Wednesday, August 26, 2015

അഴിമതി അന്വേഷണം പ്രഹസനമാകുമ്പോൾ

ബി ആർ പി ഭാസ്കർ

ജനയുഗം

പൂട്ടിയ ബാറുകൾ തുറക്കുന്നതിന്‌ ബാറുടമകളുടെ സംഘടന ധനമന്ത്രി കെ എം മാണിക്ക്‌ പണം നൽകിയെന്ന്‌ ബിജു രമേശ്‌ വിളിച്ചുപറഞ്ഞത്‌ എട്ടു മാസം മുമ്പാണ്‌. അതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ പരിശോധിച്ചാൽ രാഷ്ട്രീയ കേരളം എങ്ങനെയാണ്‌ ഗുരുതരമായ അഴിമതി ആരോപണങ്ങളെ മറികടക്കുന്നതെന്ന്‌ മനസിലാക്കാനാകും.


ബാർ ഉടമയും കേരള ബാർ ഹോട്ടൽ അസോസിയേഷൻ വർക്കിംഗ്‌ പ്രസിഡന്റുമായ ബിജു രമേശ്‌ മാധ്യമപ്രവർത്തകരെ വിളിച്ചുവരുത്തി പറഞ്ഞത്‌ 418 ബാറുകളെ പ്രവർത്തിക്കാൻ അനുവദിക്കുന്നതിന്‌ മാണി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്നും ഒരു കോടി രൂപ നൽകിയെന്നുമാണ്‌. പ്രാതിനിധ്യ സ്വഭാവമുള്ള ഒരു സംഘടനയുടെ നേതാവ്‌ മന്ത്രിക്കെതിരെ ഗുരുതരമായ ഒരാരോപണം പരസ്യമായി ഉന്നയിക്കുമ്പോൾ വിശ്വാസയോഗ്യമായ അന്വേഷണത്തിന്‌ ഉത്തരവിടുകയാണ്‌ മുഖ്യമന്ത്രി ചെയ്യേണ്ടത്‌. എന്നാൽ നവംബർ ഒന്നിന്‌ ഉമ്മൻചാണ്ടി ആരോപണം തീർത്തും അടിസ്ഥാനരഹിതമാണെന്നും അന്വേഷണം ആവശ്യമില്ലെന്നും പ്രഖ്യാപിക്കുകയാണ്‌ ചെയ്തത്‌.


ആ പ്രഖ്യാപനം മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം ഒരു രാഷ്ട്രീയ ആവശ്യമായിരുന്നു. മാണി മന്ത്രിസഭയിലെ മുതിർന്ന അംഗവും യുഡിഎഫിലെ മൂന്നാമത്തെ വലിയ കക്ഷിയായ കേരള കോൺഗ്രസിന്റെ പരമോന്നത നേതാവുമാണ്‌. ചെറിയ കക്ഷികളുടെ നേതാക്കൾക്കും മുഖ്യമന്ത്രിയാകാൻ കഴിഞ്ഞിരുന്ന 1970 കളിലാണ്‌ അദ്ദേഹം കോൺഗ്രസ്‌ വിട്ട്‌ കേരള കോൺഗ്രസിൽ പോയത്‌. കോൺഗ്രസിനും സിപിഎമ്മിനും മേൽക്കൈയുള്ള ഇരുമുന്നണി സംവിധാനം രൂപപ്പെട്ടിരുന്നില്ലെങ്കിൽ മുഖ്യമന്ത്രിയാകാൻ കഴിയുമായിരുന്ന നേതാവാണ്‌. ഈ അന്ത്യഘട്ടത്തിൽ, കുറച്ചു നാളത്തേക്കെങ്കിലും, അദ്ദേഹം മുഖ്യമന്ത്രിയായി കാണണമെന്ന്‌ അനുയായികൾ, ഒരുപക്ഷെ അദ്ദേഹവും , ആഗ്രഹിച്ചു. ആ ആഗ്രഹം സഫലമാക്കാൻ സിപിഐ(എം) സഹായിച്ചേക്കുമെന്ന്‌ വാർത്ത പരന്നപ്പോഴാണ്‌ മാണിക്കെതിരായ ആരോപണം വന്നത്‌. മാണി മറുകണ്ടം ചാടിയാൽ നിയമസഭയിലെ യുഡിഎഫ്‌ ഭൂരിപക്ഷം ഇല്ലാതാവുകയും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയല്ലാതാവുകയും ചെയ്യും. ഈ സാഹചര്യത്തിൽ ബിജു രമേശിന്റെ ആരോപണത്തിനു പിന്നിൽ കോൺഗ്രസ്‌ പ്രേരണയുണ്ടെന്ന സംശയമുയർന്നു. അത്‌ ദൂരീകരിച്ച്‌ മാണിയെ യുഡിഎഫിൽ പിടിച്ചു നിർത്തേണ്ടത്‌ ഉമ്മൻചാണ്ടിയുടെ ആവശ്യമാണ്‌.


മാണിയുടെ ആദ്യ പ്രതികരണം കരുതലോടെയുള്ളതായിരുന്നു. തെരഞ്ഞെടുപ്പാവശ്യങ്ങൾക്ക്‌ പണം സ്വീകരിച്ചിട്ടുണ്ടെന്നും അതിന്റെ കണക്കുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതോടെ പ്രശ്നത്തിന്റെ സ്വഭാവം മാറി. ബാറുടമകളിൽ നിന്ന്‌ പണം വാങ്ങിയതായി തെളിഞ്ഞാലും അത്‌ ബിജു രമേശ്‌ പറഞ്ഞതുപോലെ ബാർ തുറക്കാൻ വേണ്ടിയായിരുന്നോ അതോ തെരഞ്ഞെടുപ്പു ചെലവിനായിരുന്നോ എന്ന്‌ തീരുമാനിക്കേണ്ടി വരും. പണം കൊടുത്തത്‌ ബാർ തുറക്കാനാണെങ്കിൽ അത്‌ കോഴയാണ്‌, ക്രിമിനൽ കുറ്റമാണ്‌. നേരേമറിച്ച്‌ പണം തെരഞ്ഞെടുപ്പു ചെലവിനുള്ള സംഭാവനയാണെങ്കിൽ ഒരു കുറ്റകൃത്യവും നടന്നിട്ടില്ല. നിലവിലുള്ള സംവിധാനത്തിലെ സന്ദിഗ്ദ്ധത ഇവിടെ വെളിവാകുന്നു. കോഴ നൽകുകയും അത്‌ തെരഞ്ഞെടുപ്പ്‌ സംഭാവനയാക്കുകയും ചെയ്യാം. സംഭാവനയും പ്രത്യുപകാരവും തമ്മിലുള്ള ബന്ധം സ്ഥാപിക്കുക എളുപ്പമല്ല.


ഉമ്മൻചാണ്ടിയുടെ പ്രഖ്യാപനത്തോടെ പ്രശ്നം തീർന്നില്ല. വിജിലൻസ്‌ വകുപ്പിനോട്‌ പ്രാഥമികാന്വേഷണം നടത്താൻ പറഞ്ഞു. അന്വേഷണച്ചുമതല സത്യസന്ധരായ ഉദ്യ‍ോഗസ്ഥന്മാർക്കാണെന്ന്‌ വിജിലൻസിന്റെ ചുമതലയുള്ള ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു. വിഷയം ഹൈക്കോടതിയിലുമെത്തി. അന്വേഷണ പുരോഗതി അറിയിക്കാൻ കോടതി സർക്കാരിനോട്‌ ആവശ്യപ്പെട്ടു. അതുവരെ 19 പേരെ ചോദ്യം ചെയ്തെന്നും എന്നാൽ പ്രഥമ വിവര റിപ്പോർട്ട്‌ (എഫ്‌ഐആർ) ഫയൽ ചെയ്യാൻ വേണ്ട തെളിവ്‌ ലഭിച്ചിട്ടില്ലെന്നും സർക്കാർ നവംബർ 19ന്‌ കോടതിയെ അറിയിച്ചു. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കാൻ കോടതി നിർദ്ദേശിച്ചു.


ഡിസംബർ രണ്ടാം വാരത്തിൽ വിജിലൻസ്‌ വകുപ്പ്‌ മാണിക്കെതിരെ പ്രഥമ വിവര റിപ്പോർട്ടു ഫയൽ ചെയ്തു. ബാർ ലൈസൻസ്‌ പുതുക്കുന്നതിന്‌ കോഴയായി മാണി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്നും മാർച്ച്‌ 20നും ഏപ്രിൽ 3നും ഇടയ്ക്ക്‌ ബാർ ഹോട്ടൽ അസോസിയേഷൻ ഭാരവാഹികൾ പാലായിലെ വീട്ടിലും തിരുവവനന്തപുരത്തെ ഔദ്യ‍ോഗിക വസതിയിലും വെച്ച്‌ ഒരു കോടി രൂപ നൽകിയെന്നും അതിൽ പറയുന്നു. അസോസിയേഷൻ യോഗത്തിന്റെ മിനിട്ട്സ്‌ ആരോപണത്തെ ബലപ്പെടുത്തുന്നതായും അതുവരെയുള്ള അന്വേഷണത്തിൽ നിന്ന്‌ മൂന്നു തവണയായാണ്‌ പണം നൽകിയതെന്നും കൂടി അതിലുണ്ട്‌.


അഡ്വക്കേറ്റ്‌ ജനറൽ ഹൈക്കോടതിയിൽ പറഞ്ഞതു മുഖവിലയ്ക്ക്‌ എടുത്താൽ പ്രഥമ വിവര റിപ്പോർട്ട്‌ ഫയൽ ചെയ്യാൻ പോരുന്ന തെളിവ്‌ ലഭിച്ചത്‌ നവംബർ 19നു ശേഷമുള്ള മൂന്നാഴ്ചക്കാലത്താണ്‌. പക്ഷെ മറ്റൊരു സാധ്യതയുമുണ്ട്‌. അത്‌ ഒരന്വേഷണവും കൂടാതെ മുഖ്യമന്ത്രി പ്രഖ്യാപിച്ച നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുകയായിരുന്നു എന്നതാണ്‌. ബിജു രമേശും ബാർ ഹോട്ടൽ അസോസിയേഷന്റെ മറ്റ്‌ നേതാക്കളും മാധ്യമങ്ങൾക്ക്‌ നൽകിയ വിവരങ്ങളിൽ പ്രകടമായ ഭിന്നതകളുണ്ടായിരുന്നു. ബിജു രമേശ്‌ തന്നെയും വിവരങ്ങൾ പൂർണമായി വെളിപ്പെടുത്താൻ വൈമുഖ്യം കാട്ടി. സംഘടന പണം നൽകിയ കോൺഗ്രസ്‌ മന്ത്രിമാരുടെ പേരുകൾ ഏറെ വൈകിയാണ്‌ പറഞ്ഞത്‌. ബാറുടമകൾ ഉദ്യ‍ോഗസ്ഥർക്ക്‌ നൽകിയ മൊഴികളിലും പൊരുത്തക്കേടുകളുണ്ടായിരുന്നു. മന്ത്രിമാരെ വിരട്ടണമെന്നല്ലാതെ അവരെയോ സർക്കാരിനെയോ പുറത്താക്കണമെന്ന ഉദ്ദേശ്യം അവർക്കില്ലായിരുന്നെന്ന്‌ വ്യക്തം.


അന്വേഷണം നടത്തിയ എസ്പിയായ ആർ സുകേശൻ വിജിലൻസ്‌ ഡയറക്ടർ വിൻസൺ എം പോളിനു നൽകിയ വസ്തുതാ റിപ്പോർട്ടിൽ മാണിക്കെതിരെ കുറ്റപത്രം സമർപ്പിക്കാനാവശ്യമായ തെളിവുകളുണ്ടെന്ന്‌ പറഞ്ഞു. അസോസിയേഷൻ പ്രതിനിധികളെ പാലായിലും തിരുവനന്തപുരത്തും വെച്ച്‌ കണ്ടിരുന്നില്ലെന്നാണ്‌ മാണി മൊഴി നൽകിയത്‌. എന്നാൽ അന്വേഷണോദ്യോഗസ്ഥൻ ബാറുടമകളുടെ മൊഴിയുടെയും മൊബെയിൽ ഫോൺ രേഖകളുടെയും മറ്റ്‌ ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ വാക്കുകൾ വിശ്വസനീയമല്ലെന്ന നിഗമനത്തിലെത്തി.
വിജിലൻസ്‌ ഡയറക്ടർ അന്വേഷണോദ്യോഗസ്ഥന്റെ ശുപാർശ തള്ളിക്കൊണ്ട്‌, മാണി കോഴ വാങ്ങിയതിന്‌ തെളിവില്ലെന്നും കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നും അന്തിമ റിപ്പോർട്ടിൽ രേഖപ്പെടുത്തി. ചില സുപ്രിം കോടതി വക്കീലന്മാരുടെ ഉപദേശം കണക്കിലെടുത്തുകൊണ്ടു വിജിലൻസ്‌ വകുപ്പ്‌ കേസ്‌ അവസാനിപ്പിക്കാൻ കോടതിയുടെ അനുവാദം തേടുകയും ചെയ്തു. ഇനി ഇക്കാര്യത്തിൽ തീർപ്പ്‌ കൽപിക്കേണ്ടത്‌ കോടതിയാണ്‌.


കഴിഞ്ഞ ദിവസം വിഷയം പരിഗണിച്ചപ്പോൾ സർക്കാരിന്റെ നിയമോപദേഷ്ടാവായ അഡ്വക്കേറ്റ്‌ ജനറലിനെ ആശ്രയിക്കാതെ സുപ്രിം കോടതി വക്കീലന്മാരെ സമീപിച്ചത്‌ ആരുടെ നിർദ്ദേശപ്രകാരമാണെന്നു ഹൈക്കോടതി ചോദിക്കുകയുണ്ടായി. ആരോപണ വിധേയൻ നിയമമന്ത്രിയാണ്‌. ആരോപണം അടിസ്ഥാനരഹിതമാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നു. ആ നിലയ്ക്ക്‌ മുഖ്യമന്ത്രിയുടെയും നിയമമന്ത്രിയുടെയും നിയന്ത്രണത്തിനു കീഴിലുള്ള അഡ്വക്കേറ്റ്‌ ജനറലിനു പകരം സർക്കാർ നിയന്ത്രണത്തിലല്ലാത്തവരിൽ നിന്ന്‌ ഉപദേശം തേടുന്നതിനു ന്യായീകരണം കാണാവുന്നതാണ്‌. പക്ഷെ അവിടെ മറ്റൊരു പ്രശ്നമുണ്ട്‌. സാധാരണഗതിയിൽ അഭിഭാഷകൻ നിലപാട്‌ എടുക്കുന്നത്‌ ഉപദേശം തേടുന്നവരുടെ താൽപര്യപ്രകാരമാണ്‌.


ഇതുവരെ ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ള നടപടികൾ വിശ്വസനീയമാണെന്ന്‌ പറയാനാവില്ല. ശക്തനായ മന്ത്രിയെ തൽസ്ഥാനത്ത്‌ നിലനിർത്തിക്കൊണ്ടാണ്‌ അന്വേഷണം നടത്തിയത്‌. മുഖ്യമന്ത്രി അദ്ദേഹത്തെ ന്യായീകരിച്ചുകൊണ്ടിരുന്നു. സാധാരണ ജനങ്ങൾ മാത്രമല്ല, ഒരു ്ര‍െകെസ്തവ സഭാ മേലധികാരിപോലും മാണി പണം വാങ്ങിയെന്നാണ്‌ കരുതുന്നതെന്ന്‌ പറയുകയുണ്ടായി. അന്വേഷണങ്ങൾ പ്രഹസനങ്ങളാകുന്നത്‌ ഒഴിവാക്കാനാണ്‌ ആരോപണ വിധേയനായ മന്ത്രി രാജിവച്ച്‌ അന്വേഷണം നേരിടണമെന്ന്‌ പറയുന്നത്‌.  (ജനയുഗം, ആഗസ്റ്റ് 26, 2015)

No comments: