Wednesday, November 11, 2015

തദ്ദേശ തെരഞ്ഞെടുപ്പ്‌ നൽകുന്ന സൂചനകൾ

ബി ആർ പി ഭാസ്കർ
ജനയുഗം

സോളാർ കുംഭകോണം മുതൽ ബാർ കോഴ വരെ നിരന്തരം ആരോപണങ്ങളിൽ മുങ്ങിക്കുളിച്ചു നിന്നിട്ടും അടുത്ത കൊല്ലത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം വരിച്ച്‌ ഭരണത്തുടർച്ച ഉറപ്പാക്കാമെന്ന്‌ സ്വപ്നം കണ്ട ഉമ്മൻചാണ്ടിയിൽ യാഥാർത്ഥ്യബോധം ജനിപ്പിക്കാൻ പര്യാപ്തമാണ്‌ തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി. ആ നിലയ്ക്ക്‌ ഇടതു പക്ഷത്തിന്‌ അതിൽ ആഹ്ലാദിക്കാൻ വകയുണ്ട്‌.


അതേസമയം എല്ലാം ഭദ്രമായെന്ന്‌ ആശ്വസിക്കാനുള്ള വക അതിലില്ല. തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പെടെ പല തദ്ദേശ സ്ഥാപനങ്ങളിലും ആരു ഭരിക്കണമെന്ന്‌ തീരുമാനിക്കാനുള്ള കഴിവ്‌ ബിജെപി നേടിയിരിക്കുന്നു. ആ കക്ഷി വലിയ മുന്നേറ്റം നടത്തിയത്‌ യുഡിഎഫിന്റെ, കൃത്യമായി പറഞ്ഞാൽ കോൺഗ്രസിന്റെ, ചെലവിലാണെന്നതു കൊണ്ട്‌ മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന ആർക്കും അതിൽ സന്തോഷിക്കാനാവില്ല.


പതിറ്റാണ്ടുകളായി അധികാരം പങ്കിടുന്ന എൽഡിഎഫും യുഡിഎഫും തമ്മിൽ തുടക്കത്തിൽ വോട്ടുവിഹിതത്തിൽ ചെറിയ വ്യത്യാസമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട്‌ നിയമസഭയിൽ അവ തമ്മിലുള്ള വ്യത്യാസവും നന്നേ ചെറുതായിരുന്നു. എന്നാൽ പിന്നീട്‌ വോട്ടുവിഹിതത്തിലുള്ള വ്യത്യാസം വളർന്നു. അതിന്റെ ഫലമായി ജയിക്കുന്ന മുന്നണിക്ക്‌ 190 സീറ്റും തോൽക്കുന്ന മുന്നണിക്ക്‌ 40ഉം എന്ന നിലയുണ്ടായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടുവിഹിതത്തിലെ വ്യത്യാസം പൊടുന്നനെ കുറയുകയും യുഡിഎഫ്‌ എൽഡിഎഫ്‌ സീറ്റുകളുടെ അനുപാതം 72:68 ആവുകയും ചെയ്തു. പല സീറ്റുകളിലും മുന്നണികൾ നേരിയ വ്യത്യാസത്തോടെയാണു ജയിക്കുകയോ തോൽക്കുകയോ ചെയ്തത്‌. ഈ രണ്ട്‌ മുന്നണികൾക്കു പുറത്തു നിന്ന്‌ ഏതെങ്കിലും കക്ഷിക്കോ സ്വതന്ത്രനോ വിജയിക്കാവുന്ന സാഹചര്യം അന്നുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ അനുപാതം 70: 69: 1 ആയി മാറിയേനെ. ഒരു കക്ഷിയേയൊ വ്യക്തിയേയൊ അമിതമായി ആശ്രയിക്കേണ്ടി വന്നതിന്റെ ഫലമായി ആ കക്ഷിയോ വ്യക്തിയോ ആവശ്യപ്പെട്ടതുപോലെ പ്രവർത്തിക്കാൻ സർക്കാർ നിർബന്ധിതമായ ചരിത്രം നമുക്കുണ്ട്‌. ചില തദ്ദേശ സ്ഥാപനങ്ങളിൽ അധികാരം നേടാനും നിലനിർത്താനും ബിജെപിയേയൊ പിഡിപിയേയൊ സ്വതന്ത്രനേയൊ ഒക്കെ ആശ്രയിക്കേണ്ട ഗതികേട്‌ ഇപ്പോൾ തന്നെ മുന്നണികൾ അനുഭവിച്ചിട്ടുള്ളതാണ്‌. ബിജെപി നിയമസഭയിൽ രണ്ടോ മൂന്നോ സീറ്റുകൾ നേടിക്കൊണ്ട്‌ സംസ്ഥാനം ആരു ഭരിക്കണമെന്ന്‌ തീരുമാനിക്കാനുള്ള കഴിവ്‌ ആർജ്ജിച്ചിരിക്കുന്നു എന്നത്‌ മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവർക്ക്‌ ആശങ്കയോടെ മാത്രമെ വീക്ഷിക്കാനാവൂ.


ബിജെപിയുടെ വളർച്ചയിലേക്ക്‌ നയിച്ച സാഹചര്യങ്ങൾ മതനിരപേക്ഷ കക്ഷികൾ സത്യസന്ധമായി വിലയിരുത്തിയിട്ടില്ല. നാൽപതിൽപരം കൊല്ലങ്ങളിൽ കാര്യമായ വളർച്ച ഇല്ലാതിരുന്ന ഹിന്ദുത്വചേരിക്ക്‌ ഇപ്പോൾ മുന്നേറ്റം നടത്താൻ കഴിയുന്നത്‌ കേന്ദ്രത്തിൽ അധികാരമുള്ളതു കൊണ്ടാണ്‌. ഒരു കാലത്ത്‌ രാജ്യത്തിന്‌ കേരളത്തിലെ വോട്ടർമാർ വഴികാട്ടികളായി. കോൺഗ്രസിനെ തോൽപിക്കാനാകുമെന്ന്‌ മറ്റുള്ളവർക്ക്‌ കാണിച്ചു കൊടുത്തത്‌ അവരാണ്‌. എന്നാൽ പിന്നീട്‌ അവർ അനുകർത്താക്കളായി. വടക്കുനോക്കി യന്ത്രമായി. അടിയന്തരാവസ്ഥാ സർക്കാറിനെ പിന്തുണച്ച അവർ അടുത്ത തവണ വടക്കൻ വോട്ടർമാർ ചെയ്തതുപോലെ കോൺഗ്രസിനെതിരെ വോട്ടു ചെയ്തു. അപ്പോഴേക്ക്‌ ജനതാ പരീക്ഷണത്തിൽ മടുത്ത്‌ വടക്കൻ വോട്ടർമാർ ഇന്ദിരാ ഗാന്ധിയെ തിരിച്ചുവിളിച്ചു. മോഡിയുടെ സമീപകാല പടയോട്ടം കേരളത്തിലെ ഒരു വിഭാഗം നഗരവാസികളെ ആകർഷിച്ചിട്ടുണ്ടെന്ന്‌ കരുതാൻ ന്യായമുണ്ട്‌.


എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തുന്ന അഭ്യാസങ്ങൾ ബിജെപിക്ക്‌ സഹായകമാകുമെന്നും അത്‌ ഇടതുപക്ഷത്തിനു ദോഷം ചെയ്യുമെന്നുമുള്ള ധാരണ പലർക്കുമുണ്ടായിരുന്നു. എന്നാൽ ഇടതു നില മെച്ചപ്പെടുത്തുകയാണുണ്ടായത്‌. നഷ്ടം സംഭവിച്ചത്‌ യുഡിഎഫിനാണ്‌. ഇതിന്റെ അർഥം എസ്‌എൻഡിപിയുടെ കളികൾ ഒരു ചലനവും സൃഷ്ടിച്ചിട്ടില്ലെന്നല്ല. ശ്രീനാരായണ പ്രസ്ഥാനം റാഡിക്കലൈസ്‌ ചെയ്ത ഈഴവ വിഭാഗം ഇടതുപക്ഷത്തിന്റെ വളർച്ചയിൽ വഹിച്ചിട്ടുള്ള പങ്ക്‌ നിഷേധിക്കാവുന്നതല്ല. പക്ഷെ ഈഴവ സമൂഹം മൊത്തത്തിൽ ഇടതു കക്ഷികളോടൊപ്പമല്ല. എസ്‌എൻഡിപിയുടെ നേതാവായിരുന്ന ആർ ശങ്കർ കോൺഗ്രസിന്റെയും നേതാവായിരുന്നു. തിരുവിതാംകൂർ പ്രദേശത്ത്‌ ഈഴവർ ധാരാളമുള്ള പല മണ്ഡലങ്ങളിലും അദ്ദേഹം തോൽക്കുകയുണ്ടായി. അദ്ദേഹത്തിന്റെ സ്വാധീനത്തിൽ കോൺഗ്രസിനു വോട്ടു ചെയ്തവരേക്കാൾ കൂടുതൽ ഈഴവർ ഇടതുപക്ഷത്തിന്‌ വോട്ടു ചെയ്തുവെന്നാണു അതിൽ നിന്ന്‌ മനസിലാക്കേണ്ടത്‌. കോൺഗ്രസിനൊപ്പം നിന്നിരുന്ന ഈഴവ വിഭാഗം ഇത്തവണ ബിജെപിക്ക്‌ അനുകൂലമായി വോട്ടു ചെയ്തിരിക്കണം. ഒരുപക്ഷെ വെള്ളാപ്പള്ളി നടേശൻ ബിജെപിയുമായി കൂട്ടുകൂടിയിരുന്നില്ലെങ്കിലും അവർ അങ്ങോട്ടു പോകുമായിരുന്നു. എൻഎസ്‌എസിന്റെ സമദൂര സിദ്ധാന്തവും ബിജെപിക്ക്‌ ഗുണകരമായെന്ന്‌ കരുതണം. പെരുന്നയിലെ ബിജെപി വിജയം അതല്ലേ സൂചിപ്പിക്കുന്നത്‌.


ഭാഗികമായെങ്കിലും ബിജെപിക്ക്‌ അനുകൂലമായി നായീരീഴവ വോട്ടുകളുടെ ധ്രുവീകരണം നടന്നിട്ടുണ്ട്‌. ഇതിന്റെ ഒരു കാരണം യുഡിഎഫ്‌ അടിസ്ഥാനപരമായി മുസ്ലിം ക്രൈസ്തവ വർഗീയതയുടെ സ്വാധീനത്തിലാണെന്ന വിശ്വാസമാണ്‌. ഇത്‌ അപകടകരമായ സാഹചര്യമാണ്‌. (ജനയുഗം, നവംബർ 11, 2015.

No comments: