Wednesday, September 9, 2015

ഇടതുപക്ഷത്തിന്റെ സ്വത്വ പ്രതിസന്ധി

ബി ആർ പി ഭാസ്കർ
ജനയുഗം

ഏതാണ്ട്‌ 25 കൊല്ലം മുമ്പ്‌ കോയമ്പത്തൂരിൽ നിന്ന്‌ ദേശീയപാതയിലൂടെ കേരളത്തിൽ പ്രവേശിച്ചപ്പോൾ പാലക്കാട്‌ നഗരത്തിനടുത്ത്‌ പലയിടങ്ങളിലും ശ്രീകൃഷ്ണ ജയന്തി, ബാലഗോകുലം എന്നീ വാക്കുകൾ കൈകൊണ്ടെഴുതിയ പോസ്റ്ററുകൾ ഞാൻ കണ്ടു. ഇന്ത്യയിൽ മറ്റൊരിടത്തും – ശ്രീകൃഷ്ണൻ ജനിച്ച മഥുരാപുരിക്കടുത്തുള്ള ജന്മസ്ഥാനവും കളിച്ചു നടന്ന വൃന്ദാവനവും ഉൾപ്പെടെ ഒരിടത്തും ബാലഗോകുലം എന്നൊരു പേരു കേട്ടിരുന്നില്ല. അതുകൊണ്ട്‌ അതെന്താണെന്ന്‌ അറിയാൻ ആഗ്രഹമുണ്ടായി. തിരുവനന്തപുരത്തെത്തിയപ്പോൾ പത്രപ്രവർത്തകരും അല്ലാത്തവരുമായ നിരവധി സുഹൃത്തുക്കളോട്‌ അന്വേഷിച്ചു. ആരും ബാലഗോകുലത്തെ കുറിച്ച്‌ കേട്ടിരുന്നില്ല. ഇന്ന്‌ ബാലഗോകുലം എന്താണെന്നറിയാത്ത ആരുമില്ല.

ശ്രീകൃഷ്ണജയന്തിക്ക്‌ ആൺകുട്ടികളെ ഉണ്ണിക്കണ്ണനായും പെൺകുട്ടികളെ ഗോപികമാരായും വേഷമണിയിച്ച്‌ തെരുവുകളിലൂടെ നടത്തുന്ന ശോഭായാത്രക്ക്‌ വലിയ സ്വീകാര്യത ലഭിച്ചതിൽ അത്ഭുതപ്പെടാനില്ല. ബാലദിനാചരണത്തിന്‌ ശ്രീകൃഷ്ണനേക്കാൾ അനുയോജ്യനായ ഒരു ദേവനെ കണ്ടെത്താനാവില്ല. പുണ്യപുരുഷന്മാരുടെ ബാല്യത്തെക്കുറിച്ച്‌ പൊതുവെ അറിവ്‌ കുറവാണ്‌. എന്നാൽ വൈദികസമൂഹം സംസ്കൃതവത്കരിച്ച്‌ കൃഷ്ണനാക്കുന്നതിനു മുൻപെ വടക്കൻ പ്രദേശങ്ങളിൽ കന്നയ്യ എന്ന പേരിലും തെക്കൻ പ്രദേശങ്ങളിൽ കണ്ണൻ എന്ന പേരിലും യാദവബാലൻ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയിരുന്നു. കണ്ണനെ മുന്നിൽ നിർത്തി സംഘപരിവാർ കാൽനൂറ്റാണ്ടു മുമ്പ്‌ തുടങ്ങിയ പരിപാടി വിജയിച്ചിരിക്കുന്നു എന്നത്‌ ശ്രദ്ധിക്കപ്പെടേണ്ട വസ്തുത തന്നെ. പക്ഷെ അത്‌ ഇടതുപക്ഷത്തെ അസ്വസ്ഥമാക്കേണ്ടതുണ്ടോ?

ഒരിക്കൽ ശബരിമല തീർഥാടനകാലത്ത്‌ എകെജി തിരുവിതാംകൂറിൽ വരികയുണ്ടായി. അദ്ദേഹത്തെ കാണാനെത്തിയ യുവാക്കളിൽ പലരും മല ചവിട്ടാൻ മാലയിട്ടവരായിരുന്നു. വിപ്ലവവും മലകയറ്റവും ഒന്നിച്ചുപോകുമോ എന്ന്‌ ചിലരോട്‌ അദ്ദേഹം ചോദിച്ചു. അയ്യപ്പൻ ആ യുവാക്കളെ പാർട്ടിയിൽ നിന്ന്‌ അകറ്റിയിരുന്നെങ്കിൽ 1957ലെ തെരഞ്ഞെടുപ്പിലെ ചരിത്രവിജയം സാധ്യമാകുമായിരുന്നില്ല. അയ്യപ്പൻ കമ്മ്യൂണിസ്റ്റുകാർക്ക്‌ പ്രശ്നമല്ലെങ്കിൽ കൃഷ്ണൻ എന്തിനു പ്രശ്നമാകണം?

ആർഎസ്‌എസിന്റെ അനുഗ്രഹാശിസുകളോടെ സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളിൽ സ്ഥാപിതമായ ജനസംഘമാണ്‌ കുറച്ചുകാലം ജനതാ പാർട്ടിയുടെ ഭാഗമായിരുന്നശേഷം പുറത്തു വന്ന്‌ ഭാരതീയ ജനതാ പാർട്ടിയായത്‌. ആദ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പു നടക്കുമ്പോൾ ഇന്ത്യാ-പാകിസ്ഥാൻ വിഭജനം കഴിഞ്ഞിട്ട്‌ അഞ്ചു വർഷം തികഞ്ഞിരുന്നില്ല. വർഗീയ കലാപത്തിന്റെ ഓർമ്മ ശക്തമായി നിലനിൽക്കുന്നുണ്ടായിരുന്നു. എന്നിട്ടും ജനസംഘത്തിനു വടക്കേ ഇന്ത്യയിലെ കലാപഭൂമികളിൽ പോലും നേട്ടമുണ്ടാക്കാനായില്ല. അതിനു കിട്ടിയ മൂന്നു സീറ്റുകളിൽ രണ്ടെണ്ണം പശ്ചിമ ബംഗാളിൽ നിന്നായിരുന്നു. ഹിന്ദുത്വത്തോടുള്ള ആഭിമുഖ്യമല്ല പാർട്ടിയുടെ ബംഗാളിയായ സ്ഥാപക പ്രസിഡന്റ്‌ ശ്യാമപ്രസാദ്‌ മുഖർജിയോടുള്ള ആദരവാണ്‌ ആ സീറ്റുകൾ നേടിക്കൊടുത്തത്‌.

ജനസംഘം 1970കളിൽ അതിന്റെ ദേശീയ സമിതി യോഗം കോഴിക്കോട്ട്‌ നടത്തി. ഒരു ചിത്രം മാത്രമേ സമ്മേളന വേദിയിൽ ഉണ്ടായിരുന്നുള്ളു. അത്‌ ശ്രീനാരായണഗുരുവിന്റേതായിരുന്നു. പക്ഷെ ശ്രീനാരായണൻ ഉഴുതു മറിച്ച മണ്ണിൽ സംഘം വിതച്ച ഹിന്ദുത്വം കുരുത്തില്ല. ബിജെപി ആദ്യം കേന്ദ്രത്തിൽ അധികാരത്തിലേറിയപ്പോൾ ഒ രാജഗോപാലിനെ മധ്യപ്രദേശു വഴി രാജ്യസഭയിലെത്തിച്ചു വാജ്പേയി സർക്കാരിൽ സഹമന്ത്രിയാക്കി. ചുരുങ്ങിയ കാലയളവിൽ കേരളത്തിനുവേണ്ടി ചിലതൊക്കെ അദ്ദേഹത്തിന്‌ ചെയ്യാനായി. അതിന്റെ ഫലമായി അദ്ദേഹത്തിനും ബി.ജെ.പിക്കും കൂടുതൽ ജനസമ്മതി ലഭിച്ചെങ്കിലും ലോക്സഭയിലോ നിയമസഭയിലോ ഒരു സീറ്റ്‌ നേടാൻ അതിന്‌ ഇനിയും കഴിഞ്ഞിട്ടില്ല.

ആർഎസ്‌എസിന്റെ ഹിന്ദുത്വ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം ഹിന്ദുപുനരുത്ഥാനമാണ്‌. കേരളത്തിൽ അതിനു വളരാൻ കഴിയാഞ്ഞത്‌ ശ്രീനാരായണനും അയ്യൻകാളിയും ചട്ടമ്പി സ്വാമിയും വി ടി ഭട്ടതിരിപ്പാടുമൊക്കെ പങ്കാളികളായ സാമൂഹ്യ നവീകരണ പ്രസ്ഥാനങ്ങളുടെ നവോത്ഥാന സ്വഭാവം മൂലമാണ്‌. തമിഴ്‌നാട്ടിലെ ദ്രാവിഡ പ്രസ്ഥാനത്തിന്റെ സ്വാധീനവും അതിന്റെ വളർച്ചയ്ക്ക്‌ തടസമായിട്ടുള്ളതായി കാണാം. എന്നാൽ ശ്രീനാരായണനും അയ്യൻകാളിയും കെട്ടിപ്പടുത്ത പ്രസ്ഥാനങ്ങളുടെ ഇന്നത്തെ ചില നേതാക്കൾ ഹിന്ദുത്വത്തെ വരവേൽക്കാൻ തയ്യാറാണെന്ന്‌ സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നു. പൊതുസമൂഹത്തിന്റെയൊ സ്വന്തം വിഭാഗങ്ങളുടെയോ താൽപര്യങ്ങളല്ല കേവലം സ്വാർത്ഥതാൽപര്യങ്ങളാണ്‌ അവരെ നയിക്കുന്നത്‌. ഇത്‌ തിരിച്ചറിയാൻ കഴിയുന്നവരാണ്‌ ഇന്നാട്ടിലെ ജനങ്ങൾ.

ഇതിന്റെ അർഥം ആർഎസ്‌എസ്‌ ഉയർത്തുന്ന ഭീഷണി ഗൗരവമുള്ളതല്ലെന്നല്ല. ഈയിടെ ഡൽഹിയിൽ നടന്ന ബിജെപി-ആർഎസ്‌എസ്‌ സമന്വയ സമിതിയോഗം ബിജെപി നിയന്ത്രിക്കുന്ന ഭരണകൂടത്തിനുമേൽ ആർഎസ്‌എസ്‌ പിടിമുറുക്കുന്നതിന്‌ തെളിവാണ്‌. ബിജെപി ഒരു രാഷ്ട്രീയ കക്ഷിയാണ്‌. അതിനെ അധികാരത്തിലേറ്റാനും പുറത്താക്കാനും അവർക്ക്‌ കഴിയും. ആർഎസ്‌എസ്‌ ആരോടും ഉത്തരവാദിത്വമോ വിധേയത്വമോ ഇല്ലാത്ത സംഘടനയാണ്‌. എല്ലാ ദിവസവും നടത്തുന്ന ‘ശാഖ’യിൽ വല്ലപ്പോഴും പങ്കെടുക്കുന്നവരും അതിലെ അംഗങ്ങളാണെന്നാണ്‌ വയ്പ്‌. എന്നാൽ സംഘടന ആർക്കും അംഗത്വം നൽകുന്നില്ല. അംഗത്വ രജിസ്റ്റർ സൂക്ഷിക്കുന്നുമില്ല. അങ്ങനെയുള്ള ഒരു സംഘടനയിൽ എന്ത്‌ ജനാധിപത്യമാണുണ്ടാവുക?

സ്ഥാപിതതാൽപര്യങ്ങളുടെ സഹായത്തോടെ ആർഎസ്‌എസും ബിജെപിയും വളരുന്നതിനെ തടയാനുള്ള ശ്രമങ്ങൾക്ക്‌ നേതൃത്വം കൊടുക്കേണ്ട ഇടതുപക്ഷം ചിന്താക്കുഴപ്പത്തിലാണ്‌. ഏറ്റവും വലിയ ഇടതു കക്ഷിയായ സിപിഎം ഓണാഘോഷമെന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ഹിന്ദുത്വ രീതിയുടെ അനുകരണം പ്രകടമായിരുന്നു. ഗാന്ധിയും നെഹ്രുവും വർഗീയതക്കെതിരെ ശക്തമായ നിലപാട്‌ എടുത്തതുകൊണ്ടാണ്‌ ഹിന്ദുത്വചേരിക്ക്‌ വലിയ രക്തച്ചൊരിച്ചിൽ നടന്ന കാലത്ത്‌ മുന്നേറ്റമുണ്ടാക്കാൻ കഴിയാഞ്ഞത്‌. അവരുടെ പിൻഗാമികൾ നിലപാട്‌ മയപ്പെടുത്തിയപ്പോൾ ഹിന്ദുത്വം വളരാൻ തുടങ്ങി. വർഗ്ഗീയലഹള നടക്കുന്നയിടങ്ങളിൽ ഹിന്ദുത്വചേരിക്ക്‌ മുന്നേറാനാകുന്നതായി ചില പഠനങ്ങൾ കാണിക്കുന്നു. ഹിന്ദുത്വചേരിക്ക്‌ ഈ രീതിയിൽ വളരാനാകുന്നത്‌ മതനിരപേക്ഷ കക്ഷികൾക്ക്‌ വർഗീയതക്കെതിരെ പ്രതിരോധം തീർക്കാനാകാത്തതുകൊണ്ടാണ്‌. ഹിന്ദുത്വത്തിന്റെ രീതികളെ അനുകരിച്ചുകൊണ്ട്‌ അതിനെ മറികടക്കാനാകില്ല.

ചില ഇടതുപക്ഷ നേതാക്കൾ എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഹിന്ദുത്വാഭിമുഖ്യത്തെ വല്ലാതെ ഭയപ്പെടുന്നതായി അവരുടെ പ്രതികരണങ്ങളിൽ നിന്ന്‌ മനസിലാക്കാം. ആർ ശങ്കർ വെള്ളാപ്പള്ളിയേക്കാൾ ശക്തനായിരുന്നെന്ന്‌ അവർ ഓർക്കണം. അദ്ദേഹം ഒരേസമയം യോഗത്തിന്റെയും കോൺഗ്രസിന്റെയും നേതാവായിരുന്നു. ഈഴവ സമുദായത്തിന്‌ പ്രാമുഖ്യമുള്ള തിരുവിതാംകൂറിലെ മണ്ഡലങ്ങളിൽ ഇടതുപക്ഷത്തെ യുവ നേതാക്കളോട്‌ പരാജയപ്പെട്ട ശേഷമാണ്‌ അദ്ദേഹം കണ്ണൂരിൽ നിന്ന്‌ കേരള നിയമസഭയിലെത്തിയതും മുഖ്യമന്ത്രിയായതും.

ശങ്കറെപ്പോലെ വെള്ളാപ്പള്ളിയും യോഗത്തെയും എസ്‌ എൻ ട്രസ്റ്റിനെയും കൈപ്പിടിയിൽ ഒതുക്കിയിട്ടുണ്ട്‌. അവയിലൂടെ എത്തുന്ന പണമുപയോഗിച്ച്‌ അദ്ദേഹത്തിന്‌ പല അഭ്യാസങ്ങളും നടത്താനാകും. പക്ഷെ ശങ്കറിനു സമുദായത്തെ കൈപ്പിടിയിലൊതുക്കാൻ കഴിയാഞ്ഞതു പോലെ അദ്ദേഹത്തിനും അതിനാകില്ല. ഇത്‌ തിരിച്ചറിയാൻ ഇടതു നേതാക്കൾക്കു കഴിയുന്നില്ലെങ്കിൽ അതിന്റെ കാരണം അവരുടെ ആത്മവിശ്വാസക്കുറവാണ്‌.

ഇടതുപക്ഷം ദുർബലമായ സാഹചര്യത്തിലാണ്‌ ഹിന്ദുത്വം കേരളത്തിൽ മുന്നേറ്റം നടത്താനും ചില നേതാക്കൾ അവരുടെ പിന്നാക്ക ദളിത അണികളെ വിറ്റ്‌ കാശാക്കാനും ശ്രമിക്കുന്നത്‌. ഈ പ്രതിസന്ധി മറികടക്കാൻ ഇടതുപക്ഷത്തിന്റെ മുന്നിൽ ഒരു മാർഗമേയുള്ളു. അതു തങ്ങളുടെ ശക്തി ചോർത്തിയ ഘടകങ്ങൾ കണ്ടെത്തി പരിഹരിച്ച്‌ ആത്മവിശ്വാസം വീണ്ടെടുക്കുക എന്നതാണ്‌. പരീക്ഷിച്ചു പരാജയപ്പെട്ട അടവുകളുമായി മുന്നോട്ടുപോയാൽ കൂടുതൽ തിരിച്ചടികളാവും ഫലം.

No comments: