Friday, October 23, 2015

ധാർമ്മിക ധീരന്മാരെയും ധാർമ്മിക ഭീരുക്കളെയും സമൂഹം തിരിച്ചറിയണം

ബി.ആർ.പി. ഭാസ്കർ 
ജനശക്തി


എ.ബി. വാജ്‌പേയ് ജനതാ സർക്കാരിലെ വിദേശകാര്യ മന്ത്രിയെന്ന നിലയിലും പിന്നീട് ആദ്യ ബി.ജെ.പി പ്രധാനമന്ത്രിയെന്ന നിലയിലും പ്രകടിപ്പിച്ച ജനാധിപത്യബോധം നരേന്ദ്ര മോദിയിൽ നിന്നു ആരും പ്രതീക്ഷിച്ചിരുന്നില്ല. മുഖ്യമന്ത്രിയെന്ന നിലയിലുള്ള മോദിയുടെ പ്രവർത്തനം അങ്ങനെയൊരു പ്രതീക്ഷക്ക് ഇടം നൽകിയതേയില്ല. ഗുജറത്തിലെ മുസ്ലിം കൂട്ടക്കൊലക്കുശേഷം വാജ്പേയ് മോദിയെ രാജധർമ്മത്തെ കുറിച്ച് ഓർമ്മപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ ഫ്യൂഡൽകാല പാരമ്പര്യത്തിറ്റെ ഭാഗമായ രാജധർമ്മ സങ്കല്പം പോലും ഉൾക്കൊള്ളാനാകാഞ്ഞ മോദിക്ക് ഭരണഘടന വിഭാവന ചെയ്യുന്ന ജനാധിപത്യ മതനിരപേക്ഷ സങ്കല്പം എങ്ങനെ മനസിലാകും?


ഇരുപതിൽ‌പരം കക്ഷികൾ അടങ്ങുന്ന എൻ.ഡി.എ. സഖ്യം രൂപീകരിച്ചാണ് വാജ്പേയ് ലോക് സഭയിൽ സർക്കാരുണ്ടാക്കാനാവശ്യമായ ഭൂരിപക്ഷം സംഘടിപ്പിച്ചത്. അതിനാൽ ബി.ജെ.പിക്ക് ആർ.എസ്.എസ് പരിപാടികൾ അടങ്ങുന്ന അജണ്ട മരവിപ്പിച്ചു നിർത്തേണ്ടി വന്നു. വാജ്പേയിക്ക് ആർ.എസ്.എസ് നേതൃത്വത്തിൽ നിന്ന് വലിയ സമ്മർദ്ദം നേരിടാതെ ഭരണം നടത്താനും കഴിഞ്ഞു. എൻ.ഡി.എ. ഇപ്പോഴും നിലവിലുണ്ടെങ്കിലും അതിൽ കുറച്ചു ഘടകകഷികളെയുള്ളു. മിക്കവയും ബി.ജെ.പിയെപോലെ വർഗീയ സമീപനമുള്ളവരുമാണ്. ബി.ജെ.പിക്കു സ്വന്തനിലയിൽ ലോക് സഭയിൽ ഭൂരിപക്ഷമുള്ളതു കൊണ്ട് ഘടകകക്ഷികൾ ഇടഞ്ഞാലും സർക്കാരിന്  വലിയ പ്രശ്നമില്ല. ഈ സാഹചര്യം പ്രയോജനപ്പെടുത്തി സർക്കാരിന്റെ മേൽ ആർ.എസ്.എസ് പൂർണ്ണ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്.

ആർ.എസ്..എസ് നേരിട്ടു ഇടപെട്ടതിന്റെ ഫലമായാണ് ബി.ജെ.പി. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയത്. കഴിഞ്ഞ കൊല്ലം ബി.ജെ.പിയിലും അതിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളിലും കൂടുതൽ ആർ.എസ്.എസ്. നേതാക്കളെ നിയോഗിച്ചുകൊണ്ട് അത് അവയുടെ മേലുള്ള പിടി മുറുക്കി.. മോദി സർക്കാർ ഒരു വർഷം പിന്നിട്ടപ്പോൾ അർ.എസ്.എസ് മേധാവി മോഹൻ ഭഗതും മറ്റേതാനും ഉന്നത  നേതാക്കളും അതിന്റെ പ്രവർത്തനം വിലയിരുത്താനായി രണ്ട് ദിവസം ഡൽഹിയിൽ ക്യാമ്പ് ചെയ്യൂകയുണ്ടായി. ബി.ജെ.പി. മന്ത്രിമാർ അവരുടെ മുന്നിൽ ഹാജരായി വിവിധ വകുപ്പുകളുടെ പ്രവർത്തനം വിശദീകരിച്ചു. രണ്ടാം ദിവസം മോദി നേരിട്ട് ഹാജരായി അവർക്ക് റിപ്പോർട്ടു നൽകി. ഇതെല്ലാം ആർ.എസ്.എസ്. നേതൃത്വം നാഗപ്പൂരിലെ ആസ്ഥാനത്തിരുന്നു കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളെ കർശനമായി നിയന്ത്രിക്കുകയാണെന്ന് സൂചിപ്പിക്കുന്നു.

പാഠപുസ്തകങ്ങളിലും പാഠ്യപദ്ധതികളിലും മാറ്റം വരുത്തിക്കൊണ്ട് ഹിന്ദുത്വത്തിന്റെ തികച്ചും പ്രതിലോമകരവും വർഗീയവുമായ ആശങ്ങൾക്ക് അനുസൃതമായി പുതിയ തലമുറയുടെ മനസുകളെ രൂപപ്പെടുത്തുകയാണ് ആർ. എസ്.എസിന്റെ ലക്ഷ്യം. ഈ പ്രക്രിയയിലൂടെ മതനിരപേക്ഷതയെ ഉന്മൂലനം ചെയ്യാനും ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാൻ കഴിയുമെന്നും അത് കണക്കുകൂട്ടുന്നു. ഈ വിശാല ലക്ഷ്യം മുൻ‌നിർത്തി സർക്കാർന്റെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സാംസ്കാരിക സ്ഥാപനങ്ങളുടെയും തലപ്പത്ത് ആർ.എസ്.എസിന്റെ ശിക്ഷണം ലഭിച്ചവരെ പ്രതിഷ്ഠിച്ചു കൊണ്ടിരിക്കുകയാണ്. പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ അതിന്റെ പൂതിയ മേധാവിക്കെതിരെ നടത്തുന്ന സമരമാണ് ഇതുവരെ മോദി സർക്കാരിന് ഇക്കാര്യത്തിൽ നേരിടേണ്ടി വന്ന ഏക പ്രതിബന്ധം.

ആർ.എസ്.എസ്. ഭരണകൂട സംവിധാനം ഉപയോഗിച്ച് ഹിന്ദുത്വത്തെ വളർത്തുമ്പോൾ അതിന്റെ നിയന്ത്രണത്തിലും ഒരുപക്ഷെ അല്ലാതെയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉയർന്നു വന്നിട്ടുള്ള സംഘടനകൾ അക്രമത്തിലൂടെ എതിരാളികളെ കീഴ്പ്പെടുത്താനും ഉന്മൂലനം ചെയ്യാനുമുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ചില സംഘടനകൾ ന്യൂനപക്ഷങ്ങളെയാണ് ലക്ഷ്യമിടുന്നത്. അവർ സംഘർഷങ്ങൾ സൃഷ്ടിച്ച് വർഗീയ ധ്രുവീകരണമുണ്ടാക്കാൻ ശ്രമിക്കുന്നു. യു.പിയിലെ ദാദ്രിയിൽ മാട്ടിറച്ചി കഴിച്ചെന്ന വ്യാജ ആരോപണത്തിന്റെ പേരിൽ ഒരു മുസ്ലിം കൊല്ലപ്പെട്ടതും മംഗലാപുരത്തും സമീപ പ്രദേശങ്ങളിലും ഹിന്ദുത്വ ‘മോറൽ പൊലീസ്‘ അടിക്കടി നടത്തുന്ന അക്രമങ്ങളും ഇത്തരം പ്രവർത്തനത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.

ചില സംഘടനകൾ ജനങ്ങളെ സ്വതന്ത്രമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നവരെയാണ് ലക്ഷ്യമിടുന്നത്. മഹാരാഷ്ട്രയിൽ നരേന്ദ്ര ദഭോൽക്കറും ഗോവിന്ദ് പൻസാരെയും കർണ്ണാടകത്തിൽ എം. എം. കൽബുർഗിയും കൊല്ലപ്പെട്ടത് ഹിന്ദുത്വത്തെ വളർത്താൻ ഉപയോഗിക്കുന്ന മിത്തുകളെ ചോദ്യം ചെയ്തതിനാണ്. കേന്ദ്രത്തിലും മഹാരാഷ്ട്രയിലും കോൺഗ്രസ് അധികാരത്തിലിരുന്ന കാലത്താണ്  അന്ധവിശ്വാസത്തിനെതിരായ പ്രചാരണത്തിൽ ഏർപ്പെട്ടിരുന്ന ദഭോൽകർ കൊല്ലപ്പെട്ടത്  ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ പ്രവർത്തകരാണ് ഈ മൂന്നു കൊലപാതകങ്ങളും നടത്തിയതെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. അവരുടെ നിഗമനം ശരിയാണെങ്കിൽ ഈ ഉന്മൂലന പരിപാടി മോദി സർക്കാരിന്റെ വരവിനു മുമ്പെ ആസൂത്രണം ചെയ്തു നടപ്പാക്കി തുടങ്ങിയതാണ്. ചില സന്യാസിമാരും ഒരു പട്ടാള ഉദ്യോഗസ്ഥനുമൊക്കെ അടങ്ങുന്ന സംഘങ്ങൾ നേരത്തെ തന്നെ പല ബോമ്മ്ബാക്രമണങ്ങളും നടത്തുകയുണ്ടായി. അതിന്റെ പേരിൽ പൊലീസ് അറസ്റ്റു ചെയ്ത മുസ്ലിം യൂവാക്കൾ നിരപരെആധികളാണെന്നും സ്ഫോടനങ്ങൾ നടത്തിയത് തങ്ങളാണെന്നും പിന്നീട് ഒരു സന്യാസി വെളിപ്പെടുത്തി. അക്രമികളായ ഹിന്ദുക്കൾക്കെതിരായ കേസുമായി മുന്നോട്ടു പോകാൻ തടസങ്ങളുണ്ടാകുന്നെന്ന് പ്രോ‍ാസിക്യൂട്ടർ ഈയിടെ പറയുകയുണ്ടായി.. 

യുക്തിവാദികളെന്ന നിലയിലുള്ള പ്രവർത്തനമാണ് ദഭോൽകറെയും പൻസാരെയെയും കൽബുർഗിയെയും ഹിന്ദുത്വ ചേരിയുടെ ശത്രുക്കളാക്കിയത്. കൽബുർഗിയുടെ കൊലക്കുശേഷം അടുത്തത് കെ.എസ്. ഭഗവാൻ എന്ന കന്നട സാഹിത്യകാരനാണെന്ന് ഒരു ഹിന്ദുത്വ സംഘടനയുടെ നേതാവ് ഒരു സാമൂഹ്യനാധ്യമത്തിലെഴുതി. ഇത് കൊലപാതക പരമ്പര ആസൂത്രിതം മാത്രമല്ല മുൻ‌കൂട്ടി തയ്യാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തിലുള്ളതാണെന്നുമല്ലേ കാണിക്കുന്നത്? ഹിന്ദുത്വ ചാലകശക്തി ദേശീയതലത്തിൽ സജീവമാണ്. അപ്പോൾ പട്ടിക മഹാരാഷ്ട്രയിലും കർണ്ണാടകത്തിലുമായി ഒതുങ്ങുന്നതാണെന്ന് കരുതാനാവില്ല.

എല്ലാ സമൂഹങ്ങളിലും ഭൂരിപക്ഷം എപ്പോഴും നിശ്ശബ്ദരാണ്. സാധാരണയായി ചെറിയ സംഘടനകളും ധാർമ്മികധീരരായ വ്യക്തികളുമാണ് അനീതികൾക്കെതിരെ ശബ്ദമുയർത്താൻ മുന്നോട്ടുവരുന്ന്ത. അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായ കക്ഷികൾ നിലപാടെടുക്കുന്നത് തെരഞ്ഞെടുപ്പിൽ കണ്ണു നട്ടുകൊണ്ടാണ്. തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമെ അവ ശക്തമായ നിലപാടെടുക്കൂ. വിഭജനത്തെ തുടർന്ന് രാജ്യത്തിനെ പല ഭാഗങ്ങളിലും വർഗീയ ലഹളകൾ നടക്കുകയുണ്ടായി. അന്നത്തെ വർഗീയ അന്തരീക്ഷം മുതലെടുക്കാൻ ആർ.എസ്.എസിനൊ അതിന്റെ ആദ്യ രാഷ്ട്രീയ ഉപകരണമായിരുന്ന ജനസംഘത്തിനൊ സന്യാസിമാർ സംഘടിപ്പിച്ച രാം രാജ്യ പരിഷത്തിനൊ നേരത്തെ തന്നെ രാഷ്ട്രീയത്തിലുണ്ടായിരുന്ന ഹിന്ദു മഹാസഭക്കൊ കഴിഞ്ഞില്ല. ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ ശക്തമായ ചെറുത്തു നില്പാണ് ഹിന്ദു വർഗീയതയുടെ വളർച്ചയെ തടഞ്ഞു നിർത്തിയത്. നെഹ്രുവിന്റെ കാലശേഷം വർഗീയതകളോടുള്ള കോൺഗ്രസിന്റെ സമീപനം മയപ്പെട്ടു. രാജീവ് ഗാന്ധി വർഗ്ഗീയതകളെ തഴുകുന്ന സമീപനമാണ് സ്വീകരിച്ചത്. അദ്ദേഹം ഷാബാനു കേസിൽ മുസ്ലിം വർഗീയതക്ക് അനുകൂലമായ നിലപാടെടുത്തു. ഒരു അമ്പല മുറ്റത്തുനിന്ന് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചുകൊണ്ട് അദ്ദേഹം ഹിന്ദുവർഗീയതയെ പ്രീണിപ്പിക്കാനും ശ്രമിച്ചു.

ശക്തമായ പ്രതിരോധം തീർക്കാൻ മതനിരപേക്ഷ കഷികൾക്കു കഴിയാതിരുന്നതുകൊണ്ടാണ് ഹിന്ദു വർഗീയതക്ക് വളരാനായത്. അതിനൊത്ത് രാജ്യത്തിറ്റെ പല ഭാഗങ്ങളിലും മുസ്ലിം വർഗീയതയും വളർന്നിട്ടുണ്ട്. കോൺഗ്രസ്‌വിരുദ്ധത ദേശീയതലത്തിലും സംസ്ഥാനങ്ങളിലും  ജാതിമത ശക്തികളുമായി സമരസപ്പെടാൻ ഇടതുപക്ഷത്തെയും പ്രേരിപ്പിച്ചിട്ടുണ്ടെന്ന് ഇവിടെ ഓർക്കണം. .

എല്ലാവിധ വർഗീയതകൾക്കുമെതിരെ പൊതുസമൂഹ സംഘടനകളും വിശ്വാസയോഗ്യരും ധാർമ്മികധീരതയുള്ളവരുമായ വ്യക്തികളും മുന്നോട്ടുവരേണ്ട കാലമാണിത്. കൽബുർഗിയുടെ കൊലയും മാട്ടിറച്ചിയുടെ പേരിൽ ദാദ്രിയിലുണ്ടായ അക്രമവും ഈ വസ്തുത തിരിച്ചറിയാൻ സഹായിച്ചിട്ടുണ്ട്. അതിന്റെ ഫലമായി നിരവധി എഴുത്തുകാർ സ്ഥാനമാനങ്ങൾ ഉപേക്ഷിച്ചുകൊണ്ട് തങ്ങൾ ബഹുസ്വര സമൂഹത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആ പ്രതിഷേധമാർഗം ഉചിതമായതാണോ എന്ന സംശയം ചിലർ ഉയർത്തിയിട്ടുണ്ട്. മതനിരപേക്ഷതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവർ ഞങ്ങൾ പടരുന്ന വർഗീയതക്കെതിരെ നിൽക്കുന്നു എന്ന് ധീരമായി പ്രഖ്യാപിക്കേണ്ട സമയമാണിത്. എന്നാൽ വ്യവസ്ഥയുമായുള്ള വിയോജിപ്പ് ഏതു രീതിയിൽ പ്രകടിപ്പിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ വ്യക്തിക്കുമുണ്ട്. തങ്ങളുടേതായ കാരണങ്ങളാൽ സ്ഥാനമാനങ്ങൾ ഉപേക്ഷിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുള്ള ചിലർ അങ്ങനെ ചെയ്തവരുമായി ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. സ്ഥാനമാനങ്ങൾ നിലനിർത്താൻ ആഗ്രഹിക്കുന്ന ചിലർ മുന്നോട്ടു വെച്ചിട്ടുള്ള ന്യായീകരണങ്ങൾ ധാർമ്മികഭീരുത വെളിപ്പെടുത്തുന്നവയാണ്. ധാർമ്മികധീരന്മാരെയും ധാർമ്മികഭീരുക്കളെയും തിരിച്ചറിയാൻ സമൂഹത്തിനു കഴിയണം.      

ഒരു ചെറിയ ന്യൂനപക്ഷമായ വൈദിക സമൂഹം നൂറ്റാണ്ടുകൾക്കു മുമ്പ് രാജഭരണകൂടങ്ങളുടെ പിൻബലത്തോടെ ഈ ഉപഭൂഖണ്ഡത്തിൽ ആധിപത്യം സ്ഥാപിക്കുകയുണ്ടായി. അതെങ്ങനെ സംഭവിച്ചുവെന്ന് കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഇപ്പോഴത്തെ സംഭവങ്ങൾ അത് മനസിലാക്കാൻ സഹായകമാണ്. ശങ്കരാചാര്യരാണ് ബുദ്ധമത സ്വാധീനം തുടച്ചുമാറ്റി വൈദിക സമൂഹത്തിന്റെ ആധിപത്യം സ്ഥാപിച്ചതെന്ന വിശ്വാസം ശരിയാണെങ്കിൽ മാറ്റം നടന്നത് ഒമ്പതാം നൂറ്റാണ്ടിലാണ്. ജാതീയമായി വിഭജിക്കപ്പെട്ട സമൂഹം ക്രമേണ ദുർബലമാവുകയും പുറത്തു നിന്നെത്തിയവർ ഒന്നു രണ്ട് നൂറ്റാണ്ടുകൾക്കുള്ളിൽ ഇവിടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. വളർന്നു കൊണ്ടിരിക്കുന്ന വർഗീയതയെ ചെറുത്തു തോല്പിക്കാൻ ഈ തലമൂറയ്ക്കായില്ലെങ്കിൽ ആ ചരിത്രം ആവർത്തിക്കപ്പേടും. (ജനശക്തി, ഒക്ടോബർ 16-31, 2015)

1 comment: