Wednesday, August 12, 2015

തദ്ദേശ തെരഞ്ഞെടുപ്പു കുട്ടിക്കളിയല്ല, ഭരണഘടനാപരമായ ചുമതലയാണ്‌

ബി ആർ പി ഭാസ്കർ
 ജനയുഗം

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ കുട്ടിക്കളിയായി കാണുന്ന പാരമ്പര്യം നമ്മുടെ രാഷ്ട്രീയത്തിലുണ്ട്പ്രത്യേകിച്ചും കോൺഗ്രസ്‌ രാഷ്ട്രീയത്തിൽ. ഗ്രാമങ്ങളിൽ ജാതിവ്യവസ്ഥ നിലനിർത്തുന്നതിൽ മധ്യകാലഘട്ടം മുതൽ പഞ്ചായത്ത്‌ സംവിധാനം വലിയ പങ്ക്‌ വഹിച്ചിരുന്നതുകൊണ്ട്‌ ഭരണഘടനാശിൽപിയായ ബി ആർ അംബേദ്കർക്ക്‌ അതിനോട്‌ പ്രതിപത്തിയുണ്ടായിരുന്നില്ല. ഗാന്ധിയുടെ പഞ്ചായത്തുപ്രേമം കണക്കിലെടുത്ത്‌ ഭരണഘടനയിൽ പരാമർശം ഉൾപ്പെടുത്തിയെങ്കിലും അദ്ദേഹം അതിനെ ഭരണഘടനാസംവിധാനത്തിന്റെ ഭാഗമാക്കിയില്ല. ലോകസഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമെന്ന പോലെ തദ്ദേശ സ്ഥാപനങ്ങളിലേക്കും ഓരോ അഞ്ചു കൊല്ലവും തെരഞ്ഞെടുപ്പു നടത്തണമെന്ന്‌ അത്‌ വ്യവസ്ഥ ചെയ്തില്ല. കോൺഗ്രസ്‌ പാർട്ടിയുടെ നേതൃത്വത്തിലുള്ള ആദ്യകാല സംസ്ഥാന സർക്കാരുകൾ അതിനാൽ ഇഷ്ടമുള്ളപ്പോൾ മാത്രം പഞ്ചായത്തു തെരഞ്ഞെടുപ്പ്‌ നടത്തി. കേരളത്തിൽ ഒരിക്കൽ 14 കൊല്ലത്തെ ഇടവേളക്കുശേഷമാണ്‌ ജനങ്ങൾക്ക്‌ പുതിയ പഞ്ചായത്തുകളെ തെരഞ്ഞെടുക്കാൻ അവസരം ലഭിച്ചത്‌.

ഇപ്പോൾ സ്ഥിതി വ്യത്യസ്തമാണ്‌. രാജീവ്‌ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ഒരു സുപ്രധാന ഭേദഗതിയിലൂടെ അധികാരവികേന്ദ്രീകരണം ലക്ഷ്യമിട്ടുകൊണ്ട്‌ തദ്ദേശ സ്ഥാപനങ്ങളെ ഭരണഘടനാ സംവിധാനത്തിന്റെ ഭാഗമാക്കി. അതുകൊണ്ട്‌ ഇപ്പോൾ ലോകസഭയിലേക്കും നിയമസഭകളിലേക്കുമെന്ന പോലെ ഓരോ അഞ്ചു കൊല്ലവും പഞ്ചായത്തുകളിലേക്കും തെരഞ്ഞെടുപ്പു നടത്തേണ്ടതുണ്ട്‌. ചില സംസ്ഥാനങ്ങൾ ഇപ്പോഴും മുറ തെറ്റിക്കുന്നുണ്ട്‌. ഉറച്ച ശീലങ്ങൾ എളുപ്പം മാറ്റാനാവില്ലല്ലൊ. പുതിയ പഞ്ചായത്ത്‌ സംവിധാനം രാജീവ്‌ ഗാന്ധിയുടെ സംഭാവനയാണെന്ന്‌ മേനി പറയുന്ന കോൺഗ്രസുകാർക്ക്‌ അതിനെ മാനിക്കാനുള്ള കടമയുണ്ട്‌.

തദ്ദേശ സ്ഥാപനങ്ങളുടെ പുനഃസംഘടന, വാർഡ്‌ പുനർവിഭജനം, പ്രവാസി വോട്ട്‌ എന്നിങ്ങനെ ചില വിഷയങ്ങളിൽ എടുത്തിട്ടുള്ളതോ എടുക്കാൻ ആഗ്രഹിക്കുന്നതോ ആയ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന്‌ കൂടുതൽ സമയം ആവശ്യമായതിനാൽ നവംബർ ഒന്നിനു മുമ്പ്‌ പൂർത്തിയാക്കേണ്ട തെരഞ്ഞെടുപ്പു പ്രക്രിയ നീട്ടിവെക്കാൻ യുഡിഎഫ്‌ സർക്കാർ ഉദ്ദേശിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.ഈ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ്‌ കൃത്യസമയത്തു തന്നെ നടത്തണമെന്ന പിസിസി യുടെ ശുപാർശ സ്വാഗതാർഹമാണ്‌.

പഞ്ചായത്തു പുനഃസംഘടനയും വാർഡ്‌ വിഭജനവും സംബന്ധിച്ച ചില തർക്കങ്ങൾ ഇപ്പോൾ കോടതികളുടെ മുന്നിലാണ്‌. ഇക്കാര്യത്തിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി ഒരു വിധി പ്രസ്താവിക്കുകയുണ്ടായി. അതിനെതിരെ അപ്പീൽ നൽകണമെന്ന്‌ ചില യുഡിഎഫ്‌ കക്ഷികൾക്ക്‌ അഭിപ്രായമുണ്ട്‌. നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ രീതിവച്ചുനോക്കുമ്പോൾ ഇത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനത്തിനു വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നേക്കും. അതുവരെ തെരഞ്ഞെടുപ്പ്‌ നീട്ടിവെക്കാനാണെങ്കിൽ ജനാധിപത്യപ്രക്രിയ കട്ടപ്പുറത്താകും.

പ്രവാസികൾക്ക്‌ ഇവോട്ട്‌ സൗകര്യം ഏർപ്പെടുത്തണമെന്ന സർക്കാരിന്റെ ശുപാർശ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മിഷൻ തള്ളിയിരുന്നു. കമ്മിഷന്റെ ഈ തീരുമാനത്തെ കുറ്റപ്പെടുത്താനാവില്ല. പല രാജ്യങ്ങളും വിദേശത്ത്‌ കഴിയുന്ന പൗരന്മാർക്ക്‌ വോട്ടു ചെയ്യാൻ അവസരം നൽകുന്നുണ്ട്‌. നയതന്ത്രകാര്യാലയങ്ങളിലാണ്‌ അതിനുള്ള ഏർപ്പാട്‌ ചെയ്യുന്നത്‌. നമ്മുടെ വിദേശകാര്യ മന്ത്രാലയം ആവശ്യമായ സജ്ജീകരണങ്ങൾ ചെയ്യാതെ ഇവോട്ട്‌ അനുവദിച്ചാൽ വ്യാപകമായ ക്രമക്കേടുകൾ നടക്കാനിടയുണ്ട്‌.

വോട്ടർ പട്ടിക പുതുക്കാൻ കഴിയാത്തതു പോലും ഭരണഘടന അനുശാസിക്കുന്ന സമയത്ത്‌ തെരഞ്ഞെടുപ്പു നടത്താതിരിക്കുന്നതിന്‌ മതിയായ കാരണമല്ല. അത്തരം സന്ദർഭങ്ങളിൽ ലോകസഭയിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ പഴയ പട്ടികയുടെ അടിസ്ഥാനത്തിൽ നടത്തുകയാണ്‌ പതിവ്‌. ഇതേ സമീപനമാണ്‌ തദ്ദേശ സ്ഥാപനങ്ങളുടെ കാര്യത്തിലും സ്വീകരിക്കേണ്ടത്‌. സർക്കാരിന്റെ താൽപര്യം പരിഗണിച്ച്‌ തെരഞ്ഞെടുപ്പു നീട്ടിവയ്ക്കാനാവില്ലെന്ന സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷണറുടെ നിലപാട്‌ പൂർണ്ണമായും ശരിയാണ്‌.

കേരള പഞ്ചായത്ത്‌ നിയമത്തിലെ 151-ാ‍ം വകുപ്പ്‌ തെരഞ്ഞെടുപ്പു നീട്ടിവയ്ക്കാൻ സർക്കാരിനു അധികാരം നൽകുന്നെന്ന വാദം ദുരുപദിഷ്ടമാണ്‌. ഭരണഘടനയുടെ സ്ഥാനം കേന്ദ്ര-സംസ്ഥാന നിയമങ്ങൾക്കു മുകളിലാണ്‌. ഒരു സാധാരണ നിയമത്തിലെ വ്യവസ്ഥ ഉപയോഗിച്ച്‌ ഭരണഘടനാ വ്യവസ്ഥയെ മറികടക്കാനാവില്ല. അവ തമ്മിൽ എന്തെങ്കിലും പൊരുത്തക്കേടുണ്ടെങ്കിൽ ഭരണഘടനാ വ്യവസ്ഥയാണ്‌ നിലനിൽക്കുക, സംസ്ഥാന നിയമത്തിലെ വ്യവസ്ഥയല്ല.

ഒരു പഞ്ചായത്തിന്റെ കാലാവധി പൂർത്തിയാകുന്നതിനു മുമ്പ്‌ തെരഞ്ഞെടുപ്പിലൂടെ പുതിയത്‌ നിലവിൽ വരേണ്ടതുണ്ട്‌. ഭൂരിപക്ഷം അംഗങ്ങൾ തെരഞ്ഞെടുക്കപ്പെടുമ്പോൾ മാത്രമാണ്‌ പുതിയ പഞ്ചായത്ത്‌ സംഘടിപ്പിക്കാനാകുന്നത്‌. യഥാസമയം പുതിയ പഞ്ചായത്ത്‌ സംഘടിപ്പിക്കാൻ കഴിയുന്നില്ലെങ്കിലോ അതായത്‌ ഭൂരിപക്ഷം അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കിലോ – ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന്‌ പഞ്ചായത്ത്‌ പിരിച്ചുവിടപ്പെടുന്നെങ്കിലോ ഭരണനിർവഹണത്തിന്നായി സ്പെഷ്യൽ ആപ്പീസറേയോ അഡ്മിനിസ്ട്രേറ്റീവ്‌ കമ്മിറ്റിയേയോ നിയോഗിക്കുന്നതിനുള്ള അധികാരം മാത്രമാണ്‌ 151-ാ‍ം വകുപ്പ്‌ സർക്കാരിനു നൽകുന്നത്‌. തെരഞ്ഞെടുപ്പ്‌ നടത്താതിരിക്കാനുള്ള അധികാരം അത്‌ നൽകുന്നില്ല. ഈ വകുപ്പിനെ തെരഞ്ഞെടുപ്പു നടത്താതിരിക്കുന്നതിന്‌ ന്യായീകരണമായി ചൂണ്ടിക്കാണിക്കുന്നത്‌ നിയമത്തിന്റെ ദുരുപയോഗമാണ്‌. അത്‌ ഭരണഘടനയുടെ അട്ടിമറിയുമാണ്‌.

പ്രതിപക്ഷം പഞ്ചായത്തു തെരഞ്ഞെടുപ്പ്‌ നീട്ടിവയ്ക്കുന്നതിനെതിരെ മുന്നോട്ടു വന്നിട്ടുണ്ട്‌. സിപിഎം നേതാക്കൾ അതിശക്തമായ ഭാഷയിലാണ്‌ ഇതു സംബന്ധിച്ച നീക്കത്തിനെതിരെ പ്രതികരിച്ചിട്ടുള്ളത്‌. അഞ്ചു കൊല്ലം മുമ്പ്‌ എൽഡിഎഫ്‌ സർക്കാർ തദ്ദേശ തെരഞ്ഞെടുപ്പുകൾ പഞ്ചായത്ത്‌ ആക്ടിലെ 151-ാ‍ം വകുപ്പ്‌ ഉപയോഗിച്ചു ഒരു മാസം വൈകിപ്പിച്ചിരുന്നു. ആ തെറ്റായ കീഴ്‌വഴക്കമാണ്‌ യുഡിഎഫിലെ ചില ഘടകകക്ഷികൾ പിന്തുടരാൻ ആഗ്രഹിക്കുന്നത്‌. സർക്കാരുകൾ മുൻഗാമികൾ ചെയ്ത ചീത്ത കാര്യങ്ങളെയല്ല, നല്ല കാര്യങ്ങളെയാണ്‌ മാതൃകയാക്കേണ്ടത്‌. (ജനയുഗം, ആഗസ്റ്റ് 12, 2015)

No comments: