നു. സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ അപ്രീതിക്ക് പാത്രമായ മാതൃഭൂമി പത്രാധിപരുടെ വേർപാട് കരാർ കാലാവധി അവസാനിച്ചതുകൊണ്ടു മാത്രം സംഭവിച്ചതാണോ? പത്രാധിപർ പോയിട്ടും പത്രത്തിന്റെ സമീപനം മാറിയില്ലെന്ന സെക്രട്ടറിയുടെ പരിഭവം പറച്ചിലും പത്രം ഇടതു മുന്നണിയിലെ ഘടകകക്ഷിയല്ലെന്ന മാനേജിങ് ഡയറക്ടറുടെ പ്രസ്താവവും അല്ലെന്ന സൂചനയാണ് നൽകുന്നത്.
പിണക്കങ്ങൾക്കിടയിലും കേരളത്തിൽ ഇടതെന്നും വലതെന്നും വിവക്ഷിക്കപ്പെടുന്ന ചേരികൾ ഒന്നിക്കുന്ന ഒരു അധികാര മണ്ഡലമുണ്ട്. രാഷ്ട്രീയ കക്ഷികളോടും ഉദ്യോഗസ്ഥ വൃന്ദത്തോടുമൊപ്പം അവിടെ മാധ്യമങ്ങളുമുണ്ട്. വ്യവസ്ഥയുടെ സൂക്ഷിപ്പുകാരെന്ന നിലയിലുള്ള പൊതുവായ താല്പര്യമാണ് രാഷ്ട്രീയ മാധ്യമ സിണ്ടിക്കേറ്റുകളുടെ ഒന്നിപ്പിക്കുന്നത്. ഈ ഒന്നിക്കൽ ആദ്യം പ്രകടമായതും എഴുപതുകളിലാണ്. സൈലന്റ് വാലി പദ്ധതിക്കെതിരെ അവർ അന്ന് ഒറ്റക്കെട്ടായി. ഏറ്റവും ഒടുവിൽ അത് പ്രകടമായത് വ്യവസ്ഥയെ ചോദ്യം ചെയ്യാനുള്ള ധൈര്യം കാട്ടിയ ഒരു ദലിത് സംഘടനക്ക് തീവ്രവാദി പട്ടം നൽകുന്നിടത്താണ്. വർക്കലയിൽ നിന്നുള്ള ഒരേ വാചകങ്ങളിലുള്ള റിപ്പോർട്ടുകൾ സിണ്ടിക്കേറ്റ് പ്രവർത്തനത്തിന് തെളിവാണ്. പക്ഷെ പാർട്ടി സെക്രട്ടറിയെ അത് ക്ഷുഭിതനാക്കുന്നില്ല. കാരണം ഈ സിണ്ടിക്കേറ്റ് പ്രവർത്തനം പാർട്ടി പങ്കുവെക്കുന്ന താല്പര്യങ്ങൾക്കനുസൃതമാണ്. മുഖ്യധാരാ രാഷ്ട്രീയ താല്പര്യങ്ങൾ വ്യത്യസ്തമാകുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണ് തീവ്രവാദ പ്രവർത്തനത്തിന്റെ പേരിൽ കേരളത്തിൽ ഇപ്പോൾ നടക്കുന്ന കോലാഹലങ്ങളിൽ കാണാനാവുന്നത്. മലിനീകൃത രാഷ്ട്രീയവും മലിനീകൃത മാധ്യമപ്രവർത്തനവും ഒത്തുചേരുമ്പോൾ തീർത്തും ദുസ്സഹമായ അവസ്ഥ സംജാതമാകുന്നു.
കഴിഞ്ഞ മാസത്തെ ഒരു വലിയ തലക്കെട്ട് കാണുക. “അന്വേഷണം കോയമ്പത്തൂർ ജയിലിലേക്ക്. ബസ് കത്തിക്കലിനു ശേഷം മഅദനിയെ സൂഫിയ വിളിച്ചെന്ന് സൂചന”. ഭാര്യ ഭർത്താവുമായി സംസാരിച്ചത്രെ. ഭർത്താവ് ജയിലിലാണ്. അദ്ദേഹത്തെ മോചിപ്പിക്കണെമെന്ന് ആവശ്യപ്പെട്ട് ചിലർ ബസ് കത്തിക്കപ്പെടുന്നു. ആ വിവരം അറിയുന്ന ഭാര്യ, ഭർത്താവുമായി ഫോണിൽ ബന്ധപ്പെടാനുള്ള അവസരമുണ്ടെങ്കിൽ അക്കാര്യം വിളിച്ചു പറയുമെന്ന് സ്വാഭാവികമായും കരുതാം. അത് ഭർത്താവൊ ഭാര്യയൊ ബസ് കത്തിക്കലിൽ പങ്കാളിയായതിന് തെളിവാകുമൊ? ഈ തലക്കെട്ട് വായിച്ചപ്പോൾ അമ്പതില്പരം വർഷങ്ങൾക്കുമുമ്പ് ചെന്നൈയിൽ നടന്ന പ്രമാദമായ ഒരു കൊലക്കേസ് ഓർമ്മയിൽ വന്നു. ആളവന്താർ എന്നൊരാൽ കൊല്ലപ്പെട്ടു. മലയാളി ദമ്പതികളായിരുന്നു കേസിലെ പ്രതികൾ. അവർ വിവാഹിതരാകുന്നതിനു മുമ്പ് കൊല്ലപ്പെട്ടയാൾക്ക് സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്നും വിവാഹത്തിനു ശേഷം അയാൾ വീണ്ടും ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചതിൽ ക്ഷുഭിതനായ ഭർത്താവ് ഭാര്യയെ അയച്ച് അയാളെ വീട്ടിൽ വിളിച്ചു വരുത്തി കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് ആരോപിച്ചത്. കൊലപാതകം ആസൂത്രിതമായിരുന്നെന്ന് തെളിയിക്കാൻ സാക്ഷികളിലൂടെ പ്രോസിക്യൂഷൻ രണ്ട് വസ്തുതകൾ സ്ഥാപിച്ചു. കൊലപാതകം നടന്ന ദിവസം സ്ത്രീ ആളവന്താറുടെ കടയിൽ ചെന്ന് അയാളുമായി സംസാരിച്ചിരുന്നു. അവൾ പോയതിന്റെ പിന്നാലെ അയാൾ കടയിൽ നിന്നിറങ്ങി. കൊല ചെയ്യാൻ ഉപയോഗിച്ചത് അയൽവാസിയുടെ വലിയ കത്തിയായിരുന്നു. തലേ ദിവസം ഭർത്താവ് തന്നിൽ നിന്ന് കത്തി കടം വാങ്ങിയതായി അയൽക്കാരൻ പറഞ്ഞു. മുൻവിധിയോടെ വസ്തുതകളെ സമീപിക്കുന്ന ഒരു കേൾവിക്കാരനൊ ജഡ്ജിക്കു തന്നെയൊ പ്രതികൾ കുറ്റക്കാരാണെന്ന നിഗമനത്തിലെത്താൻ ഇത്രയും മതിയാകും. എന്നാൽ എ.എസ്.പി.അയ്യർ എന്ന പ്രഗത്ഭനായ ജഡ്ജിക്ക് അത് ബോധ്യമായില്ല. സ്ത്രീ ആളവന്താരുമായി സംസാരിക്കുന്നത് കണ്ട സാക്ഷികൾ അവരുടെ സംഭാഷണം കേട്ടിരുന്നില്ല. അതായത് സംസാരിച്ചു എന്നതിനല്ലാതെ അവൾ അയാളെ വീട്ടിലേക്ക് ക്ഷണിച്ചു എന്നതിന് തെളിവില്ല. അതിനു മുമ്പും ദമ്പതികൾ കത്തി കടം വാങ്ങിയിരുന്നതായി അയൽക്കാരന്റെ മൊഴിയിലുണ്ടായിരുന്നു. ആ നിലയ്ക്ക് കത്തി വാങ്ങിയത് കൊല നടത്താനാണെന്ന നിഗമനത്തിലെത്താൻ മതിയായ തെളിവില്ല. മുൻകൂട്ടി തിരുമാനിച്ച കൊലപാതകം എന്ന പ്രോസിക്യൂഷൻ വാദം തള്ളിക്കൊണ്ട് ജഡ്ജി ഭർത്താവിന് ‘കൊലപാതകമല്ലാത്ത നരഹത്യ’ എന്ന കുറഞ്ഞ കുറ്റത്തിന് ശിക്ഷിച്ചു.
പത്രം വിൽക്കാൻ വേണ്ടതെന്താണെന്ന, എഴുപതുകളിൽ പഠിച്ച പാഠം പത്രാധിപരെ ഇപ്പോഴും നയിക്കുന്നു. വോട്ട് കിട്ടാൻ വേണ്ടതെന്താണെന്ന, എഴുപതുകളിൽ പഠിച്ച പാഠം രാഷ്ട്രീയ നേതാക്കളെ ഇപ്പോഴും നയിക്കുന്നു. രാഷ്ട്രീയ രംഗവും മാധ്യമംഗം ആകെ മലിനമായിരിക്കുന്നെന്ന ധാരണ വേണ്ട. രണ്ടിടത്തും നന്മയുടെ തുരുത്തുകൾ നിലനിൽക്കുന്നുണ്ട്. കേരളത്തിലെ മാധ്യമരംഗത്ത് അവശേഷിക്കുന്ന നന്മയിലും എഴുപതുകളുടെ സംഭാവനയുണ്ട്. മൂല്യനിരാസത്തിന്റെ ആ കാലത്ത് മൂല്യങ്ങൾ മുറുകെപ്പിടിച്ചിരുന്നവരുടെ സ്വാധീനം അതിൽ കാണാം.
മാധ്യമപ്രവർത്തനം ഒരു ശ്രേഷ്ഠമായ തൊഴിൽ മേഖലയാണെന്ന തിരിച്ചറിവ് അതിന്റെ എല്ലാ തലങ്ങളിലുള്ളവർക്ക്, പ്രത്യേകിച്ചും നേതൃതലത്തിലുള്ളവർക്ക്, അടിയന്തിരമായി ഉണ്ടാകേണ്ടിയിരിക്കുന്നു. നല്ല പരിശീലനത്തിലൂടെയാണ് നല്ല പത്രപ്രവർത്തകർ ഉണ്ടാകുന്നത്. ഒരു കാലത്ത് നല്ല പത്രാധിപന്മാരുടെ കീഴിൽ പ്രവർത്തിച്ചുകൊണ്ടാണ് യുവപത്രപ്രവർത്തകർ നല്ല പരിശീലനം നേടിയിരുന്നത്. മാധ്യമങ്ങളുടെ വളർച്ച പത്രപ്രവർത്തന പരിശീലനത്തിന്റെ രീതികളിൽ മാറ്റങ്ങൾ അനിവാര്യമാക്കി. ജെഫ്രി രേഖപ്പെടുത്തിയതിനേക്കാൾ വലിയൊരു വിപ്ലവമാണ് കേരളത്തിലെയും ഇന്ത്യയിലെയും മാധ്യമലോകത്ത് പിന്നീടുണ്ടായത്. കഴിഞ്ഞ രണ്ടു മൂന്ന് പതിറ്റാണ്ടു കാലത്ത് നിരവധി പുതിയ പത്രങ്ങളും ചാനലുകളും രംഗപ്രവേശം ചെയ്തു. മാധ്യമങ്ങളുടെ വളർച്ചക്കൊത്ത് പരിശീലന സംവിധാനങ്ങൾ വളർന്നില്ല. മാധ്യമങ്ങളുടെ സമീപനങ്ങളിലുണ്ടായ ഗുണപരമല്ലാത്ത വ്യതിയാനവും അവയുടെ സുഗമമായ നടത്തിപ്പിനാവശ്യമായത്ര മാധ്യമപ്രവർത്തകരുടെ അഭാവവും ചേർന്ന് അതീവ ഗുരുതരമായ അവസ്ഥ സൃഷ്ടിച്ചിരിക്കുന്നു.
മാധ്യമങ്ങൾ സമൂഹത്തിന്റെ ഭാഗമാണ്. മാധ്യമപ്രവർത്തകർ ഈ സമൂഹത്തിൽ നിന്ന് വരുന്നവരും. സ്വാഭാവികമായും സമൂഹത്തിലെ നല്ലതും ചീത്തയുമായ പ്രവണതകൾ മാധ്യമങ്ങളിൽ പ്രതിഫലിക്കും. ചുരുക്കത്തിൽ മാധ്യമപ്രവർത്തകരെ മാത്രം ദുർഗ്ഗുണ പരിഹാര പാഠശാലയിൽ അയച്ചുകൊണ്ട് തീർക്കാവുന്ന പ്രശ്നമല്ല നാം നേരിടുന്നത്. മൂല്യങ്ങൾ തിരിച്ചു പിടിക്കാനുള്ള ശ്രമം ജീർണ്ണത പടർന്നുകൊണ്ടിരിക്കുന്ന എല്ലാ മേഖലകളിലും ഉണ്ടാകേണ്ടിയിരിക്കുന്നു. വിജയികളുടെ മനസ്സിൽ -- കൃത്യമായി പറഞ്ഞാൽ, വിജയിച്ചുകൊണ്ടിരിക്കുന്നെന്ന് വിശ്വസിക്കുന്നവരുടെ മനസ്സിൽ -– മാറ്റം ആവശ്യമാണെന്ന ചിന്ത ഉദിക്കാനിടയില്ല. അവരെ മാറാൻ നിർബന്ധിക്കാനുള്ള കഴിവ് സമൂഹത്തിനുണ്ടാവണം. തങ്ങളെ അവഗണിച്ചുകൊണ്ട് ഏറെ മുന്നോട്ടു പോകാൻ രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കും മാധ്യമസ്ഥാപനങ്ങൾക്കും കഴിയില്ലെന്ന വസ്തുത പൊതുജനങ്ങൾ തിരിച്ചറിയുമ്പോഴെ ഗുണപരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാനാവൂ.--മാധ്റ്യമം ആഴ്ചപ്പതിപ്പ്, ജനുവരി 18, 2010
എന്റെ മറ്റു ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍
BHASKAR
Educational institutions held to ransom
The blessing and curse of real estate boom
How relevant are Gandhi's teachings today?
Modi begins US visit with a PR victory
More stimulus but still not enoughel
KERALA LETTER
A Dalit poet in English, based in Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
Subscribe to:
Post Comments (Atom)
2 comments:
sr.brutaly honest,informative and thout provoking.thanx a lot.saradakutty
"സി.ഐ.എ.യുടെ പ്രചോദനത്തിൽ സ്ഥാപിതമായതെന്ന് നാഷനൽ ഹെറാൾഡ് പത്രാധിപർ എം.ചലപതി റാവു ഒരു മുഖപ്രസംഗത്തിൽ വിശേഷിപ്പിച്ച ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.പി.ഐ) മുൻകൈയെടുത്ത് രൂപീകരിച്ച ..."
എന്ത് പറ്റി സാര്‍ സി.ഐ.എയുടെ പ്രചോദനത്തെ കുറിച്ചൊക്കെ നെടുവീര്‍പ്പിടാന്‍,അതും മലയാള മാധ്യമ രംഗത്ത്.
അമേരിക്കന്‍ പ്രസിഡന്റിനു രാവിലെ എണീറ്റാല്‍ ഉടനെ കേരളമാണോ ഓര്മ വരുന്നത് ,കേരളത്തില്‍ സി.ഐ.എ ഇടപെടാന്‍ ? ഇത് എന്റെ ചോദ്യമല്ല, താടിവച്ച്ച ഒരു പ്രമുഖ പത്ര പ്രമുഖന്‍ അല്ലെങ്കില്‍ "അവശേഷിക്കുന്ന നന്മയിലും എഴുപതുകളുടെ സംഭാവന" (മനോരമക്കാരന്‍ അല്ല സാര്‍ !!), ചില ഇടതന്‍ നേതാക്കള് സി.ഐ.എ. കാര്യം പറഞ്ഞപ്പോ പരിഹസിച്ചതാണ്. പെട്ടെന്ന് എന്ത് സംഭവിച്ചു സാര്‍ താങ്കള്‍ക്കു ?
"“അന്വേഷണം കോയമ്പത്തൂർ ജയിലിലേക്ക്. ബസ് കത്തിക്കലിനു ശേഷം മഅദനിയെ സൂഫിയ വിളിച്ചെന്ന് സൂചന.....അത് ഭർത്താവൊ ഭാര്യയൊ ബസ് കത്തിക്കലിൽ പങ്കാളിയായതിന് തെളിവാകുമൊ? "
ഹ,ഹ, ഹ .എസ് കത്തിക്കും,ബിനീഷ് കൊടിയെരിയുടെ റഷ്യന്‍ അഭിസാരികാ ലാപ്ടോപ്പിനും (പോയിരുന്നോ സാര്‍ അന്ന് അന്തിച്ചര്‍ച്ച്ചക്ക് ചാനലില്‍ ?),ഉണ്ണിത്താന്റെ പെണ്വാണിഭാമോ അനാശാസ്യമോ അല്ലാത്ത വ്യക്തി സ്വാതന്ത്ര പ്രകടനത്തിനും ടിപ്പണി പറയുകയാണോ സാര്‍ ?
"രാഷ്ട്രീയ രംഗവും മാധ്യമംഗം ആകെ മലിനമായിരിക്കുന്നെന്ന ധാരണ വേണ്ട...രണ്ടിടത്തും നന്മയുടെ തുരുത്തുകൾ നിലനിൽക്കുന്നുണ്ട്. "
നന്മയുടെ തുരുത്തുകൾ,മാധ്യമ രംഗത്ത് ഒന്ന് താങ്കള്‍ തന്നെ,പിന്നെ മറ്റു ചിലര് ചാനല്‍ ചര്‍ച്ചകളില്‍ കാണാറുണ്ട്...സ്ഥിരം പുലി,ക്രൌഡ് പുല്ലര്‍ ഉണ്ണിത്താന്‍ ഇപ്പൊ ലീവിലാണ്, ഉടനെ പൂര്‍വ്വാധികം ശക്തിയോ ടെ തിരിച്ചു വരും. അല്ലെങ്കില്‍ കൊണ്ടുവരും.
"പിണക്കങ്ങൾക്കിടയിലും കേരളത്തിൽ ഇടതെന്നും വലതെന്നും വിവക്ഷിക്കപ്പെടുന്ന ചേരികൾ ഒന്നിക്കുന്ന ഒരു അധികാര മണ്ഡലമുണ്ട്. രാഷ്ട്രീയ കക്ഷികളോടും ഉദ്യോഗസ്ഥ വൃന്ദത്തോടുമൊപ്പം അവിടെ മാധ്യമങ്ങളുമുണ്ട്."
അതെ വളരെ ശരി, ആ "ചേരികള്‍ ഒന്നിക്കാത്ത മണ്ഡലം" ഉള്ളത് കൊണ്ടാണ് സാരടക്കം നാലഞ്ചു പേര് എപ്പോഴും ചാനല്‍ അന്തി ചര്‍ച്ചകള്‍ കുത്തകയായി വെച്ചു ഫ്രീ കണ്സല്ട്ടന്സി കൊടുക്കാത്തതും,പാര്‍ടി സെക്രടറി ഈ മാധ്യമങ്ങളുടെ ഉറ്റ തോഴനായതും !!!!
സാറിനു മൊത്തത്തില്‍ നല്ല ഭാവന, നല്ല തൊലിക്കട്ടി.
" ഈ സിണ്ടിക്കേറ്റ് പത്ര പ്രവർത്തനം...."
താങ്കള്‍ക്ക് പാര്‍ടി സെക്രടറിയുടെ വൈതാളികന്മാര്‍ കൈവിഷം തന്നോ ? ഈ "സിണ്ടിക്കേറ്റ് പത്രപ്രവർത്തനം" എന്ന സാധനം തന്നെ ശുദ്ധ ഭോഷ്കാണ്, പത്ര സ്വാതന്ത്രത്തിനു നേരെയുള്ള കയ്യേറ്റം എന്ന് പറഞ്ഞു നമ്മള്‍ എത്ര തള്ളിക്കളഞ്ഞതാണ് ?
"കേരളവിപണിയിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് ആഭരണക്കടകളും കാർ നിർമ്മാതാക്കളും മാത്രമല്ല. മാധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും അമ്പലങ്ങളും ആൾദൈവങ്ങളുമൊക്കെ അവിടെ വലയും വിരിച്ച് ഇരിക്കുകയാണ്..."
സമ്മതിച്ചു.രാഷ്ട്രീയ കക്ഷികളു പണ്ടേ പോക്കാണ്,അത് ചില പാര്‍ടി സെക്രടറി മാരുടെ രാഷ്ട്രീയ കക്ഷിയെങ്കില്‍ പറയുകയും വേണ്ട. എന്നാല്‍ "ആഭരണക്കടകളും കാർ നിർമ്മാതാക്കളും,ആള്‍ ദൈവങ്ങളും,റിയല്‍ എസ്റ്റെ റ്റ് മാഫിയകളും ഒക്കെ നല്ലവണ്ണം പരിപോഷിപ്പിക്കുന്ന പത്രങ്ങളില്‍ ചാനലുകളില്‍ ഇനി മേലാല്‍ ഞാന്‍ സഹകരിക്കില്ല എന്ന് പ്രഖ്യാപിച്ച ശേഷമാണ് ഈ ഗീര്വാനമെങ്കില്‍ കുറച്ചു വിശ്വാസ്യത ഉണ്ടാകുമായിരുന്നു, പറയുന്നതിന്.(താങ്കള്‍ ഈ ലേഖനമെഴുതിയ മാധ്യമം പത്രം/വാരികയുടെ ഓണ്‍ ലൈന്‍ ഇപ്പൊ കണ്ടതെ ഉള്ളൂ,ശാന്തിമഠം ഡവലപ്പെര്സ്, സിറ്റി ബാങ്ക് എന്നിങ്ങനെയുള്ള റിയല്‍ എസ്റ്റെറ്റ്, കഴുത്തറപ്പന്‍ ബാങ്ക് ഒക്കെ അവിടെ കണ്ടു---ഇനി അവരൊക്കെ സ്വര്‍ണ്ണ പ്രശ്നം വച്ചപ്പോള്‍ പുണ്യാളന്‍മാരായി കണ്ടെത്തി എന്നൊന്നും പറയല്ലേ )
ക്ഷമിക്കണം ഇങ്ങനെ ഉപദേശം നിര്‍ദേശം ഒക്കെ കൊടുക്കുന്നതിനാണ് ഞങ്ങള് നാട്ടില്‍ സൊള്ള് പറച്ചില്‍ (സൊള്ള് പറച്ചില്‍ തന്നെ ആണോ ഭള്ളു പറച്ചില്‍ ? അറിയില്ല )എന്നു വിവക്ഷിക്കുന്നത്.
Post a Comment