Sunday, May 1, 2011

തെരഞ്ഞെടുപ്പിൽ വെളിപ്പെട്ട പ്രവണതകൾ

ബി.ആർ.പി.ഭാസ്കർ

ജനങ്ങൾ അഭിപ്രായം രേഖപ്പെടുത്തിക്കഴിഞ്ഞു. അവരുടെ തീരുമാനം എന്താണെന്ന് അറിയാനുള്ള കാത്തിരിപ്പിനിടയിൽ തെരഞ്ഞെടുപ്പിൽ വെളിപ്പെട്ട ചില പ്രവണതകൾ നമുക്ക് പരിശോധിക്കാം.

പതിറ്റാണ്ടുകളായി ഓരോ നിയമസഭാ തെരഞ്ഞെടുപ്പിലും ഭരണമാറ്റമുണ്ടാകുന്ന കേരളത്തിൽ പതിവനുസരിച്ച് ഇനി യു.ഡി.എഫിന്റെ ഊഴമാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ലോക് സഭാ തെരഞ്ഞെടുപ്പിലുമുണ്ടായ ദയനീയ പരാജയവും സോഷ്യലിസ്റ്റ് ജനത, കേരളാ കോൺഗ്രസ് (ജോസഫ്), ഐ.എൻ.എൽ എന്നീ കക്ഷികൾ മറുകണ്ടം ചാടിയതും എൽ.ഡി.എഫിന്റെ നില മോശമാക്കിയതിന്റെ ഫലമായി ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഏകപക്ഷീയമാകുമെന്ന ധാരണ പരക്കുകയുണ്ടായി. സി.പി.എം. നേതൃത്വം വി.എസ്. അച്യുതാനന്ദനെ മാറ്റിനിർത്താൻ വീണ്ടും ശ്രമിക്കുകയും അണികൾ മുന്നേക്കാൾ ശക്തമായി അതിനെതിരെ രംഗത്തു വരികയും ചെയ്തതോടെ കാര്യങ്ങൾ മാറിമറഞ്ഞു. സി.പി.എം. വി.എസിന്റെ വൻ സ്വീകാര്യത മനസിലാക്കി അദ്ദേഹത്തെ മുന്നിൽ ‌നിർത്തി രണ്ടാമൂഴത്തിനായി പിടിച്ചുനോക്കാൻ തീരുമാനിച്ചു. തരം കിട്ടിയപ്പോഴൊക്കെ എല്ലാരും കൂടിയാണ് തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞെങ്കിലും മത്സരരംഗത്തുണ്ടായിരുന്ന അദ്ദേഹത്തിന്റെ അനുയായികൾ പോലും പ്രതീക്ഷ അർപ്പിച്ചത് വി.എസിൽ തന്നെ. മത്സരിക്കുന്ന എൽ.ഡി.എഫുകാരെല്ലാം പ്രചാരണത്തിനായി അദ്ദേഹത്തെ ക്ഷണിച്ചു. അഞ്ചു കൊല്ലം മുമ്പ് വി.എസിനെ വിഗ്രഹം ചുമക്കുന്ന കഴുതയോട് ഉപമിച്ച നേതാവ് അദ്ദേഹത്തെ മണ്ഡലത്തിൽ ആഘോഷപൂർവ്വം എഴുന്നള്ളിച്ചു. രണ്ട് പതിറ്റാണ്ടിലേറെ സ്വന്ത നിലയിൽ ഇടമലയാർ കേസ് പിന്തുടർന്ന് ആർ. ബാലകൃഷ്നപിള്ളയ്ക്ക് ജയിൽശിക്ഷ വാങ്ങിക്കൊടുത്ത തനിക്ക് അഞ്ചു കൊല്ലം കൂടി നൽകിയാൽ കൂടുതൽ പേരെ ജയിലിൽ അയക്കാനാകുമെന്ന് അവകാശപ്പെട്ടുകൊണ്ട് വി.എസ്. അഴിച്ചുവിട്ട പ്രചണ്ഡ പ്രചാരണം അനായാസം ജയിക്കാമെന്ന യു.ഡി.എഫിന്റെ പ്രതീക്ഷ തകർത്തു

പ്രചാരണവേളയിൽ ഇത്തവണ അണികളേക്കാളേറെ വീറാണ് നേതാക്കൾ കാട്ടിയത്. പ്രത്യേകിച്ചും, എൽ. ഡി.എഫ്. ഭാഗത്ത് അച്യുതാനന്ദനും യു.ഡി.എഫ്. ഭാഗത്ത് കേന്ദ്ര മന്ത്രി എ.കെ.ആന്റണിയും. എല്ലാ എൽ.ഡി.എഫ്. സ്ഥാനാർത്ഥികളും വി.എസിന്റെ ഫോട്ടോ കാണിച്ച് വോട്ട് ചോദിച്ചു. അങ്ങനെ സ്വന്തം പാർട്ടി ഒഴിവാക്കാൻ ശ്രമിച്ച വി.എസ്. ഫലത്തിൽ 140 മണ്ഡലങ്ങളിലും സ്ഥാനാർത്ഥിയായി. പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥികൾ ശ്രീരാമന്റെ പകരക്കാരനായ ഭരതന്റെ വേഷം സ്വീകരിച്ചു. വി.എസിന്റെ കറയില്ലാത്ത പ്രതിച്ഛാ‍യ പ്രതിരോധിക്കാൻ യു.ഡി.എഫ്. കറയില്ലാത്ത പ്രതിച്ഛായയുള്ള ആന്റണിയെ ഇറക്കി. അവരുടെ പരസ്പര പ്രതിച്ഛായാ തകർക്കൽ യജ്ഞം കോമഡി റീയാലിറ്റി ഷോ ആയി മാറി. ഇരുഭാഗത്തെയും സമുന്നതരായ നേതാക്കൾ ഇത്ര താണ പ്രചാരണം മുമ്പൊരിക്കലും നടത്തിയിരുന്നില്ല.

ചില സ്ഥാനാർത്ഥികൾ അല്പം കുതന്ത്രങ്ങൾ പ്രയോഗിക്കുന്ന അനുഭവം എല്ലാ തെരഞ്ഞെടുപ്പുകളിലും ഉണ്ടാകാറുള്ളതാണ്. വോട്ടർ പട്ടിക പുതുക്കുന്ന ഘട്ടത്തിൽ എതിർമുന്നണിക്ക് വോട്ട് ചെയ്യാൻ സാധ്യതയുള്ളവരെ വെട്ടുക, വ്യാജന്മാരെ തിരുകി കയറ്റുക, ‘അപര’ സ്ഥാനാർത്ഥികളെ രംഗത്തിറക്കുക തുടങ്ങിയ പരിപാടികളിൽ ഒതുങ്ങിയിരുന്ന കുതന്ത്ര പ്രവർത്തനം ഇത്തവണ പുതിയ മേഖലകളിലേക്ക് വ്യാപിച്ചു. അതിന്റെ പിന്നിൽ ആസൂത്രിതവും കേന്ദ്രീകൃതവുമായ പ്രവർത്തനം ഉണ്ടായിരുന്നെന്ന് കരുതാൻ ന്യായമുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് – അതായത് മാതൃകാ ചട്ടങ്ങൾ നിലവിൽ വരുന്നതിനു മുമ്പ് -- എല്ലാ വകുപ്പുകളും സർക്കാർ ചെലവിലുള്ള തെരഞ്ഞെടുപ്പു പരസ്യങ്ങൾ കൊണ്ട് പത്രത്താളുകളും ചെറു സ്ക്രീനും നിറച്ചു. ചിലത് പദ്ധതി ഉത്ഘാടനങ്ങളുടെ പേരിലായിരുന്നെങ്കിൽ മറ്റ് ചിലത് മറകളില്ലാതെയുള്ള എൽ.ഡി.എഫ്. പരസ്യങ്ങളായിരുന്നു. അഞ്ചു കൊല്ലത്തിൽ അമ്പതു കൊല്ലത്തെ പുരോഗതി നേടി എന്നാണ് ഒരു പരസ്യവാചകം പ്രഖ്യാപിച്ചത്! എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുള്ള പ്രചാരണങ്ങളിൽ ഈ നേട്ടങ്ങളെ എൽ.ഡി.എഫ്. നേതാക്കൾ വളരെയൊന്നും പരാമർശിച്ചില്ല. പകരം അവർ പഴയ കേസുകൾക്ക് പുതുജീവൻ നൽകിക്കൊണ്ട് യു.ഡി.എഫ്. നേതാക്കളെ മുൾമുനയിൽ നിർത്തി. ഐസ് ക്രീം കേസ് പിന്തുടരുന്ന ദൌത്യം മുൻ‌കൂട്ടി‘ഔട്ട്‌സോഴ്സ് ‘ ചെയ്യപ്പെട്ടിരുന്നു. ദീർഘ കാലമായി പാമൊലിൻ കേസ് പിന്തുടരുന്ന മുഖ്യമന്ത്രി തന്നെ അത് സജീവമാക്കി.

പാർട്ടി നേതൃത്വം വി.എസിനെ തഴയുമെന്ന ധാരണയിൽ തെരഞ്ഞെടുപ്പ് തന്ത്രം മെനഞ്ഞ യു.ഡി.എഫിന് പെട്ടെന്ന് മറ്റ് മാർഗ്ഗങ്ങൾ തേടേണ്ടിവന്നു. വിപുലമായ റോഡ് റയിൽ സംവിധാനമുള്ള ചേറിയ സംസ്ഥാനമായ കേരളത്തിൽ പ്രാദേശിക നേതാക്കൾക്ക് ഹെലികോപ്ടറില്ലാതെ തന്നെ എല്ലായിടത്തും ഓടിയെത്താൻ കഴിയുമെന്ന് മനസിലാക്കാതെ എ.ഐ.സി.സി. അവർക്കായി രണ്ടെണ്ണം അയച്ചു കൊടുത്തു. പി.സി.സി. അദ്ധ്യക്ഷൻ അതിലൊന്നിൽ സവാരി നടത്തിയപ്പോൾ എൽ.ഡി.എഫ് നേതാക്കൾ ‘ഫൌൾ’ വിളിച്ചു. കേന്ദ്ര നേതാക്കൾക്കായി കൊണ്ടു വന്ന ഹെലികോപ്ടറിൽ താൻ വെറുതെ കയറിയതാണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം അതുപേക്ഷിച്ചു. ഗൾഫിൽനിന്ന് ചാർട്ടർ വിമാനത്തിൽ കുറെ പ്രവാസി വോട്ടർമാരെ യു.ഡി.എഫ്. കൊണ്ടുവന്നു. അവിടെ നിരവധി ലക്ഷം മലയാളികളുണ്ടെങ്കിലും ഏകദേശം 8,000 പേർ മാത്രമാണ് വോട്ടർ പട്ടികയിൽ പേരു ചേർത്തത്. അവരിൽ തന്നെ ഒരു ചെറിയ ശതമാനത്തിനു മാത്രമെ വോട്ട് ചെയ്യാ‍ൻ വരാനായുള്ളു. ചാർട്ടർ വിമാനം ഒരു പച്ചക്കൊടി പരിപാ‍ടിയായിരുന്നു.

ഒരു മുന്നണി ചെയ്യുന്നതൊക്കെ മറ്റേ മുന്നണി അനുകരിക്കുന്ന രീതി ഇവിടെയുള്ളതു കൊണ്ട് അടുത്ത തെരഞ്ഞെടുപ്പു കാലത്ത് എൽ.ഡി. എഫ്. ഹെലികോപ്ടറുകളും ഗൾഫിൽ നിന്നുള്ള ചുവപ്പുകൊടി വിമാനങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. കെ.പി.സി. സി.യുടെ കുതന്ത്ര വകുപ്പും അപ്പോഴേക്കും പ്രവർത്തന സജ്ജമാകും

തെരഞ്ഞെടുപ്പു കാലം കാലുമാറ്റത്തിന്റെ കാലമാണ്. ഏതാനും കൊല്ലം മുമ്പു വരെ ഒഴുക്ക് ഒരു ദിശയിൽ മാത്രമായിരുന്നു. ടി.കെ. ഹംസയും ലോനപ്പൻ നമ്പാടനും മുതൽ ചെറിയാൻ ഫിലിപ്പും കെ.ടി. ജലീലും വരെ നിരവധി പേരുടെ കാലുകൾ വെളുപ്പിച്ചെടുത്ത ചരിത്രം സി.പി.എമ്മിനുണ്ട്. എൽ.ഡി.എഫ് എം.പി.മാരായിരുന്ന എ.പി. അബ്ദുള്ളകുട്ടിയും കെ.എസ്. മനോജും മറുദിശയിലുള്ള ഒഴുക്കിന് തുടക്കം കുറിച്ചു. ഒരു ഘട്ടത്തിൽ ഇടതുപക്ഷത്ത് അതിവേഗം ഉയർന്ന സിന്ധു ജോയി ഈ തെരഞ്ഞെടുപ്പു കാലത്ത് അവഹേളനത്തിന്റെ കദനകഥയുമായി യു.ഡി.എഫ്. കൂടാരത്തിൽ കടന്നു ചെന്നു. കോൺഗ്രസിലെ ജയ ഡാളി എന്ന ദു:ഖപുത്രിക്ക് എൽ.ഡി.എഫ്. ടിക്കറ്റ് നൽകിക്കൊണ്ട് സി.പി.എം. തിരിച്ചടിച്ചു. പ്രത്യയശാസ്ത്രവും പ്രകടനപത്രികയുമൊക്കെ അപ്രസക്തമാകുന്ന സാഹചര്യത്തിൽ വരും കാലങ്ങളിൽ ഇരുദിശയിലുമുള്ള ഗതാഗതം കൂടാനിടയുണ്ട്.

എഴുത്തുകാരെയും ചലച്ചിത്ര പ്രവർത്തകരെയും ആകർഷിക്കാനുള്ള കഴിവ് ഒരു കാലത്ത് സി.പി.എമ്മിന്റെ പുരോഗമനസ്വഭാവത്തിന്റെ പ്രകടമായ തെളിവായി കണക്കാക്കപ്പെട്ടിരുന്നു. മൂരാച്ചികളുടെ ഭാഗത്താണെന്ന ആക്ഷേപം ഒഴിവാക്കാനായി മറുപക്ഷത്തോട് അനുഭാവമുള്ള സാംസ്കാരികപ്രവർത്തകർ അവരുടെ ചായ്‌വ് കഴിവതും മറച്ചു പിടിച്ചു. ഈ തെരഞ്ഞെടുപ്പു കാലത്ത് ആ സ്ഥിതിയിൽ മാറ്റമുണ്ടായി. സി.പി.എമ്മിന്റേതിനു സമാനമായ സാംസ്കാരിക കൂട്ടായ്മകൾ കെട്ടിപ്പടുക്കുന്നതിന് കോൺഗ്രസ് നടത്തി വരുന്ന ശ്രമങ്ങളുടെ വിജയമായി ഇതിനെ കാണാവുന്നതാണ്. അതേസമയം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള ആശയപരമായ അന്തരം പഴയതുപോലെ നിലനിന്നിരുന്നെങ്കിൽ ഇത് സാധ്യമാകുമായിരുന്നോയെന്ന് സംശയിക്കണം.

യു.ഡി.എഫിനു വേണ്ടി പ്രവർത്തിച്ച അഭിനേതാക്കളുടെ പോസ്റ്ററുകളിൽ കരി ഓയിൽ ഒഴിച്ച് സി.പി.എം. അണികൾ അമർഷം പ്രകടിപ്പിച്ചുകഴിഞ്ഞു. കാവ്യാ മാധവന് കരിങ്കൊടി പ്രകടനവും നേരിടേണ്ടി വന്നു. നടന്മാരിൽ നിന്ന് വ്യത്യസ്തമായ ശിക്ഷാ മുറ നടിക്ക് വിധിച്ചതിനു പിന്നിൽ സ്ത്രീയെ പേടിപ്പിച്ച് പിന്തിരിപ്പിക്കാൻ എളുപ്പമാണെന്ന ചിന്തയാണ്ടാകാം.

ചാണകത്തിന്റെയും മൂത്രത്തിന്റെയും ഉപയോഗം സംബന്ധിച്ച പരീക്ഷണങ്ങളാണ് ഈ തെരഞ്ഞെടുപ്പിന്റെ മറ്റൊരു സവിശേഷത. പാർട്ടിക്ക് ഹിതകരമല്ലാത്ത കാര്യങ്ങൾ പറഞ്ഞതിന് സക്കറിയയെയും സി.ആർ. നീലകണ്ഠനെയും തല്ലി ഒതുക്കാൻ കുറച്ചു നാൾ മുമ്പ് ആസൂത്രിതമായ ശ്രമം നടക്കുകയുണ്ടായി. പിന്നീട് ഒരു പ്രാദേശിക നേതാവ് പോളിങ് ഡ്യൂട്ടിയിലായിരുന്ന ഉദ്യോഗസ്ഥയുടെ കരണത്തടിച്ച് രോഷം തീർത്തു. ഒരു ചാനലിന്റെ തെരഞ്ഞെടുപ്പു പരിപാടിയിൽ പങ്കെടുത്ത ജില്ലാ സെക്രട്ടറി അണികളോടെപ്പം അവതാരകനെ തല്ലുകയും അതുകൊണ്ട് അരിശം തീരാഞ്ഞ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം ഈ തെരഞ്ഞെടുപ്പു കാലത്താണുണ്ടായത്. ഇത്തരം അക്രമ സംഭവങ്ങൾ പാർട്ടിക്ക് പേരുദോഷം വരുത്തുന്നുവെന്ന തിരിച്ചറിവാകാം മറ്റ് രോഷപ്രകടന മുറകൾ പരീക്ഷിക്കാൻ സി. പി. എമ്മിനെ പ്രേരിപ്പിക്കുന്നത്. ഹിംസാംശം കുറവാണെങ്കിലും ചാണകവു, മൂത്രവും പോലുള്ള ആയുധങ്ങൾ സാംസ്കാരികാ‍ധ:പതനം വിളംബരം ചെയ്യുന്നവയാണ്. അതുകൊണ്ട് അണികൾ അവ ഉപയോഗിക്കുന്നതിനെ നിരുത്സാഹപ്പെടുത്താൻ നേതൃത്വം തയ്യാറാകണം. സ്വന്തം അന്തസ്സും എതിരാളികളുടെ അന്തസ്സും നിലനിർത്തിക്കൊണ്ടുള്ള പ്രചാരണ രീതികളാണ് കാലം ആവശ്യപ്പെടുന്നത്.

മാധ്യമം ആഴ്ചപ്പതിപ്പ്, മേയ് 2, 20110ലെ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മൂലരൂപം

4 comments:

muhammed said...

Its great news Sir Thank you

Ravi said...

Good observation.............

Aljazeera said...

Rasakaramaya, presentation.

S.V.Ramanunni said...

വികസനക്കാര്യം ഒന്നും പറയാതെ വോട്ട് ചോദിച്ച ആദ്യത്തെ തെരഞ്ഞെടുപ്പ്-എന്നും പറയാമല്ലോ.