Monday, May 16, 2011

ആർ.ബാലകൃഷ്ണപിള്ളയുടെ ആത്മകഥയിൽ കുറെ കാക്കകൾ

മാധ്യമം ആഴ്ചപ്പതിപ്പിന്റെ പത്രാധിപർക്ക് എഴുതിയതും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ കത്താണിത്

പഴയ തിരുവിതാംകൂർ സംസ്ഥാനത്ത് ചെറിയ ക്ലാസിൽ പഠിപ്പിച്ചിരുന്ന ഒരു പുസ്തകത്തിൽ ‘മൂന്ന് കാക്കയെ ഛർദ്ദിച്ച കഥ’ എന്നൊരു പാഠമുണ്ടായിരുന്നു. ഒരാൾ മൂന്ന് കാക്കയെ ഛർദ്ദിച്ചെന്ന് കേട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ കഥയാണത്. ഛർദ്ദിച്ചതിൽ കറുത്ത എന്തൊ ഉണ്ടായിരുന്നു. സംഭവത്തെക്കുറിച്ചുള്ള വിവരം പരന്നപ്പോൾ ആ കറുത്ത സാധനം ആദ്യം ഒരു കാക്കയും, പിന്നീട് രണ്ട് കാക്കയും, അതിനുശേഷം മൂന്ന് കാക്കയും ആയി രൂപാന്തരപ്പെടുകയായിരുന്നു. ആർ. ബാലകൃഷ്ണപിള്ളയുടെ ആത്മകഥയുടെ 45ആം ഭാഗം (മാധ്യമം ആഴ്ചപ്പതിപ്പ്, ലക്കം 690, മേയ് 9, 2011) വായിച്ചപ്പോൾ അതിൽ ഇത്തരത്തിൽ രൂപപ്പെട്ട കാക്കകൾ കടന്നുകൂടിയതു പോലെ തോന്നി.

എസ്.എൻ.ഡി.പി. യോഗത്തിന്റെ രൂപീകരണത്തെ കുറിച്ച് ശാശ്വതീകാനന്ദ സ്വാമിയിൽ നിന്ന് അറിഞ്ഞതും ഈഴവസമുദായാംഗങ്ങളിൽ പലർക്കും അറിയാത്തതും എന്ന മുഖവുരയോടെ ബാലകൃഷ്ണപിള്ള അവതരിപ്പിക്കുന്ന കഥ ഇങ്ങനെ പോകുന്നു: ഡോ. പി. പൽ‌പു കൊൽക്കത്തയിൽ പോയി സ്വാമി വിവേകാനന്ദനെ കണ്ടു. നിങ്ങളുടെ കൂട്ടത്തിലുള്ള നാണു എന്ന സന്ന്യാസിയെ ചെന്ന് കാണണമെന്നും അദ്ദേഹത്തെ മുന്നിൽ നിർത്തി പ്രവർത്തിച്ചാൽ ഈഴവർക്ക് അനാചാരങ്ങളിൽ നിന്ന് മോചിതരാകാൻ കഴിയുമെന്നും വിവേകനന്ദൻ പറഞ്ഞു. അങ്ങനെ പൽ‌പു ശ്രീനാരായണനെ കാണുകയും അതുവരെ സന്ന്യാസി മാത്രമായിരുന്ന ഗുരുദേവൻ സാമൂഹ്യ പ്രവർത്തനത്തിലേക്ക് ഇറങ്ങുകയും ചെയ്തു.

പൽ‌പു വിവേകാനാന്ദനുമായി ബന്ധപ്പെട്ടതിനെ കുറിച്ച് അദ്ദേഹത്തിന്റെ ജീവചരിത്രകാരനും സമകാലികരും എഴുതിയിട്ടുണ്ട്. വിവേകാനന്ദനെ കാണാൻ കൊൽക്കത്തയിൽ പോയെന്നല്ല, സ്വാമി ബംഗ്ലൂരു സന്ദർശിച്ചപ്പോൾ തിരുവിതാംകൂറിലെ സാമൂഹ്യപ്രശ്നത്തെ കുറിച്ച് അദ്ദേഹവുമായി സംസാരിച്ചെന്നാണ് അവർ രേഖപ്പെടുത്തിയിട്ടുള്ളത്. (ബംഗ്ലൂരുവിൽ സ്വാമി പൽ‌പുവിന്റെ വീട്ടിലാണ് താമസിച്ചതെന്നും ഒരു ഗ്രന്ഥകർത്താവ് പറയുന്നു.) ഒരു ആത്മീയപുരുഷന്റെ നേതൃത്വത്തിൽ സംഘടിച്ച് അവശതകൾക്ക് പരിഹാരം കാണുന്നതാവും നല്ലതെന്ന് വിവേകാനന്ദൻ പറഞ്ഞു എന്നല്ലാതെ ശ്രീനാരായണ ഗുരുവിന്റെ പേരു നിർദ്ദേശിച്ചതായി ആരും പറയുന്നില്ല. ബ്രാഹ്മണരെ സമീപിക്കേണ്ടെന്ന് വിവേകാനന്ദൻ ഉപദേശിച്ചതായി ഒരു പുസ്തകത്തിൽ കാണുന്നു. ശാശ്വതീകാനന്ദ ഭാഷ്യം ഒരാവർത്തി കൂടി കഴിയുമ്പോൾ ഒരു കാക്ക കൂടി അതിൽ കടന്ന്, വിവേകാനന്ദൻ നേരിട്ട് ആവശ്യപ്പെട്ടതനുസരിച്ചാണ് ശ്രീനാരായണൻ സമൂഹ്യപരിഷ്കരണ പ്രവർത്തനം ആരംഭിച്ചത് എന്ന തരത്തിൽ കഥ രൂപാന്തരപ്പെടാതിരിക്കട്ടെ.

രേഖപ്പെടുത്തുന്ന വസ്തുതകൾ ശരിയാണെന്നുറപ്പു വരുത്താൻ ഇപ്പോഴത്തെ സാഹചര്യത്തിൽ ബാലകൃഷ്ണപിള്ളക്ക് കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട് ഓർമ്മപിശകുമൂലം കടന്നുകൂടുന്ന തെറ്റുകൾ ക്ഷമിക്കാം. അതേസമയം രാഷ്ട്രീയ സമീപനത്തിലെ വൈകല്യം മൂലമുണ്ടാകുന്ന തെറ്റുകളെ ഗൌരവത്തോടെ കാണേണ്ടതുണ്ട്.

“ഈഴവർക്ക് സംവരണം നടപ്പാക്കിയ“ സി.കേശവനെതിരെ വെണ്ടർ കൃഷ്ണപിള്ള തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സമുദായം സി.എൻ.രാഘവൻപിള്ളയ്ക്ക് വോട്ടു ചെയത് സി. കേശവനെ തോല്പിച്ചതായി ബാലകൃഷ്ണപിള്ള എഴുതുന്നു. “സി.കേശവന്റെ മകൻ കെ. ബാലകൃഷ്ണൻ പോലും ഈ രീതിയിലാണ് പെരുമാറിയത്“ എന്ന ആക്ഷേപവും അദ്ദേഹം ഉന്നയിക്കുന്നു. കൂടാതെ എസ്.എൻ. ഡി.പി. യോഗം ജനറൽ സെക്രട്ടറിയായിരുന്ന ആർ. ശങ്കറിനെ ഈഴവസമുദായം നശിപ്പിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തുന്നു. അതിന് തെളിവായി ശങ്കർ മത്സരിച്ചപ്പോൾ സമുദായം “എസ്.എൻ.ഡി.പി.ക്കു വേണ്ടി ചെറുവിരൽ പോലും അനക്കാതിരുന്ന” കെ. അനിരുദ്ധനെ വിജയിപ്പെച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ വിവരണങ്ങളിൽ ചിതറി കിടക്കുന്ന എല്ലാ കാക്കളെയും വേർതിരിച്ചെടുക്കാൻ സമയപരിമിതിയും സ്ഥലപരിമിതിയും എന്നെ അനുവദിക്കുന്നില്ല. എങ്കിലും ചില കാര്യങ്ങൾ ചൂണ്ടിക്കാണിച്ചേ മതിയാകൂ.

സി.കേശവൻ വെണ്ടർ കൃഷ്ണപിള്ളയോട് പരാജയപ്പെട്ടെന്ന പരാമർശം തെറ്റാണ്. കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന കേശവൻ ഒരു പ്രാദേശിക കക്ഷിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച കൃഷ്ണപിള്ളയെ നേരിയ ഭൂരിപക്ഷത്തോടെ -- 11,121 വോട്ടിനെതിരെ 11,895 വോട്ടു – തോല്പിക്കുകയാണുണ്ടായത്. ആർ.എസ്.പി. സ്ഥാനാർത്ഥിയായിരുന്ന കെ.വി. (ശരിയായ ഇനിഷ്യലുകൾ ഇതാണ്) രാഘവൻപിള്ള 9,841 വോട്ട് പിടിച്ചിരുന്നില്ലെങ്കിൽ സി. കേശവന് വലിയ ഭൂരിപക്ഷം നേടാൻ തീർച്ചയായും കഴിയുമായിരുന്നു.

ആർ.എസ്.പി.നേതാവായിരുന്ന കെ. ബാലകൃഷ്ണൻ അച്ഛനെതിരെ മത്സരിച്ച സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥിയെ പിന്തുണച്ചത് ബാലകൃഷ്ണപിള്ളക്ക് മനസിലാക്കാനാകാത്തത് മക്കൾ അച്ചന്റെ രാഷ്ട്രീയം പിന്തുടരണമെന്ന ഫ്യൂഡൽ വിശ്വാസം വെച്ചുപുലർത്തുന്നതുകൊണ്ടാണ്. കെ.അനിരുദ്ധൻ ആർ.ശങ്കറെ തോല്പിച്ചതിന് ഈഴവസമുദായത്തെ പഴിക്കുന്നത് എല്ലാവരും ജാതി സംഘടനകളുടെ താല്പര്യപ്രകാരമാണ് വോട്ട് ചെയ്യേണ്ടതെന്ന ചിന്ത മനസിലുള്ളതുകൊണ്ടാണ്.

“ഞാനും ആർ.ശങ്കറിനെതിരെ കൈപൊക്കിയിട്ടുണ്ട്,” ബാലകൃഷ്ണപിള്ള എഴുതുന്നു. “അത് പക്ഷെ രാഷ്ട്രീയമാണ്.” ഒരേസമയം എൻ.എസ്.എസിലൂടെ ജാതിരാഷ്ട്രീയവും സ്വന്തം പാർട്ടിയുണ്ടാക്കി അതിലൂടെ അധികാരരാഷ്ട്രീയവും കളിച്ചു കൊണ്ടിരിക്കുന്ന ബാലകൃഷ്ണപിള്ളക്ക് പ്രത്യയശാസ്ത്രങ്ങളിൽ അധിഷ്ഠിതമായ രാഷ്ട്രീയം തിരിച്ചറിയാൻ കഴിയാത്തതാണ് പ്രശ്നം.

7 comments:

K.P.Sukumaran said...

കാക്കയുടെ കഥ നന്നായിട്ടുണ്ട് :)

Sooraj Upot said...

നല്ല ലേഖനം. കുറെ പഴയ കാര്യങ്ങളും ഓര്മ വന്നു.

sectarian said...

ബാലകൃഷ്ണപിള്ളയുടെ ആത്മകഥയില്‍ അര്‍ദ്ധസത്യങ്ങള്‍ ഒരു പാട് കണ്ടെത്താം. അടിയന്തിരാവസ്ഥയില്‍, നിയമസഭയില്‍ അംഗമല്ലാത്ത ബാലകൃഷ്ണപിള്ള മന്ത്രിയാവുകയും "ജോര്‍ജ് സാറി" നെ മന്ത്രിയാക്കാത്തത്തിന്റെ "കുറ്റബോധ"ത്താല്‍ രാജിവച്ചു "ജോര്‍ജ് സാറി"നു വഴിമാറി ക്കൊടുത്തതായും പറയുന്നു.
രാജിവയ്ക്കുന്നത് ആറുമാസം തികയാന്‍ ഒരു ദിവസം മാത്രമുള്ളപ്പോഴാണെന്നതും അതെന്തുകൊണ്ടെന്നും ബാലകൃഷ്ണപിള്ള പറയുന്നില്ല !

Manoj മനോജ് said...

"ആർ.എസ്.പി.നേതാവായിരുന്ന കെ. ബാലകൃഷ്ണൻ അച്ഛനെതിരെ മത്സരിച്ച സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥിയെ പിന്തുണച്ചത് ബാലകൃഷ്ണപിള്ളക്ക് മനസിലാക്കാനാകാത്തത് മക്കൾ അച്ചന്റെ രാഷ്ട്രീയം പിന്തുടരണമെന്ന ഫ്യൂഡൽ വിശ്വാസം വെച്ചുപുലർത്തുന്നതുകൊണ്ടാണ്."

മകന്റെ യുവത്വം കടം എടുക്കുന്ന ബാലകൃഷ്ണനെ പോലെയുള്ള അച്ഛന്മാര്‍ക്ക് ആത്മകഥയില്‍ പോലും വിവേകം നഷ്ടപ്പെടുന്നത് സ്വാഭാവികം....

ChethuVasu said...

ഒരേ കുടുംബത്തില്‍ നിന്ന് തന്നെ വിവിധ രാഷ്ട്രീയ് പാര്‍ടികളില്‍ വേര്‍ തിരഞ്ഞു നിഇക്കുന്ന ഒട്ടനകം കുടുംബങ്ങള്‍ ഈഴവ സമുദായത്തില്‍ ഉണ്ട്.. കഴിഞ്ഞ പഞ്ചായത്ത് തോരഞ്ഞെടുപ്പില്‍ പല ചാനലുകളും ഇത്തരം പല കുടുംബങ്ങളെയും ഒരു കൌതുകമെന്നോണം പ്രൊഫൈല്‍ ചെയ്തിരുന്നു ..ഹി എഴാവര്‍ക്കിടയില്‍ ഇത് ഒരു സ്വാഭാവിക യാഥാര്‍ത്ഥ്യം മാത്രം ആണ്. ജാതി പരമായ കാഴ്ചപ്പാട് തങ്ങളുടെ വ്യക്തിപരമായ താത്പര്യങ്ങലെയോ ആദര്ശങ്ങലെയോ ദുര്‍ബലപ്പെടുതതിരിക്കാന്‍ പൊതുവില്‍ ഈ സമുദയംഗങ്ങള്‍ക്ക് കൂടുതലായി കഴിയുന്നു ന്നു കാണാം .. ഈ എഴുതുന്ന ആള്‍ ഒരു തിയ്യനും ആണ് , അടുത്ത ബന്ധുക്കളില്‍ 40 % കമ്യുന്സിടുകളും , 40 % കൊണ്ഗ്രസ്സും 20 % BJP യും ആണ് ..

ഈയിടെ ഞങ്ങളുടെ നാട്ടില്‍ ഇന്ന് ഒരു ഈഴവരുടെ പാര്‍ടിയായി അറിയപ്പെടുന്ന ഒരു കക്ഷിയുടെ സ്ഥാനാര്‍ഥി വന്നു SNDP സ്ഥലം യുണിറ്റ് പ്രസിടെണ്ടിനോട് വോട്ടു ചോദിച്ചപ്പോള്‍ വോട്ടു തരാന്‍ പറ്റില്ല എന്നാ മറുപടി ആണ് ഉണ്ടായത് .അത്രേയുള്ളൂ ഇഴവ ജാതി ബോധം .. പിന്നെയാണ് സാധാരണ ഈഴവരുടെ കാര്യം..!!!
കേരളത്തില്‍ ഞാന്‍ തൃശൂര്‍ , പാലക്കാടു , കോഴിക്കോട് , ഏറണാകുളം ജില്ലകളില്‍ താമസിച്ചിട്ടുണ്ട് .. ഇവിടെയൊക്കെ പലരും സംസാരിക്കുന്നതിന്ടക്ക് എന്റെ ജാതിയും മതവും തെറ്റിദ്ധരിച്ചു ( പേരിന്റെ പ്രത്യേകത കൊണ്ടും ഉയര്‍ന്നതാണ് എന്ന് കരുതപ്പെടുന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളതുകൊണ്ടും , അങ്ങനെ കരുതപ്പെടുന്ന ജോലി ചെയ്യുന്നത് കൊണ്ടും ..ചില പ്രിജുടിസ് മണ്ടത്തരങ്ങളുടെ അടിസ്ഥാനത്തില്‍ ) അത്തരത്തില്‍ സംസാരിച്ചിട്ടുണ്ട് .. ഇത്തരം സംഭാഷങ്ങള്‍ എനിക്ക് രസകരമായത് കൊണ്ട് ഞാന്‍ ആദ്യം അവരുടെ തെറ്റിധാരണ മാറ്റാന്‍ നില്‍ക്കാറില്ല ... സമൂഹത്തെ കൂടുതല്‍ അറിയാന്‍ ഇങ്ങനെ ഉള്ള ചില അവസരങ്ങള്‍ ഉപകരിക്കും .. അത്തരക്കാരുടെ കൂട്ടത്തില്‍ ഈഴവര്‍ ഉണ്ടായിരുന്നില്ല .. പൊതുവില്‍ ഇഴവര്‍ക്ക് മറ്റുള്ളവരുടെ ജാതി മതം അറിയണം എന്നോ അങ്ങനെ കൂട്ടം ചേരണം എന്നോ താത്പര്യം ഇല്ല എന്ന് സ്വാനുഭവം എന്നെ ബോധ്യപ്പെടുത്തുന്നു .

കേരത്തിലെ പ്രമുഖരായ പല കമ്യുണിസ്റ്റ് നേതാക്കളും അവര്‍ സവര്‍ണരയിരിക്കെ തന്നെ , ഇഴവര്‍ക്ക് വലിയ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ നിന്നാണ് ജയിച്ചു വന്നത് . ഈ തിരഞ്ഞെടുപ്പില്‍ VD സതീശന്‍ മത്സരിച്ചു ജയിച്ച പറവൂര്‍ മണ്ഡലവും ഏതാണ്ട് ഇത് പോലെ ഉള്ള ഒരു മണ്ഡലം ആണ് . അവിടെ ഈഴവ സമുദായത്തില്‍ പെടുന്ന ശ്രി പന്ന്യന്‍ രവീന്ദ്രന്‍ പരാജയപ്പെട്ടു എന്നും ഓര്‍ക്കുക. ( ശ്രി പന്ന്യന്‍ രവീദ്രനെ പോല്‍ ഉള്ളവരെ ഈഴവന്‍ എന്ന് പറയുന്നത് പോലും ശരിയല്ല. ആ വക സംകുചിത ചിന്തക്കൊക്കെ അതീതനായ, അനുകരനീയനായ ഒരു നല്ല മനുഷ്യന്‍ തന്നെയാണ് അദ്ദേഹം )

JSS തോറ്റ മിക്കവാറും എല്ലാ സീറ്റുകളും ഇഴവര്‍ക്ക് ഏതാണ്ട് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിക്കൊടുക്കാന്‍ പറ്റുന്ന സീറ്റുകളാണ് .. അവിടെ എല്ലായിടത്തും ഈഴവ പ്രതിന്ധ്യം ആരോപിക്കപ്പെടുന്ന JSS തോറ്റു എന്നത് ഇഴവ സമുദായത്തിന്റെ മാത്രം പ്രത്യേകതയാണ് ..SNDP യുടെ നേരിട്ടുള്ള പിന്തുണ ഒരു പക്ഷെ ഉള്ള രാജന്‍ ബാബു പോലും തോറ്റു . ശ്രി ബാബു പോള്‍ ഒഴിച്ചുള്ള ഒരു സാമൂഹ്യ നിരീക്ഷനും ഈ ലളിത സത്യം തുറന്നു പറയില്ല എന്ന് മാത്രം.. (ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ബാബു പോല്‍ ഇഴവരുടെ സമുദായ വിധേയത്വമില്ലായ്മ ചൂണ്ടിക്കാട്ടി ഒരു ലേഖനം എഴ്തുതിയിരുന്നു )

ബാലക്രിഷ്ണപിള്ളക്കും മറ്റു പലര്‍ക്കും പറ്റുന്ന തെറ്റ് , താന്‍ വളര്‍ന്നു വന്ന സാമുദായിക പശ്ചാതകം തന്നെയാണ് മറ്റു സമാദയ സാഹചര്യങ്ങളില്‍ നില നില്‍ക്കുന്നത് എന്നാ തെറ്റിധാരണ ആണ് .. കേരളത്തിലെ എല്ലാ സമുദായങ്ങളും ഒരേ അളവില്‍ അല്ല സമുദായ ചിന്ത വച്ച് പുലര്‍ത്തുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം .. ഈഴവര്‍ അധികം ആയുള്ള ചേര്‍ത്തലയില്‍ AK ആന്റണിക്ക് സുഖമായി എപ്പോഴും ജയിക്കാം എപ്പോഴും .. അന്നാല്‍ ആലപ്പുഴയില്‍ VM സുധീരനെ പോലെ ഉള്ള ഒരു നേതാവ് KS മനോജിനോട് തോറ്റു പോയി ..അതാണു സമുദായങ്ങള്‍ തമ്മിലുള്ള വ്യത്യാസം .

R D said...

മക്കള്‍ രാഷ്ട്രീയത്തിനോപ്പം ജാതി രാഷ്ട്രീയവും കേരളത്തില്‍ വേരുറപ്പിക്കുന്നു. ഇപ്പോള്‍ തന്നെ മന്ത്രി സഭ രൂപീകരിക്കുവാന്‍ MLA മാരുടെ കഴിവിനെക്കാളും സാമുദായിക പ്രാധിനിത്യത്തിനാണ് മുന്‍‌തൂക്കം കൊടുക്കുന്നത് .

chithrakaran:ചിത്രകാരന്‍ said...

നായര്‍ മാടമ്പി ജാതി രാഷ്ട്രീയ നേതാവായ ബാലകൃഷ്ണപ്പിള്ളയും സുമാരന്‍ നായരുമൊക്കെ വര്‍ഗ്ഗീയ വിഷ ജീവികളാണെങ്കിലും നമ്മുടെ ശീലങ്ങള്‍ അവരെ ബഹുമാനിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. ആ ശീലങ്ങളെ മാറ്റിമറിക്കാനുള്ള ആത്മബോധം നല്‍കുന്ന ആശയങ്ങളും പ്രസ്ഥാനങ്ങളും ഉണ്ടാകേണ്ടിയിരിക്കുന്നു. ചിത്രകാരന്റെ പോസ്റ്റ് : സവര്‍ണ്ണത - നശിപ്പിക്കപ്പെടേണ്ട ഹൈന്ദവ വര്‍ഗ്ഗീയത !