Monday, August 17, 2009

കേരളം ഇന്നലെ, ഇന്ന്, നാളെ

മലയാളി സമൂഹത്തിലുണ്ടായിട്ടുള്ള മാറ്റങ്ങളെ വിലയിരുത്തുന്നതിനായി പത്രം വാരിക ഞാനുള്‍പ്പെടെ ചിലര്‍ക്ക് ഒരു ചോദ്യാവലി അയച്ചുകൊടുക്കുകയുണ്ടായി. അതിന്‌ ഞാന്‍ നല്‍കിയ മറുപടി ചുവടെ ചേര്‍ക്കുന്നു.

വളരാനും മുന്നേറാനും മലയാളികള്‍ക്കുണ്ടായിരുന്നത്ര സാധ്യത സ്വതന്ത്ര ഇന്ത്യയില്‍ മറ്റൊരു ജനതയ്ക്കുമുണ്ടായിരുന്നില്ല. അതിന്‍ നാം നന്ദി പറയേണ്ടത് ഒരു മുന്‍ തലമുറയ്ക്കാണ്‍. പുതിയ പാത വെട്ടിത്തുറന്ന്, ഭ്രാന്താലയമെന്ന ദുഷ്പേര്‍ നേടിയ നാടിന്‍, സമൂഹികമായും സാമ്പത്തികമായും മുന്നേറാനുള്ള അവസരം ഒരുക്കിയിട്ടാണ്‍ അവര്‍ കടന്നു പോയത്. ആ അവ്സരം വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ നമുക്കായില്ല. ഇതിന്റെ ഉത്തരവാദിത്വത്തില്‍ രാഷ്ട്രീയ ഔദ്യോഗിക ഭരണ നേതൃത്വങ്ങള്‍‌ക്കൊപ്പം പൊതുസമൂഹത്തിനും പങ്കുണ്ട്. ഉപജീവനാര്‍ത്ഥം കേരളത്തിനു പുറത്തു കഴിഞ്ഞ നാല്‍ പതിറ്റാണ്ടു കാലത്ത് ഇക്കാര്യത്തിലെ നമ്മുടെ വീഴ്ചയെക്കുറിച്ച് ചിന്തിച്ചിരുന്നു. മലയാളികള്‍ അജ്ഞന്മാരും അഹങ്കാരികളുമാണോയെന്ന ചോദ്യം അപ്പോള്‍ മനസ്സിലുദിക്കുകയുണ്ടായി. മുപ്പത് കൊല്ലം മുമ്പ് ഗള്‍ഫ് യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട ഒരു അറബി മുതലാളി പറഞ്ഞു: “എന്റെ സ്ഥാപനത്തില്‍ ധാരാളം മലയാളികളുണ്ട്. എല്ലാം നല്ലപോലെ പണിയെടുക്കുന്നവര്‍. കൂടുതല്‍ ആളുകള്‍ വേണമെങ്കില്‍ ഞാന്‍ കൂടുതല്‍ മലയാളികളെ കൊണ്ടുവരും.“ പ്രശ്നം മലയാളികളിലല്ല അവര്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യങ്ങളിലാണെന്ന് തിരിച്ചറിയാന്‍ അദ്ദേഹത്തിന്റെ നിരീക്ഷണം സഹായിച്ചു.

എന്റെ കുട്ടിക്കാലത്ത് കേരളം ദരിദ്രപ്രദേശമായിരുന്നു. മഹായുദ്ധം നടക്കുകയാണ്‍. ആഹാരം കിട്ടാനില്ല. അരിക്കു പകരം റേഷന്‍ കടകള്‍ പഞ്ഞപ്പുല്ല്ല് നല്‍കുന്നു. പണി കിട്ടാനില്ലാത്തതുകൊണ്ട് അത് വാങ്ങാനുള്ള കഴിവുപോലും പലര്‍ക്കുമില്ല. എളുപ്പം പണി കിട്ടാവുന്നത് പട്ടാളത്തിലൊ പട്ടാള ആവശ്യം മുന്‍ നിര്‍ത്തിയുള്ള സംരംഭങ്ങളിലൊ ആണ്‍. അസം അതിര്‍ത്തിയില്‍ റോഡ് പണിയ്ക്ക് പോകുന്നവരെ വഹിച്ചുകൊണ്ടുള്ള പ്രത്യേക തീവണ്ടികള്‍ പതിവ് കാഴ്ചയായിരുന്നു.

ജനങ്ങള്‍ വിദ്യാഭ്യാസത്തെ രക്ഷാമാര്‍ഗ്ഗമായി കണ്ടു. പക്ഷെ ഉന്നത വിദ്യാഭ്യാസ സൌകര്യങ്ങള്‍ പരിമിതമായിരുന്നു. അത് ഭാവിയെക്കുറിച്ചുള്ള മുന്‍ തലമുറയുടെ സങ്കല്പം ശ്രീപത്മനാഭന്റെ ചക്രം വാങ്ങാനുള്ള യോഗ്യത നേടുകയെന്നതായിരുന്നു. മുതിര്‍ന്നവര്‍ ഞങ്ങളെ ഉപദേശിച്ചത് ‘ചിറകുവെച്ച് പറന്നുപോ‘കാനായിരുന്നു. ആ തന്ത്രം ഞങ്ങളെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലും അയല്‍ രാജ്യങ്ങളിലുമെത്തിച്ചു. ആ രക്ഷാമന്ത്രമാണ്‍ പിന്നാലെ വന്നവരെ കുതിച്ചുയര്‍ന്ന എണ്ണ വില പെട്ടെന്ന് സമ്പന്നമാക്കിയ ഗള്‍ഫ് നാടുകളിലെത്തിച്ചതും. അതേ കാലത്തു തന്നെ ചെറിയ തോതില്‍ പാശ്ചാത്യരാജ്യങ്ങളിലേക്ക് കുടിയേറ്റവും നടന്നു. മറുനാടുകളുകളില്‍ പണിയെടുക്കുന്നവര്‍ നാട്ടിലെ കുടുംബങ്ങളെ കരകയറ്റാന്‍ ശമ്പളത്തില്‍ നിന്ന് മിച്ചം പിടിച്ച് അയച്ചുകൊടുക്കുന്ന പതിവ് നേരത്തെ ആരംഭിച്ചിരുന്നു. ഗള്‍ഫിലും പാശ്ചാത്യ നാടുകളിലും പോയവര്‍ക്ക് മുന്‍ പ്രവാസികള്‍ക്ക് സ്വപ്നം കാണാന്‍ കഴിയാഞ്ഞ തോതില്‍ മിച്ചം പിടിക്കാനും പണമയക്കാനും കഴിഞ്ഞു. ഗള്‍ഫ് പ്രവാസത്തിന്റെ ആദ്യ ഘട്ടത്തില്‍ കൊല്ലം തോറും ഏകദേശം 300 കോടി രൂപയാണ്‍ കേരളത്തില്‍ എത്തിയിരുന്നത്. കാലക്രമത്തില്‍ അത് 30,000 കോടിയായി ഉയര്‍ന്നു. കാല്‍ നൂറ്റാണ്ടു കാലത്ത് കുറഞ്ഞത് ഒന്നൊ ഒന്നരയൊ ലക്ഷം കോടി രൂപ എത്തിയിരിക്കണം. ആ പണം മണിമന്ദിരങ്ങളും ആഢംബരവസ്തുക്കളും ആഭരണങ്ങളും വാഹനങ്ങളുമായി മാറി. ഏതാണ്ട് 25,000 കോടി രൂപ ബാങ്കുകളില്‍ കിടന്നു.

പുറത്തുനിന്നു ഒഴുകിയെത്തിയ പണത്തിന്റെ ബലത്തില്‍, കൃഷിയില്‍ പിന്നാക്കം പോയിട്ടും വ്യവസായത്തില്‍ പുരോഗതി നേടാനാകാഞ്ഞിട്ടും പ്രതിശീര്‍ഷ വരുമാനത്തിലും ചിലവിലും ഈ രണ്ട് മേഖലകളിലും വലിയ മുന്നേറ്റം നടത്തിയ പഞ്ചാബിനൊപ്പമെത്താന്‍ കേരളത്തിനായി. ആ പണത്തിന്റെ നല്ല ഭാഗം ഉല്പാദനക്ഷമമായ മേഖലകളിലെത്തിയിരുന്നെങ്കില്‍ സാമൂഹിക വികസനത്തില്‍ ലോകത്തെ മുന്‍ നിര രാജ്യങ്ങള്‍‌ക്കൊപ്പം നില്‍ക്കുന്ന ഈ നാടിന്‍ സാമ്പത്തിക വികസനത്തിലും ഒരുപക്ഷെ അവയ്‌ക്കൊപ്പം എത്താനാകുമായിരുന്നു. പക്ഷെ നിരാശപ്പെടേണ്ടതില്ല. അത് കൂടാതെ തന്നെ കേരളം ഡെങ് സ്യാഓപിങ് കാട്ടിയ പാതയിലൂടെ വികസിച്ച മധുര മനോജ്ഞ ചൈനയ്ക്ക് മുകളിലാണ്‍. ഇന്ത്യയുടെ സ്ഥാനം ചൈനയ്ക്ക് താഴെ തന്നെ.

പലപ്പോഴും പണം ചിലവാക്കുന്നത് അത് സമ്പാദിക്കുന്നവരല്ല, നാട്ടിലിരിക്കുന്ന അവരുടെ ബന്ധുക്കളാണ്‍. പണത്തിന്റെ വിലയെക്കുറിച്ച് വിയര്‍‌പ്പൊഴുക്കി അത് സമ്പാദിക്കുന്നവരുടേതില്‍ നിന്നു തികച്ചും വ്യത്യസ്തമാണ്‍ വിയര്‍പ്പൊഴുക്കാതെ അത് ചിലവാക്കുന്നവരുടേത്. ഈ വസ്തുത നമ്മുടെ വലിയ ഉപഭോഗവസ്തു വിപണിയ്ക്ക് സവിശേഷമായ സ്വഭാവം നല്‍കുന്നു. വിദേശപ്പണം ഒഴുകുന്ന ചാലിന്റെ അരികുകളില്‍ കഴിയുന്നവര്‍ക്കും അതിന്റെ ഗുണം ലഭിക്കുന്നു. നിര്‍മ്മാണം, വ്യാപാരം, ആശുപത്രി എന്നിങ്ങനെയുള്ള രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏറെക്കുറെ ന്യായമായ മാര്‍ഗ്ഗങ്ങളിലൂടെയും കോഴ വാങ്ങുന്ന സ്കൂള്‍, കോളെജ് ഉടമകള്‍, ഉദ്യോഗസ്ഥന്മാര്‍, നേതാക്കന്മാര്‍ തുടങ്ങിയവര്‍ക്ക് ന്യായമല്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെയും അതിന്റെ ഗുണം ലഭിക്കുന്നു. വിവാഹക്കമ്പോളത്തിലൂടെയും ആ പണം ഒഴുകുന്നുണ്ട്. അതൊഴുകുന്ന ചാലുകളില്‍ നിന്ന് ദൂരത്ത് കഴിയുന്ന ആദിവാസികള്‍, കര്‍ഷകത്തൊഴിലാളികള്‍, ചെറുകിട കര്‍ഷകര്‍ തുടങ്ങിയവര്‍ക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ല. അവര്‍ ദരിദ്രരായി തുടരുന്നു. സര്‍ക്കാര്‍ അവര്‍ക്ക് ബീപ്പീയെല്‍ എന്ന ലേബല്‍ നല്‍കി സൌജന്യങ്ങള്‍ നല്‍കുന്നു. ബീപ്പീയെല്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ ചിലപ്പോള്‍ മറ്റുള്ളവര്‍ കോഴ കൊടുത്തൊ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചൊ ലേബല്‍ സംഘടിപ്പിക്കുന്നു. ഗള്‍ഫ് കുടുംബങ്ങളും അക്കൂട്ടത്തിലുണ്ടത്രെ.

വന്‍ തോതിലുള്ള പണമൊഴുക്ക് ജീവിതരീതികളില്‍ മാറ്റങ്ങളുണ്ടാക്കുന്നത് സ്വാഭാവികം മാത്രം. കൃഷിയില്‍ പിന്നിലാണെങ്കിലും ആഹാരം ഇന്ന് പ്രശ്നമല്ല. ആവശ്യമുള്ളത് മറ്റിടങ്ങളില്‍ നിന്ന് വാങ്ങി കഴിക്കാനുള്ള പണമുള്ളതുകൊണ്ട് നാം രേഷന്‍ കടയില്‍ പോകുന്നില്ല. നമ്മുടെ പേരില്‍ സര്‍ക്കാര്‍ റേഷന്‍ കടകളിലെത്തിക്കുന്ന അരി മറ്റെവിടെയോ പോകുന്നു. നാം ഹാപ്പി, സര്‍ക്കാര്‍ ഹാപ്പി, റേഷന്‍ കടക്കാര്‍ ഹാപ്പി.

വാര്‍ത്ത അറിയാന്‍ നമുക്കിന്ന് ചായക്കടയിലൊ വായനശാലയിലൊ പോകേണ്ട പത്രമെത്തും മുമ്പെ വീട്ടിലെ ടെലിവിഷന്‍ സെറ്റ് വാര്‍ത്ത ‘പൊട്ടിക്കുന്നു‘. അത് ആവശ്യാനുസരണം നമ്മെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും കൂടി ചെയ്യുന്നു. അത് കാണിച്ചുര്തരുന്ന റീയാലിറ്റി പുറംലോകത്തെ റീയാലിറ്റിയെ മറികടക്കാന്‍ നമ്മെ സഹായിക്കുന്നു. ടിവിയിലൂടെയൊ വ്യാജ സിഡിയിലൂടെ സിനിമ കാണാമെന്നതു കൊണ്ട്‍ നമുക്ക് തിയേറ്ററിലേക്കും പോകേണ്ട. പോകേണ്ടിവന്നാല്‍ ബാല്‍ക്കണിയാണ്‍ ലക്ഷ്യം. അവിടെ ഇടം കിട്ടിയില്ലെങ്കിലെ മറ്റൊരിടത്ത് ഇരിക്കുന്ന കാര്യം ചിന്തിക്കൂ. ജീവിതം സുരക്ഷിതമാക്കാന്‍ നമുക്ക് ധാരാളം സംവിധാനങ്ങളുണ്ട്. ആദ്യമായി ചെയ്യേണ്ടത് ആപത്തില്‍ പെട്ടാല്‍ സംരക്ഷിക്കാന്‍ ഒരു രാഷ്ട്രീയ കക്ഷിയാണ്‍. ജാതിയും മതവും പോലെ രാഷ്ട്രീയവും ഇപ്പോള്‍ ജന്മസിദ്ധമാണ്‍. കക്ഷി ബന്ധം ഉറപ്പാക്കിക്കഴിയുമ്പോള്‍ വിദ്യാര്‍ത്ഥികാലവും തൊഴില്‍ ജീവിതകാലവുമുള്‍പ്പെടെ എല്ലാ കാലത്തും നമ്മെ സംരക്ഷിക്കാന്‍ സംഘടനകളായി. കാലം രാഷ്ട്രീയത്തിലും മറ്റം വരുത്തി. പരിപ്പു വട തിന്ന്, കട്ടന്‍ കാപ്പി കുടിച്ച്, വിപ്ലവ സന്ദേശം പ്രചരിപ്പിച്ചവര്‍ക്ക് വംശനാശം സംഭവിച്ചു. വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് ആഢംഭര കാറുകളില്‍ ഓടിനടന്ന് മുതലാളിത്ത വികസനത്തിന്റെ സന്ദേശം പരത്തുന്ന പുതിയ ജനുസ് രംഗം കയ്യടക്കിയിരിക്കുന്നു. രസീതു പുസ്തകവുമായി നടന്ന് പിരിക്കുന്ന ചെറിയ തുകകള്‍ കൊണ്ട് പ്രവര്‍ത്തനങ്ങള്‍ നടത്താനാവുന്ന കാലം കഴിഞ്ഞു. അതുകൊണ്ട് പാര്‍ട്ടികള്‍ ഇപ്പോള്‍ പതിനായിരം ചോദിച്ചാല്‍ ലക്ഷം കൊടുക്കാന്‍ തയ്യാറുള്ള ഉദാരമതികളെ ആശ്രയിക്കുന്നു. നാം ഹാപ്പി, പാര്‍ട്ടി ഹാപ്പി, കോടിപതി ഹാപ്പി. .

പണ്ട് പണ്ട് കൊച്ചിയില്‍ നാലര ലക്ഷം രൂപയുടെയും തിരുവിതാംകൂറില്‍ രണ്ടര ലക്ഷം രൂപയുടെയും അഴിമതി ആരോപണങ്ങളുയര്‍ന്നപ്പോള്‍ ഒരു ഹാസ്യ മാസിക കൊച്ചു കൊച്ചി തിരുവിതാംകൂറിനെ പിന്നിലാക്കിയതില്‍ പരിതപിച്ചു. ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്നത് 300 കോടിയുടെ ആരോപണമാണ്‍. പുതിയ നേതാക്കള്‍ തങ്ങളെ പരിഹാസ്യരാക്കുന്നെന്ന് ജനങ്ങള്‍ പരാതിപ്പെടുമെന്ന് തോന്നുന്നില്ല. നേതാക്കള്‍ക്ക് വേണമെങ്കില്‍ ബ്രിട്ടനിലെ പാര്‍ലമെന്റില്‍ അഴിമതിക്ക് വിചാരണ ചെയ്യപ്പെട്ട വാറന്‍ ഹേസ്റ്റിങ്സിനെപ്പോലെ എത്ര കുറച്ചാണ്‍ തങ്ങള്‍ വാങ്ങിയതെന്നോര്‍ത്ത് അത്ഭുതം കൂറാം. ആദ്യ കേരള സര്‍ക്കാര്‍ ക്ഷണിച്ചു കൊണ്ടുവന്ന മുതലാളി വലിയ ലാഭമുണ്ടാക്കി. നാട്ടില്‍ ഏറെ നാശം വിതറുകയും ചെയ്തു. തുടര്‍ന്നുവന്ന സര്‍ക്കാര്‍ മൂന്നാം അഞ്ചാണ്ട് പദ്ധതി തയ്യാറാക്കിയപ്പോള്‍ ഇരുമ്പൊ കല്‍ക്കരിയൊ ഇല്ലാത്തതുകൊണ്ട് നമുക്ക് ചോദിക്കാനുള്ള അര്‍ഹതപോലുമില്ലാത്ത കേന്ദ്ര സര്‍ക്കാരിന്റെ ഹെവി ഇഞ്ചിനീയറിങ് പ്രോജക്ടിനു വേണ്ടി വെറുതെ ഒന്ന് പിടിച്ചുനോക്കി. പിന്നീട് നമുക്ക് ഒരു കപ്പല്‍ നിര്‍മ്മാണശാല കിട്ടി. പക്ഷെ കപ്പല്‍ നിര്‍മ്മിക്കാന്‍ കാര്യമായ അവസരം ലഭിച്ചില്ല. നീണ്ട കാത്തിരിപ്പിനുശേഷം യാഥാര്‍ത്ഥ്യബോധത്തോടെ ചില പദ്ധതികള്‍ ആവിഷ്കരിച്ചിട്ട് അവയില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ്‍ നാം. സര്‍ക്കാര്‍ സ്ഥാപിച്ച ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകള്‍ വ്യവസായങ്ങളുടെ ശവപറമ്പുകളായി മാറിയ ഘട്ടത്തില്‍ അവയ്ക്ക് പുറത്ത് സ്വകാര്യ സംരഭകര്‍, പല വ്യവസായങ്ങളും വിജയകരമായി നടത്തിവരുന്നുണ്ട്. പക്ഷെ നേരത്തെ തുടങ്ങിയ, പരമ്പരാഗത വ്യവസായങ്ങള്‍ എന്ന് വിശേഷിക്കപ്പെടുന്നവ ഇല്ലാതായി. അവയുടെ തകര്‍ച്ചയുടെ ഒരു കാരണം നമ്മുടെ മുതലാളിമാരുടെ പിന്നാക്കാവസ്ഥയായിരുന്നു. മറ്റൊരു കാരണം തൊഴിലാളി പ്രസ്ഥാനത്തിന്റെ പിന്നാക്കാവസ്ഥയും. രണ്ട് കൂട്ടരുടെയും പ്രശ്നം ഫ്യൂഡല്‍ സ്വാധീനത്തില്‍ നിന്ന് മോചനം ലഭിച്ചിരുന്നില്ലെന്നതാണ്‍. അര്‍ബുദം ബാധിച്ച കോശങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ എന്തെങ്കിലും ബാക്കി നിന്നാല്‍ അത് വളര്‍ന്ന് എല്ലായിടത്തേക്കും പടരുന്നതുപോലെ നിര്‍വര്‍ഗ്ഗീകരിച്ച് വിപ്ലവകാരികളായ ജന്മിമാരുടെ ഉള്ളില്‍ അവശേഷിച്ച ജന്മിത്വത്തിന്റെ അംശം വളര്‍ന്ന് മനസ് മുഴുവന്‍ വ്യാപിച്ചു. ജന്മിത്വപാരമ്പര്യമില്ലാത്തവര്‍ പിന്നീട് ഉയര്‍ന്ന് വന്നെങ്കിലും അവരുടെ റോള്‍ മോഡലുകള്‍ മുന്‍‌ഗാമികളായ മുന്‍‌ജന്മിമാരായിരുന്നു. അവരിലൂടെ ഫ്യൂഡല്‍ പാരമ്പര്യം തുടരുന്നു.

മലയാളി സമൂഹത്തിന്റെ ഭാവിയെക്കുറിച്ച്? ഭരണഘടന ഇന്നത്തെ നിലയില്‍ നിലനില്‍ക്കുന്നിടത്തോളം കേരളവും കേരളസമൂഹവുമുണ്ടാകും. എന്നാല്‍ മലയാളവും മലയാള സമൂഹവുമുണ്ടാകണമെന്നില്ല. ഇംഗ്ലീഷിലൂടെ മാത്രമെ മക്കള്‍ക്ക് രക്ഷപ്പെടാനാകൂയെന്ന മാതാപിതാക്കളുടെ വിശ്വാസം പുതിയ തലമുറയെ മലയാളത്തില്‍ നിന്ന് അകറ്റിക്കൊണ്ടിരിക്കുകയാണ്‍. പുതിയ സാങ്കേതികവിദ്യ തുറന്നുകൊടുക്കുന്ന ലോകത്ത് വിജയിക്കാന്‍ മലയാളം മതിയാവില്ലെന്ന് വന്നാല്‍ ഭാഷ പഠിച്ചവരും അതിനെ ഉപേക്ഷിച്ചെന്ന് വരും. സമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളോടൊപ്പം അച്ചടി മാദ്ധ്യമങ്ങളും ഇന്നത്തെ മലയാളി സമൂഹത്തിന്റെ സൃഷ്ടിയില്‍ ഒരു പങ്ക് വഹിക്കുകയുണ്ടായി. വരും തലമുറകളെ അവയേക്കാളേറെ സ്വാധീനിക്കുക ദൃശ്യമാധ്യമങ്ങളും ഇന്റര്‍‌നെറ്റ്, മൊബൈല്‍ തുടങ്ങിയ സങ്കേതങ്ങളിലൂടെ വികസിക്കുന്ന നവമാധ്യമങ്ങളാവും. പത്രത്തില്‍ നിന്ന് വ്യത്യസ്തമായി ടെലിവിഷന്‍ മലയാളത്തിന്‍ ഗുണത്തേക്കാളേറെ ദോഷമാണ്‍ ചെയ്യുന്നതെന്ന് കരുതാന്‍ ന്യായമുണ്ട്. അതിന്‍ പരിപാടിക്ക് പേര്രിടാന്‍ ഇംഗ്ലീഷ് വേണ്ടിവരുന്നു. റീയാലിറ്റി ഷോയില്‍ പാടാന്‍ തമിഴൊ ഹിന്ദിയൊ വേണ്ടിവരുന്നു. ഏതാനും നൂറ്റാണ്ട് മുമ്പുവരെ മലയാളമില്ലായിരുന്നു. ഏതാനും നൂറ്റാണ്ടിനുശേഷം മലയാളം ഉണ്ടാകണമെന്നില്ല. ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ഉതകുന്ന ഭാഷയ്‌ക്കെ നിലനില്‍പ്പുള്ളു.

2 comments:

സെലി ചരിതം said...

good post

Calicocentric കാലിക്കോസെന്‍ട്രിക് said...

നമ്പൂതിരിപ്പാടിന്റെ ഒരു പുസ്തകത്തിന്റെ പേരു താങ്കള്‍ തലക്കെട്ടില്‍ plagiarise ചെയ്തു! കേരളം: ഇന്നലെ, ഇന്ന്, നാളെ (1965)- ആ പേരിലൊരു ഇ എം എസ് പുസ്തകമുണ്ട്. ആ പേര് അധികരമാരും അറിയാത്തതിനു പിന്നില്‍ അവര്‍ തന്നെ നടത്തിയ തമസ്കരണത്തിന്റെ കഥയുമുണ്ടാവണം!