Friday, August 14, 2009

ചെങ്ങറയില്‍ സമരവും ജീവിതവും ഒന്നിക്കുന്നു

ചെങ്ങറയില്‍ ഭൂരഹിതര്‍ ആരംഭിച്ച സമരം രണ്ട് വര്‍ഷം പിന്നിട്ടിരിക്കുന്നു. കേരളത്തിലെ അവകാശ സമരങ്ങളുടെ ചരിത്രത്തില്‍ രണ്ട് വര്ഷം ഒരു നീണ്ട കാലയളവല്ല. അതിലേറെക്കാലം നീണ്ടുനിന്ന സമരങ്ങള്‍ക്ക് നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ അതൊക്കെയും വ്യക്തികളൊ കുടുംബങ്ങളൊ ഏറിയാല്‍ ചെറിയ ജനവിഭാഗങ്ങളൊ നടത്തിയതൊ നടത്തുന്നവയൊ ആണ്. ചെങ്ങറയില്‍ നടക്കുന്നത് അതില്‍ നിന്നൊക്കെ വ്യത്യസ്തമാണ്. ഭൂരഹിതരായ ഒരു വലിയ സമൂഹത്തിന്റെ സമരമാണത്. സമരഭൂമിയില്‍ രണ്ട് കൊല്ലമായി കൊടിയ ദുരിതം അനുഭവിച്ച് ജീവിതം തള്ളിനീക്കുന്നവരുടെ മാത്രം സമരമല്ലത്. സംസ്ഥാനമൊട്ടുക്ക് ചിതറിക്കിടക്കുന്ന എല്ലാ ഭൂരഹിതരുടെയും സമരമാണത്. അവര്‍ ഉയര്‍ത്തുന്ന പ്രശ്നം അവരുടെ നിലനില്‍പ്പിന്റേത് മാത്രമല്ല. കേരള സമൂഹത്തിന്റെ തന്നെ നിലനില്‍പ്പിന്റേതാണ്.

ഭൂരഹിതര്‍ക്ക് ജീവിതം എല്ലായ്പ്പോഴും അക്ഷരാര്‍ത്ഥത്തില്‍ തന്നെ സമരമാണ്. ചെങ്ങറയില്‍ ഒത്തുകൂടിയിട്ടുള്ളവര്‍ സമരത്തെ ജീവിതമാക്കിയിരിക്കുന്നു. അവിടെ സമരവും ജീവിതവും ഒന്നിച്ചിരിക്കുന്നു.

ചെങ്ങറ സമരത്തോടുള്ള ഭരണകൂടത്തിന്റെ സമീപനം ഒരു കാര്യം വ്യക്തമാക്കുന്നു. ഈ സമരത്തിന്റെ സവിശേഷ സ്വഭാവം മനസ്സിലാക്കാന്‍ അതിന് കഴിഞ്ഞിട്ടില്ല. അല്ലെങ്കില്‍ മനസ്സിലായെന്ന് സമ്മതിക്കാന്‍ അതിന് കഴിയുന്നില്ല. അര നൂറ്റാണ്ട് കാലമായി കേരളത്തിലെ ഇടതുപക്ഷം, പ്രത്യേകിച്ചും അതിന്റെ മുഖ്യധാരയായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം, ഉന്നയിച്ചുപോന്ന, തങ്ങള്‍ അടിസ്ഥാനവര്‍ഗ്ഗ താല്പര്യ സംരക്ഷകരാണെന്ന അവകാശവാദം ഈ സമരത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ പൊളിച്ചടക്കിയിരിക്കുന്നു. അവര്‍ നടപ്പിലാക്കിയെന്ന് പറയുന്ന വിപ്ലവകരമായ ഭൂപരിഷ്കരണം ഫ്യൂഡല്‍ സമൂഹ്യഘടനയില്‍ ഒരു അഴിച്ചുപണിയും ആവശ്യപ്പെടാത്ത തൊലിപ്പുറ ചികിത്സ മാത്രമായിരുന്നു. അത് യഥാസമയം തിരിച്ചറിയാന്‍ അതിന്റെ ദോഷം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരെന്ന് കരുതപ്പെട്ട ജന്മിമാര്‍ക്കൊ അതിന്റെ ഗുണം അനുഭവിക്കാന്‍ പോകുന്നവരെന്ന കരുതപ്പെട്ട കര്‍ഷകത്തൊഴിലാളികല്‍ക്കൊ കഴിഞ്ഞില്ല. തിരിച്ചറിഞ്ഞിരുന്നെങ്കില്‍ സ്വന്തം സമുദായത്തില്‍ പെട്ട ജന്മിമാരുടെ താല്പര്യം സംരക്ഷിക്കാന്‍ വിമോചനസമരത്തില്‍ പങ്കാളിയായ മന്നത്ത് പത്മനാഭന്‍ അത് ചെയ്യുമായിരുന്നില്ല. കര്‍ഷകതൊഴിലാളികള്‍ ഭൂപരിഷ്കരണത്തില്‍ അമിതാവേശം കൊള്ളുകയും ചെയ്യുമായിരുന്നില്ല.

ഭൂപരിഷ്കരണം ഫ്യൂഡല്‍ വ്യവസ്ഥയെ ഇല്ലാതാക്കിയില്ലെന്നും അതിനെ മാര്‍ക്സിസത്തിന്റെ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞു വെയ്ക്കുക മാത്രമാണ് ചെയ്തതെന്നും അടിസ്ഥാനവര്‍ഗ്ഗം തിരിച്ചറിഞ്ഞതിന്റെ ഫലമായാണ് ചെങ്ങറ സംഭവിച്ചത്. ഭൂപരിഷകരണമെന്ന പേരില്‍ നടത്തിയ മറിമായം കേരളത്തിലെ കാര്‍ഷിക വ്യവസ്ഥയെ തകര്‍ത്തു. ഭൂപരിഷ്കരണം കര്ഷകത്തൊഴിലാളികളെ ഭൂമിയുടെ കാര്യത്തില്‍ തഴഞ്ഞതു പോകട്ടെ അവര്‍ക്ക് പണിയെടുക്കാന്‍ പാടങ്ങള്‍ ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തങ്ങള്‍ക്ക് ഉപജീവനം നടത്താന്‍ കൃഷിഭൂമി നല്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍ മുന്നോട്ടുവന്നിട്ടുള്ളത്.

കൃഷി ചെയ്തു ജീവിക്കാനാവശ്യമായ ഭൂമി നല്കാനാവില്ലെന്നാണ് ഭരണകൂടവും അതിനെ നയിക്കുന്ന പാര്‍ട്ടിയുടെ നേതൃത്വവും പറയുന്നത്. ഭൂരഹിതര്‍ക്ക് കൂര കെട്ടാന്‍ തുണ്ട് ഭൂമി കൊടുക്കാനെ അവര്‍ തയ്യാറുള്ളു. അവര്‍ ഉന്മൂലനം ചെയ്തെന്ന് അവകാശപ്പെടുന്ന ജന്മിമാരുടെ സമീപനം തന്നെയാണ് അവരുടേതുമെന്നു ഇത് വ്യക്തമാക്കുന്നു. കൂര കെട്ടി താമസിക്കാന്‍ സ്ഥലം നല്കാന്‍ ജന്മിയും തയ്യാറായിരുന്നു. ഒരേ വ്യവസ്ഥയിലാണ് ജന്മിയും പാര്‍ട്ടിയും കൂര കെട്ടാന്‍ സ്ഥലം നല്കുന്നത്. ആശ്രിതത്വമാണ് ഇരുകൂട്ടരും ആവശ്യപ്പെടുന്ന വില.

മാറി മാറി നമ്മെ ഭരിച്ചവര്‍ അവകാശപ്പെടുന്ന നേട്ടങ്ങള്‍ പരിശോധിക്കുമ്പോള്‍ അവയെല്ലാം കേവലം ആശ്വാസ നടപടികളാണെന്ന് കാണാം. അവയുടെ ലക്ഷ്യം ദുര്‍ബല വിഭാഗങ്ങളെ സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തരാക്കുകയായിരുന്നില്ല. അവരെ ആശ്രിതരാക്കി നിലനിര്‍ത്തിക്കൊണ്ട് അവര്‍ക്കായി ചില ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുകയാണ് അവര് ചെയ്തത്. സ്വന്തം കാലില്‍ നില്ക്കാനുള്ള പ്രാപ്തി സമ്പാദിച്ചവര്‍ ഇവിടെ തീര്‍ച്ചയായുമുണ്ട്. ഗള്‍ഫ് പ്രവാസികളെപ്പോലെ, സര്‍ക്കാരിന്റെ ഔദാര്യം കൂടാതെ, സ്വന്തം പരിശ്രമത്തിലൂടെയാണ് അവരൊക്കെയും രക്ഷാമാര്‍ഗ്ഗം കണ്ടെത്തിയത്.

സി.പി.എം നേതൃത്വം നിരവധി വികസന പദ്ധതികള്‍ക്ക് അനുമതി നല്കിയെന്നും അതെല്ലാം മുഖ്യമന്ത്രി തടഞ്ഞുവെച്ചിരിക്കുന്നെന്നും പാര്‍ട്ടി രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് ചില മാധ്യമങ്ങള്‍ ഈയിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ അവയെല്ലാം അടിസ്ഥാനപരമായി റീയല്‍ എസ്റ്റേറ്റ് പദ്ധതികളാണെന്ന് കാണാനാകും. റീയല്‍ എസ്റ്റേറ്റ് കമ്പനികള്‍ വ്യവസായികളെ കൊണ്ടുവരുമെന്നും അങ്ങനെ തൊഴിലുകള്‍ ഉണ്ടാകുമെന്നുമുള്ള ന്യായം പറഞ്ഞാണ് ബന്ധപ്പെട്ടവര്‍ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. തെങ്ങിന്റെ മണ്ടയില്‍ വ്യവസായമുണ്ടാക്കാന്‍ കഴിയാത്തതുകൊണ്ട് കടല്‍ നികത്തിയാണെങ്കിലും വ്യവസായത്തിന് സ്ഥലമുണ്ടാക്കാന്‍ പാര്‍ട്ടി തയ്യാറാണ്. എന്നാല്‍ കൃഷി ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് അതിനാവശ്യമായ ഭൂമി കണ്ടെത്താന്‍ അത് തയ്യാറില്ല. ചെങ്ങറയിലെ സമരഭൂമി ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തോട്ടം മുതലാളിമാര്‍ പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി നിയമത്തിന്റെയൊ കരാറിന്റെയൊ പിന്‍ബലമില്ലാതെ കൈവശം വെച്ചുകൊണ്ടിരിക്കുകയും അത് യഥേഷ്ടം മുറിച്ച് വില്ക്കുകയും ചെയ്യുന്നുണ്ടെന്നത് പരക്കെ അറിയപ്പെടുന്ന വസ്തുതയാണ്. മുന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ഉപയോഗിച്ചാണ് തോട്ടം വസ്തുവിന്റെ ചില്ലറ വില്പന നടക്കുന്നതെന്ന് ദൂര്‍ദര്‍ശനില്‍ ചെങ്ങറ സമരത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ വക്താവ് പറയുകയുണ്ടായി. ഏത് നിയമത്തിന്റെ കാര്യമാണ് പറയുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത യു.ഡി.എഫ് നേതാവ് ചോദിച്ചപ്പോള്‍ നിയമമല്ല ചട്ടമാണ് എന്ന് പറഞ്ഞു തടിതപ്പാന്‍ അദ്ദേഹം ശ്രമിച്ചു. അങ്ങനെയൊരു നിയമമൊ ചട്ടമൊ നിലവിലുണ്ടെങ്കില്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അത് എന്തുകൊണ്ട് എടുത്തുമാറ്റുന്നില്ല? ഉത്തരം ലളിതമാണ്: വ്യവസ്ഥയെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഒന്ന് ചേട്ടന്‍ ബാവയും മറ്റേത് അനിയന്‍ ബാവയും ആണ്.

സി.കെ.ജാനുവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തും മുത്തങ്ങയിലും നടന്ന സമരങ്ങളുടെ തുടര്ച്ചയാണ് ളാഹ ഗോപാലന്‍ നേതൃത്വം നല്കുന്ന ചെങ്ങറ സമരം. ഇത്തരത്തിലുള്ള സമരം നേരിടുന്നതിന് ഒരു മാര്‍ഗ്ഗമെ ഭരണകൂടത്തിനറിയൂ. അത് ഫ്യൂഡല്‍-കൊളോണിയല്‍ അധികാരികള്‍ പഠിപ്പിച്ച മാര്‍ഗ്ഗമാണ്. പൊലീസിനെയൊ പട്ടാളത്തെയൊ ഉപയോഗിച്ച് സമരക്കാരെ തുരത്തുകയൊ കൊല്ലുകയൊ ചെയ്യുന്ന മാര്‍ഗ്ഗമാണത്. ജീവിതവും സമരവും ഒന്നാകുന്നിടത്ത് അത് ഫലപ്രദമാകില്ലെന്ന് മുത്തങ്ങയില്‍ അത് പ്രയോഗിച്ച ഭരണാധികാരി തിരിച്ചറിയുകയും ജാനുവുമായി ചര്ച്ചയിലേര്‍പ്പെട്ട് സമാധാനപരമായ പരിഹാരം തേടുകയും ചെയ്തു. അദ്ദേഹത്തിന്റെ സര്ക്കാരിന് വാഗ്ദാനം പാലിക്കാനായില്ല. പിന്നീട് വന്ന സര്‍ക്കാര്‍ ശ്രമം പൂര്‍ണ്ണമായും ഉപേക്ഷിച്ചു.

ഭരണാധികാരികളുടെ താല്പര്യം മുന്‍ നിര്‍ത്തിയാണ് തോട്ടം ഉടമ ചെങ്ങറ സമരക്കാരെ ഒഴിപ്പിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഒഴിപ്പിക്കല്‍ രക്തച്ചൊരിച്ചില്‍ കൂടാതെയാകണമെന്ന കോടതി നിബന്ധന മുത്തങ്ങ മാര്‍ഗ്ഗം അവലംബിക്കുന്നതിന് തടസ്സമായി നില്ക്കുന്നു. മുത്തങ്ങ അനുഭവം ഓര്‍ത്തുകൊണ്ട് ഹൈക്കോടതി മനുഷ്യാവകാശ മൂല്യങ്ങളില്‍ അധിഷ്ടിതമായ ആ നിബന്ധന വിധിയില്‍ ഉള്‍പ്പെടുത്തി സര്ക്കാരിന്റെ കൈകള്‍ ബന്ധിച്ചപ്പോള്‍ പാര്‍ട്ടി തൊഴിലാളികളെ മുന്‍പില്‍ നിര്‍ത്തിക്കൊണ്ട് സമരം പൊളിക്കാന്‍ ശ്രമം തുടങ്ങി. അവരുടെ നിരന്തരമായ പീഢനം അതിജീവിച്ചുകൊണ്ടാണ് ഭൂരഹിതര്‍ സമരം തുടരുന്നത്.

ഉത്തര്‍ പ്രദേശിലെ ദലിതരേക്കാള്‍ ഭൂരാഹിത്യം അനുഭവിക്കുന്നവരാണ് കേരളത്തിലെ ദലിതരെന്നത് നാം അഭിമാനം കൊള്ളുന്ന സാമൂഹിക വളര്‍ച്ചയ്ക്ക് കളങ്കം ചാര്‍ത്തുന്ന വസ്തുതയാണ്. ഇത് ഭൂദൌലഭ്യം അനുഭവിക്കുന്ന പ്രദേശമായതുകൊണ്ട് ഭുവിനിയോഗം സംബന്ധിച്ച് ശാസ്ത്രീയാടിസ്ഥാനത്തില്‍ വ്യക്തമായ നയപരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. വിനോദസഞ്ചാരത്തിന് സമ്പദ് വ്യവസ്ഥയില്‍ പ്രധാന പങ്ക് നല്കാന്‍ ആഗ്രഹിക്കുന്ന സാഹചര്യത്തില്‍ പ്രകൃതിസംരക്ഷണത്തിന് ഊന്നല്‍ കൊടുത്തേ മതിയാകൂ. കൃഷി, വ്യവസായം, വിനോദസഞ്ചാരം എന്നിങ്ങനെയുള്ള വിവിധ ആവശ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് അവയ്ക്കാവശ്യമായ രീതിയില്‍ സംസ്ഥാനത്തെ വ്യത്യസ്ത മേഖലകളായി തിരിക്കണം. ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികളുടെ താല്പര്യങ്ങളേക്കാള്‍ ഭൂമാഫിയാകളെ പോലുള്ളവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ളതുകൊണ്ടാണ് ഭരണകൂടത്തിന് ഇത് ചെയ്യാന്‍ കഴിയാത്തത്.(ജനശക്തി)

11 comments:

Anonymous said...

കമ്യൂണിസ്റ്റുകള്‍ മറ്റാരേക്കാളും ഫാഷിസ്റ്റുകളാണെന്ന് ഇന്ന് ദലിതരും മറ്റു പിന്നാക്ക വിഭാഗങ്ങളും വലിയതോതില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ചെങ്ങറ അക്കാര്യം ഒന്നുകൂടി ഉറപ്പിക്കുന്നു, ആദിവാസികളെയും ദലിതരെയും പൊതു സമൂഹം മനുഷ്യരായി ഇപ്പോഴും കണക്കാക്കിയിട്ടില്ല. അതുകൊണ്ടാണ് അവര്‍ മുത്തങ്ങയിലെന്നപോലെ ചെങ്ങറയിലും നിശ്ശബ്ദരായിരിക്കുന്നത്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മുത്തങ്ങയിലെ കാര്യം പറയുമ്പോൾ വാക്കുകൾക്ക് എന്തൊരു ലാളിത്യം..എന്തൊരു സൌമ്മ്യത...അദ്ദേഹത്തിന്റെ സർക്കാരിനു വാഗ്ദാനം പാലിക്കാനായില്ല”

അല്ല, ഈ അദ്ദേഹത്തിന്റെ പാർട്ടിക്കാർ കേരളത്തിൽ എന്തൊക്കെ വാഗ്ദാനങ്ങളാണു ഇതു വരെ പാലിച്ചിട്ടുള്ളത്?

ഭൂപരിഷ്കരണം ഉദ്ദേശിച്ച രീതിയിൽ നടപ്പിലാക്കുന്നതിനു മുൻ‌പ് ‘വിമോചനസമരം” നടത്തിയവരെ കുറിച്ച പറഞ്ഞിട്ട് , ഭൂപരിഷ്ക്കരണം കേരളത്തെ നശിപ്പിച്ചോ എന്ന് പറഞ്ഞിരുന്നെങ്കിൽ സാറിന്റെ വാദങ്ങളിൽ നിഷ്‌പക്ഷത ഉണ്ടെന്നു പറയാമായിരുന്നു.

ഇത്ര ഇടതു വിരുദ്ധനാകാൻ എങ്ങനെ കഴിയുന്നു സാർ?ചാനൽ ചർച്ചകളിൽ ഇടം നേടാനാവും അല്ലേ?

കിരണ്‍ തോമസ് തോമ്പില്‍ said...

ചില കാര്യങ്ങള്‍ പറയുമ്പോള്‍ ബാലന്‍സ്‌ ചെയ്യാനുള്ള BRP യുടെ കഴിവ്‌ അപാരം തന്നെ. എത്ര മനോഹരമായാണ്‌ വികസന പദ്ധതികള്‍ റിയല്‍ എസ്റ്റേറ്റ്‌ പദ്ധതികളാണ്‌ എന്ന വാദം ചെങ്ങറ പോസ്റ്റില്‍ തിരുകി കയറ്റിയത്‌. ഇതൊക്കെ കാണുമ്പോള്‍ ചിലത്‌ ഓര്‍മ്മ വരുന്നു. സ്മാര്‍ട്ട്‌ സിറ്റി തന്നെ ഉദാഹരണം.

പണ്ട്‌ മൂന്നാര്‍ ഒഴിപ്പിക്കല്‍ കലാപരിപാടി കത്തി നില്‍ക്കുന്ന കാലം ബി.അര്‍.പി. മാധ്യമം പത്രത്തില്‍ ഇങ്ങനെ എഴുതി മൂന്നാര്‍ ഒഴിപ്പിക്കല്‍ സ്മാര്‍ട്ടി സിറ്റി തുടങ്ങിയ വി.എസിന്റെ പദ്ധതികളോട്‌ പിണറായി വിജയന്‌ താല്‍പ്പര്യമില്ല എന്ന് എല്ലാവര്‍ക്കും അറിയാം.

ചുമ്മാ ഒരു ഡിക്ലറേറ്റിവ്‌ സ്റ്റേറ്റ്‌മന്റ്‌. അപ്പോള്‍ അന്ന് BRP ക്ക്‌ സ്മാര്‍ട്ട്‌ സിറ്റി പദ്ധത്‌ മഹത്തരമായ സംഗതിയായിരുന്നു. അത്‌ റിയല്‍ എസ്റ്റേറ്റ്‌ പദ്ധതി അല്ല. 2000 മുതല്‍ 70000 രൂപവരെ പണം നല്‍കി ജനങ്ങളെ കുടി ഒഴിപ്പിച്ച്‌ 236 ഏക്കര്‍ സ്ഥലം സ്മാര്‍ട്ട്‌ സിറ്റിക്ക്‌ നല്‍കി അതില്‍ 12% ഫ്രീ ഹോള്‍ഡും നല്‍കി SEZ പദവിയും നല്‍കി നെല്‍പ്പാടം നികത്തി, പുതിയ സെസ്‌ നയം ബാധകമല്ലാതെ പദ്ധതി വന്നാല്‍ മഹത്തരമായ വികസന പ്രവര്‍ത്തനം. ( 12% ഫ്രീഹോഡ്‌ ഉഡായിപ്പ്‌ പരിപാടിയാണ്‌ എന്ന് ഇന്ന് വി.എസ്‌ അടക്കുമുള്ളവര്‍ മനസലാക്കി എന്നത്‌ ഇതിലെ ആന്റി ക്ലൈമാക്സ്‌) . ആരെയും കുടിയൊഴിപ്പിക്കാതെ സംരംഭകര്‍ വാങ്ങിയ സ്ഥലത്ത്‌ ഇടതു മുന്നണി അംഗീകരിച്ച സെസ്‌ നയം അനുസ്സരിച്ച്‌ വികസനം പ്രവര്‍ത്തനം നടത്താന്‍ അനുമതി ചോദിച്ചാല്‍ അത്‌ റിയല്‍ എസ്റ്റേറ്റ്‌ കച്ചവടം. സ്മാര്‍ട്ട്‌ സിറ്റിക്കാരണ്‌ 236 ഏക്കാര്‍ ജനങ്ങളുടെ കുത്തിന്‌ പിടിച്ച്‌ സൗജന്യ നിരക്കില്‍ പാട്ടത്തിന്‌ കൊടുക്കുമ്പോള്‍ ഈ ഭൂപ്രസ്നമൊന്നും ആരും ഉന്നയിച്ച്‌ കേട്ടില്ല.

തങ്ങള്‍ക്ക്‌ ഇഷ്ടമുള്ള ആള്‍ക്കാര്‍ക്ക്‌ കോട്ടം തട്ടാതെ വേണമല്ലോ കാര്യങ്ങള്‍ നടത്താന്‍ ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ ചെങ്ങറ സമര രംഗത്തെ പോരാളിയാണ്‌ അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോ പോറല്‍ ഏല്‍ക്കുന്നത്‌ ചെങ്ങറ സമരത്തിന്റെ ഭാവിയെ ബാധിച്ചാലോ? പിന്നെ ചില കാര്യങ്ങള്‍ പറയുമ്പോള്‍ അച്യുതാനന്ദനെയും സംരക്ഷിച്ച്‌ നിര്‍ത്തണമല്ലോ അതും ചെയ്യാതെ പറ്റില്ല. ചെങ്ങറ സമര രംഗത്തെ പ്രമുഖരില്‍ പലരും വി.എസിന്റെ കൂടെ ബ്രാന്റ്‌ അംബാസിഡര്‍ ആയതിനാല്‍ ഈ കാര്യം വരുമ്പോള്‍ പാര്‍ട്ടി ഇളമരം കരീം ഏ.കെ ബാലന്‍ എന്നൊക്കെപ്പറഞ്ഞാല്‍ മതി. ചെങ്ങറ മൂലമ്പള്ളി സമരങ്ങളേപ്പറ്റി വി.എസിന്റെ അഭിപ്രായമോ നയമോ ശ്രദ്ധിക്കപ്പെടാതെ നോക്കേണ്ടതാണ്‌ എന്ന അജണ്ടയും ബ്രാന്റ്‌ അമ്പാസിഡര്‍മാര്‍ ശ്രദ്ധിക്കുന്നുണ്ട്‌.

ളാഹാ ഗോപാലന്‍ ഒരു അഭിമുഖത്തില്‍ വി.എസിനെപ്പറ്റി പറഞ്ഞത്‌ വായിക്കുക
Q?മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നല്ലോ. എന്തുകൊണ്ടാണ് ചര്‍ച്ച പരാജയമായി മാറിയത്?

Ans? ചര്‍ച്ചയല്ല നടന്നത്. ഒരു നയപ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത്. ആദിവാസികളെയും വ്യവസായങ്ങളെയും തൊഴിലാളികളെയും സര്‍ക്കാര്‍ സംരക്ഷിക്കും. ഭൂരഹിതന്‍ സമരം മതിയാക്കി പോയില്ലെങ്കില്‍ മുള്ളും കൊമ്പുമുള്ള പൊലീസിനെ കാണേണ്ടിവരും. ഈ രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ സമീപനം.

ഇതെങ്ങാനും പിണറായി വിജയന്‍ പറഞ്ഞിരുന്നു എങ്കില്‍ കാണാമായിരുന്നു ആദര്‍ശപുങ്കവന്മാരുടെ ലേഖന പരമ്പര

absolute_void(); said...

Comment is free, but facts are sacred

Suraj said...

ഇതെങ്ങാനും പിണറായി വിജയന്‍ പറഞ്ഞിരുന്നു എങ്കില്‍ കാണാമായിരുന്നു ആദര്‍ശപുങ്കവന്മാരുടെ ലേഖന പരമ്പര

You said it Kiran !

ജനശക്തി said...

കിരണിനും സുനിലിനും ഒക്കെ അഭിവാദ്യം അര്‍പ്പിച്ച് BRP പിന്മാറുമോ?

Rajeeve Chelanat said...

മുത്തങ്ങ സമരത്തെയും ചെങ്ങറ സമരത്തെയുമൊക്കെ യു.ഡി.എഫും, എല്‍.ഡി.എഫും, ബി.ആര്‍.പി.യെപ്പോലുള്ളവരും ഹൈജാക്കു ചെയ്യുന്നത് മനസ്സിലാക്കാം. എങ്കിലും, കേരളത്തിലെ ഭൂപ്രശ്നത്തെ ഇവരൊക്കെ ഒരേ മട്ടില്‍ അവഗണിക്കുന്നു എന്നതും കാണാതിരിക്കരുത്. കുടിയൊഴിക്കപ്പെടുന്നവരുടെ നേരെ, വി.എസ്സും, ഉമ്മന്‍‌ചാണ്ടിയും, ബി.ആര്‍.പി.യുമൊക്കെ ഒരേ ഭാഷ തന്നെയാണ് ഉപയോഗിക്കുന്നത്. ളാഹയെപ്പോലുള്ളവരും ഈ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നു. സ്രാവുകളെ എല്ലാവരുക്കും ഭയം.

അഭിവാദ്യങ്ങളോടെ

Unknown said...

ചെങ്ങറയിലെ സമരക്കാര്‍ തോട്ടം മുതലാളിയുടെ ഒരുലക്ഷം രൂപയുടെ റബ്ബര്‍ മോഷ്ടിച്ച് വിറ്റാണ് ശാപ്പാടും മറ്റുമായി സുഖജീവിതം നയിക്കുന്നതെന്ന് പറഞ്ഞത് പിണറായി വിജയനോ എളമരം കരീമോ എ കെ ബാലനോ എന്തിന് ഉമ്മന്‍ചാണ്ടി പോലുമോ അല്ല. സാക്ഷാല്‍ വിഎസ് അച്യുതാനന്ദനാണ്. പറഞ്ഞത് 2008 ഒക്ടോബര്‍ 21ന്. ആ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. തന്റെ എണ്‍പത്തി അഞ്ചാം പിറന്നാള്‍ തൊട്ടു തലേന്നാണ് സഖാവ് വിഎസ് സേമിയാ പായസം കഴിച്ച് ആഘോഷിച്ചത്. സ്വന്തം ശാപ്പാടിന്റെ വര്‍ണചിത്രം മാതൃഭൂമിയില്‍ അച്ചടിച്ചു വന്ന അതേ ദിവസം തന്നെയാണ് ചെങ്ങറയിലെ തൊഴിലാളികള്‍ മോഷണം നടത്തി ശാപ്പാടടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചത്.

ഭൂസമരത്തിലേര്‍പ്പെടുന്ന തൊഴിലാളികളെ മോഷ്ടാക്കള്‍ എന്ന് സംബോധന ചെയ്യാന്‍ കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവും മന്ത്രിയും തുനിഞ്ഞിട്ടില്ല. ചെങ്ങറയിലെ സമരക്കാരുമായി ചര്‍ച്ച നടത്തിയ ശേഷം സഖാവ് വിഎസ് അവരോട് ആവശ്യപ്പെട്ടത് സമരം മതിയാക്കി താലൂക്ക് ഓഫീസ് വഴി അപേക്ഷ നല്‍കിയാല്‍ മിച്ചഭൂമി കിട്ടുന്ന മുറയ്ക്ക് സര്‍ക്കാര്‍ അത് വിതരണം ചെയ്യുമെന്നാണ്.

ചെങ്ങറയിലെ സമരത്തോട് ഏറ്റവും നിന്ദ്യമായി പ്രതികരിച്ച സംസ്ഥാന മുഖ്യമന്ത്രിയെ സാംസ്ക്കാരിക നായകന്‍ എത്ര വിദഗ്ധമായാണ് ഒളിച്ചു പിടിക്കുന്നതെന്ന് നോക്കുക. കിരണ്‍ ചൂണ്ടിക്കാട്ടിയതു പോലെ വികസനപ്രവര്‍ത്തനങ്ങളെയാകെ റിയല്‍ എസ്റ്റേറ്റെന്ന് മുദ്രയടിച്ച് വ്യംഗ്യമായി മുഖ്യമന്ത്രിയാണ് ശരിയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നുമുണ്ട്.

ബിആര്‍പി ആരോപിക്കുന്ന ഫ്യൂഡല്‍ സംസ്ക്കാരം അപ്പടി പിന്‍പറ്റുന്നത് ആരാണെന്ന് മുന്‍വിധികളില്ലാതെ ചിന്തിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. ഞാനാണ് പാര്‍ട്ടിയെന്നും ഒരു കൂട്ടായ്മയ്ക്കും കീഴടങ്ങാന്‍ ഞാന്‍ തയ്യാറല്ലെന്നും എനിക്ക് സിന്ദാബാദ് വിളിക്കാത്തവരും, എന്നും രാവിലെ എന്റെ മുന്നില്‍ വന്ന് ഓച്ഛാനിച്ചു നില്‍ക്കാത്തവരും അഴിമതിക്കാരെന്നും പ്രചരിപ്പിക്കുന്ന അപകടകരമായ മാനസികാവസ്ഥയെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ബിആര്‍പിയെപ്പോലുളളവര്‍ ഉളളില്‍ താലോലിക്കുന്നതും ഇതേ ഫ്യൂഡല്‍ കാഴ്ചപ്പാടാണ്. ജനാധിപത്യത്തിന് വേണ്ടി മുതലക്കണ്ണീരൊഴുക്കുകയും അടിമുടി ഫ്യൂഡലായിരിക്കുകയും ചെയ്യുന്നവര്‍ക്ക് ടെലിവിഷന്‍ ചാനലുകളും പത്രത്താളുകളും ഒന്നാന്തരം ഒളിയിടങ്ങളായിരിക്കും.

പക്ഷേ, ബ്ലോഗില്‍ അത് ചെലവാകുന്ന കാര്യം സംശയം... കയ്യോടെ പിടിക്കപ്പെട്ട എല്ലാ പൂച്ചസന്ന്യാസിമാരും പുലര്‍ത്തുന്ന മൗനം ആയുധമാക്കി ബിആര്‍പി ഓടിയൊളിക്കുന്നു.

ഉടയാത്ത ഉടയാടകള്‍, ആഢ്യത്വം നുരയ്ക്കുന്ന വദനഭംഗി, പ്രായവും അനുഭവസമ്പത്തും കൊണ്ടു നേടിയ ആദരവ്. വേഷത്തിലും ആകാരത്തിലും പ്രകൃതത്തിലും തനി ഫ്യൂഡല്‍. പത്രത്തിലെ സ്ഥിരം കോളങ്ങളും ടെലിവിഷനിലെ സ്ഥിരം ചര്‍ച്ചകളും കൊണ്ടു നേടിയെടുത്ത സാംസ്ക്കാരിക നായകത്വം ബ്ലോഗില്‍ താങ്കളെ രക്ഷിക്കുന്നില്ലല്ലോ ബിആര്‍പീ.

ജനശക്തി said...

ചെങ്ങറ സമരഭൂമിയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമെന്ന് ചെങ്ങറ സമര സമിതി നേതാവ് ളാഹാ ഗോപാലന്‍. തോക്കിന്‍കുഴലിലൂടെ വിപ്ലവം നടത്താമെന്ന് കരുതുന്നവരും സമരത്തില്‍ നുഴഞ്ഞുകയറിയിരിക്കുകയാണെന്ന് ളാഹ ഗോപാലന്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി. 2 വര്‍ഷം മുമ്പ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ളാഹ ഗോപാലന്‍ ശരി വച്ചിരിക്കുന്നത്. സാധുജന സംയുക്തവേദി ഓഫീസ് കെട്ടിട നിര്‍മ്മാണത്തിന് നിര്‍ബന്ധിത പിരിവ് നടത്തിയത് തടഞ്ഞവരെ ളാഹാ ഗോപാലന്റെ സംഘം ആക്രമിച്ചതിന് പിന്നാലെയാണ് മാവോയിസ്റ്റുകളുടെ സാന്നിധ്യം ളാഹ ഗോപാലന്‍ വെളിപ്പെടുത്തിയത്.
(കൈരളി ടി.വി)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

എന്തിനാ ജനശക്തീ ഈ കഴിഞ്ഞ കഥകൾ ഭാസ്കർ സാറിനെ ഓർമ്മിപ്പിക്കുന്നത്?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

എന്തിനാ ജനശക്തീ ഈ കഴിഞ്ഞ കഥകൾ ഭാസ്കർ സാറിനെ ഓർമ്മിപ്പിക്കുന്നത്?