Thursday, August 13, 2009

അഴീക്കോടിന്‌ പിണറായിയുടെ സം‌രക്ഷണം?

സി.പി.എമ്മിനെ അന്ധമായി എതിര്‍ക്കാത്തതുകൊണ്ട് സുകുമാര്‍ അഴീക്കോട് വേട്ടയാടപ്പെടുന്നെന്നും അദ്ദേഹത്തിന്റെ ശബ്ദത്തിന്‌ കോട്ടം തട്ടാതെ പുരോഗമനശക്തികള്‍ നോക്കിക്കൊള്ളുമെന്നും പിണറായി വിജയന്‍ പറഞ്ഞതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അടിസ്ഥാനപരമായി കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ ഇന്ന് നിര്‍‌വഹിക്കുന്ന കര്‍ത്തവ്യം സം‌രക്ഷണമാണ്‌. പാര്‍ട്ടികളുമായി ബന്ധം സ്ഥാപിക്കുന്നവരെ പലപ്പോഴും അതിന്‌ പ്രേരിപ്പിക്കുന്നത് ആപത്തില്‍ പെട്ടാല്‍ സം‌രക്ഷിക്കാന്‍ ആരെങ്കിലും വേണമെന്ന ചിന്തയാണ്‌. പാര്‍ട്ടിയുടെ ബന്ധു ആപത്തില്‍ പെട്ടാല്‍ സഹായിക്കാനുള്ള ചുമതല തങ്ങള്‍ക്കുണ്ടെന്ന് നേതൃത്വം വിശ്വസിക്കുകയും ചെയ്യുന്നു.

ഈ പരാമര്‍ശങ്ങള്‍ പൊതിവില്‍ എല്ലാ പാര്‍ട്ടികള്‍ക്കും ബാധകമാണെങ്കിലും സം‌രക്ഷണച്ചുമതല നിര്‍‌വഹിക്കുന്നതില്‍ ഏറ്റവുമധികം പ്രതിബദ്ധത കാട്ടുന്നത് സി.പി.എമ്മാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായത്തിന്‌ വകയില്ല. ആ നിലയ്ക്ക് പിണറായി വിജയന്റെ സം‌രക്ഷകഭാവം മനസ്സിലാക്കാവുന്നതേയുള്ളു. എന്നാല്‍ സുകുമാര്‍ അഴീക്കോട് സി.പി.എം. സം‌രക്ഷണം ആവശ്യമായിരിക്കുന്ന അവസ്ഥയിലാണെങ്കില്‍ അത് അദ്ദേഹത്തിനും പാര്‍ട്ടിക്കും മാത്രമല്ല കേരളസമൂഹത്തിനു തന്നെയും അപമാനകരമാണ്‌.

എഴുത്തുകാരനായതുകൊണ്ട് ഇടത്തോട്ട് മാറേണ്ടിവന്നുവെന്ന് അഴീക്കോട് പറഞ്ഞതായും മാദ്ധ്യമങ്ങളില്‍ കാണുന്നു. എന്നാല്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നിടത്തോളം, അഴീക്കോടിന്‌ മാറേണ്ടിവന്നത് എഴുത്തുകാരനായതുകൊണ്ടല്ല, പ്രഭാഷകനായതുകൊണ്ടാണ്‌. പ്രഭാഷണം അദ്ദേഹത്തിന്‌ ജീവവായുപോലെ അനുപേക്ഷണീയമാണ്‌. പ്രഭാഷണത്തിന്‌ വേദികള്‍ വേണം‌. കേരളത്തില്‍ വേദികള്‍ നല്‍കാന്‍ കഴിവുള്ള ധാരാളം സ്ഥാപനങ്ങളും സംഘടനകളുമുണ്ട്. അവയിലേറെയും സി.പി.എമ്മിന്റെ നിയന്ത്രണത്തിലാണ്‌. എം. എന്‍. വിജയന്‍ ജീവിതാന്ത്യത്തില്‍ തിരിച്ചറിഞ്ഞതുപോലെ, സി.പി.എമ്മിന്‌ സ്വീകാര്യനല്ലാത്തയാള്‍ക്ക് വേദി കിട്ടാന്‍ എളുപ്പമല്ല.

8 comments:

കിരണ്‍ തോമസ് തോമ്പില്‍ said...


പ്രഭാഷണത്തിന്‌ വേദികള്‍ വേണം‌. കേരളത്തില്‍ വേദികള്‍ നല്‍കാന്‍ കഴിവുള്ള ധാരാളം സ്ഥാപനങ്ങളും സംഘടനകളുമുണ്ട്. അവയിലേറെയും സി.പി.എമ്മിന്റെ നിയന്ത്രണത്തിലാണ്‌.

നല്ല നിരീക്ഷണം. CPM വിരുദ്ധര്‍ക്ക്‌ ചാനലില്‍ വേദികള്‍ ലഭിക്കുന്നത പോലെ എന്നതിന്റെ ഒരു മറുവശം

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അതു തന്നെ..കിരൺ പറഞ്ഞതിന്റെ അടിയിൽ ഞാൻ വലിയൊരു ഒപ്പു ഇടുന്നു.

സി.പി.എമ്മിനെതിരെ “വിഷം വമിക്കുന്നു” എന്ന ഒറ്റക്കാരണത്താൽ മാത്രം ഇവിടെ പല “ബുദ്ധിജീവികൾക്കും” ചാനലുകളിലും പത്രങ്ങളിലും വേദി ലഭിക്കുന്നതു പോലെ തന്നെ.....!!!!

ജനശക്തി said...

തലക്കെട്ടിലെ ചോദ്യചിഹ്നവും, പത്രങ്ങളില്‍ കാണുന്നു എന്ന ടിപ്പണിയും എഴുതുന്നയാള്‍ക്ക് എഴുതുന്ന കാര്യത്തെപ്പറ്റി അത്ര ഉറപ്പില്ല എന്നതിന്റെ സൂചനയാണോ? എന്നാല്‍ തനിക്ക് ഉറപ്പില്ലാത്തവയില്‍ നിന്ന് ചിലതൊക്കെ ഊഹിച്ചെടുക്കാന്‍ മടിയൊന്നുമില്ല താനും.വല്ലഭനു പുല്ലും ആയുധം ആണല്ലോ. ആ രണ്ട് വാര്‍ത്തയും നടത്തുന്ന ദേശാഭിമാനി ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു. സുകുമാര്‍ അഴീക്കോട് അല്ല പത്രാധിപര്‍ എന്ന് ഉറപ്പിച്ച് പറയട്ടെ.

എഴുത്തുകാരന്‍ ഇടതുപക്ഷത്ത് നില്‍ക്കണം: അഴീക്കോട്

കോട്ടക്കല്‍: എഴുത്തുകാരന്‍ എക്കാലവും ഇടതുപക്ഷത്ത് നില്‍ക്കണമെന്ന് ഡോ. സുകുമാര്‍ അഴീക്കോട്. കരയുന്നവന്റെ പിറകെ പോകുന്നവരാണ് പുരോഗമന സാഹിത്യകാരന്മാരെന്നും ചവിട്ടിത്തേയ്ക്കപ്പെടുന്നവനെ അവിടെത്തന്നെ നിര്‍ത്തുന്നത് അധഃപതനമാണെന്നും അദ്ദേഹം പറഞ്ഞു. അബുദാബി ശക്തി അവാര്‍ഡ്ദാന ചടങ്ങില്‍ 'ഭാഷയും സാഹിത്യവും - ഇഎംഎസിന്റെ സമീപനം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അഴീക്കോട്. ഗദ്യസാഹിത്യത്തിന് തേജസ്സും ഓജസ്സും നല്‍കാന്‍ ഇഎംഎസിനായി. വാക്കില്‍ വിക്കുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് ചിന്തയില്‍ വിക്കുണ്ടായിരുന്നില്ല. വിക്കിനേക്കാള്‍ അപകടം, നടക്കുമ്പോള്‍ കാലിടറുന്നതാണ്. വിക്കില്ലെന്ന് അഭിമാനിച്ച പലര്‍ക്കും നടക്കുമ്പോള്‍ ഇടര്‍ച്ചയുണ്ടായിരുന്നെന്നും അഴീക്കോട് ഓര്‍മിപ്പിച്ചു. ഗാന്ധിജിയുടെയും ഇഎംഎസിന്റെയും രീതിയാണ് ഇന്ന് രാഷ്ട്രീയക്കാര്‍ സ്വീകരിക്കേണ്ടത്. തങ്ങള്‍ എവിടെ നില്‍ക്കുന്നുവെന്ന് കോഗ്രസുകാര്‍ക്ക് അറിയില്ല. ഒരുകാലത്ത് ഭീരുത്വമില്ലാതെ ആരോടും നിവര്‍ന്നുനിന്ന് സംസാരിക്കുന്നവരായിരുന്നു രാജ്യത്തെ നയിച്ചവര്‍. ഇന്ന് കടക്കാരന്റെ ശരീരഭാഷയാണ് നമ്മുടേത്. അമേരിക്കക്ക് മുമ്പില്‍ തലതാഴ്ത്തി നില്‍ക്കുന്നത് ഇതിനാലാണ്. ഭരണഘടനയുടെയും നെഹ്റുവിന്റെയും ഭാഷയില്‍ സംസാരിക്കുന്നവരെ ചീത്തപറയാനാണ് കോഗ്രസുകാര്‍ ശ്രമിക്കുന്നത്. ഇവര്‍ ഇഎംഎസിനെ പഠിക്കുന്നത് നല്ലതാണ്- അഴീക്കോട് കൂട്ടിച്ചേര്‍ത്തു.

വിദേശപണംപറ്റി പാര്‍ടിയെ തകര്‍ക്കാന്‍ നീക്കം: പിണറായി

കോട്ടക്കല്‍: സിപിഐ എമ്മിനെ തകര്‍ക്കാന്‍ വിദേശപണം പറ്റിയുള്ള സംഘടിത ശ്രമമാണ് നടക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അബുദാബി ശക്തി അവാര്‍ഡ് വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്രാജ്യത്വ നയങ്ങളെയും നവ കോളനിവല്‍ക്കരണ ശ്രമങ്ങളെയും ശക്തമായി ചെറുക്കുന്ന പാര്‍ടിയാണ് സിപിഐ എം. അതുകൊണ്ട് പാര്‍ടിയെ തകര്‍ക്കാന്‍ ഛിദ്രശക്തികളും വലതുപക്ഷ മാധ്യമങ്ങളും ശ്രമിക്കുകയാണ്. പുരോഗമനാശയങ്ങളോട് സഹകരിച്ചാല്‍ ഗാന്ധിയനായാലും വിടില്ല എന്ന അവസ്ഥയാണ്. സുകുമാര്‍ അഴീക്കോടിനെതിരെ നടക്കുന്ന അപവാദപ്രചാരണങ്ങള്‍ അതാണ് വ്യക്തമാക്കുന്നത്. സിപിഐ എമ്മിനെ കരിവാരിത്തേയ്ക്കാന്‍ കൂട്ടുനില്‍ക്കുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ കുറ്റം. പ്രതികാര ബുദ്ധിയോടെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മഞ്ഞപ്പത്രം മുതല്‍ മുഖ്യധാരാപത്രത്തിലെ കത്തുകളിലൂടെ വരെ ഈ ശ്രമം തുടരുന്നു. വിശ്വാസപ്രമാണങ്ങള്‍ക്ക് ജീവനേക്കാള്‍ വില കല്‍പ്പിക്കുന്നയാളാണ് അഴീക്കോട്. വധഭീഷണിക്കുപോലും നിശ്ശബ്ദമാക്കാന്‍ കഴിയാത്തതാണ് ആ ശബ്ദം. ജനാധിപത്യ ധ്വംസനത്തിനും സാമ്രാജ്യത്വത്തിനും എതിരെ മുഴങ്ങുന്ന ശബ്ദമാണത്. അതിന് ഒരു കോട്ടവും തട്ടാതെ കാക്കാന്‍ പുരോഗമന പ്രസ്ഥാനം ജാഗ്രതയോടെ കാവലുണ്ടാകും. പാര്‍ടിക്കും അദ്ദേഹത്തിനുമിടയില്‍ ആശയപരമായ യോജിപ്പിന്റെയും വിയോജിപ്പിന്റെയും മേഖലയുണ്ട്. വിയോജിക്കുമ്പോഴും പാര്‍ടി തകര്‍ന്നുകാണാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല- പിണറായി പറഞ്ഞു. എച്ച്എംടി ഭൂമി വിവാദം ചില സങ്കുചിത മനസ്സുകളുടെ സൃഷ്ടിയായിരുന്നു. 60,000 പേര്‍ക്ക് ജോലി കിട്ടുമായിരുന്ന പദ്ധതി ഒന്നരവര്‍ഷമാണ് ഈ വിവാദം വൈകിച്ചതെന്നും പിണറായി പറഞ്ഞു.

ഒരു സംശയം വരുന്നു. എം.എന്‍. വിജയന്‍ പാര്‍ട്ടിയെ വളര്‍ത്താന്‍ കഷ്ടപ്പെട്ടു എന്നായിരുന്നു ജനകീയാസൂത്രണവിവാദം കത്തി നിന്ന സമയത്തെ പ്രചരണം. ഇപ്പോള്‍ തിരിച്ചായോ?

Suraj said...

" സി.പി.എമ്മിന്‌ സ്വീകാര്യനല്ലാത്തയാള്‍ക്ക് വേദി കിട്ടാന്‍ എളുപ്പമല്ല. "

സി.പി.എം വേദികൊടുക്കാത്തതുകൊണ്ടു മാത്രം ശുഷ്കിച്ച് വാടിപ്പോയ വന്മരങ്ങളെത്ര...ല്ലേ ? ;)))

nalan::നളന്‍ said...

വേദി കിട്ടാന്‍ എളുപ്പ മാര്‍ഗ്ഗം മാഷ്ക്ക് ഇതു വരെ അറിയില്ലെ..
1. ഇടതനെന്നു ഭാവിക്കുക എന്നിട്ടു സി.പി.എമ്മിനെ കിട്ടുന്ന അവസരത്തിലും അനവസരത്തിലും ചുമ്മാ വിമര്‍ശിക്കുക
2. പണ്ടൊരു മാര്‍ക്സിസ്റ്റോ-കമ്യൂണിസ്റ്റോ ഒക്കെ ആയിരുന്നു, എന്നാല്‍ ഇപ്പോഴല്ല എന്നു വിളിച്ചു കൂവുക. എപ്പൊ സ്റ്റാറായെന്നു ചോദിച്ചാല്‍ മതി
3. സി. പി. എം വിരുദ്ധനാണെന്നു ദ്യോതിപ്പിക്കുന്ന വാക്കുകള്‍ മാത്രമുപയോഗിക്കുക.
4. ചോദിക്കാതെ തന്നെ അവസരമുണ്ടാക്കി, എങ്ങിനെയെങ്കിലും സി പി എം വിരുദ്ധനാണെന്നു സ്ഥാപിക്കുക. (സംഭാഷണം ആ വഴിക്കു വന്നില്ലെങ്കില്‍ എങ്ങിനെയെങ്കിലും അങ്ങോട്ടു കൊണ്ടടിപ്പിക്കുക)

nalan::നളന്‍ said...

ഇത്രയും പറഞ്ഞപ്പോള്‍ വേദി നഷ്ടപ്പെടാതിരിക്കാനുള്ള മുന്‍‌കരുതലുകളും കൂടി പറയാന്‍ മറന്നു.

സി.പി.എമ്മിനെ പ്രത്യക്ഷമായോ പരോക്ഷമായോ അനുകൂലിക്കുന്നതായി ഭാവിക്കുകയോ അഭിപ്രായൈക്കുകയോ ചിന്തിക്കുക പോലുമരുത്, ഇതില്‍ പരം ആത്മഹത്യാപരമൊന്നുമില്ല.

BHASKAR said...

വളരെ നാളുകള്‍ക്കുശേഷം കാണുന്ന കിരണിനും കൂട്ടുകാര്‍ക്കും അഭിവാദ്യങ്ങള്‍!

ജനശക്തി said...

തിരക്കുകള്‍ക്കിടയിലും അര്‍ത്ഥവത്തായി പ്രതികരിക്കുവാന്‍ സന്മനസ്സു കാണിച്ച ഭാസ്കര്‍ സാറിനു പ്രത്യഭിവാദ്യം പ്രത്യഭിവാദ്യം.